35 Bible Verses About Planting Seeds
Biblica® Open Malayalam Contemporary Version™ (OMCV)
-
7 നിങ്ങളെത്തന്നെ വഞ്ചിക്കരുത്. ദൈവത്തെ കബളിപ്പിക്കുക അസാധ്യം. ഒരു മനുഷ്യൻ കൊയ്യുന്നത് അയാൾ വിതയ്ക്കുന്നതുതന്നെയായിരിക്കും. 8 പാപേച്ഛകളുടെ നിവൃത്തിമാത്രം ലക്ഷ്യമാക്കി വിതയ്ക്കുന്നവർ അതിൽനിന്നുതന്നെ നാശം കൊയ്യുകയും ദൈവാത്മാവിനെ പ്രസാദിപ്പിക്കാനായി വിതയ്ക്കുന്നവൻ ദൈവാത്മാവിൽനിന്നുതന്നെ നിത്യജീവനെ കൊയ്യുകയും ചെയ്യും. 9 നന്മ ചെയ്യുന്നതിൽ നാം ക്ഷീണിതരാകരുത്. നാം മടുത്തുപോകാതിരുന്നാൽ സമയം വരുമ്പോൾ വലിയ വിളവ് കൊയ്തെടുക്കും. 10 അതുകൊണ്ട്, അവസരം ലഭിക്കുമ്പോഴെല്ലാം എല്ലാ മനുഷ്യർക്കും നമ്മൾ നന്മ ചെയ്യുന്നവരാകണം; പ്രത്യേകിച്ച് വിശ്വാസകുടുംബങ്ങളിലെ അംഗങ്ങളോട്.
-
1 ആ ദിവസംതന്നെ യേശു വീട്ടിൽനിന്ന് പുറപ്പെട്ട് തടാകതീരത്ത് ഉപവിഷ്ടനായി. 2 ഒരു വൻ ജനാവലി തനിക്കുചുറ്റും തിങ്ങിക്കൂടുന്നതുകൊണ്ട് അദ്ദേഹം ഒരു വള്ളത്തിൽ കയറി ഇരുന്നു; ജനാവലി മുഴുവനും കരയിൽ നിന്നു. 3 യേശു സാദൃശ്യകഥകളിലൂടെ അനേകം കാര്യങ്ങൾ അവരെ പഠിപ്പിച്ചു. അത് ഇപ്രകാരമായിരുന്നു: “ഒരിക്കൽ ഒരു കർഷകൻ വിത്തുവിതയ്ക്കാൻ പുറപ്പെട്ടു; 4 വിതയ്ക്കുമ്പോൾ ചിലത് വഴിയോരത്തു വീണു. അത് പക്ഷികൾ വന്നു കൊത്തിത്തിന്നു. 5 ചിലതു പാറയുള്ള സ്ഥലങ്ങളിൽ വീണു. അവിടെ അധികം മണ്ണില്ലായിരുന്നു, ആഴത്തിൽ മണ്ണില്ലാതിരുന്നതിനാൽ വിത്ത് വേഗം മുളച്ചുവന്നു. 6 എന്നാൽ സൂര്യകിരണമേറ്റപ്പോൾ അതു വരണ്ടു; ആഴത്തിൽ വേരില്ലാതിരുന്നതിനാൽ കരിഞ്ഞുംപോയി. 7 കുറെ വിത്തുകളാകട്ടെ, മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടികൾ പെട്ടെന്നുയർന്ന് ചെടികളെ ഞെരുക്കിക്കളഞ്ഞു. 8 എന്നാൽ, കുറെ വിത്തുകൾ നല്ല നിലത്തുവീണു; അവ നൂറും അറുപതും മുപ്പതും മടങ്ങ് വിളവുനൽകി. 9 ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ.”
-
18 “കർഷകന്റെ സാദൃശ്യകഥയുടെ അർഥം ശ്രദ്ധിക്കുക: 19 ഒരാൾ സ്വർഗരാജ്യത്തിന്റെസന്ദേശം കേൾക്കുന്നു. പക്ഷേ, അത് ഗ്രഹിക്കുന്നില്ല. അപ്പോൾ പിശാച് വന്ന്, അയാളുടെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് അപഹരിക്കുന്നു. ഇതാണ് വഴിയോരത്ത് വിതയ്ക്കപ്പെട്ട വിത്ത്. 20 പാറസ്ഥലത്ത് വിതയ്ക്കപ്പെട്ട വിത്തു പ്രതിനിധാനംചെയ്യുന്നത്, വചനം കേൾക്കുകയും ഉടനെതന്നെ അത് ആനന്ദത്തോടെ സ്വീകരിക്കുകയുംചെയ്യുന്ന വ്യക്തികളെയാണ്. 21 എന്നാൽ, അവർക്ക് ആഴത്തിൽ വേരില്ലായ്കയാൽ അധികനാൾ നിലനിൽക്കുകയില്ല. വചനംനിമിത്തം കഷ്ടതയോ ഉപദ്രവമോ ഉണ്ടാകുമ്പോൾ അവർ വേഗം വിശ്വാസം ത്യജിച്ചുകളയുന്നു. 22 മുൾച്ചെടികൾക്കിടയിൽ വിതയ്ക്കപ്പെട്ട വിത്ത് വചനം കേൾക്കുന്ന വ്യക്തികളാണ്, എന്നാൽ, ഈ ജീവിതത്തിലെ ആകുലതകളും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കി ഫലശൂന്യമാക്കിത്തീർക്കുന്നു. 23 നല്ല മണ്ണിൽ വിതയ്ക്കപ്പെട്ട വിത്താകട്ടെ, വചനം കേൾക്കുകയും ഗ്രഹിക്കുകയുംചെയ്യുന്നവരാണ്. അവ നൂറും അറുപതും മുപ്പതും മടങ്ങ് വിളവുനൽകുകയുംചെയ്യുന്നു.”
-
4 പല പട്ടണത്തിൽനിന്നും വലിയൊരു ജനസമൂഹം യേശുവിന്റെ അടുത്തേക്കു വന്നുകൊണ്ടിരുന്നു. അപ്പോൾ അദ്ദേഹം അവരോട് ഈ സാദൃശ്യകഥ പറഞ്ഞു: 5 “ഒരിക്കൽ ഒരു കർഷകൻ വിത്തുവിതയ്ക്കാൻ പുറപ്പെട്ടു; വിതയ്ക്കുമ്പോൾ ചിലത് വഴിയോരത്തു വീണു. വഴിയാത്രക്കാർ അത് ചവിട്ടിമെതിച്ചുകളയുകയും ആകാശത്തിലെ പക്ഷികൾ കൊത്തിത്തിന്നുകയും ചെയ്തു. 6 ചിലതു പാറയുള്ള സ്ഥലത്തു വീണു, അവ മുളച്ചുവന്നു എങ്കിലും ഈർപ്പം കിട്ടാതിരുന്നതുകൊണ്ട് കരിഞ്ഞുപോയി. 7 കുറെ വിത്തുകളാകട്ടെ, മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടികളും ചെടികളോടൊപ്പം വളർന്നു; ചെടികളെ ഞെരുക്കിക്കളഞ്ഞു. 8 എന്നാൽ, കുറെ വിത്തുകൾ നല്ല നിലത്തുവീണു; അവ വളർന്ന്, വിതച്ചതിന്റെ നൂറുമടങ്ങ് വിളവുനൽകി.”
ഇതു പറഞ്ഞതിനുശേഷം യേശു, “ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ!” എന്നു വിളിച്ചുപറഞ്ഞു.
9 യേശുവിന്റെ ശിഷ്യന്മാർ അദ്ദേഹത്തോട് ഈ സാദൃശ്യകഥയുടെ അർഥം എന്തെന്നു ചോദിച്ചു. 10 അതിന് യേശു ഉത്തരം പറഞ്ഞത്: “ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കാനുള്ള സൗഭാഗ്യം നിങ്ങൾക്കു നൽകിയിരിക്കുന്നു; എന്നാൽ മറ്റുള്ളവരോട് ഞാൻ സാദൃശ്യകഥകളിലൂടെയാണ് സംസാരിക്കുന്നത്.
“ ‘അവർ നോക്കുന്നെങ്കിലും കാണുന്നില്ല;
കേൾക്കുന്നെങ്കിലും ഗ്രഹിക്കുന്നില്ല.’
11 “ഈ സാദൃശ്യകഥയുടെ അർഥം ഇതാണ്: വിത്ത് ദൈവവചനം. 12 വഴിയോരത്തുള്ളവർ ദൈവവചനം ശ്രവിക്കുന്നവർ, പക്ഷേ, അവർക്കു വിശ്വസിച്ചു രക്ഷിക്കപ്പെടാൻ അവസരം ലഭിക്കാതവണ്ണം പിശാചുവന്ന് അവരുടെ ഹൃദയങ്ങളിൽനിന്ന് വചനം എടുത്തുകളയുന്നു. 13 വിത്തു വീണ പാറസ്ഥലമോ വചനം കേൾക്കുന്നമാത്രയിൽ ആനന്ദത്തോടെ സ്വീകരിക്കുന്നവരാണ്. എന്നാൽ, ആഴത്തിൽ വേരു പോകാൻ കഴിയാത്തതുകൊണ്ട് അവരുടെ വിശ്വാസം താൽക്കാലികമാണ്; പരിശോധനകൾ അഭിമുഖീകരിക്കുമ്പോൾ അവർ വിശ്വാസം ത്യജിച്ചുകളയുന്നു. 14 മുൾച്ചെടികൾക്കിടയിൽ വിത്തു വീണത്, വചനം കേൾക്കുന്നെങ്കിലും ജീവിതത്തിലെ ആകുലതകളാലും സമ്പത്തിനാലും സുഖഭോഗങ്ങളാലും കേട്ട വചനം ഞെരുക്കപ്പെട്ട് അത് നിഷ്ഫലമാകുന്നവരെ സൂചിപ്പിക്കുന്നു. 15 നല്ല മണ്ണിൽ വിത്തു വീണത്, നന്മയും ഹൃദയനൈർമല്യവുമുള്ളവരെ പ്രതിനിധാനംചെയ്യുന്നു. അവർ വചനം കേട്ട് അതു സംഗ്രഹിച്ചുവെക്കുകയും ക്ഷമയോടെ ഫലം പുറപ്പെടുവിക്കുകയുംചെയ്യുന്നു.
-
36 ബുദ്ധികെട്ട മനുഷ്യാ, നീ വിതയ്ക്കുന്ന വിത്തു ചാകുന്നില്ലെങ്കിൽ ജീവിപ്പിക്കപ്പെടുകയില്ല. 37 ഉണ്ടാകാനിരിക്കുന്ന ശരീരമല്ല നീ വിതയ്ക്കുന്നത്, പിന്നെയോ ഗോതമ്പിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ വിത്തുമാത്രമാണു വിതയ്ക്കുന്നത്. 38 എന്നാൽ ദൈവം അവിടത്തെ ഹിതപ്രകാരം, ഗോതമ്പിന് ഒരുതരം ശരീരവും, ഓരോതരം വിത്തിനും അതതിന്റെ തരം ശരീരവും നൽകുന്നു.
-
6 അൽപ്പം വിതയ്ക്കുന്നവൻ അൽപ്പം കൊയ്യും; ധാരാളം വിതയ്ക്കുന്നവൻ ധാരാളം കൊയ്യും എന്ന് ഓർക്കുക. 7 ഓരോരുത്തരും ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. വൈമനസ്യത്തോടെയോ നിർബന്ധത്താലോ ആകരുത്. കാരണം, ആനന്ദത്തോടെ കൊടുക്കുന്നവരെ ദൈവം സ്നേഹിക്കുന്നു. 8 നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും അനുസൃതമായും നിങ്ങൾ സകലസൽപ്രവൃത്തികളിലും വർധിച്ചുവരത്തക്ക വിധത്തിലും സമൃദ്ധമായ അനുഗ്രഹം നൽകാൻ ദൈവം പ്രാപ്തനാണ്.
9 “അവർ വാരിവിതറി ദരിദ്രർക്കു കൊടുക്കുന്നു;
അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു,”
എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ. 10 വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും നൽകുന്നവൻ നിങ്ങളുടെ വിത്തിന്റെ ശേഖരം വർധിപ്പിക്കുകയും നീതിയുടെ വിളവെടുപ്പു സമൃദ്ധമാക്കുകയും ചെയ്യും. 11 നിങ്ങൾ ഏതു സാഹചര്യങ്ങളിലും ഉദാരമനസ്ക്കരാകേണ്ടതിന് നിങ്ങൾ ദൈവത്താൽ എല്ലാരീതിയിലും സമ്പന്നരാക്കപ്പെടും. അങ്ങനെ നിങ്ങളുടെ ഉദാരത, ദൈവത്തിനു നന്ദി അർപ്പിക്കാൻ ഞങ്ങൾക്ക് കാരണമായിത്തീരും.
-
5 കണ്ണുനീരോടെ വിതയ്ക്കുന്നവർ
ആനന്ദഘോഷത്തോടെ കൊയ്തെടുക്കും.
6 വിതയ്ക്കാനുള്ള വിത്തു ചുമന്നുകൊണ്ട്,
കണ്ണുനീരോടെ നടക്കുന്നവർ,
കറ്റകൾ ചുമന്നുകൊണ്ട്
ആനന്ദഗീതം പാടി മടങ്ങുന്നു.
-
5 ആരാണ് അപ്പൊല്ലോസ്? ആരാണ് പൗലോസ്? നിങ്ങൾ സുവിശേഷത്തിൽ വിശ്വസിക്കുന്നതിന് ഉപകരണങ്ങളായി കർത്താവു നിയോഗിച്ച ശുശ്രൂഷക്കാർമാത്രമല്ലേ? 6 ഞാൻ നട്ടു, അപ്പൊല്ലോസ് നനച്ചു; വളർത്തിയതോ ദൈവമാണ്. 7 അതുകൊണ്ട്, നടുന്നവനൊ നനയ്ക്കുന്നവനൊ അല്ല മഹത്ത്വം, വളർച്ച നൽകുന്ന ദൈവത്തിന്നത്രേ. 8 നടുന്നവനും നനയ്ക്കുന്നവനും തുല്യരത്രേ. ഓരോരുത്തർക്കും അവരവരുടെ പ്രയത്നം അനുസരിച്ചു പ്രതിഫലം ലഭിക്കും. 9 ഞങ്ങൾ ദൈവത്തിന്റെ സഹപ്രവർത്തകർ; നിങ്ങൾ ദൈവത്തിന്റെ കൃഷിയിടം, ദൈവത്തിന്റെ ഗൃഹനിർമാണം.
-
6 പ്രഭാതത്തിൽ നിന്റെ വിത്തു വിതയ്ക്കുക,
സായാഹ്നത്തിൽ നിന്റെ കരങ്ങൾ അലസവും ആകരുത്,
കാരണം ഇതോ അതോ
ഏതു സഫലമാകുമെന്നോ
അല്ലെങ്കിൽ രണ്ടും ഒരുപോലെ നന്നായിരിക്കുമെന്നോ നിനക്ക് അറിയില്ലല്ലോ.
-
26 യേശു വീണ്ടും പറഞ്ഞു: “ഒരു മനുഷ്യൻ നിലത്തു വിത്തു വിതറുന്നതിനു തുല്യമാണ് ദൈവരാജ്യം. 27 രാത്രിയും പകലും അയാൾ ഉറങ്ങിയാലും ഉണർന്നിരുന്നാലും വിത്ത് മുളച്ചു വളർന്നുവരുന്നു; എങ്ങനെയെന്ന് അയാൾ അറിയുന്നില്ല. 28 ആദ്യം തണ്ട്, പിന്നെ കതിർ, പിന്നെ കതിരിൽ വിളഞ്ഞ ധാന്യമണികൾ; ഇങ്ങനെ ഭൂമി സ്വയമായി ധാന്യം ഉൽപ്പാദിപ്പിക്കുന്നു. 29 ധാന്യം വിളഞ്ഞാൽ ഉടനെ, കൊയ്ത്തുകാലമാകുന്നതുകൊണ്ട് അയാൾ ധാന്യച്ചെടിക്കു ചുവട്ടിൽ അരിവാൾ വെക്കുന്നു.”
-
24 സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ഗോതമ്പുമണി നിലത്തുവീണു ചാകുന്നില്ലെങ്കിൽ അത് ഒരു ഗോതമ്പുമണിയായിത്തന്നെ ഇരിക്കും; അത് ചാകുന്നെങ്കിലോ, ധാരാളം വിളവുണ്ടാകും.
-
11 “ഭൂമിയിൽ സസ്യജാലങ്ങൾ മുളയ്ക്കട്ടെ: ഭൂമിയിൽനിന്ന് വിത്തുള്ള സസ്യങ്ങളും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെ,” ദൈവം അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു. 12 ഭൂമി അതതുതരം വിത്തുള്ള സസ്യജാലങ്ങളും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിച്ചു. നല്ലത് എന്നു ദൈവം കണ്ടു.
-
22 “ഭൂമിയുള്ള കാലംവരെ
വിതയും കൊയ്ത്തും
ശീതവും ഉഷ്ണവും
വേനലും വർഷവും
പകലും രാത്രിയും
ഒരിക്കലും നിലയ്ക്കുകയില്ല.”
-
7 സഹോദരങ്ങളേ, കർത്താവിന്റെ പുനരാഗമനംവരെ ദീർഘക്ഷമയോടെ ഇരിക്കുക. ഭൂമി നൽകുന്ന മെച്ചമായ വിളവിനായി മുൻമഴയും പിൻമഴയും പ്രതീക്ഷിച്ചുകൊണ്ട് എത്ര ക്ഷമയോടെയാണ് ഒരു കർഷകൻ കാത്തിരിക്കുന്നത്! 8 നിങ്ങളും ക്ഷമയോടെ കാത്തിരിക്കുക; കർത്താവിന്റെ വരവു സമീപിച്ചിരിക്കുകയാൽ നിങ്ങൾ സ്ഥിരചിത്തരാകുക. 9 സഹോദരങ്ങളേ, നിങ്ങൾ വിധിക്കപ്പെടാതെ ഇരിക്കേണ്ടതിന്, ആരും പരസ്പരം ദുരാരോപണം ഉന്നയിക്കരുത്. ഇതാ, ന്യായാധിപൻ വാതിൽക്കൽ ആയിരിക്കുന്നു!
10 സഹോദരങ്ങളേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകരെ സഹനത്തിനും ദീർഘക്ഷമയ്ക്കും മാതൃകയായി സ്വീകരിക്കുക. 11 കഷ്ടത സഹിഷ്ണുതയോടെ അഭിമുഖീകരിച്ചവരെ നാം അനുഗൃഹീതരായി പരിഗണിക്കുന്നു. ഇയ്യോബിന്റെ സഹിഷ്ണുതയെക്കുറിച്ചു നിങ്ങൾ കേൾക്കുകയും കർത്താവു വരുത്തിയ ശുഭാന്ത്യം കാണുകയുംചെയ്തിരിക്കുന്നു. കർത്താവ് ദയാപൂർണനും കരുണാമയനും ആകുന്നു.
-
9 “ധാന്യം മെതിക്കുമ്പോൾ കാളയ്ക്കു മുഖക്കൊട്ട കെട്ടരുത്” എന്നു മോശയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നല്ലോ. കാളകളെക്കുറിച്ചുമാത്രമാണോ ദൈവത്തിനു കരുതലുള്ളത്? 10 വാസ്തവത്തിൽ നമ്മെ ഉദ്ദേശിച്ചല്ലേ അവിടന്ന് ഇത് അരുളിച്ചെയ്തിരിക്കുന്നത്? അതേ, നമുക്കുവേണ്ടിത്തന്നെയാണ് എഴുതപ്പെട്ടിരിക്കുന്നത്. കാരണം, ഉഴുന്നവൻ ഉഴുകയും മെതിക്കുന്നവൻ മെതിക്കുകയും ചെയ്യുമ്പോൾ അവരുടെ അധ്വാനഫലമായി, വിളവിന്റെ ഓഹരി അവർക്കും ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തല്ലല്ലോ. 11 ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആത്മികമായ വിത്തു വിതച്ചിട്ട്, നിങ്ങളിൽനിന്ന് ഭൗതികമായ ഒരു വിളവെടുപ്പു നടത്തിയാൽ അത് അധികമായിപ്പോകുമോ?
-
3 ആറുവർഷം നിങ്ങളുടെ നിലങ്ങൾ വിതയ്ക്കുക, ആറുവർഷം നിങ്ങളുടെ മുന്തിരിത്തോപ്പുകൾ വെട്ടിയൊരുക്കി അവയുടെ ഫലം ശേഖരിക്കുക. 4 എന്നാൽ ഏഴാംവർഷം ദേശത്തിനു വിശ്രമത്തിന്റെ ശബ്ബത്ത്, യഹോവയ്ക്ക് ഒരു ശബ്ബത്ത് ആയിരിക്കണം. നിങ്ങളുടെ നിലം വിതയ്ക്കുകയോ മുന്തിരിത്തോപ്പു വെട്ടിയൊരുക്കുകയോ ചെയ്യരുത്. 5 താനേ വളരുന്നതു കൊയ്യുകയോ പരിപാലിക്കാത്ത മുന്തിരിവള്ളിയിൽനിന്ന് മുന്തിരിങ്ങ ശേഖരിക്കുകയോ ചെയ്യരുത്. ദേശത്തിനു വിശ്രമത്തിന്റെ ഒരുവർഷം ഉണ്ടായിരിക്കണം.
-
11 അൻപതാംവർഷം നിങ്ങൾക്ക് വാർഷികോത്സവം ആയിരിക്കും; വിതയ്ക്കുകയോ താനേ വളരുന്നതു കൊയ്യുകയോ പരിചരിക്കാത്ത മുന്തിരിയിൽനിന്ന് ഫലം ശേഖരിക്കുകയോ ചെയ്യരുത്. 12 കാരണം അത് അൻപതാംവാർഷികോത്സവമാണ്; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കണം; വയലിൽനിന്ന് നേരിട്ട് എടുക്കുന്നതുമാത്രം ഭക്ഷിക്കുക.
-
18 “ ‘എന്റെ ഉത്തരവുകൾ പ്രമാണിച്ച് എന്റെ നിയമങ്ങൾ അനുസരിക്കാൻ ശ്രദ്ധിക്കുക, അങ്ങനെയായാൽ നിങ്ങൾക്കു ദേശത്തു സുരക്ഷിതരായി ജീവിക്കാൻ സാധിക്കും. 19 അപ്പോൾ ഭൂമി അതിന്റെ ഫലംതരും; നിങ്ങൾ സുഭിക്ഷമായി ഭക്ഷിച്ചു സുരക്ഷിതരായി അവിടെ ജീവിക്കാനും കഴിയും. 20 “നടാതെയും കൊയ്യാതെയുമിരുന്നാൽ ഏഴാംവർഷം ഞങ്ങൾ എന്തു ഭക്ഷിക്കും?” എന്നു നിങ്ങൾ ചോദിച്ചേക്കാം. 21 മൂന്നുവർഷത്തേക്കു മതിയായതു ഭൂമിയിൽനിന്ന് കിട്ടത്തക്കവിധം ഞാൻ ആറാംവർഷം ഒരു അനുഗ്രഹം അയയ്ക്കും. 22 എട്ടാംവർഷം നിങ്ങൾ നടുമ്പോഴും തുടർന്നുള്ള ഒൻപതാംവർഷത്തെ വിളവെടുപ്പുവരെയും നിങ്ങൾ പഴയ വിളവുകൊണ്ട് ഉപജീവനംകഴിക്കും.
-
6 നിങ്ങൾ വളരെയധികം വിതച്ചു, എങ്കിലും അൽപ്പമേ കൊയ്തുള്ളൂ; നിങ്ങൾ ഭക്ഷിച്ചു, പക്ഷേ, മതിയായില്ല. നിങ്ങൾ പാനംചെയ്യുന്നു, എന്നാൽ തൃപ്തിയാകുന്നില്ല. നിങ്ങൾ വസ്ത്രം ധരിക്കുന്നു, എന്നാൽ ചൂടു ലഭിക്കുന്നില്ല. നിങ്ങൾ ശമ്പളം വാങ്ങുന്നു, ഓട്ടയുള്ള പണസഞ്ചിയിൽ ഇടാൻവേണ്ടിമാത്രം ഉപകരിക്കുന്നു.”
-
9 നിന്റെ മുന്തിരിത്തോപ്പിൽ രണ്ടുതരം വിത്ത് നടാൻ പാടില്ല. അങ്ങനെചെയ്താൽ നീ നടുന്ന ധാന്യംമാത്രമല്ല, മുന്തിരിത്തോപ്പിലെ ഫലവും മലിനമാകും.
-
35 ‘ഇനി നാലുമാസം കഴിഞ്ഞാൽ കൊയ്ത്തിനു സമയമാകും,’ എന്നു നിങ്ങൾ പറയുന്നില്ലേ? എന്നാൽ, നിങ്ങൾ കണ്ണുതുറന്നു വയലുകളിലേക്കു നോക്കുക. അവ വിളഞ്ഞു പാകമായിരിക്കുന്നു. 36 ഇപ്പോൾത്തന്നെ കൊയ്ത്തുകാരൻ കൂലി വാങ്ങുകയും നിത്യജീവനിലേക്കു വിളവു ശേഖരിക്കുകയുംചെയ്യുന്നു. അങ്ങനെ വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുപോലെ ആനന്ദിക്കും. 37 ‘ഒരുവൻ വിതയ്ക്കുന്നു, മറ്റൊരുവൻ കൊയ്യുന്നു,’ എന്നുള്ള പഴഞ്ചൊല്ല് ഇക്കാര്യത്തിൽ യാഥാർഥ്യമാകുന്നു: 38 നിങ്ങൾ അധ്വാനിച്ചിട്ടില്ലാത്തതു കൊയ്യാൻ ഞാൻ നിങ്ങളെ അയച്ചു. മറ്റുള്ളവർ കഠിനാധ്വാനംചെയ്തു, അവരുടെ അധ്വാനത്തിന്റെ ഫലം നിങ്ങൾ അനുഭവിച്ചിരിക്കുന്നു.”
-
8 ദുഷ്ടത വിതയ്ക്കുന്നവർ നാശം കൊയ്യും,
അവരുടെ ഭീകരവാഴ്ച അവസാനിക്കും.
-
1 “ഞാൻ ആകുന്നു യഥാർഥ മുന്തിരിവള്ളി, എന്റെ പിതാവ് കർഷകനും! 2 ഫലം കായ്ക്കാത്തതായി എന്നിലുള്ള ശാഖകളെല്ലാം അവിടന്നു മുറിച്ചുകളയുന്നു; കായ്ക്കുന്നവയാകട്ടെ, അധികം ഫലം കായ്ക്കേണ്ടതിനു വെട്ടിയൊരുക്കുന്നു. 3 ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങളാൽ നിങ്ങൾ ശുദ്ധിയുള്ളവരായിത്തീർന്നിരിക്കുന്നു. 4 എന്നിൽ വസിച്ചുകൊണ്ടിരിക്കുക, അങ്ങനെയെന്നാൽ ഞാൻ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയിൽ വസിക്കാത്ത കൊമ്പിനു ഫലം പുറപ്പെടുവിക്കാൻ കഴിയാത്തതുപോലെ, എന്നിൽ വസിക്കാതെ നിങ്ങൾക്കും ഫലം പുറപ്പെടുവിക്കാൻ കഴിയുകയില്ല.
5 “ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ അതിന്റെ ശാഖകളും ആകുന്നു. ഒരാൾ എന്നിലും ഞാൻ അയാളിലും വസിക്കുന്നു എങ്കിൽ അയാൾ ധാരാളം ഫലം കായ്ക്കും; എന്നെക്കൂടാതെ നിങ്ങൾക്ക് യാതൊന്നും ചെയ്യാൻ കഴിയുകയില്ല. 6 നിങ്ങൾ എന്നിൽ വസിച്ചുകൊണ്ടിരുന്നില്ലെങ്കിൽ പുറത്തെറിഞ്ഞുകളയപ്പെട്ട ഒരു കൊമ്പുപോലെ ഉണങ്ങിപ്പോകും. അങ്ങനെയുള്ളവ മനുഷ്യർ പെറുക്കിയെടുത്തു തീയിലിട്ടു കത്തിച്ചുകളയും. 7 നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ, നിങ്ങൾ ഇച്ഛിക്കുന്നതെന്തും അപേക്ഷിക്കുക, അത് നിങ്ങൾക്കു ലഭിക്കും. 8 ധാരാളം ഫലം കായ്ക്കുന്നതിനാൽ നിങ്ങൾ എന്റെ ശിഷ്യർ എന്നു വ്യക്തമാകും, അതിലൂടെ എന്റെ പിതാവു മഹത്ത്വപ്പെടുകയും ചെയ്യും.
-
18 സമാധാനമുണ്ടാക്കുന്നവർ ശാന്തിയിൽ വിതച്ചു നീതിയുടെ ഫലം കൊയ്യും.
-
22 നിങ്ങൾ സത്യം അനുസരിച്ചതിലൂടെ നിങ്ങൾക്ക് വിശുദ്ധീകരണം ലഭിച്ചു; അത് നിഷ്കപടമായ സഹോദരസ്നേഹത്തിനുവേണ്ടിയാണ്, അതുകൊണ്ട് നിങ്ങൾ ഹൃദയശുദ്ധിയോടെ പരസ്പരം ഗാഢമായി സ്നേഹിക്കുക. 23 നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നത് നശ്വരബീജത്താലല്ല; അനശ്വരവും ജീവനുള്ളതും ശാശ്വതവുമായ ദൈവവചനത്താൽത്തന്നെ.
-
12 യിസ്ഹാക്ക് ആ ദേശത്ത് കൃഷിയിറക്കി; യഹോവ അദ്ദേഹത്തെ അനുഗ്രഹിച്ചതുകൊണ്ട് ആ വർഷം നൂറുമടങ്ങ് വിളവുണ്ടായി. 13 അദ്ദേഹം ധനികനായിത്തീർന്നു; മഹാധനവാനായിത്തീരത്തക്കവണ്ണം അദ്ദേഹത്തിന്റെ സമ്പത്തു വർധിച്ചുകൊണ്ടേയിരുന്നു.
-
21 “ആറുദിവസം നീ അധ്വാനിക്കണം; ഏഴാംദിവസം സ്വസ്ഥമായിരിക്കണം; വിതകാലമോ കൊയ്ത്തുകാലമോ ആയാലും നീ വിശ്രമിക്കണം.
-
5 വിവേകികളായ മക്കൾ വേനൽക്കാലത്ത് ധാന്യം ശേഖരിക്കുന്നു,
എന്നാൽ കൊയ്ത്തുകാലത്ത് ഉറങ്ങുന്നവരോ, അപമാനം വരുത്തുന്ന മക്കളും ആകുന്നു.
-
4 അലസർ കാലോചിതമായി നിലം ഉഴുതുമറിക്കുന്നില്ല;
തന്മൂലം കൊയ്ത്തുകാലത്ത് വിളവെടുപ്പിനായി പരതും; ഒന്നുംതന്നെ ലഭിക്കുകയില്ല.
-
4 കാറ്റിനെ നിരീക്ഷിക്കുന്നവർ വിതയ്ക്കുകയില്ല;
മേഘങ്ങളെ നോക്കുന്നവർ കൊയ്യുകയുമില്ല.
-
23 അപ്പോൾ അവിടന്ന് നിങ്ങൾ നിലത്തു വിതയ്ക്കുന്ന വിത്തിനു മഴയും നിലത്തെ വിളവിൽനിന്ന് നിങ്ങൾക്ക് ആഹാരവും നൽകും. അതു പൗഷ്ടികവും സമൃദ്ധവുമാകും. ആ ദിവസത്തിൽ നിങ്ങളുടെ കന്നുകാലികൾ വിസ്തൃതമായൊരു മേച്ചിൽസ്ഥലത്ത് മേയും.
-
13 അവർ ഗോതമ്പു വിതയ്ക്കും, എന്നാൽ മുള്ളുകൾ കൊയ്തെടുക്കും;
അവർ അത്യധ്വാനംചെയ്യും, എന്നാൽ ഒന്നും നേടുകയില്ല.
യഹോവയുടെ ഉഗ്രകോപംനിമിത്തം
അവർ തങ്ങളുടെ വിളവിനെപ്പറ്റി ലജ്ജിക്കും.”
-
12 നിങ്ങൾക്കുവേണ്ടി നീതി വിതയ്ക്കുക,
നിത്യസ്നേഹത്തിന്റെ ഫലം കൊയ്യുക.
തരിശുനിലങ്ങളെ ഉഴുവിൻ,
യഹോവ വന്നു
നിങ്ങളുടെമേൽ നീതി വർഷിക്കുന്നതുവരെ
അവിടത്തെ അന്വേഷിപ്പിൻ.
13 എന്നാൽ, നിങ്ങൾ ദുഷ്ടത നട്ടിരിക്കുന്നു,
നിങ്ങൾ ദോഷം കൊയ്തിരിക്കുന്നു,
വഞ്ചനയുടെ ഫലം നിങ്ങൾ തിന്നിരിക്കുന്നു.
നിങ്ങൾ സ്വന്തബലത്തിലും
യുദ്ധവീരന്മാരിലും ആശ്രയിച്ചതുകൊണ്ട്,
-
15 നീ വിതയ്ക്കും, പക്ഷേ, കൊയ്യുകയില്ല;
നീ ഒലിവുചക്കിൽ ആട്ടും, എന്നാൽ എണ്ണ ഉപയോഗിക്കുകയില്ല,
മുന്തിരിങ്ങ ചവിട്ടും, പക്ഷേ, വീഞ്ഞു കുടിക്കുകയില്ല.
-
9 ദൈവത്തിൽനിന്നു ജനിച്ചവരാരും പാപം ശീലമാക്കുന്നില്ല; ദൈവത്തിന്റെ വിത്ത് അവരിൽ വസിക്കുന്നല്ലോ. അവർ ദൈവത്തിൽനിന്നു ജനിച്ചിരിക്കുകയാൽ പാപത്തിൽ തുടരുക അവർക്ക് അസാധ്യമാണ്.
Shows Read in context, Share and Copy.