ഹാമാന്റെ ഗൂഢാലോചന പരാജയപ്പെടുന്നു (continued)
ക്രി.മു. 453
Biblica® Open Malayalam Contemporary Version™ (OMCV)
1 അന്നുരാത്രി രാജാവിന് ഉറങ്ങാൻ കഴിഞ്ഞില്ല, അതുകൊണ്ടു തനിക്കു വായിച്ചുകേൾക്കേണ്ടതിനു തന്റെ വാഴ്ചക്കാലത്തെ സംഭവങ്ങൾ രേഖപ്പെടുത്തിയ ദിനവൃത്താന്തപുസ്തകം കൊണ്ടുവരാൻ കൽപ്പനകൊടുത്തു. 2 അതിൽ രാജാവിന്റെ രണ്ടു സേവകരും വാതിൽകാവൽക്കാരുമായ ബിഗ്ദ്ധാനയും തേരേശും അഹശ്വേരോശ് രാജാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയതും മൊർദെഖായി അതു വെളിവാക്കിയതും രേഖപ്പെടുത്തിയിരിക്കുന്നതു കണ്ടു.
3 അപ്പോൾ രാജാവു ചോദിച്ചു: “ഇതിന് എന്തു ബഹുമതിയും അംഗീകാരവുമാണ് നാം മൊർദെഖായിക്ക് നൽകിയത്?”
“ഒന്നും നൽകിയിട്ടില്ല,” എന്നു ഭൃത്യന്മാർ മറുപടി പറഞ്ഞു.
4 “പുറത്തെ അങ്കണത്തിൽ ആരുണ്ട്?” രാജാവു ചോദിച്ചു. അപ്പോൾ മൊർദെഖായിക്കായി ഒരുക്കിയ തൂക്കുമരത്തിൽ അദ്ദേഹത്തെ തൂക്കണമെന്ന് അപേക്ഷിക്കാൻ ഹാമാൻ അങ്കണത്തിനു പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.
5 “ഹാമാൻ അങ്കണത്തിൽ നിൽക്കുന്നു,” രാജഭൃത്യന്മാർ അറിയിച്ചു.
“അവനെ അകത്തേക്കു കൊണ്ടുവരിക,” രാജാവ് കൽപ്പിച്ചു.
6 ഹാമാൻ അകത്തു പ്രവേശിച്ചപ്പോൾ രാജാവ് അവനോട്, “രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യന് എന്താണ് ചെയ്തുകൊടുക്കേണ്ടത്?” എന്നു ചോദിച്ചു.
“എന്നെയല്ലാതെ മറ്റാരെയാണ് രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്നത്?” എന്ന് ഹാമാൻ ഉള്ളിൽ കരുതി. 7 അതിനാൽ അവൻ ഉത്തരം പറഞ്ഞു: “രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യനുവേണ്ടി, 8 രാജാവ് ധരിക്കുന്ന രാജവസ്ത്രവും രാജാവ് സഞ്ചരിക്കുന്ന കുതിരയും രാജശിരസ്സിൽ വെക്കുന്ന കിരീടവും കൊണ്ടുവരട്ടെ. 9 വസ്ത്രവും കുതിരയും രാജാവിന്റെ ശ്രേഷ്ഠന്മാരായ പ്രഭുക്കന്മാരിൽ ഒരുവനെ ഏൽപ്പിക്കണം. രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യനെ രാജവസ്ത്രം ധരിപ്പിച്ച് കുതിരപ്പുറത്തു കയറ്റി, ‘രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യനോട് ഇങ്ങനെ ചെയ്യുന്നു!’ എന്നു വിളിച്ചുപറഞ്ഞുകൊണ്ട് പട്ടണവീഥികളിലൂടെ ആനയിക്കണം.”
10 രാജാവ് ഹാമാനോടു കൽപ്പിച്ചു: “വേഗം നീ പോയി, പറഞ്ഞതുപോലെ രാജവസ്ത്രവും കുതിരയും കൊണ്ടുവന്ന് രാജകവാടത്തിൽ ഇരിക്കുന്ന മൊർദെഖായി എന്ന യെഹൂദന് ഇതെല്ലാം ചെയ്യുക. നീ പറഞ്ഞതിൽ ഒരു കുറവും വരുത്തരുത്.”
11 അങ്ങനെ ഹാമാൻ രാജവസ്ത്രവും കുതിരയും കൊണ്ടുവന്ന്, മൊർദെഖായിയെ വസ്ത്രം അണിയിച്ച് കുതിരപ്പുറത്തു കയറ്റി പട്ടണവീഥികളിലൂടെ ആനയിച്ച് ഇങ്ങനെ വിളിച്ചുപറഞ്ഞു: “രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യനോട് ഇങ്ങനെ ചെയ്യുന്നു!”
12 പിന്നീട് മൊർദെഖായി രാജകവാടത്തിലേക്കു മടങ്ങി. ഹാമാനാകട്ടെ വിലപിച്ച്, തലമൂടി വീട്ടിലേക്ക് ഓടിപ്പോയി. 13 തനിക്കു സംഭവിച്ചതൊക്കെയും ഭാര്യയായ സേരെശിനെയും സകലസ്നേഹിതരെയും അറിയിച്ചു.
അവന്റെ ഉപദേഷ്ടാക്കളും ഭാര്യയായ സേരെശും അവനോട്: “മൊർദെഖായിയുടെമുമ്പിൽ നിന്റെ പതനം ആരംഭിച്ചിരിക്കുന്നു. അദ്ദേഹം യെഹൂദാവംശത്തിൽപ്പെട്ടവനാകുകയാൽ നിനക്ക് അദ്ദേഹത്തിനെതിരേ നിൽക്കാൻ കഴിയുകയില്ല. അദ്ദേഹത്തിന്റെമുമ്പിൽ നീ വീണുപോകും” എന്നു പറഞ്ഞു. 14 അവർ അവനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ രാജാവിന്റെ ഷണ്ഡന്മാർ വന്ന് എസ്ഥേർ ഒരുക്കിയിരിക്കുന്ന വിരുന്നിനു സംബന്ധിക്കാൻ ഹാമാനെ തിടുക്കത്തിൽ വിളിച്ചുകൊണ്ടുപോയി.
7:1 രാജാവും ഹാമാനും എസ്ഥേർരാജ്ഞി ഒരുക്കിയ വിരുന്നിനു ചെന്നു. 2 രണ്ടാംദിവസം അവർ വീഞ്ഞുകുടിച്ചുകൊണ്ടിരിക്കുമ്പോൾ രാജാവ് എസ്ഥേരിനോട് വീണ്ടും ചോദിച്ചു, “എസ്ഥേർരാജ്ഞീ, എന്താണ് നിന്റെ അപേക്ഷ? അതു നിനക്കു നൽകാം. എന്താണ് നിന്റെ യാചന? രാജ്യത്തിന്റെ പകുതിയോളമായാൽപോലും അതു നിനക്കു ലഭിക്കും.”
3 അപ്പോൾ എസ്ഥേർരാജ്ഞി ഉത്തരം പറഞ്ഞു: “രാജാവേ, അങ്ങേക്ക് എന്നോട് പ്രീതിയുണ്ടെങ്കിൽ, രാജാവിന് തിരുവുള്ളമുണ്ടെങ്കിൽ, എന്റെ അപേക്ഷയാൽ എന്റെ ജീവനെയും എന്റെ യാചനയാൽ എന്റെ ജനത്തെയും എനിക്കു നൽകണമേ. 4 കാരണം നശിപ്പിച്ച്, കൊല്ലപ്പെട്ട്, ഉന്മൂലനംചെയ്യപ്പെടാനായി എന്നെയും എന്റെ ജനത്തെയും ഇതാ വിറ്റിരിക്കുന്നു. ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നെങ്കിൽപോലും ഞാൻ മിണ്ടാതെ ഇരിക്കുമായിരുന്നു. കാരണം അതുപോലും മഹാരാജാവിനെ ശല്യപ്പെടുത്താൻ മതിയായ കാരണം ആകുമായിരുന്നില്ല.”
5 അഹശ്വേരോശ് രാജാവ് എസ്ഥേർരാജ്ഞിയോടു ചോദിച്ചു: “ആരാണ് അവൻ? ഇങ്ങനെ ഒരു കാര്യം ചെയ്യാൻ ധൈര്യപ്പെട്ടവൻ എവിടെ?”
6 എസ്ഥേർ പറഞ്ഞു: “വൈരിയും ശത്രുവും! ഈ ദുഷ്ടനായ ഹാമാൻതന്നെ!”
അപ്പോൾ ഹാമാൻ രാജാവിന്റെയും രാജ്ഞിയുടെയും മുമ്പിൽ ഭയന്നുവിറച്ചു. 7 രാജാവ് ക്രോധത്തോടെ വീഞ്ഞുവിരുന്നു നിർത്തി കൊട്ടാരത്തിന്റെ ഉദ്യാനത്തിലേക്കു പോയി. എന്നാൽ രാജാവ്, തനിക്ക് അനർഥം നിശ്ചയിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിയിട്ട് ഹാമാൻ എസ്ഥേർരാജ്ഞിയോടു തന്റെ ജീവൻ ഇരന്നുവാങ്ങാൻ അവിടെ നിന്നു.
8 രാജാവ് ഉദ്യാനത്തിൽനിന്ന് വിരുന്നുശാലയിൽ മടങ്ങിയെത്തിയപ്പോൾ ഹാമാൻ എസ്ഥേർ ഇരുന്ന മഞ്ചത്തിലേക്കു വീണുകിടക്കുകയായിരുന്നു.
അപ്പോൾ രാജാവ്, “എന്റെ കൊട്ടാരത്തിൽവെച്ച് എന്റെ സാമീപ്യത്തിൽ രാജ്ഞിയെ ബലാൽക്കാരം ചെയ്യാൻ ഇവൻ മുതിരുന്നോ” എന്നു ചോദിച്ചു.
രാജാവ് ഈ വാക്ക് സംസാരിച്ച ഉടൻ അവർ ഹാമാന്റെ മുഖം മൂടി. 9 രാജാവിന്റെ ഷണ്ഡന്മാരിലൊരാളായ ഹർബോനാ, “ഹാമാന്റെ വീട്ടിൽ അൻപതുമുഴം ഉയരമുള്ള ഒരു തൂക്കുമരം ഉണ്ട്. രാജാവിന്റെ നന്മയ്ക്കായി സംസാരിച്ച മൊർദെഖായിക്കുവേണ്ടി ഹാമാൻ നിർമിച്ചതാണ് അത്” എന്നു ബോധിപ്പിച്ചു.
“അവനെ അതിൽത്തന്നെ തൂക്കുക,” രാജാവു കൽപ്പിച്ചു. 10 അങ്ങനെ മൊർദെഖായിക്കുവേണ്ടി താൻ നിർമിച്ച തൂക്കുമരത്തിൽത്തന്നെ അവർ ഹാമാനെ തൂക്കി; രാജാവിന്റെ കോപവും ശമിച്ചു.
8:1 അന്നുതന്നെ അഹശ്വേരോശ് രാജാവ് യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ വസ്തുവകകൾ എസ്ഥേർ രാജ്ഞിക്കു നൽകി. മൊർദെഖായിയുമായി തനിക്കുള്ള ബന്ധം എസ്ഥേർരാജ്ഞി രാജാവിനെ അറിയിച്ചതിനാൽ അദ്ദേഹത്തിനു രാജസന്നിധിയിൽ പ്രവേശനം ലഭിച്ചു. 2 രാജാവ് ഹാമാനിൽനിന്ന് തിരികെ വാങ്ങിയ മുദ്രമോതിരം മൊർദെഖായിക്കു സമ്മാനിച്ചു. എസ്ഥേർ അദ്ദേഹത്തെ ഹാമാന്റെ വസ്തുവകകൾക്കെല്ലാം അധികാരിയാക്കി.
3 എസ്ഥേർ വീണ്ടും രാജാവിന്റെ കാൽക്കൽവീണ് കരഞ്ഞു യാചിച്ചു. ആഗാഗ്യനായ ഹാമാൻ യെഹൂദർക്കെതിരേ ആസൂത്രണംചെയ്ത തന്ത്രം അവസാനിപ്പിക്കണമെന്ന് അവൾ അപേക്ഷിച്ചു. 4 രാജാവ് തന്റെ തങ്കച്ചെങ്കോൽ എസ്ഥേരിനുനേരേ നീട്ടി; അവൾ എഴുന്നേറ്റ് രാജാവിന്റെ മുമ്പിൽനിന്നു.
5 എസ്ഥേർ രാജാവിനോടു പറഞ്ഞു: “രാജാവിനു തിരുവുള്ളമുണ്ടായി, ഇക്കാര്യം ശരിയെന്നു ബോധ്യപ്പെടുകയും എന്നോടു പ്രിയംതോന്നുകയും ചെയ്യുന്നെങ്കിൽ, രാജാവിന്റെ പ്രവിശ്യകളിലുള്ള സകല യെഹൂദരെയും സംഹരിക്കാൻ ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാൻ എഴുതിയ നിയമത്തിനു വിരോധമായി രാജാവ് ഒരു കൽപ്പന പുറപ്പെടുവിച്ചാലും. 6 ഒരു ദുരന്തം എന്റെ ജനത്തെ മൂടുന്നത് ഞാൻ എങ്ങനെ കണ്ടു സഹിക്കും? എന്റെ കുടുംബത്തിന്റെ നാശം ഞാൻ എങ്ങനെ കണ്ടു സഹിക്കും?”
7 അഹശ്വേരോശ് രാജാവ് എസ്ഥേർരാജ്ഞിയോടും മൊർദെഖായി എന്ന യെഹൂദനോടും പറഞ്ഞു, “ഹാമാൻ യെഹൂദരെ ആക്രമിച്ചതിനാൽ അവന്റെ വീട് ഞാൻ എസ്ഥേരിനു നൽകി. അവനെ അവൻതന്നെ ഒരുക്കിയ തൂക്കുമരത്തിലേറ്റുകയും ചെയ്തു. 8 ഇനി രാജാവിന്റെ നാമത്തിൽ യെഹൂദർക്ക് അനുകൂലമായി നിങ്ങൾക്ക് ഉത്തമമെന്നു തോന്നുന്ന മറ്റൊരു കൽപ്പന എഴുതിക്കൊള്ളുക. അതിൽ രാജാവിന്റെ മുദ്രമോതിരത്താൽ മുദ്രയിടുക. രാജാവിന്റെ നാമത്തിൽ എഴുതി രാജാവിന്റെ മുദ്രമോതിരത്താൽ മുദ്രയിടപ്പെട്ട ഒരു കൽപ്പനയും റദ്ദാക്കാവുന്നതല്ല.”
9 മൂന്നാംമാസമായ സീവാൻ മാസം ഇരുപത്തിമൂന്നാംതീയതി രാജാവിന്റെ ലേഖകരെ എല്ലാം വിളിച്ചുവരുത്തി. ഇന്ത്യമുതൽ കൂശ് വരെ വ്യാപിച്ചുകിടക്കുന്ന 127 പ്രവിശ്യകളിലെ സകല യെഹൂദർക്കും രാജപ്രതിനിധികൾക്കും ദേശാധിപതികൾക്കും ജനത്തിന്റെ പ്രഭുക്കന്മാർക്കുംവേണ്ടി മൊർദെഖായി നിർദേശിച്ചതൊക്കെയും അവർ എഴുതി. കൽപ്പനകൾ എല്ലാം ഓരോ സംസ്ഥാനത്തിന്റെ ലിപിയിലും ഓരോ ജനതയുടെ ഭാഷയിലും യെഹൂദർക്ക് അവരുടേതായ ലിപിയിലും ആണ് എഴുതിയത്. 10 അഹശ്വേരോശ് രാജാവിന്റെ നാമത്തിൽ എഴുതിയതും മുദ്രമോതിരത്താൽ മുദ്ര ചെയ്യപ്പെട്ടതുമായ കൽപ്പനകളുമായി രാജാവിനുവേണ്ടി വളർത്തിയിരുന്ന വേഗമുള്ള കുതിരകളുടെ പുറത്ത് സന്ദേശവാഹകരെ അയച്ചു.
11 ഈ കൽപ്പനയാൽ, എല്ലാ പട്ടണങ്ങളിലുമുള്ള യെഹൂദർക്ക് സ്വയസംരക്ഷണയ്ക്കായി ഒത്തുകൂടുന്നതിനും അവരെയും അവരുടെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ആക്രമിക്കാൻ ഏതു ജനവിഭാഗങ്ങളിൽനിന്നും പ്രവിശ്യയിൽനിന്നും വരുന്ന എല്ലാ സൈന്യത്തെയും കൊന്നു നശിപ്പിച്ച് ഉന്മൂലനംചെയ്യാനും ശത്രുക്കളെ കൊള്ളയടിക്കാനുമുള്ള അനുമതി ലഭിച്ചു. 12 അഹശ്വേരോശ് രാജാവിന്റെ എല്ലാ പ്രവിശ്യകളിലും പന്ത്രണ്ടാംമാസമായ ആദാർമാസം പതിമ്മൂന്നാംതീയതിയായിരുന്നു യെഹൂദർക്ക് ഇതു ചെയ്യാൻ അനുവാദം. 13 ആ ദിവസം യെഹൂദർ തങ്ങളുടെ ശത്രുക്കളെ നേരിടാൻ തയ്യാറായിരിക്കേണ്ടതിനു കൽപ്പനയുടെ ഒരു പകർപ്പ് ഒരു നിയമമായിത്തന്നെ എല്ലാ പ്രവിശ്യകളിലും എല്ലാ ജനവിഭാഗങ്ങൾക്കിടയിലും പ്രസിദ്ധപ്പെടുത്തി.
14 അങ്ങനെ, സന്ദേശവാഹകർ രാജകൽപ്പനയാൽ നിർബന്ധിതരായി രാജാവിന്റെ കുതിരകളുടെ പുറത്ത് കയറി അതിവേഗം പുറപ്പെട്ടു. കൽപ്പന ശൂശൻ രാജധാനിയിലും പ്രസിദ്ധപ്പെടുത്തി.
15 മൊർദെഖായി നീലയും വെള്ളയും നിറങ്ങൾ ഉള്ള രാജവസ്ത്രവും വലിയ സ്വർണക്കിരീടവും മൃദുലചണനൂൽകൊണ്ടുള്ള ഊതവർണ നിലയങ്കിയും ധരിച്ച് രാജസന്നിധിയിൽനിന്ന് പുറപ്പെട്ടു. ശൂശൻ പട്ടണം ആനന്ദത്താൽ ആഘോഷിച്ചാർത്തു. 16 യെഹൂദർക്ക് അത് സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും അഭിമാനത്തിന്റെയും സമയമായിരുന്നു. 17 എല്ലാ പ്രവിശ്യയിലും എല്ലാ പട്ടണങ്ങളിലും രാജകൽപ്പന ലഭിച്ച എല്ലായിടത്തും യെഹൂദർക്കിടയിൽ സന്തോഷവും ആനന്ദവും ഉണ്ടായി. അവിടെ വിരുന്നും ആഘോഷവും ഉണ്ടായി. യെഹൂദരെക്കുറിച്ചുള്ള ഭയംനിമിത്തം ഇതര ജനവിഭാഗങ്ങളിലുള്ള അനേകരും യെഹൂദരായിത്തീർന്നു.