30 Bible Verses About Heartbreak

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Heartbreak
  1. 18 ഹൃദയവ്യഥയനുഭവിക്കുന്നവർക്ക് യഹോവ സമീപസ്ഥൻ

    മനസ്സു തകർന്നവരെ അവിടന്ന് രക്ഷിക്കുന്നു.

    19 നീതിനിഷ്ഠരായ മനുഷ്യർക്കു ധാരാളം യാതനകൾ ഉണ്ടാകും

    എങ്കിലും അവ എല്ലാറ്റിൽനിന്നും യഹോവ അവരെ വിടുവിക്കുന്നു;

    20 അവിടന്ന് അവരുടെ അസ്ഥികൾക്കെല്ലാം സംരക്ഷണം നൽകുന്നു,

    അവയിൽ ഒന്നുപോലും ഉടയ്ക്കപ്പെടുകയില്ല.

  2. 2 യഹോവ ജെറുശലേമിനെ പണിയുന്നു;

    അവിടന്ന് ഇസ്രായേലിലെ അഭയാർഥികളെ കൂട്ടിച്ചേർക്കുന്നു.

    3 ഹൃദയം തകർന്നവരെ അവിടന്ന് സൗഖ്യമാക്കുകയും

    അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു.

    4 അവിടന്ന് നക്ഷത്രങ്ങളുടെ എണ്ണം കണക്കാക്കുന്നു

    അവ ഓരോന്നിനെയും പേരുവിളിക്കുന്നു.

    5 നമ്മുടെ കർത്താവ് വലിയവനും ശക്തിയിൽ പ്രബലനുമാകുന്നു;

    അവിടത്തെ വിവേകത്തിന് പരിമിതികളില്ല.

    6 യഹോവ വിനയാന്വിതരെ പരിപാലിക്കുന്നു

    എന്നാൽ ദുഷ്ടരെ അവിടന്ന് തറപറ്റിക്കുന്നു.

  3. 3 അപ്പോൾ സിംഹാസനത്തിൽനിന്ന് അത്യുച്ചത്തിലുള്ള ഒരു ശബ്ദം ഞാൻ കേട്ടു: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ തിരുനിവാസം; അവിടന്ന് അവരുടെ ഇടയിൽ വസിക്കും. അവർ അവിടത്തെ സ്വന്തം ജനമായിരിക്കും. ദൈവംതന്നെ അവരോടുകൂടെയിരുന്ന് അവരുടെ സ്വന്തം ദൈവമായിരിക്കുകയും ചെയ്യും. 4 അവിടന്ന് അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും; ഇനിമേലാൽ മരണമോ വിലാപമോ രോദനമോ വേദനയോ ഉണ്ടാകില്ല; പഴയതെല്ലാം നീങ്ങിപ്പോയല്ലോ!”

  4. 27 സമാധാനം ഞാൻ നിങ്ങൾക്കു തന്നിട്ടുപോകുന്നു. ഞാൻ നിങ്ങൾക്കു തരുന്നത് എന്റെ സമാധാനമാണ്, അത് ലോകം തരുന്നതുപോലെ അല്ല. നിങ്ങളുടെ ഹൃദയം അതിദുഃഖിതമാകരുത്; നിങ്ങൾ ഭയന്നുപോകുകയുമരുത്.

  5. 22 നിന്റെ ഭാരം യഹോവയുടെമേൽ സമർപ്പിക്കുക

    അവിടന്നു നിന്നെ പുലർത്തും;

    നീതിനിഷ്ഠർ നിപതിക്കാൻ

    അവിടന്ന് ഒരിക്കലും അനുവദിക്കുകയില്ല.

  6. 5 പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക

    സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്;

    6 നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ,

    അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും.

    7 സ്വബുദ്ധിയിൽ, നീ ജ്ഞാനിയെന്നു ഭാവിക്കരുത്;

    യഹോവയെ ഭയപ്പെട്ട് തിന്മയിൽനിന്ന് അകന്നുനിൽക്കുക.

    8 ഇതു നിന്റെ ശരീരത്തിന് ആരോഗ്യവും

    അസ്ഥികൾക്ക് പോഷണവും നൽകും.

  7. 28 “ക്ഷീണിതരേ, ഭാരംചുമക്കുന്നവരേ, നിങ്ങൾ എന്റെ അടുക്കൽ വരിക, ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും. 29 ഞാൻ സൗമ്യനും വിനീതഹൃദയനും ആയതുകൊണ്ട് എന്റെ നുകം നിങ്ങൾ സ്വീകരിച്ചുകൊണ്ട് എന്നോട് പഠിക്കുക; എന്നാൽ, നിങ്ങൾ നിങ്ങളുടെ പ്രാണന് വിശ്രമം കണ്ടെത്തും. 30 എന്റെ നുകം മൃദുവും എന്റെ ഭാരം ലഘുവും ആകുന്നുവല്ലോ!”

  8. 10 അതുകൊണ്ട് ഭയപ്പെടരുത്, ഞാൻ നിന്നോടുകൂടെയുണ്ടല്ലോ;

    ഉത്കണ്ഠപ്പെടരുത്, ഞാൻ നിന്റെ ദൈവമാണല്ലോ.

    ഞാൻ നിന്നെ ബലപ്പെടുത്തുകയും നിന്നെ സഹായിക്കുകയും ചെയ്യും;

    എന്റെ നീതിയുള്ള വലംകരത്താൽ ഞാൻ നിന്നെ താങ്ങിക്കൊള്ളും.

  9. 28 ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അതായത്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കുതന്നെ ദൈവം എല്ലാ കാര്യങ്ങളും നന്മയ്ക്കായി ചേർന്നു പ്രവർത്തിക്കുമാറാക്കുന്നു എന്നു നാം അറിയുന്നു.

  10. 26 എന്റെ ശരീരവും ഹൃദയവും ദുർബലമായേക്കാം,

    എന്നാൽ ദൈവം എന്റെ ഹൃദയത്തിന്റെ ശക്തിയും

    എന്നേക്കുമുള്ള എന്റെ ഓഹരിയും ആകുന്നു.

  11. 7 ദൈവം നിങ്ങളുടെ സകലകാര്യങ്ങളിലും ശ്രദ്ധാലുവായിരിക്കുകയാൽ നിങ്ങളുടെ എല്ലാ ആകുലചിന്തകളും ദൈവത്തിൽ സമർപ്പിക്കുക.

  12. 33 “നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന് ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. ഈ ലോകത്തിൽ നിങ്ങൾക്കു വലിയ കഷ്ടത നേരിടേണ്ടിവരും. എങ്കിലും ധൈര്യപ്പെടുക; ഞാൻ ലോകത്തെ ജയിച്ചടക്കിയിരിക്കുന്നു.”

  13. 20 ഒട്ടനവധി കഠിനയാതനകളിലൂടെ

    അവിടന്ന് എന്നെ നടത്തിയെങ്കിലും

    അവിടന്ന് എന്റെ ജീവൻ പുനരുദ്ധരിക്കും;

    ഭൂമിയുടെ അഗാധതലങ്ങളിൽനിന്നും

    അവിടന്നെന്നെ ഉയർത്തിക്കൊണ്ടുവരും.

  14. 12 സഫലമാകാൻ വൈകുന്ന പ്രതീക്ഷകൾ ഹൃദയത്തെ രോഗാതുരമാക്കുന്നു,

    എന്നാൽ ചിരകാലാഭിലാഷത്തിന്റെ പൂർത്തീകരണം ജീവന്റെ വൃക്ഷമാണ്.

    13 ഉപദേശം ധിക്കരിക്കുന്നവർ അതിനു നല്ല വില കൊടുക്കേണ്ടിവരും,

    എന്നാൽ കൽപ്പനകൾ ആദരിക്കുന്നവർക്കു പ്രതിഫലം ലഭിക്കും.

    14 ജ്ഞാനിയുടെ ഉപദേശം ജീവജലധാരയാണ്,

    അത് ഒരു മനുഷ്യനെ മരണക്കെണിയിൽനിന്നു രക്ഷിക്കുന്നു.

    15 നല്ല വിധിനിർണയം പ്രസാദം ആർജിക്കുന്നു,

    എന്നാൽ വിശ്വാസഘാതകർ അവരെത്തന്നെ നാശത്തിലേക്കു നയിക്കുന്നു.

    16 വിവേകികൾ തങ്ങളുടെ പരിജ്ഞാനത്തിനനുസരിച്ചു പ്രവർത്തിക്കുന്നു,

    എന്നാൽ ഭോഷർ തങ്ങളുടെ മടയത്തരം വെളിവാക്കുന്നു.

  15. 8 ഞങ്ങൾ സകലവിധത്തിലും കഷ്ടത അനുഭവിക്കുന്നുണ്ടെങ്കിലും പാടേ തകർന്നുപോകുന്നില്ല. ആകാംക്ഷാഭരിതരെങ്കിലും നിരാശപ്പെടുന്നില്ല. 9 പീഡിതരെങ്കിലും പരിത്യക്തരല്ല; അടിയേറ്റുവീഴുന്നവരെങ്കിലും നശിച്ചുപോകുന്നില്ല. 10 യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരങ്ങളിൽ പ്രകടമാകാൻ ഞങ്ങൾ എപ്പോഴും യേശുവിന്റെ മരണം ഞങ്ങളുടെ ശരീരങ്ങളിൽ വഹിക്കുന്നു.

  16. ദാവീദിന്റെ ഒരു സങ്കീർത്തനം.

    1 യഹോവേ, അങ്ങയുടെ കോപത്തിൽ എന്നെ ശകാരിക്കുകയോ

    അങ്ങയുടെ ക്രോധത്തിൽ എന്നെ ശിക്ഷിക്കുകയോ അരുതേ.

    2 യഹോവേ, എന്നോടു കരുണയുണ്ടാകണമേ, ഞാൻ ക്ഷീണിതനായിരിക്കുന്നു;

    യഹോവേ, എന്നെ സൗഖ്യമാക്കണമേ, എന്റെ അസ്ഥികൾ കഠിനവ്യഥയിൽ ആയിരിക്കുന്നു.

    3 എന്റെ പ്രാണൻ അത്യധികം അസ്വസ്ഥമായിരിക്കുന്നു.

    ഇനിയും എത്രനാൾ, യഹോവേ, എത്രനാൾ?

    4 യഹോവേ, തിരികെവന്ന് എന്റെ പ്രാണനെ മോചിപ്പിക്കണമേ,

    അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്നെ രക്ഷിക്കണമേ.

    5 മൃതരായവരാരും അങ്ങയെ ഓർക്കുന്നില്ല.

    പാതാളത്തിൽനിന്ന് ആര് അങ്ങയെ വാഴ്ത്തും?

    6 എന്റെ ഞരക്കത്താൽ ഞാൻ ക്ഷീണിതനായിരിക്കുന്നു.

    രാത്രിമുഴുവനുമുള്ള വിലാപത്താൽ ഞാൻ എന്റെ കിടക്കയെ കണ്ണീരിൽ നീന്തിത്തുടിക്കുമാറാക്കുന്നു,

    എന്റെ കട്ടിൽ ഞാൻ കണ്ണീരിനാൽ കുതിർക്കുന്നു.

    7 സങ്കടത്താൽ എന്റെ കണ്ണുകൾ മങ്ങുന്നു;

    എന്റെ സകലശത്രുക്കൾനിമിത്തം അവ ബലഹീനമാകുന്നു.

  17. 1 ദരിദ്രരോടു സുവിശേഷം അറിയിക്കാൻ

    യഹോവയായ കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കുകയാൽ

    അവിടത്തെ ആത്മാവ് എന്റെമേലുണ്ട്.

    ഹൃദയം തകർന്നവരുടെ മുറിവു കെട്ടുന്നതിനും

    തടവുകാർക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനും

    ബന്ധിതരെ മോചിപ്പിക്കുന്നതിനും അവിടന്ന് എന്നെ അയച്ചിരിക്കുന്നു.

  18. 6 “നീയോ മനുഷ്യപുത്രാ, തകർന്ന ഹൃദയത്തോടും കഠിനവ്യസനത്തോടും കൂടെ അവർ കാൺകെ നെടുവീർപ്പിടുക!

  19. 10 യഹോവ വിലകൊടുത്തു വാങ്ങിയവർ മടങ്ങിവരും.

    സംഗീതത്തോടെ അവർ സീയോനിലേക്ക് പ്രവേശിക്കും;

    നിത്യാനന്ദം അവരുടെ ശിരസ്സിനു മകുടമായിരിക്കും.

    ആഹ്ലാദത്താലും ആനന്ദത്താലും അവർ ആമഗ്നരാകും,

    ദുഃഖവും നെടുവീർപ്പും അവരിൽനിന്ന് ഓടിയകലും.

  20. 21 യേശു അയാളെ നോക്കി; അയാളിൽ ആർദ്രത തോന്നിയിട്ട് ഇപ്രകാരം പറഞ്ഞു: “ഒരൊറ്റ കുറവു നിനക്കുണ്ട്. നീ പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. എന്നാൽ, സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും. അതിനുശേഷം വരിക, എന്റെ അനുഗാമിയാകുക.”

    22 ഇതു കേട്ട് അയാളുടെ മുഖം വാടി. അയാൾക്ക് വളരെ വസ്തുവകകൾ ഉണ്ടായിരുന്നതുകൊണ്ടു ദുഃഖിതനായി അവിടെനിന്ന് പോയി.

  21. 33 അവളും അവളോടൊപ്പം വന്ന മറ്റ് യെഹൂദരും കരയുന്നതു കണ്ടപ്പോൾ യേശു ആത്മാവിൽ അതിദുഃഖിതനായി അസ്വസ്ഥനായിത്തീർന്നു. 34 “നിങ്ങൾ അവനെ എവിടെയാണു സംസ്കരിച്ചത്?” എന്ന് യേശു ചോദിച്ചു.

    “കർത്താവേ, വന്നു കണ്ടാലും,” അവർ പറഞ്ഞു.

    35 യേശു കരഞ്ഞു.

  22. 20 സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ലോകജനത ആനന്ദിക്കും; നിങ്ങളോ കരയുകയും വിലപിക്കുകയും ചെയ്യും. നിങ്ങൾ ദുഃഖിക്കും, എന്നാൽ നിങ്ങളുടെ ദുഃഖം ആനന്ദമായി മാറും. 21 ഒരു കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീ, തന്റെ പ്രസവസമയം വന്നിരിക്കുന്നതുകൊണ്ട് വേദനപ്പെടുന്നു. എന്നാൽ കുഞ്ഞു പിറന്നതിനുശേഷം, ഒരു വ്യക്തി ലോകത്തിലേക്കു പിറന്നതിന്റെ ആനന്ദത്താൽ അവൾ തന്റെ വേദന പിന്നെ ഓർക്കുന്നില്ല. 22 നിങ്ങളുടെ കാര്യവും അങ്ങനെതന്നെ. ഇപ്പോൾ നിങ്ങൾക്കു സങ്കടത്തിന്റെ സമയം. എന്നാൽ, ഞാൻ നിങ്ങളെ വീണ്ടും കാണുമ്പോൾ നിങ്ങൾ ഹൃദയത്തിൽ ആനന്ദിക്കും. നിങ്ങളുടെ ആനന്ദം ആരും എടുത്തുകളയുകയില്ല.

  23. 18 നമുക്കു ലഭിക്കാനിരിക്കുന്ന തേജസ്സിന്റെ മുമ്പിൽ ഇക്കാലത്തെ കഷ്ടതകൾ വളരെ നിസ്സാരം എന്നു ഞാൻ കരുതുന്നു.

  24. 9 എന്നാൽ അവിടന്ന് എന്നോട്, “എന്റെ കൃപ നിനക്കുമതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു” എന്നു പറഞ്ഞു. അതുകൊണ്ടു ക്രിസ്തുവിന്റെ ശക്തി എന്നിൽക്കൂടി പ്രവർത്തിക്കേണ്ടതിനു ഞാൻ അധികം ആനന്ദത്തോടെ എന്റെ ബലഹീനതകളെപ്പറ്റി പ്രശംസിക്കും.

  25. 5 കാരണം അവിടത്തെ കോപം ക്ഷണനേരത്തേക്കുമാത്രം,

    എന്നാൽ അവിടത്തെ പ്രസാദം ആജീവനാന്തം നിലനിൽക്കും;

    വിലാപം ഒരു രാത്രിമാത്രം നിലനിൽക്കുന്നു,

    എന്നാൽ പ്രഭാതത്തിൽ ആനന്ദഘോഷം വരവായി.

  26. 18 “പൂർവകാര്യങ്ങൾ നിങ്ങൾ ഓർക്കരുത്;

    കഴിഞ്ഞകാലത്തെ കാര്യങ്ങൾ ചിന്തിക്കുകയുമരുത്.

    19 ഇതാ, ഞാൻ പുതിയൊരു കാര്യം ചെയ്യുന്നു!

    ഇപ്പോൾ അത് ഉത്ഭവിക്കും; നിങ്ങൾ അത് അറിയുകയില്ലേ?

    ഞാൻ മരുഭൂമിയിൽ ഒരു വഴിയും

    തരിശുഭൂമിയിൽ അരുവികളും ഉണ്ടാക്കും.

  27. 4 വിലപിക്കുന്നവർ അനുഗൃഹീതർ;

    അവർക്ക് സാന്ത്വനം ലഭിക്കും.

  28. 18 “ദരിദ്രരോടു സുവിശേഷം അറിയിക്കാൻ

    കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കുകയാൽ

    അവിടത്തെ ആത്മാവ് എന്റെമേലുണ്ട്.

    തടവുകാർക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും

    അന്ധർക്കു കാഴ്ചയും

    മർദിതർക്കു മോചനവും നൽകാനും,

  29. 4 സ്നേഹം ക്ഷമയുള്ളതാണ്, സ്നേഹം ദയയുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല, ആത്മപ്രശംസചെയ്യുന്നില്ല, സ്നേഹം അഹങ്കരിക്കുന്നില്ല. 5 അതു അന്യരെ അപമാനിക്കുന്നില്ല, സ്വാർഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, ദോഷത്തിന്റെ കണക്കുസൂക്ഷിക്കുന്നതുമില്ല. 6 സ്നേഹം തിന്മയിൽ അഭിരമിക്കാതെ, സത്യത്തിൽ ആനന്ദിക്കുന്നു. 7 എപ്പോഴും സംരക്ഷിക്കുന്നു, എപ്പോഴും വിശ്വസിക്കുന്നു, എപ്പോഴും പ്രത്യാശിക്കുന്നു, എപ്പോഴും സഹിക്കുന്നു.

    8 സ്നേഹം എന്നെന്നും നിലനിൽക്കുന്നു. പ്രവചനം നീക്കപ്പെടും ഭാഷകൾ നിലച്ചുപോകും ജ്ഞാനവും നീക്കപ്പെടും.

  30. 6 അതിനാൽ ഞങ്ങൾ എപ്പോഴും ധൈര്യപ്പെട്ടിരിക്കുന്നു; ഈ ശരീരത്തിൽ വസിക്കുന്ന കാലംവരെ ഞങ്ങൾ കർത്താവിൽനിന്ന് അകലെയായിരിക്കുന്നെന്ന് അറിയുന്നു. 7 ദൃശ്യമായതിൽ ആശ്രയിച്ചുകൊണ്ടല്ല, അദൃശ്യമായതിൽ വിശ്വാസമർപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്.