ദൈവാലയനിർമാണം പുനരാരംഭിക്കുന്നു (continued)

ക്രി.മു. 520

Biblica® Open Malayalam Contemporary Version™ (OMCV)

സെഖര്യാവ് 2–6

1 ഞാൻ തല ഉയർത്തിനോക്കി, എന്റെമുമ്പിൽ അതാ, കൈയിൽ അളവുനൂലുമായി ഒരു പുരുഷനെ കണ്ടു. 2 “താങ്കൾ എവിടെ പോകുന്നു?” എന്നു ഞാൻ ചോദിച്ചു.

അദ്ദേഹം മറുപടി പറഞ്ഞു, “ഞാൻ ജെറുശലേമിനെ അളക്കാൻ പോകുന്നു. അതിന്റെ വീതിയും നീളവും എന്തെന്ന് അളന്നു തിട്ടപ്പെടുത്താൻതന്നെ.”

3 അപ്പോൾ എന്നോടു സംസാരിച്ച ദൂതൻ യാത്രയാകാൻ ഒരുങ്ങുമ്പോൾ, വേറൊരു ദൂതൻ അദ്ദേഹത്തിന്റെ അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു. 4 “ ‘ജെറുശലേം അതിലെ പുരുഷാരത്തിന്റെയും കന്നുകാലിയുടെയും ബാഹുല്യംനിമിത്തം മതിലുകൾ ഇല്ലാത്ത ഒരു പട്ടണം ആയിരിക്കുമെന്ന് ആ യുവാവിനോട് പറയുക. 5 ഞാൻതന്നെ ആ പട്ടണത്തിനുചുറ്റും ഒരു അഗ്നിമതിൽ ആയിരിക്കും, ഞാൻ അതിനുള്ളിൽ അതിന്റെ മഹത്ത്വവും ആയിരിക്കും,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.”

6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വരിക, വരിക: വടക്കേദേശംവിട്ട് ഓടിപ്പൊയ്ക്കൊൾക; ഞാൻ നിങ്ങളെ ആകാശത്തിലെ നാലു കാറ്റുകളിലും ചിതറിച്ചുകളഞ്ഞുവല്ലോ” എന്ന് യഹോവയുടെ അരുളപ്പാട്.

7 “സീയോനേ, വരിക! ബാബേൽപുത്രിയിൽ വസിക്കുന്നവരേ, ഓടിപ്പൊയ്ക്കൊൾക!” 8 കാരണം സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്നെ കൊള്ളയടിച്ച രാജ്യങ്ങളുടെനേരേ, തേജോമയൻ എന്നെ അയച്ചിരിക്കുന്നു. നിന്നെ തൊടുന്നവർ അവിടത്തെ കൺമണിയെയാണു തൊടുന്നത്. 9 അവരുടെ അടിമകൾ അവരെ കൊള്ളയടിക്കത്തക്കവണ്ണം ഞാൻ അവർക്കുനേരേ എന്റെ കൈ ഉയർത്തും; സൈന്യങ്ങളുടെ യഹോവയായ കർത്താവ് എന്നെ അയച്ചിരിക്കുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും.

10 “സീയോൻപുത്രീ, ആനന്ദിച്ചാർപ്പിടുക; ഞാൻ വരുന്നു; ഞാൻ നിങ്ങളുടെ മധ്യത്തിൽ വസിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. 11 “അനേക ജനതകൾ ആ ദിവസത്തിൽ യഹോവയോടുചേർന്ന് എന്റെ ജനമായിത്തീരും. ഞാൻ നിങ്ങളുടെ മധ്യത്തിൽ വസിക്കും. സൈന്യങ്ങളുടെ യഹോവയായ കർത്താവ് എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയും. 12 വിശുദ്ധഭൂമിയിൽ യെഹൂദാ യഹോവയുടെ ഓഹരിയും അവകാശവുമായിരിക്കും. അവിടന്ന് വീണ്ടും ജെറുശലേമിനെ തെരഞ്ഞെടുക്കും. 13 സകലമനുഷ്യരുമേ, യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് എഴുന്നള്ളിയിരിക്കുകയാൽ അവിടത്തെ മുമ്പിൽ നിശ്ശബ്ദരായിരിക്കുക.”

3:1 പിന്നീട്, മഹാപുരോഹിതനായ യോശുവ യഹോവയുടെ ദൂതന്റെ മുമ്പാകെ നിൽക്കുന്നതും അദ്ദേഹത്തെ കുറ്റംചുമത്തുന്നതിനു സാത്താൻ അദ്ദേഹത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതും ദൂതൻ എന്നെ കാണിച്ചു. 2 യഹോവ സാത്താനോട്, “സാത്താനേ, യഹോവ നിന്നെ ഭർത്സിക്കുന്നു! ജെറുശലേമിനെ തെരഞ്ഞെടുത്ത യഹോവ നിന്നെ ഭർത്സിക്കുന്നു! ഈ മനുഷ്യൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളി അല്ലയോ?” എന്നു പറഞ്ഞു.

3 യോശുവ ദൂതന്റെ മുമ്പിൽ, മുഷിഞ്ഞവസ്ത്രം ധരിച്ചുകൊണ്ടാണ് നിന്നിരുന്നത്. 4 അദ്ദേഹത്തിന്റെമുമ്പിൽ നിൽക്കുന്നവരോട് ദൂതൻ പറഞ്ഞു: “അവന്റെ മുഷിഞ്ഞവസ്ത്രം നീക്കിക്കളയുക.”

പിന്നീട് ദൂതൻ യോശുവയോടു പറഞ്ഞു: “നോക്കുക, ഞാൻ നിന്റെ പാപം നിന്നിൽനിന്നു നീക്കിയിരിക്കുന്നു; ഞാൻ നിന്നെ മനോഹരവസ്ത്രം ധരിപ്പിക്കും.”

5 അപ്പോൾ ഞാൻ പറഞ്ഞു, “അദ്ദേഹത്തിന്റെ തലയിൽ വെടിപ്പുള്ള ഒരു തലപ്പാവണിയിക്കുക.” യഹോവയുടെ ദൂതൻ അവിടെ നിൽക്കുമ്പോൾത്തന്നെ അവർ അദ്ദേഹത്തിന്റെ തലയിൽ വെടിപ്പുള്ള തലപ്പാവുവെച്ചു. അദ്ദേഹത്തെ ഉത്സവവസ്ത്രം ധരിപ്പിക്കുകയും ചെയ്തു.

6 യഹോവയുടെ ദൂതൻ യോശുവയ്ക്കു ഈ നിർദേശംനൽകി: 7 “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ എന്നെ അനുസരിച്ചു ജീവിക്കുകയും എന്റെ നിബന്ധനകൾ അനുസരിക്കുകയും ചെയ്താൽ നീ എന്റെ ആലയത്തെ പരിപാലിക്കുകയും എന്റെ അങ്കണങ്ങൾ സംരക്ഷിക്കുകയും ചെയ്യും. ഇവിടെ നിൽക്കുന്നവരുടെ മധ്യത്തിൽ ഞാൻ നിനക്ക് ഒരു സ്ഥാനം നൽകും.

8 “ ‘മഹാപുരോഹിതനായ യോശുവേ, നീയും നിന്റെ മുമ്പിലിരിക്കുന്ന സഹപ്രവർത്തകരും ഇതു കേൾക്കുക, വരാനിരിക്കുന്ന കാര്യങ്ങളുടെ പ്രതീകമാണ് നിങ്ങൾ. ഞാൻ എന്റെ ദാസനെ, എന്റെ “ശാഖയെത്തന്നെ,” വരുത്തും. 9 ഞാൻ യോശുവയുടെ മുമ്പിൽവെച്ചിരിക്കുന്ന കല്ലിനെ ശ്രദ്ധിക്കുക! ആ കല്ലിൽ ഏഴു കണ്ണുകളുണ്ട്. ഞാൻ അതിൽ കൊത്തുപണിയായി ഒരു മേലെഴുത്ത് എഴുതും,’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ‘ഞാൻ ഈ ദേശത്തിന്റെ പാപത്തെ ഒറ്റദിവസംകൊണ്ട് നീക്കിക്കളയും.

10 “ ‘ആ ദിവസത്തിൽ നിങ്ങൾ ഓരോരുത്തരും തന്റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും കീഴിൽ ഇരിക്കാൻ തങ്ങളുടെ അയൽവാസിയെ ക്ഷണിക്കും,’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”

4:1 എന്നോടു സംസാരിച്ച ദൂതൻ മടങ്ങിവന്നു, ഒരു മനുഷ്യനെ ഉറക്കത്തിൽനിന്ന് ഉണർത്തുന്നതുപോലെ എന്നെ ഉണർത്തി. 2 “നീ എന്തു കാണുന്നു?” അദ്ദേഹം എന്നോടു ചോദിച്ചു.

അതിനു ഞാൻ, “മുഴുവനും തങ്കനിർമിതമായ ഒരു വിളക്കുതണ്ടും അതിനു മുകളിൽ ഒരു ചെറിയ കുടവും അതിൽ ഏഴുവിളക്കുകളും അവയ്ക്കു വിളക്കു തെളിയിക്കുന്നതിനുള്ള ഏഴു കുഴലുകളും കാണുന്നു. 3 കൂടാതെ, കുടത്തിന്റെ വലത്തുവശത്ത് ഒന്നും, ഇടത്തുവശത്തു മറ്റൊന്നുമായി രണ്ട് ഒലിവുവൃക്ഷങ്ങളും കാണുന്നു” എന്നു പറഞ്ഞു.

4 എന്നോടു സംസാരിച്ച ദൂതനോട്, “എന്റെ യജമാനനേ, ഇവ എന്താണ്?” എന്നു ഞാൻ ചോദിച്ചു.

5 ദൂതൻ എന്നോട്: “ഇവ എന്താകുന്നു എന്നു നീ അറിയുന്നില്ലേ?” എന്നു ചോദിച്ചു.

“ഇല്ല, യജമാനനേ,” എന്നു ഞാൻ മറുപടി പറഞ്ഞു.

6 അപ്പോൾ ദൂതൻ എന്നോട്: “ഇതു സെരൂബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാണ്: ‘സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

7 “മഹാപർവതമേ, നീ എന്താണ്? സെരൂബ്ബാബേലിന്റെ മുമ്പിൽ നീ സമതലഭൂമിയായിത്തീരും. ‘കൃപ! കൃപ!’ എന്ന ആർപ്പുവിളികളോടെ അവൻ അതിന്റെ ആണിക്കല്ല് കയറ്റും.”

8 അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 9 “സെരൂബ്ബാബേലിന്റെ കരങ്ങൾ ഈ ആലയത്തിന് അടിസ്ഥാനമിട്ടിരിക്കുന്നു. അവന്റെ കരങ്ങൾത്തന്നെ അതു പൂർത്തിയാക്കും. സൈന്യങ്ങളുടെ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും.

10 “ചെറിയ കാര്യങ്ങളുടെ ദിവസത്തെ നിന്ദിക്കാൻ ആർ ധൈര്യപ്പെടും? കാരണം തെരഞ്ഞെടുക്കപ്പെട്ട ആണിക്കല്ല് സെരൂബ്ബാബേലിന്റെ കൈയിൽ കാണുമ്പോൾ ഭൂമിയിലെങ്ങും വിന്യസിച്ചിരിക്കുന്ന യഹോവയുടെ ഈ ഏഴു കണ്ണുകൾ സന്തോഷിക്കും.”

11 ഞാൻ ആ ദൂതനോട് ചോദിച്ചു, “വിളക്കുതണ്ടിന് ഇടത്തും വലത്തും നിൽക്കുന്ന ഈ രണ്ടു ഒലിവുവൃക്ഷങ്ങൾ എന്ത്?”

12 ഞാൻ വീണ്ടും ചോദിച്ചു, “തങ്കനിറമുള്ള എണ്ണപകരുന്ന തങ്കനിർമിതമായ രണ്ടു കുഴലുകൾക്കരികെ കാണുന്ന രണ്ട് ഒലിവുശാഖകൾ എന്ത്?”

13 ദൂതൻ എന്നോട്, “ഇവ എന്താകുന്നു എന്നു നീ അറിയുന്നില്ലേ?”

അതിന്, “ഇല്ല, യജമാനനേ,” എന്നു ഞാൻ മറുപടി പറഞ്ഞു.

14 “അവ സർവഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നിൽക്കുന്ന രണ്ട് അഭിഷിക്തന്മാർ ആകുന്നു,” എന്നു ദൂതൻ മറുപടി നൽകി.

5:1 ഞാൻ വീണ്ടും മുകളിലേക്കുനോക്കി. അവിടെ അതാ, എന്റെമുമ്പിൽ പറക്കുന്ന ഒരു ചുരുൾ!

2 ദൂതൻ എന്നോട്, “നീ എന്തു കാണുന്നു?” എന്നു ചോദിച്ചു.

“പറക്കുന്ന ചുരുൾ ഞാൻ കാണുന്നു. അതിന് ഇരുപതുമുഴം നീളവും പത്തുമുഴം വീതിയും ഉണ്ട്,” എന്നു ഞാൻ മറുപടി പറഞ്ഞു.

3 ദൂതൻ എന്നോട് ഇപ്രകാരം പറഞ്ഞു. “ഇതു ദേശത്തിന്മേൽ പുറപ്പെട്ടുവരുന്ന ശാപം ആകുന്നു. അതിന്റെ ഒരുവശത്തു പറയുന്നതുപോലെ, മോഷ്ടിക്കുന്നവനൊക്കെയും ഛേദിക്കപ്പെടും; മറ്റേവശത്തു പറയുന്നതുപോലെ, കള്ളസത്യംചെയ്യുന്നവരൊക്കെയും ഛേദിക്കപ്പെടും. 4 സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്, ‘ഞാൻ അതിനെ അയയ്ക്കും. അതു മോഷ്ടിക്കുന്നവന്റെ വീട്ടിലും എന്റെ നാമത്തിൽ കള്ളസത്യംചെയ്യുന്നവരുടെ വീട്ടിലും പ്രവേശിക്കും. അത് ആ വീട്ടിൽ വസിച്ചുകൊണ്ട് അതിന്റെ കല്ലും മരവും നശിപ്പിച്ചുകളയും.’ ”

5 എന്നോടു സംസാരിച്ച ദൂതൻ മുന്നോട്ടുവന്ന് ഇപ്രകാരം പറഞ്ഞു, “തല ഉയർത്തി, ഈ പ്രത്യക്ഷപ്പെടുന്നത് എന്തെന്നു നോക്കുക.”

6 “അതെന്ത്?” എന്നു ഞാൻ ചോദിച്ചു.

അദ്ദേഹം മറുപടി പറഞ്ഞു: “അത് ധാന്യം അളക്കുന്ന ഒരു കുട്ട ആകുന്നു.” അദ്ദേഹം തുടർന്നു: “ഇത് ദേശമെങ്ങുമുള്ള ജനത്തിന്റെ അതിക്രമം ആകുന്നു.”

7 അപ്പോൾ ഈയത്തിലുള്ള അടപ്പ് ഉയർത്തി. അതാ, ആ കുട്ടയ്ക്കകത്ത് ഒരു സ്ത്രീ ഇരിക്കുന്നു! 8 ദൂതൻ പറഞ്ഞു: “ഇത് ദുഷ്ടത ആകുന്നു,” അദ്ദേഹം അവളെ കുട്ടയ്ക്കുള്ളിലാക്കി അടപ്പുകൊണ്ട് അടച്ചു.

9 അപ്പോൾ ഞാൻ മുകളിലേക്കുനോക്കി—അവിടെ അതാ, ചിറകുകളിൽ കാറ്റുവഹിക്കുന്ന രണ്ടു സ്ത്രീകൾ എന്റെമുമ്പിൽ! കൊക്കുകൾക്ക് ഉള്ളതുപോലെ അവർക്കു ചിറകുകൾ ഉണ്ടായിരുന്നു. അവർ ആകാശത്തിനും ഭൂമിക്കും മധ്യേ ആ കുട്ട ഉയർത്തി.

10 “അവർ ആ കുട്ട എവിടെ കൊണ്ടുപോകുന്നു?” എന്ന് എന്നോടു സംസാരിച്ച ദൂതനോട് ഞാൻ ചോദിച്ചു.

11 അദ്ദേഹം പറഞ്ഞു: “ബാബേലിൽ അവർ അതിന് ഒരു വീടുപണിയും. അതു പൂർത്തിയാകുമ്പോൾ ആ കുട്ട അതിന്റെ സ്ഥാനത്തു വെക്കും.”

6:1 ഞാൻ വീണ്ടും തല ഉയർത്തിനോക്കി, അതാ, എന്റെമുമ്പിൽ രണ്ടു പർവതങ്ങളുടെ മധ്യത്തിൽനിന്നു പുറപ്പെടുന്ന നാലു രഥങ്ങൾ. ആ പർവതങ്ങൾ വെള്ളോടുപർവതങ്ങൾ ആയിരുന്നു. 2 ഒന്നാമത്തെ രഥത്തിനു ചെമന്ന കുതിരകളും രണ്ടാമത്തേതിനു കറുത്ത കുതിരകളും 3 മൂന്നാമത്തേതിനു വെള്ളക്കുതിരകളും നാലാമത്തേതിനു പുള്ളിയും തവിട്ടുനിറവുമുള്ള കുതിരകളെയും പൂട്ടിയിരുന്നു—ഇവയെല്ലാം ബലമേറിയവ ആയിരുന്നു. 4 എന്നോടു സംസാരിക്കുന്ന ദൂതനോടു ഞാൻ ചോദിച്ചു, “എന്റെ യജമാനനേ, ഇവ എന്താകുന്നു?”

5 ദൂതൻ എന്നോടു മറുപടി പറഞ്ഞു: “സർവഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നിൽക്കുന്നവരും അവിടത്തെ ദൗത്യനിർവഹണത്തിനായി പുറപ്പെട്ടുപോകുന്നവരുമായ സ്വർഗത്തിലെ നാല് ആത്മാക്കളാകുന്നു. 6 കറുത്ത കുതിരകളെ പൂട്ടിയിരുന്ന രഥം വടക്കേരാജ്യത്തിലേക്കുപോയി, വെളുത്ത കുതിരകളെ പൂട്ടിയിരുന്ന രഥം പടിഞ്ഞാറോട്ടുപോയി, പുള്ളിയും തവിട്ടുനിറവുമുള്ള കുതിരകളെ പൂട്ടിയിരുന്ന രഥം തെക്കോട്ടുപോയി.”

7 ആ ബലമേറിയ കുതിരകൾ പുറപ്പെട്ടശേഷം അവ ഭൂമിയിലെങ്ങും പോകാൻ ബദ്ധപ്പെട്ടു. അപ്പോൾ യഹോവ, “ഭൂമിയിലെങ്ങും പോകുവിൻ!” എന്നു കൽപ്പിച്ചു. അങ്ങനെ അവ ഭൂമിയിലെങ്ങും പോയി.

8 അപ്പോൾ യഹോവ എന്നോടു വിളിച്ചുപറഞ്ഞു: “നോക്കുക, വടക്കേദേശത്തേക്കു പോകുന്നവ വടക്കേദേശത്തെ എന്റെ ക്രോധം ശമിപ്പിച്ചിരിക്കുന്നു.”

9 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 10 “ബാബേലിൽനിന്നു വന്ന ഹെൽദായ്, തോബിയാവ്, യെദായാവ് എന്നീ പ്രവാസികളുടെ പക്കൽനിന്നു വെള്ളിയും സ്വർണവും വാങ്ങുക. അന്നുതന്നെ, സെഫന്യാവിന്റെ മകനായ യോശിയാവിന്റെ വീട്ടിൽ പോകണം. 11 വെള്ളിയും സ്വർണവും എടുത്ത് ഒരു കിരീടം ഉണ്ടാക്കി യെഹോസാദാക്കിന്റെ മകൻ യോശുവ എന്ന മഹാപുരോഹിതന്റെ തലയിൽ വെക്കുക. 12 അദ്ദേഹത്തോട്, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറയുക: ‘ശാഖാ എന്നു പേരുള്ള പുരുഷൻ ഇവിടെയുണ്ട്. അദ്ദേഹം തന്റെ സ്ഥാനത്തുനിന്നു ശാഖകൾ നീട്ടുകയും യഹോവയുടെ ആലയം പണിയുകയും ചെയ്യും. 13 അദ്ദേഹംതന്നെയാണ് യഹോവയുടെ ആലയം പണിയുന്നത്. അദ്ദേഹം തേജസ്സു ധരിച്ചു തന്റെ സിംഹാസനത്തിലിരുന്ന് ഭരണംനടത്തും. അദ്ദേഹം തന്റെ സിംഹാസനത്തിൽ ഒരു പുരോഹിതൻ ആയിരിക്കും; ഇരുവർക്കുംതമ്മിൽ ഐക്യമുണ്ടാകും.’ 14 ഹേലം, തോബിയാവ്, യെദായാവ്, സെഫന്യാവിന്റെ മകൻ ഹേൻ എന്നിവരുടെ സ്മാരകമായി യഹോവയുടെ ആലയത്തിൽ ആ കിരീടം നൽകപ്പെടും. 15 വിദൂരത്തുനിന്നുള്ളവർ വരികയും യഹോവയുടെ ആലയം പണിയാൻ സഹായിക്കുകയും ചെയ്യും. സൈന്യങ്ങളുടെ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും. നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ ജാഗ്രതയോടെ അനുസരിക്കുമെങ്കിൽ ഇപ്രകാരം സംഭവിക്കും.”