സെഖര്യാവിന്റെ അവസാനപ്രവചനങ്ങൾ

ക്രി.മു. 457

Biblica® Open Malayalam Contemporary Version™ (OMCV)

സെഖര്യാവ് 9–11

1 ഒരു പ്രവചനം:

യഹോവയുടെ വചനം ഹദ്രക്കുദേശത്തിനു വിരോധമായിരിക്കുന്നു,

അത് ദമസ്കോസിൽനിന്നു വന്നുപതിക്കും—

സകലമനുഷ്യരുടെയും ഇസ്രായേൽഗോത്രങ്ങളുടെയും ദൃഷ്ടി

യഹോവയുടെമേൽ ആകുന്നു—

2 ദമസ്കോസിന്റെ അതിരിനടുത്തുള്ള ഹമാത്തിന്മേലും അത് ഉണ്ടായിരിക്കും,

വളരെ സമർഥരെങ്കിലും, സോരിനും സീദോനും അങ്ങനെതന്നെ.

3 സോർ ഒരു സുരക്ഷിതകേന്ദ്രം പണിതിരിക്കുന്നു;

അവൾ ചെളിപോലെ വെള്ളിയും

തെരുവീഥികളിലെ പൊടിപോലെ സ്വർണവും വാരിക്കൂട്ടിയിരിക്കുന്നു.

4 എന്നാൽ കർത്താവ് അവളുടെ സമ്പത്ത് എടുത്തുകളയും

അവളുടെ കെട്ടുറപ്പുള്ള കോട്ടകൾ കടലിലിട്ടു നശിപ്പിക്കും

അവൾ അഗ്നിയാൽ ദഹിപ്പിക്കപ്പെടും.

5 അസ്കലോൻ അതുകണ്ടു ഭയപ്പെടും;

ഗസ്സാ വേദനകൊണ്ടു പുളയും

തന്റെ പ്രത്യാശ നഷ്ടപ്പെടുന്നതുകൊണ്ട് എക്രോനും.

ഗസ്സായ്ക്കു രാജാവ് നഷ്ടമാകും

അസ്കലോൻ ജനവാസം ഇല്ലാത്തതായിത്തീരും.

6 സമ്മിശ്രജനത അശ്ദോദ് കൈവശമാക്കും

ഫെലിസ്ത്യരുടെ അഹങ്കാരം ഞാൻ അവസാനിപ്പിക്കും.

7 ഞാൻ, അവരുടെ വായിൽനിന്നു രക്തവും

അവരുടെ പല്ലുകൾക്കിടയിൽനിന്നു വിലക്കപ്പെട്ട ആഹാരവും എടുത്തുകളയും.

ഫെലിസ്ത്യരിൽ ശേഷിക്കുന്നവരും നമ്മുടെ ദൈവത്തിന് അവകാശപ്പെട്ടവരാകും.

അവർ യെഹൂദയിലെ ഒരു കുലംപോലെ ആയിത്തീരും,

എക്രോൻ യെബൂസ്യരെപ്പോലെയും ആകും.

8 എന്നാൽ കൊള്ളക്കാരിൽനിന്ന്

ഞാൻ എന്റെ ആലയത്തെ കാക്കുന്നതിന് അതിനുചുറ്റും പാളയമിറങ്ങും.

ഞാൻ ഇപ്പോൾ കാവൽചെയ്യുന്നതുകൊണ്ട്,

ഒരു പീഡകനും എന്റെ ജനത്തെ കീഴ്‌മേൽ മറിക്കുകയില്ല.

9 സീയോൻപുത്രീ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്കുക!

ജെറുശലേംപുത്രീ, ആർപ്പിടുക!

ഇതാ, നിന്റെ രാജാവ് നിന്റെ അടുത്തേക്കു വരുന്നു—

നീതിമാനും വിജയശ്രീലാളിതനും

സൗമ്യതയുള്ളവനുമായി, കഴുതപ്പുറത്തുകയറി,

പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തുകയറി വരുന്നു!

10 ഞാൻ എഫ്രയീമിൽനിന്നു രഥങ്ങളെയും

ജെറുശലേമിൽനിന്നു യുദ്ധക്കുതിരകളെയും എടുത്തുകളയും,

യുദ്ധത്തിനുള്ള വില്ല് ഒടിച്ചുകളയും.

അവിടന്ന് രാജ്യങ്ങൾക്ക് സമാധാനം പ്രഖ്യാപിക്കും.

അവിടത്തെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും

നദിമുതൽ ഭൂമിയുടെ അറ്റത്തോളവും ആയിരിക്കും.

11 നീയോ, നിന്നോടുള്ള എന്റെ ഉടമ്പടിയുടെ രക്തംമൂലം

ഞാൻ നിന്റെ ബന്ധിതരെ വെള്ളമില്ലാത്ത കുഴികളിൽനിന്നു മോചിപ്പിക്കും.

12 പ്രത്യാശയുള്ള ബന്ധിതരേ, നിങ്ങളുടെ കോട്ടയിലേക്കു മടങ്ങിപ്പോകുവിൻ;

നിങ്ങൾക്ക് ഇരട്ടിയായി മടക്കിത്തരുമെന്ന് ഞാൻ പ്രഖ്യാപിക്കുന്നു.

13 ഞാൻ എന്റെ വില്ല് കുലയ്ക്കുന്നതുപോലെ യെഹൂദയെ വളയ്ക്കും,

എഫ്രയീമിനെ ഞാൻ അസ്ത്രംകൊണ്ടു നിറച്ചുമിരിക്കുന്നു.

സീയോനേ, ഞാൻ നിന്റെ പുത്രന്മാരെ ഉണർത്തി

ഒരു യുദ്ധവീരന്റെ വാൾപോലെയാക്കും;

ഗ്രീക്കുദേശമേ, നിന്റെ പുത്രന്മാർക്കെതിരേതന്നെ.

14 അപ്പോൾ അവരുടെമേൽ യഹോവ പ്രത്യക്ഷനാകും;

അവിടത്തെ അമ്പ് മിന്നൽപ്പിണർപോലെ ചീറിപ്പായും.

യഹോവയായ കർത്താവ് കാഹളംധ്വനിപ്പിക്കും;

അവിടന്ന് തെക്കൻകാറ്റുകളിൽ മുന്നേറും.

15 സൈന്യങ്ങളുടെ യഹോവ അവരെ സംരക്ഷിക്കും.

അവർ കവിണക്കല്ലുകളാൽ

വിനാശംവരുത്തി വിജയംനേടും;

അവർ കുടിക്കും, മദ്യപരെപ്പോലെ അട്ടഹസിക്കും.

അവർ യാഗപീഠത്തിന്റെ കോണുകളിൽ തളിക്കാനുള്ള

നിറഞ്ഞ പാത്രംപോലെ ആയിരിക്കും.

16 ഇടയൻ തന്റെ ആട്ടിൻകൂട്ടത്തെ സംരക്ഷിക്കുന്നതുപോലെ

ആ ദിവസം അവരുടെ ദൈവമായ യഹോവ തന്റെ ജനത്തെ സംരക്ഷിക്കും.

ഒരു കിരീടത്തിൽ രത്നങ്ങൾപോലെ

അവർ അവിടത്തെ ദേശത്തു മിന്നിത്തിളങ്ങും.

17 അവർ എത്ര ആകർഷണീയരും സൗന്ദര്യപൂർണരും ആയിരിക്കും!

ധാന്യം യുവാക്കന്മാരെയും

പുതുവീഞ്ഞ് യുവതികളെയും പുഷ്ടിയുള്ളവരാക്കും.

10:1 വസന്തകാലത്ത് മഴയ്ക്കുവേണ്ടി യഹോവയോട് അപേക്ഷിക്കുക;

യഹോവയാണല്ലോ മിന്നൽപ്പിണർ അയയ്ക്കുന്നത്.

അവിടന്ന് സകലജനത്തിനും മഴ വർഷിപ്പിക്കുന്നു

എല്ലാവർക്കും വയലിലെ സസ്യങ്ങളും നൽകുന്നു.

2 വിഗ്രഹങ്ങൾ വഞ്ചന സംസാരിക്കുന്നു,

ദേവപ്രശ്നംവെക്കുന്നവർ വ്യാജം ദർശിക്കുന്നു;

അവർ വ്യാജസ്വപ്നങ്ങൾ പറയുന്നു,

അവർ വൃഥാ ആശ്വസിപ്പിക്കുന്നു.

അതിനാൽ ജനം ആടുകളെപ്പോലെ അലയുന്നു.

ഇടയൻ ഇല്ലാത്തതിനാൽ അവർ പീഡിപ്പിക്കപ്പെടുന്നു.

3 “എന്റെ കോപം ഇടയന്മാർക്കുനേരേ ജ്വലിക്കുന്നു,

ഞാൻ നായകന്മാരെ ശിക്ഷിക്കും;

സൈന്യങ്ങളുടെ യഹോവ തന്റെ ആട്ടിൻകൂട്ടമായ

യെഹൂദയ്ക്കുവേണ്ടി കരുതും,

അവിടന്ന് അവരെ യുദ്ധത്തിൽ ഗർവിഷ്ഠനായ കുതിരയാക്കും.

4 യെഹൂദയിൽനിന്ന് മൂലക്കല്ലും

അവനിൽനിന്ന് കൂടാരത്തിന്റെ ആണിയും

അവനിൽനിന്ന് യുദ്ധത്തിനുള്ള വില്ലും

അവനിൽനിന്ന് ഓരോ അധിപതിയും വരും.

5 അവർ യുദ്ധത്തിൽ ശത്രുക്കളെ

ചെളിനിറഞ്ഞ വീഥികളിൽ ഇട്ടു മെതിക്കുന്ന വീരയോദ്ധാക്കളെപ്പോലെ ആയിരിക്കും.

യഹോവ അവരോടുകൂടെ ഉള്ളതുകൊണ്ട്,

അവർ ശത്രുക്കളുടെ കുതിരച്ചേവകരെ യുദ്ധത്തിൽ തോൽപ്പിക്കും.

6 “ഞാൻ യെഹൂദാഗൃഹത്തെ ശക്തിപ്പെടുത്തും

യോസേഫുഗൃഹത്തെ രക്ഷിക്കും.

എനിക്ക് അവരോടു മനസ്സലിവുള്ളതുകൊണ്ട്

ഞാൻ അവരെ യഥാസ്ഥാനപ്പെടുത്തും.

ഞാൻ ഒരിക്കലും നിരസിക്കാത്തവരെപ്പോലെ

അവർ ആയിരിക്കും;

ഞാൻ അവരുടെ ദൈവമായ യഹോവയല്ലോ,

ഞാൻ അവർക്ക് ഉത്തരമരുളും.

7 എഫ്രയീമ്യർ വീരയോദ്ധാക്കളെപ്പോലെ ആകും

അവരുടെ ഹൃദയത്തിൽ വീഞ്ഞിനാലെന്നപോലെ സന്തോഷമായിരിക്കും.

അവരുടെ കുഞ്ഞുങ്ങൾ അതുകണ്ട് സന്തോഷിക്കും

അവരുടെ ഹൃദയം യഹോവയിൽ സന്തോഷിക്കും.

8 ഞാൻ അവർക്കു ചിഹ്നം കാണിച്ച് അവരെ അകത്തുവരുത്തും.

കാരണം ഞാൻ അവരെ വീണ്ടെടുത്തിരിക്കുന്നു.

അവർ പണ്ടത്തെപ്പോലെതന്നെ അസംഖ്യമായിരിക്കും.

9 ഞാൻ അവരെ ജനതകൾക്കിടയിൽ ചിതറിച്ചുകളയുമെങ്കിലും

വിദൂരദേശങ്ങളിൽ അവർ എന്നെ ഓർക്കും.

അവരും അവരുടെ കുഞ്ഞുങ്ങളും ജീവിച്ചിരിക്കും,

അവർ ഇസ്രായേലിലേക്കു മടങ്ങിവരും.

10 ഞാൻ അവരെ ഈജിപ്റ്റിൽനിന്നു മടക്കിവരുത്തും

അശ്ശൂരിൽനിന്ന് അവരെ ശേഖരിക്കും.

ഞാൻ അവരെ ഗിലെയാദിലേക്കും ലെബാനോനിലേക്കും കൊണ്ടുപോകും,

അവിടെ അവർക്കു സ്ഥലം മതിയാകുകയില്ല.

11 അവർ കഷ്ടതയുടെ സമുദ്രത്തിലൂടെ കടക്കും;

ഇളകിമറിയുന്ന സമുദ്രം ശാന്തമാകും.

നൈലിന്റെ അഗാധതകൾ വരണ്ടുപോകും;

അശ്ശൂരിന്റെ അഹങ്കാരം തകർക്കപ്പെടും

ഈജിപ്റ്റിന്റെ ചെങ്കോൽ അവസാനിക്കും.

12 ഞാൻ അവരെ യഹോവയിൽ ബലപ്പെടുത്തും

അവിടത്തെ നാമത്തിൽ അവർ സുരക്ഷിതരായി ജീവിക്കും,”

എന്ന് യഹോവയുടെ അരുളപ്പാട്.

11:1 ലെബാനോനേ, നിന്റെ വാതിലുകൾ തുറക്കുക;

അഗ്നി നിന്റെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ!

2 സരളവൃക്ഷങ്ങളേ, വിലപിക്കുവിൻ;

ദേവദാരുക്കൾ വീണുപോയി!

ബാശാനിലെ കരുവേലകങ്ങളേ, വിലപിക്കുവിൻ;

ഗാംഭീര്യമുള്ള വൃക്ഷങ്ങൾ നശിച്ചുപോയിരിക്കുന്നു; ഘോരവനവും വെട്ടിനിരത്തിയിരിക്കുന്നു.

3 ഇടയന്മാരുടെ വിലാപം ശ്രദ്ധിക്കുക;

അവരുടെ തഴച്ച മേച്ചിൽപ്പുറങ്ങൾ നശിച്ചുപോയിരിക്കുന്നു!

സിംഹങ്ങളുടെ ഗർജനം ശ്രദ്ധിക്കുക;

യോർദാനിലെ തഴച്ച കുറ്റിക്കാടുകൾ നശിച്ചുപോയിരിക്കുന്നു!

4 എന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അറക്കാൻ അടയാളപ്പെടുത്തിയ ആട്ടിൻകൂട്ടത്തെ മേയിക്കുക. 5 വാങ്ങുന്നവർ അവയെ കശാപ്പുചെയ്യുന്നു; എന്നാൽ ശിക്ഷിക്കപ്പെടാതെ പോകുകയും ചെയ്യുന്നു. അവയെ വിൽക്കുന്നവർ, ‘യഹോവയ്ക്കു സ്തോത്രം, ഞാൻ ധനികനായിരിക്കുന്നു’ എന്നു പറയുന്നു. അവരുടെ സ്വന്തം ഇടയന്മാർപോലും അവരോടു കരുണ കാണിക്കുന്നില്ല. 6 ദേശത്തിലെ ജനങ്ങളോട് ഇനി കരുണയുണ്ടാകുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ ഓരോരുത്തരും അവരവരുടെ അയൽവാസികളുടെ പക്കലും രാജാവിന്റെ പക്കലും ഏൽപ്പിക്കും. അവർ ദേശത്തെ തകർക്കും, ഞാൻ അവരുടെ കരങ്ങളിൽനിന്ന് ആരെയും വിടുവിക്കുകയില്ല.”

7 അങ്ങനെ ഞാൻ, അറക്കാൻ അടയാളപ്പെടുത്തിയ ആട്ടിൻകൂട്ടത്തെ, വിശേഷിച്ചു കൂട്ടത്തിൽ പീഡിപ്പിക്കപ്പെട്ടവയെ, മേയിച്ചു. പിന്നീട് ഞാൻ രണ്ടു കോൽ എടുത്തു, ഒന്നിനു “പ്രീതി,” എന്നും മറ്റേതിന് “ഒരുമ,” എന്നും പേരിട്ടു. അങ്ങനെ ഞാൻ കൂട്ടത്തെ മേയിച്ചു. 8 ഒരു മാസത്തിനകം മൂന്ന് ഇടയന്മാരെ ഞാൻ ഒഴിവാക്കി.

ആട്ടിൻകൂട്ടത്തിന് എന്നോട് വെറുപ്പുതോന്നി, എനിക്ക് അവരോടും മടുപ്പുതോന്നി. 9 “ഞാൻ നിങ്ങളുടെ ഇടയൻ ആയിരിക്കുകയില്ല, ചാകുന്നവ ചാകട്ടെ, നശിക്കുന്നവ നശിക്കട്ടെ. ശേഷിച്ചിരിക്കുന്നവ പരസ്പരം മാംസം തിന്നട്ടെ,” എന്നു പറഞ്ഞു.

10 പിന്നീടു ഞാൻ, പ്രീതി എന്നു പേരുള്ള കോലെടുത്തു; സകലരാജ്യങ്ങളോടും ചെയ്തിരുന്ന ഉടമ്പടി ലംഘിച്ചുകൊണ്ട് ഞാൻ അതിനെ ഒടിച്ചുകളഞ്ഞു. 11 ആ ദിവസംതന്നെ അതു ലംഘിക്കപ്പെട്ടു. എന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്ന കൂട്ടത്തിലെ പീഡിതർ, അത് യഹോവയുടെ വചനംതന്നെ ആകുന്നു എന്നു തിരിച്ചറിഞ്ഞു.

12 ഞാൻ അവരോടു പറഞ്ഞു: “നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ എന്റെ കൂലി തരിക; ഇല്ലെങ്കിൽ, തരേണ്ടതില്ല.” അങ്ങനെ അവർ എനിക്കു മുപ്പതു വെള്ളിക്കാശ് എന്റെ കൂലിയായി തന്നു.

13 യഹോവ എന്നോട്, “അതു കുശവന് എറിഞ്ഞുകളയുക” എന്നു കൽപ്പിച്ചു—അതായിരുന്നു അവർ എന്നെ മതിച്ചവില! അങ്ങനെ ഞാൻ ആ മുപ്പതു വെള്ളിക്കാശെടുത്ത് യഹോവയുടെ ആലയത്തിൽ കുശവന് എറിഞ്ഞുകൊടുത്തു.

14 പിന്നീട് ഞാൻ, ഒരുമ എന്ന എന്റെ രണ്ടാമത്തെ കോൽ എടുത്തു; ഇസ്രായേലും യെഹൂദയുംതമ്മിലുള്ള സാഹോദര്യത്തിന്റെ കോൽ ഒടിച്ചുകളഞ്ഞു.

15 അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “നീ ഇനി ഭോഷനായ ഒരു ഇടയന്റെ ആയുധം എടുത്തുകൊള്ളുക. 16 കാണാതെപോയതിനെ അന്വേഷിക്കാതെയും ഇളയതിനെ കരുതാതെയും മുറിവേറ്റതിനെ സുഖമാക്കാതെയും ആരോഗ്യമുള്ളതിനെ തീറ്റാതെയും ഇരിക്കുന്ന ഒരു ഇടയനെ ഞാൻ ദേശത്തിന്റെമേൽ എഴുന്നേൽപ്പിക്കാൻ പോകുന്നു. അവൻ തടിച്ചവയുടെ മാംസം തിന്നുകയും കുളമ്പുകളെ കീറി കളയുകയും ചെയ്യും.

17 “ആട്ടിൻകൂട്ടത്തെ ഉപേക്ഷിച്ചുപോകുന്ന

ഭോഷനായ ഇടയനു ഹാ കഷ്ടം!

വാൾ അവന്റെ ഭുജത്തെയും വലത്തുകണ്ണിനെയും വെട്ടട്ടെ!

അവന്റെ ഭുജം അശേഷം വരണ്ടും

വലതുകണ്ണ് അശേഷം ഇരുണ്ടും പോകട്ടെ!”