17 Bible Verses About The Lord's Supper
Biblica® Open Malayalam Contemporary Version™ (OMCV)
-
26 അവർ പെസഹ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അപ്പം എടുത്ത് വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്ക് നൽകിക്കൊണ്ട്, “വാങ്ങി ഭക്ഷിക്കുക, ഇത് എന്റെ ശരീരം ആകുന്നു” എന്നു പറഞ്ഞു.
27 പിന്നെ അവിടന്ന് പാനപാത്രം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് അവർക്കു നൽകിക്കൊണ്ടു പറഞ്ഞത്: “എല്ലാവരും ഇതിൽനിന്നു പാനംചെയ്യുക, 28 ഇത് എന്റെ രക്തം ആകുന്നു, അനേകരുടെ പാപമോചനത്തിനുവേണ്ടി ചൊരിയപ്പെടുന്ന, ഉടമ്പടിയുടെ രക്തം. 29 എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടൊത്ത് ഞാൻ ഇത് പുതുതായി കുടിക്കുന്ന ദിവസംവരെ, മുന്തിരിവള്ളിയുടെ ഫലത്തിൽനിന്ന് പാനം ചെയ്യുകയില്ല.”
-
14 സമയം ആയപ്പോൾ യേശുവും അപ്പൊസ്തലന്മാരും പെസഹാചരണത്തിന് ഇരുന്നു. 15 യേശു അവരോട്, “എന്റെ പീഡാനുഭവത്തിനുമുമ്പ് നിങ്ങളോടുകൂടെ ഈ പെസഹ കഴിക്കാൻ ഞാൻ വളരെ വാഞ്ഛിച്ചു. 16 ദൈവരാജ്യത്തിൽ അതു പരിപൂർണമാകുന്നതുവരെ ഞാൻ ഇനി അതു ഭക്ഷിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
17 പിന്നെ പാനപാത്രം എടുത്തു ദൈവത്തിന് സ്തോത്രംചെയ്തശേഷം പറഞ്ഞു: “ഇതു വാങ്ങി പങ്കിടുക. 18 ദൈവരാജ്യം വരുന്നതുവരെ മുന്തിരിയുടെ ഫലത്തിൽനിന്ന് ഞാൻ വീണ്ടും പാനം ചെയ്യുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
19 തുടർന്ന് അവിടന്ന് അപ്പം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത്, നുറുക്കി അവർക്കു കൊടുത്തുകൊണ്ട്, “ഇതു നിങ്ങൾക്കുവേണ്ടി അർപ്പിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു. എന്റെ ഓർമയ്ക്കായി ഇതു ചെയ്യുക” എന്നു പറഞ്ഞു.
20 അതുപോലെതന്നെ അവിടന്ന് അത്താഴത്തിനുശേഷം, പാനപാത്രം എടുത്ത്, “ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയപ്പെടുന്ന എന്റെ രക്തത്തിലെ ശ്രേഷ്ഠമായ ഉടമ്പടി ആകുന്നു,” എന്നു പറഞ്ഞു.
-
14 അതുകൊണ്ട് എന്റെ പ്രിയസഹോദരങ്ങളേ, വിഗ്രഹാരാധന വിട്ട് പലായനംചെയ്യുക, 15 ഞാൻ സംസാരിക്കുന്നത് വിവേകശാലികളോടാണല്ലോ; ഞാൻ പറയുന്നത് ഒന്നു ഗ്രഹിക്കാൻ ശ്രമിക്കുക: 16 നാം സ്തോത്രാർപ്പണം ചെയ്യുന്ന പാനപാത്രം ക്രിസ്തുവിന്റെ രക്തത്തിലുള്ള കൂട്ടായ്മ അല്ലേ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിലുള്ള നമ്മുടെ കൂട്ടായ്മ അല്ലേ? 17 അപ്പം ഒന്നേയുള്ളൂ; പലരായ നാം ഒരു ശരീരമാകുന്നതുകൊണ്ട് ഒരേ അപ്പത്തിൽ പങ്കാളികളാകുന്നു.
18 ഇസ്രായേൽജനതയെക്കുറിച്ചു ചിന്തിച്ചുനോക്കുക: യാഗാർപ്പണംചെയ്ത ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നവർ ആ യാഗപീഠത്തിന്റെ പങ്കാളികൾ ആകുകയല്ലേ? 19-20 എന്നാൽ യെഹൂദേതരരുടെ ബലികൾ ദൈവത്തിനല്ല ഭൂതങ്ങൾക്ക് അർപ്പിക്കപ്പെട്ടവയാണ്. നിങ്ങൾ ഭൂതങ്ങളുടെ പങ്കാളികളാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിഗ്രഹത്തിന് അർപ്പിച്ച ബലിക്കോ വിഗ്രഹത്തിനോ എന്തെങ്കിലും മഹത്ത്വമുണ്ടെന്നാണോ ഞാൻ അർഥമാക്കുന്നത്? ഒരിക്കലുമല്ല. 21 നിങ്ങൾക്കു കർത്താവിന്റെ പാനപാത്രത്തിൽനിന്നും ഒപ്പം ഭൂതങ്ങളുടെ പാനപാത്രത്തിൽനിന്നും കുടിക്കാൻ സാധ്യമല്ല. കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും നിങ്ങൾക്കു പങ്കുണ്ടായിരിക്കാനും പാടില്ല. 22 നാം കർത്താവിനു രോഷം ജ്വലിപ്പിക്കാൻ ശ്രമിക്കുന്നോ? നാം അവിടത്തെക്കാൾ ശക്തരോ?
-
22 അവർ പെസഹ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അപ്പം എടുത്ത് വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്ക് നൽകിക്കൊണ്ട്, “വാങ്ങുക; ഇത് എന്റെ ശരീരം ആകുന്നു” എന്നു പറഞ്ഞു.
23 പിന്നെ അവിടന്ന് പാനപാത്രം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് അവർക്കു കൊടുത്തു; അവരെല്ലാവരും അതിൽനിന്നു പാനംചെയ്തു.
24 അദ്ദേഹം അവരോട്, “ഇത് എന്റെ രക്തം ആകുന്നു, അനേകർക്കുവേണ്ടി ചൊരിയപ്പെടുന്ന, ഉടമ്പടിയുടെ രക്തം. 25 ദൈവരാജ്യത്തിൽ ഇത് പുതുതായി കുടിക്കുന്ന ദിവസംവരെ മുന്തിരിവള്ളിയുടെ ഫലത്തിൽനിന്ന് ഞാൻ വീണ്ടും പാനം ചെയ്യുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു, നിശ്ചയം” എന്നു പറഞ്ഞു.
26 ഇതിനുശേഷം അവർ ഒരു സ്തോത്രഗീതം പാടി; ഒലിവുമലയിലേക്ക് പോയി.
-
42 അവർ അപ്പൊസ്തലന്മാരുടെ ഉപദേശത്തിലും കൂട്ടായ്മയിലും കർത്തൃമേശാചരണത്തിലും പ്രാർഥനയിലും അർപ്പണബോധത്തോടെ തുടർന്നുവന്നു. 43 അപ്പൊസ്തലന്മാർമുഖേന സംഭവിച്ചുകൊണ്ടിരുന്ന അനവധി അത്ഭുതങ്ങളും ചിഹ്നങ്ങളുംനിമിത്തം എല്ലാവരുടെയും മനസ്സിൽ ഭക്ത്യാദരങ്ങൾ നിറഞ്ഞു. 44 വിശ്വാസികൾ എല്ലാവരും ഏകഹൃദയത്തോടെ ഒരിടത്തു കൂടിവരികയും വസ്തുവകകൾ എല്ലാം എല്ലാവരുടേതും എന്നപോലെ കരുതുകയും ചെയ്തു. 45 തങ്ങളുടെ വസ്തുവകകളും മറ്റു സമ്പാദ്യങ്ങളും വിറ്റ് ഓരോരുത്തരുടെയും ആവശ്യാനുസരണം അവർ എല്ലാവർക്കുമായി പങ്കിട്ടു. 46 അവർ നാൾതോറും നിരന്തരമായി ദൈവാലയാങ്കണത്തിൽ ഏകഹൃദയത്തോടെ കൂടിവരികയും വീടുകൾതോറും അപ്പംനുറുക്കുകയും ആനന്ദത്തോടെയും ആത്മാർഥതയോടെയും ഭക്ഷണം കഴിക്കുകയും 47 ദൈവത്തെ സ്തുതിക്കുകയും ചെയ്തു. അവർ സകലരുടെയും പ്രീതിക്കു പാത്രമായിത്തീർന്നു. ഓരോ ദിവസവും രക്ഷിക്കപ്പെടുന്നവരെ കർത്താവ് ആ കൂട്ടത്തോട് ചേർത്തുകൊണ്ടിരുന്നു.
-
17 നിങ്ങളെ പ്രശംസിച്ചുകൊണ്ടല്ല ഞാൻ ഇനിയുള്ള നിർദേശങ്ങൾ നൽകുന്നത്. കാരണം, നിങ്ങളുടെ യോഗങ്ങൾ ഗുണത്തെക്കാൾ അധികം ദോഷം ചെയ്യുന്നു. 18 ഒന്നാമത്, നിങ്ങളുടെ സഭായോഗങ്ങളിൽ ഭിന്നതകൾ ഉള്ളതായി ഞാൻ കേൾക്കുന്നു; ഒരു പരിധിവരെ ഞാനത് വിശ്വസിക്കുകയുംചെയ്യുന്നു. 19 നിങ്ങളുടെ ഇടയിൽ ദൈവത്താൽ അംഗീകരിക്കപ്പെട്ടവർ ആരെന്നു വ്യക്തമാകേണ്ടതിന് ഭിന്നതകൾ ഉണ്ടാകേണ്ടതാണ്. 20 നിങ്ങൾ സമ്മേളിക്കുമ്പോൾ കർത്താവിന്റെ അത്താഴത്തിലല്ല നിങ്ങൾ പങ്കുകാരാകുന്നത്; 21 കാരണം ഓരോരുത്തരും മറ്റാർക്കുംവേണ്ടി കാത്തുനിൽക്കാതെ ഭക്ഷണം കഴിക്കുന്നു. ഒരാൾ വിശന്നിരിക്കുമ്പോൾ മറ്റൊരാൾ കുടിച്ചു മദിച്ചിരിക്കുന്നു. 22 തിന്നാനും കുടിക്കാനും നിങ്ങൾക്കു വീടുകൾ ഇല്ലേ? നിങ്ങൾ ദൈവസഭയോട് അനാദരവ് കാട്ടുകയും ദരിദ്രരെ നിന്ദിക്കുകയുംചെയ്യുന്നോ? എന്താണു നിങ്ങളോടു ഞാൻ പറയേണ്ടത്? ഇതിൽ ഞാൻ നിങ്ങളെ പുകഴ്ത്തണോ? സാധ്യമല്ല.
23 ഇതാണ് ഞാൻ കർത്താവിൽനിന്ന് പ്രാപിച്ച് നിങ്ങൾക്ക് ഏൽപ്പിച്ചുതന്നത്: കർത്താവായ യേശു ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ, അവിടന്ന് അപ്പം എടുത്ത് 24 സ്തോത്രംചെയ്ത്, നുറുക്കി “ഇതു നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമയ്ക്കായി ഇതു ചെയ്യുക” എന്നു പറഞ്ഞു. 25 അതുപോലെതന്നെ, അവിടന്ന് അത്താഴത്തിനുശേഷം പാനപാത്രം എടുത്ത്, “ഈ പാനപാത്രം എന്റെ രക്തത്തിലുള്ള ശ്രേഷ്ഠമായ ഉടമ്പടി, ഇതു പാനംചെയ്യുമ്പോഴൊക്കെയും എന്റെ ഓർമയ്ക്കായി ഇതു ചെയ്യുക” എന്നു പറഞ്ഞു. 26 നിങ്ങൾ ഈ അപ്പം ഭക്ഷിക്കുയും ഈ പാനപാത്രത്തിൽനിന്ന് കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും കർത്താവ് വരുന്നതുവരെയും അവിടത്തെ മരണത്തെ പ്രഖ്യാപിക്കുന്നു.
27 അതുകൊണ്ട്, അയോഗ്യമായി അപ്പം ഭക്ഷിക്കുകയോ കർത്താവിന്റെ പാനപാത്രത്തിൽനിന്ന് കുടിക്കുകയോ ചെയ്യുന്നവർ കർത്താവിന്റെ ശരീരത്തിനും രക്തത്തിനും വിരുദ്ധമായി കുറ്റംചെയ്യുന്നു. 28 ഓരോരുത്തരും തന്നെത്താൻ പരിശോധിച്ചിട്ടുവേണം അപ്പം ഭക്ഷിക്കുകയും പാനപാത്രത്തിൽനിന്ന് കുടിക്കുകയും ചെയ്യേണ്ടത്. 29 ആരെങ്കിലും കർത്താവിന്റെ ശരീരത്തെ വിവേചിക്കാതെ ഭക്ഷിക്കുകയോ പാനംചെയ്യുകയോ ചെയ്താൽ അയാൾ സ്വന്തം ശിക്ഷാവിധിതന്നെ ഭക്ഷിക്കുകയും പാനംചെയ്യുകയുമാണ് ചെയ്യുന്നത്. 30 ഇക്കാരണത്താലാണ് നിങ്ങളിൽ പലരും ദുർബലരും രോഗികളും ആയിരിക്കുന്നത്. ചിലർ മരണമടയുകയും ചെയ്തിരിക്കുന്നു. 31 നാം നമ്മെത്തന്നെ വിധിക്കുന്നെങ്കിൽ നാം വിധിക്കപ്പെടുകയില്ല. 32 നാം ലോകത്തോടൊപ്പം ന്യായവിധിയിൽ അകപ്പെടാതിരിക്കാനായി ഒരു പിതാവ് മക്കളെ എന്നപോലെ ശിക്ഷിക്കുന്നതാണ് കർത്താവ് നമുക്ക് ഇപ്പോൾ നൽകുന്ന ന്യായവിധി.
33 അതുകൊണ്ട് എന്റെ സഹോദരങ്ങളേ, നിങ്ങൾ ഭക്ഷിക്കാനായി ഒരുമിച്ചുകൂടുമ്പോൾ എല്ലാവരും വന്നുചേരാനായി കാത്തിരിക്കുക. 34 നിങ്ങൾ ഒരുമിച്ചുചേരുമ്പോൾ ശിക്ഷാവിധി വരാതിരിക്കാനായി നിങ്ങളിൽ വിശപ്പുള്ളവർ വീട്ടിൽവെച്ചു ഭക്ഷണം കഴിച്ചുകൊള്ളണം.
ശേഷം കാര്യങ്ങൾ ഞാൻ വരുമ്പോൾ ക്രമീകരിച്ചുകൊള്ളാം.
-
7 ആഴ്ചയുടെ ആദ്യദിവസം, അപ്പം നുറുക്കാൻ ഞങ്ങൾ ഒരുമിച്ചുകൂടി. പൗലോസ് ജനങ്ങളോടു സംസാരിച്ചു; പിറ്റേന്ന് യാത്രയാകാൻ ഉദ്ദേശിച്ചിരുന്നതുകൊണ്ട് അദ്ദേഹം അർധരാത്രിവരെയും പ്രസംഗം ദീർഘിപ്പിച്ചു.
-
53 യേശു അവരോട്, “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം ഭക്ഷിക്കാതെയും അവന്റെ രക്തം പാനംചെയ്യാതെയുമിരുന്നാൽ നിങ്ങളിൽ ജീവനില്ല. 54 എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവർക്ക് നിത്യജീവനുണ്ട്. ഞാൻ അന്ത്യനാളിൽ അവരെ ഉയിർപ്പിക്കും. 55 എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവുമാകുന്നു. 56 എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവർ എന്നിലും ഞാൻ അവരിലും വസിക്കും. 57 ജീവിക്കുന്ന പിതാവ് എന്നെ അയച്ചിട്ടു ഞാൻ പിതാവിനാൽ ജീവിക്കുന്നതുപോലെ, എന്നെ ഭക്ഷിക്കുന്നവർ ഞാൻമൂലം ജീവിക്കും. 58 ഇതാകുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം. നിങ്ങളുടെ പിതാക്കന്മാർ മന്നാ ഭക്ഷിക്കുകയും മരിക്കുകയും ചെയ്തു. എന്നാൽ, ഈ അപ്പം ഭക്ഷിക്കുന്നവർ എന്നേക്കും ജീവിക്കും.” 59 കഫാർനഹൂമിലെ യെഹൂദപ്പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോഴാണ് യേശു ഈ പ്രസ്താവന ചെയ്തത്.
-
47 “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: എന്നിൽ വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്. 48 ഞാൻ ആകുന്നു ജീവന്റെ അപ്പം. 49 നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽവെച്ചു മന്നാ ഭക്ഷിച്ചിട്ടും മരിച്ചു. 50 എന്നാൽ, ഭക്ഷിക്കുന്നവർ മരിക്കാതിരിക്കേണ്ടതിനു സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്ന അപ്പം ഇതാ! 51 ഞാൻ ആകുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം; ഈ അപ്പം തിന്നുന്നവർ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കുന്ന അപ്പമോ, എന്റെ മാംസം ആകുന്നു.”
-
9 പിന്നെ, ദൂതൻ എന്നോടു പറഞ്ഞത്: “ഇങ്ങനെ എഴുതുക; കുഞ്ഞാടിന്റെ വിവാഹവിരുന്നിനു ക്ഷണം ലഭിച്ചവർ അനുഗൃഹീതർ.” തുടർന്ന് എന്നോട്, “ഇവ ദൈവത്തിന്റെ സത്യവചനങ്ങൾതന്നെ” എന്നും പറഞ്ഞു.
-
23 യേശു മറുപടി പറഞ്ഞു: “എന്നെ സ്നേഹിക്കുന്നവർ എന്റെ ഉപദേശം അനുസരിക്കും. എന്റെ പിതാവ് അവരെ സ്നേഹിക്കും; ഞങ്ങൾ അവരുടെ അടുക്കൽവന്ന് അവരോടുകൂടെ വസിക്കും.
-
21 ഇതിനുശേഷം മോശ ഇസ്രായേലിലെ സകലഗോത്രത്തലവന്മാരെയും കൂട്ടിവരുത്തി അവരോട് ഇങ്ങനെ പ്രസ്താവിച്ചു: “നിങ്ങൾ ഉടൻതന്നെ പോയി നിങ്ങളുടെ കുടുംബങ്ങൾക്കൊത്തവണ്ണം ആട്ടിൻകുട്ടിയെ തെരഞ്ഞെടുത്ത് പെസഹാക്കുഞ്ഞാടിനെ അറക്കുക. 22 ഈസോപ്പുചെടിയുടെ ഒരു കെട്ടെടുത്ത് കിണ്ണത്തിലെ രക്തത്തിൽ മുക്കി കട്ടിളക്കാലുകളിൽ രണ്ടിലും കട്ടിളകളുടെ മീതേയുള്ള പടിയിലും തേയ്ക്കണം. നിങ്ങളിൽ ആരും നേരംപുലരുംവരെ വീടിന്റെ വാതിലിനു പുറത്തിറങ്ങരുത്. 23 യഹോവ ഈജിപ്റ്റുകാരെ ദണ്ഡിപ്പിക്കുന്നതിനു ദേശത്തുകൂടി കടന്നുപോകുമ്പോൾ, കട്ടിളക്കാലുകളിലും കട്ടിളകളുടെ മീതേയുള്ള പടിയിലും രക്തം കാണുകയും ആ വാതിൽ ഒഴിഞ്ഞു കടന്നുപോകുകയും ചെയ്യും; നിങ്ങളെ സംഹരിക്കാൻ നിങ്ങളുടെ വീടുകളിൽ പ്രവേശിക്കുന്നതിന് അവിടന്നു സംഹാരകനെ അനുവദിക്കുകയില്ല.
24 “നിങ്ങൾക്കും നിങ്ങളുടെ പിൻഗാമികൾക്കുംവേണ്ടിയുള്ള ശാശ്വതമായ നിയമമായി ഈ നിർദേശങ്ങൾ പാലിക്കുക. 25 യഹോവ നിങ്ങൾക്കു നൽകുമെന്നു വാഗ്ദാനംചെയ്തിരിക്കുന്ന ദേശത്തു പ്രവേശിച്ചശേഷം ഇത് അനുഷ്ഠിക്കുക. 26 ‘ഈ അനുഷ്ഠാനംകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?’ എന്നു നിങ്ങളുടെ മക്കൾ നിങ്ങളോടു ചോദിക്കുമ്പോൾ, 27 ‘ഈജിപ്റ്റിൽവെച്ച് ഇസ്രായേല്യരുടെ ഭവനങ്ങളെ വിട്ടു കടന്നുപോകുകയും ഈജിപ്റ്റുകാരെ ദണ്ഡിപ്പിച്ചപ്പോൾ നമ്മുടെ വീടുകളെ ഒഴിവാക്കുകയുംചെയ്ത യഹോവയ്ക്കുള്ള പെസഹായാഗമാണിത്,’ എന്നു നിങ്ങൾ അവരോടു പറയുക.” അപ്പോൾ ജനം കുമ്പിട്ട് ആരാധിച്ചു. 28 യഹോവ മോശയോടും അഹരോനോടും കൽപ്പിച്ചിരുന്നതുപോലെതന്നെ ഇസ്രായേൽമക്കൾ ചെയ്തു.
-
17 പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിലെ ആദ്യദിവസം, ശിഷ്യന്മാർ യേശുവിന്റെ അടുക്കൽവന്ന്, “അങ്ങേക്ക് പെസഹ ഭക്ഷിക്കാൻ ഞങ്ങൾ എവിടെയാണ് ഒരുക്കേണ്ടത്?” എന്നു ചോദിച്ചു.
18 അതിന് യേശു, “നിങ്ങൾ പട്ടണത്തിൽ, ഞാൻ പറയുന്ന വ്യക്തിയുടെ അടുക്കൽ ചെന്ന്, ‘ഗുരു പറയുന്നു, എന്റെ സമയം അടുത്തെത്തിയിരിക്കുന്നു. ഞാൻ എന്റെ ശിഷ്യന്മാരോടൊത്ത് പെസഹ ആചരിക്കാൻ ആഗ്രഹിക്കുന്നത് താങ്കളുടെ ഭവനത്തിലാണ് എന്നു പറയുക’ ” എന്നു പറഞ്ഞു. 19 യേശു നിർദേശിച്ചതുപോലെതന്നെ ശിഷ്യന്മാർ ചെയ്തു. അവർ പെസഹ ഒരുക്കി.
-
7 നിങ്ങൾ പുതിയ മാവ് ആകേണ്ടതിനു പഴയ പുളിമാവ് നീക്കിക്കളയുക—നിങ്ങൾ പുളിപ്പില്ലാത്ത മാവുതന്നെ ആണല്ലോ. നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു യാഗമായി അർപ്പിക്കപ്പെട്ടിരിക്കുന്നു. 8 അതുകൊണ്ടു വിദ്വേഷവും ദുഷ്ടതയുമാകുന്ന പഴയ പുളിമാവുകൊണ്ടല്ല, ആത്മാർഥതയും സത്യവുമാകുന്ന പുളിപ്പില്ലാത്ത മാവുകൊണ്ടുതന്നെ നമുക്ക് ഉത്സവം ആചരിക്കാം.
-
32 യേശു അവരോടു പറഞ്ഞു, “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: മോശയല്ല നിങ്ങൾക്കു സ്വർഗത്തിൽനിന്ന് അപ്പം തന്നത്; സ്വർഗത്തിൽനിന്നുള്ള യഥാർഥ അപ്പം നിങ്ങൾക്കു തരുന്നത് എന്റെ പിതാവാണ്. 33 ദൈവത്തിന്റ അപ്പമോ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നു ലോകത്തിനു ജീവൻ നൽകുന്നവൻ ആകുന്നു.”
-
1 ഞാൻ ക്രിസ്തുവിന്റെ മാതൃക പിൻതുടരുന്നതുപോലെ നിങ്ങൾ എന്റെ മാതൃകയും പിൻതുടരുക.
-
8 അവരിൽ കുറ്റം ആരോപിച്ചുകൊണ്ടു കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഞാൻ ഇസ്രായേൽഗൃഹത്തോടും
യെഹൂദാഗൃഹത്തോടും
പുതിയൊരു ഉടമ്പടി ചെയ്യുന്ന കാലം വരുന്നു,
എന്ന്, കർത്താവിന്റെ അരുളപ്പാട്.
9 ഞാൻ അവരുടെ പൂർവികരെ
ഈജിപ്റ്റിൽനിന്ന് സ്വതന്ത്രരാക്കാനായി
കൈക്കുപിടിച്ചു പുറത്തേക്കു കൊണ്ടുവന്നപ്പോൾ ചെയ്ത
ഉടമ്പടിപോലെയുള്ളത് അല്ലായിരിക്കും ഇത്.
അവർ എന്റെ ഉടമ്പടിയോടു വിശ്വസ്തതപുലർത്താതിരുന്നതിനാൽ
ഞാൻ അവരെ തിരസ്കരിച്ചുകളഞ്ഞു.
എന്നു കർത്താവ് അരുളിച്ചെയ്യുന്നു.
10 ഇതാകുന്നു ആ കാലത്തിനുശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യാനിരിക്കുന്ന
ഉടമ്പടി ഇപ്രകാരമായിരിക്കും:
ഞാൻ എന്റെ നിയമങ്ങൾ അവരുടെ മനസ്സിന്റെയുള്ളിൽ സ്ഥാപിക്കും
അവരുടെ ഹൃദയങ്ങളിൽത്തന്നെ അവ ആലേഖനംചെയ്യും.
ഞാൻ അവർക്കു ദൈവവും
അവർ എനിക്കു ജനവും ആയിരിക്കും.
11 ഇനിയൊരിക്കലും അവർ അവരവരുടെ അയൽക്കാരോടോ
പരസ്പരമോ ‘കർത്താവിനെ അറിയുക’ എന്ന് ഉപദേശിക്കുകയില്ല.
കാരണം അവർ എല്ലാവരും എന്നെ അറിയും; ഏറ്റവും താഴേക്കിടയിലുള്ള ആൾമുതൽ
ഏറ്റവും ഉന്നതർവരെ എല്ലാവരും എന്നെ അറിയും.
12 ഞാൻ അവരുടെ ദുഷ്ടത ക്ഷമിക്കും;
അവരുടെ പാപങ്ങൾ ഇനിമേൽ ഞാൻ ഓർക്കുകയുമില്ല.”
എന്ന് കർത്താവ് അരുളിച്ചെയ്യുന്നു.
13 അവിടന്ന് ഈ ഉടമ്പടിയെ “പുതിയത്” എന്നു വിളിക്കുന്നതിലൂടെ ആദ്യത്തേതിനു സാംഗത്യമില്ലാത്തതായിത്തീർന്നു എന്നു പ്രഖ്യാപിക്കുകയാണ്. കാലഹരണപ്പെട്ടതും പഴഞ്ചനും ആയതൊക്കെ അതിവേഗം അപ്രത്യക്ഷമാകും.
Shows Read in context, Share and Copy.