ഹാമാന്റെ ഗൂഢാലോചന പരാജയപ്പെടുന്നു

ക്രി.മു. 453

Biblica® Open Malayalam Contemporary Version™ (OMCV)

എസ്ഥേർ 3–5

1 ഈ സംഭവങ്ങൾക്കുശേഷം അഹശ്വേരോശ് രാജാവ് ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാനെ മറ്റ് എല്ലാ പ്രഭുക്കന്മാരിൽനിന്നും ഉയർന്ന സ്ഥാനം നൽകി ആദരിച്ചു. 2 രാജകവാടത്തിലുള്ള രാജാവിന്റെ എല്ലാ ഉദ്യോഗസ്ഥരും രാജകൽപ്പനപ്രകാരം ഹാമാനെ വണങ്ങി നമസ്കരിച്ചുവന്നു. എന്നാൽ മൊർദെഖായി അദ്ദേഹത്തെ വണങ്ങുകയോ നമസ്കരിക്കുകയോ ചെയ്തില്ല.

3 അപ്പോൾ രാജകവാടത്തിലുള്ള രാജാവിന്റെ ഉദ്യോഗസ്ഥന്മാർ മൊർദെഖായിയോട്, “നീ രാജകൽപ്പന അനുസരിക്കാത്തതെന്ത്?” എന്നു ചോദിച്ചു. 4 ദിനംപ്രതി അവർ ഇതേപ്പറ്റി സംസാരിച്ചെങ്കിലും അദ്ദേഹം അപ്രകാരം ചെയ്യുന്നതിനു വിസമ്മതിച്ചു. അതിനാൽ മൊർദെഖായിയുടെ പ്രവൃത്തി അനുവദനീയമോ എന്ന് അവർ ഹാമാനോടു ചോദിച്ചു. കാരണം, താൻ ഒരു യെഹൂദനെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

5 മൊർദെഖായി തന്നെ വണങ്ങുകയോ ആദരിക്കുകയോ ചെയ്യുന്നില്ലെന്നു കണ്ടിട്ട് ഹാമാൻ കോപാകുലനായി. 6 എങ്കിലും മൊർദെഖായിയുടെ ജനം ഏതെന്ന് മനസ്സിലാക്കിയപ്പോൾ, മൊർദെഖായിയെമാത്രം കൊല്ലുന്നതിനെ അദ്ദേഹം പുച്ഛിച്ചു. പകരം, അഹശ്വേരോശ് രാജാവിന്റെ രാജ്യത്താകമാനമുള്ളവരും മൊർദെഖായിയുടെ ജനവുമായ എല്ലാ യെഹൂദരെയും വധിക്കുന്നതിനുള്ള മാർഗം ഹാമാൻ അന്വേഷിച്ചു.

7 അഹശ്വേരോശ് രാജാവിന്റെ പന്ത്രണ്ടാംവർഷത്തിൽ ആദ്യമാസമായ നീസാൻമാസം ഒരു പ്രത്യേക മാസവും അതിലെ ഒരു ദിവസവും തെരഞ്ഞെടുക്കാൻ ഹാമാന്റെ സാന്നിധ്യത്തിൽ നറുക്കിട്ടു—പേർഷ്യൻ ഭാഷയിൽ ഇതിന് പൂര്, എന്നു വിളിക്കുന്നു—പന്ത്രണ്ടാംമാസമായ ആദാർമാസത്തിനു നറുക്കുവീണു.

8 അപ്പോൾ ഹാമാൻ അഹശ്വേരോശ് രാജാവിനോട്, “അങ്ങയുടെ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ജനങ്ങളുടെ ഇടയിൽ ചിതറിപ്പാർക്കുന്ന ഒരു ജനതയുണ്ട്, അവർ മറ്റുള്ള എല്ലാവരിൽനിന്നും തങ്ങളെത്തന്നെ അകറ്റിനിർത്തുന്നവരാണ്. അവരുടെ നിയമങ്ങൾ മറ്റുള്ള എല്ലാ ജനങ്ങളുടേതിൽനിന്നു വിഭിന്നമാണ്. അവർ രാജകൽപ്പനകൾ പ്രമാണിക്കുന്നതുമില്ല; അവർക്ക് അഭയം കൊടുക്കുന്നത് രാജതാത്പര്യങ്ങൾക്കു നല്ലതുമല്ല. 9 രാജാവിനു പ്രസാദമെങ്കിൽ അവരെ നശിപ്പിക്കാൻ ഒരു കൽപ്പന പുറപ്പെടുവിച്ചാലും. ഈ വ്യവഹാരം നടപ്പാക്കുന്ന മനുഷ്യർക്കുവേണ്ടി ഞാൻ പതിനായിരം താലന്ത് രാജഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നതിനു ഭരണാധിപന്മാരെ ഏൽപ്പിക്കാം” എന്നു പറഞ്ഞു.

10 അപ്പോൾ രാജാവ് തന്റെ മുദ്രമോതിരം വിരലിൽനിന്നൂരി യെഹൂദരുടെ ശത്രുവായ ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാനു കൊടുത്തു. 11 രാജാവ് ഹാമാനോട്, “ആ ജനത്തോട് നിനക്ക് ഇഷ്ടമുള്ളതു ചെയ്യുക; ആ തുകയും നിന്റെ കൈയിലിരിക്കട്ടെ” എന്നു പറഞ്ഞു.

12 പിന്നീട് ആദ്യമാസത്തിന്റെ പതിമ്മൂന്നാംദിവസം ഹാമാൻ എല്ലാ ലേഖകരെയും വിളിച്ചുവരുത്തി. അവർ രാജപ്രതിനിധികൾക്കും, വിവിധ പ്രവിശ്യകളിലെ ദേശാധിപതിമാർക്കും, ജനതകളുടെ പ്രഭുക്കന്മാർക്കും ഉള്ള ഹാമാന്റെ കൽപ്പന ഓരോ സംസ്ഥാനത്തിന്റെ ലിപിയിലും ഓരോ ജനതയുടെ ഭാഷയിലും എഴുതി. ഇവ അഹശ്വേരോശ് രാജാവിന്റെപേരിൽ എഴുതി മുദ്രമോതിരത്താൽ മുദ്ര ഇട്ടു. 13 പന്ത്രണ്ടാംമാസമായ ആദാർമാസം പതിമ്മൂന്നാംതീയതിതന്നെ സകല യെഹൂദരെയും—യുവാക്കളെയും വൃദ്ധരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും—നശിപ്പിക്കാനും കൊല്ലുന്നതിനും അവരുടെ വസ്തുവകകൾ കൊള്ളയിടുന്നതിനും സന്ദേശവാഹകരുടെ കൈവശം രാജാവിന്റെ എല്ലാ പ്രവിശ്യകളിലേക്കും എഴുത്തുകൾ അയച്ചു. 14 സകലജനവിഭാഗങ്ങളും അറിയേണ്ടതിനും ആ ദിവസത്തിനുവേണ്ടി ഒരുങ്ങേണ്ടതിനും കൽപ്പനയുടെ പകർപ്പ് എല്ലാ പ്രവിശ്യകളിലും ഒരു നിയമമായിത്തന്നെ പ്രസിദ്ധമാക്കി.

15 രാജകൽപ്പന അനുസരിച്ച് സന്ദേശവാഹകർ അതിവേഗം പുറപ്പെട്ടു; കൽപ്പന ശൂശൻ രാജധാനിയിലും പ്രസിദ്ധമാക്കി. രാജാവും ഹാമാനും മദ്യപിക്കാൻ ഇരുന്നു; എന്നാൽ ശൂശൻ പട്ടണം പരിഭ്രാന്തമായി.

4:1 ഈ സംഭവം അറിഞ്ഞ മൊർദെഖായി തന്റെ വസ്ത്രംകീറി ചാക്കുശീല ധരിച്ച് ചാരം പൂശി കഠിന ദുഃഖത്തോടെ നിലവിളിച്ചുകൊണ്ട് പട്ടണത്തിലേക്കു ചെന്നു. 2 എന്നാൽ അദ്ദേഹം രാജകവാടംവരെമാത്രം പോയി; കാരണം ചാക്കുശീല ധരിച്ചിരിക്കുന്നവർക്കു രാജകൊട്ടാരത്തിന്റെ കവാടം കടക്കാൻ അനുവാദമില്ലായിരുന്നു. 3 വിളംബരവും രാജകൽപ്പനയും ലഭിച്ച എല്ലാ പ്രവിശ്യകളിലും ഉള്ള യെഹൂദർ വളരെ സങ്കടപ്പെട്ടു; അവർ ഉപവസിക്കുകയും കരഞ്ഞു നിലവിളിക്കുകയും ചെയ്തു. വളരെപ്പേർ ചാക്കുശീല ധരിച്ച് ചാരത്തിൽ കിടന്നു.

4 എസ്ഥേർരാജ്ഞിയുടെ തോഴിമാരും ഷണ്ഡന്മാരും വന്നു മൊർദെഖായിയെക്കുറിച്ചു പറഞ്ഞപ്പോൾ അവൾ വ്യാകുലപ്പെട്ടു. അവൾ അദ്ദേഹത്തിനു ചാക്കുവസ്ത്രത്തിനു പകരം ധരിക്കാൻ വസ്ത്രം കൊടുത്തുവിട്ടു; എന്നാൽ അദ്ദേഹം അതു സ്വീകരിച്ചില്ല. 5 അപ്പോൾ എസ്ഥേർ, രാജാവിന്റെ ഷണ്ഡനും തന്നെ ശുശ്രൂഷിക്കാൻ നിയോഗിക്കപ്പെട്ടവനുമായ ഹഥാക്കിനെ വിളിപ്പിച്ച് മൊർദെഖായിയെ അലട്ടുന്ന സംഗതി എന്തെന്നും അദ്ദേഹം വിലപിക്കുന്നത് എന്തിനെന്നും കണ്ടുപിടിക്കാൻ കൽപ്പനകൊടുത്തു.

6 ഹഥാക്ക് രാജകവാടത്തിൽ പട്ടണത്തിലെ വിശാലസ്ഥലത്ത് മൊർദെഖായിയുടെ അടുത്തെത്തി. 7 മൊർദെഖായി തനിക്കു സംഭവിച്ച സകലതും യെഹൂദരെ നശിപ്പിക്കാൻ ഹാമാൻ രാജഭണ്ഡാരത്തിലേക്കു വാഗ്ദാനംചെയ്ത തുകയുടെ കാര്യവും അദ്ദേഹത്തെ അറിയിച്ചു. 8 മൊർദെഖായി, യഹൂദരെ നശിപ്പിക്കുന്നതിനായി ശൂശനിൽ പ്രസിദ്ധപ്പെടുത്തിയ കൽപ്പനയുടെ പകർപ്പും ഹഥാക്കിന് കൊടുത്തു. തുടർന്നു മൊർദെഖായി എസ്ഥേരിനെ ഈ പകർപ്പു കാണിച്ച് കാര്യങ്ങൾ അവൾക്കു വിവരിച്ചു കൊടുക്കുകയും അവൾ രാജസന്നിധിയിൽ ചെന്ന് അവളുടെ ജനത്തിനുവേണ്ടി യാചിച്ച് അപേക്ഷിക്കുകയും ചെയ്യണമെന്നു പറഞ്ഞു.

9 ഹഥാക്ക് തിരികെച്ചെന്ന് മൊർദെഖായി പറഞ്ഞതൊക്കെയും എസ്ഥേരിനെ അറിയിച്ചു. 10 അപ്പോൾ എസ്ഥേർ മൊർദെഖായിയെ അറിയിക്കാൻ ഹഥാക്കിനോട് ഇങ്ങനെ നിർദേശിച്ചു: 11 “രാജാവിന്റെ എല്ലാ ഉദ്യോഗസ്ഥന്മാർക്കും പ്രവിശ്യകളിലെ ജനങ്ങൾക്കും അറിയാവുന്ന നിയമം എന്തെന്നാൽ: ആണായാലും പെണ്ണായാലും വിളിക്കപ്പെടാതെ ആരെങ്കിലും രാജാവിന്റെ സന്നിധിയിൽ അകത്തെ അങ്കണത്തിൽ പ്രവേശിച്ചാൽ അവർ മരിക്കണം. രാജാവ് തന്റെ തങ്കച്ചെങ്കോൽ നീട്ടിയാലല്ലാതെ അയാളുടെ ജീവൻ രക്ഷപ്പെടുകയില്ല. ഈ മുപ്പതു ദിവസത്തിനകമായി രാജാവ് എന്നെ വിളിച്ചിട്ടില്ല.”

12 എസ്ഥേരിന്റെ വാക്കുകൾ മൊർദെഖായിയെ അറിയിച്ചപ്പോൾ, 13 അദ്ദേഹം ഇങ്ങനെ മറുപടികൊടുത്തു: “നീ രാജകൊട്ടാരത്തിലായതിനാൽ എല്ലാ യെഹൂദരിൽനിന്നും നീമാത്രം രക്ഷപ്പെടുമെന്ന് കരുതേണ്ട. 14 ഈ സമയം നീ മിണ്ടാതെയിരുന്നാൽ യെഹൂദർക്കുള്ള ആശ്വാസവും മോചനവും മറ്റെവിടെനിന്നെങ്കിലും വരും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിക്കും. ഇങ്ങനെയൊരു കാലത്തേക്കാകാം നീ രാജകീയ സ്ഥാനത്തു വന്നിരിക്കുന്നത്—ആർക്കറിയാം!”

15 എസ്ഥേർ മൊർദെഖായിക്ക് ഇങ്ങനെ മറുപടി നൽകി: 16 “പോയി ശൂശനിലുള്ള എല്ലാ യെഹൂദരെയും ഒരുമിച്ചുകൂട്ടി എനിക്കുവേണ്ടി ഉപവസിക്കുക. മൂന്നുദിവസം, രാത്രിയും പകലും, തിന്നുകയും കുടിക്കുകയും അരുത്. ഞാനും എന്റെ ദാസികളും നിങ്ങളെപ്പോലെ ഉപവസിക്കും. ഇതു ചെയ്തശേഷം നിയമത്തിനെതിരെങ്കിലും ഞാൻ രാജസന്നിധിയിൽ പോകും. ഞാൻ നശിക്കുന്നെങ്കിൽ നശിക്കട്ടെ.”

17 മൊർദെഖായി തിരികെപ്പോയി എസ്ഥേർ പറഞ്ഞതുപോലെ ഒക്കെയും ചെയ്തു.

5:1 മൂന്നാംദിവസം എസ്ഥേർ രാജവസ്ത്രങ്ങൾ അണിഞ്ഞ് കൊട്ടാരത്തിന്റെ അകത്തെ അങ്കണത്തിൽ രാജഗൃഹത്തിന്റെ വാതിൽക്കൽ നിന്നു. രാജാവ് രാജധാനിയിൽ രാജഗൃഹത്തിന്റെ വാതിലിന് അഭിമുഖമായി സിംഹാസനത്തിൽ ഇരിക്കുകയായിരുന്നു. 2 എസ്ഥേർരാജ്ഞി അങ്കണത്തിൽ നിൽക്കുന്നതു കണ്ടിട്ട് അവളോട് കൃപതോന്നി തന്റെ തങ്കച്ചെങ്കോൽ അവളുടെനേരേ നീട്ടി. എസ്ഥേർ അടുത്തുചെന്ന് ചെങ്കോലിന്റെ അഗ്രം തൊട്ടു.

3 രാജാവ് അവളോടു ചോദിച്ചു: “എസ്ഥേർരാജ്ഞീ, എന്താണു കാര്യം? എന്താണു നിന്റെ യാചന? രാജ്യത്തിന്റെ പകുതിയാണെങ്കിൽപോലും ഞാൻ നിനക്കു നൽകാം.”

4 എസ്ഥേർ മറുപടി പറഞ്ഞു: “തിരുഹിതമെങ്കിൽ, രാജാവിനുവേണ്ടി ഞാൻ ഒരുക്കിയിരിക്കുന്ന വിരുന്നിന് ഇന്ന് അങ്ങു ഹാമാനോടൊപ്പം വരണം.”

5 അപ്പോൾ രാജാവ്, “എസ്ഥേർ പറഞ്ഞതുപോലെ ചെയ്യുന്നതിനായി ഹാമാനെ ഉടൻതന്നെ വരുത്താൻ” കൽപ്പിച്ചു.

അങ്ങനെ രാജാവും ഹാമാനും എസ്ഥേർ ഒരുക്കിയ വിരുന്നിൽ പങ്കെടുത്തു. 6 അവർ വീഞ്ഞുകുടിച്ചുകൊണ്ടിരിക്കുമ്പോൾ രാജാവ് വീണ്ടും എസ്ഥേരിനോട്: “എന്താണു നിന്റെ അപേക്ഷ? അത് നിനക്കു നൽകും. എന്താണു നിന്റെ യാചന? രാജ്യത്തിന്റെ പകുതിയോളമായാൽപോലും നിനക്കു ലഭിക്കും” എന്നു പറഞ്ഞു.

7 എസ്ഥേർ മറുപടി പറഞ്ഞു: “എന്റെ അപേക്ഷയും യാചനയും ഇതാണ്: 8 രാജാവിന് എന്നോട് പ്രീതിയുണ്ടെങ്കിൽ, എന്റെ അപേക്ഷയും അഭ്യർഥനയും സാധിച്ചുതരാൻ തിരുവുള്ളം ഉണ്ടെങ്കിൽ, രാജാവും ഹാമാനും ഞാൻ ഒരുക്കുന്ന വിരുന്നിനു നാളെയുംവരണം. അപ്പോൾ ഞാൻ രാജാവ് കൽപ്പിച്ചതിനു മറുപടി നൽകാം” എന്നു പറഞ്ഞു.

9 ഹാമാൻ അന്ന് ആനന്ദത്തോടെ ഉല്ലസിച്ചുകൊണ്ടു മടങ്ങിപ്പോയി. എന്നാൽ മൊർദെഖായി രാജകവാടത്തിൽ തന്റെ സമീപത്തിൽ എഴുന്നേൽക്കാതെയും തന്നെ ഭയപ്പെടാതെയും ഇരിക്കുന്നതു കണ്ടിട്ട് അദ്ദേഹത്തിന്റെ ഉള്ളിൽ മൊർദെഖായിക്കെതിരേ കോപം നിറഞ്ഞു. 10 എങ്കിലും ഹാമാൻ ആത്മനിയന്ത്രണം പാലിച്ചു വീട്ടിലേക്കു മടങ്ങി.

സ്നേഹിതരെയും തന്റെ ഭാര്യയായ സേരെശിനെയും വിളിച്ചുവരുത്തി. 11 ഹാമാൻ തന്റെ ധനമഹിമയും പുത്രബഹുത്വവും രാജാവു തന്നെ ആദരിച്ചു മറ്റു പ്രഭുക്കന്മാരിൽനിന്നും ഉദ്യോഗസ്ഥന്മാരിൽനിന്നും ഉയർത്തിയതും അവരോടു വിവരിച്ചു. 12 അദ്ദേഹം തുടർന്നു, “അതുമാത്രമല്ല, രാജാവിനോടൊപ്പം വിരുന്നിന് എസ്ഥേർരാജ്ഞി ക്ഷണിച്ച ഏക വ്യക്തിയും ഞാനാണ്. നാളെയും രാജാവിനോടൊപ്പം ചെല്ലാൻ എന്നെ ക്ഷണിച്ചിരിക്കുന്നു. 13 എന്നാൽ യെഹൂദനായ മൊർദെഖായി രാജകവാടത്തിൽ ഇരിക്കുന്നതു കാണുന്നിടത്തോളം ഇതൊന്നും എനിക്കു തൃപ്തി നൽകുന്നില്ല.”

14 അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയായ സേരെശും സകലസ്നേഹിതരും അദ്ദേഹത്തോട്, “അൻപതുമുഴം ഉയരമുള്ള ഒരു തൂക്കുമരം ഉണ്ടാക്കി, രാവിലെ ചെന്ന് മൊർദെഖായിയെ അതിന്മേൽ തൂക്കാൻ രാജാവിനോട് അപേക്ഷിക്ക. അതിനുശേഷം സന്തോഷത്തോടെ രാജാവിനോടൊപ്പം വിരുന്നിനു പോകുക.” ഈ ഉപദേശം ഹാമാനു ബോധിച്ചു; അവൻ തൂക്കുമരം പണിയിച്ചു.