33 Bible Verses About Mourning
Biblica® Open Malayalam Contemporary Version™ (OMCV)
-
1 ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു ഒരു മലയിൽ കയറി അവിടെ ഇരുന്നു. ശിഷ്യന്മാർ അടുത്തുചെന്നു. 2 അദ്ദേഹം അവരെ തിരുമൊഴികളാൽ ഉപദേശിച്ചു.
അദ്ദേഹം പറഞ്ഞു:
3 “ആത്മാവിൽ ദരിദ്രരായവർ അനുഗൃഹീതർ;
അവർക്കുള്ളതല്ലോ സ്വർഗരാജ്യം.
4 വിലപിക്കുന്നവർ അനുഗൃഹീതർ;
അവർക്ക് സാന്ത്വനം ലഭിക്കും.
5 സൗമ്യശീലർ അനുഗൃഹീതർ;
അവർക്ക് ഭൂമി പൈതൃകമായി ലഭിക്കും.
-
13 സഹോദരങ്ങളേ, പ്രത്യാശയില്ലാത്ത മറ്റു മനുഷ്യർ, മരിച്ചുപോയ വിശ്വാസികളെക്കുറിച്ച് അജ്ഞരായിരിക്കുകയാൽ വ്യസനിക്കുന്നു. നിങ്ങൾ അങ്ങനെ ആകരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. 14 യേശു മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തുവെന്നു നാം വിശ്വസിക്കുന്നു എങ്കിൽ യേശുവോടൊത്ത് മരിച്ചവരെയും ദൈവം അവിടത്തോടൊപ്പം മടക്കിവരുത്തും. 15 കർത്താവിന്റെ പുനരാഗമനംവരെ ജീവനോടെ അവശേഷിച്ചിരിക്കുന്നവരായ നാം മരിച്ചവർക്കു മുമ്പേ ഉയിർത്തെഴുന്നേൽക്കുകയില്ല എന്നു കർത്താവിന്റെ വചനത്തെ ആധാരമാക്കി ഞങ്ങൾ നിങ്ങളോടു പറയുന്നു. 16 കർത്താവ് താൻ അത്യുച്ച ആജ്ഞയോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളധ്വനിയോടും കൂടെ സ്വർഗത്തിൽനിന്ന് ഇറങ്ങിവരികയും, ക്രിസ്തുവിൽ മരിച്ചവർ ആദ്യം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും. 17 അതിനുശേഷം, ജീവനോടെ അവശേഷിക്കുന്ന നാം അവരോടൊപ്പം ആകാശത്തിൽ കർത്താവിനെ എതിരേൽക്കാൻ മേഘങ്ങളിൽ എടുക്കപ്പെടും. ഇങ്ങനെ നാം അനന്തകാലം കർത്താവിനോടുകൂടെ വസിക്കും. 18 ഈ വചനങ്ങളാൽ പരസ്പരം ആശ്വസിപ്പിക്കുക.
-
31 അതിനുശേഷം ദാവീദ് യോവാബിനോടും അദ്ദേഹത്തിന്റെ കൂടെയുള്ള സകലജനത്തോടും പറഞ്ഞു: “നിങ്ങളുടെ വസ്ത്രംകീറി, ചാക്കുശീലയുടുത്ത് അബ്നേരിന്റെ മുമ്പിൽ വിലപിച്ചു നടക്കുക.” ദാവീദുരാജാവു ശവമഞ്ചത്തിന്റെ പിന്നിൽ നടന്നിരുന്നു. 32 അവർ അബ്നേരിനെ ഹെബ്രോനിൽ സംസ്കരിച്ചു. അബ്നേരിന്റെ ശവകുടീരത്തിൽ രാജാവ് ഉച്ചത്തിൽ വിലപിച്ചു. സകലജനവും വിലപിച്ചു.
33 അബ്നേരിനെപ്പറ്റി രാജാവ് ഈ വിലാപഗാനം പാടി:
“അബ്നേർ ഒരു നീചനെപ്പോലെയോ മരിക്കേണ്ടിവന്നത്!
34 നിന്റെ കരങ്ങൾ ബന്ധിച്ചിരുന്നില്ല,
നിന്റെ കാലുകൾക്കു ചങ്ങലയിട്ടിരുന്നില്ല.
ദുഷ്ടന്മാരുടെമുമ്പിൽ ഒരുവൻ വീഴുന്നതുപോലെ നീ വീണല്ലോ!”
സകലജനവും അവനെക്കുറിച്ച് വീണ്ടും വിലപിച്ചു.
35 പിന്നെ അവർ, വന്ന് ഭക്ഷണം കഴിക്കുന്നതിനു ദാവീദിനെ നിർബന്ധിച്ചു. നേരം നന്നേ പകലായിരുന്നു. എന്നാൽ “സൂര്യൻ അസ്തമിക്കുന്നതിനുമുമ്പ് അപ്പമോ മറ്റെന്തെങ്കിലുമോ ഞാൻ ഭക്ഷിക്കുന്നപക്ഷം ഞാൻ അർഹിക്കുന്നവിധവും അതിലധികവും ദൈവം എന്നെ ശിക്ഷിക്കട്ടെ!” എന്നു പറഞ്ഞ് ദാവീദ് ഒരു ശപഥംചെയ്തിരുന്നു.
-
34 പിന്നെ യാക്കോബ് തന്റെ വസ്ത്രംകീറി, ചാക്കുശീല ഉടുത്ത് തന്റെ മകനെച്ചൊല്ലി അനേകദിവസം വിലപിച്ചു. 35 അദ്ദേഹത്തിന്റെ എല്ലാ പുത്രന്മാരും പുത്രിമാരും അടുത്തുവന്ന് അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു; എങ്കിലും അദ്ദേഹം ആശ്വാസം കൈക്കൊള്ളാൻ വിസമ്മതിച്ചു. “കരഞ്ഞുകൊണ്ടുതന്നെ ഞാൻ പാതാളത്തിൽ എന്റെ മകന്റെ അടുക്കൽ ഇറങ്ങിച്ചെല്ലും,” എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ യോസേഫിന്റെ പിതാവ് അവനെച്ചൊല്ലി കരഞ്ഞു.
36 ഇതിനിടയിൽ മിദ്യാന്യർ, യോസേഫിനെ ഈജിപ്റ്റിൽ ഫറവോന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരാളും അംഗരക്ഷകരുടെ അധിപനുമായ പോത്തീഫറിനു വിറ്റു.
-
20 എന്നാൽ ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നത് നിദ്രപ്രാപിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിന്റെ ആദ്യഫലമായിട്ടാണ്. 21 ഒരു മനുഷ്യനിലൂടെ മരണം, ഒരു മനുഷ്യനിലൂടെത്തന്നെ മരിച്ചവരുടെ പുനരുത്ഥാനവും! 22 ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും. 23 എന്നാൽ ഓരോരുത്തരും അവരവരുടെ ക്രമമനുസരിച്ചായിരിക്കും ജീവിപ്പിക്കപ്പെടുന്നത്: ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്റെ പുനരാഗമനത്തിൽ ക്രിസ്തുവിനുള്ളവർ; 24 അതിനുശേഷം അവിടന്നു സകലഭരണവും അധികാരവും ശക്തിയും നീക്കിക്കളഞ്ഞിട്ട് രാജ്യം പിതാവായ ദൈവത്തെ ഏൽപ്പിക്കുമ്പോൾ പരിസമാപ്തി ഉണ്ടാകും. 25 സകലശത്രുക്കളെയും തന്റെ കാൽക്കീഴിലാക്കുന്നതുവരെ ക്രിസ്തു വാഴേണ്ടതാകുന്നു. 26 ഒടുവിലായി നശിപ്പിക്കപ്പെടുന്ന ശത്രുവാണു മരണം.
-
1 പിന്നീട് “ഞാൻ ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും” കണ്ടു. ആദ്യത്തെ ആകാശവും ഭൂമിയും നീങ്ങിപ്പോയി. ഇനിമേൽ സമുദ്രം ഇല്ല. 2 മണവാളനുവേണ്ടി അണിയിച്ചൊരുക്കപ്പെട്ട മണവാട്ടിയെപ്പോലെ പുതിയ ജെറുശലേം എന്ന വിശുദ്ധനഗരം സ്വർഗത്തിൽനിന്ന്, അതേ ദൈവത്തിൽനിന്നുതന്നെ ഇറങ്ങിവരുന്നതു ഞാൻ കണ്ടു. 3 അപ്പോൾ സിംഹാസനത്തിൽനിന്ന് അത്യുച്ചത്തിലുള്ള ഒരു ശബ്ദം ഞാൻ കേട്ടു: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ തിരുനിവാസം; അവിടന്ന് അവരുടെ ഇടയിൽ വസിക്കും. അവർ അവിടത്തെ സ്വന്തം ജനമായിരിക്കും. ദൈവംതന്നെ അവരോടുകൂടെയിരുന്ന് അവരുടെ സ്വന്തം ദൈവമായിരിക്കുകയും ചെയ്യും. 4 അവിടന്ന് അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും; ഇനിമേലാൽ മരണമോ വിലാപമോ രോദനമോ വേദനയോ ഉണ്ടാകില്ല; പഴയതെല്ലാം നീങ്ങിപ്പോയല്ലോ!”
5 സിംഹാസനസ്ഥൻ എന്നോടു പറഞ്ഞത്: “ഇതാ, ഞാൻ സകലത്തെയും പുതിയതാക്കുന്നു.” അവിടന്ന് എന്നോടു തുടർന്ന് കൽപ്പിച്ചത്, “ഈ വചനങ്ങൾ വിശ്വസനീയവും സത്യസന്ധവുമാകുകയാൽ ഇവ എഴുതുക.”
-
6 “ഈ ദേശത്തിലെ വലിയവരും ചെറിയവരും മരണമടയും; അവരെ അടക്കംചെയ്യുകയില്ല, ജനം അവർക്കുവേണ്ടി വിലപിക്കുകയോ സ്വയം മുറിവേൽപ്പിക്കുകയോ അവരുടെ തല ക്ഷൗരംചെയ്യുകയോ ഇല്ല. 7 മരിച്ചവരെക്കുറിച്ചു വിലപിക്കുന്നവരെ—സ്വന്തം മാതാവിനോ പിതാവിനോവേണ്ടി ആണെങ്കിൽപോലും—ആശ്വസിപ്പിക്കാനായി ആരും അവർക്ക് അപ്പം നുറുക്കി കൊടുക്കുകയില്ല, ആശ്വാസത്തിന്റെ പാനപാത്രം നൽകുകയുമില്ല.
8 “അവരോടൊപ്പം ഇരുന്ന് ഭക്ഷിച്ചു പാനംചെയ്യുന്നതിനായി നീ വിരുന്നുവീട്ടിലേക്കു പോകരുത്.
-
20 അപ്പോൾ ഇയ്യോബ് എഴുന്നേറ്റ് തന്റെ പുറങ്കുപ്പായം വലിച്ചുകീറി; തുടർന്ന് തലമുണ്ഡനം ചെയ്തു. അദ്ദേഹം സാഷ്ടാംഗം വീണു നമസ്കരിച്ച്,
-
1 യോസേഫ് തന്റെ പിതാവിന്റെമേൽ വീണ് അദ്ദേഹത്തെച്ചൊല്ലി കരഞ്ഞ് അദ്ദേഹത്തെ ചുംബിച്ചു. 2 അതിനുശേഷം യോസേഫ് തനിക്കു സേവനം അനുഷ്ഠിക്കുന്ന വൈദ്യന്മാരോട്, തന്റെ പിതാവായ ഇസ്രായേലിനെ സുഗന്ധലേപനംചെയ്യാൻ കൽപ്പിച്ചു. 3 സുഗന്ധലേപനത്തിനുവേണ്ടുന്ന നാൽപ്പതുദിവസം മുഴുവൻ എടുത്ത് വൈദ്യന്മാർ അദ്ദേഹത്തെ സുഗന്ധലേപനംചെയ്തു. ഈജിപ്റ്റുകാർ അദ്ദേഹത്തിനുവേണ്ടി എഴുപതുദിവസം വിലപിച്ചു.
-
29 അഹരോൻ മരിച്ചു എന്ന് സഭയെല്ലാം മനസ്സിലാക്കിയപ്പോൾ ഇസ്രായേൽഗൃഹം മുഴുവനും മുപ്പതുദിവസം അദ്ദേഹത്തെച്ചൊല്ലി വിലപിച്ചു.
-
18 ഹൃദയവ്യഥയനുഭവിക്കുന്നവർക്ക് യഹോവ സമീപസ്ഥൻ
മനസ്സു തകർന്നവരെ അവിടന്ന് രക്ഷിക്കുന്നു.
-
15 പിന്നീട് യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 16 “മനുഷ്യപുത്രാ, നിന്റെ കണ്ണിന് ആനന്ദമായവളെ ഒരൊറ്റ അടികൊണ്ട് ഞാൻ നിങ്കൽനിന്ന് എടുത്തുകളയാൻ പോകുകയാണ്. എങ്കിലും നീ വിലപിക്കയോ കരയുകയോ കണ്ണുനീർ ചൊരിയുകയോ അരുത്. 17 മൗനമായി നെടുവീർപ്പിട്ടുകൊൾക; മരിച്ചവൾക്കുവേണ്ടി കരയരുത്. നിന്റെ തലപ്പാവുകെട്ടി കാലിൽ ചെരിപ്പിട്ടുകൊൾക; മീശയും താടിയും മറയ്ക്കരുത്; വിലപിക്കുന്നവർക്കു പതിവുള്ള ഭക്ഷണം കഴിക്കുകയുമരുത്.”
18 അങ്ങനെ ഞാൻ രാവിലെ ജനത്തോടു സംസാരിച്ചു, വൈകുന്നേരം എന്റെ ഭാര്യ മരിച്ചു. അടുത്ത പ്രഭാതത്തിൽ എന്നോടു കൽപ്പിച്ചിരുന്നതുപോലെ ഞാൻ ചെയ്തു.
-
10 “ഞാൻ, ദാവീദുഗൃഹത്തിന്മേലും ജെറുശലേംനിവാസികളിന്മേലും കൃപയുടെയും അഭയയാചനകളുടെയും ആത്മാവിനെ പകരും. അവർ എങ്കലേക്കു നോക്കും, അവർ കുത്തിയവങ്കലേക്കുതന്നെ. ഏകജാതനെക്കുറിച്ച് വിലപിക്കുന്നതുപോലെ അവനെക്കുറിച്ച് അവർ വിലപിക്കും, ആദ്യജാതനെക്കുറിച്ച് ദുഃഖിക്കുന്നതുപോലെ അവർ കയ്പോടെ ദുഃഖിക്കും. 11 ആ ദിവസത്തിൽ, മെഗിദ്ദോസമതലത്തിലെ ഹദദ്-രിമ്മോനിലെ വിലാപംപോലെ, ജെറുശലേമിൽ മഹാവിലാപം ഉണ്ടാകും. 12 ദേശം വിലപിക്കും; അവർ കുലംകുലമായി വിലപിക്കും, അവരുടെ ഭാര്യമാരും വിലപിക്കും: ദാവീദുഗൃഹത്തിലെ കുലങ്ങളും അവരുടെ ഭാര്യമാരും നാഥാൻഗൃഹത്തിലെ കുലവും അവരുടെ ഭാര്യമാരും വിലപിക്കും. 13 ലേവിഗൃഹത്തിന്റെ കുലവും അവരുടെ ഭാര്യമാരും ശിമെയിഗൃഹത്തിന്റെ കുലവും അവരുടെ ഭാര്യമാരും 14 ശേഷിച്ച എല്ലാ കുലങ്ങളും അവരുടെ ഭാര്യമാരും വിലപിക്കും.
-
3 കരുണാസമ്പന്നനായ പിതാവും സർവ ആശ്വാസങ്ങളുടെയും ദാതാവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവുമായ ദൈവം വാഴ്ത്തപ്പെട്ടവൻ! 4 ഞങ്ങൾക്കുണ്ടാകുന്ന സകലകഷ്ടതകളിലും അവിടന്നു ഞങ്ങളെ ആശ്വസിപ്പിക്കുന്നു. അതുകൊണ്ട് ഞങ്ങളും ഏതുതരം കഷ്ടതയിൽ ആയിരിക്കുന്നവരെയും ദൈവത്തിൽനിന്നു ലഭിച്ചിരിക്കുന്ന ആശ്വാസത്താൽ, ആശ്വസിപ്പിക്കാൻ പ്രാപ്തരായിരിക്കുന്നു. 5 അങ്ങനെ, ക്രിസ്തു നിമിത്തമുള്ള കഷ്ടതകൾ ഞങ്ങളിൽ വർധിച്ചുവരുന്നതുപോലെ ക്രിസ്തുവിൽനിന്നു ലഭിക്കുന്ന ആശ്വാസവും ഞങ്ങളിൽ വർധിച്ചുവരുന്നു.
-
8 ഇസ്രായേല്യർ മോശയെ ഓർത്ത് മോവാബ് സമതലത്തിൽ മുപ്പതുദിവസം വിലപിച്ചു. അങ്ങനെ വിലാപകാലം അവസാനിച്ചു.
-
10 അതുകൊണ്ട് ഭയപ്പെടരുത്, ഞാൻ നിന്നോടുകൂടെയുണ്ടല്ലോ;
ഉത്കണ്ഠപ്പെടരുത്, ഞാൻ നിന്റെ ദൈവമാണല്ലോ.
ഞാൻ നിന്നെ ബലപ്പെടുത്തുകയും നിന്നെ സഹായിക്കുകയും ചെയ്യും;
എന്റെ നീതിയുള്ള വലംകരത്താൽ ഞാൻ നിന്നെ താങ്ങിക്കൊള്ളും.
-
3 ഹൃദയം തകർന്നവരെ അവിടന്ന് സൗഖ്യമാക്കുകയും
അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു.
-
1 ദരിദ്രരോടു സുവിശേഷം അറിയിക്കാൻ
യഹോവയായ കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കുകയാൽ
അവിടത്തെ ആത്മാവ് എന്റെമേലുണ്ട്.
ഹൃദയം തകർന്നവരുടെ മുറിവു കെട്ടുന്നതിനും
തടവുകാർക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനും
ബന്ധിതരെ മോചിപ്പിക്കുന്നതിനും അവിടന്ന് എന്നെ അയച്ചിരിക്കുന്നു.
2 യഹോവയുടെ പ്രസാദവർഷവും
നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസംഗിക്കാനും
വിലപിക്കുന്നവരെയെല്ലാം ആശ്വസിപ്പിക്കാനും
3 സീയോനിലെ ദുഃഖിതർക്കു—
വെണ്ണീറിനു പകരം
തലപ്പാവ് അലങ്കാരമായും
വിലാപത്തിനു പകരം
ആനന്ദതൈലവും
വിഷാദഹൃദയത്തിനു പകരം
സ്തുതിയെന്ന മേലങ്കിയും നൽകുവാനും,
അവിടന്ന് എന്നെ അയച്ചിരിക്കുന്നു.
അവിടത്തെ മഹത്ത്വം വെളിപ്പെടുത്തേണ്ടതിന്
യഹോവ നട്ടുവളർത്തിയ
നീതിയുടെ ഓക്കുമരങ്ങളാണ് അവർ എന്നു വിളിക്കപ്പെടും.
-
35 യേശു കരഞ്ഞു.
36 അപ്പോൾ യെഹൂദർ പറഞ്ഞു, “നോക്കൂ, യേശു അവനെ എത്രമാത്രം സ്നേഹിച്ചിരുന്നു!”
-
26 എന്റെ ശരീരവും ഹൃദയവും ദുർബലമായേക്കാം,
എന്നാൽ ദൈവം എന്റെ ഹൃദയത്തിന്റെ ശക്തിയും
എന്നേക്കുമുള്ള എന്റെ ഓഹരിയും ആകുന്നു.
-
1 എല്ലാറ്റിനും ഒരു സമയമുണ്ട്,
ആകാശത്തിനുകീഴേയുള്ള ഓരോ പ്രവൃത്തിക്കും ഒരു നിശ്ചിതകാലവുമുണ്ട്.
2 ജനനത്തിനൊരു കാലം, മരണത്തിനൊരു കാലം,
നടുന്നതിനൊരു കാലം, വിളവെടുക്കുന്നതിനൊരു കാലം,
3 കൊല്ലുന്നതിനൊരു കാലം, സൗഖ്യമാക്കുന്നതിനൊരു കാലം,
ഇടിച്ചുനിരത്തുന്നതിനൊരു കാലം, പണിതുയർത്തുന്നതിനൊരു കാലം.
4 കരയുന്നതിനൊരു കാലം, ചിരിക്കുന്നതിനൊരു കാലം,
വിലപിക്കുന്നതിനൊരു കാലം, നൃത്തംചെയ്യുന്നതിനൊരു കാലം.
-
16 ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു.
-
1 “നിങ്ങളുടെ ഹൃദയം അതിദുഃഖിതമാകരുത്; ദൈവത്തിൽ വിശ്വസിക്കുക, എന്നിലും വിശ്വസിക്കുക. 2 എന്റെ പിതാവിന്റെ ഭവനത്തിൽ നിവാസയോഗ്യമായ സ്ഥലം വളരെയുണ്ട്. അങ്ങനെ അല്ലായിരുന്നെങ്കിൽ ഞാൻ നിങ്ങൾക്കുവേണ്ടി സ്ഥലമൊരുക്കാൻ പോകുന്നെന്നു പറയുമായിരുന്നോ? 3 ഞാൻ പോയി സ്ഥലമൊരുക്കിക്കഴിയുമ്പോൾ, നിങ്ങളും എന്നോടൊപ്പം ഞാൻ ആയിരിക്കുന്നേടത്ത് ആകേണ്ടതിന്, മടങ്ങിവന്നു നിങ്ങളെ എന്റെ അടുക്കൽ ചേർക്കും. 4 ഞാൻ പോകുന്ന സ്ഥലത്തേക്കുള്ള വഴി നിങ്ങൾക്കറിയാം.”
-
50 സഹോദരങ്ങളേ, ജഡരക്തങ്ങൾക്കു ദൈവരാജ്യം അവകാശമാക്കാൻ സാധ്യമല്ലെന്നു ഞാൻ പറയുന്നു; നശ്വരമായത് അനശ്വരതയെ അവകാശമാക്കുകയില്ല. 51 ശ്രദ്ധിക്കുക, ഞാൻ ഒരു രഹസ്യം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രപ്രാപിക്കുകയില്ല, നാം എല്ലാവരും രൂപാന്തരപ്പെടും. 52 അന്ത്യകാഹളധ്വനി മുഴങ്ങുമ്പോൾ, ക്ഷണനേരത്തിൽ, കണ്ണിമയ്ക്കുന്നതിനിടയിൽ മരിച്ചവർ അക്ഷയരായി ഉയിർപ്പിക്കപ്പെടും; നാം രൂപാന്തരം പ്രാപിക്കുകയും ചെയ്യും. 53 ഈ നശ്വരമായത് അനശ്വരതയെയും ഈ മർത്യമായത് അമർത്യതയെയും ധരിക്കേണ്ടതാകുന്നു. 54 ഇങ്ങനെ ഈ നശ്വരമായത് അനശ്വരതയെയും ഈ മർത്യമായത് അമർത്യതയെയും ധരിച്ചുകഴിയുമ്പോൾ, “മരണത്തെ വിജയം ഗ്രസിച്ചു” എന്നു എഴുതിയ വചനം നിറവേറും.
55 “ഹേ മരണമേ, നിന്റെ ജയം എവിടെ?
ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ?”
56 മരണത്തിന്റെ വിഷമുള്ള് പാപം; പാപത്തിന്റെ ശക്തി ന്യായപ്രമാണം. 57 എന്നാൽ ദൈവത്തിനു സ്തോത്രം! നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ അവിടന്ന് നമുക്കു വിജയം നൽകുന്നു.
-
4 മരണനിഴലിൻ താഴ്വരയിൽക്കൂടി
ഞാൻ സഞ്ചരിച്ചെന്നാലും,
ഒരു അനർഥവും ഞാൻ ഭയപ്പെടുകയില്ല,
എന്നോടൊപ്പം അവിടന്നുണ്ടല്ലോ;
അവിടത്തെ വടിയും കോലും
എന്നെ ആശ്വസിപ്പിക്കുന്നു.
-
4 നിശ്ചയമായും അവൻ നമ്മുടെ രോഗങ്ങളെ വഹിച്ചു,
നമ്മുടെ വേദനകളെ അവൻ ചുമന്നു.
ദൈവമാണ് അവനെ ശിക്ഷിച്ചതും അടിച്ചതും
പീഡിപ്പിച്ചതും എന്നു നാം കരുതി.
5 എന്നാൽ നമ്മുടെ ലംഘനങ്ങൾക്കുവേണ്ടിയാണ് അവൻ മുറിവേറ്റത്,
നമ്മുടെ അകൃത്യങ്ങൾനിമിത്തമാണ് അവൻ തകർക്കപ്പെട്ടത്.
നമ്മുടെ സമാധാനത്തിനുവേണ്ടിയുള്ള ശിക്ഷ അവന്റെമേൽ പതിച്ചു,
അവൻ സഹിച്ച മുറിവുകളാൽ നാം സൗഖ്യം പ്രാപിച്ചിരിക്കുന്നു.
6 നാമെല്ലാവരും ആടുകളെപ്പോലെ തെറ്റിയലഞ്ഞിരുന്നു,
നാമോരോരുത്തനും നമ്മുടെ സ്വന്തം വഴിക്കു തിരിഞ്ഞു;
എന്നാൽ യഹോവ നമ്മുടെയെല്ലാവരുടെയും
അകൃത്യം അവന്റെമേൽ ചുമത്തി.
-
26 അതുപോലെതന്നെ, നമ്മുടെ ബലഹീനതയിൽ നമുക്ക് ബലം നൽകാൻ പരിശുദ്ധാത്മാവു സഹായി ആകുന്നു; എന്താണ് പ്രാർഥിക്കേണ്ടത് എന്ന് നമുക്കറിഞ്ഞുകൂടാ! എന്നാൽ, അവാച്യമായ ഞരക്കങ്ങളാൽ പരിശുദ്ധാത്മാവുതന്നെ നമുക്കുവേണ്ടി മധ്യസ്ഥത ചെയ്യുന്നു. 27 ഹൃദയങ്ങളെ പരിശോധിക്കുന്ന ദൈവം ആത്മാവിന്റെ ചിന്ത എന്തെന്ന് അറിയുന്നുണ്ട്. കാരണം, ദൈവഹിതാനുസരണമാണ് പരിശുദ്ധാത്മാവു ദൈവജനത്തിനുവേണ്ടി മധ്യസ്ഥത ചെയ്യുന്നത്.
28 ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അതായത്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കുതന്നെ ദൈവം എല്ലാ കാര്യങ്ങളും നന്മയ്ക്കായി ചേർന്നു പ്രവർത്തിക്കുമാറാക്കുന്നു എന്നു നാം അറിയുന്നു.
-
6 അതിനാൽ ഞങ്ങൾ എപ്പോഴും ധൈര്യപ്പെട്ടിരിക്കുന്നു; ഈ ശരീരത്തിൽ വസിക്കുന്ന കാലംവരെ ഞങ്ങൾ കർത്താവിൽനിന്ന് അകലെയായിരിക്കുന്നെന്ന് അറിയുന്നു. 7 ദൃശ്യമായതിൽ ആശ്രയിച്ചുകൊണ്ടല്ല, അദൃശ്യമായതിൽ വിശ്വാസമർപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്. 8 ഈ ഉറപ്പോടെ, ശരീരം വിട്ടകന്നു കർത്താവിനോടുകൂടെ വസിക്കാൻ ഞങ്ങൾ ഏറെ ഇഷ്ടപ്പെടുന്നു.
-
6 അതുകൊണ്ട്, ദൈവത്തിന്റെ ശക്തിയേറിയ കരത്തിൻകീഴിൽ വിനയാന്വിതരായിരിക്കുക. അപ്പോൾ അവിടന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തും. 7 ദൈവം നിങ്ങളുടെ സകലകാര്യങ്ങളിലും ശ്രദ്ധാലുവായിരിക്കുകയാൽ നിങ്ങളുടെ എല്ലാ ആകുലചിന്തകളും ദൈവത്തിൽ സമർപ്പിക്കുക.
-
30 എന്നാൽ ദാവീദ് ഒലിവുമലയിലേക്കു യാത്രതുടർന്നു. അദ്ദേഹം തല മൂടിയും നഗ്നപാദനായും കരഞ്ഞുകൊണ്ടു യാത്രചെയ്തിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള സകലജനവും, അവർ കടന്നുപോകുമ്പോൾ തലമൂടി വിലപിച്ചുകൊണ്ടിരുന്നു.
-
16 “ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തരെപ്പോലെ വിഷാദഭാവത്തോടെ ഇരിക്കരുത്; തങ്ങൾ ഉപവാസം അനുഷ്ഠിക്കുകയാണെന്ന് മനുഷ്യരെ കാണിക്കുന്നതിനുവേണ്ടി അവർ വിഷാദമുഖം കാണിക്കുന്നു. ഞാൻ സത്യം പറയട്ടെ, അവരുടെ പ്രതിഫലം അവർക്കു ലഭിച്ചുകഴിഞ്ഞു. 17 എന്നാൽ, നിങ്ങൾ ഉപവസിക്കുമ്പോൾ തലയിൽ എണ്ണ തേക്കുകയും മുഖം കഴുകുകയും ചെയ്യുക. 18 അങ്ങനെയായാൽ നിങ്ങൾ ഉപവസിക്കുകയാണെന്ന് മറ്റുള്ളവർ അറിയാതിരിക്കുകയും നിങ്ങളുടെ അദൃശ്യനായ പിതാവുമാത്രം അറിയുകയും ചെയ്യും; നിങ്ങൾ രഹസ്യത്തിൽ ചെയ്യുന്നതു കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലം നൽകുകയും ചെയ്യും.
-
28 “ക്ഷീണിതരേ, ഭാരംചുമക്കുന്നവരേ, നിങ്ങൾ എന്റെ അടുക്കൽ വരിക, ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും. 29 ഞാൻ സൗമ്യനും വിനീതഹൃദയനും ആയതുകൊണ്ട് എന്റെ നുകം നിങ്ങൾ സ്വീകരിച്ചുകൊണ്ട് എന്നോട് പഠിക്കുക; എന്നാൽ, നിങ്ങൾ നിങ്ങളുടെ പ്രാണന് വിശ്രമം കണ്ടെത്തും. 30 എന്റെ നുകം മൃദുവും എന്റെ ഭാരം ലഘുവും ആകുന്നുവല്ലോ!”
-
18 നമുക്കു ലഭിക്കാനിരിക്കുന്ന തേജസ്സിന്റെ മുമ്പിൽ ഇക്കാലത്തെ കഷ്ടതകൾ വളരെ നിസ്സാരം എന്നു ഞാൻ കരുതുന്നു.
Shows Read in context, Share and Copy.