45 Bible Verses About Being a Child of God

Biblica® Open Malayalam Contemporary Version™ (OMCV)

Bible Verses About Being a Child of God
  1. 12 അതുകൊണ്ട് സഹോദരങ്ങളേ, പാപപ്രവണതയെ അനുസരിച്ചു ജീവിക്കേണ്ടതിന് നമുക്ക് പാപപ്രവണതയോട് ഒരു ബാധ്യതയുമില്ല. 13 പാപപ്രവണതകൾ അനുസരിച്ചു ജീവിച്ചാൽ നിങ്ങൾ തീർച്ചയായും മരിക്കും; എന്നാൽ ദൈവത്തിന്റെ ആത്മാവിനാൽ പാപപ്രവണതയുടെ ഫലമായ ദുഷ്‌പ്രവൃത്തികളെ നിഗ്രഹിക്കുകയാണെങ്കിൽ നിങ്ങൾ ജീവിക്കും.

    14 ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരാണ് ദൈവത്തിന്റെമക്കൾ. 15 തുടർന്നും ഭയത്തോടെ ജീവിക്കുന്ന അടിമകളാക്കി നിങ്ങളെ മാറ്റുന്ന ആത്മാവിനെയല്ല നിങ്ങൾ സ്വീകരിച്ചിരിക്കുന്നത്; മറിച്ച്, നിങ്ങൾക്ക് പുത്രത്വം നൽകുന്ന ആത്മാവിനെയാണ്. അതുകൊണ്ട് നാം ദൈവത്തെ “അബ്ബാ, പിതാവേ” എന്നു വിളിക്കുന്നു. 16 ദൈവാത്മാവുതന്നെ നമ്മുടെ ആത്മാവിനോട് സാക്ഷ്യം പറഞ്ഞ് നാം ദൈവത്തിന്റെ മക്കളാണെന്ന് ഉറപ്പു നൽകുന്നു. 17 ഇപ്രകാരം ദൈവത്തിന്റെമക്കൾ ആയിരിക്കുന്നതുകൊണ്ട് നാം ദൈവിക അനുഗ്രഹങ്ങളുടെ അവകാശികളാണ്; ക്രിസ്തുവിനോടുകൂടെ കൂട്ടവകാശികളും. ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളിൽ പങ്കാളികളായിരിക്കുന്ന നാം ക്രിസ്തുവിന്റെ തേജസ്സിന്റെയും പങ്കാളികൾ ആകും.

    18 നമുക്കു ലഭിക്കാനിരിക്കുന്ന തേജസ്സിന്റെ മുമ്പിൽ ഇക്കാലത്തെ കഷ്ടതകൾ വളരെ നിസ്സാരം എന്നു ഞാൻ കരുതുന്നു. 19 ദൈവത്തിന്റെമക്കൾ ആരെന്നു പ്രത്യക്ഷമാകുന്നതിനായി സർവസൃഷ്ടിയും അത്യാകാംക്ഷയോടെ കാത്തിരിക്കുകയാണ്. 20-21 സ്വേച്ഛയാലല്ല സൃഷ്ടി ശാപഗ്രസ്തമായിത്തീർന്നിരിക്കുന്നത്; ജീർണതയുടെ അടിമത്തത്തിൽനിന്ന് സൃഷ്ടി വിമുക്തമാക്കപ്പെട്ട് ദൈവമക്കളുടെ തേജോമയമായ സ്വാതന്ത്ര്യത്തിലേക്കു നിശ്ചയമായും ഒരിക്കൽ നയിക്കപ്പെടും എന്നുള്ള പ്രത്യാശ നൽകി അവയെ നൈരാശ്യത്തിന് വിധേയമാക്കിയ ദൈവത്തിന്റെ ഇഷ്ടത്താൽത്തന്നെയാണ്.

  2. 9 ഏതു മനുഷ്യനെയും പ്രകാശപൂരിതമാക്കുന്ന യഥാർഥ പ്രകാശം ലോകത്തിലേക്കു വരികയായിരുന്നു. 10 അവിടന്നു ലോകത്തിൽ ഉണ്ടായിരുന്നു. ലോകം അസ്തിത്വത്തിൽ വന്നത് അവിടന്ന് മുഖാന്തിരമായിരുന്നു; എങ്കിലും ലോകം അവിടത്തെ തിരിച്ചറിഞ്ഞില്ല. 11 അവിടന്നു സ്വജനത്തിന്റെ അടുത്തേക്ക് വന്നു; എന്നാൽ സ്വജനമോ അവിടത്തെ അംഗീകരിച്ചില്ല. 12 എന്നാൽ അവിടത്തെ സ്വീകരിച്ച് അവിടത്തെ നാമത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും ദൈവത്തിന്റെ മക്കളാകാൻ അവിടന്ന് അധികാരംനൽകി. 13 അവർ സ്വാഭാവികരീതിയിലോ ശാരീരിക അഭിലാഷത്താലോ പുരുഷന്റെ ഇഷ്ടപ്രകാരമോ അല്ല, ദൈവത്തിൽനിന്നത്രേ ജനിച്ചത്.

  3. 1 നോക്കൂ, പിതാവു നമുക്ക് എത്രയോ അതിരില്ലാത്ത സ്നേഹം പകർന്നാണ് നമ്മെ ദൈവമക്കളെന്നു വിളിച്ചത്! നാം വാസ്തവത്തിൽ അങ്ങനെതന്നെ ആണ്! ലോകം അവിടത്തെ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട് അത് നമ്മെയും അറിയുന്നില്ല. 2 പ്രിയരേ, ഇപ്പോൾ നാം ദൈവത്തിന്റെമക്കൾ ആകുന്നു. നാം എന്തായിത്തീരുമെന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. എന്നാൽ, ക്രിസ്തു പ്രത്യക്ഷനാകുമ്പോൾ നാം അവിടത്തെപ്പോലെയാകും. അവിടന്ന് ആയിരിക്കുന്നതുപോലെ നാം അവിടത്തെ കാണും. 3 തന്നിൽ ഈ പ്രത്യാശയുള്ളവരെല്ലാം അവിടന്നു വിശുദ്ധനായിരിക്കുന്നതുപോലെ, സ്വയം വിശുദ്ധീകരിക്കുന്നു.

  4. 4 എന്നാൽ ദൈവം, സ്ത്രീയുടെ സന്തതിയായി ജനിച്ച് ന്യായപ്രമാണത്തിന്ന് കീഴിൽ ജീവിക്കാനായി, നിയോഗിക്കപ്പെട്ടിരുന്ന സമയത്തുതന്നെ അവിടത്തെ പുത്രനെ അയച്ചു. 5 ഇത് ന്യായപ്രമാണത്തിൻ കീഴിലുള്ളവരെയെല്ലാം വിലയ്ക്കു വാങ്ങുന്നതിനും നമുക്ക് പുത്രത്വം ലഭ്യമാക്കേണ്ടതിനും ആയിരുന്നു. 6 ദൈവം അവിടത്തെ പുത്രന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്ക് അയച്ചതോ, മക്കളായ നാം ദൈവത്തെ “അബ്ബാ, പിതാവേ” എന്നു വിളിക്കേണ്ടതിനാണ്. 7 നിങ്ങൾ ഇനിമേൽ ദാസരല്ല, മക്കളാണ്; മക്കൾ ആയതിലൂടെ ദൈവം നിങ്ങളെ അവിടത്തെ അവകാശികളും ആക്കിയിരിക്കുന്നു.

  5. 26 ക്രിസ്തുയേശുവിലുള്ള വിശ്വാസത്താൽ നിങ്ങളെല്ലാവരും ദൈവപുത്രന്മാർ ആകുന്നു. 27 ക്രിസ്തുവിനോടു താദാത്മ്യപ്പെടാൻ സ്നാനമേറ്റിരിക്കുന്ന എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. 28 അവിടെ യെഹൂദരെന്നോ യെഹൂദേതരരെന്നോ ഇല്ല; അടിമയെന്നോ സ്വതന്ത്രനെന്നോ ഇല്ല; സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല. നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നാകുന്നു. 29 നിങ്ങൾ ക്രിസ്തുവിനുള്ളവർ എങ്കിൽ അബ്രാഹാമിന്റെ വംശജരും വാഗ്ദാനപ്രകാരം അവകാശികളും ആകുന്നു.

  6. 7 കുഞ്ഞുമക്കളേ, ആരും നിങ്ങളെ വഞ്ചിക്കരുത്. ക്രിസ്തു നീതിമാൻ ആയിരിക്കുന്നതുപോലെ നീതി പ്രവർത്തിക്കുന്നവരെല്ലാം നീതിനിഷ്ഠർ ആകുന്നു. 8 പാപംചെയ്തുകൊണ്ടിരിക്കുന്നവർ പിശാചിൽനിന്നുള്ളവരാകുന്നു. പിശാച് ആരംഭംമുതലേ പാപംചെയ്യുന്നവനാണ്. പിശാചിന്റെ പ്രവർത്തനങ്ങളെ ഉന്മൂലനംചെയ്യാനാണ് ദൈവപുത്രൻ പ്രത്യക്ഷനായത്. 9 ദൈവത്തിൽനിന്നു ജനിച്ചവരാരും പാപം ശീലമാക്കുന്നില്ല; ദൈവത്തിന്റെ വിത്ത് അവരിൽ വസിക്കുന്നല്ലോ. അവർ ദൈവത്തിൽനിന്നു ജനിച്ചിരിക്കുകയാൽ പാപത്തിൽ തുടരുക അവർക്ക് അസാധ്യമാണ്. 10 ദൈവത്തിന്റെ മക്കളെയും പിശാചിന്റെ മക്കളെയും ഇങ്ങനെ തിരിച്ചറിയാം; നീതി പ്രവർത്തിക്കാത്തവർ ആരും ദൈവത്തിൽനിന്ന് ഉള്ളവരല്ല. സഹോദരങ്ങളെ സ്നേഹിക്കാത്തവരും അങ്ങനെതന്നെ.

  7. 12 അതുകൊണ്ട് എന്റെ പ്രിയരേ, എന്റെ സാന്നിധ്യത്തിൽമാത്രമല്ല, അതിലധികമായി എന്റെ അസാന്നിധ്യത്തിലും നിങ്ങൾ എന്നെ എപ്പോഴും അനുസരിച്ചിട്ടുള്ളതുപോലെ സമ്പൂർണ ഭയഭക്ത്യാദരവോടെ നിങ്ങളുടെ രക്ഷയെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരിക. 13 അവിടത്തെ സദുദ്ദേശ്യം നിവർത്തിക്കുന്നതിനുവേണ്ടി നിങ്ങൾക്ക് ആഗ്രഹം നൽകി നിങ്ങളെ പ്രവർത്തനസജ്ജരാക്കുന്നത് ദൈവമാണ്.

    14 എല്ലാക്കാര്യങ്ങളും പരിഭവവും വാഗ്വാദവുംകൂടാതെ ചെയ്യുക. 15 അങ്ങനെ നിങ്ങൾ അനിന്ദ്യരും കുറ്റമറ്റവരും നിഷ്കളങ്കരുമായ, “ദൈവമക്കളായി, ജീവന്റെ വചനം മുറുകെ പിടിച്ചുകൊണ്ട്, വക്രതയും ധാർമികാധഃപതനവും സംഭവിച്ച തലമുറമധ്യേ” ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രശോഭിക്കുക. 16 അങ്ങനെ എന്റെ ഓട്ടവും അധ്വാനവും വൃഥാവായില്ല എന്ന് ക്രിസ്തുവിന്റെ മടങ്ങിവരവിൽ എനിക്ക് അഭിമാനിക്കാം.

  8. 1 യേശുതന്നെയാണ് ക്രിസ്തു എന്നു വിശ്വസിക്കുന്ന ഏതൊരാളും ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. പിതാവിനെ സ്നേഹിക്കുന്ന ഏതൊരാളും ദൈവത്തിൽനിന്നു ജനിച്ച ആളെയും സ്നേഹിക്കുന്നു. 2 ദൈവത്തെ സ്നേഹിക്കുകയും അവിടത്തെ കൽപ്പനകൾ പാലിക്കുകയും ചെയ്യുന്നതിലൂടെ നാം ദൈവമക്കളെയും സ്നേഹിക്കുന്നു എന്ന് നമുക്കറിയാം. 3 ദൈവത്തോടുള്ള സ്നേഹത്തിന്റെ ആധാരം ദൈവത്തിന്റ കൽപ്പനകൾ പാലിക്കുന്നതുതന്നെയാണ്. അവിടത്തെ കൽപ്പനകൾ ഭാരമുള്ളവയല്ല. 4 ദൈവത്തിൽനിന്നു ജനിച്ച ഏതൊരാളും ലോകത്തെ അതിജീവിച്ചിരിക്കുന്നു; ഈ വിജയം നമുക്കു ലഭിച്ചത് നമ്മുടെ വിശ്വാസത്താലാണ്. 5 യേശു ദൈവപുത്രനെന്നു വിശ്വസിക്കുന്നവർക്കല്ലാതെ ആർക്കാണ് ലോകത്തെ അതിജീവിക്കാൻ കഴിയുന്നത്?

  9. 26 അതിനുശേഷം, “നമുക്ക് നമ്മുടെ സ്വരൂപത്തിലും നമ്മുടെ സാദൃശ്യത്തിലും മനുഷ്യനെ നിർമിക്കാം എന്നു ദൈവം കൽപ്പിച്ചു. അവർ സമുദ്രത്തിലെ മത്സ്യങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും കന്നുകാലികൾക്കും സകലവന്യജീവികൾക്കും ഭൂമിയിൽ ഇഴയുന്ന സകല ഇഴജന്തുക്കൾക്കും അധിപതികളാകട്ടെ.”

    27 ഇങ്ങനെ, ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു;

    അവിടന്നു ദൈവസ്വരൂപത്തിൽ അവരെ സൃഷ്ടിച്ചു;

    പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു.

  10. 17 “അവരിൽനിന്ന് പുറത്തുവരികയും

    വേർപിരിയുകയുംചെയ്യുക,

    എന്നു കർത്താവ് അരുളിച്ചെയ്യുന്നു.

    അശുദ്ധമായതൊന്നും സ്പർശിക്കരുത്;

    എന്നാൽ ഞാൻ നിങ്ങളെ സ്വീകരിക്കും.”

    18 “ഞാൻ നിങ്ങൾക്കു പിതാവും

    നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും,

    എന്നു സർവശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു.”

  11. 9 സമാധാനസ്ഥാപകർ അനുഗൃഹീതർ;

    അവർ ദൈവത്തിന്റെ പുത്രരെന്നു വിളിക്കപ്പെടും.

  12. 1 യെഹൂദരുടെ ഭരണസമിതിയിൽ നിക്കോദേമൊസ് എന്നു പേരുള്ള ഒരു പരീശൻ ഉണ്ടായിരുന്നു. 2 അദ്ദേഹം രാത്രിയിൽ യേശുവിന്റെ അടുക്കൽവന്നു പറഞ്ഞു, “റബ്ബീ, അങ്ങു ദൈവത്തിന്റെ അടുക്കൽനിന്ന് വന്ന ഒരു ആചാര്യനാണ് എന്നു ഞങ്ങൾ മനസ്സിലാക്കുന്നു. ദൈവം കൂടെയില്ലെങ്കിൽ അങ്ങു ചെയ്യുന്ന ഈ ചിഹ്നങ്ങൾ ചെയ്യാൻ ആർക്കും സാധ്യമല്ല.”

    3 “ഞാൻ താങ്കളോട് സത്യം സത്യമായി പറയട്ടെ: വീണ്ടും ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണാൻ ആർക്കും കഴിയുകയില്ല” യേശു പ്രതിവചിച്ചു.

    4 “പ്രായമായശേഷം ഒരു മനുഷ്യൻ ജനിക്കുന്നത് എങ്ങനെ? രണ്ടാമതും മാതാവിന്റെ ഉദരത്തിൽ പ്രവേശിച്ചു ജനിക്കുക സാധ്യമല്ലല്ലോ!” നിക്കോദേമൊസ് ചോദിച്ചു.

    5 യേശു മറുപടി പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, വെള്ളത്തിൽനിന്നും ആത്മാവിൽനിന്നും ജനിച്ചില്ലെങ്കിൽ ദൈവരാജ്യത്തിൽ പ്രവേശിക്കാൻ ആർക്കും കഴിയുകയില്ല. 6 ഭൗതികജനനം ശാരീരികമായി സംഭവിക്കുന്നു; ആത്മികജനനം ആത്മാവിലൂടെ സംഭവിക്കുന്നു. 7 ‘നിങ്ങൾ വീണ്ടും ജനിക്കണം,’ എന്നു ഞാൻ പറഞ്ഞതിൽ നീ ആശ്ചര്യപ്പെടേണ്ടതില്ല. 8 കാറ്റ് ഇഷ്ടമുള്ളേടത്തേക്കു വീശുന്നു. അതിന്റെ ശബ്ദം കേൾക്കുന്നുണ്ടെങ്കിലും അത് എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ അറിയുന്നില്ല. ആത്മാവിൽനിന്നു ജനിച്ച ഏതൊരു വ്യക്തിയും അങ്ങനെതന്നെ.”

  13. 1 നിങ്ങൾ ദൈവത്തിന്റെ പ്രിയമക്കൾ ആയിരിക്കുന്നതുകൊണ്ട് ദൈവത്തെ എല്ലാ കാര്യങ്ങളിലും അനുകരിക്കുക: 2 സ്നേഹം നിറഞ്ഞവരായി ജീവിക്കുക. ക്രിസ്തു നമ്മോടുള്ള സ്നേഹംനിമിത്തം നമുക്കുവേണ്ടി സൗരഭ്യമായ അർപ്പണവും യാഗവുമായി സ്വയം ദൈവത്തിനു സമർപ്പിച്ചതാണ് നമ്മുടെ മാതൃക.

  14. 1 മനുഷ്യർ ഭൂമിയിൽ പെരുകിത്തുടങ്ങി. അവർക്കു പുത്രിമാരും ജനിച്ചു. 2 ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യവതികൾ എന്നുകണ്ട് തങ്ങൾക്ക് ഇഷ്ടമുള്ളവരെ വിവാഹംചെയ്തു. 3 അപ്പോൾ യഹോവ, “എന്റെ ആത്മാവ് മനുഷ്യനോട് എന്നേക്കും വാദിച്ചുകൊണ്ടിരിക്കുകയില്ല; മനുഷ്യൻ നശ്വരൻ തന്നെയല്ലോ; അവന്റെ ആയുസ്സ് 120 വർഷമാകും” എന്ന് അരുളിച്ചെയ്തു.

    4 ഈ കാലഘട്ടത്തിലും ഇതിനുശേഷവും ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു. ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ അറിഞ്ഞു; അവർക്ക് മക്കൾ ജനിച്ചു. ഇവരായിരുന്നു പൗരാണികകാലത്തെ പ്രഖ്യാത പുരുഷന്മാർ എന്നറിയപ്പെട്ട വീരന്മാർ.

  15. 5 “എന്റെ കുഞ്ഞേ, കർത്താവിന്റെ ശിക്ഷണം നിസ്സാരമായി കരുതരുത്,

    അവിടന്ന് നിന്നെ ശാസിക്കുമ്പോൾ ധൈര്യം വെടിയരുത്.

    6 കർത്താവ് താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു,

    താൻ പുത്രനായി സ്വീകരിച്ച സകലരെയും ശിക്ഷിച്ചു നന്നാക്കുന്നു,”

    എന്നിങ്ങനെ, ഒരു പിതാവ് പുത്രനോട് എന്നപോലെ നിങ്ങളോടു സംവദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞോ?

    7 ദൈവം തന്റെ മക്കളോട് എന്നപോലെ നിങ്ങളോടു പെരുമാറുന്നു; ആകയാൽ നിങ്ങൾ ഈ ശിക്ഷ സഹിക്കുക. സ്വപിതാവ് ശിക്ഷിക്കാത്ത മകൻ ആരുണ്ട്? 8 എല്ലാവർക്കും ലഭിക്കുന്ന ശിക്ഷ നിങ്ങൾക്കും ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വന്തം മക്കളല്ല; ജാരസന്തതികളാണ്. 9 നമ്മുടെ ലൗകികപിതാക്കന്മാർ നമുക്ക് ബാല്യത്തിൽ ശിക്ഷ നൽകിയിരുന്നപ്പോൾ അവരെ നാം ബഹുമാനിച്ചിരുന്നു. അങ്ങനെയെങ്കിൽ നമ്മുടെ ആത്മാക്കളുടെ പിതാവിനു നാം എത്രയധികം കീഴടങ്ങി ജീവിക്കേണ്ടതാണ്! 10 അവർ തങ്ങൾക്ക് ഉത്തമമെന്നു തോന്നിയ വിധത്തിൽ ആയിരുന്നു നമ്മെ അൽപ്പകാലത്തേക്ക് ശിക്ഷയ്ക്കു വിധേയരാക്കിയത്; ദൈവമോ, നമ്മുടെ പ്രയോജനത്തിനായി—നാം അവിടത്തെ വിശുദ്ധിയിൽ പങ്കാളികൾ ആകേണ്ടതിന്—നമുക്ക് ബാലശിക്ഷ നൽകുന്നു. 11 ഏതുതരം ശിക്ഷയും തൽക്കാലത്തേക്ക് ആനന്ദകരമല്ല, ദുഃഖകരമാണെന്ന് തോന്നും. ഇതിലൂടെ പരിശീലനം സിദ്ധിക്കുന്നവർക്ക് നീതിപൂർവമായ ഒരു സമാധാനഫലം പിന്നീടു ലഭിക്കും.

  16. 43 “ ‘അയൽവാസിയെ സ്നേഹിക്കണം എന്നും ശത്രുവിനെ വെറുക്കണം’ എന്നും കൽപ്പിച്ചിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 44 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക; 45 അങ്ങനെ നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥപിതാവിന്റെ മക്കൾ ആയിത്തീരും. അവിടന്നു ദുഷ്ടരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതി പ്രവർത്തിക്കുന്നവരുടെമേലും അനീതി പ്രവർത്തിക്കുന്നവരുടെമേലും മഴപെയ്യിക്കുകയും ചെയ്യുന്നല്ലോ. 46 നിങ്ങളെ സ്നേഹിക്കുന്നവരെമാത്രം സ്നേഹിച്ചാൽ നിങ്ങൾക്ക് എന്തു പ്രതിഫലമാണു ലഭിക്കുക? അങ്ങനെ നികുതിപിരിവുകാരും ചെയ്യുന്നുണ്ടല്ലോ! 47 സ്വന്തം സഹോദരങ്ങളെമാത്രമാണ് നിങ്ങൾ അഭിവാദനംചെയ്യുന്നതെങ്കിൽ; പുകഴാൻ എന്തിരിക്കുന്നു? അങ്ങനെതന്നെയല്ലേ യെഹൂദേതരരും ചെയ്യുന്നത്? 48 അതുകൊണ്ട്, നിങ്ങളുടെ സ്വർഗസ്ഥപിതാവിന് സർവത്തിലും പരിപൂർണതയുള്ളതുപോലെ നിങ്ങളും സർവത്തിലും പരിപൂർണരാകുക.

  17. 35 എന്നാൽ നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക; അവർക്കു നന്മ ചെയ്യുക; തിരികെ ലഭിക്കുമെന്ന പ്രതീക്ഷകൂടാതെ അവർക്കു വായ്പകൊടുക്കുക. അപ്പോൾ നിങ്ങളുടെ പ്രതിഫലം മഹത്തായിരിക്കും. അങ്ങനെയാണ് പരമോന്നതന്റെ മക്കൾ പ്രവർത്തിക്കുക; കാരണം, അവിടന്നു നന്ദികെട്ടവരോടും ദുഷ്ടരോടും ദയാലുവാകുന്നു. 36 നിങ്ങളുടെ പിതാവ് കരുണാമയൻ ആയിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുക.

  18. 1 ആ സമയത്തു ശിഷ്യന്മാർ യേശുവിന്റെ അടുത്തുവന്ന്, “സ്വർഗരാജ്യത്തിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണ്?” എന്നു ചോദിച്ചു.

    2 അദ്ദേഹം ഒരു കുട്ടിയെ വിളിച്ച് അവരുടെമധ്യത്തിൽ നിർത്തിയശേഷം 3 ഇങ്ങനെ പറഞ്ഞു, “ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾക്ക് ആന്തരികപരിവർത്തനം വന്ന് കുട്ടികളെപ്പോലെ ആയിത്തീരുന്നില്ലെങ്കിൽ ഒരുനാളും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല, നിശ്ചയം. 4 അതുകൊണ്ട്, സ്വയം താഴ്ത്തി ഈ കുട്ടിയെപ്പോലെ ആയിത്തീരുന്നയാളാണ് സ്വർഗരാജ്യത്തിലെ ഉന്നത വ്യക്തി. 5 ഇങ്ങനെയുള്ള ഒരു കുട്ടിയെ എന്റെ നാമത്തിൽ സ്വീകരിക്കുന്ന വ്യക്തി എന്നെ സ്വീകരിക്കുന്നു.

    6 “എന്നാൽ, എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാളെങ്കിലും പാപത്തിൽ വീഴുന്നതിന് ആരെങ്കിലും കാരണമാകുന്നെങ്കിൽ, അയാളുടെ കഴുത്തിൽ ഒരു വലിയ തിരികല്ല് കെട്ടി ആഴിയുടെ ആഴത്തിലേക്ക് താഴ്ത്തുന്നത് അയാൾക്ക് ഏറെ നല്ലത്.

  19. 6 കുട്ടികളെ അവർ നടക്കേണ്ടതായ വഴി പരിശീലിപ്പിക്കുക,

    വൃദ്ധരായാലും അവർ അതിൽനിന്നു വ്യതിചലിക്കുകയില്ല.

  20. 16 ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു. 17 ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്.

  21. 23 അതുമാത്രമല്ല, പരിശുദ്ധാത്മാവാകുന്ന ആദ്യഫലം ഉള്ളിൽ വസിക്കുന്ന നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പിലൂടെ ദൈവത്തിന്റെ പുത്രത്വം ലഭിക്കും എന്നുള്ള പ്രതീക്ഷയാൽ, നാമും ഉള്ളിൽ ഞരങ്ങുകയാണ്.

  22. 39 “അബ്രാഹാമാണ് ഞങ്ങളുടെ പിതാവ്,” അവർ പറഞ്ഞു.

    യേശു അവരോടു പറഞ്ഞത്: “നിങ്ങൾ അബ്രാഹാമിന്റെ മക്കളായിരുന്നെങ്കിൽ, അബ്രാഹാം ചെയ്ത കാര്യങ്ങൾ ചെയ്യുമായിരുന്നു. 40 എന്നാൽ, ദൈവത്തിൽനിന്ന് കേട്ട സത്യം നിങ്ങളെ അറിയിച്ച മനുഷ്യനായ എന്നെ വധിക്കാൻ നിങ്ങൾ ഭാവിക്കുന്നു. അബ്രാഹാം അത്തരം കാര്യങ്ങൾ ചെയ്തില്ലല്ലോ! 41 നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികൾതന്നെ നിങ്ങളും ചെയ്യുന്നു.”

    “ഞങ്ങൾ ജാരസന്തതികളല്ല,” അവർ പ്രതിഷേധിച്ചു. “ഞങ്ങൾക്കൊരു പിതാവേയുള്ളൂ; ദൈവംതന്നെ.”

    42 യേശു അവരോടു പറഞ്ഞത്: “ദൈവം നിങ്ങളുടെ പിതാവായിരുന്നെങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു, ഞാൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു. ഞാൻ സ്വയമേവ വന്നതല്ല; അവിടന്ന് എന്നെ അയച്ചതാണ്. 43 എന്റെ വാക്കുകൾ നിങ്ങൾ മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ്? ഞാൻ പറയുന്നതു ഗ്രഹിക്കാൻ നിങ്ങൾക്കു കഴിവില്ലാത്തതുകൊണ്ടാണ്. 44 നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കളാണ്. അവന്റെ ഇഷ്ടം നിറവേറ്റാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. അവൻ ആരംഭംമുതലേ കൊലപാതകിയായിരുന്നു. അവനിൽ സത്യം ഇല്ലാത്തതുകൊണ്ട് അവൻ സത്യത്തിന്റെ ഭാഗത്തു നിൽക്കുന്നില്ല. വ്യാജം പറയുമ്പോൾ അവൻ സ്വന്തം ഭാഷ സംസാരിക്കുന്നു. അവൻ വ്യാജം പറയുന്നവനും അതിന്റെ അപ്പനും ആകുന്നു. 45 ഞാൻ സത്യം പറയുന്നതുകൊണ്ടു നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല.

  23. 22 അപ്പോൾ ഫറവോനോട്, ഇപ്രകാരം പറയണം, ‘യഹോവ ഇങ്ങനെ അരുളിച്ചെയ്യുന്നു: ഇസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻതന്നെ. 23 “എന്നെ ആരാധിക്കാൻ എന്റെ പുത്രനെ വിട്ടയയ്ക്കണം” എന്നു ഞാൻ നിന്നോടു പറഞ്ഞല്ലോ. എന്നാൽ നീ അവനെ പോകാൻ അനുവദിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെത്തന്നെ, കൊന്നുകളയും’ എന്നുകൂടി പറയുക.”

  24. 7 യഹോവയുടെ ഉത്തരവുകൾ ഞാൻ പുറപ്പെടുവിക്കുന്നു:

    അവിടന്ന് എന്നോട് കൽപ്പിച്ചു, “നീ എന്റെ പുത്രനാകുന്നു;

    ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു.

  25. ജ്ഞാനം സമ്പാദിക്കുന്നതിനുള്ള ആഹ്വാനം

    8 എന്റെ കുഞ്ഞേ, നിന്റെ പിതാവിന്റെ ശിക്ഷണം ശ്രദ്ധിക്കുകയും

    നിന്റെ മാതാവിന്റെ ഉപദേശം അവഗണിക്കുകയും അരുത്.

    9 അവ നിന്റെ ശിരസ്സിന് അഴകേകുന്ന ഒരു ലതാമകുടവും

    നിന്റെ കഴുത്തിൽ ഒരു അലങ്കാരഹാരവും ആയിരിക്കും.

  26. 13 യേശു കൈവെച്ച് അനുഗ്രഹിക്കേണ്ടതിന് ചില ആളുകൾ ശിശുക്കളെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. എന്നാൽ ശിഷ്യന്മാർ അവരെ ശകാരിച്ചു. 14 ഇതുകണ്ട് യേശു ദേഷ്യത്തോടെ, “ശിശുക്കളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുക; അവരെ തടയരുത്; കാരണം ദൈവരാജ്യം ഇങ്ങനെയുള്ളവർക്കു സ്വന്തം! 15 ഒരു ശിശുവിനെപ്പോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്ത ആരും ഒരുനാളും അതിൽ പ്രവേശിക്കുകയില്ല, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. 16 തുടർന്ന് അദ്ദേഹം ശിശുക്കളെ കൈകളിൽ എടുത്ത് അവരുടെമേൽ കൈവെച്ച് അവരെ അനുഗ്രഹിച്ചു.

  27. 34 അതിനു മറുപടിയായി യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ: പാപംചെയ്യുന്നവരെല്ലാം പാപത്തിന്റെ അടിമകളാണ്. 35 ഒരു അടിമയ്ക്ക് വീട്ടിൽ സുസ്ഥിരമായ സ്ഥാനമില്ല; പുത്രനോ എപ്പോഴും നിവസിക്കുന്നു. 36 അതുകൊണ്ട് പുത്രൻ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർഥത്തിൽ സ്വതന്ത്രരാകും.

  28. 25 ഹോശേയയുടെ പുസ്തകത്തിൽ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു:

    “എന്റെ ജനം അല്ലാത്തവരെ ‘എന്റെ ജനം,’ എന്നും

    ‘എന്റെ പ്രിയ’ അല്ലാത്തവളെ ‘എന്റെ പ്രിയപ്പെട്ടവൾ,’ എന്നും ഞാൻ വിളിക്കും.”

    26 വീണ്ടും,

    “ ‘നിങ്ങൾ എന്റെ ജനമല്ല,’

    എന്ന് അവരോട് അരുളിച്ചെയ്ത എല്ലായിടത്തും,

    അവർ ‘ജീവനുള്ള ദൈവത്തിന്റെമക്കൾ’ എന്നു വിളിക്കപ്പെടും”

  29. 3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെടട്ടെ. അവിടന്ന് സ്വർഗത്തിലെ സർവ ആത്മികാനുഗ്രഹങ്ങളാലും ക്രിസ്തുവിൽ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. 4 തിരുസന്നിധിയിൽ നാം വിശുദ്ധരും നിഷ്കളങ്കരും ആയിത്തീരാൻവേണ്ടി സ്നേഹത്താൽ ദൈവം നമ്മെ ലോകസ്ഥാപനത്തിനുമുമ്പേ ക്രിസ്തുവിൽ തെരഞ്ഞെടുത്തു. 5 ദൈവം, തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുവിലൂടെ നമുക്കു പുത്രത്വം നൽകി നമ്മെ അവിടത്തേക്കുവേണ്ടി മുൻനിയമിച്ചിരിക്കുന്നു. 6 ഇത് അവിടന്ന് സ്നേഹസ്വരൂപനിലൂടെ നമുക്കു നിർലോപമായി നൽകിയ മഹനീയകൃപയുടെ പുകഴ്ചയ്ക്കുവേണ്ടിയായിരുന്നു.

  30. 30 നിങ്ങൾക്കുമുമ്പായി പോകുന്ന നിങ്ങളുടെ ദൈവമായ യഹോവ, ഈജിപ്റ്റിൽ നിങ്ങളുടെ കണ്മുമ്പിൽവെച്ചു ചെയ്തതുപോലെ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും. 31 മാത്രവുമല്ല, ഒരു പിതാവ് തന്റെ മകനെ വഹിക്കുന്നതുപോലെ, ഇവിടെ എത്തുന്നതുവരെ നിങ്ങളുടെ ദൈവമായ യഹോവ മരുഭൂമിയിൽ നിങ്ങൾ സഞ്ചരിച്ച വഴിയിലെല്ലാം നിങ്ങളെ വഹിച്ചു എന്നു കണ്ടതല്ലേ?”

  31. 1 നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ മക്കൾ ആകുന്നു. മരിച്ചവർക്കുവേണ്ടി നിങ്ങളുടെ ശരീരത്തിൽ മുറിവേൽപ്പിക്കുകയോ തലയുടെ മുൻവശം ക്ഷൗരംചെയ്യുകയോ അരുത്. 2 കാരണം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു നിങ്ങൾ വിശുദ്ധജനം ആകുന്നു. ഭൂമുഖത്തുള്ള എല്ലാ ജനതകളിൽനിന്നും നിങ്ങളെ യഹോവ തന്റെ വിശിഷ്ടനിക്ഷേപമായി തെരഞ്ഞെടുത്തിരിക്കുന്നു.

  32. 6 “ ‘നിങ്ങൾ ദേവന്മാർ, എന്നും

    നിങ്ങൾ എല്ലാവരും അത്യുന്നതന്റെ മക്കൾ എന്നും ഞാൻ പറഞ്ഞു.’

  33. 13 ഒരു പിതാവിനു തന്റെ മക്കളോടു മനസ്സലിവു തോന്നുന്നതുപോലെതന്നെ,

    യഹോവയ്ക്ക് തന്നെ ഭയപ്പെടുന്നവരോടു മനസ്സലിവു തോന്നുന്നു;

  34. 11 എന്റെ കുഞ്ഞേ, യഹോവയുടെ ശിക്ഷണം നിരസിക്കരുത്,

    അവിടത്തെ ശാസനയോട് അമർഷം തോന്നുകയുമരുത്,

    12 കാരണം, ഒരു പിതാവ് തന്റെ പ്രിയപുത്രനോട് എന്നതുപോലെ

    യഹോവ, താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു.

  35. 17 “ഞാൻ പ്രസാദിച്ചിരിക്കുന്ന എന്റെ പ്രിയപുത്രൻ ഇവൻതന്നെ,” എന്നു സ്വർഗത്തിൽനിന്ന് ഒരു അശരീരിയും ഉണ്ടായി.

  36. 9 “നിങ്ങളുടെ മകൻ അപ്പം ചോദിച്ചാൽ നിങ്ങളിലാരാണ് അവനു കല്ലു കൊടുക്കുക? 10 അല്ലാ, മീൻ ചോദിച്ചാൽ നിങ്ങളിലാരാണ് പാമ്പിനെ നൽകുന്നത്? 11 മക്കൾക്കു നല്ല ദാനങ്ങൾ കൊടുക്കാൻ പാപികളായ നിങ്ങൾക്കറിയാമെങ്കിൽ, സ്വർഗസ്ഥപിതാവ് തന്നോടപേക്ഷിക്കുന്നവർക്കു നല്ല ദാനങ്ങൾ എത്രയധികമായി നൽകും!

  37. 36 പ്രകാശം നിങ്ങൾക്കു സമീപം ഉള്ളപ്പോൾ അതിൽ വിശ്വസിച്ചാൽ, നിങ്ങൾക്ക് പ്രകാശത്തിന്റെ മക്കളായിത്തീരാൻ കഴിയും.” ഇതു പറഞ്ഞശേഷം യേശു അവരെ വിട്ടുപോയി.

  38. 8 അതായത്, അബ്രാഹാമിൽനിന്ന് ശാരീരികമായി ജനിച്ച മക്കളല്ല ദൈവത്തിന്റെമക്കൾ. പിന്നെയോ, വാഗ്ദാനപ്രകാരം ജനിച്ചവരാണ് അബ്രാഹാമിന്റെ സന്തതികൾ എന്നു കണക്കാക്കപ്പെടുന്നത്.

  39. 1 സഭാമുഖ്യനായ ഞാൻ,

    സത്യമായി സ്നേഹിക്കുന്ന പ്രിയ ഗായൊസിന്, എഴുതുന്നത്:

    2 പ്രിയനേ, നീ ആത്മാവിൽ ബലവാനായി ഇരിക്കുന്നതുപോലെതന്നെ എല്ലാ കാര്യങ്ങളിലും ആരോഗ്യവും അഭിവൃദ്ധിയും ഉള്ളവനായിരിക്കണമെന്ന് ഞാൻ പ്രാർഥിക്കുന്നു. 3 നീ സത്യം അനുസരിച്ചു ജീവിക്കുന്നു എന്ന്, നിന്റെ സത്യസന്ധതയെപ്പറ്റി ചില സഹോദരന്മാർവന്ന് സാക്ഷ്യം പറഞ്ഞപ്പോൾ ഞാൻ ഏറ്റവുമധികം ആനന്ദിച്ചു. 4 എന്റെ മക്കൾ സത്യം അനുസരിച്ച് ജീവിക്കുന്നു എന്നു കേൾക്കുന്നതിലും അധികം ആനന്ദം എനിക്കു വേറെയില്ല.

  40. 7 വിജയിക്കുന്നവർ ഇവയ്ക്കെല്ലാം അവകാശിയാകും. ഞാൻ അവർക്ക് ദൈവവും അവർ എനിക്കു പുത്രരും ആയിരിക്കും.

  41. 26 അദ്ദേഹം എന്നോട് ഇപ്രകാരം ഘോഷിക്കും, ‘അവിടന്നാണ് എന്റെ പിതാവ്,

    എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ.’

    27 ഞാൻ അദ്ദേഹത്തെ എന്റെ ആദ്യജാതനായി നിയമിക്കും,

    ഭൂമിയിലെ രാജാക്കന്മാരിൽ ഏറ്റവും ഉന്നതനാക്കും.

  42. 4 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി, അത് ഇപ്രകാരമാണ്:

    5 “നിന്നെ ഗർഭപാത്രത്തിൽ രൂപപ്പെടുത്തുന്നതിനുമുമ്പേ ഞാൻ നിന്നെ അറിഞ്ഞു,

    നീ ജനിക്കുന്നതിനുമുമ്പേ ഞാൻ നിന്നെ വേർതിരിച്ചു;

    രാഷ്ട്രങ്ങൾക്ക് ഒരു പ്രവാചകനായി ഞാൻ നിന്നെ നിയമിച്ചു.”

  43. 10 “ഇങ്ങനെയൊക്കെ ആണെങ്കിലും അളക്കുന്നതിനോ എണ്ണുന്നതിനോ കഴിയാത്ത കടൽപ്പുറത്തെ മണൽപോലെ ഇസ്രായേൽജനം ആയിത്തീരും. ‘നിങ്ങൾ എന്റെ ജനമല്ല,’ എന്ന് അവരോട് അരുളിച്ചെയ്തേടത്തുതന്നെ അവർ ‘ജീവനുള്ള ദൈവത്തിന്റെമക്കൾ,’ എന്നു വിളിക്കപ്പെടും.

  44. 36 അതിനുശേഷം അദ്ദേഹം ഒരു ശിശുവിനെ എടുത്ത് അവരുടെമധ്യത്തിൽ നിർത്തി. പിന്നെ അവനെ കൈകളിൽ എടുത്തുകൊണ്ട് അദ്ദേഹം അവരോടു പറഞ്ഞു: 37 “ഇങ്ങനെയുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവർ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവരോ എന്നെയല്ല, എന്നെ അയച്ചവനെ സ്വീകരിക്കുന്നു.”

  45. 5 ദൈവം ദൂതന്മാരിൽ ആരോടെങ്കിലും,

    “നീ എന്റെ പുത്രൻ;

    ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു”

    എന്നും

    “ഞാൻ അവന്റെ പിതാവും

    അവൻ എന്റെ പുത്രനും ആയിരിക്കും”

    എന്നും എപ്പോഴെങ്കിലും അരുളിച്ചെയ്തിട്ടുണ്ടോ?