10 Bible Verses About Love Never Fails

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Love Never Fails
  1. 1 ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ കിലുങ്ങുന്ന ഇലത്താളമോമാത്രമാണ്. 2 എനിക്കു പ്രവചിക്കാനുള്ള കൃപാദാനം ലഭിച്ചാലും, സകലദിവ്യരഹസ്യങ്ങളും സകലജ്ഞാനവും ഗ്രഹിക്കാൻകഴിഞ്ഞാലും, മലകളെ നീക്കംചെയ്യാൻകഴിയുന്ന വിശ്വാസം ഉണ്ടായിരുന്നാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല. 3 എന്റെ സമ്പത്തെല്ലാം ഞാൻ ദാനംചെയ്താലും അഭിമാനപൂർവം എന്റെ ശരീരം ദഹിപ്പിച്ചാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നും നേടുന്നില്ല.

    4 സ്നേഹം ക്ഷമയുള്ളതാണ്, സ്നേഹം ദയയുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല, ആത്മപ്രശംസചെയ്യുന്നില്ല, സ്നേഹം അഹങ്കരിക്കുന്നില്ല. 5 അതു അന്യരെ അപമാനിക്കുന്നില്ല, സ്വാർഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, ദോഷത്തിന്റെ കണക്കുസൂക്ഷിക്കുന്നതുമില്ല. 6 സ്നേഹം തിന്മയിൽ അഭിരമിക്കാതെ, സത്യത്തിൽ ആനന്ദിക്കുന്നു. 7 എപ്പോഴും സംരക്ഷിക്കുന്നു, എപ്പോഴും വിശ്വസിക്കുന്നു, എപ്പോഴും പ്രത്യാശിക്കുന്നു, എപ്പോഴും സഹിക്കുന്നു.

    8 സ്നേഹം എന്നെന്നും നിലനിൽക്കുന്നു. പ്രവചനം നീക്കപ്പെടും ഭാഷകൾ നിലച്ചുപോകും ജ്ഞാനവും നീക്കപ്പെടും. 9 നാം ഭാഗികമായിമാത്രം അറിയുന്നു ഭാഗികമായിമാത്രം പ്രവചിക്കുന്നു. 10 എന്നാൽ പൂർണമായതു വരുമ്പോൾ ഭാഗികമായതു നീക്കപ്പെടും. 11 ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ തർക്കിച്ചു. മുതിർന്നശേഷമോ, ശിശുസഹജമായ കാര്യങ്ങൾ ഉപേക്ഷിച്ചുകളഞ്ഞു. 12 ഇപ്പോൾ നാം കണ്ണാടിയിൽ കടങ്കഥയെന്നപോലെ അവ്യക്തമായി കാണുന്നു; അപ്പോഴോ നാം അഭിമുഖമായി കാണും. ഇപ്പോൾ ഞാൻ ഭാഗികമായി അറിയുന്നു; അപ്പോൾ, ദൈവം എന്നെ സമ്പൂർണമായി അറിയുന്നതുപോലെ എന്റെ അറിവും പൂർണതയുള്ളതായിരിക്കും.

    13 എന്നാൽ ഇപ്പോൾ, വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും സുസ്ഥിരമായിരിക്കും; ഇവയിൽ ഏറ്റവും മഹത്തായതോ സ്നേഹംതന്നെ.

  2. 7 പ്രിയരേ, നമുക്ക് പരസ്പരം സ്നേഹിക്കാം; സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്. സ്നേഹിക്കുന്നവരെല്ലാം ദൈവത്തിൽനിന്നു ജനിച്ചവരും ദൈവത്തെ അറിഞ്ഞവരും ആണ്. 8 സ്നേഹിക്കാത്തവർ ദൈവത്തെ അറിയുന്നില്ല; ദൈവം സ്നേഹമാണ്. 9 നാം ദൈവപുത്രനിലൂടെ ജീവൻ പ്രാപിക്കേണ്ടതിനാണ് ദൈവം തന്റെ നിസ്തുലപുത്രനെ ലോകത്തിലേക്ക് അയച്ചത്. ഇങ്ങനെ ദൈവം തന്റെ സ്നേഹം നമുക്കു വെളിപ്പെടുത്തി. 10 ഇതാണ് സാക്ഷാൽ സ്നേഹം: നാം ദൈവത്തെ സ്നേഹിച്ചതല്ല, അവിടന്നു നമ്മെ സ്നേഹിച്ച് അവിടത്തെ പുത്രനെ നമ്മുടെ പാപനിവാരണയാഗത്തിനായി അയച്ചു. 11 പ്രിയരേ, ദൈവം നമ്മെ സ്നേഹിച്ചത് ഇപ്രകാരമാണെങ്കിൽ നാമും പരസ്പരം സ്നേഹിക്കാൻ കടപ്പെട്ടിരിക്കുന്നു. 12 ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; എന്നാൽ നാം പരസ്പരം സ്നേഹിക്കുന്നു എങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവിടത്തെ സ്നേഹം നമ്മിൽ സമ്പൂർണമാകുകയും ചെയ്തിരിക്കുന്നു.

  3. 16 ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. 17 ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്.

  4. 35 ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ ആർക്കു കഴിയും? ക്ലേശങ്ങൾക്കോ കഷ്ടതകൾക്കോ പീഡനത്തിനോ പട്ടിണിക്കോ നഗ്നതയ്ക്കോ ആപത്തിനോ വാളിനോ അതു ചെയ്യാൻ കഴിയുമോ?

    36 “അങ്ങേക്കുവേണ്ടി ദിവസംമുഴുവനും ഞങ്ങൾ മരണത്തെ മുഖാമുഖം കാണുന്നു:

    അറക്കപ്പെടാനുള്ള ആടുകളായി ഞങ്ങളെ പരിഗണിക്കുന്നു,”

    എന്ന് എഴുതിയിരിക്കുന്നല്ലോ. 37 നാമോ, നമ്മെ സ്നേഹിച്ച കർത്താവിലൂടെ ഇവയിലെല്ലാം വിജയം വരിക്കുന്നു. 38 മരണത്തിനോ ജീവനോ ദൂതന്മാർക്കോ പ്രധാനികൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരാനുള്ളതിനോ ശക്തികൾക്കോ 39 ഉന്നതങ്ങളിലുള്ളവെക്കോ അധോലോകത്തിലുള്ളവയ്ക്കോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ സാധ്യമല്ലെന്ന് എനിക്കു പരിപൂർണബോധ്യമുണ്ട്.

  5. 3 യഹോവ ദൂരത്തുനിന്ന് പ്രത്യക്ഷനായി ഇസ്രായേലിനോട് അരുളിച്ചെയ്തു:

    “നിത്യസ്നേഹത്താൽ ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു;

    അതിരുകളില്ലാത്ത സ്നേഹത്തോടെ ഞാൻ നിന്നെ എന്നിലേക്കടുപ്പിച്ചിരിക്കുന്നു.

  6. 34 “നിങ്ങൾ പരസ്പരം സ്നേഹിക്കണം എന്നുള്ള ഒരു പുതിയകൽപ്പന ഞാൻ നിങ്ങൾക്കു തരുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. 35 നിങ്ങൾക്കു പരസ്പരസ്നേഹം ഉണ്ടായിരിക്കണം. അതിലൂടെയാണ് നിങ്ങൾ എന്റെ ശിഷ്യർ എന്ന് എല്ലാവരും അറിയുന്നത്.”

  7. 8 എന്നാൽ, നാം പാപികളായിരിക്കുമ്പോൾത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിലൂടെ ദൈവം നമ്മോടുള്ള സ്നേഹം വെളിപ്പെടുത്തുകയായിരുന്നു.

    9 ക്രിസ്തുവിന്റെ രക്തത്താൽ നാം ഇപ്പോൾ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ക്രിസ്തുമുഖേനതന്നെ നാം ദൈവക്രോധത്തിൽനിന്ന് രക്ഷിക്കപ്പെടും എന്നത് എത്രയോ സുനിശ്ചിതമാണ്! 10 നാം ദൈവത്തിന്റെ ശത്രുക്കളായിരുന്നപ്പോൾ അവിടത്തെ പുത്രന്റെ മരണത്താൽ നമുക്കു ദൈവത്തോട് അനുരഞ്ജനം ലഭിച്ചുവെങ്കിൽ, അനുരഞ്ജനം ലഭിച്ചശേഷം അവിടത്തെ ജീവൻമൂലം നാം രക്ഷിക്കപ്പെടുമെന്നതും എത്രയോ നിശ്ചിതം!

  8. 16 ദൈവം നമ്മെ സ്നേഹിക്കുന്നെന്ന് ഞങ്ങൾ അറിയുകയും വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.

    ദൈവം സ്നേഹമാണ്. സ്നേഹത്തിൽ വസിക്കുന്നവർ ദൈവത്തിൽ വസിക്കുന്നു. ദൈവം അവരിലും വസിക്കുന്നു.

  9. 9 സ്നേഹം നിഷ്കപടമായിരിക്കട്ടെ. ദുഷ്ടതയെ വെറുക്കുകയും നന്മയെ ആശ്ലേഷിക്കുകയുംചെയ്യുക. 10 സഹോദരങ്ങളെപ്പോലെ പരസ്പരം ആഴമായി സ്നേഹിക്കുക. നിങ്ങളെക്കാൾ മറ്റുള്ളവരെ ബഹുമാനിക്കുക. 11 ഉത്സാഹത്തിൽ കുറവുവരാതെ ആത്മതീക്ഷ്ണതയുള്ളവരായി കർത്താവിനെ സേവിക്കുക. 12 പ്രത്യാശയിൽ ആനന്ദിക്കുക; ക്ഷമയോടെ കഷ്ടത സഹിക്കുക; നിരന്തരം പ്രാർഥിക്കുക. 13 സഹവിശ്വാസികളുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുകയും അതിഥിസൽക്കാര പ്രിയരായിരിക്കുകയുംചെയ്യുക.

  10. 12 ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക എന്നതാണ് എന്റെ കൽപ്പന. 13 സ്നേഹിതർക്കുവേണ്ടി സ്വജീവനെ അർപ്പിക്കുന്നതിലും വലിയ സ്നേഹം ആർക്കും ഇല്ല.