68 Bible Verses About The Tongue

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About The Tongue
  1. 2 പലതിലും ഇടറിവീഴുന്നവരാണ് നാമെല്ലാവരും. ഒരാൾക്ക് വാക്കിൽ പിഴവു സംഭവിക്കാതിരുന്നാൽ, അയാൾ ശരീരത്തെ മുഴുവൻ നിയന്ത്രിക്കാൻ കഴിവുള്ള പക്വമതിയാണ്.

    3 കുതിരയെ അനുസരിപ്പിക്കാൻ നാം അതിന്റെ വായിൽ ചെറിയ ഒരു കടിഞ്ഞാണിട്ട് ആ മൃഗത്തെ മുഴുവനായും തിരിക്കുന്നു. 4 കപ്പലിന്റെ ഉദാഹരണവും അതുപോലെതന്നെ. അതു വളരെ വലുപ്പമുള്ളതും, കാറ്റിന്റെ ശക്തിയാൽ ഓടുന്നതും ആണെങ്കിലും കപ്പിത്താൻ ഒരു ചെറിയ ചുക്കാൻകൊണ്ട് അതിനെ തിരിച്ച് തനിക്ക് ഇഷ്ടമുള്ള സ്ഥലത്തേക്കു കൊണ്ടുപോകുന്നു. 5 അതുപോലെതന്നെ നമ്മുടെ നാവും ചെറിയ ഒരു അവയവമെങ്കിലും വളരെ ഡംഭത്തോടെ വീമ്പിളക്കുന്നു. ഒരു ചെറിയ തീപ്പൊരി വലിയ ഒരു വനം ദഹിപ്പിക്കുന്നു. 6 നാവും അതുപോലെ ഒരു തീതന്നെയാണ്. അവയവങ്ങളുടെ കൂട്ടത്തിൽ അതു തിന്മയുടെ ഒരു പ്രപഞ്ചംതന്നെയാണ്. അത് ഒരു വ്യക്തിയെ മുഴുവനായി ദുഷിപ്പിക്കുകയും ജീവിതത്തിന്റെ സർവമേഖലകൾക്കും തീ കൊളുത്തുകയും നരകാഗ്നിയാൽ സ്വയം ദഹിക്കുകയുംചെയ്യുന്നു.

    7 എല്ലാവിധ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും കടൽജീവികളും മെരുങ്ങുന്നവയാണ്; മനുഷ്യൻ ജീവജാലങ്ങളെ മെരുക്കിയുമിരിക്കുന്നു. 8 എന്നാൽ നാവിനെ മെരുക്കാൻ ആർക്കും സാധ്യമല്ല. അത് അടങ്ങാത്ത ദോഷമാണ്; മാരകമായ വിഷം നിറഞ്ഞതുമാണ്.

    9 നാം നമ്മുടെ കർത്താവും പിതാവുമായവനെ സ്തുതിക്കുന്ന അതേ നാവുകൊണ്ടുതന്നെ ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനെ ശപിക്കുന്നു. 10 ഇങ്ങനെ ഒരേ വായിൽനിന്ന് സ്തോത്രവും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരങ്ങളേ, ഇത് ഉചിതമല്ല. 11 ഒരേ ഉറവിൽനിന്നുതന്നെ ശുദ്ധജലവും ലവണജലവും ഉദ്ഗമിക്കുമോ? 12 എന്റെ സഹോദരങ്ങളേ, അത്തിവൃക്ഷത്തിന് ഒലിവും മുന്തിരിവള്ളിക്ക് അത്തിപ്പഴവും കായ്ക്കാൻ കഴിയുമോ? ഉപ്പുറവയ്ക്ക് ഒരിക്കലും ശുദ്ധജലം പുറപ്പെടുവിക്കാൻ സാധ്യമല്ലല്ലോ.

    13 നിങ്ങളിൽ ജ്ഞാനവും വിവേകവും ഉള്ളവർ ഉണ്ടോ? എങ്കിൽ അയാൾ ജ്ഞാനത്തിന്റെ ലക്ഷണമായ വിനയത്തോടെ സൽപ്രവൃത്തികളാൽ സമ്പുഷ്ടമായ നല്ല ജീവിതംകൊണ്ട് ആ ജ്ഞാനത്തെ വെളിപ്പെടുത്തട്ടെ. 14 എന്നാൽ, നിങ്ങൾക്കു ഹൃദയത്തിൽ കടുത്ത അസൂയയും സ്വാർഥമോഹവുമുണ്ടെങ്കിൽ ജ്ഞാനത്തെക്കുറിച്ചു പ്രശംസിക്കുകയും സത്യത്തെ നിഷേധിക്കുകയുമരുത്. 15 അങ്ങനെയുള്ള “ജ്ഞാനം” ദൈവികമല്ല; അത് ലൗകികവും അനാത്മികവും പൈശാചികവുമാണ്. 16 കാരണം, അസൂയയും സ്വാർഥമോഹവും ഉള്ളിടത്തു ക്രമരാഹിത്യവും എല്ലാ ദുഷ്‌പ്രവൃത്തികളും ഉണ്ട്.

    17 എന്നാൽ സ്വർഗീയജ്ഞാനം, ഏറ്റവും പ്രഥമമായി നിർമലമായിരിക്കും; കൂടാതെ സമാധാനമുള്ളതും സൗമ്യവും വിധേയത്വമുള്ളതും കാരുണ്യമുള്ളതും സത്ഫലങ്ങൾ നിറഞ്ഞതും പക്ഷഭേദരഹിതവും നിഷ്കപടവുമായിരിക്കും.

  2. 6 ഓരോ വ്യക്തിയോടും എങ്ങനെ ഉചിതമായി ഉത്തരം പറയണമെന്നു ഗ്രഹിച്ചുകൊണ്ട് നിങ്ങളുടെ സംഭാഷണം ഉപ്പിനാൽ രുചി വരുത്തിയതുപോലെ, എപ്പോഴും കൃപ നിറഞ്ഞതായിരിക്കട്ടെ.

  3. 4 സാന്ത്വനമരുളുന്ന നാവു ജീവവൃക്ഷം,

    എന്നാൽ വഞ്ചനയുള്ള നാവ് ആത്മചൈതന്യം തകർക്കുന്നു.

  4. 33 “ഒരു വൃക്ഷം നല്ലതെങ്കിൽ അതിന്റെ ഫലവും നല്ലതായിരിക്കും; വൃക്ഷം അയോഗ്യമെങ്കിൽ അതിലെ ഫലവും അയോഗ്യമായിരിക്കും. ഒരു വൃക്ഷത്തെ അതിന്റെ ഫലംകൊണ്ടാണ് തിരിച്ചറിയുന്നത്. 34 അണലിക്കുഞ്ഞുങ്ങളേ, ദുഷ്ടതയുടെ കേദാരമായ നിങ്ങൾക്കു നന്മ വല്ലതും സംസാരിക്കാൻ കഴിയുമോ? ഹൃദയം നിറഞ്ഞു കവിയുന്നതാണല്ലോ വായ് സംസാരിക്കുന്നത്. 35 നല്ല മനുഷ്യൻ, തന്റെ ഉള്ളിൽ സംഭരിച്ചിരിക്കുന്ന നന്മയിൽനിന്നു, നന്മ പ്രവർത്തിക്കുന്നു; ദുഷ്ടമനുഷ്യനോ തന്നിൽ നിക്ഷിപ്തമായിരിക്കുന്ന തിന്മയിൽനിന്നു, തിന്മ പ്രവർത്തിക്കുന്നു. 36 എന്നാൽ മനുഷ്യർ സംസാരിക്കുന്ന, ഓരോ അടിസ്ഥാനരഹിതമായ പ്രസ്താവനയ്ക്കും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും, എന്നു ഞാൻ നിങ്ങളോടു പറയുന്നു. 37 നിങ്ങളുടെ വാക്കുകൾ നിങ്ങളെ ശിക്ഷയിൽനിന്ന് ഒഴിവാക്കും; നിങ്ങളുടെ വാക്കുകൾതന്നെ നിങ്ങൾക്കു ശിക്ഷ വിധിക്കുകയും ചെയ്യും.”

  5. 19 വാക്കുകളുടെ ബഹുലതകൊണ്ട് പാപം ഇല്ലാതാകുന്നില്ല,

    എന്നാൽ വിവേകി തന്റെ നാവിനെ അടക്കിനിർത്തുന്നു.

    20 നീതിനിഷ്ഠരുടെ അധരങ്ങൾ മേൽത്തരമായ വെള്ളി,

    ദുഷ്ടരുടെ ഹൃദയത്തിന് തീരെ മൂല്യമില്ലാതാനും.

    21 നീതിനിഷ്ഠരുടെ അധരങ്ങൾ അനേകരെ പരിപോഷിപ്പിക്കുന്നു,

    എന്നാൽ ബുദ്ധിശൂന്യതകൊണ്ട് ഭോഷർ മരിക്കുന്നു.

  6. 18 വീണ്ടുവിചാരമില്ലാത്തവരുടെ വാക്കുകൾ വാളുകൾപോലെ തുളച്ചുകയറുന്നു,

    എന്നാൽ ജ്ഞാനിയുടെ നാവു സൗഖ്യദായകമാകുന്നു.

    19 സത്യസന്ധമായ നാവു സദാകാലത്തേക്കും നിലനിൽക്കുന്നു,

    എന്നാൽ വ്യാജംപറയുന്ന അധരം നൈമിഷികമാണ്.

  7. 26 ഒരാൾ സ്വയം ഭക്തിയുള്ളയാൾ എന്നു വിചാരിക്കുകയും സ്വന്തം നാവിനെ കടിഞ്ഞാണിട്ടു നിയന്ത്രിക്കാതെ തന്നെത്തന്നെ വഞ്ചിക്കുകയും ചെയ്യുന്നുവെങ്കിൽ അയാളുടെ ഭക്തി നിരർഥകമാണ്. 27 അനാഥരെയും വിധവകളെയും അവരുടെ കഷ്ടതകളിൽ സഹായിക്കുന്നതും അതേസമയം ലോകത്തിന്റെ മാലിന്യം പുരളാതെ സ്വയം സൂക്ഷിക്കുന്നതുമാണ്, പിതാവായ ദൈവത്തിന്റെ ദൃഷ്ടിയിൽ വിശുദ്ധവും നിർമലവുമായ ഭക്തി.

  8. 20 ഒരു മനുഷ്യന്റെ വായുടെ ഫലത്തിൽനിന്ന് അയാളുടെ വയറിനു തൃപ്തിവരുന്നു;

    അവരുടെ അധരങ്ങളുടെ വിളവുകൊണ്ട് അവർ സംതൃപ്തരാകുന്നു.

    21 മരണവും ജീവനും നൽകാനുള്ള ശക്തി നാവിനുണ്ട്,

    അതിനെ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലമനുഭവിക്കും.

  9. 33 യേശു ആ മനുഷ്യനെ ജനക്കൂട്ടത്തിൽനിന്ന് മാറ്റിനിർത്തി തന്റെ വിരലുകൾ അയാളുടെ ചെവികളിൽ ഇട്ടു; തന്റെ തുപ്പൽ അയാളുടെ നാവിൽ തൊടുവിച്ചു. 34 അദ്ദേഹം സ്വർഗത്തിലേക്കു നോക്കി ഒരു ദീർഘനിശ്വാസത്തോടെ “തുറന്നുവരിക” എന്നർഥമുള്ള “എഫഥാ” എന്നു പറഞ്ഞു. 35 അപ്പോൾ അയാളുടെ ചെവികൾ തുറന്നു; നാവിന്റെ തടസ്സം നീങ്ങി. അവൻ വ്യക്തമായി സംസാരിച്ചുതുടങ്ങി.

  10. 10 “ജീവനെ സ്നേഹിക്കുകയും

    ശുഭദിനങ്ങൾ കാംക്ഷിക്കുകയുംചെയ്യുന്നവർ

    അവരുടെ നാവിനെ തിന്മയിൽനിന്നും

    അവരുടെ അധരങ്ങളെ കപടഭാഷണത്തിൽനിന്നും സൂക്ഷിക്കുക.

    11 തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക;

    സമാധാനം അന്വേഷിച്ച് അതിനെ പിൻതുടരുക.

  11. 1 സൗമ്യമായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു,

    പരുക്കൻവാക്ക് കോപം ജ്വലിപ്പിക്കുന്നു.

    2 ജ്ഞാനിയുടെ നാവു പരിജ്ഞാനം വിതറുന്നു,

    എന്നാൽ ഭോഷരുടെ നാവു മടയത്തരം വർഷിക്കുന്നു.

  12. 28 ഒന്നാമത് അപ്പൊസ്തലന്മാരെയും രണ്ടാമതു പ്രവാചകരെയും മൂന്നാമത് ഉപദേഷ്ടാക്കന്മാരെയും പിന്നെ അത്ഭുതപ്രവൃത്തികൾ, രോഗങ്ങളുടെ സൗഖ്യം, സഹായംചെയ്യൽ, നേതൃനൈപുണ്യം, വിവിധഭാഷകൾ എന്നിങ്ങനെയുള്ള കൃപാദാനങ്ങളും ദൈവം സഭയ്ക്കു നൽകിയിരിക്കുന്നു. 29 എല്ലാവരും അപ്പൊസ്തലരോ? എല്ലാവരും പ്രവാചകരോ? എല്ലാവരും ഉപദേഷ്ടാക്കളോ? എല്ലാവരും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവരോ? 30 എല്ലാവർക്കും രോഗസൗഖ്യത്തിനുള്ള കൃപാദാനമുണ്ടോ? എല്ലാവരും അജ്ഞാതഭാഷകൾ സംസാരിക്കുന്നവരോ? എല്ലാവരും വ്യാഖ്യാനിക്കുന്നവരോ? 31 ശ്രേഷ്ഠതരമായ കൃപാദാനങ്ങൾ ഹൃദയപൂർവം വാഞ്ഛിക്കുക.

    ഇനി ഏറ്റവും ശ്രേഷ്ഠമായ മാർഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം.

  13. 27 പരിജ്ഞാനമുള്ളവർ തങ്ങളുടെ വാക്കുകൾ നിയന്ത്രിച്ച് ഉപയോഗിക്കുന്നു,

    വിവേകമുള്ള മനുഷ്യർ സമചിത്തത പാലിക്കുന്നു.

    28 നിശ്ശബ്ദതപാലിക്കുന്ന ഭോഷർപോലും ജ്ഞാനികളായി പരിഗണിക്കപ്പെടും

    നാവടക്കിയിരിക്കുന്നവർ വിവേകികളായും എണ്ണപ്പെടും.

  14. 23 സ്വന്തം നാവും സ്വന്തം വായും സൂക്ഷിക്കുന്നവർ

    ദുരന്തങ്ങളിൽനിന്നു തന്നെത്താൻ അകന്നുനിൽക്കുന്നു.

  15. 29 കേൾക്കുന്നവർക്കു പ്രയോജനം ലഭിക്കുന്ന, ആത്മികവർധനയ്ക്കു സഹായകമാകുന്ന നല്ല വാക്കുകളല്ലാതെ സഭ്യമല്ലാത്തതൊന്നും നിങ്ങളുടെ അധരങ്ങളിൽനിന്നു വരരുത്.

  16. 19 എന്റെ പ്രിയസഹോദരങ്ങളേ, എല്ലാ മനുഷ്യരും കേൾക്കാൻ വേഗവും സംസാരിക്കാൻ സാവധാനതയും കോപിക്കാൻ താമസവും ഉള്ളവരായിരിക്കണമെന്നു നിങ്ങൾ അറിയുക. 20 മനുഷ്യന്റെ കോപം ദൈവം ആഗ്രഹിക്കുന്ന നീതി നിറവേറ്റാൻ ഉതകുന്നതല്ല. 21 ആകയാൽ സകല അശുദ്ധിയും തിന്മയുടെ പ്രചുരതയും ഉപേക്ഷിച്ച്, നിങ്ങളിൽ നട്ടതും നിങ്ങളുടെ ജീവൻ രക്ഷിക്കാൻ ശക്തിയുള്ളതുമായ വചനം വിനയത്തോടെ സ്വീകരിക്കുക.

    22 വചനം കേൾക്കുകമാത്രംചെയ്ത് നിങ്ങളെത്തന്നെ വഞ്ചിക്കാതെ അത് അനുവർത്തിക്കുന്നവരും ആയിരിക്കുക.

  17. 3 മുഖസ്തുതി പറയുന്ന എല്ലാ അധരങ്ങളും

    അഹന്തപൊഴിക്കുന്ന എല്ലാ നാവും യഹോവ മുറിച്ചെറിയട്ടെ—

    4 അവർ പറയുന്നു,

    “ഞങ്ങളുടെ നാവിനാൽ ഞങ്ങൾ ജയിക്കും;

    ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ—

    ആരാണ് ഇനി ഞങ്ങൾക്ക് ഭരണകർത്താവ്?”

  18. 12 ജീവനെ സ്നേഹിക്കുകയും

    സന്തുഷ്ടിനിറഞ്ഞ ദീർഘായുസ്സ് ആഗ്രഹിക്കുകയുംചെയ്യുന്നവർ

    13 നിങ്ങളുടെ നാവിനെ തിന്മയിൽനിന്നും

    നിങ്ങളുടെ അധരങ്ങളെ വ്യാജഭാഷണത്തിൽനിന്നും സൂക്ഷിക്കുക.

  19. 3 യഹോവേ, എന്റെ വായ്ക്ക് ഒരു കാവൽ ഏർപ്പെടുത്തി,

    എന്റെ അധരകവാടം കാക്കണമേ.

    4 അധർമം പ്രവർത്തിക്കുന്നവരോടുചേർന്ന്

    അവരുടെ മൃഷ്ടാന്നഭോജനം ഭക്ഷിക്കാൻ എന്നെ അനുവദിക്കരുതേ.

    എന്റെ ഹൃദയം തിന്മയിലേക്ക് ആകൃഷ്ടമായി,

    ഞാൻ ദുഷ്‌പ്രവൃത്തികളിൽ പങ്കുപറ്റുന്നതിന് ഇടയാക്കരുതേ.

  20. 171 അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കുന്നതുകൊണ്ട്,

    എന്റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ.

    172 അവിടത്തെ കൽപ്പനകളെല്ലാം നീതിനിഷ്ഠമായതുകൊണ്ട്,

    എന്റെ നാവ് അവിടത്തെ വചനത്തെപ്പറ്റി ആലപിക്കട്ടെ.

  21. 16 യഹോവ വെറുക്കുന്ന ആറു വസ്തുതകളുണ്ട്,

    ഏഴെണ്ണം അവിടത്തേക്ക് അറപ്പാകുന്നു:

    17 അഹന്തനിറഞ്ഞ കണ്ണ്,

    വ്യാജംപറയുന്ന നാവ്,

    നിരപരാധിയുടെ രക്തം ചൊരിയുന്ന കൈകൾ,

    18 ദുരുപായം മെനയുന്ന ഹൃദയം,

    അകൃത്യത്തിലേക്ക് ദ്രുതഗതിയിൽ പായുന്ന കാലുകൾ,

    19 നുണമാത്രം പറഞ്ഞുകൂട്ടുന്ന കള്ളസാക്ഷി,

    സഹോദരങ്ങൾക്കിടയിൽ ഭിന്നത വളർത്തുന്ന മനുഷ്യനുംതന്നെ.

  22. 13 അപ്പോൾ ഞാൻ അതിക്രമികൾക്ക് അവിടത്തെ വഴികൾ അഭ്യസിപ്പിച്ചുകൊടുക്കും,

    അങ്ങനെ പാപികൾ തിരുസന്നിധിയിലേക്ക് മടങ്ങിവരികയും ചെയ്യും.

    14 ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ,

    രക്തംചൊരിഞ്ഞ കുറ്റത്തിൽനിന്ന് എന്നെ വിടുവിക്കണമേ,

    അപ്പോൾ എന്റെ നാവ് അവിടത്തെ നീതിയെപ്പറ്റി പാടും.

    15 കർത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ;

    എന്റെ നാവ് അവിടത്തെ സ്തുതിഗാനമാലപിക്കട്ടെ.

  23. 24 ദിവസംമുഴുവനും

    എന്റെ നാവ് അങ്ങയുടെ നീതിപ്രവൃത്തികളെ വർണിക്കും,

    കാരണം എന്നെ ദ്രോഹിക്കാൻ ആഗ്രഹിച്ചവർ

    ലജ്ജിതരും പരിഭ്രാന്തരും ആയിത്തീർന്നല്ലോ.

  24. 3 “അവർ തങ്ങളുടെ നാവുകൾ

    വ്യാജം പറയുന്നതിനു വില്ലുപോലെ കുലയ്ക്കുന്നു;

    സത്യം നിമിത്തമല്ല

    അവർ ഭൂമിയിൽ വിജയിക്കുന്നത്.

    അവർ ഒരു പാപത്തിൽനിന്നു മറ്റൊന്നിലേക്കു മുന്നേറുന്നു;

    അവർ എന്നെ അറിയുന്നില്ല,”

    എന്ന് യഹോവ അരുളിച്ചെയ്യുന്നു.

  25. 8 അവരുടെ നാവ് മാരകമായ ഒരു അമ്പാണ്;

    അതു വഞ്ചന സംസാരിക്കുന്നു.

    അവർ തങ്ങളുടെ അയൽവാസിയോട് വാകൊണ്ട് സൗഹൃദത്തോടെ സംസാരിക്കുന്നു,

    എന്നാൽ ഹൃദയത്തിൽ അവർക്കായി കെണിയൊരുക്കുന്നു.

  26. 10 മോശ യഹോവയോട്, “കർത്താവേ, അവിടത്തെ ദാസനോട് ക്ഷമിച്ചാലും; അടിയൻ മുമ്പുതന്നെയോ, അവിടന്ന് അടിയനോടു സംസാരിച്ചതിനുശേഷമോ ഒരിക്കലും വാക്ചാതുര്യമുള്ളവനായിരുന്നിട്ടില്ല. അടിയൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു” എന്നു പറഞ്ഞു.

    11 യഹോവ അവനോട്, “മനുഷ്യന്റെ വായ് മെനഞ്ഞതാര്? അവനെ ബധിരനോ മൂകനോ ആക്കുന്നതാര്? അവനു കാഴ്ച നൽകുന്നതോ അവനെ അന്ധനാക്കുന്നതോ ആര്? യഹോവയായ ഞാൻ അല്ലയോ? 12 ഇപ്പോൾ പോകുക; ഞാൻ നിന്നെ സംസാരിക്കാൻ സഹായിക്കുകയും എന്തു പറയണമെന്നു നിനക്ക് ഉപദേശിച്ചുതരികയും ചെയ്യും” എന്നു പറഞ്ഞു.

  27. 9 അവരുടെ വായിൽനിന്നുള്ള ഒരു വാക്കും വിശ്വാസയോഗ്യമല്ല;

    അവരുടെ ഹൃദയം നാശകൂപംതന്നെ.

    അവരുടെ കണ്ഠം തുറന്ന ശവക്കല്ലറയാണ്;

    നാവിനാലവർ മുഖസ്തുതിയുരുവിടുന്നു.

  28. 7 അവരുടെ വായിൽ ശാപവും വ്യാജവും ഭീഷണിയും നിറഞ്ഞിരിക്കുന്നു;

    അവരുടെ നാവിൻകീഴിൽ ഉപദ്രവവും ദുഷ്ടതയും കുടിപാർക്കുന്നു.

  29. 2 വഞ്ചന വിതയ്ക്കുന്നവരേ,

    നിന്റെ നാവ് നാശം ആസൂത്രണംചെയ്യുന്നു;

    അതു മൂർച്ചയേറിയ ക്ഷൗരക്കത്തിപോലെയാണ്.

  30. 2 യഹോവേ, വ്യാജംപറയുന്ന അധരങ്ങളിൽനിന്നും

    വഞ്ചനയുരുവിടുന്ന നാവിൽനിന്നും

    എന്നെ രക്ഷിക്കണമേ.

    3 വ്യാജമുള്ള നാവേ,

    ദൈവം നിന്നോട് എന്താണു ചെയ്യാൻപോകുന്നത്?

    ഇതിലധികം എന്തുവേണം?

  31. 12 അയൽവാസിയെ അവഹേളിക്കുന്നവർ വകതിരിവില്ലാത്തവർ

    എന്നാൽ വിവേകി തന്റെ നാവിനെ അടക്കിനിർത്തുന്നു.

  32. 18 അയൽവാസിയെ ദ്രോഹിച്ചിട്ട്,

    “അതു നേരമ്പോക്കിനായിരുന്നു!” എന്നു പറയുന്നവർ;

    19 മാരകമായ തീജ്വാല

    ചുഴറ്റിയെറിയുന്ന ഭ്രാന്തനുസമം.

    20 വിറകില്ലായെങ്കിൽ തീ കെട്ടുപോകും;

    പരദൂഷണം ഇല്ലാതെയായാൽ കലഹവും കെട്ടടങ്ങും.

    21 കരി ജ്വലനത്തിനും വിറക് തീക്കും എന്നതുപോലെ,

    കലഹത്തെ പ്രണയിക്കുന്നവർ സംഘട്ടനത്തെ ആളിക്കത്തിക്കുന്നു.

    22 ഏഷണി പറയുന്നവരുടെ വാക്കുകൾ സ്വാദുഭോജനംപോലെയാകുന്നു;

    അതു ശരീരത്തിന്റെ അന്തർഭാഗത്തേക്ക് ഇറങ്ങിച്ചെല്ലുന്നു.

    23 ദുഷ്ടമനസ്സുകളുടെ തീവ്രവികാരം മന്ത്രിക്കുന്ന ചുണ്ടുകൾ

    മൺപാത്രങ്ങളുടെ പുറത്തു വെള്ളി പൂശിയിരിക്കുന്നതുപോലെയാണ്.

    24 ശത്രുക്കൾ അവരുടെ അധരംകൊണ്ടു കപടവേഷം ധരിക്കുന്നു,

    എന്നാൽ അവരുടെ ഹൃദയത്തിൽ വക്രത നിറച്ചുവെച്ചിരിക്കുന്നു.

    25 അവരുടെ സംഭാഷണം അതിമനോഹരമായിരുന്നാലും അവരെ വിശ്വസിക്കരുത്,

    ഏഴു ഹീനകൃത്യങ്ങൾകൊണ്ട് അവരുടെ ഹൃദയം നിറഞ്ഞിരിക്കുന്നു.

  33. 62 അവർ പിന്നെ, ശിശുവിന്റെ പിതാവിനോട് അവന് എന്തു പേരിടാനാണ് ആഗ്രഹിക്കുന്നതെന്ന് ആംഗ്യംകാട്ടി ചോദിച്ചു. 63 സെഖര്യാവ് ഒരു എഴുത്തുപലക ആവശ്യപ്പെട്ടു. “അവന്റെ പേര് യോഹന്നാൻ,” എന്ന് അദ്ദേഹം എഴുതി; എല്ലാവരും വിസ്മയിച്ചു. 64 പെട്ടെന്ന് അദ്ദേഹത്തിന്റെ വായ് തുറന്നു; നാവിന്റെ കെട്ടഴിഞ്ഞു, ദൈവത്തെ സ്തുതിച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി.

  34. 28 എന്റെ നാവ് അവിടത്തെ നീതിയെപ്പറ്റി ഘോഷിക്കും,

    ദിവസംമുഴുവനും അവിടത്തെ സ്തുതിയും.

    സംഗീതസംവിധായകന്.

  35. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 “എന്റെ വഴികളെ ഞാൻ ശ്രദ്ധിക്കുമെന്നും

    എന്റെ നാവിനെ പാപംചെയ്യാതെ കാത്തുകൊള്ളുമെന്നും;

    ദുഷ്ടർ എന്റെ മുമ്പിലുള്ളേടത്തോളം

    ഞാൻ എന്റെ വായ് കടിഞ്ഞാണിട്ടു സൂക്ഷിക്കും,” എന്നും ഞാൻ പറഞ്ഞു.

  36. 1 പെന്തക്കൊസ്തുനാൾ വന്നെത്തിയപ്പോൾ അവരെല്ലാവരും ഒരു സ്ഥലത്ത് ഒരുമിച്ച് ഇരിക്കുകയായിരുന്നു. 2 പെട്ടെന്ന്, കൊടുങ്കാറ്റ് വീശിയടിക്കുന്നതുപോലെ സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഉണ്ടായി, അത് അവർ ഇരുന്ന വീടാകെ നിറഞ്ഞു. 3 തീജ്വാലപോലെ പിളർന്ന നാവുകൾ അവർക്കു ദൃശ്യമായി; അവ അവരിൽ ഓരോരുത്തരുടെമേൽ ആവസിക്കുകയും ചെയ്തു. 4 എല്ലാവരും പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി, ആത്മാവ് കഴിവു നൽകിയതുപോലെ അവർക്ക് അന്യമായിരുന്ന ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി.

    5 എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ഭക്തരായ യെഹൂദർ അപ്പോൾ ജെറുശലേമിൽ വന്നു താമസിക്കുന്നുണ്ടായിരുന്നു. 6 ഈ ശബ്ദംകേട്ട് ജനങ്ങൾ വന്നുകൂടി; വന്നുകൂടിയ ഓരോരുത്തരുടെയും മാതൃഭാഷയിലുള്ള സംസാരം കേട്ട് അവർ സംഭ്രാന്തരായി. 7 അത്ഭുതപരതന്ത്രരായ അവർ ആശ്ചര്യത്തോടെ ഇങ്ങനെ പരസ്പരം പറഞ്ഞു: “നോക്കൂ, ഈ സംസാരിക്കുന്നവർ എല്ലാവരും ഗലീലക്കാർ അല്ലേ? 8 പിന്നെ നാം ഓരോരുത്തരും ജനിച്ച നമ്മുടെ സ്വന്തംഭാഷയിൽ ഇവർ സംസാരിച്ചുകേൾക്കുന്നതെങ്ങനെ? 9 പാർഥ്യരും മേദ്യരും ഏലാമ്യരും; മെസൊപ്പൊത്താമിയ, യെഹൂദ്യാ, കപ്പദോക്യ, 10 പൊന്തൊസ്, ഏഷ്യാപ്രവിശ്യ, ഫ്രുഗ്യ, പംഫുല്യ, ഈജിപ്റ്റ്, കുറേനയ്ക്കു സമീപമുള്ള ലിബ്യാപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ജീവിക്കുന്നവരും; റോമിൽനിന്ന് വന്ന സന്ദർശകരായ യെഹൂദരും യെഹൂദാമതം സ്വീകരിച്ചവരും ക്രേത്തരും അറബികളും ആയ നാം 11 നമ്മുടെ ഭാഷകളിൽ ദൈവത്തിന്റെ അത്ഭുതകാര്യങ്ങൾ, ഇവർ പ്രസ്താവിക്കുന്നതു കേൾക്കുന്നു!” 12 എല്ലാവരും അത്ഭുതവും പരിഭ്രാന്തിയും നിറഞ്ഞവരായി “ഇത് എന്തായിരിക്കുമോ?” എന്നു പരസ്പരം ചോദിച്ചു.

  37. 13 “അവരുടെ തൊണ്ട തുറന്ന ശവക്കുഴി;

    അവർ നാവുകൊണ്ട് വഞ്ചിക്കുന്നു;”

    “അവരുടെ അധരങ്ങളിൽ അണലിവിഷമുണ്ട്.”

    14 “അവരുടെ വായിൽ ശാപവും കയ്‌പും നിറഞ്ഞിരിക്കുന്നു.”

  38. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 യഹോവേ, അവിടത്തെ കൂടാരത്തിൽ ആർ പാർക്കും?

    അവിടത്തെ വിശുദ്ധപർവതത്തിൽ ആർ വസിക്കും?

    2 കളങ്കരഹിതരായി ജീവിക്കുകയും

    നീതിനിഷ്ഠയോടെ പ്രവർത്തിക്കുകയും

    ഹൃദയത്തിൽനിന്നു സത്യം സംസാരിക്കുകയും ചെയ്യുന്നവർ;

    3 തങ്ങളുടെ നാവ് പരദൂഷണത്തിനായി ഉപയോഗിക്കാതെയും

    അയൽവാസിയെ ദ്രോഹിക്കാതെയും

    കൂട്ടുകാർക്ക് അപമാനം വരുത്താതെയുമിരിക്കുന്നവർ;

  39. 30 നീതിനിഷ്ഠരുടെ അധരങ്ങളിൽനിന്നു ജ്ഞാനം പൊഴിയുന്നു,

    അവരുടെ നാവിൽനിന്നു നീതി പുറപ്പെടുന്നു.

  40. 19 നിന്റെ വായ് അധർമത്തിനായി ഉപയോഗിക്കുന്നു

    വഞ്ചനയ്ക്കായി നിന്റെ നാവു നീ ഒരുക്കുന്നു.

  41. 23 ഉചിതമായ ഉത്തരം ഏവർക്കും ആനന്ദംനൽകുന്നു;

    സന്ദർഭോചിതമായ ഒരു വാക്ക് എത്ര മനോഹരം!

  42. 1 ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ,

    എന്നാൽ നാവിൽനിന്നുള്ള ശരിയായ ഉത്തരം യഹോവയിൽനിന്നു വരുന്നു.

  43. 23 വിവേകിയുടെ ഹൃദയം അവരുടെ അധരങ്ങൾ ജ്ഞാനമുള്ളവയാക്കുന്നു,

    അവരുടെ അധരങ്ങൾ സ്വാധീനംചെലുത്തും.

    24 ഹൃദ്യമായ വാക്ക് തേനടയാണ്,

    അത് ആത്മാവിനു മാധുര്യവും അസ്ഥികൾക്ക് ആരോഗ്യവും നൽകുന്നു.

  44. 4 വഞ്ചനനിറഞ്ഞ നാവേ,

    നാശകരമായ എല്ലാ വാക്കുകളും നിനക്കിഷ്ടമാണ്!

  45. 31 നീതിനിഷ്ഠരുടെ നാവിൽനിന്നു ജ്ഞാനം പ്രവഹിക്കുന്നു,

    എന്നാൽ വഞ്ചനയുള്ള നാവ് ഛേദിക്കപ്പെടും.

  46. 3 തങ്ങളുടെ വാക്കുകൾ നിയന്ത്രിക്കുന്നവർ സ്വന്തം ജീവൻ സംരക്ഷിക്കുന്നു,

    വിടുവായത്തരം പറയുന്നവർ നാശത്തിനു വിധേയരാകുന്നു.

  47. 6 വ്യാജനാവുകൊണ്ട് കെട്ടിപ്പൊക്കിയ സൗഭാഗ്യങ്ങളെല്ലാം

    ക്ഷണികമായ നീരാവിയും മരണക്കെണിയുമാണ്.

  48. 27 ഒരാൾ കുഴിക്കുന്ന കുഴിയിൽ അയാൾതന്നെ വീഴും;

    താൻ ഉരുട്ടിവിടുന്ന കല്ല് തന്റെ നേർക്കുതന്നെ തിരിഞ്ഞുരുണ്ടുവന്നു പതിക്കും.

    28 വ്യാജംപറയുന്ന നാവ് അതിനിരയായവരെ വെറുക്കുന്നു,

    മുഖസ്തുതി പറയുന്ന നാവ് നാശം വിതയ്ക്കുന്നു.

  49. 20 ധൃതിയിൽ സംസാരിക്കുന്നവരെ നിങ്ങൾ കാണുന്നോ?

    ഭോഷർക്ക് അവരെക്കാൾ ആശയുണ്ട്.

  50. 18 എന്നാൽ, വായിൽനിന്ന് വരുന്നവയാകട്ടെ, ഹൃദയത്തിൽനിന്ന് വരുന്നവയാകുന്നു; അവയാണ് ഒരു മനുഷ്യനെ അശുദ്ധമാക്കുന്നത്. 19 വഷളവിചാരങ്ങൾ, കൊലപാതകം, വ്യഭിചാരം, ലൈംഗികാധർമം, മോഷണം, കള്ളസാക്ഷ്യം, അന്യരെ നിന്ദിക്കൽ എന്നിവ ഹൃദയത്തിൽനിന്നു വരുന്നു;

  51. 11 “കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, ‘ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു,

    എന്റെമുമ്പിൽ എല്ലാ മുഴങ്കാലും വണങ്ങും;

    എല്ലാ നാവും ദൈവത്തെ സ്തുതിച്ച് ഏറ്റുപറയും’ ” എന്നു തിരുവെഴുത്തിൽ എഴുതിയിരിക്കുന്നല്ലോ.

  52. 16 “ ‘നിങ്ങളുടെ ജനത്തിനിടയിൽ അപവാദം പരത്തരുത്.

    “ ‘നിങ്ങളുടെ അയൽവാസിയുടെ ജീവന് അപകടം ഭവിക്കത്തക്കതൊന്നും ചെയ്യരുത്. ഞാൻ യഹോവ ആകുന്നു.

    17 “ ‘നിന്റെ സഹോദരങ്ങളെ ഹൃദയത്തിൽ വെറുക്കരുത്. അവരുടെ കുറ്റത്തിൽ പങ്കാളിയാകാതിരിക്കാൻ നിങ്ങളുടെ സഹോദരങ്ങളെ നിർവ്യാജം ശാസിക്കുക.

    18 “ ‘നിന്റെ ജനത്തിലാർക്കെങ്കിലും വിരോധമായി പ്രതികാരം അന്വേഷിക്കുകയോ പകവെക്കുകയോ ചെയ്യരുത്. എന്നാൽ, നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം. ഞാൻ യഹോവ ആകുന്നു.

  53. 2 എന്നാൽ നിങ്ങളുടെ അനീതികളാണ്

    നിങ്ങളെയും നിങ്ങളുടെ ദൈവത്തെയുംതമ്മിൽ അകറ്റിയിട്ടുള്ളത്;

    നിങ്ങളുടെ പാപങ്ങളാണ് അവിടന്നു കേൾക്കാത്തവിധം

    അവിടത്തെ മുഖം നിങ്ങൾക്കു മറച്ചുകളഞ്ഞത്.

    3 നിങ്ങളുടെ കൈ രക്തത്താലും

    നിങ്ങളുടെ വിരലുകൾ അകൃത്യത്താലും മലിനമായിരിക്കുന്നു.

    നിങ്ങളുടെ അധരങ്ങൾ വ്യാജം സംസാരിച്ചു,

    നിങ്ങളുടെ നാവ് വക്രത ഉച്ചരിക്കുന്നു.

  54. 4 ദാഹംകൊണ്ട് ശിശുക്കളുടെ

    നാവ് അണ്ണാക്കോട് പറ്റിപ്പോകുന്നു;

    മക്കൾ അപ്പം തിരക്കുന്നു,

    ആരും അവർക്കു കൊടുക്കുന്നില്ല.

  55. 12 പട്ടണത്തിലെ ധനികർ അക്രമികൾ

    അതിലെ ജനം വ്യാജംപറയുന്നവർ

    അവരുടെ നാവുകൾ വഞ്ചന സംസാരിക്കുന്നു.

  56. 24 അയാൾ ഉറക്കെ വിളിച്ചു: ‘അബ്രാഹാംപിതാവേ, എന്നോടു കരുണതോന്നണമേ. ഞാൻ ഈ അഗ്നികുണ്ഡത്തിൽ അതിവേദന അനുഭവിക്കുന്നു. ലാസറിന്റെ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന് അയാളെ ഒന്നയയ്ക്കണമേ.’

  57. 1 ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ കിലുങ്ങുന്ന ഇലത്താളമോമാത്രമാണ്. 2 എനിക്കു പ്രവചിക്കാനുള്ള കൃപാദാനം ലഭിച്ചാലും, സകലദിവ്യരഹസ്യങ്ങളും സകലജ്ഞാനവും ഗ്രഹിക്കാൻകഴിഞ്ഞാലും, മലകളെ നീക്കംചെയ്യാൻകഴിയുന്ന വിശ്വാസം ഉണ്ടായിരുന്നാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല. 3 എന്റെ സമ്പത്തെല്ലാം ഞാൻ ദാനംചെയ്താലും അഭിമാനപൂർവം എന്റെ ശരീരം ദഹിപ്പിച്ചാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നും നേടുന്നില്ല.

  58. 14 എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ,

    എന്റെ അധരങ്ങളിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും

    തൃക്കണ്ണുകൾക്കു സ്വീകാര്യമായിരിക്കട്ടെ.

    സംഗീതസംവിധായകന്.

  59. 2 ദുഷ്ടതയും വഞ്ചനയും ഉള്ള മനുഷ്യർ,

    അവരുടെ വായ് എനിക്കെതിരേ തുറന്നിരിക്കുന്നു;

    വ്യാജംപറയുന്ന നാവുകൊണ്ട് അവർ എനിക്കെതിരേ സംസാരിച്ചിരിക്കുന്നു.

  60. 4 ഞാൻ ഒരു വാക്ക് ഉച്ചരിക്കാൻ ആരംഭിക്കുന്നതിനു മുമ്പുതന്നെ

    യഹോവേ, അങ്ങ് അതു പൂർണമായും ഗ്രഹിക്കുന്നു.

  61. 11 നീതിനിഷ്ഠരുടെ അധരം ജീവജലധാരയാണ്,

    എന്നാൽ ദുഷ്ടരുടെ അധരം അക്രമത്തെ മറച്ചുവെക്കുന്നു.

  62. 25 ഉത്കണ്ഠ ഹൃദയഭാരമുണ്ടാക്കുന്നു,

    എന്നാൽ ഒരു നല്ലവാക്ക് ഉത്സാഹം നൽകുന്നു.

  63. 28 ഉത്തരം നൽകേണ്ടതെങ്ങനെയെന്ന് നീതിനിഷ്ഠരുടെ ഹൃദയം ആലോചിക്കുന്നു,

    എന്നാൽ ദുഷ്ടരുടെ വായിൽനിന്ന് തിന്മനിറഞ്ഞ വാക്കുകൾ വമിക്കുന്നു.

    29 യഹോവ ദുഷ്ടരിൽനിന്ന് അകന്നിരിക്കുന്നു,

    എന്നാൽ നീതിനിഷ്ഠരുടെ പ്രാർഥന അവിടന്നു കേൾക്കുന്നു.

  64. 20 വക്രഹൃദയമുള്ളവർ അഭിവൃദ്ധിപ്രാപിക്കുന്നില്ല,

    വഞ്ചനയോടെ സംസാരിക്കുന്നവർ അനർഥത്തിലേക്കു വഴുതിവീഴും.

  65. 23 ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥംചെയ്തിരിക്കുന്നു,

    എന്റെ വായ് പരമാർഥതയിൽ സംസാരിച്ചിരിക്കുന്നു

    അതൊരിക്കലും തിരികെയെടുക്കാൻ കഴിയുന്നതല്ല:

    എന്റെമുമ്പിൽ എല്ലാ മുഴങ്കാലും വണങ്ങും;

    എന്റെ നാമത്തിൽ എല്ലാ നാവും ശപഥംചെയ്യും.

  66. 20 നിർദിഷ്ടസമയത്ത് നിറവേറാനിരിക്കുന്ന, എന്റെ വാക്കുകൾ വിശ്വസിക്കാതിരുന്നതുകൊണ്ട് ഇത് യാഥാർഥ്യമാകുന്ന ദിവസംവരെ നീ സംസാരിക്കാനാകാതെ ഊമയായിരിക്കും” എന്നു പറഞ്ഞു.

    21 ഈ സമയം സെഖര്യാവിനെ കാത്തിരുന്ന ജനം അദ്ദേഹം ദൈവാലയത്തിൽനിന്ന് പുറത്തുവരാൻ ഇത്രയേറെ താമസിച്ചതിൽ ആശ്ചര്യപ്പെട്ടു. 22 പുറത്തുവന്നപ്പോൾ അദ്ദേഹത്തിന് അവരോടു സംസാരിക്കാൻ കഴിഞ്ഞില്ല. സംസാരിക്കാനാകാതെ ആംഗ്യം കാണിച്ചുകൊണ്ടിരുന്നതിൽനിന്ന്, അദ്ദേഹത്തിന് ദൈവാലയത്തിൽവെച്ച് ഒരു ദർശനമുണ്ടായെന്ന് അവർ മനസ്സിലാക്കി.

  67. 8 സ്നേഹം എന്നെന്നും നിലനിൽക്കുന്നു. പ്രവചനം നീക്കപ്പെടും ഭാഷകൾ നിലച്ചുപോകും ജ്ഞാനവും നീക്കപ്പെടും.

  68. 10 അഞ്ചാമത്തെദൂതൻ തന്റെ കുംഭം മൃഗത്തിന്റെ സിംഹാസനത്തിന്മേൽ ഒഴിച്ചു; അവന്റെ രാജ്യം അന്ധകാരാവൃതമായി. മനുഷ്യർ അതിവേദനയാൽ തങ്ങളുടെ നാവു കടിച്ചു. 11 വ്രണങ്ങൾനിമിത്തം കഠിനവേദന അനുഭവിച്ചിട്ടും സ്വർഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ, തങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് അനുതപിച്ചില്ല.