44 Bible Verses About Circumcision
Biblica® Open Malayalam Contemporary Version™ (OMCV)
-
5 ഇനിയൊരിക്കലും നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല, നിന്റെ പേര് അബ്രാഹാം എന്നായിരിക്കും; ഞാൻ നിന്നെ അനേകം ജനതകൾക്കു പിതാവാക്കിയിരിക്കുന്നു: 6 ഞാൻ നിന്നെ സന്താനപുഷ്ടിയുള്ളവനാക്കും. നിന്നിൽനിന്ന് ജനതകൾ ഉത്ഭവിക്കും. രാജാക്കന്മാരും നിന്നിൽനിന്ന് ഉത്ഭവിക്കും. 7 എനിക്കും നിനക്കും നിനക്കുശേഷം നിന്റെ സന്തതിക്കും മധ്യേ ഞാൻ എന്റെ ഉടമ്പടി ശാശ്വത ഉടമ്പടിയായി സ്ഥാപിക്കും; അതനുസരിച്ച് ഞാൻ നിന്റെയും നിനക്കുശേഷം തലമുറയായി നിന്റെ സന്തതിയുടെയും ദൈവമായിരിക്കും. 8 നീ ഇപ്പോൾ പ്രവാസിയായി പാർക്കുന്ന കനാൻദേശം മുഴുവൻ നിനക്കും നിനക്കുശേഷം നിന്റെ പിൻഗാമികൾക്കും ശാശ്വതാവകാശമായി നൽകും; ഞാൻ അവരുടെ ദൈവവും ആയിരിക്കും.”
9 ദൈവം അബ്രാഹാമിനോട് വീണ്ടും അരുളിച്ചെയ്തു: “നീ ചെയ്യേണ്ടതെന്തെന്നാൽ, നീയും നിനക്കുശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ ഉടമ്പടി പാലിക്കണം. 10 നീയും നിനക്കുശേഷം നിന്റെ സന്തതിയും പാലിക്കേണ്ടതിന് ഞാൻ നിന്നോടു ചെയ്യുന്ന ഉടമ്പടി ഇതാണ്: നിങ്ങളിൽ പുരുഷന്മാരെല്ലാം പരിച്ഛേദനം ചെയ്യണം. 11 നിങ്ങൾ ഏൽക്കുന്ന പരിച്ഛേദനം എനിക്കും നിനക്കും മധ്യേയുള്ള ഉടമ്പടിയുടെ ചിഹ്നമായിരിക്കും. 12 തലമുറതോറും നിന്റെ ഭവനത്തിൽ ജനിച്ചവരും അന്യദേശക്കാരിൽനിന്ന് നീ വിലയ്ക്കു വാങ്ങിയവർക്ക് ജനിച്ച നിന്റെ സ്വന്തം മക്കളല്ലാത്തവരും ഉൾപ്പെടെ, നിങ്ങളുടെ കൂട്ടത്തിലുള്ള എട്ടുദിവസം പ്രായമായ എല്ലാ പുരുഷപ്രജയും പരിച്ഛേദനം ഏൽക്കണം. 13 നിന്റെ ഭവനത്തിൽ ജനിച്ചവരാകട്ടെ, നിന്റെ പണം കൊടുത്തു വാങ്ങിയവരാകട്ടെ, അവരെല്ലാവരും പരിച്ഛേദനം ഏറ്റിരിക്കേണ്ടതാണ്. നിങ്ങളുടെ ശരീരത്തിലുള്ള എന്റെ ഉടമ്പടി ശാശ്വത ഉടമ്പടി ആയിരിക്കണം. 14 പരിച്ഛേദനം ഏറ്റിട്ടില്ലാത്ത—ശരീരത്തിൽ പരിച്ഛേദനം ഏറ്റിട്ടില്ലാത്ത—ഏതൊരു പുരുഷപ്രജയും തന്റെ ജനത്തിന്റെ ഇടയിൽനിന്ന് നീക്കംചെയ്യപ്പെടണം; അവൻ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു.”
15 ദൈവം പിന്നെയും അബ്രാഹാമിനോടു കൽപ്പിച്ചു: “നിന്റെ ഭാര്യയായ സാറായിയെ ഇനിയൊരിക്കലും ‘സാറായി’ എന്നു വിളിക്കരുത്; അവളുടെ പേര് ‘സാറാ’ എന്നായിരിക്കും. 16 ഞാൻ അവളെ അനുഗ്രഹിക്കും; അവളിൽ നിനക്കൊരു മകനെ നൽകും. അവൾ അനേകം ജനതകൾക്കു മാതാവായിത്തീരും. അതേ, ഞാൻ അവളെ സമൃദ്ധമായി അനുഗ്രഹിക്കും; ജനങ്ങളുടെ രാജാക്കന്മാർ അവളിൽനിന്ന് ഉത്ഭവിക്കും.”
-
25 നീ ന്യായപ്രമാണം അനുസരിക്കുന്നെങ്കിൽ പരിച്ഛേദനം പ്രയോജനമുള്ളതാകും; എന്നാൽ ന്യായപ്രമാണം ലംഘിച്ചാലോ നീ പരിച്ഛേദനം സ്വീകരിക്കാത്തതിനു തുല്യമായിത്തീരുന്നു. 26 പരിച്ഛേദനം സ്വീകരിച്ചിട്ടില്ലാത്തവർ ന്യായപ്രമാണത്തിലെ വിധികളനുസരിച്ചാൽ പരിച്ഛേദനമുള്ളവരെപ്പോലെ അവരും പരിഗണിക്കപ്പെടുകയില്ലേ? 27 ശരീരത്തിൽ പരിച്ഛേദനം ഏൽക്കാതെതന്നെ ന്യായപ്രമാണം അനുസരിക്കുന്ന യെഹൂദേതരൻ, ലിഖിതനിയമസംഹിതയും പരിച്ഛേദനവും ഉണ്ടായിരുന്നിട്ടും നിയമം ലംഘിക്കുന്ന നിന്നെ കുറ്റംവിധിക്കും.
28 കാരണം, പുറമേ യെഹൂദനായിരിക്കുന്നവനല്ല യഥാർഥ യെഹൂദൻ; അതുപോലെ, യഥാർഥ പരിച്ഛേദനം, ശരീരത്തിൽ ചെയ്യുന്ന ബാഹ്യമായ ഒന്നല്ല. 29 പിന്നെയോ, അകമേ യെഹൂദനായിരിക്കുന്നവനാണ് യഥാർഥ യെഹൂദൻ; ന്യായപ്രമാണത്തിലെ അക്ഷരപ്രകാരമുള്ളതല്ല, ആത്മാവിനാൽ ഹൃദയത്തിൽ ഉള്ളതാണ് ശരിയായ പരിച്ഛേദനം. ഇങ്ങനെയുള്ളവർക്ക് മനുഷ്യരിൽനിന്നല്ല, ദൈവത്തിൽനിന്നുതന്നെ പ്രശംസ ലഭിക്കും.
-
8 തത്ത്വജ്ഞാനവും അർഥശൂന്യവും വഞ്ചന നിറഞ്ഞതുമായ മാനുഷികപാരമ്പര്യങ്ങളുംകൊണ്ട് ആരും നിങ്ങളെ അടിമപ്പെടുത്താതിരിക്കാൻ സൂക്ഷിക്കുക. അവ ക്രിസ്തുവിനല്ല അനുരൂപമായിരിക്കുന്നത്, മറിച്ച് ലോകത്തിന്റെ ആദ്യപാഠങ്ങൾക്കാണ്.
9 ക്രിസ്തുവിലല്ലയോ സർവദൈവികസത്തയും ഒരു മനുഷ്യശരീരമായി വസിക്കുന്നത്; 10 എല്ലാ ഭരണത്തിനും അധികാരത്തിനും ശിരസ്സായ ക്രിസ്തുവിൽ നിങ്ങൾ പൂർണത പ്രാപിക്കുകയുംചെയ്തിരിക്കുന്നു. 11 നിങ്ങൾ ക്രിസ്തുവിനെ സ്വീകരിച്ചപ്പോൾ നിങ്ങളുടെ ജന്മനാലുള്ള പാപസ്വഭാവത്തെ നീക്കംചെയ്യുന്ന ഒരു ആത്മികപരിച്ഛേദനം നിങ്ങൾക്കു ലഭിച്ചിരിക്കുന്നു. ഇത് ഒരു ശാരീരികപ്രക്രിയ അല്ല. 12 നിങ്ങൾ ക്രിസ്തുവിനോടുകൂടെ സംസ്കരിക്കപ്പെടുകയും ക്രിസ്തുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച ദൈവത്തിന്റെ ശക്തിയിലുള്ള വിശ്വാസത്താൽ, ക്രിസ്തുവിനോടൊപ്പം ഉയിർപ്പിക്കപ്പെടുകയും ചെയ്തു എന്നതാണ് സ്നാനത്താൽ പ്രകടമാക്കുന്നത്.
13 അതിക്രമങ്ങളിലും പരിച്ഛേദനം ഏൽക്കാത്ത പാപപ്രകൃതിയിലും മരിച്ചവരായിരുന്ന നിങ്ങളെ ദൈവം ക്രിസ്തുവിനോടുകൂടെ ജീവനുള്ളവരാക്കി. അതിക്രമങ്ങളെല്ലാം നമ്മോടു ക്ഷമിച്ചു; 14 അനുഷ്ഠാനങ്ങളുടെ ലംഘനത്താൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന ലിഖിതങ്ങളെ അവിടന്ന് മായിച്ചുകളയുകയും ക്രൂശിൽ തറച്ചു നമ്മുടെ മധ്യത്തിൽനിന്ന് നീക്കിക്കളയുകയും ചെയ്തു.
-
9 എന്നാൽ, ഈ അനുഗൃഹീതാവസ്ഥ പരിച്ഛേദനമേറ്റവർക്കു മാത്രമുള്ളതാണോ അതോ, പരിച്ഛേദനം ഇല്ലാത്തവർക്കും കൂടിയുള്ളതോ? അബ്രാഹാമിന്റെ വിശ്വാസത്തെ നീതിയായി ദൈവം കണക്കാക്കി എന്നാണല്ലോ നാം പറയുന്നത്. 10 എന്നാൽ, എപ്പോഴാണ് ഇപ്രകാരം നീതിമാനായി കണക്കാക്കപ്പെട്ടത്? പരിച്ഛേദനം ഏറ്റതിനുശേഷമോ പരിച്ഛേദനം ഏൽക്കുന്നതിനു മുമ്പോ? പരിച്ഛേദനം ഏറ്റ ശേഷമല്ല, പരിച്ഛേദനത്തിനു മുമ്പുതന്നെയാണ്. 11 മാത്രമല്ല, പരിച്ഛേദനം ഏൽക്കുന്നതിനുമുമ്പേ വിശ്വാസത്താൽ നീതിനിഷ്ഠനായി അംഗീകരിക്കപ്പെട്ടതിന്റെ മുദ്രയായിട്ടാണ് പരിച്ഛേദനം എന്ന ചിഹ്നം അബ്രാഹാമിന് ലഭിച്ചത്. പരിച്ഛേദനംകൂടാതെതന്നെ വിശ്വാസത്താൽ നീതീകരിക്കപ്പെടുന്ന എല്ലാവർക്കും അബ്രാഹാം ആത്മികപിതാവായിത്തീരേണ്ടതിനും തദ്വാര, അവരുംകൂടി നീതിയുള്ളവരായി കണക്കാക്കപ്പെടേണ്ടതിനും ആയിരുന്നു അത്. 12 പരിച്ഛേദനം ഏറ്റവർക്കും അബ്രാഹാം പിതാവാണ്. എന്നാൽ അത് അവർ പരിച്ഛേദനം ഏറ്റു എന്നതുകൊണ്ടല്ല, പിന്നെയോ, നമ്മുടെ പിതാവായ അബ്രാഹാമിനു പരിച്ഛേദനം ഏൽക്കുന്നതിനുമുമ്പ് ഉണ്ടായിരുന്നതുപോലെ അവർ വിശ്വാസം പിൻതുടർന്നതുകൊണ്ടാണ്.
13 ലോകത്തിന്റെ അവകാശിയാകും എന്നുള്ള വാഗ്ദാനം അബ്രാഹാമിനോ അദ്ദേഹത്തിന്റെ സന്തതിപരമ്പരകൾക്കോ സിദ്ധിച്ചത് ന്യായപ്രമാണത്തിലൂടെയല്ല, വിശ്വാസത്താൽ ലഭിച്ച നീതിയിലൂടെയാണല്ലോ.
-
1 ഈ സ്വാതന്ത്ര്യത്തിനായിട്ടാണ് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയത്. ന്യായപ്രമാണത്തിന്റെ അടിമനുകത്തിൻകീഴിൽ നാം വീണ്ടും അകപ്പെട്ടുപോകാതെ സ്വതന്ത്രരായി ഉറച്ചുനിൽക്കുക.
2 എന്റെ വാക്കുകൾ ശ്രദ്ധിക്കൂ! പൗലോസെന്ന ഞാനാണ് നിങ്ങളോടു പറയുന്നത്, “നിങ്ങൾ പരിച്ഛേദനമേൽക്കുന്നു എങ്കിൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു യാതൊരു പ്രയോജനവും ഇല്ല.” 3 പരിച്ഛേദനത്തിനു വിധേയരാകുന്ന എല്ലാ മനുഷ്യരെയും ഞാൻ വീണ്ടും ഓർമിപ്പിക്കുന്നത്, അവർ ന്യായപ്രമാണത്തിലെ സർവനിബന്ധനകളും പാലിക്കാൻ ബാധ്യസ്ഥരാണെന്നാണ്. 4 ന്യായപ്രമാണം പാലിക്കുന്നതിലൂടെ നീതീകരിക്കപ്പെടാൻ പരിശ്രമിക്കുന്ന നിങ്ങൾ, ക്രിസ്തുവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടവരും ദൈവകൃപയിൽനിന്ന് വീണുപോയവരുമാണ്. 5 എന്നാൽ, ഞങ്ങൾ വിശ്വാസത്താൽ പ്രത്യാശ വെച്ചിരിക്കുന്ന നീതീകരണം ലഭിക്കാനായി, ദൈവാത്മസഹായത്താൽ ആകാംക്ഷയോടെ കാത്തിരിക്കുന്നു. 6 ക്രിസ്തുയേശുവിൽ വിശ്വാസം അർപ്പിച്ചവർക്ക്, പരിച്ഛേദനവും പരിച്ഛേദനമില്ലായ്മയും ഒരു വ്യത്യാസവും സൃഷ്ടിക്കുന്നില്ല; മറിച്ച് സ്നേഹത്തിലൂടെയുള്ള വിശ്വാസംമാത്രമേ പ്രവർത്തനക്ഷമമാകുകയുള്ളൂ.
7 നിങ്ങൾ നന്നായി മുന്നേറിക്കൊണ്ടിരുന്നു; എന്നാൽ സത്യം പിൻതുടരുന്നതിൽനിന്ന് നിങ്ങളെ തടഞ്ഞതാരാണ്? 8 നിങ്ങളെ വിളിച്ച ദൈവമല്ലല്ലോ അപ്രകാരം ചെയ്തത്. 9 “അൽപ്പം പുളിപ്പ്, കുഴച്ച മാവിനെ മുഴുവനും പുളിപ്പിക്കുന്നു.” 10 നാം കർത്താവിൽ ഒന്നായതിനാൽ നിങ്ങൾ എന്നെ തെറ്റിദ്ധരിക്കുകയില്ല എന്ന ആത്മവിശ്വാസം എനിക്കുണ്ട്. നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നയാൾ ആരായിരുന്നാലും അയാൾ ദൈവശിക്ഷ അനുഭവിക്കുകതന്നെ ചെയ്യും. 11 സഹോദരങ്ങളേ, എന്റെ പ്രസംഗം ഇപ്പോഴും പരിച്ഛേദനം ഏൽക്കണം എന്നതായിരുന്നെങ്കിൽ ഞാൻ ഇപ്പോഴും ഉപദ്രവിക്കപ്പെടുമായിരുന്നോ? അങ്ങനെയായിരുന്നെങ്കിൽ ക്രൂശിന്റെ സുവിശേഷം പ്രസംഗിക്കുമ്പോൾ യാതൊരുവിധ വിദ്വേഷവും ഉണ്ടാകുമായിരുന്നില്ലല്ലോ. 12 പരിച്ഛേദനം പ്രസംഗിച്ച് നിങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നവരുടെ ലിംഗം ഛേദിക്കപ്പെട്ടുപോയെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുന്നു.
-
12 മനുഷ്യരുടെ മതിപ്പു പിടിച്ചുപറ്റാൻ ശ്രമിക്കുന്നവരാണ് പരിച്ഛേദനമേൽക്കാൻ നിങ്ങളെ നിർബന്ധിക്കുന്നത്. അവർ അങ്ങനെചെയ്യുന്നതിന് ഒരേയൊരു കാരണം ക്രിസ്തുവിന്റെ ക്രൂശിന്റെസന്ദേശം പ്രസംഗിക്കുമ്പോഴുണ്ടാകുന്ന പീഡനം ഒഴിവാക്കുക എന്നതാണ്. 13 പരിച്ഛേദനവാദികൾതന്നെയും ന്യായപ്രമാണം പൂർണമായും പ്രാവർത്തികമാക്കുന്നില്ല, എന്നിട്ടും പരിച്ഛേദനം എന്ന ശാരീരിക അനുഷ്ഠാനത്തിന് നിങ്ങളെ വിധേയപ്പെടുത്തി എന്നതിൽ അഭിമാനിക്കാനാണ് അവർ നിങ്ങളെ പരിച്ഛേദനം ഏൽപ്പിക്കാൻ പരിശ്രമിക്കുന്നത്. 14 ഞാനോ, കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ മറ്റൊന്നിലും പ്രശംസിക്കുകയില്ല; കാരണം, യേശുവിന്റെ ക്രൂശുമരണത്താൽ ലോകം എനിക്കു ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഞാൻ ലോകത്തിനും. 15 പരിച്ഛേദനവും പരിച്ഛേദനമില്ലായ്മയും അല്ല, പുതിയ സൃഷ്ടിയാകുക എന്നതാണ് പരമപ്രധാനം. 16 ഈ നിയമം പിൻതുടരുന്ന എല്ലാവർക്കും—ദൈവത്തിന്റെ ഇസ്രായേലിനും—കരുണയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
-
1 എന്റെ സഹോദരങ്ങളേ! എന്തായാലും, കർത്താവിൽ ആനന്ദിക്കുക. ഞാൻ എഴുതിയതുതന്നെ വീണ്ടും നിങ്ങൾക്ക് എഴുതുന്നതിൽ എനിക്കൊരു മുഷിവുമില്ല; അത് നിങ്ങളുടെ സുരക്ഷിതത്വത്തിന് നല്ലതുമാണ്. 2 നായ്ക്കളെപ്പോലെ പെരുമാറുന്നവരെയും തിന്മ പ്രവർത്തിക്കുന്നവരെയും പരിച്ഛേദനവാദികളെയും സൂക്ഷിക്കുക. 3 മാനുഷികപ്രയത്നത്തിൽ ആശ്രയിക്കാതെ, ക്രിസ്തുയേശുവിൽ അഭിമാനിക്കുകയും ദൈവത്തെ അവിടത്തെ ആത്മാവിന്റെ സഹായത്താൽ സേവിക്കുകയുംചെയ്യുന്ന നാം അല്ലയോ യഥാർഥത്തിൽ പരിച്ഛേദനമേറ്റവർ. 4 മാനുഷികനേട്ടങ്ങളിൽ ആശ്രയിക്കാൻ നിരവധി കാരണങ്ങൾ എനിക്കുണ്ട്.
ഇങ്ങനെയുള്ളവയിൽ ആശ്രയിക്കാമെന്ന് ആരെങ്കിലും കരുതുന്നെങ്കിൽ എനിക്ക് അവരെക്കാൾ അഭിമാനിക്കാൻ കഴിയും: 5 ഞാൻ എട്ടാംദിവസം പരിച്ഛേദനമേറ്റു, ഇസ്രായേൽ വംശജൻ, ബെന്യാമീൻഗോത്രക്കാരൻ, എബ്രായരിൽനിന്നു ജനിച്ച എബ്രായൻ, യെഹൂദ ന്യായപ്രമാണം അനുവർത്തിക്കുന്നതിൽ പരീശൻ, 6 ക്രിസ്തുവിൽ വിശ്വസിച്ചവരെ ഉപദ്രവിക്കുന്നതിൽ അത്യുത്സാഹി, ന്യായപ്രമാണം അനുവർത്തിക്കുന്നതിലെ ധാർമികതയിൽ അനിന്ദ്യൻ.
7 ഇങ്ങനെ അമൂല്യമെന്നു കരുതിയിരുന്നവയെല്ലാം ക്രിസ്തു നിമിത്തം വിലയില്ലാത്തതെന്നു ഞാൻ കരുതി.
-
12 അതുകൊണ്ട് ഇസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവിടത്തോടുള്ള അനുസരണത്തിൽ ജീവിക്കുകയും അവിടത്തെ സ്നേഹിക്കുകയും നിന്റെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണാത്മാവോടും സേവിക്കുകയും 13 ഞാൻ ഇന്നു നിങ്ങളോടു കൽപ്പിക്കുന്ന യഹോവയുടെ കൽപ്പനകളും ഉത്തരവുകളും, നിനക്കു നന്മയുണ്ടാകാൻ അനുസരിക്കുകയും അല്ലാതെ മറ്റെന്താണ് യഹോവ നിന്നോട് ആവശ്യപ്പെടുന്നത്?
14 ഇതാ, സ്വർഗവും സ്വർഗാധിസ്വർഗങ്ങളും ഭൂമിയും അതിലുള്ള സകലതും നിന്റെ ദൈവമായ യഹോവയ്ക്കുള്ളതാകുന്നു. 15 നിന്റെ പിതാക്കന്മാരോടുമാത്രം യഹോവയ്ക്കു പ്രസാദം തോന്നുകയും അവരെ സ്നേഹിക്കുകയും ചെയ്തു. അവർക്കുശേഷം അവരുടെ പിൻഗാമികളായ നിങ്ങളെ ഇന്നുള്ളതുപോലെതന്നെ എല്ലാ ജനതകളിൽനിന്നും തെരഞ്ഞെടുത്തു. 16 അതുകൊണ്ട് നിങ്ങൾ ഹൃദയത്തിന്റെ അഗ്രചർമം പരിച്ഛേദനം ചെയ്യുക. ഇനി ഒരിക്കലും ദുശ്ശാഠ്യമുള്ളവരായിരിക്കരുത്. 17 നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവും സർവശക്തനും മഹാനും ഉന്നതനുമായ ദൈവം ആകുന്നു. അവിടന്ന് മുഖപക്ഷം കാണിക്കുകയോ കൈക്കൂലി വാങ്ങുകയോ ചെയ്യുന്നില്ല.
-
1 ഞാൻ നിനക്കു നൽകിയിരിക്കുന്ന അനുഗ്രഹങ്ങളും ശാപങ്ങളും നിന്റെമേൽ വന്ന് നിന്റെ ദൈവമായ യഹോവ നിന്നെ തള്ളിക്കളയുന്ന ഏതു ജനതകളുടെയും മധ്യത്തിൽ നീ അവയെ നിന്റെ ഹൃദയത്തിൽ ഓർക്കുകയും 2 നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിലേക്കു നീയും നിന്റെ മക്കളും മടങ്ങിവന്ന് ഇന്നു ഞാൻ നിന്നോടു കൽപ്പിക്കുന്നതുപോലെ അവിടത്തെ വചനങ്ങൾ പൂർണഹൃദയത്തോടും പൂർണാത്മാവോടുംകൂടെ അനുസരിക്കുകയും ചെയ്യുമെങ്കിൽ 3 നിന്റെ ദൈവമായ യഹോവ നിന്റെ ഭാവിനിർണയങ്ങൾ പുനഃസ്ഥാപിക്കുകയും നിന്നോടു കരുണകാണിച്ച്, നീ ചിതറിപ്പോയിരുന്ന സകലജനതകളുടെയും ഇടയിൽനിന്ന് നിന്നെ കൂട്ടിവരുത്തുകയും ചെയ്യും. 4 ആകാശത്തിൻകീഴിൽ വിദൂരരാജ്യങ്ങളിലേക്കു നീ നാടുകടത്തപ്പെട്ടിരുന്നാലും അവിടെനിന്നും നിന്റെ ദൈവമായ യഹോവ നിന്നെ കൂട്ടിച്ചേർക്കുകയും മടക്കിവരുത്തുകയും ചെയ്യും. 5 നിന്റെ പിതാക്കന്മാരുടെ ദേശത്തേക്ക് യഹോവയായ ദൈവം നിന്നെ കൊണ്ടുവരും, അതു നിന്റെ അവകാശമായിത്തീരും. അവിടന്ന് നിന്റെ പിതാക്കന്മാരെക്കാൾ ഐശ്വര്യവും അംഗസംഖ്യയും നിനക്കു പ്രദാനംചെയ്യും. 6 നീ ജീവിച്ചിരിക്കേണ്ടതിനു നിന്റെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണാത്മാവോടും സ്നേഹിക്കാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവ നിന്റെ ഹൃദയവും നിന്റെ സന്തതിയുടെ ഹൃദയവും പരിച്ഛേദനം ചെയ്യും. 7 നിന്നെ വെറുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന നിന്റെ ശത്രുക്കളുടെമേൽ ഈ ശാപങ്ങളെല്ലാം നിന്റെ ദൈവമായ യഹോവ അയയ്ക്കും. 8 നീ വീണ്ടും യഹോവയെ അനുസരിക്കുകയും ഇന്നു ഞാൻ നിനക്കു നൽകുന്ന അവിടത്തെ കൽപ്പനകൾ പ്രമാണിക്കുകയും ചെയ്യണം.
-
17 കർത്താവ് ഓരോരുത്തർക്കും നൽകിയ നിയോഗംപോലെയും ദൈവം ഓരോരുത്തരെ വിളിച്ചതുപോലെയും അവരവർ ജീവിക്കട്ടെ. ഞാൻ എല്ലാ സഭകൾക്കും നൽകുന്ന നിർദേശം ഇതാകുന്നു. 18 ഒരാൾ പരിച്ഛേദനമേറ്റതിനുശേഷമാണ് കർത്താവ് അയാളെ വിളിച്ചതെങ്കിൽ അതിന് മാറ്റം വരുത്താൻ ശ്രമിക്കേണ്ട. മറ്റൊരാൾ പരിച്ഛേദനമേൽക്കുന്നതിനുമുമ്പാണ് കർത്താവ് അയാളെ വിളിച്ചതെങ്കിൽ പരിച്ഛേദനമേൽപ്പിക്കാൻ ശ്രമിക്കരുത്. 19 പരിച്ഛേദനം സ്വീകരിച്ചോ ഇല്ലയോ എന്നതല്ല കാര്യം, ദൈവകൽപ്പനകൾ പാലിക്കുന്നോ എന്നതാണു പ്രധാനം. 20 ഒരാളെ ദൈവം വിളിച്ചപ്പോൾ അയാൾ ഏതവസ്ഥയിലായിരുന്നോ അതേ അവസ്ഥയിൽത്തന്നെ തുടരട്ടെ.
-
25-26 “ശരീരത്തിൽമാത്രം പരിച്ഛേദനമേറ്റവരായ—ഈജിപ്റ്റ്, യെഹൂദാ, ഏദോം, അമ്മോൻ, മോവാബ്, വിദൂരമരുഭൂമികളിൽ വസിക്കുന്നവർ ഇവരെയെല്ലാം ഞാൻ ശിക്ഷിക്കാനിരിക്കുന്ന ദിവസങ്ങൾ ഇതാ വന്നെത്തിയിരിക്കുന്നു. കാരണം ഇവരെല്ലാം യഥാർഥത്തിൽ പരിച്ഛേദനമേൽക്കാത്തവരാണല്ലോ, ഇസ്രായേൽഗൃഹം മുഴുവനുംതന്നെയും ഹൃദയത്തിൽ പരിച്ഛേദനമില്ലാത്തവരാണ്,” എന്ന് യഹോവയുടെ അരുളപ്പാട്.
-
2 “ഇസ്രായേൽമക്കളോടു പറയുക: ‘ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കുന്ന സ്ത്രീ ആർത്തവകാലത്തെന്നപോലെ ഏഴുദിവസം ആചാരപരമായി അശുദ്ധയായിരിക്കും. 3 എട്ടാംദിവസം കുട്ടിയെ പരിച്ഛേദനം ചെയ്യിക്കണം.
-
21 എട്ടുദിവസം പൂർത്തിയായപ്പോൾ, യേശുവിന്റെ പരിച്ഛേദനാസമയത്ത്, ശിശു ഗർഭത്തിലുരുവാകുംമുമ്പ് ദൈവദൂതൻ നിർദേശിച്ചിരുന്നതുപോലെ “യേശു” എന്ന് അവനു പേരിട്ടു.
22 മോശയുടെ ന്യായപ്രമാണം അനുസരിച്ച് മറിയയ്ക്ക് ശുദ്ധീകരണയാഗത്തിനുള്ള ദിവസമടുത്തപ്പോൾ, യോസേഫും മറിയയും യേശുവിനെ കർത്താവിനു സമർപ്പിക്കേണ്ടതിനായി ജെറുശലേമിലേക്കു കൊണ്ടുപോയി. 23 “ആദ്യം ജനിക്കുന്ന ആൺകുട്ടി കർത്താവിന് വിശുദ്ധീകരിക്കപ്പെടണം,” എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതനുസരിച്ചും 24 “ഒരു ജോടി കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ യാഗം കഴിക്കേണ്ടതാകുന്നു,” എന്ന് കർത്താവിന്റെ ന്യായപ്രമാണത്തിൽ കൽപ്പിച്ചിരിക്കുന്നത് അനുഷ്ഠിക്കുന്നതിനുമാണ് അവർ പോയത്.
-
1 യെഹൂദ്യയിൽനിന്ന് ചിലർ അന്ത്യോക്യയിൽ വന്ന്, “നിങ്ങൾ മോശ പഠിപ്പിച്ച ആചാരമനുസരിച്ചു പരിച്ഛേദനം ഏൽക്കാത്തപക്ഷം രക്ഷപ്രാപിക്കുകയില്ല” എന്ന് സഹോദരങ്ങളെ ഉപദേശിച്ചു. 2 ഇതുനിമിത്തം പൗലോസിനും ബർന്നബാസിനും അവരോട് അൽപ്പമല്ലാത്ത അഭിപ്രായഭിന്നതയും തർക്കവും ഉണ്ടായി. ഈ തർക്കവിഷയം സംബന്ധിച്ച് ജെറുശലേമിൽ ചെന്ന് അപ്പൊസ്തലന്മാരെയും സഭാമുഖ്യന്മാരെയും കാണുന്നതിന് പൗലോസും ബർന്നബാസും മറ്റുചില വിശ്വാസികളും നിയോഗിക്കപ്പെട്ടു. 3 സഭ അവരെ യാത്രയാക്കി; അവർ ഫൊയ്നീക്യയിലും ശമര്യയിലുംകൂടി യാത്രചെയ്ത് അവിടെയുള്ള വിശ്വാസികളോട്, യെഹൂദേതരർ കർത്താവിലേക്കു തിരിഞ്ഞതിനെക്കുറിച്ചു വിവരിച്ചു; സഹോദരങ്ങൾ ഇതു കേട്ട് വളരെ ആനന്ദിച്ചു. 4 അവർ ജെറുശലേമിൽ എത്തിയപ്പോൾ സഭയും അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരും അവരെ സ്വാഗതംചെയ്തു; ദൈവം തങ്ങളിലൂടെ നിർവഹിച്ച എല്ലാ കാര്യങ്ങളും പൗലോസും ബർന്നബാസും കൂടെയുള്ളവരും അവരെ അറിയിച്ചു.
5 അപ്പോൾ പരീശന്മാരുടെ വിഭാഗത്തിൽപ്പെട്ട ഏതാനും വിശ്വാസികൾ എഴുന്നേറ്റുനിന്ന്, “യെഹൂദേതരവിശ്വാസികളോട് പരിച്ഛേദനം ഏൽക്കാനും മോശയുടെ ന്യായപ്രമാണം അനുസരിക്കാനും കൽപ്പിക്കണം” എന്ന് അഭിപ്രായപ്പെട്ടു.
6 ഈ പ്രശ്നം പരിഗണിക്കാൻ അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരും ഒരുമിച്ചുകൂടി. 7 സുദീർഘമായ ചർച്ചയ്ക്കുശേഷം പത്രോസ് എഴുന്നേറ്റുനിന്ന് അവരോടിങ്ങനെ പറഞ്ഞു: “സഹോദരന്മാരായ പുരുഷന്മാരേ, യെഹൂദേതരർ എന്റെ അധരങ്ങളിൽനിന്ന് സുവിശേഷം കേൾക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ടതിനു കുറച്ചുനാൾമുമ്പ് ദൈവം നിങ്ങളുടെ ഇടയിൽനിന്ന് എന്നെ തെരഞ്ഞെടുത്ത വസ്തുത നിങ്ങൾക്കറിയാമല്ലോ! 8 ഹൃദയങ്ങളെ അറിയുന്നവനായ ദൈവം നമുക്കു നൽകിയതുപോലെ അവർക്കും പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് അവരെ അംഗീകരിച്ചെന്നു സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. 9 ദൈവം നമുക്കും അവർക്കുംതമ്മിൽ വിവേചനമൊന്നും കാണിച്ചിട്ടില്ല: അവിടന്ന് അവരുടെ ഹൃദയങ്ങളെയും വിശ്വാസത്താൽ ശുദ്ധീകരിച്ചല്ലോ. 10 അതുകൊണ്ട്, നമുക്കോ നമ്മുടെ പൂർവികർക്കോ വഹിക്കാൻ കഴിയാതിരുന്ന നുകം ക്രിസ്തുവിൽ വിശ്വസിച്ച യെഹൂദേതരരായവരുടെ കഴുത്തിൽവെച്ച് ദൈവത്തെ നാം ഇപ്പോൾ എന്തിനു പരീക്ഷിക്കുന്നു? 11 കർത്താവായ യേശുവിന്റെ കൃപയാണ് നമുക്കും അവർക്കും രക്ഷ ലഭിക്കുന്നതിനുള്ള മാർഗം എന്നു നാം വിശ്വസിക്കുന്നു.”
12 ബർന്നബാസും പൗലോസും തങ്ങളിലൂടെ ദൈവം യെഹൂദേതരരുടെ ഇടയിൽ പ്രവർത്തിച്ച ചിഹ്നങ്ങളും അത്ഭുതങ്ങളും വിവരിച്ചതു കൂടിയിരുന്ന ജനമെല്ലാം ഒന്നടങ്കം നിശ്ശബ്ദരായി കേട്ടുകൊണ്ടിരുന്നു. 13 അവർ സംസാരിച്ചുകഴിഞ്ഞപ്പോൾ യാക്കോബ് ഇങ്ങനെ പ്രസ്താവിച്ചു: “സഹോദരന്മാരേ, എന്റെ വാക്കു ശ്രദ്ധിക്കുക. 14 ദൈവം ആദ്യമായി യെഹൂദേതരരിൽനിന്ന് ഒരു ജനതയെ തന്റെ നാമത്തിനായി തെരഞ്ഞെടുത്തുകൊണ്ട്, അവരെ കടാക്ഷിച്ചതിനെപ്പറ്റി ശിമോൻ പത്രോസ് നമ്മോട് വിശദമാക്കിയല്ലോ. 15 പ്രവാചക ലിഖിതങ്ങളിലെ ഈ വാക്കുകളും ഇതിനോടു വളരെ യോജിക്കുന്നു:
16 “ ‘ഇതിനുശേഷം ഞാൻ മടങ്ങിവരികയും
ദാവീദിന്റെ വീണുപോയ കൂടാരം വീണ്ടും പണിയുകയും ചെയ്യും;
ഞാൻ അതിന്റെ നഷ്ടാവശിഷ്ടങ്ങൾ വീണ്ടും പണിയും
ഞാൻ അതിനെ പുനഃസ്ഥാപിക്കും;
17 മനുഷ്യരിൽ ശേഷിക്കുന്നവരും
എന്റെ നാമം വഹിക്കുന്ന യെഹൂദേതരരും കർത്താവിനെ അന്വേഷിക്കും,
എന്ന് പൂർവകാലംമുതൽതന്നെ ഈ കാര്യങ്ങളെ വെളിപ്പെടുത്തിക്കൊണ്ടിരുന്ന
18 കർത്താവ് അരുളിച്ചെയ്യുന്നു.’
19 “ആകയാൽ, ദൈവത്തിലേക്കു തിരിയുന്ന യെഹൂദേതരരെ നാം ബുദ്ധിമുട്ടിക്കരുത് എന്നതാണ് എന്റെ തീരുമാനം. 20 വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ, ശ്വാസംമുട്ടിച്ചു കൊന്നവ, രക്തം എന്നിവ ഭക്ഷിക്കുന്നതിൽനിന്നും ലൈംഗികാധർമത്തിൽനിന്നും അകന്നിരിക്കണമെന്നു നാം അവർക്ക് എഴുതി അയയ്ക്കണം. 21 മോശയുടെ ന്യായപ്രമാണം പൂർവകാലംമുതൽ എല്ലാ പട്ടണങ്ങളിലും പ്രസംഗിച്ചും ശബ്ബത്തുതോറും യെഹൂദപ്പള്ളികളിൽ വായിച്ചും പോരുന്നുണ്ടല്ലോ!”
-
24 വഴിമധ്യേയുള്ള ഒരു സത്രത്തിൽവെച്ച് യഹോവ മോശയെ നേരിട്ടു; അദ്ദേഹത്തെ കൊല്ലുന്നതിനു ഭാവിച്ചു. 25 എന്നാൽ സിപ്പോറാ ഒരു കൽക്കത്തിയെടുത്തു തന്റെ പുത്രന്റെ അഗ്രചർമം ഛേദിച്ച് മോശയുടെ കാൽക്കൽ ഇട്ടു. “നിശ്ചയമായും താങ്കൾ എനിക്കൊരു രക്തമണവാളൻ” എന്ന് അവൾ പറഞ്ഞു. 26 ഇങ്ങനെ യഹോവ അവനെ വിട്ടയച്ചു. പരിച്ഛേദനത്തെ പരാമർശിച്ചുകൊണ്ടാണ് അപ്പോൾ അവൾ “രക്തമണവാളൻ” എന്നു പറഞ്ഞത്.
-
1 “ഇസ്രായേലേ, നിനക്കു മടങ്ങിവരാൻ മനസ്സുണ്ടെങ്കിൽ, എങ്കലേക്കു മടങ്ങിവരിക,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“നീ നിന്റെ മ്ലേച്ഛവിഗ്രഹങ്ങളെ എന്റെ ദൃഷ്ടിയിൽനിന്ന് നീക്കിക്കളയുകയും
ഇനിയൊരിക്കലും വഴിതെറ്റിപ്പോകാതിരിക്കുകയും ചെയ്യുമെങ്കിൽ,
2 ‘ജീവിക്കുന്ന യഹോവയാണെ,’ എന്നു
സത്യസന്ധതയോടും നീതിയോടും ന്യായത്തോടും നീ ശപഥംചെയ്യുമെങ്കിൽ,
രാഷ്ട്രങ്ങൾ അവിടത്തെ നാമത്തിൽ അനുഗ്രഹിക്കുകയും
അവരുടെ അഭിമാനം യഹോവയിലായിരിക്കുകയും ചെയ്യും.”
3 യഹോവ യെഹൂദ്യയിലെയും ജെറുശലേമിലെയും ജനത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നിങ്ങളുടെ തരിശുനിലം ഉഴുവിൻ;
മുള്ളിനിടയിൽ വിതയ്ക്കാതെയിരിക്കുക.
4 നിങ്ങളുടെ പ്രവൃത്തികളുടെ ദോഷംനിമിത്തം
എന്റെ കോപം തീപോലെ വരികയും
ആർക്കും കെടുത്തിക്കൂടാത്തവണ്ണം ജ്വലിക്കുകയും ചെയ്യാതിരിക്കേണ്ടതിന്,
യെഹൂദാജനങ്ങളേ, ജെറുശലേംനിവാസികളേ,
നിങ്ങളെത്തന്നെ യഹോവയ്ക്കായി പരിച്ഛേദനം ചെയ്യുക;
നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമം നീക്കിക്കളയുക.”
-
11 ആകയാൽ, ജന്മനാ നിങ്ങൾ “യെഹൂദേതരർ” ആയിരുന്നെന്ന് ഓർക്കുക. അന്ന്, കൈകൊണ്ടുള്ള പരിച്ഛേദനം ശരീരത്തിൽ സ്വീകരിച്ചിരുന്ന യെഹൂദന്മാർ നിങ്ങളെ “പരിച്ഛേദനം ഇല്ലാത്ത അശുദ്ധർ” എന്നു വിളിച്ചിരുന്നു. 12 ആ കാലത്തു നിങ്ങൾ ക്രിസ്തുവിനെ അറിയാത്തവരും ഇസ്രായേൽ പൗരത്വത്തിന് അന്യരും വാഗ്ദാനസമേതമുള്ള ദൈവികഉടമ്പടികളിൽ ഓഹരിയില്ലാത്തവരും ഈ ലോകത്തിൽ ദൈവവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രത്യാശാരഹിതരും ആയിരുന്നു. 13 നിങ്ങൾ ഒരിക്കൽ ദൂരത്തായിരുന്നു; എന്നാൽ ഇപ്പോഴാകട്ടെ, ക്രിസ്തുയേശുവിനോട് ഏകീഭവിച്ചിരിക്കുകയാൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപത്തു കൊണ്ടുവരപ്പെട്ടിരിക്കുന്നു.
14-15 ക്രിസ്തുതന്നെ നമ്മുടെ സമാധാനം; അവിടന്ന് ക്രൂശിൽ സ്വന്തം ശരീരം അർപ്പിച്ചുകൊണ്ട് ആജ്ഞകളും അനുഷ്ഠാനങ്ങളും ആകുന്ന ന്യായപ്രമാണം റദ്ദാക്കി യെഹൂദരെയും യെഹൂദേതരരെയും അകറ്റിനിർത്തിയിരുന്ന ശത്രുതയുടെ വന്മതിലിനെ തകർത്ത് അവരെ ഒന്നാക്കിമാറ്റി; ഇങ്ങനെ ക്രിസ്തുവിൽ ഒരു പുതിയ ജനതയാക്കി അവരെ സൃഷ്ടിച്ച് സമാധാനം വരുത്തി. 16 ക്രൂശിലെ മരണത്താൽ ഇരുകൂട്ടരെയും ഒരു ശരീരമാക്കി ദൈവത്തോട് അനുരഞ്ജിപ്പിച്ച് അവരുടെ ശത്രുത ഇല്ലായ്മചെയ്തു. 17 അവിടന്ന് വന്നു ദൂരസ്ഥരായ നിങ്ങളോടും സമീപസ്ഥരായ ഞങ്ങളോടും സമാധാനം പ്രഘോഷിച്ചു. 18 ക്രിസ്തു മുഖാന്തരം നമുക്ക് ഇരുകൂട്ടർക്കും ഒരേ ആത്മാവിൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ട്.
19 അതിനാൽ, നിങ്ങൾ ഇനിമേൽ അപരിചിതരും വിദേശികളുമല്ല; വിശുദ്ധരോടൊത്ത് സഹപൗരത്വം പങ്കിടുന്നവരും ദൈവത്തിന്റെ കുടുംബവുമാണ്. 20 ക്രിസ്തുയേശു എന്ന ആധാരശിലയോടു ചേർത്ത് അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിയപ്പെട്ടിരിക്കുന്ന ഭവനം. 21 ക്രിസ്തുവിൽ കെട്ടിടം ഒന്നാകെ നന്നായി ഇണങ്ങിച്ചേർന്ന് കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു. 22 നിങ്ങളും ക്രിസ്തുവിൽ, ദൈവത്തിന്റെ ആത്മികനിവാസസ്ഥാനമാകേണ്ടതിന് ഒരുമിച്ചു ചേർത്ത് പണിയപ്പെടുന്നു.
-
1 പിന്നീട്, പതിന്നാലു വർഷത്തിനുശേഷം ഞാനും ബർന്നബാസും, തീത്തോസിനെയുംകൂട്ടി വീണ്ടും ജെറുശലേമിലേക്കു യാത്രയായി. 2 എനിക്കു ലഭിച്ച ഒരു ദർശനം അനുസരിച്ചായിരുന്നു അത്. ഞാൻ ഇപ്പോൾ തുടരുന്നതും മുമ്പ് തുടർന്നുവന്നിരുന്നതുമായ പ്രയത്നങ്ങൾ പ്രയോജനരഹിതമായവ ആണോ എന്നുറപ്പിക്കുന്നതിനുവേണ്ടി സഭയുടെ നേതൃനിരയിലുള്ളവരുമായി ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്തി; ഞാൻ യെഹൂദേതരരോടു ഘോഷിക്കുന്ന സുവിശേഷം അവരുടെമുമ്പാകെ അവതരിപ്പിച്ചു. 3 എന്നോടൊപ്പമുണ്ടായിരുന്ന തീത്തോസ്, ഒരു ഗ്രീക്കുകാരൻ ആയിരുന്നിട്ടുപോലും അയാൾ പരിച്ഛേദനമേൽക്കാൻ ആരും അപ്പോൾ നിർബന്ധിച്ചില്ല. 4 നമ്മുടെ ഇടയിൽ നുഴഞ്ഞുകയറിയ ചില വ്യാജസഹോദരന്മാർ ക്രിസ്തുയേശുവിലുള്ള നമ്മുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് രഹസ്യാന്വേഷണം നടത്തി നമ്മെ യെഹൂദ ആചാരമര്യാദകൾക്ക് അധീനരാക്കാൻ ശ്രമിച്ചു. 5 എങ്കിലും ഒരു നിമിഷംപോലും ഞങ്ങൾ അവർക്ക് അധീനരായില്ല. സുവിശേഷസത്യം നിങ്ങളിൽ സുസ്ഥിരമാകുന്നതിനാണ് ഞങ്ങൾ ആഗ്രഹിച്ചത്.
-
9 പരസ്പരം വ്യാജം പറയരുത്; നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞിട്ട്, 10 തന്റെ സ്രഷ്ടാവിന്റെ പ്രതിരൂപത്തിൽ, പരിജ്ഞാനത്തിൽ നവീകരണം പ്രാപിച്ചുകൊണ്ടിരിക്കുന്ന നവമാനവനെയല്ലോ ധരിച്ചിരിക്കുന്നത്. 11 ഇതിൽ ഗ്രീക്കുകാരനെന്നോ യെഹൂദനെന്നോ പരിച്ഛേദനം ഏറ്റവനെന്നോ ഏൽക്കാത്തവനെന്നോ അപരിഷ്കൃതനെന്നോ സിഥിയനെന്നോ ദാസൻ എന്നോ സ്വതന്ത്രൻ എന്നോ വ്യത്യാസം ഇല്ല. എല്ലാം ക്രിസ്തുവത്രേ നാം എല്ലാവരിലും വസിക്കുന്നതും ക്രിസ്തുവത്രേ.
-
10 ഞാൻ ആരോടു സംസാരിക്കും? ആർക്കു മുന്നറിയിപ്പു നൽകും?
എന്റെ വാക്കുകൾ ആരു ശ്രദ്ധിക്കും?
അവരുടെ കാതുകൾ അടഞ്ഞിരിക്കുന്നതിനാൽ
അവർക്കു കേൾക്കാൻ കഴിയുകയില്ല.
യഹോവയുടെ വചനം അവർക്ക് അനിഷ്ടമായിരിക്കുന്നു.
അവർ അതിൽ ആനന്ദം കണ്ടെത്തുന്നില്ല.
11 അതിനാൽ ഞാൻ യഹോവയുടെ ക്രോധത്താൽ നിറഞ്ഞിരിക്കുന്നു,
അത് അടക്കിവെക്കാൻ ഇനിയും എനിക്കു കഴിയില്ല.
“ആ ക്രോധം തെരുവിലുള്ള കുട്ടികളുടെമേലും
ഒരുമിച്ചു കൂടിയിരിക്കുന്ന യുവാക്കളുടെമേലും ചൊരിയും;
ഭർത്താവിനോടൊപ്പം ഭാര്യയും
പ്രായാധിക്യത്താൽ വലയുന്ന വൃദ്ധരും അതിൽനിന്നു രക്ഷപ്പെടില്ല.
-
14 പെരുന്നാൾ പകുതി കഴിഞ്ഞപ്പോൾ യേശു ദൈവാലയത്തിലെത്തി; അങ്കണത്തിലിരുന്ന് ഉപദേശിച്ചുതുടങ്ങി. 15 യെഹൂദനേതാക്കന്മാർ ആശ്ചര്യപ്പെട്ട്, “വിദ്യാഭ്യാസം ചെയ്യാത്ത ഈ മനുഷ്യന് ഇത്രയും അറിവു ലഭിച്ചത് എങ്ങനെ?” എന്നു ചോദിച്ചു.
16 യേശു അതിനു മറുപടി പറഞ്ഞു: “എന്റെ ഉപദേശം എന്റെ സ്വന്തമല്ല; എന്നെ അയച്ചവന്റേതാണ്. 17 ഒരാൾ ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ ഇച്ഛിക്കുന്നെങ്കിൽ, അയാൾ എന്റെ ഉപദേശം ദൈവത്തിൽനിന്നുള്ളതോ ഞാൻ സ്വയമായി പറയുന്നതോ എന്നു മനസ്സിലാക്കും. 18 സ്വന്തം നിലയിൽ സംസാരിക്കുന്നവൻ ബഹുമതിനേടാൻ ആഗ്രഹിക്കുന്നു. എന്നാൽ, തന്നെ അയച്ചവന്റെ മഹത്ത്വത്തിനായി പ്രവർത്തിക്കുന്നവൻ സത്യസന്ധൻ; അവനിൽ കാപട്യമില്ല. 19 മോശ നിങ്ങൾക്കു ന്യായപ്രമാണം തന്നില്ലയോ? എന്നാൽ നിങ്ങളിൽ ആരും അതനുസരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലാൻ ശ്രമിക്കുന്നതെന്തിന്?”
20 “നിന്നെ ഭൂതം ബാധിച്ചിരിക്കുകയാണ്,” ജനക്കൂട്ടം മറുപടി പറഞ്ഞു, “ആരാണു നിന്നെ കൊല്ലാൻ ശ്രമിക്കുന്നത്?”
21 യേശു അവരോടു പറഞ്ഞു: “ഞാൻ ഒരു അത്ഭുതപ്രവൃത്തിചെയ്തു; നിങ്ങളെല്ലാവരും അതിൽ ആശ്ചര്യപ്പെട്ടു. 22 മോശ നിങ്ങൾക്കു പരിച്ഛേദനം ഏർപ്പെടുത്തി. എന്നാൽ, അതു മോശയിൽനിന്നല്ല, പിതാക്കന്മാരിൽനിന്നാണ് ഉണ്ടായത്. 23 നിങ്ങൾ ശബ്ബത്തുനാളിൽ പരിച്ഛേദനം നടത്തുന്നതുകൊണ്ട് മോശയുടെ ന്യായപ്രമാണം ലംഘിക്കപ്പെടുന്നില്ലെങ്കിൽ, ശബ്ബത്തുനാളിൽ ഒരു മനുഷ്യനു പരിപൂർണമായ സൗഖ്യം നൽകിയതിനു നിങ്ങൾ എന്നോടു കോപിക്കുന്നതെന്തിന്? 24 ബാഹ്യമായി കാണുന്നതനുസരിച്ച് വിധിക്കാതെ നീതിപൂർവം വിധി നിർണയിക്കുക.”
-
57 പ്രസവകാലം തികഞ്ഞപ്പോൾ എലിസബത്ത് ഒരു മകനു ജന്മംനൽകി. 58 കർത്താവ് അവളോടു മഹാകരുണ കാണിച്ചെന്നു കേട്ട് അവളുടെ അയൽക്കാരും ബന്ധുക്കളും അവളുടെ ആനന്ദത്തിൽ പങ്കുചേർന്നു.
59 എട്ടാംദിവസം ശിശുവിനെ പരിച്ഛേദനകർമം ചെയ്യിക്കുന്നതിനായി അവർ ഒത്തുചേർന്നു; അവർ ശിശുവിന് പിതാവിന്റെ പേരുപോലെതന്നെ സെഖര്യാവ് എന്നു നാമകരണംചെയ്യാൻ തുനിഞ്ഞു. 60 എന്നാൽ ശിശുവിന്റെ അമ്മ “അങ്ങനെയല്ല, അവനെ യോഹന്നാൻ എന്നാണ് വിളിക്കേണ്ടത്,” എന്നു പറഞ്ഞു.
61 വന്നുകൂടിയവർ അതിന് “ഈ പേരുള്ള ആരുംതന്നെ നിന്റെ ബന്ധുക്കളുടെ കൂട്ടത്തിൽ ഇല്ലല്ലോ,” എന്ന് എലിസബത്തിനോട് പറഞ്ഞു.
62 അവർ പിന്നെ, ശിശുവിന്റെ പിതാവിനോട് അവന് എന്തു പേരിടാനാണ് ആഗ്രഹിക്കുന്നതെന്ന് ആംഗ്യംകാട്ടി ചോദിച്ചു. 63 സെഖര്യാവ് ഒരു എഴുത്തുപലക ആവശ്യപ്പെട്ടു. “അവന്റെ പേര് യോഹന്നാൻ,” എന്ന് അദ്ദേഹം എഴുതി; എല്ലാവരും വിസ്മയിച്ചു. 64 പെട്ടെന്ന് അദ്ദേഹത്തിന്റെ വായ് തുറന്നു; നാവിന്റെ കെട്ടഴിഞ്ഞു, ദൈവത്തെ സ്തുതിച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി. 65 ഈ സംഭവം അയൽവാസികളിൽ ഭയമുളവാക്കി. യെഹൂദ്യപ്രവിശ്യയിലെ മലനാടുകളിലെല്ലാം ഇതൊരു ചർച്ചാവിഷയമായി. 66 കേട്ടവർ കേട്ടവർ അതേപ്പറ്റി അത്ഭുതപ്പെട്ടുകൊണ്ട്, “ഈ ശിശു ആരാകും?” എന്നു പരസ്പരം ചോദിക്കാൻ തുടങ്ങി. കർത്താവിന്റെ കരം യോഹന്നാനോടുകൂടെ ഉണ്ടായിരുന്നു.
-
1 അദ്ദേഹം ദെർബ, ലുസ്ത്ര എന്നീ പട്ടണങ്ങളിൽ ചെന്നു. ലുസ്ത്രയിൽ തിമോത്തിയോസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു. അയാളുടെ അമ്മ (യേശുക്രിസ്തുവിൽ വിശ്വാസം അർപ്പിച്ച) ഒരു യെഹൂദ വിശ്വാസിനിയും പിതാവ് ഗ്രീക്കുകാരനും ആയിരുന്നു. 2 ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരങ്ങളുടെ ഇടയിൽ അയാൾ നല്ല സാക്ഷ്യമുള്ളവനായിരുന്നു. 3 അയാളുംകൂടി പോരണമെന്ന് പൗലോസ് ആഗ്രഹിച്ചു. തിമോത്തിയോസിന്റെ പിതാവ് ഗ്രീക്കുകാരനെന്ന് ആ പ്രദേശത്തു താമസിച്ചിരുന്ന യെഹൂദർ എല്ലാവരും അറിഞ്ഞിരുന്നതുകൊണ്ട് പൗലോസ് അവരെ ഓർത്ത് അയാൾക്കു പരിച്ഛേദനം നടത്തി. 4 അവർ പട്ടണംതോറും സഞ്ചരിക്കുകയും വിശ്വാസികൾ അനുവർത്തിക്കേണ്ടതിന് ജെറുശലേമിലുള്ള അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരുംകൂടിയെടുത്ത തീരുമാനങ്ങൾ അവരെ ഏൽപ്പിക്കുകയും ചെയ്തു. 5 അങ്ങനെ സഭകൾ വിശ്വാസത്തിൽ ശക്തിപ്പെട്ടും എണ്ണത്തിൽ ദിനംപ്രതി വർധിച്ചുമിരുന്നു.
-
10 കാരണം, വായാടികളും വഞ്ചകരുമായ അനേകംപേർ ഉണ്ട്. അവർ നിയന്ത്രണവിധേയരല്ല. പ്രത്യേകിച്ച് പരിച്ഛേദനം ആവശ്യമെന്നു വാദിക്കുന്നവരാണിവർ. 11 ഇവരെ നിശ്ശബ്ദരാക്കണം. കാരണം, അവർ അരുതാത്തത് ഉപദേശിച്ച് കുടുംബങ്ങളെ മുഴുവൻ തകിടംമറിച്ച് ലാഭേച്ഛയ്ക്കായി നടക്കുന്നവരാണ്. 12 “ക്രേത്തർ നുണയരും മൃഗീയരും അലസരും അമിതഭക്ഷണപ്രിയരുമാണെന്ന്,” അവരിൽ ഒരാൾ—അവരുടെതന്നെ ഒരു പ്രവാചകൻ—പറഞ്ഞിരിക്കുന്നു. 13 ഈ സാക്ഷ്യം ശരിയാണ്. അവരെ ശക്തമായി ശാസിക്കുക. അവർ വിശ്വാസത്തിൽ സ്ഥിരപ്പെടേണ്ടതിനും, 14 യെഹൂദ ഐതിഹ്യങ്ങൾക്കും സത്യത്തിൽനിന്ന് അകറ്റുന്നവരുടെ കൽപ്പനകൾക്കും ചെവികൊടുക്കാതിരിക്കേണ്ടതിനും ആണിത്.
-
44 പത്രോസ് ഈ വാക്കുകൾ പ്രസ്താവിക്കുമ്പോൾത്തന്നെ, വചനം ശ്രവിച്ചുകൊണ്ടിരുന്ന എല്ലാവരുടെമേലും പരിശുദ്ധാത്മാവു വന്നു. 45 യെഹൂദേതരരുടെമേലും പരിശുദ്ധാത്മാവ് എന്ന ദാനം പകർന്നതിൽ, പത്രോസിനോടൊപ്പം വന്ന യെഹൂദന്മാരായ വിശ്വാസികൾ വിസ്മയഭരിതരായി. 46 കാരണം, യെഹൂദേതരരും വിവിധ ഭാഷകളിൽ സംസാരിച്ച് ദൈവത്തെ മഹത്ത്വപ്പെടുത്തുന്നത് അവർ കേട്ടു.
അപ്പോൾ പത്രോസ്, 47 “നമ്മെപ്പോലെതന്നെ പരിശുദ്ധാത്മാവ് ലഭിച്ചിരിക്കുന്ന ഇവർക്ക് ജലസ്നാനം വിലക്കാൻ ആർക്കു കഴിയും?” എന്നു ചോദിച്ചു. 48 തുടർന്ന് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിക്കാൻ അദ്ദേഹം കൽപ്പിച്ചു. തങ്ങളോടൊപ്പം ഏതാനും ദിവസം താമസിക്കണമെന്ന് അവിടെയുള്ളവർ പത്രോസിനോട് അപേക്ഷിച്ചു.
-
23 ആ ദിവസംതന്നെ അബ്രാഹാം തന്റെ മകനായ യിശ്മായേലിനെയും തന്റെ ഭവനത്തിൽ ജനിച്ചവരും വിലയ്ക്കു വാങ്ങിയവരുമായി, തന്റെ ഭവനത്തിൽ ഉണ്ടായിരുന്ന സകലപുരുഷപ്രജകളെയും കൂട്ടിക്കൊണ്ടുപോയി, ദൈവം തന്നോടു കൽപ്പിച്ചതിൻപ്രകാരം, അവർക്കു പരിച്ഛേദനം നടത്തി. 24 പരിച്ഛേദനം ഏൽക്കുമ്പോൾ അബ്രാഹാമിനു തൊണ്ണൂറ്റിയൊൻപതു വയസ്സായിരുന്നു; 25 അദ്ദേഹത്തിന്റെ മകൻ യിശ്മായേലിന് അപ്പോൾ പതിമ്മൂന്നുവയസ്സും ആയിരുന്നു. 26 അബ്രാഹാമും അദ്ദേഹത്തിന്റെ മകനായ യിശ്മായേലും പരിച്ഛേദനം ഏറ്റത് ഒരേദിവസമായിരുന്നു. 27 അബ്രാഹാമിന്റെ വീട്ടിൽ ജനിച്ചവരും വിദേശിയോടു വാങ്ങിയവരും ഉൾപ്പെടെ അബ്രാഹാമിന്റെ വീട്ടിൽ ഉണ്ടായിരുന്ന, എല്ലാ പുരുഷപ്രജകളും അദ്ദേഹത്തോടുകൂടെ പരിച്ഛേദനം ഏറ്റു.
-
1 യെഹൂദേതരരും ദൈവവചനം അംഗീകരിച്ചു എന്ന വാർത്ത അപ്പൊസ്തലന്മാരും യെഹൂദ്യയിൽ എല്ലായിടത്തുമുള്ള സഹോദരങ്ങളും അറിഞ്ഞു. 2 പത്രോസ് ജെറുശലേമിൽ എത്തിയപ്പോൾ യെഹൂദരായ വിശ്വാസികൾ അദ്ദേഹത്തെ വിമർശിച്ചുകൊണ്ട്, 3 “താങ്കൾ യെഹൂദേതരരുടെ വീട്ടിൽപോയി അവരോടുകൂടെ ഭക്ഷണം കഴിച്ചില്ലേ” എന്നു കുറ്റപ്പെടുത്തി.
4 അതിന് പത്രോസ് എല്ലാക്കാര്യങ്ങളും ആരംഭംമുതൽ സംഭവിച്ചക്രമത്തിൽത്തന്നെ സൂക്ഷ്മമായി അവർക്ക് ഇങ്ങനെ വിശദീകരിച്ചു: 5 “ഞാൻ യോപ്പാനഗരത്തിൽ പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ, ആത്മവിവശതയിൽ ഒരു ദർശനം കണ്ടു. നാലുകോണും കെട്ടിയ വലിയ വിരിപോലെയുള്ള ഒരു പാത്രം സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നത് ഞാൻ കണ്ടു. അതു താണുതാണുവന്ന് ഞാൻ ഇരിക്കുന്നേടത്തെത്തി. 6 ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ അതിനുള്ളിൽ ഭൂമിയിലെ നാൽക്കാലികൾ, കാട്ടുജന്തുക്കൾ, ഇഴജന്തുക്കൾ, ആകാശത്തിലെ പക്ഷികൾ എന്നിവയെ കണ്ടു. 7 ‘പത്രോസേ, എഴുന്നേറ്റ് കൊന്നുതിന്നുക’ എന്ന് എന്നോടു പറയുന്ന ഒരു അശരീരിയും ഞാൻ കേട്ടു.
8 “ ‘എനിക്കതിനു കഴിയില്ല കർത്താവേ, അശുദ്ധമോ മലിനമോ ആയ യാതൊന്നും ഞാൻ ഒരിക്കലും ഭക്ഷിച്ചിട്ടില്ലല്ലോ, എന്നു ഞാൻ പറഞ്ഞു.’
9 “ആ അശരീരി സ്വർഗത്തിൽനിന്ന് പിന്നെയും എന്നോട്, ‘ദൈവം ശുദ്ധീകരിച്ചതൊന്നും അശുദ്ധമെന്നു പറയാൻ പാടില്ല’ എന്ന് അരുളിച്ചെയ്തു. 10 ഇങ്ങനെ മൂന്നുപ്രാവശ്യം ഉണ്ടായി. പിന്നെ അതെല്ലാം സ്വർഗത്തിലേക്കു തിരികെ എടുക്കപ്പെട്ടു.
11 “അപ്പോൾത്തന്നെ കൈസര്യയിൽനിന്ന് എന്റെ അടുത്തേക്കയയ്ക്കപ്പെട്ട മൂന്നുപുരുഷന്മാർ ഞാൻ താമസിച്ചിരുന്ന വീടിന്റെ മുമ്പിൽ വന്നുനിന്നു. 12 ‘മടിക്കാതെ അവരോടുകൂടെ പോകുക’ എന്ന് ആത്മാവ് എന്നോടു കൽപ്പിച്ചു. ഈ ആറുസഹോദരന്മാരും എന്റെകൂടെ പോന്നു. ഞങ്ങൾ ആ മനുഷ്യന്റെ വീട്ടിലെത്തി. 13 ഒരു ദൈവദൂതൻ തന്റെ ഭവനത്തിൽ പ്രത്യക്ഷപ്പെട്ടുവെന്നും ആ ദൂതൻ അദ്ദേഹത്തോട്, ‘നീ യോപ്പയിലേക്ക് ആളയച്ചു പത്രോസ് എന്നു വിളിച്ചുവരുന്ന ശിമോനെ വരുത്തുക; 14 നീയും നിന്റെ കുടുംബത്തിലുള്ളവരും രക്ഷിക്കപ്പെടാനുള്ള സന്ദേശം അദ്ദേഹം നിനക്കു നൽകും’ എന്ന് അറിയിച്ചെന്നും അദ്ദേഹം ഞങ്ങളോടു പറഞ്ഞു.
15 “ഞാൻ സംസാരിച്ചുതുടങ്ങിയപ്പോൾ പരിശുദ്ധാത്മാവ് ആരംഭത്തിൽ നമ്മുടെമേൽ വന്നതുപോലെതന്നെ അവരുടെമേലും വന്നു. 16 അപ്പോൾ, ‘യോഹന്നാൻ ജലത്തിൽ സ്നാനം നൽകി, എന്നാൽ നിങ്ങൾക്കോ, പരിശുദ്ധാത്മാവുകൊണ്ട് സ്നാനം ലഭിക്കും’ എന്ന് കർത്താവ് പറഞ്ഞ വാക്ക് എനിക്ക് ഓർമ വന്നു. 17 അതുകൊണ്ട് കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ച നമുക്ക് ദൈവം തന്ന അതേ ദാനം അവർക്കും നൽകിയെങ്കിൽ, ദൈവത്തോട് എതിർത്തുനിൽക്കാൻ ഞാനാര്?”
18 ഇതു കേട്ടുകഴിഞ്ഞപ്പോൾ, അവർ വിമർശനം അവസാനിപ്പിച്ചു. “ജീവനിലേക്കു നയിക്കുന്ന മാനസാന്തരം ദൈവം യെഹൂദേതരർക്കും നൽകിയിരിക്കുന്നല്ലോ” എന്നു പറഞ്ഞ് അവർ ദൈവത്തെ സ്തുതിച്ചു.
-
3 അബ്രാഹാം, സാറാ തനിക്കു പ്രസവിച്ച മകന് യിസ്ഹാക്ക് എന്നു പേരിട്ടു. 4 ദൈവം തന്നോടു കൽപ്പിച്ചിരുന്നതുപോലെ അബ്രാഹാം, തന്റെ മകനായ യിസ്ഹാക്കിനെ എട്ടാംദിവസം പരിച്ഛേദനം ചെയ്തു.
-
40-41 “ ‘എന്നാൽ അവർ, ഞാൻ അവരെ അവരുടെ ശത്രുക്കളുടെ രാജ്യത്തേക്ക് അയയ്ക്കത്തക്കവിധം എന്നെ അവർക്കു ശത്രുവാക്കിയ, അവരുടെ പാപങ്ങളെയും അവരുടെ പിതാക്കന്മാരുടെ പാപങ്ങളെയും—എനിക്കു വിരോധമായുള്ള അവരുടെ ദ്രോഹങ്ങളെയും എന്നോടുള്ള അവരുടെ വിരോധത്തെയും—ഏറ്റുപറയുമെങ്കിൽ, അവരുടെ പരിച്ഛേദനമില്ലാത്ത ഹൃദയങ്ങൾ താഴ്ത്തുകയും അവരുടെ പാപത്തിനുള്ള ശിക്ഷ അനുഭവിക്കുകയും ചെയ്യുമ്പോൾ, 42 ഞാൻ യാക്കോബിനോടുള്ള എന്റെ ഉടമ്പടിയും യിസ്ഹാക്കിനോടുള്ള എന്റെ ഉടമ്പടിയും അബ്രാഹാമിനോടുള്ള എന്റെ ഉടമ്പടിയും ഓർക്കും; ഞാൻ ദേശത്തെ ഓർക്കും.
-
1 ഇസ്രായേൽമക്കൾ യോർദാൻ കടക്കത്തക്കവണ്ണം യഹോവ യോർദാനിലെ വെള്ളം വറ്റിച്ചതെങ്ങനെയെന്ന് യോർദാന്റെ പടിഞ്ഞാറുള്ള എല്ലാ അമോര്യരാജാക്കന്മാരും മെഡിറ്ററേനിയൻ സമുദ്രതീരത്തുള്ള എല്ലാ കനാന്യരാജാക്കന്മാരും കേട്ടപ്പോൾ അവരുടെ ഹൃദയം ഭയംകൊണ്ട് ഉരുകിപ്പോയി; ഇസ്രായേൽമക്കളെ അഭിമുഖീകരിക്കാനുള്ള അവരുടെ ധൈര്യം നഷ്ടപ്പെട്ടു.
2 ആ സമയത്ത് യഹോവ യോശുവയോട്, “കടുപ്പമുള്ള കല്ലുകൊണ്ടു കത്തിയുണ്ടാക്കി ഇസ്രായേൽമക്കളെ വീണ്ടും പരിച്ഛേദനം ചെയ്യുക” എന്നു കൽപ്പിച്ചു. 3 അങ്ങനെ യോശുവ കടുപ്പമുള്ള കല്ലുകൊണ്ടു കത്തിയുണ്ടാക്കി ഇസ്രായേല്യരെ ഗിബെയത്ത്-ഹാരലോത്തിൽ വെച്ച് പരിച്ഛേദനം ചെയ്തു.
4 ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടപ്പോൾ യോദ്ധാവാകാൻ പ്രായംതികഞ്ഞ പുരുഷന്മാരെല്ലാം മരുഭൂമിയിലെ യാത്രയ്ക്കിടയിൽ മരിച്ചതിനാൽ യോശുവ ഇപ്രകാരം ചെയ്തു. 5 ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുപോന്ന ജനമെല്ലാം പരിച്ഛേദനമേറ്റവരായിരുന്നു; എന്നാൽ ഈജിപ്റ്റിൽനിന്നുള്ള യാത്രയ്ക്കിടയിൽ മരുഭൂമിയിൽവെച്ചു ജനിച്ചവരാരും പരിച്ഛേദനമേറ്റിരുന്നില്ല. 6 ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട യോദ്ധാക്കളൊക്കെയും യഹോവയെ അനുസരിക്കാതിരുന്നതിനാൽ അവർ മരിച്ചുതീരുംവരെ ഇസ്രായേൽമക്കൾ നാൽപ്പതുവർഷം മരുഭൂമിയിൽ സഞ്ചരിക്കുകയായിരുന്നു; നമുക്കു തരുമെന്ന് യഹോവ പിതാക്കന്മാരോടു ശപഥംചെയ്ത പാലും തേനും ഒഴുകുന്ന ദേശം അവർ കാണുകയില്ല എന്ന് യഹോവ അവരോടു ശപഥംചെയ്തിരുന്നു. 7 അതുകൊണ്ട് അവർക്കുപകരം അവരുടെ പുത്രന്മാരെ അവിടന്ന് ഉയർത്തി; ഇവരെയായിരുന്നു യോശുവ പരിച്ഛേദനംചെയ്തത്. യാത്രയിൽ അവരെ പരിച്ഛേദനംചെയ്യാതിരുന്നതിനാൽ അവർ അപ്പോഴും പരിച്ഛേദനമേൽക്കാത്തവരായിരുന്നു. 8 മുഴുവൻ ജനവും പരിച്ഛേദനത്തിനു വിധേയരായതിനുശേഷം, സൗഖ്യമാകുന്നതുവരെ അവർ പാളയത്തിൽ അവരവരുടെ സ്ഥലത്തു താമസിച്ചു.
-
8 പിന്നീട് ദൈവം അബ്രാഹാമിന് പരിച്ഛേദനമെന്ന ഉടമ്പടി നൽകി. അബ്രാഹാമിന് യിസ്ഹാക്ക് ജനിച്ചു. എട്ടാംദിവസം അദ്ദേഹം ശിശുവിനു പരിച്ഛേദനകർമം നടത്തി. യിസ്ഹാക്കിൽനിന്ന് യാക്കോബും യാക്കോബിൽനിന്ന് പന്ത്രണ്ട് ഗോത്രപിതാക്കന്മാരും ജനിച്ചു.
-
12 എന്നാൽ മോശ യഹോവയോട്, “ഇസ്രായേൽമക്കൾപോലും എന്റെ വാക്കു കേൾക്കുന്നില്ല, പിന്നെ ഫറവോൻ എന്റെ വാക്കു കേൾക്കുന്നതെങ്ങനെ? ഞാൻ വാക്ചാതുര്യമുള്ളവനല്ലല്ലോ” എന്നു പറഞ്ഞു.
-
4 പിന്നീട് ആ പുരുഷൻ എന്നെ വടക്കേ കവാടത്തിൽക്കൂടെ ആലയത്തിന്റെ മുമ്പിൽ കൊണ്ടുവന്നു. ഞാൻ നോക്കിയപ്പോൾ യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കുന്നതു കണ്ടു. അപ്പോൾ ഞാൻ കമിഴ്ന്നുവീണു.
5 യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ശ്രദ്ധാപൂർവം നോക്കുക, സൂക്ഷ്മമായി കേൾക്കുക. യഹോവയുടെ ആലയംസംബന്ധിച്ചുള്ള എല്ലാ അനുശാസനങ്ങളും നിർദേശങ്ങളും ഞാൻ നിന്നോടു പറയുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുക. ആലയത്തിലേക്കുള്ള പ്രവേശനവും തിരുനിവാസത്തിനു പുറത്തേക്കുള്ള എല്ലാ വാതിലുകളും ശ്രദ്ധിച്ചുകൊള്ളുക 6 മത്സരികളായ ഇസ്രായേൽഗൃഹത്തോടു നീ ഇപ്രകാരം അറിയിക്കണം: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേൽഗൃഹമേ, നിങ്ങളുടെ മ്ലേച്ഛകർമങ്ങൾ മതിയാക്കുക! 7 നിങ്ങളുടെ എല്ലാ മ്ലേച്ഛകർമങ്ങൾക്കും പുറമേ, ഹൃദയത്തിലും ശരീരത്തിലും പരിച്ഛേദനമേൽക്കാത്ത വിദേശികളെ നിങ്ങൾ എന്റെ വിശുദ്ധമന്ദിരത്തിൽ കൊണ്ടുവന്ന് നിങ്ങൾ എനിക്കു ഭോജനയാഗവും മേദസ്സും രക്തവും അർപ്പിക്കുകമൂലം എന്റെ മന്ദിരത്തെ അശുദ്ധമാക്കുകയും എന്റെ ഉടമ്പടി ലംഘിക്കുകയും ചെയ്തിരിക്കുന്നു. 8 നിങ്ങൾ എന്റെ വിശുദ്ധവസ്തുക്കളെ സംബന്ധിച്ചുള്ള കടമകൾ നിറവേറ്റാതെ വിദേശികളെ എന്റെ വിശുദ്ധമന്ദിരത്തിലെ കാര്യങ്ങൾ നിറവേറ്റാൻ ആക്കിയിരിക്കുന്നു. 9 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഹൃദയത്തിലും ശരീരത്തിലും പരിച്ഛേദനമേൽക്കാത്ത ഒരു വിദേശിയും എന്റെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കരുത്. ഇസ്രായേല്യരുടെ മധ്യത്തിൽ വസിക്കുന്ന വിദേശികൾപോലും അവിടെ പ്രവേശിക്കരുത്.
-
27 അങ്ങനെയെങ്കിൽ പ്രശംസയ്ക്ക് സ്ഥാനം എവിടെ? അത് നീങ്ങിപ്പോയിരിക്കുന്നു. ഏതു പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ? അനുഷ്ഠാനങ്ങൾ ആവശ്യമുള്ള ന്യായപ്രമാണത്താലോ? അല്ല, വിശ്വാസം ആവശ്യമുള്ള പ്രമാണത്താൽത്തന്നെയാണ്. 28 അങ്ങനെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൾവഴിയല്ലാതെ വിശ്വാസത്താൽത്തന്നെ മനുഷ്യൻ നീതീകരിക്കപ്പെടുന്നു എന്നു നാം കാണുന്നു. 29 ദൈവം യെഹൂദരുടെമാത്രമോ? അവിടന്ന് യെഹൂദരല്ലാത്തവരുടെയും ദൈവം അല്ലയോ? അതേ, അവിടന്ന് അവരുടെയും ദൈവമാണ്. 30 ദൈവം ഒരുവനേയുള്ളൂ; അതുകൊണ്ട്, പരിച്ഛേദനം സ്വീകരിച്ചവനെ വിശ്വാസത്താൽ നീതീകരിക്കുന്നു; അതേ വിശ്വാസത്താൽ പരിച്ഛേദനം ഇല്ലാത്തവരെയും നീതീകരിക്കുന്നു. 31 അപ്പോൾ, നാം വിശ്വാസത്താൽ ന്യായപ്രമാണത്തെ പ്രയോജനരഹിതമാക്കുകയാണോ? ഒരിക്കലുമില്ല, നാം ന്യായപ്രമാണത്തെ സ്ഥിരീകരിക്കുകയാണു ചെയ്യുന്നത്.
-
3 അദ്ദേഹത്തിന്റെ മാതാപിതാക്കൾ, “നിന്റെ ചാർച്ചക്കാരുടെയും നമ്മുടെ ജനത്തിന്റെയും ഇടയിൽ സ്വീകാര്യയായ ഒരു സ്ത്രീയും ഇല്ലേ? ഒരു ഭാര്യയ്ക്കുവേണ്ടി നീ പരിച്ഛേദനം ഏൽക്കാത്ത ഫെലിസ്ത്യരുടെ അടുക്കൽ പോകണമോ?” എന്നു ചോദിച്ചു.
എന്നാൽ ശിംശോൻ തന്റെ പിതാവിനോട്, “അവളെ എനിക്കു തരിക; എനിക്ക് അവൾ അനുയോജ്യയാണ്” എന്നു പറഞ്ഞു.
-
51 “ശാഠ്യക്കാരേ, ഹൃദയത്തിനും കാതുകൾക്കും പരിച്ഛേദനം കഴിഞ്ഞിട്ടില്ലാത്തവരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെയാണു നിങ്ങളും. നിങ്ങൾ പരിശുദ്ധാത്മാവിനെ എന്നും എതിർക്കുന്നവരാണ്. 52 നിങ്ങളുടെ പിതാക്കന്മാർ പീഡിപ്പിച്ചിട്ടില്ലാത്ത ഒരൊറ്റ പ്രവാചകനെങ്കിലും ഉണ്ടോ? നീതിമാന്റെ വരവിനെക്കുറിച്ചു പ്രവചിച്ചവരെ നിങ്ങളുടെ പിതാക്കന്മാർ കൊന്നുകളഞ്ഞു. 53 ദൂതന്മാർ മുഖാന്തരം ന്യായപ്രമാണം ലഭിച്ചവരെങ്കിലും അത് അനുസരിക്കാത്തവരായ നിങ്ങൾ ഇപ്പോൾ ആ നീതിമാനെ തിരസ്കരിച്ച് വധിച്ചിരിക്കുന്നു.”
-
11 എന്നാൽ, പത്രോസ് അന്ത്യോക്യയിൽ വന്നപ്പോൾ, അയാൾ കുറ്റക്കാരനെന്നുകണ്ട് ഞാൻ അയാളെ പരസ്യമായി എതിർത്തു. 12 കാരണം, യെഹൂദേതരരോടൊത്തു ഭക്ഷണം കഴിച്ചുവന്ന പത്രോസ്, യാക്കോബിന്റെ അടുക്കൽനിന്ന് ചിലർ വന്നപ്പോൾ, യെഹൂദരെ ഭയന്ന് സ്വയം പിന്മാറുകയും ഭക്ഷണം കഴിക്കാതെ മാറിനിൽക്കുകയും ചെയ്തു. 13 ആയതിനാൽ, മറ്റു യെഹൂദരും അദ്ദേഹത്തോടൊപ്പം ഈ കാപട്യത്തിൽ പങ്കുകാരായി; ബർന്നബാസുപോലും അവരുടെ കാപട്യത്തിലേക്കു വലിച്ചിഴയ്ക്കപ്പെടാൻ ഇത് കാരണമായിത്തീർന്നു.
14 അവർ സുവിശേഷസത്യം അനുസരിച്ചല്ല പ്രവർത്തിക്കുന്നത് എന്നു ഞാൻ കണ്ടപ്പോൾ അവരുടെ എല്ലാവരുടെയും സാന്നിധ്യത്തിൽ ഞാൻ പത്രോസിനോട്: “യെഹൂദനായ താങ്കൾ യെഹൂദനെപ്പോലെയല്ല, യെഹൂദേതരനെപ്പോലെയാണ് ജീവിക്കുന്നത്. അങ്ങനെയെങ്കിൽ യെഹൂദരുടെ ജീവിതശൈലി അനുവർത്തിക്കാൻ യെഹൂദേതരരെ നിർബന്ധിക്കുന്നത് എന്തിന്?
15 “ജന്മനാ നാം യെഹൂദരാണ്; പാപികളായ യെഹൂദേതരരല്ല. 16 ഒരു വ്യക്തി നീതീകരിക്കപ്പെടുന്നത് ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല, മറിച്ച് യേശുക്രിസ്തുവിലുള്ള വിശ്വാസത്താലാണ് എന്ന് അറിയുക. ന്യായപ്രമാണത്തിന്റെ അനുഷ്ഠാനങ്ങളാലല്ല, ക്രിസ്തുവിലുള്ള വിശ്വാസംവഴി നീതീകരിക്കപ്പെടേണ്ടതിനാണ് നാം ക്രിസ്തുയേശുവിൽ വിശ്വസിച്ചത്. കാരണം ന്യായപ്രമാണത്തിന്റെ അനുഷ്ഠാനത്താൽ ആരും നീതീകരിക്കപ്പെടുന്നില്ല.
17 “നമ്മുടെ നീതീകരണത്തിനായി ക്രിസ്തുവിൽ ആശ്രയിക്കുമ്പോൾ നാം പാപികളെന്നു തെളിഞ്ഞാൽ ക്രിസ്തു പാപത്തിന്റെ ശുശ്രൂഷക്കാരനാകുമോ? ഒരിക്കലുമില്ല! 18 ഞാൻ തകർത്തുകളഞ്ഞതിനെ ഞാൻതന്നെ പുനർനിർമിക്കുകയാണെങ്കിൽ സ്വയം നിയമലംഘകനെന്നു സ്ഥാപിക്കുകയാണ്.
19 “ദൈവത്തിനായി ജീവിക്കേണ്ടതിനു ന്യായപ്രമാണത്തിൽക്കൂടി ന്യായപ്രമാണത്തിന് ഞാൻ മരിച്ചു. 20 ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനിമുതൽ ജീവിക്കുന്നത് ഞാനല്ല; ക്രിസ്തു ആണ് എന്നിൽ ജീവിക്കുന്നത്. എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി സ്വയം അർപ്പിക്കുകയുംചെയ്ത ദൈവപുത്രനിലുള്ള വിശ്വാസംമൂലമാണ് ഞാൻ ഇപ്പോൾ ഈ ശരീരത്തിൽ ജീവിക്കുന്നത്. 21 ദൈവകൃപയെ ഞാൻ നിരാകരിക്കുന്നില്ല. നീതീകരണം ന്യായപ്രമാണത്താലാണെങ്കിൽ ക്രിസ്തുവിന്റെ മരണം നിരർഥകമാണ്!”
-
43 യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “പെസഹായ്ക്കുള്ള നിബന്ധനകൾ ഇവയാകുന്നു:
“ഒരു വിദേശിയും ഇതിൽനിന്ന് ഭക്ഷിക്കാൻ പാടില്ല. 44 നീ വിലയ്ക്കു വാങ്ങിയിട്ടുള്ള ഏതൊരു അടിമയ്ക്കും അവൻ പരിച്ഛേദനം ഏറ്റതിനുശേഷം, ഇതിൽനിന്ന് ഭക്ഷിക്കാവുന്നതാണ്. 45 എന്നാൽ തൽക്കാലത്തേക്കു വന്നു താമസിക്കുന്നവനും കൂലിക്കാരനും ഇതു ഭക്ഷിക്കാൻ പാടില്ല.
46 “വീടിനുള്ളിൽവെച്ചായിരിക്കണം ഇതു ഭക്ഷിക്കുന്നത്; മാംസത്തിൽ അൽപ്പംപോലും വീടിനു പുറത്തേക്കു കൊണ്ടുപോകരുത്; അതിൽ ഒരസ്ഥിയും ഒടിക്കരുത്. 47 ഇസ്രായേല്യസമൂഹം ഒന്നാകെ ഇത് ആചരിക്കണം.
48 “നിങ്ങളുടെ ഇടയിൽ വന്നുതാമസിക്കുന്ന വിദേശി യഹോവയുടെ പെസഹ ആചരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ തന്റെ കുടുംബത്തിലുള്ള സകലപുരുഷന്മാർക്കും പരിച്ഛേദനം നടത്തിയിരിക്കണം; പിന്നെ അവന്, സ്വദേശത്തു ജനിച്ച ഒരുവനെപ്പോലെ ഇതിൽ പങ്കെടുക്കാം. പരിച്ഛേദനമേൽക്കാത്ത യാതൊരു പുരുഷനും ഇതു ഭക്ഷിക്കരുത്. 49 സ്വദേശിക്കും നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന വിദേശിക്കും ഈ നിയമം ഒരുപോലെ ബാധകമായിരിക്കണം.”
50 യഹോവ മോശയോടും അഹരോനോടും കൽപ്പിച്ചതുപോലെതന്നെ ഇസ്രായേൽമക്കൾ എല്ലാവരും ചെയ്തു. 51 യഹോവ ആ ദിവസംതന്നെ ഇസ്രായേല്യരെ ഗണംഗണമായി ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു.
-
1 യാക്കോബിനു ലേയാ പ്രസവിച്ച മകളായ ദീനാ ആ നാട്ടിലെ യുവതികളെ സന്ദർശിക്കാൻ ഇറങ്ങിത്തിരിച്ചു. 2 ദേശത്തെ ഭരണാധികാരിയും ഹിവ്യനായ ഹാമോരിന്റെ മകനുമായ ശേഖേം അവളെ കണ്ടു; അവൻ അവളെ പിടിച്ചുകൊണ്ടുപോയി അവളുമായി കിടക്കപങ്കിട്ടു; അവളെ മാനഭംഗപ്പെടുത്തി. 3 അവന്റെ ഹൃദയം യാക്കോബിന്റെ മകളായ ദീനായിലേക്ക് ആകർഷിക്കപ്പെട്ടു; അവൻ ആ പെൺകുട്ടിയെ സ്നേഹിക്കുകയും അവളോട് ആർദ്രമായി സംസാരിക്കുകയും ചെയ്തു. 4 “ഈ പെൺകുട്ടിയെ എനിക്കു ഭാര്യയായി എടുക്കണം,” ശേഖേം തന്റെ പിതാവായ ഹാമോരിനോട് അപേക്ഷിച്ചു.
5 തന്റെ പുത്രിയായ ദീനായെ ശേഖേം മാനഭംഗപ്പെടുത്തി എന്നവിവരം യാക്കോബ് കേട്ടു; ആ സമയം അദ്ദേഹത്തിന്റെ പുത്രന്മാർ കന്നുകാലികളുമായി വയലിൽ ആയിരുന്നു; അവർ വീട്ടിൽ എത്തുന്നതുവരെ യാക്കോബ് മൗനംപാലിച്ചു.
6 ഈ സമയം ശേഖേമിന്റെ പിതാവായ ഹാമോർ യാക്കോബിനോടു സംസാരിക്കാൻ അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു. 7 അതിനിടയ്ക്ക് വിവരം അറിഞ്ഞയുടൻ യാക്കോബിന്റെ പുത്രന്മാർ വയലിൽനിന്ന് തിരിച്ചെത്തി. ശേഖേം യാക്കോബിന്റെ പുത്രിയോടൊപ്പം കിടക്കപങ്കിട്ട് അരുതാത്തതു ചെയ്ത്, ഇസ്രായേലിൽ വഷളത്തം പ്രവർത്തിച്ചതുകൊണ്ട് അവർ കോപവും ക്രോധവും നിറഞ്ഞവരായിത്തീർന്നു.
8 എന്നാൽ ഹാമോർ അവരോടു പറഞ്ഞു: “നിങ്ങളുടെ പുത്രിയിലേക്ക് എന്റെ പുത്രനായ ശേഖേമിന്റെ ഹൃദയം ആകൃഷ്ടമായിരിക്കുന്നു. ദയവുചെയ്ത് അവളെ അവനു ഭാര്യയായി കൊടുക്കണം. 9 നിങ്ങൾ ഞങ്ങളുമായി മിശ്രവിവാഹബന്ധത്തിൽ ഏർപ്പെട്ടാലും! നിങ്ങളുടെ പുത്രിമാരെ ഞങ്ങൾക്കു തരികയും ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്ക് എടുക്കുകയും ചെയ്യാം. 10 ഞങ്ങളോടൊപ്പം പാർക്കുക. ദേശം നിങ്ങളുടെ മുന്നിൽ തുറന്നുകിടക്കുന്നു; അതിൽ താമസിച്ച്, തൊഴിൽചെയ്ത് സ്വത്തു സമ്പാദിക്കുക.”
11 പിന്നെ ശേഖേം ദീനായുടെ പിതാവിനോടും സഹോദരന്മാരോടുമായി പറഞ്ഞു: “നിങ്ങൾക്ക് എന്നോടു പ്രീതിയുണ്ടാകണം, നിങ്ങൾ ചോദിക്കുന്നതെന്തും ഞാൻ തരാം. 12 സ്ത്രീധനമായോ വിവാഹസമ്മാനമായോ എത്ര അധികം നിങ്ങൾ ആവശ്യപ്പെട്ടാലും ഞാൻ നിങ്ങൾക്കു തന്നുകൊള്ളാം. പെൺകുട്ടിയെ എനിക്കു ഭാര്യയായി തന്നാൽമാത്രംമതി.”
13 തങ്ങളുടെ സഹോദരിയായ ദീനായെ മാനഭംഗപ്പെടുത്തിയതുകൊണ്ട് യാക്കോബിന്റെ പുത്രന്മാർ ശേഖേമിനോടും അവന്റെ പിതാവായ ഹാമോരിനോടും മറുപടി പറഞ്ഞത് കാപട്യത്തോടെ ആയിരുന്നു. 14 അവർ അവരോടു പറഞ്ഞു: “അങ്ങനെ ഒരു കാര്യം ചെയ്യാൻ ഞങ്ങൾക്കു സാധ്യമല്ല. പരിച്ഛേദനം ഏൽക്കാത്ത ഒരു വ്യക്തിക്ക് ഞങ്ങളുടെ സഹോദരിയെ നൽകാൻ ഞങ്ങൾ തയ്യാറല്ല; ഞങ്ങൾക്ക് അതു അപമാനമാണ്; 15 ഒരേയൊരു വ്യവസ്ഥയിൽ ഞങ്ങൾ സമ്മതിക്കാം, അതായത്, നിങ്ങളുടെ സകലപുരുഷന്മാരും ഞങ്ങളെപ്പോലെ പരിച്ഛേദനം ഏൽക്കണം. 16 അപ്പോൾ ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്കു തരികയും നിങ്ങളുടെ പുത്രിമാരെ ഞങ്ങൾക്കായി സ്വീകരിക്കുകയും ചെയ്യാം. ഞങ്ങൾ നിങ്ങളോടൊപ്പം താമസിച്ച് ഒരു ജനമായിത്തീരാം. 17 എന്നാൽ, നിങ്ങൾ പരിച്ഛേദനം ഏൽക്കാൻ വിസമ്മതിക്കുന്നപക്ഷം ഞങ്ങൾ ഞങ്ങളുടെ സഹോദരിയെയും കൂട്ടിക്കൊണ്ട് ഇവിടെനിന്നു പോകും.”
18 അവരുടെ ഈ നിർദേശം ഹാമോരിനും അദ്ദേഹത്തിന്റെ പുത്രനായ ശേഖേമിനും നല്ലതെന്നു തോന്നി. 19 തന്റെ പിതൃഭവനത്തിലുള്ള എല്ലാവരെക്കാളും ഏറെ ആദരിക്കപ്പെട്ടിരുന്ന ആ ചെറുപ്പക്കാരൻ, യാക്കോബിന്റെ പുത്രിയെ അതിയായി ആഗ്രഹിച്ചിരുന്നതുകൊണ്ട്, അവർ പറഞ്ഞതനുസരിച്ച് ഉടൻതന്നെ പ്രവർത്തിച്ചു. 20 ഹാമോരും അദ്ദേഹത്തിന്റെ പുത്രനായ ശേഖേമും നഗരകവാടത്തിൽ ചെന്നു പട്ടണത്തിലെ പുരുഷന്മാരോടു സംസാരിച്ചു: 21 “ഈ പുരുഷന്മാർ നമ്മുടെ സുഹൃത്തുക്കളാണ്,” അവർ പറഞ്ഞു. “ഇവർ നമ്മുടെ ദേശത്തു താമസിക്കുകയും തൊഴിൽ ചെയ്യുകയുംചെയ്യട്ടെ. നമ്മുടെ ദേശത്ത് ഇവർക്കു വേണ്ടുവോളം സ്ഥലമുണ്ട്. നമുക്ക് അവരുടെ പുത്രിമാരെയും അവർക്കു നമ്മുടെ പുത്രിമാരെയും വിവാഹംചെയ്യാം. 22 എന്നാൽ അവരെപ്പോലെതന്നെ നമ്മുടെ പുരുഷന്മാരും പരിച്ഛേദനം ഏൽക്കണം എന്ന വ്യവസ്ഥ പാലിച്ചാൽമാത്രമേ അവർ നമ്മോടുചേർന്ന് ഒരേ ജനമായി ജീവിക്കാൻ സമ്മതിക്കുകയുള്ളൂ. 23 അവരുടെ കന്നുകാലികളും അവരുടെ സ്വത്തും അവർക്കുള്ള മറ്റെല്ലാ മൃഗങ്ങളും നമ്മുടേതായിത്തീരുകയില്ലയോ? ആകയാൽ അവർ പറയുന്നതു നമുക്കു സമ്മതിക്കാം; അവർ നമ്മുടെ ഇടയിൽ സ്ഥിരതാമസമാക്കിക്കൊള്ളും.”
24 നഗരകവാടത്തിൽനിന്ന് പുറത്തേക്കുപോയ സകലപുരുഷന്മാരും ഹാമോരിന്റെയും അദ്ദേഹത്തിന്റെ പുത്രനായ ശേഖേമിന്റെയും നിർദേശം സമ്മതിച്ചു; നഗരത്തിലെ സകലപുരുഷന്മാരും പരിച്ഛേദനം ഏറ്റു.
25 മൂന്നുദിവസത്തിനുശേഷം, അവർ എല്ലാവരും വേദനയോടെ ഇരിക്കുമ്പോൾ യാക്കോബിന്റെ പുത്രന്മാരിൽ രണ്ടുപേർ—ദീനായുടെ സഹോദരന്മാരായ ശിമെയോനും ലേവിയും—തങ്ങളുടെ വാളുമായിച്ചെന്ന്, നിർഭയമായിരുന്ന നഗരത്തെ ആക്രമിച്ച് സകലപുരുഷന്മാരെയും കൊന്നുകളഞ്ഞു. 26 അവർ ഹാമോരിനെയും അദ്ദേഹത്തിന്റെ പുത്രനായ ശേഖേമിനെയും വാളിനിരയാക്കി; ശേഖേമിന്റെ വീട്ടിൽനിന്ന് ദീനായെ മോചിപ്പിച്ചു കൊണ്ടുപോന്നു. 27 പിന്നെ യാക്കോബിന്റെ പുത്രന്മാർ കൊല്ലപ്പെട്ടവരുടെ ഇടയിൽ ചെന്ന്, തങ്ങളുടെ സഹോദരിയെ കളങ്കപ്പെടുത്തിയവരുടെ നഗരം കൊള്ളയടിച്ചു. 28 അവരുടെ ആട്ടിൻപറ്റങ്ങളെയും കന്നുകാലികളെയും കഴുതകളെയും നഗരത്തിലും വയലിലും ഉണ്ടായിരുന്ന സകലവസ്തുക്കളെയും അവർ കൊള്ളയടിച്ചു. 29 അവരുടെ സർവസമ്പത്തും എടുത്ത്; അവരുടെ സ്ത്രീകളെയും കുട്ടികളെയും പിടിച്ചുകൊണ്ട് പോകുകയും ചെയ്തു; അങ്ങനെ വീടുകളിൽ ഉണ്ടായിരുന്ന സകലതും അവർ കൊള്ളയടിച്ചു.
-
30 എന്നാൽ മോശ യഹോവയോട്, “വാക്ചാതുര്യമില്ലാത്തവനാണു ഞാൻ; ഫറവോൻ എന്റെ വാക്കു കേൾക്കുന്നതെങ്ങനെ?” എന്നു ചോദിച്ചു.
-
1 സീയോനേ, ഉണരുക, ഉണരുക,
ശക്തി ധരിച്ചുകൊൾക!
വിശുദ്ധനഗരമായ ജെറുശലേമേ,
നിന്റെ പ്രതാപവസ്ത്രം ധരിച്ചുകൊൾക.
പരിച്ഛേദനം ഏൽക്കാത്തവനും അശുദ്ധരും
ഇനിമേൽ നിന്നിലേക്കു വരികയില്ല.
-
31 “ഞാൻ ഇസ്രായേൽഗൃഹത്തോടും
യെഹൂദാഗൃഹത്തോടും
പുതിയൊരു ഉടമ്പടി ചെയ്യുന്ന കാലം വരുന്നു,”
എന്ന് യഹോവയുടെ അരുളപ്പാട്.
32 “ഞാൻ അവരുടെ പൂർവികരെ
ഈജിപ്റ്റിൽനിന്ന് സ്വതന്ത്രരാക്കാനായി
കൈക്കുപിടിച്ചു പുറത്തേക്കു കൊണ്ടുവന്നപ്പോൾ
ചെയ്ത ഉടമ്പടിപോലെയുള്ളത് അല്ലായിരിക്കും ഇത്.
ഞാൻ അവർക്കൊരു ഭർത്താവായിരുന്നിട്ടും
എന്റെ ഉടമ്പടി അവർ ലംഘിച്ചല്ലോ,”
എന്ന് യഹോവയുടെ അരുളപ്പാട്.
33 “ആ കാലത്തിനുശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യാനിരിക്കുന്ന
ഉടമ്പടി ഇപ്രകാരമായിരിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“ഞാൻ എന്റെ ന്യായപ്രമാണം അവരുടെ മനസ്സിന്റെയുള്ളിൽ വെക്കും,
അവരുടെ ഹൃദയങ്ങളിൽത്തന്നെ അത് ആലേഖനംചെയ്യും.
ഞാൻ അവർക്കു ദൈവവും
അവർ എനിക്കു ജനവും ആയിരിക്കും.
34 ഇനിയൊരിക്കലും അവർ അവരവരുടെ അയൽക്കാരോടോ
പരസ്പരമോ, ‘യഹോവയെ അറിയുക’ എന്ന് ഉപദേശിക്കുകയില്ല.
കാരണം അവർ എല്ലാവരും എന്നെ അറിയും;
ഏറ്റവും താഴേക്കിടയിലുള്ള ആൾമുതൽ ഏറ്റവും ഉന്നതർവരെ എല്ലാവരും,”
എന്ന് യഹോവയുടെ അരുളപ്പാട്.
“ഞാൻ അവരുടെ ദുഷ്ചെയ്തികൾ ക്ഷമിക്കും,
അവരുടെ പാപങ്ങൾ ഇനിമേൽ ഞാൻ ഓർക്കുകയുമില്ല.”
-
18 “ ‘ഏദെനിലെ ഏതു വൃക്ഷങ്ങളാണ് ശോഭയിലും പ്രതാപത്തിലും നിന്നോടു തുലനംചെയ്യാൻ കഴിയുമായിരുന്നത്? എങ്കിലും നീയും ഏദെനിലെ വൃക്ഷങ്ങളോടുകൂടെ ഭൂമിയുടെ അധോഭാഗത്തേക്ക് ഇറങ്ങിപ്പോകും. വാളാൽ കൊല്ലപ്പെട്ട, പരിച്ഛേദനം ഏൽക്കാത്തവരോടൊപ്പം നീയും നിപതിക്കും.
“ ‘ഇതു ഫറവോനും അവന്റെ കവർച്ചസംഘവുംതന്നെ എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’ ”
-
17 ജെറുശലേമിൽ എത്തിയ ഞങ്ങളെ സഹോദരങ്ങൾ ആനന്ദത്തോടെ സ്വീകരിച്ചു. 18 അടുത്തദിവസം പൗലോസും ഞങ്ങളെല്ലാവരുംകൂടി യാക്കോബിനെ കാണാൻ പോയി. സഭാമുഖ്യന്മാർ എല്ലാവരും അവിടെ ഉണ്ടായിരുന്നു. 19 പൗലോസ് അവരെ അഭിവാദനംചെയ്തിട്ട്, തന്റെ ശുശ്രൂഷയിലൂടെ ദൈവം യെഹൂദേതരരുടെ ഇടയിൽ ചെയ്ത കാര്യങ്ങൾ വിശദീകരിച്ചുപറഞ്ഞു.
20 ഇതു കേട്ട് അവർ ദൈവത്തെ സ്തുതിച്ചു. പിന്നീട് പൗലോസിനോട് ഇങ്ങനെ പറഞ്ഞു: “സഹോദരാ, ക്രിസ്തുവിൽ വിശ്വസിച്ചവരായ അനേകായിരം യെഹൂദർ ഉണ്ടെന്നു താങ്കൾക്ക് അറിയാമല്ലോ. അവരെല്ലാവരും മോശയുടെ ന്യായപ്രമാണത്തിൽ തീക്ഷ്ണതയുള്ളവരാണ്. 21 എന്നാൽ, യെഹൂദേതരരുടെ മധ്യത്തിൽ താമസിക്കുന്ന യെഹൂദരെ മോശയുടെ ന്യായപ്രമാണം ഉപേക്ഷിക്കാനും അവരുടെ മക്കളെ പരിച്ഛേദനം നടത്തുന്നതും നമ്മുടെ ആചാരങ്ങളനുഷ്ഠിച്ചു ജീവിക്കുന്നതും വിട്ടുകളയാനും താങ്കൾ ഉപദേശിക്കുന്നതായി അവർ തെറ്റിദ്ധരിച്ചിരിക്കുന്നു. 22 അതു തിരുത്താൻ ഇനി നാം എന്താണു ചെയ്യേണ്ടത്? താങ്കൾ വന്നിട്ടുണ്ടെന്നു തീർച്ചയായും അവർ അറിയും. 23 അതുകൊണ്ടു ഞങ്ങൾ പറയുന്നതുപോലെ താങ്കൾ ചെയ്യുക. ഒരു നേർച്ച നേർന്നിട്ടുള്ള നാല് ആളുകൾ ഇവിടെ ഞങ്ങളോടുകൂടെയുണ്ട്. 24 അവരെ കൂട്ടിക്കൊണ്ടുപോയി അവരുടെ ശുദ്ധീകരണചടങ്ങുകളിൽ പങ്കെടുക്കുക. ശുദ്ധീകരണത്തിന്റെയും അവരുടെ തലമുണ്ഡനം ചെയ്യിക്കുന്നതിന്റെയും ചെലവു താങ്കൾ വഹിക്കുക. അപ്പോൾ താങ്കളെക്കുറിച്ചു കേട്ടകാര്യങ്ങൾ സത്യമല്ല എന്നും താങ്കൾ ന്യായപ്രമാണം അനുസരിച്ചാണു ജീവിക്കുന്നതെന്നും എല്ലാവരും അറിഞ്ഞുകൊള്ളും. 25 യെഹൂദേതരരായ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവർ വിഗ്രഹാർപ്പിതഭക്ഷണം, രക്തം, ശ്വാസംമുട്ടിച്ചു കൊന്നവ, ലൈംഗികാധർമം എന്നിവയിൽനിന്ന് അകന്നു ജീവിച്ചുകൊള്ളണമെന്നു നാം തീരുമാനമെടുത്തത് അവർക്ക് എഴുതിയിട്ടുണ്ടല്ലോ!”
26 അടുത്തദിവസം പൗലോസ് ആ പുരുഷന്മാരോടൊപ്പം തന്നെയും ശുദ്ധീകരിച്ചു. അവരിൽ ഓരോരുത്തനുംവേണ്ടി വഴിപാടുകഴിക്കാനുള്ള ശുദ്ധീകരണകാലം തികഞ്ഞു എന്ന് അറിയിക്കാനായി അദ്ദേഹം ദൈവാലയത്തിൽ പ്രവേശിച്ചു.
Shows Read in context, Share and Copy.