സെഖര്യാവിന്റെ അവസാനപ്രവചനങ്ങൾ (continued)

ക്രി.മു. 457

Biblica® Open Malayalam Contemporary Version™ (OMCV)

സെഖര്യാവ് 12–14

1 ഒരു പ്രവചനം: ഇസ്രായേലിനെക്കുറിച്ച് യഹോവയുടെ അരുളപ്പാട്.

ആകാശത്തെ വിരിക്കുകയും ഭൂമിക്ക് അടിസ്ഥാനമിടുകയും മനുഷ്യരുടെ ആത്മാക്കളെ അവരുടെ ഉള്ളിൽ രൂപപ്പെടുത്തുകയുംചെയ്യുന്ന യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “ഞാൻ ജെറുശലേമിനെ അതിനുചുറ്റുമുള്ള സകലജനങ്ങളെയും ചാഞ്ചാടിക്കുന്ന ഒരു പാനപാത്രമാക്കും; യെഹൂദയും ജെറുശലേമും ഉപരോധിക്കപ്പെടും. 3 ഭൂമിയിലെ സകലരാജ്യങ്ങളും അവൾക്കെതിരേ കൂടിവരുന്ന ആ ദിവസത്തിൽ, ഞാൻ ജെറുശലേമിനെ, സകലരാഷ്ട്രങ്ങൾക്കും ചലിപ്പിക്കാൻ കഴിയാത്ത ഒരു പാറയാക്കിമാറ്റും. അതിനെ ചലിപ്പിക്കാൻ ശ്രമിക്കുന്നവർ സ്വയം മുറിവേൽപ്പിക്കും. 4 ആ ദിവസത്തിൽ, ഞാൻ സകലകുതിരകൾക്കും പരിഭ്രമംവരുത്തും; കുതിരച്ചേവകരെ ഭ്രാന്തുപിടിപ്പിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ യെഹൂദാഗൃഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കും; ഇതര രാഷ്ട്രങ്ങളുടെ കുതിരകൾക്കു ഞാൻ അന്ധത വരുത്തും. 5 അപ്പോൾ യെഹൂദാഗോത്രത്തലവന്മാർ: ‘സൈന്യങ്ങളുടെ യഹോവ തങ്ങളുടെ ദൈവം ആയിരിക്കുന്നതുകൊണ്ട് ജെറുശലേംനിവാസികൾ ശക്തരായിരിക്കുന്നു,’ എന്നു ഹൃദയത്തിൽ പറയും.

6 “ആ ദിവസത്തിൽ ഞാൻ യെഹൂദാഗോത്രത്തലവന്മാരെ വിറകിനിടയിൽ തീച്ചട്ടിപോലെയും, കറ്റകൾക്കിടയിൽ കത്തുന്ന പന്തംപോലെയും ആക്കും. അവർ വലത്തും ഇടത്തുമായി ചുറ്റുമുള്ള സകലജനത്തെയും നിശ്ശേഷം ഭസ്മീകരിക്കും. എന്നാൽ ജെറുശലേം സ്വസ്ഥാനത്ത് അതിലെ നിവാസികളുമായി സുരക്ഷിതരായിരിക്കും.

7 “ദാവീദുഗൃഹത്തിന്റെയും ജെറുശലേംനിവാസികളുടെയും അഭിമാനം യെഹൂദയുടെ അഭിമാനത്തെക്കാൾ ഉന്നതമാകാതിരിക്കേണ്ടിതിന് യഹോവ യെഹൂദാനിവാസികളെ ആദ്യം രക്ഷിക്കും. 8 ആ ദിവസത്തിൽ യഹോവ ജെറുശലേംനിവാസികളെ സംരക്ഷിക്കും. അവരിൽ ഏറ്റവും ബലഹീനൻ ദാവീദിനെപ്പോലെയും ദാവീദുഗൃഹം ദൈവത്തെപ്പോലെയും അവരുടെമുമ്പിൽ നടക്കുന്ന യഹോവയുടെ ദൂതനെപ്പോലെയും ആയിരിക്കും. 9 ആ ദിവസത്തിൽ ജെറുശലേമിനെ ആക്രമിക്കുന്ന സകലരാജ്യങ്ങളെയും ഞാൻ നശിപ്പിക്കാൻ ആരംഭിക്കും.

10 “ഞാൻ, ദാവീദുഗൃഹത്തിന്മേലും ജെറുശലേംനിവാസികളിന്മേലും കൃപയുടെയും അഭയയാചനകളുടെയും ആത്മാവിനെ പകരും. അവർ എങ്കലേക്കു നോക്കും, അവർ കുത്തിയവങ്കലേക്കുതന്നെ. ഏകജാതനെക്കുറിച്ച് വിലപിക്കുന്നതുപോലെ അവനെക്കുറിച്ച് അവർ വിലപിക്കും, ആദ്യജാതനെക്കുറിച്ച് ദുഃഖിക്കുന്നതുപോലെ അവർ കയ്‌പോടെ ദുഃഖിക്കും. 11 ആ ദിവസത്തിൽ, മെഗിദ്ദോസമതലത്തിലെ ഹദദ്-രിമ്മോനിലെ വിലാപംപോലെ, ജെറുശലേമിൽ മഹാവിലാപം ഉണ്ടാകും. 12 ദേശം വിലപിക്കും; അവർ കുലംകുലമായി വിലപിക്കും, അവരുടെ ഭാര്യമാരും വിലപിക്കും: ദാവീദുഗൃഹത്തിലെ കുലങ്ങളും അവരുടെ ഭാര്യമാരും നാഥാൻഗൃഹത്തിലെ കുലവും അവരുടെ ഭാര്യമാരും വിലപിക്കും. 13 ലേവിഗൃഹത്തിന്റെ കുലവും അവരുടെ ഭാര്യമാരും ശിമെയിഗൃഹത്തിന്റെ കുലവും അവരുടെ ഭാര്യമാരും 14 ശേഷിച്ച എല്ലാ കുലങ്ങളും അവരുടെ ഭാര്യമാരും വിലപിക്കും.

13:1 “ആ ദിവസത്തിൽ ദാവീദുഗൃഹത്തിന്റെയും ജെറുശലേംനിവാസികളുടെയും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിനായി ഒരു ഉറവ തുറക്കപ്പെട്ടിരിക്കും.

2 “ആ ദിവസത്തിൽ, വിഗ്രഹങ്ങളുടെ പേരുകൾ ഞാൻ ദേശത്തുനിന്നു നീക്കിക്കളയും, അവ പിന്നെ ഒരിക്കലും ഓർമിക്കപ്പെടുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ പ്രവാചകന്മാരെയും അശുദ്ധാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും. 3 പിന്നെ ആരെങ്കിലും പ്രവചിക്കുന്നെങ്കിൽ അവനു ജന്മംനൽകിയ മാതാപിതാക്കൾ അവനോടു പറയും: ‘യഹോവയുടെ നാമത്തിൽ വ്യാജം പറഞ്ഞിരിക്കുകയാൽ നീ മരിക്കണം.’ അവൻ പ്രവചിക്കുമ്പോൾ അവന്റെ മാതാപിതാക്കൾതന്നെ അവനെ കുത്തും.

4 “ആ ദിവസത്തിൽ ഓരോ പ്രവാചകനും തന്റെ പ്രവചനദർശനത്തെക്കുറിച്ച് ലജ്ജിക്കും. ചതിക്കേണ്ടതിന് അവർ പ്രവാചകന്റെ രോമമുള്ള അങ്കി ധരിക്കുകയുമില്ല. 5 ‘ഞാൻ പ്രവാചകനല്ല, ഒരു കൃഷിക്കാരനത്രേ; എന്റെ യൗവനംമുതൽ ഒരാൾ എന്നെ വിലയ്ക്കു വാങ്ങിയിരിക്കുന്നു,’ എന്ന് ഓരോരുത്തരും പറയും. 6 ആരെങ്കിലും അവനോട്: ‘നിന്റെ ശരീരത്തിൽ ഏറ്റിരിക്കുന്ന മുറിവുകൾ എന്ത്,’ എന്നു ചോദിച്ചാൽ, ‘എന്റെ സ്നേഹിതരുടെ വീട്ടിൽവെച്ച് എനിക്കേറ്റ മുറിവുകൾതന്നെ’ എന്ന് അവൻ ഉത്തരം പറയും.

7 “വാളേ, എന്റെ ഇടയന്റെനേരേയും

എന്റെ പ്രിയപുരുഷന്റെനേരേയും ഉണരുക!”

എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

“ഇടയനെ വെട്ടുക;

ആടുകൾ ചിതറിപ്പോകും,

ഞാൻ ചെറിയവരുടെനേർക്ക് എന്റെ കൈ തിരിക്കും.”

8 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സർവദേശത്തിലും

മൂന്നിൽരണ്ടുഭാഗം ഛേദിക്കപ്പെട്ടു നശിച്ചുപോകും;

എങ്കിലും അതിൽ മൂന്നിലൊരംശം ശേഷിച്ചിരിക്കും.

9 ഈ മൂന്നിലൊരംശത്തെ ഞാൻ അഗ്നിയിൽക്കൂടി കടത്തും;

ഞാൻ അവരെ വെള്ളിപോലെ സ്‌ഫുടംചെയ്യും

സ്വർണംപോലെ അവരെ ശുദ്ധീകരിക്കും.

അവർ എന്റെ നാമം വിളിച്ചപേക്ഷിക്കും

ഞാൻ അവർക്ക് ഉത്തരമരുളും;

‘അവർ എന്റെ ജനം,’ എന്നു ഞാൻ പറയും

‘യഹോവ ഞങ്ങളുടെ ദൈവം’ എന്ന് അവരും പറയും.”

14:1 യഹോവയുടെ ഒരു ദിവസം വരുന്നു; ജെറുശലേമേ, അന്നു നിന്റെ സമ്പത്തു കൊള്ളയടിക്കപ്പെടുകയും നിന്റെ മതിലുകൾക്കുള്ളിൽവെച്ചുതന്നെ അവ വിഭജിക്കപ്പെടുകയും ചെയ്യും.

2 ജെറുശലേമിനെതിരേ യുദ്ധംചെയ്യാൻ ഞാൻ സകലരാജ്യങ്ങളെയും കൂട്ടിവരുത്തും; പട്ടണം പിടിക്കപ്പെടും, വീടുകൾ കൊള്ളയടിക്കപ്പെടും, സ്ത്രീകൾ ബലാൽക്കാരംചെയ്യപ്പെടും, പട്ടണവാസികളിൽ പകുതിപ്പേർ പ്രവാസത്തിലേക്കു പോകും. എന്നാൽ ശേഷിക്കുന്ന ജനം പട്ടണത്തിൽനിന്നു പോകേണ്ടിവരുകയില്ല. 3 അപ്പോൾ യഹോവ, യുദ്ധദിനത്തിലെന്നപോലെ പുറത്തുവന്ന് ആ രാജ്യങ്ങളോടു യുദ്ധംചെയ്യും. 4 ആ ദിവസത്തിൽ അവിടത്തെ കാൽ ജെറുശലേമിനു കിഴക്കുള്ള ഒലിവുമലയിൽ നിൽക്കും. അപ്പോൾ ഒലിവുമല കിഴക്കുപടിഞ്ഞാറായി, രണ്ടുഭാഗമായി പിളർന്നുപോകും. മലയുടെ ഒരുപകുതി വടക്കോട്ടും മറ്റേപകുതി തെക്കോട്ടും നീങ്ങിപ്പോകുന്നതിനാൽ നടുവിൽ ഒരു വലിയ താഴ്വര രൂപപ്പെടും. 5 നിങ്ങൾ എന്റെ മലയുടെ താഴ്വരകളിലൂടെ ഓടിപ്പോകും, കാരണം ആ താഴ്വര ആസൽവരെ എത്തും. യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തു ഭൂകമ്പത്തിൽനിന്നു നിങ്ങൾ ഓടിപ്പോയതുപോലെ നിങ്ങൾ ഓടിപ്പോകും. അപ്പോൾ എന്റെ ദൈവമായ യഹോവ വരും, അവിടത്തെ സകലവിശുദ്ധന്മാരോടുംകൂടി എഴുന്നള്ളും.

6 ആ ദിവസത്തിൽ വെളിച്ചമോ തണുപ്പോ മൂടൽമഞ്ഞോ ഉണ്ടായിരിക്കുകയില്ല. 7 അതു നിസ്തുലമായ ഒരു ദിവസം ആയിരിക്കും; അതിനു പകലോ രാത്രിയോ ഉണ്ടായിരിക്കുകയില്ല; യഹോവമാത്രം അറിയുന്ന ഒരു ദിവസം. സന്ധ്യയാകുമ്പോഴും വെളിച്ചമുണ്ടായിരിക്കും.

8 ആ ദിവസത്തിൽ ജെറുശലേമിൽനിന്നുള്ള ജീവജലം പ്രവഹിക്കും; പകുതി കിഴക്ക് ഉപ്പുകടലിലേക്കും പകുതി പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രത്തിലേക്കും ഒഴുകും. അതു വേനൽക്കാലത്തും ശീതകാലത്തും ഉണ്ടാകും.

9 യഹോവ സകലഭൂമിക്കും രാജാവായിരിക്കും. ആ ദിവസത്തിൽ അവിടന്ന് ഏകകർത്താവും അവിടത്തെ നാമം ഏകനാമവും ആയിരിക്കും.

10 ദേശംമുഴുവനും, ഗേബാമുതൽ ജെറുശലേമിനു തെക്ക് രിമ്മോൻവരെ അരാബാപോലെ വിശാലമായ സമഭൂമിയായിത്തീരും. എന്നാൽ ജെറുശലേം അതിന്റെ സ്ഥാനത്തുതന്നെ ഉയർന്നിരിക്കും. ബെന്യാമീൻകവാടംമുതൽ ആദ്യത്തെ കവാടത്തിന്റെ സ്ഥാനംവരെയും കോൺകവാടംവരെയും ഹനനേൽഗോപുരംമുതൽ രാജാവിന്റെ മുന്തിരിച്ചക്കുകൾവരെയും മാറ്റമൊന്നും സംഭവിക്കുകയില്ല. 11 അതിൽ ആൾപ്പാർപ്പുണ്ടാകും; പിന്നീടൊരിക്കലും അതു നശിപ്പിക്കപ്പെടുകയില്ല. ജെറുശലേം സുരക്ഷിതമായിരിക്കും.

12 ജെറുശലേമിനോടു യുദ്ധംചെയ്യുന്ന സകലരാജ്യങ്ങളിലേക്കും യഹോവ അയയ്ക്കുന്ന ഒരു ബാധ ഇതായിരിക്കും: അവർ നിൽക്കുമ്പോൾത്തന്നെ അവരുടെ ത്വക്ക് അഴുകും; കൺതടത്തിൽത്തന്നെ അവരുടെ കണ്ണു ചീഞ്ഞഴുകും; വായ്ക്കുള്ളിൽത്തന്നെ അവരുടെ നാവും അഴുകിപ്പോകും. 13 ആ ദിവസത്തിൽ, യഹോവ ജനത്തിന്മേൽ മഹാപരിഭ്രമം അയയ്ക്കും. ഒരാൾ മറ്റൊരാളുടെ കൈക്കുപിടിച്ചുനിർത്തി പരസ്പരം ആക്രമിക്കും. 14 യെഹൂദയും ജെറുശലേമിൽ യുദ്ധംചെയ്യും. ചുറ്റുമുള്ള സകലരാജ്യങ്ങളുടെയും സർവസമ്പത്തും, സ്വർണവും വെള്ളിയും വസ്ത്രവും വലിയ അളവിൽ ശേഖരിക്കപ്പെടും. 15 അവരുടെ പാളയത്തിലെ കുതിരകൾ, കോവർകഴുതകൾ, ഒട്ടകങ്ങൾ, കഴുതകൾ എന്നിങ്ങനെയുള്ള സകലമൃഗങ്ങളും ഈ ബാധയാൽ സംഹരിക്കപ്പെടും.

16 ജെറുശലേമിനെ ആക്രമിച്ച സകലരാജ്യങ്ങളിലും യുദ്ധം അതിജീവിച്ചവർ വർഷംതോറും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ ആരാധിക്കുന്നതിനും കൂടാരപ്പെരുന്നാൾ ആഘോഷിക്കുന്നതിനും കയറിവരും. 17 സൈന്യങ്ങളുടെ യഹോവയായ രാജാവിനെ ആരാധിക്കാൻ ഭൂമിയിലെ ഏതെങ്കിലുമൊരു ജനവിഭാഗം ജെറുശലേമിലേക്കു കയറിച്ചെല്ലാതിരുന്നാൽ അവർക്കു മഴ ഉണ്ടാകുകയില്ല. 18 ഈജിപ്റ്റിലെ ജനം കയറിച്ചെന്ന് അതിൽ പങ്കെടുക്കാതിരുന്നാൽ അവർക്കും മഴ ഉണ്ടാകുകയില്ല. കൂടാരപ്പെരുന്നാൾ ആഘോഷിക്കാൻ പോകാത്ത രാജ്യങ്ങളുടെമേൽ യഹോവ വരുത്തുന്ന ബാധ അവരുടെമേലും വരുത്തും. 19 ഈജിപ്റ്റിനും കൂടാരപ്പെരുന്നാൾ ആഘോഷിക്കുന്നതിനു കയറിച്ചെല്ലാത്ത എല്ലാ രാജ്യങ്ങൾക്കും ശിക്ഷ ഇതുതന്നെയായിരിക്കും.

20 ആ ദിവസത്തിൽ, കുതിരകളുടെ മണികളിൽ, “യഹോവയ്ക്കു വിശുദ്ധം” എന്നു കൊത്തിയിരിക്കും. യഹോവയുടെ ആലയത്തിലെ കലങ്ങൾ, യാഗപീഠത്തിന്റെ മുമ്പിലുള്ള കലശങ്ങൾപോലെ വിശുദ്ധമായിരിക്കും. 21 ജെറുശലേമിലും യെഹൂദയിലുമുള്ള സകലപാത്രവും സൈന്യങ്ങളുടെ യഹോവയ്ക്കു വിശുദ്ധമായിരിക്കും. യാഗം കഴിക്കാൻ വരുന്നവർ പാത്രങ്ങളിൽ ചിലതെടുത്ത് അതിൽ പാചകംചെയ്യും. ആ ദിവസത്തിൽ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിൽ ഒരു കനാന്യനും ഉണ്ടാകുകയില്ല.

അർഥഹ്ശഷ്ടാവിനെതിരായ ഗൂഢാലോചന മൊർദെഖായി കണ്ടെത്തുന്നു

എസ്ഥേർ 2:21–23

21 മൊർദെഖായി രാജകവാടത്തിൽ ഇരിക്കുമ്പോൾ രാജാവിന്റെ ഉദ്യോഗസ്ഥരും വാതിൽകാവൽക്കാരുമായ ബിഗ്ദ്ധാനും തേരേശും അദ്ദേഹത്തോടുള്ള കോപംനിമിത്തം അഹശ്വേരോശ് രാജാവിനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി. 22 മൊർദെഖായി ഈ കെണി മനസ്സിലാക്കിയിട്ട്, ആ വിവരം അദ്ദേഹം എസ്ഥേർരാജ്ഞിയെ അറിയിച്ചു. അവൾ അതു മൊർദെഖായിയുടെപേരിൽ രാജാവിനെ അറിയിക്കുകയും ചെയ്തു. 23 ഈ വിവരം അന്വേഷിച്ച് സത്യമെന്ന് ബോധ്യപ്പെട്ടതിനാൽ ആ രണ്ട് ഉദ്യോഗസ്ഥന്മാരെയും കഴുമരത്തിൽ തൂക്കിക്കൊന്നു. ഈ വിവരങ്ങളെല്ലാം രാജാവിന്റെ സാന്നിധ്യത്തിൽത്തന്നെ ചരിത്രഗ്രന്ഥങ്ങളിൽ എഴുതിച്ചേർത്തിരുന്നു.