63 Bible Verses About Babies

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Babies
  1. 3 മക്കൾ യഹോവയിൽനിന്നുള്ള പൈതൃകാവകാശം.

    ഉദരഫലം അവിടന്നു നൽകുന്ന പ്രതിഫലവുമാണ്.

    4 ഒരാൾക്കു തന്റെ യൗവനത്തിൽ പിറക്കുന്ന മക്കൾ

    ഒരു യോദ്ധാവിന്റെ കൈയിലെ അസ്ത്രങ്ങൾപോലെയാണ്.

    5 അവരെക്കൊണ്ട് തന്റെ ആവനാഴി നിറച്ചിട്ടുള്ള

    പുരുഷൻ അനുഗൃഹീതൻ.

    നഗരകവാടത്തിൽവെച്ച് തങ്ങളുടെ ശത്രുക്കളുമായി ഏറ്റുമുട്ടുമ്പോൾ

    അവർ ലജ്ജിതരാകുകയില്ല.

  2. 13 യേശു കൈവെച്ച് അനുഗ്രഹിക്കേണ്ടതിന് ചില ആളുകൾ ശിശുക്കളെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. എന്നാൽ ശിഷ്യന്മാർ അവരെ ശകാരിച്ചു. 14 ഇതുകണ്ട് യേശു ദേഷ്യത്തോടെ, “ശിശുക്കളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുക; അവരെ തടയരുത്; കാരണം ദൈവരാജ്യം ഇങ്ങനെയുള്ളവർക്കു സ്വന്തം! 15 ഒരു ശിശുവിനെപ്പോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്ത ആരും ഒരുനാളും അതിൽ പ്രവേശിക്കുകയില്ല, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. 16 തുടർന്ന് അദ്ദേഹം ശിശുക്കളെ കൈകളിൽ എടുത്ത് അവരുടെമേൽ കൈവെച്ച് അവരെ അനുഗ്രഹിച്ചു.

  3. 13 അവിടന്നാണെന്റെ അന്തരിന്ദ്രിയം രൂപകൽപ്പനചെയ്തത്;

    എന്റെ അമ്മയുടെ ഗർഭഗൃഹത്തിൽ എന്നെ കൂട്ടിയിണക്കിയതും അങ്ങുതന്നെയാണ്.

    14 സങ്കീർണവും വിസ്മയകരവുമായി അങ്ങ് എന്നെ സൃഷ്ടിച്ചിരിക്കുകയാൽ ഞാൻ അങ്ങേക്ക് സ്തോത്രംചെയ്യുന്നു;

    അവിടത്തെ പ്രവൃത്തികൾ ആശ്ചര്യകരമാണ്,

    അതെനിക്കു നന്നായി അറിയാം.

    15 ഞാൻ നിഗൂഢതയിൽ ഉരുവാക്കപ്പെടുകയും

    ഭൂമിയുടെ അഗാധതകളിൽ മെനയപ്പെടുകയും ചെയ്തപ്പോൾ,

    എന്റെ ആകാരം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല.

    16 എന്റെ ശരീരം രൂപപ്പെടുന്നതിനുമുമ്പുതന്നെ അവിടത്തെ കണ്ണ് എന്നെ കണ്ടു;

    എനിക്കു നിർണയിക്കപ്പെട്ടിരുന്ന ദിനങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതിനു മുമ്പേതന്നെ,

    അവയെല്ലാം അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടു.

    17 ദൈവമേ, അവിടത്തെ വിചാരങ്ങൾ എനിക്ക് എത്രയോ അമൂല്യം!

    അവയുടെ ആകെത്തുക എത്ര വലുത്!

    18 ഞാൻ അവയെ എണ്ണിനോക്കിയാൽ

    അവ മണൽത്തരികളെക്കാൾ അധികം!

    ഞാനുണരുമ്പോൾ അങ്ങയോടൊപ്പംതന്നെയായിരിക്കും.

  4. 13 അതിനുശേഷം ചില ആളുകൾ ശിശുക്കളെ, യേശു അവരുടെമേൽ കൈവെച്ച് അവർക്കുവേണ്ടി പ്രാർഥിക്കേണ്ടതിന്, അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. എന്നാൽ ശിഷ്യന്മാർ അവരെ ശകാരിച്ചു.

    14 എന്നാൽ യേശു, “ശിശുക്കളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുക; അവരെ തടയരുത്; കാരണം സ്വർഗരാജ്യം ഇങ്ങനെയുള്ളവർക്കു സ്വന്തം!” എന്നു പറഞ്ഞു. 15 യേശു അവരുടെമേൽ കൈവെച്ചശേഷം അവിടെനിന്ന് യാത്രതിരിച്ചു.

  5. 5 “നിന്നെ ഗർഭപാത്രത്തിൽ രൂപപ്പെടുത്തുന്നതിനുമുമ്പേ ഞാൻ നിന്നെ അറിഞ്ഞു,

    നീ ജനിക്കുന്നതിനുമുമ്പേ ഞാൻ നിന്നെ വേർതിരിച്ചു;

    രാഷ്ട്രങ്ങൾക്ക് ഒരു പ്രവാചകനായി ഞാൻ നിന്നെ നിയമിച്ചു.”

  6. 15 യേശു കൈവെച്ച് അനുഗ്രഹിക്കേണ്ടതിന് ചില ആളുകൾ നവജാതശിശുക്കളെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. ഇതുകണ്ട ശിഷ്യന്മാർ അവരെ ശകാരിച്ചു. 16 എന്നാൽ, യേശു അവരെ തന്റെ അടുത്തേക്ക് ആഹ്വാനംചെയ്തുകൊണ്ട് ശിഷ്യന്മാരോട്, “ശിശുക്കളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുക; അവരെ തടയരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവർക്കു സ്വന്തം! 17 ഒരു ശിശുവിനെപ്പോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്ത ആരും ഒരുനാളും അതിൽ പ്രവേശിക്കുകയില്ല, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.

  7. 24 പൈതലിന്റെ മുലകുടി മാറിയപ്പോൾ ഹന്നാ മൂന്നുവയസ്സുള്ള ഒരു കാളക്കിടാവ്, ഒരു ഏഫാ ധാന്യമാവ്, ഒരു തുരുത്തി വീഞ്ഞ് ഇവയെടുത്ത്, കുഞ്ഞിനെയുംകൂട്ടി ശീലോവിൽ യഹോവയുടെ ആലയത്തിൽ ചെന്നു. പൈതൽ നന്നേ ചെറുപ്പമായിരുന്നു. 25 അവർ കാളക്കിടാവിനെ യാഗമർപ്പിച്ചു; അതിനുശേഷം ബാലനെ ഏലിയുടെമുമ്പിൽ കൊണ്ടുവന്നു. 26 അവൾ അദ്ദേഹത്തോടു പറഞ്ഞു: “പ്രഭോ, ക്ഷമിക്കണമേ, യജമാനനാണെ, അങ്ങയുടെ സമീപത്തുനിന്ന് യഹോവയോടു പ്രാർഥിച്ച സ്ത്രീയാണു ഞാൻ. 27 ഞാൻ ഈ ബാലനുവേണ്ടി യഹോവയോടു പ്രാർഥിച്ചു; ഞാൻ പ്രാർഥിച്ചത് യഹോവ എനിക്കു നൽകിയിരിക്കുന്നു. 28 അതിനാൽ ഇവനെ ഞാനിപ്പോൾ യഹോവയ്ക്കു സമർപ്പിക്കുന്നു. അവന്റെ ജീവിതകാലംമുഴുവൻ അവൻ യഹോവയ്ക്കു സമർപ്പിക്കപ്പെട്ടവനായിരിക്കും.” അവർ അവിടെ യഹോവയെ ആരാധിച്ചു.

  8. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 ഞങ്ങളുടെ കർത്താവായ യഹോവേ,

    അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം!

    അങ്ങയുടെ മഹത്ത്വം അവിടന്ന്

    ആകാശത്തിൽ സ്ഥാപിച്ചിരിക്കുന്നു.

    2 ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും സ്തുതികളിൽ

    അവിടത്തെ ശത്രുക്കൾക്കെതിരേ ഒരു കോട്ട പണിതിരിക്കുന്നു

    വൈരികളെയും പ്രതികാരദാഹികളെയും നിശ്ശബ്ദരാക്കുന്നതിനുതന്നെ.

  9. 6 കുട്ടികളെ അവർ നടക്കേണ്ടതായ വഴി പരിശീലിപ്പിക്കുക,

    വൃദ്ധരായാലും അവർ അതിൽനിന്നു വ്യതിചലിക്കുകയില്ല.

  10. 1 ആ സമയത്തു ശിഷ്യന്മാർ യേശുവിന്റെ അടുത്തുവന്ന്, “സ്വർഗരാജ്യത്തിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണ്?” എന്നു ചോദിച്ചു.

    2 അദ്ദേഹം ഒരു കുട്ടിയെ വിളിച്ച് അവരുടെമധ്യത്തിൽ നിർത്തിയശേഷം 3 ഇങ്ങനെ പറഞ്ഞു, “ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾക്ക് ആന്തരികപരിവർത്തനം വന്ന് കുട്ടികളെപ്പോലെ ആയിത്തീരുന്നില്ലെങ്കിൽ ഒരുനാളും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല, നിശ്ചയം. 4 അതുകൊണ്ട്, സ്വയം താഴ്ത്തി ഈ കുട്ടിയെപ്പോലെ ആയിത്തീരുന്നയാളാണ് സ്വർഗരാജ്യത്തിലെ ഉന്നത വ്യക്തി. 5 ഇങ്ങനെയുള്ള ഒരു കുട്ടിയെ എന്റെ നാമത്തിൽ സ്വീകരിക്കുന്ന വ്യക്തി എന്നെ സ്വീകരിക്കുന്നു.

    6 “എന്നാൽ, എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാളെങ്കിലും പാപത്തിൽ വീഴുന്നതിന് ആരെങ്കിലും കാരണമാകുന്നെങ്കിൽ, അയാളുടെ കഴുത്തിൽ ഒരു വലിയ തിരികല്ല് കെട്ടി ആഴിയുടെ ആഴത്തിലേക്ക് താഴ്ത്തുന്നത് അയാൾക്ക് ഏറെ നല്ലത്. 7 മനുഷ്യരെ പാപത്തിലേക്കു നയിക്കുന്നതുകൊണ്ട് ലോകത്തിനു ഹാ കഷ്ടം! പ്രലോഭനങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ കഴിയുകയില്ല; എങ്കിലും, അതിനു കാരണക്കാരൻ ആകുന്നയാൾക്കു മഹാകഷ്ടം!

  11. 25 അപ്പോൾത്തന്നെ യേശു: “പിതാവേ, സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥാ, അവിടന്ന് ഈ കാര്യങ്ങൾ വിജ്ഞാനികൾക്കും മനീഷികൾക്കും മറച്ചുവെച്ചിട്ട് ശിശുതുല്യരായവർക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ അങ്ങയെ മഹത്ത്വപ്പെടുത്തുന്നു. 26 അതേ, ഇതായിരുന്നല്ലോ പിതാവേ അവിടത്തേക്കു പ്രസാദകരം!

    27 “എന്റെ പിതാവു സകലകാര്യങ്ങളും എന്നെ ഭരമേൽപ്പിച്ചിരിക്കുന്നു. പിതാവല്ലാതെ ആരും പുത്രനെ യഥാർഥത്തിൽ അറിയുന്നില്ല; പുത്രനും പിതാവിനെ വെളിപ്പെടുത്തിക്കൊടുക്കാൻ പുത്രൻ ആഗ്രഹിക്കുന്നവരുമല്ലാതെ ആരും പിതാവിനെ അറിയുന്നില്ല എന്നു പറഞ്ഞു.

    28 “ക്ഷീണിതരേ, ഭാരംചുമക്കുന്നവരേ, നിങ്ങൾ എന്റെ അടുക്കൽ വരിക, ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും. 29 ഞാൻ സൗമ്യനും വിനീതഹൃദയനും ആയതുകൊണ്ട് എന്റെ നുകം നിങ്ങൾ സ്വീകരിച്ചുകൊണ്ട് എന്നോട് പഠിക്കുക; എന്നാൽ, നിങ്ങൾ നിങ്ങളുടെ പ്രാണന് വിശ്രമം കണ്ടെത്തും. 30 എന്റെ നുകം മൃദുവും എന്റെ ഭാരം ലഘുവും ആകുന്നുവല്ലോ!”

  12. 1 അതുകൊണ്ട് സകലവിദ്വേഷവും സകലവഞ്ചനയും കപടഭാവവും അസൂയയും എല്ലാവിധ അപവാദപ്രചാരണങ്ങളും ഉപേക്ഷിക്കുക. 2-3 കർത്താവ് നല്ലവനെന്ന് നിങ്ങൾ രുചിച്ചറിഞ്ഞിട്ടുണ്ടല്ലോ. ആകയാൽ, ശുദ്ധമായ ആത്മികപാൽ കുടിക്കാൻ നവജാതശിശുക്കളെപ്പോലെ അതിയായി ആഗ്രഹിക്കുക. അങ്ങനെ നിങ്ങൾക്ക് രക്ഷയിൽ വളരാൻ സാധിക്കും.

  13. 41 മറിയയുടെ വന്ദനം എലിസബത്ത് കേട്ടപ്പോൾ ഗർഭസ്ഥശിശു അവളുടെ ഉദരത്തിൽ തുള്ളിച്ചാടി; എലിസബത്ത് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി, 42 ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: “നീ സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ; നിനക്കു ജനിക്കുന്ന ശിശുവും അനുഗ്രഹിക്കപ്പെട്ടവൻ!

  14. 33 അവർ കഫാർനഹൂമിൽ എത്തി. അദ്ദേഹം വീട്ടിൽ വന്നശേഷം അവരോട്, “നിങ്ങൾ വഴിയിൽവെച്ച് എന്തിനെക്കുറിച്ചായിരുന്നു തർക്കിച്ചുകൊണ്ടിരുന്നത്?” എന്നു ചോദിച്ചു. 34 അവരോ, തങ്ങളിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണ് എന്നതിനെപ്പറ്റി വഴിയിൽവെച്ചു വാദിക്കുകയായിരുന്നതുകൊണ്ടു നിശ്ശബ്ദരായിരുന്നു.

    35 അദ്ദേഹം ഇരുന്നശേഷം തന്റെ പന്ത്രണ്ട് ശിഷ്യന്മാരെയും വിളിച്ചിട്ട് അവരോട്, “നിങ്ങളിൽ ഒന്നാമൻ ആകാൻ ആഗ്രഹിക്കുന്നവൻ ഒടുക്കത്തവനും എല്ലാവർക്കും ദാസനുമാകണം” എന്നു പറഞ്ഞു.

    36 അതിനുശേഷം അദ്ദേഹം ഒരു ശിശുവിനെ എടുത്ത് അവരുടെമധ്യത്തിൽ നിർത്തി. പിന്നെ അവനെ കൈകളിൽ എടുത്തുകൊണ്ട് അദ്ദേഹം അവരോടു പറഞ്ഞു: 37 “ഇങ്ങനെയുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവർ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവരോ എന്നെയല്ല, എന്നെ അയച്ചവനെ സ്വീകരിക്കുന്നു.”

  15. 21 എട്ടുദിവസം പൂർത്തിയായപ്പോൾ, യേശുവിന്റെ പരിച്ഛേദനാസമയത്ത്, ശിശു ഗർഭത്തിലുരുവാകുംമുമ്പ് ദൈവദൂതൻ നിർദേശിച്ചിരുന്നതുപോലെ “യേശു” എന്ന് അവനു പേരിട്ടു.

    22 മോശയുടെ ന്യായപ്രമാണം അനുസരിച്ച് മറിയയ്ക്ക് ശുദ്ധീകരണയാഗത്തിനുള്ള ദിവസമടുത്തപ്പോൾ, യോസേഫും മറിയയും യേശുവിനെ കർത്താവിനു സമർപ്പിക്കേണ്ടതിനായി ജെറുശലേമിലേക്കു കൊണ്ടുപോയി. 23 “ആദ്യം ജനിക്കുന്ന ആൺകുട്ടി കർത്താവിന് വിശുദ്ധീകരിക്കപ്പെടണം,” എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതനുസരിച്ചും 24 “ഒരു ജോടി കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ യാഗം കഴിക്കേണ്ടതാകുന്നു,” എന്ന് കർത്താവിന്റെ ന്യായപ്രമാണത്തിൽ കൽപ്പിച്ചിരിക്കുന്നത് അനുഷ്ഠിക്കുന്നതിനുമാണ് അവർ പോയത്.

  16. 11 ഈ വിഷയം സംബന്ധിച്ച് ഞങ്ങൾക്ക് വളരെയേറെ അറിയിക്കാനുണ്ട്, എങ്കിലും ഗ്രഹിക്കാനുള്ള മന്ദതനിമിത്തം നിങ്ങളോട് വിശദീകരിക്കുക ദുഷ്കരമാണ്. 12 വാസ്തവത്തിൽ, നിങ്ങൾ വിശ്വസിച്ചതുമുതലുള്ള സമയം കണക്കാക്കിയാൽ ഇതിനകം നിങ്ങൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടതാണ്; എന്നാൽ ഇപ്പോഴും ദൈവവചനത്തിന്റെ പ്രാഥമികപാഠങ്ങൾപോലും മറ്റൊരാൾ നിങ്ങളെ ഉപദേശിക്കേണ്ട അവസ്ഥയിലാണ്. നിങ്ങൾക്ക് ആവശ്യമായിത്തീർന്നിരിക്കുന്നത് പാലാണ്, ഖരരൂപത്തിലുള്ള ആഹാരമല്ല. 13 പാൽമാത്രം കുടിച്ചു ജീവിക്കുന്നയാൾ നീതിയുടെ വചനത്തിൽ പരിചയമില്ലാത്ത വെറും ശിശുവാണ്. 14 സ്ഥിരപരിശീലനത്തിലൂടെ നന്മയും തിന്മയും വ്യവച്ഛേദിക്കാനുള്ള കഴിവ് സമാർജിച്ച പക്വതയുള്ളവർക്കുമാത്രമാണ് ഖരരൂപത്തിലുള്ള ആഹാരം.

  17. 17 ഉത്തമവും പൂർണവുമായ എല്ലാ നല്ല ദാനങ്ങളും ഉയരത്തിൽനിന്ന്, അതായത്, പ്രകാശങ്ങളുടെ പിതാവിങ്കൽനിന്നാണു വരുന്നത്. അവിടന്ന് മാറിക്കൊണ്ടിരിക്കുന്ന നിഴലുകൾപോലെ മാറുകയില്ല.

  18. 5 ഇതാ ഞാൻ പിറന്നത് പാപിയായിട്ടാണ്,

    എന്റെ അമ്മ എന്നെ ഗർഭംധരിച്ചപ്പോൾത്തന്നെ ഞാൻ പാപിയാണ്.

  19. 44 നിന്റെ വന്ദനവചസ്സുകൾ എന്റെ കാതുകളിൽ പതിച്ചമാത്രയിൽത്തന്നെ ശിശു എന്റെ ഉദരത്തിൽ ആനന്ദിച്ചു തുള്ളിച്ചാടി. 45 കർത്താവ് അരുളിച്ചെയ്തത് നിറവേറുമെന്ന് വിശ്വസിച്ച നീ അനുഗൃഹീത!”

    46 ഇതിന് മറിയ പ്രതിവചിച്ചത്:

    “എന്റെ ഉള്ളം കർത്താവിനെ പുകഴ്ത്തുന്നു;

    47 എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ ആനന്ദിക്കുന്നു.

    48 അവിടന്ന് തന്റെ ദാസിയുടെ ദൈന്യത്തെ

    പരിഗണിച്ചല്ലോ;

    ഇപ്പോൾമുതൽ എല്ലാ തലമുറകളും എന്നെ അനുഗ്രഹിക്കപ്പെട്ടവൾ എന്നു വാഴ്ത്തും.

  20. 5 കാറ്റിന്റെ ഗതി നിനക്ക് അജ്ഞാതമായിരിക്കുന്നതുപോലെ,

    ശരീരം അമ്മയുടെ ഗർഭത്തിൽ ഉരുവാകുന്നത് എങ്ങനെയെന്നും നീ അറിയുന്നില്ലല്ലോ,

    അതുകൊണ്ട്, സകലതും ഉണ്ടാക്കിയ ദൈവത്തിന്റെ പ്രവൃത്തിയും

    നിനക്കു മനസ്സിലാക്കാൻ കഴിയുകയില്ല.

  21. 1 സഹോദരങ്ങളേ, എനിക്കു നിങ്ങളോടു സംസാരിക്കാൻ സാധിച്ചത് ആത്മികരോട് എന്നപോലെയല്ല, പിന്നെയോ ജഡികരോട്, ക്രിസ്തുവിൽ ശിശുതുല്യരോട് എന്നപോലെമാത്രമായിരുന്നു. 2 ഞാൻ നിങ്ങൾക്കു പാലാണ് തന്നത്, കട്ടിയായ ഭക്ഷണമല്ല. കട്ടിയുള്ളതു കഴിക്കാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു, ഇപ്പോഴും ഇല്ല. 3 നിങ്ങൾ ഇപ്പോഴും ജഡികരാണ്. നിങ്ങളുടെ ഇടയിൽ അസൂയയും ശണ്ഠയും നിലനിൽക്കെ നിങ്ങൾ ജഡികരല്ലേ? സാമാന്യജനത്തെപ്പോലെതന്നെയല്ലേ നിങ്ങൾ പെരുമാറുന്നത്? 4 “ഞാൻ പൗലോസിന്റെ പക്ഷക്കാരൻ,” എന്ന് ഒരാളും “ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ,” എന്നു മറ്റൊരാളും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലേ?

    5 ആരാണ് അപ്പൊല്ലോസ്? ആരാണ് പൗലോസ്? നിങ്ങൾ സുവിശേഷത്തിൽ വിശ്വസിക്കുന്നതിന് ഉപകരണങ്ങളായി കർത്താവു നിയോഗിച്ച ശുശ്രൂഷക്കാർമാത്രമല്ലേ?

  22. 6 പേരക്കുട്ടികൾ വൃദ്ധർക്കൊരു മകുടവും

    മക്കൾ മാതാപിതാക്കൾക്കൊരു അഭിമാനവുമാണ്.

  23. 14 അതുകൊണ്ട് കർത്താവുതന്നെ നിങ്ങൾക്ക് ഒരു ചിഹ്നം നൽകും: കന്യക ഗർഭവതിയായി ഒരു പുത്രനു ജന്മം നൽകും, ആ പുത്രൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും.

  24. 20 സഹോദരങ്ങളേ, ശിശുക്കളെപ്പോലെയല്ലാ ചിന്തിക്കേണ്ടത്. തിന്മയ്ക്ക് ശിശുക്കളും ചിന്തയിൽ മുതിർന്നവരും ആയിരിക്കുക.

  25. 5 ഇതിനുശേഷം ഏശാവു ചുറ്റും നോക്കി സ്ത്രീകളെയും കുട്ടികളെയും കണ്ടിട്ട്. “നിന്റെ കൂടെയുള്ള ഇവർ ആരാണ്?” അദ്ദേഹം ചോദിച്ചു.

    “അങ്ങയുടെ ദാസന് ദൈവം കരുണതോന്നി നൽകിയ കുട്ടികളാണ് ഇവർ,” യാക്കോബ് ഉത്തരം പറഞ്ഞു.

  26. 24 “നിന്റെ വീണ്ടെടുപ്പുകാരൻ, ഗർഭത്തിൽ നിന്നെ ഉരുവാക്കിയവനുമായ,

    യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

    “യഹോവയായ ഞാൻ

    സകലതും ഉണ്ടാക്കിയിരിക്കുന്നു,

    ഞാൻതന്നെ ആകാശത്തെ വിരിക്കുന്നു;

    ഞാൻ ഭൂമിയെ പരത്തിയിരിക്കുന്നു.

  27. 6 എന്തെന്നാൽ നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു,

    നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു,

    ആധിപത്യം അവന്റെ തോളിലായിരിക്കും.

    അവൻ ഇപ്രകാരം വിളിക്കപ്പെടും:

    അത്ഭുതമന്ത്രി, ശക്തനായ ദൈവം,

    നിത്യപിതാവ്, സമാധാനപ്രഭു.

    7 അവിടത്തെ ആധിപത്യത്തിന്റെ വർധനയ്ക്കും സമാധാനത്തിനും

    അവസാനം ഉണ്ടാകുകയില്ല.

    ദാവീദിന്റെ സിംഹാസനത്തിൽ ആരൂഢനായി

    അതിനെ നീതിയോടും ന്യായത്തോടുംകൂടി

    സ്ഥാപിച്ച് സുസ്ഥിരമാക്കി

    ദാവീദിന്റെ രാജ്യത്തിന്മേൽ

    ഇന്നുമുതൽ എന്നേക്കും വാഴും.

    സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത

    ഇതു നിറവേറ്റും.

  28. 31 നീ ഗർഭവതിയായി ഒരു മകനെ പ്രസവിക്കും. നീ ആ ശിശുവിന് യേശു എന്നു നാമകരണം ചെയ്യണം. 32 അവിടന്ന് മഹാനാകും; പരമോന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവിടത്തെ പിതാവായ ദാവീദിന്റെ സിംഹാസനം കർത്താവായ ദൈവം അവിടത്തേക്ക് നൽകും. 33 അവിടന്ന് യാക്കോബ് വംശത്തിന് എന്നേക്കും രാജാവായിരിക്കും; അവിടത്തെ രാജ്യത്തിന് ഒരിക്കലും അവസാനമുണ്ടാകുകയില്ല” എന്നു പറഞ്ഞു.

  29. 21 ഒരു കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീ, തന്റെ പ്രസവസമയം വന്നിരിക്കുന്നതുകൊണ്ട് വേദനപ്പെടുന്നു. എന്നാൽ കുഞ്ഞു പിറന്നതിനുശേഷം, ഒരു വ്യക്തി ലോകത്തിലേക്കു പിറന്നതിന്റെ ആനന്ദത്താൽ അവൾ തന്റെ വേദന പിന്നെ ഓർക്കുന്നില്ല.

  30. 10 അപ്പോൾ അവരിലൊരാൾ, “അടുത്തവർഷം ഇതേസമയം ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; അപ്പോൾ നിന്റെ ഭാര്യയായ സാറായ്ക്ക് ഒരു മകൻ ഉണ്ടായിരിക്കും” എന്നു പറഞ്ഞു.

    സാറാ പിന്നിൽ കൂടാരവാതിൽക്കൽനിന്ന് ഇതു ശ്രദ്ധിക്കുകയായിരുന്നു. 11 അബ്രാഹാമും സാറായും വൃദ്ധരും വളരെ പ്രായമായവരും ആയിരുന്നു. സാറായ്ക്കു ഗർഭധാരണത്തിനുള്ള പ്രായവും കഴിഞ്ഞുപോയിരുന്നു. 12 “ഞാൻ വൃദ്ധയായി, എന്റെ ഭർത്താവും വൃദ്ധനായിരിക്കുന്നു; ഇനി ഈ സൗഭാഗ്യം എനിക്കുണ്ടാകുമോ?” സാറാ ചിരിച്ചുകൊണ്ട് ആത്മഗതംചെയ്തു.

    13 അപ്പോൾ യഹോവ അബ്രാഹാമിനോട്, “വൃദ്ധയായ എനിക്കു കുട്ടിയുണ്ടാകുമോ എന്നു പറഞ്ഞു സാറാ ചിരിച്ചതെന്ത്? 14 യഹോവയ്ക്ക് അസാധ്യമായ കാര്യം ഉണ്ടോ? അടുത്തവർഷം നിശ്ചിതസമയം ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും, അപ്പോൾ സാറായ്ക്ക് ഒരു മകൻ ഉണ്ടായിരിക്കും” എന്നു പറഞ്ഞു.

  31. 6 അവൾ അതു തുറന്നപ്പോൾ കുട്ടിയെ കണ്ടു. കുട്ടി കരയുകയായിരുന്നു. അവൾക്ക് അവനോടു സഹതാപം തോന്നി. “ഇത് എബ്രായശിശുക്കളിൽ ഒന്നാണ്,” അവൾ പറഞ്ഞു.

  32. 9 ബലവും ധൈര്യവും ഉള്ളവനായിരിക്കാൻ ഞാൻ നിന്നോടു കൽപ്പിച്ചില്ലയോ; ഭയപ്പെടരുത്, ഭ്രമിക്കുകയും അരുത്; നിന്റെ ദൈവമായ യഹോവ നീ പോകുന്നിടത്തൊക്കെയും നിന്നോടുകൂടെ ഉണ്ടായിരിക്കും.”

  33. 14 “അവൾക്കുവേണ്ടി എന്തുചെയ്യാൻ കഴിയും?” എന്ന് എലീശാ വീണ്ടും ചോദിച്ചു.

    “അവൾക്ക് മകനില്ല; അവളുടെ ഭർത്താവ് വൃദ്ധനുമാണ്,” എന്ന് ഗേഹസി മറുപടി പറഞ്ഞു.

    15 അപ്പോൾ എലീശാ, “അവളെ വിളിക്കുക” എന്നു കൽപ്പിച്ചു. ഗേഹസി അവളെ വിളിച്ചു; അവൾ വന്നു വാതിൽക്കൽ നിന്നു. 16 എലീശാ അവളോടു പറഞ്ഞു: “അടുത്തവർഷം ഈ സമയമാകുമ്പോഴേക്കും നിനക്ക് മാറോടണച്ച് ഓമനിക്കാൻ ഒരു മകൻ ഉണ്ടായിരിക്കും.”

    “അരുതേ! ദൈവപുരുഷനായ എന്റെ യജമാനനേ, അവിടത്തെ ദാസിയോടു വ്യാജം സംസാരിക്കരുതേ!” എന്ന് അവൾ പറഞ്ഞു.

    17 എന്നാൽ ആ സ്ത്രീ ഗർഭിണിയായി. എലീശ പറഞ്ഞതുപോലെ, പിറ്റേവർഷം ആ സമയം ആയപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു.

  34. 14 യഹോവ നിങ്ങളെ വർധിപ്പിക്കട്ടെ;

    നിങ്ങളെയും നിങ്ങളുടെ മക്കളെയുംതന്നെ.

    15 ആകാശവും ഭൂമിയും നിർമിച്ച യഹോവയാൽ

    നിങ്ങൾ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.

  35. ശലോമോന്റെ സുഭാഷിതങ്ങൾ

    1 ശലോമോന്റെ സുഭാഷിതങ്ങൾ:

    ജ്ഞാനമുള്ള മക്കൾ അവരുടെ പിതാവിന് ആനന്ദമേകുന്നു,

    ബുദ്ധിഹീനരായ മക്കൾ അവരുടെ മാതാവിന് വ്യഥയേകുന്നു.

  36. 15 എന്നാൽ, യേശു ചെയ്ത അത്ഭുതങ്ങളും “ദാവീദുപുത്രന് ഹോശന്നാ” എന്നു ദൈവാലയാങ്കണത്തിൽ കുട്ടികൾ ആർത്തുവിളിക്കുന്നതും കണ്ടപ്പോൾ പുരോഹിതമുഖ്യന്മാരും വേദജ്ഞരും കോപാകുലരായി.

    16 “എന്താണ്, ഈ കുട്ടികൾ ആർത്തുവിളിക്കുന്നത് താങ്കൾ കേൾക്കുന്നില്ലേ?” എന്ന് അവർ അദ്ദേഹത്തോട് ചോദിച്ചു.

    “ഉണ്ട്, കേൾക്കുന്നുണ്ട്” യേശു ഉത്തരം പറഞ്ഞു. തുടർന്ന് യേശു,

    “ ‘ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളിൽനിന്ന്

    അവിടന്ന് സ്തുതി ഉയരുമാറാക്കിയിരിക്കുന്നു,’

    എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ?” എന്നു ചോദിച്ചു.

  37. 13 അപ്പോൾ ദൂതൻ അദ്ദേഹത്തോട് പറഞ്ഞത്: “സെഖര്യാവേ, ഭയപ്പെടേണ്ട, ദൈവം നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും, നീ അവന് യോഹന്നാൻ എന്നു നാമകരണം ചെയ്യണം. 14 അയാൾ നിനക്ക് ആനന്ദവും ആഹ്ലാദവും ആയിരിക്കും. അവന്റെ ജനനത്തിൽ അനേകർ ആനന്ദിക്കും. 15 കർത്താവിന്റെ ദൃഷ്ടിയിൽ അവൻ ശ്രേഷ്ഠൻ ആയിരിക്കും. വീഞ്ഞോ ഇതര ലഹരിപാനീയങ്ങളോ അവൻ ഒരിക്കലും പാനം ചെയ്യരുത്. തന്റെ ജനനത്തിന് മുമ്പുതന്നെ അവൻ പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ആയിരിക്കും. 16 ഇസ്രായേൽജനത്തിൽ അനേകരെ അവൻ തങ്ങളുടെ ദൈവമായ കർത്താവിലേക്ക് മടക്കിവരുത്തും. 17 പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും അനുസരണകെട്ടവരെ നീതിനിഷ്ഠരുടെ വിവേകത്തിലേക്കും തിരിച്ചുകൊണ്ട്, കർത്താവിനുവേണ്ടി ഒരുങ്ങിയിരിക്കുന്ന ഒരു ജനത്തെ സജ്ജമാക്കുന്നതിനുവേണ്ടി അയാൾ ഏലിയാവിന്റെ ആത്മാവിലും ശക്തിയിലും കർത്താവിനുമുമ്പായി പോകും.”

  38. 6 അവർ ബേത്ലഹേമിൽ ആയിരിക്കുമ്പോൾ മറിയയ്ക്ക് പ്രസവത്തിനുള്ള സമയം തികഞ്ഞു. 7 മറിയ തന്റെ ആദ്യജാതനായ പുത്രന് ജന്മംനൽകി, അവൾ ശിശുവിനെ ശീലകളിൽ പൊതിഞ്ഞ്, കന്നുകാലികൾക്ക് പുല്ല് കൊടുക്കുന്ന ഒരു തൊട്ടിയിൽ കിടത്തി; കാരണം, അവർക്കവിടെ ഒരു മുറിയും ലഭ്യമായില്ല.

    8 അന്നുരാത്രിയിൽ ആ പ്രദേശത്ത് ആട്ടിൻപറ്റത്തിന് കാവലായി മേച്ചിൽപ്പുറത്ത് താമസിച്ചിരുന്ന ഇടയന്മാർക്ക് 9 കർത്താവിന്റെ ഒരു ദൂതൻ പ്രത്യക്ഷനായി. കർത്താവിന്റെ പ്രഭ അവർക്കുചുറ്റും തിളങ്ങി, അവർ വളരെ ഭയവിഹ്വലരായിത്തീർന്നു. 10 അപ്പോൾ ദൂതൻ അവരോടറിയിച്ചത്, “ഭയപ്പെടേണ്ട! സകലജനത്തിനും മഹാ ആനന്ദംനൽകുന്ന സുവാർത്ത ഇതാ ഞാൻ നിങ്ങളെ അറിയിക്കുന്നു. 11 ഇന്നേദിവസം ക്രിസ്തുവെന്ന കർത്താവായ രക്ഷകൻ ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കുവേണ്ടി ജനിച്ചിരിക്കുന്നു. 12 നിങ്ങൾക്കുള്ള ചിഹ്നമോ: ശീലകളിൽ പൊതിഞ്ഞ്, പുൽത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും.”

  39. 15-16 എന്നാൽ, യെഹൂദേതരരോട് സുവിശേഷം പ്രസംഗിക്കേണ്ടതിന് ഞാൻ ജനിക്കുന്നതിനുമുമ്പേതന്നെ എന്നെ നിയമിക്കാനും, അവിടത്തെ കൃപയാൽ എന്നെ അതിനായി നിയോഗിക്കാനും ദൈവത്തിനു പ്രസാദം തോന്നി. അതിനായി ദൈവപുത്രൻ എനിക്കു വെളിപ്പെട്ട ഉടൻതന്നെ ഞാൻ ഒരു മനുഷ്യനോടും വിദഗ്ദ്ധാഭിപ്രായം തേടുകയോ;

  40. 1 ഞാൻ പറഞ്ഞുവരുന്നത്, അവകാശി ശൈശവഘട്ടത്തിൽ ആയിരിക്കുന്നതുവരെ, സകലത്തിന്റെയും യഥാർഥ ഉടമസ്ഥനെങ്കിലും, പിതൃസ്വത്തിന്മേൽ യാതൊരവകാശവും ഉന്നയിക്കാൻ കഴിയാത്ത ഒരു ദാസനു തുല്യനാണ്. 2 തന്റെ പിതാവു നിശ്ചയിച്ചിരിക്കുന്ന ദിവസംവരെ അയാൾ സംരക്ഷകരുടെയും കാര്യസ്ഥരുടെയും അധീനതയിലായിരിക്കും. 3 അതുപോലെതന്നെ, നാമും ആത്മികശൈശവഘട്ടത്തിൽ ലോകത്തിന്റെ പ്രാഥമികശക്തികൾക്ക് അടിമകളായിരുന്നു. 4 എന്നാൽ ദൈവം, സ്ത്രീയുടെ സന്തതിയായി ജനിച്ച് ന്യായപ്രമാണത്തിന്ന് കീഴിൽ ജീവിക്കാനായി, നിയോഗിക്കപ്പെട്ടിരുന്ന സമയത്തുതന്നെ അവിടത്തെ പുത്രനെ അയച്ചു. 5 ഇത് ന്യായപ്രമാണത്തിൻ കീഴിലുള്ളവരെയെല്ലാം വിലയ്ക്കു വാങ്ങുന്നതിനും നമുക്ക് പുത്രത്വം ലഭ്യമാക്കേണ്ടതിനും ആയിരുന്നു.

  41. 18 എന്റെ ഈ വചനങ്ങൾ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും ഉറപ്പിക്കുക. അവ ഒരു ചിഹ്നമായി നിങ്ങളുടെ കൈയിൽ കെട്ടണം. അവ നിങ്ങളുടെ നെറ്റിയിൽ ഒരു പട്ടമായി ധരിക്കണം. 19 നിങ്ങൾ വീട്ടിൽ ഇരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുകയും നിങ്ങളുടെ മക്കളെ പഠിപ്പിക്കുകയും വേണം.

  42. 22 അതിന് ദാവീദ് മറുപടി പറഞ്ഞു: “ശരിതന്നെ; കുഞ്ഞ് ജീവനോടെയിരുന്നപ്പോൾ ഞാൻ ഉപവസിക്കുകയും വിലപിക്കുകയും ചെയ്തു. ‘യഹോവയ്ക്ക് എന്നോടു കരുണതോന്നി കുഞ്ഞിന്റെ ജീവൻ രക്ഷിക്കുമോ! ആർക്കറിയാം!’ എന്നു ഞാൻ വിചാരിച്ചു. 23 എന്നാൽ ഇപ്പോൾ അവൻ മരിച്ചു. ഇനി ഞാനെന്തിന് ഉപവസിച്ചുകൊണ്ടിരിക്കണം! അവനെ തിരികെ വരുത്താൻ എനിക്കു കഴിയുമോ? ഇനി ഞാൻ അവന്റെ അടുത്തേക്കു പോകുകയല്ലാതെ അവൻ എന്റെ അടുത്തേക്കു വരികയില്ലല്ലോ.”

    24 അതിനുശേഷം ദാവീദ് തന്റെ ഭാര്യയായ ബേത്ത്-ശേബയെ ആശ്വസിപ്പിച്ചു. അദ്ദേഹം അവളെ അറിഞ്ഞു; അവൾ ഒരു മകനെ പ്രസവിച്ചു. അവർ ആ കുട്ടിക്കു ശലോമോൻ എന്നു പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു. 25 യഹോവ അവനെ സ്നേഹിക്കുകയാൽ അവന് യെദീദെയാഹ് എന്നു പേരിടുന്നതിന്, നാഥാൻ പ്രവാചകൻ മുഖാന്തരം യഹോവ കൽപ്പനകൊടുത്തു.

  43. 9 അവിടന്നാണല്ലോ എന്നെ എന്റെ അമ്മയുടെ ഉദരത്തിൽനിന്നു പുറത്തുകൊണ്ടുവന്നത്;

    എന്റെ അമ്മയുടെ മുലകുടിക്കുംകാലംമുതലേ എന്നെ സുരക്ഷിതനായി കാത്തതും അങ്ങാണല്ലോ.

    10 എന്റെ അമ്മയുടെ ഉദരത്തിലായിരുന്നപ്പോൾത്തന്നെ ഞാൻ തിരുക്കരങ്ങളിൽ സമർപ്പിക്കപ്പെട്ടു;

    എന്റെ അമ്മയുടെ ഗർഭപാത്രംമുതൽ അവിടന്നാണ് എന്റെ ദൈവം.

  44. 3 ദുഷ്ടർ അവരുടെ ജന്മദിനംമുതൽതന്നെ വഴിപിഴച്ചുപോകുന്നു;

    ജനനംമുതൽതന്നെ വ്യാജംപറഞ്ഞ് അപഥസഞ്ചാരികളുമായിരിക്കുന്നു.

  45. 15 “ഒരു സ്ത്രീക്ക് താൻ മുലയൂട്ടുന്ന കുഞ്ഞിനെ മറക്കാൻ കഴിയുമോ?

    തന്റെ ഗർഭത്തിൽ ഉരുവായ മകനോട് അവൾക്ക് കരുണ തോന്നാതിരിക്കുമോ?

    ഒരു അമ്മ മറന്നാലും

    ഞാൻ നിങ്ങളെ മറക്കുകയില്ല!

  46. 13 നിന്റെ മക്കൾ എല്ലാവരും യഹോവയാൽ അഭ്യസിപ്പിക്കപ്പെട്ടവരാകും,

    അവർ വളരെ വലിയ സമാധാനം അനുഭവിക്കും.

  47. 46 ശിഷ്യന്മാരിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണ് എന്നതിനെപ്പറ്റി ഒരു തർക്കം അവരുടെ ഇടയിൽ ഉണ്ടായി. 47 യേശു അവരുടെ ചിന്തകൾ മനസ്സിലാക്കിയിട്ട് ഒരു ശിശുവിനെ എടുത്ത് തന്റെ അടുക്കൽ നിർത്തി; 48 പിന്നെ അവരോട്, “ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്ന ഏതൊരാളും എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നയാൾ എന്നെ അയച്ച ദൈവത്തെ സ്വീകരിക്കുന്നു. നിങ്ങളിൽ എല്ലാവരിലും ഏറ്റവും ചെറിയവനാണ് ഏറ്റവും ശ്രേഷ്ഠൻ.” എന്നു പറഞ്ഞു.

  48. 11 ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ തർക്കിച്ചു. മുതിർന്നശേഷമോ, ശിശുസഹജമായ കാര്യങ്ങൾ ഉപേക്ഷിച്ചുകളഞ്ഞു.

  49. 21 യിസ്ഹാക്കിന്റെ ഭാര്യ വന്ധ്യയായിരുന്നതുകൊണ്ട് അദ്ദേഹം അവൾക്കുവേണ്ടി യഹോവയോടു പ്രാർഥിച്ചു. യഹോവ അദ്ദേഹത്തിന്റെ പ്രാർഥന കേട്ടു; യിസ്ഹാക്കിന്റെ ഭാര്യയായ റിബേക്കാ ഗർഭവതിയായി. 22 അവളുടെ ഉള്ളിൽ കുട്ടികൾതമ്മിൽ തിക്കി. അപ്പോൾ അവൾ, “എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്?” എന്നു പറഞ്ഞുകൊണ്ട് യഹോവയോടു ചോദിക്കാൻ പോയി.

    23 യഹോവ അവളോട്:

    “നിന്റെ ഉദരത്തിൽ രണ്ടു ജനതകളാണുള്ളത്.

    നിന്റെ ഉള്ളിൽനിന്നുതന്നെ രണ്ടു ജനസമൂഹങ്ങൾ വേർതിരിക്കപ്പെടും;

    ഒരു ജനസമൂഹം മറ്റതിനെക്കാൾ പ്രബലമായിരിക്കും.

    മൂത്തവൻ ഇളയവനെ സേവിക്കും” എന്ന് അരുളിച്ചെയ്തു.

    24 അവളുടെ പ്രസവകാലം സമീപിച്ചു. അവളുടെ ഉദരത്തിൽ ഇരട്ട ആൺകുട്ടികൾ ഉണ്ടായിരുന്നു. 25 ആദ്യം പിറന്നവൻ ചെമപ്പു നിറമുള്ളവനായിരുന്നു. അവന്റെ ദേഹം രോമക്കുപ്പായംപോലെ ആയിരുന്നു; അതുകൊണ്ട്, അവർ അവന് ഏശാവ് എന്നു പേരിട്ടു. 26 അതിന്റെശേഷം അവന്റെ സഹോദരൻ പിറന്നു; അവൻ ഏശാവിന്റെ കുതികാലിൽ പിടിച്ചുകൊണ്ടാണു പുറത്തുവന്നത്. അതുകൊണ്ട് അവന് യാക്കോബ് എന്നു പേരിട്ടു. റിബേക്ക ഇവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന് അറുപതു വയസ്സായിരുന്നു.

  50. 13 ഇങ്ങനെ ബോവസ് രൂത്തിനെ വിവാഹംകഴിച്ചു. അവൾ അവനു ഭാര്യയായി. അദ്ദേഹം അവളെ അറിഞ്ഞപ്പോൾ, യഹോവ കരുണചെയ്തു. അവൾ ഗർഭവതിയായി, ഒരു മകനെ പ്രസവിച്ചു. 14 അപ്പോൾ സ്ത്രീകൾ നവൊമിയോട്: “നിനക്ക് ഇന്നൊരു വീണ്ടെടുപ്പുകാരനെ നൽകിയ യഹോവ വാഴ്ത്തപ്പെടട്ടെ. ഇസ്രായേലിലൊക്കെയും ഈ പൈതൽ പ്രസിദ്ധനാകട്ടെ! 15 അവൻ നിനക്കു പുതിയ ജീവൻ നൽകി, നിന്റെ വാർധക്യത്തിൽ നിന്നെ സംരക്ഷിക്കുകയും ചെയ്യട്ടെ. കാരണം ഏഴു പുത്രന്മാരെക്കാൾ ശ്രേഷ്ഠയും നിന്നെ സ്നേഹിക്കുന്നവളുമായ നിന്റെ മരുമകൾ അവനു ജന്മം നൽകിയിരിക്കുന്നു.”

    16 അതിനുശേഷം നവൊമി പൈതലിനെ എടുത്തു, മടിയിൽ കിടത്തി അവനെ ശുശ്രൂഷിച്ചു. 17 അയൽവാസികളായ സ്ത്രീകൾ: “നവൊമിക്ക് ഒരു മകൻ ജനിച്ചു!” എന്നു പറഞ്ഞു. അവർ അവന് ഓബേദ് എന്നു പേരിട്ടു. അവൻ ദാവീദിന്റെ പിതാവായ യിശ്ശായിയുടെ പിതാവ്.

  51. 3 നിന്റെ ഭാര്യ നിന്റെ ഭവനത്തിൽ

    ഫലദായകമായ മുന്തിരിവള്ളിപോലെ ആയിരിക്കും;

    നിന്റെ മക്കൾ നിങ്ങളുടെ മേശയ്ക്കുചുറ്റും

    ഒലിവുതൈകൾപോലെയായിരിക്കും.

  52. 5 യേശു മറുപടി പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, വെള്ളത്തിൽനിന്നും ആത്മാവിൽനിന്നും ജനിച്ചില്ലെങ്കിൽ ദൈവരാജ്യത്തിൽ പ്രവേശിക്കാൻ ആർക്കും കഴിയുകയില്ല. 6 ഭൗതികജനനം ശാരീരികമായി സംഭവിക്കുന്നു; ആത്മികജനനം ആത്മാവിലൂടെ സംഭവിക്കുന്നു. 7 ‘നിങ്ങൾ വീണ്ടും ജനിക്കണം,’ എന്നു ഞാൻ പറഞ്ഞതിൽ നീ ആശ്ചര്യപ്പെടേണ്ടതില്ല.

  53. 25 ‘ഭൂമിയിലെ സകലകുടുംബങ്ങളും നിന്റെ സന്തതിയിലൂടെ അനുഗ്രഹിക്കപ്പെടും’ എന്നു ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്തു. നിങ്ങൾ ആ പ്രവാചകരുടെയും നിങ്ങളുടെ പിതാക്കന്മാരോട് ദൈവം ചെയ്ത ഉടമ്പടിയുടെയും മക്കളാണ്.

  54. 11-12 ക്രിസ്തുവിന്റെ ശരീരത്തെ പണിതുയർത്തുന്ന ശുശ്രൂഷയ്ക്കായി വിശുദ്ധരെ സജ്ജരാക്കുന്നതിനുവേണ്ടി, അവിടന്നുതന്നെ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയോഗിച്ചിരിക്കുന്നു. 13 ഇങ്ങനെ നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലും പക്വതയുള്ളവരായി ഐക്യത്തിലെത്തിച്ചേർന്ന്, ക്രിസ്തുവിന്റെ പരിപൂർണതയുടെ സമ്പൂർണ അളവ് സാക്ഷാത്കരിക്കുന്നതുവരെ വളരുകതന്നെ ചെയ്യും.

    14 തൽഫലമായി, നാം ഇനിമേൽ, മനുഷ്യരുടെ വഞ്ചനാത്മകമായ ഗൂഢാലോചനകളുടെ കൗശലങ്ങളിലും തന്ത്രങ്ങളിലും കുടുങ്ങി അവരുടെ ദുരുപദേശങ്ങളുടെ കാറ്റിൽ ആടിയുലയുകയും ഓളങ്ങളിൽ ചാഞ്ചാടുകയുംചെയ്യുന്ന ശിശുക്കളല്ല; 15 മറിച്ച്, സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് എല്ലാക്കാര്യങ്ങളിലും ക്രിസ്തു എന്ന ശിരസ്സുവരെ വളരുന്നവരാകും. 16 അങ്ങനെ ഓരോ അവയവവും അതതിന്റെ ധർമം നിർവഹിച്ചുകൊണ്ട്, സകലസന്ധിബന്ധങ്ങളും സംയോജിതമായി, സ്നേഹത്തിൽ മുഴുവൻ ശരീരവും സ്വയം പടുത്തുയർത്തപ്പെട്ട് ക്രിസ്തുവിനാൽ വളർച്ച പ്രാപിക്കുന്നു.

  55. 7 എനിക്കും നിനക്കും നിനക്കുശേഷം നിന്റെ സന്തതിക്കും മധ്യേ ഞാൻ എന്റെ ഉടമ്പടി ശാശ്വത ഉടമ്പടിയായി സ്ഥാപിക്കും; അതനുസരിച്ച് ഞാൻ നിന്റെയും നിനക്കുശേഷം തലമുറയായി നിന്റെ സന്തതിയുടെയും ദൈവമായിരിക്കും. 8 നീ ഇപ്പോൾ പ്രവാസിയായി പാർക്കുന്ന കനാൻദേശം മുഴുവൻ നിനക്കും നിനക്കുശേഷം നിന്റെ പിൻഗാമികൾക്കും ശാശ്വതാവകാശമായി നൽകും; ഞാൻ അവരുടെ ദൈവവും ആയിരിക്കും.”

    9 ദൈവം അബ്രാഹാമിനോട് വീണ്ടും അരുളിച്ചെയ്തു: “നീ ചെയ്യേണ്ടതെന്തെന്നാൽ, നീയും നിനക്കുശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ ഉടമ്പടി പാലിക്കണം. 10 നീയും നിനക്കുശേഷം നിന്റെ സന്തതിയും പാലിക്കേണ്ടതിന് ഞാൻ നിന്നോടു ചെയ്യുന്ന ഉടമ്പടി ഇതാണ്: നിങ്ങളിൽ പുരുഷന്മാരെല്ലാം പരിച്ഛേദനം ചെയ്യണം. 11 നിങ്ങൾ ഏൽക്കുന്ന പരിച്ഛേദനം എനിക്കും നിനക്കും മധ്യേയുള്ള ഉടമ്പടിയുടെ ചിഹ്നമായിരിക്കും. 12 തലമുറതോറും നിന്റെ ഭവനത്തിൽ ജനിച്ചവരും അന്യദേശക്കാരിൽനിന്ന് നീ വിലയ്ക്കു വാങ്ങിയവർക്ക് ജനിച്ച നിന്റെ സ്വന്തം മക്കളല്ലാത്തവരും ഉൾപ്പെടെ, നിങ്ങളുടെ കൂട്ടത്തിലുള്ള എട്ടുദിവസം പ്രായമായ എല്ലാ പുരുഷപ്രജയും പരിച്ഛേദനം ഏൽക്കണം. 13 നിന്റെ ഭവനത്തിൽ ജനിച്ചവരാകട്ടെ, നിന്റെ പണം കൊടുത്തു വാങ്ങിയവരാകട്ടെ, അവരെല്ലാവരും പരിച്ഛേദനം ഏറ്റിരിക്കേണ്ടതാണ്. നിങ്ങളുടെ ശരീരത്തിലുള്ള എന്റെ ഉടമ്പടി ശാശ്വത ഉടമ്പടി ആയിരിക്കണം. 14 പരിച്ഛേദനം ഏറ്റിട്ടില്ലാത്ത—ശരീരത്തിൽ പരിച്ഛേദനം ഏറ്റിട്ടില്ലാത്ത—ഏതൊരു പുരുഷപ്രജയും തന്റെ ജനത്തിന്റെ ഇടയിൽനിന്ന് നീക്കംചെയ്യപ്പെടണം; അവൻ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു.”

  56. 15 ഈജിപ്റ്റുരാജാവ് എബ്രായസൂതികർമിണികളായ ശിപ്രാ, പൂവാ എന്നിവരോട്, 16 “നിങ്ങൾ എബ്രായസ്ത്രീകളെ പ്രസവവേളയിൽ പരിചരിക്കയും അവരെ പ്രസവക്കിടക്കയിൽ നിരീക്ഷിക്കുകയും ചെയ്യുമ്പോൾ കുട്ടി ആണാണെങ്കിൽ അതിനെ കൊന്നുകളയുകയും പെണ്ണാണെങ്കിൽ ജീവിക്കാൻ അനുവദിക്കുകയും ചെയ്യണം” എന്നു കൽപ്പിച്ചു. 17 ആ സൂതികർമിണികൾ ദൈവത്തെ ഭയപ്പെട്ടിരുന്നതുകൊണ്ട്, ഈജിപ്റ്റുരാജാവ് തങ്ങളോടു കൽപ്പിച്ചിരുന്നതുപോലെ പ്രവർത്തിച്ചില്ല; ആൺകുട്ടികളെ അവർ ജീവനോടെ രക്ഷിച്ചു. 18 ഇതറിഞ്ഞ ഈജിപ്റ്റുരാജാവ് അവരെ ആളയച്ചുവരുത്തി അവരോട്, “നിങ്ങൾ ഇങ്ങനെ ചെയ്തതെന്ത്? ആൺകുട്ടികളുടെ ജീവൻ രക്ഷിക്കുന്നത് എന്തിന്?” എന്ന് ആരാഞ്ഞു.

    19 സൂതികർമിണികൾ ഫറവോനോട്, “എബ്രായസ്ത്രീകൾ ഈജിപ്റ്റിലെ സ്ത്രീകളെപ്പോലെയല്ല; അവർ ചുറുചുറുക്കുള്ളവരാണ്; സൂതികർമിണികൾ എത്തുന്നതിനുമുമ്പുതന്നെ അവർ പ്രസവിച്ചുകഴിഞ്ഞിരിക്കും” എന്ന് ഉത്തരം പറഞ്ഞു.

    20 അതുകൊണ്ടു ദൈവം ആ സൂതികർമിണികളോടു കരുണ കാണിച്ചു; ഇസ്രായേൽജനം പെരുകുകയും എണ്ണത്തിൽ പ്രബലരായിത്തീരുകയും ചെയ്തു. 21 സൂതികർമിണികൾ ദൈവത്തെ ഭയപ്പെട്ടതുകൊണ്ട് അവിടന്ന് അവർക്കും കുടുംബവർധന നൽകി.

    22 പിന്നെ ഫറവോൻ തന്റെ സകലജനങ്ങളോടും, “എബ്രായർക്കു ജനിക്കുന്ന എല്ലാ ആൺകുട്ടികളെയും നിങ്ങൾ നൈൽനദിയിൽ എറിഞ്ഞുകളയണം; പെൺകുട്ടികളെ ജീവിക്കാൻ അനുവദിക്കുക” എന്നു കൽപ്പിച്ചു.

  57. 1 യഹോവ മോശയോട്, 2 “സകല ആദ്യജാതന്മാരെയും എനിക്കായി ശുദ്ധീകരിക്കുക. മനുഷ്യരുടേതാകട്ടെ, മൃഗങ്ങളുടേതാകട്ടെ, ഇസ്രായേൽമക്കളുടെ ഇടയിലുള്ള എല്ലാ കടിഞ്ഞൂലുകളും എനിക്കുള്ളതാകുന്നു” എന്നു കൽപ്പിച്ചു.

  58. 4 ഇസ്രായേലേ, കേൾക്കുക, യഹോവ നമ്മുടെ ദൈവം, യഹോവ ഏകൻതന്നെ. 5 നിന്റെ ദൈവമായ യഹോവയെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണശക്തിയാലും സ്നേഹിക്കണം. 6 നിങ്ങളോട് ഇന്നു ഞാൻ കൽപ്പിക്കുന്ന ഈ വചനങ്ങൾ നിങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ച് 7 അവ നീ നിങ്ങളുടെ മക്കളോട് വീണ്ടും വീണ്ടും ഉപദേശിക്കണം. നിങ്ങൾ വീട്ടിൽ ഇരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുകയും വേണം. 8 അവ ഒരു ചിഹ്നമായി നിങ്ങളുടെ കൈയിൽ കെട്ടണം. അവ നിങ്ങളുടെ നെറ്റിയിൽ ഒരു പട്ടമായി ധരിക്കണം. 9 അവ നിങ്ങളുടെ വീടിന്റെ കട്ടിളകളിലും പടിവാതിലുകളിലും ആലേഖനംചെയ്യണം.

  59. 11 തങ്ങളുടെ സ്വഭാവം സംശുദ്ധവും യുക്തവും ആണോ എന്ന്,

    ചെറിയ കുട്ടികൾപോലും അവരുടെ പ്രവൃത്തികൾമൂലം വെളിപ്പെടുത്തുന്നു.

  60. 16 ജ്ഞാനികൾ തന്നെ പരിഹസിച്ചെന്ന് ഹെരോദാവ് മനസ്സിലാക്കിയപ്പോൾ അദ്ദേഹം രോഷാകുലനായി, ജ്ഞാനികളിൽനിന്ന് മനസ്സിലാക്കിയ സമയത്തിന് അനുസൃതമായി, ബേത്ലഹേമിലും പരിസരപ്രദേശങ്ങളിലുമുള്ള രണ്ടുവയസ്സും അതിൽ താഴെയും പ്രായമുള്ള എല്ലാ ആൺകുട്ടികളെയും കൊല്ലാൻ ആജ്ഞ നൽകി.

    17-18 “രാമായിൽ ഒരു ശബ്ദം കേൾക്കുന്നു,

    രോദനവും അത്യുച്ചവിലാപവുംതന്നെ.

    റാഹേൽ തന്റെ കുഞ്ഞുങ്ങളെച്ചൊല്ലി വിലപിക്കുന്നു.

    അവരിലാരും അവശേഷിക്കുന്നില്ല;

    സാന്ത്വനം അവൾ നിരസിക്കുന്നു,”

    എന്നിങ്ങനെ യിരെമ്യാപ്രവാചകനിലൂടെ ഉണ്ടായ അരുളപ്പാട് നിവൃത്തിയായി.

  61. 59 എട്ടാംദിവസം ശിശുവിനെ പരിച്ഛേദനകർമം ചെയ്യിക്കുന്നതിനായി അവർ ഒത്തുചേർന്നു; അവർ ശിശുവിന് പിതാവിന്റെ പേരുപോലെതന്നെ സെഖര്യാവ് എന്നു നാമകരണംചെയ്യാൻ തുനിഞ്ഞു.

  62. 21 അപ്പോൾത്തന്നെ യേശു, പരിശുദ്ധാത്മാവിനാൽ ആനന്ദഭരിതനായി, പറഞ്ഞത്: “പിതാവേ, സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥാ, അവിടന്ന് ഈ കാര്യങ്ങൾ വിജ്ഞാനികൾക്കും മനീഷികൾക്കും മറച്ചുവെച്ചിട്ട് ശിശുതുല്യരായവർക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ അങ്ങയെ മഹത്ത്വപ്പെടുത്തുന്നു. അതേ, ഇതായിരുന്നല്ലോ പിതാവേ അവിടത്തേക്കു പ്രസാദകരം!

    22 “എന്റെ പിതാവു സകലകാര്യങ്ങളും എന്നെ ഭരമേൽപ്പിച്ചിരിക്കുന്നു. പിതാവല്ലാതെ ആരും പുത്രനാരെന്ന് യഥാർഥത്തിൽ അറിയുന്നില്ല; പുത്രനും പിതാവിനെ വെളിപ്പെടുത്തിക്കൊടുക്കാൻ പുത്രൻ ആഗ്രഹിക്കുന്നവരുമല്ലാതെ ആരും പിതാവാരെന്ന് അറിയുന്നില്ല” എന്നു പറഞ്ഞു.

  63. 18 നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ കൃപയിലും പരിജ്ഞാനത്തിലും വർധിച്ചുവരിക.

    അവിടത്തേക്ക് ഇപ്പോഴും എന്നെന്നും മഹത്ത്വം! ആമേൻ.