ദൈവാലയനിർമാണം നിർത്തിവെക്കുകയും വീണ്ടും ആരംഭിക്കുകയും ചെയ്യുന്നു

ക്രി.മു. 519

Biblica® Open Malayalam Contemporary Version™ (OMCV)

എസ്രാ 5:3–6:13

3 ആ കാലത്ത് യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും അവരുടെ കൂട്ടാളികളും അടുത്തുചെന്ന്, “മന്ദിരം പുനർനിർമിക്കുന്നതും ഈ വേല പൂർത്തിയാക്കുന്നതും ആരുടെ കൽപ്പനപ്രകാരമാണെന്നും 4 ഈ കെട്ടിടം പണിയുന്നവരുടെ പേരുകൾ എന്താണ്” എന്നും ചോദിച്ചു. 5 എന്നാൽ യെഹൂദനേതാക്കന്മാരെ ദൈവം കടാക്ഷിച്ചിരുന്നതിനാൽ, ഈ വിവരം ദാര്യാവേശിനെ അറിയിച്ച്, അദ്ദേഹം എഴുതിയ മറുപടി വരുന്നതുവരെ ആരും അവരുടെ പണി തടഞ്ഞില്ല.

6 യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ പ്രതിനിധികളായ അവരുടെ കൂട്ടാളികളും ദാര്യാവേശ് രാജാവിന് അയച്ച കത്തിന്റെ പകർപ്പ്— 7 അതിൽ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു:

ദാര്യാവേശ് രാജാവിന്:

അങ്ങേക്കു സമാധാനാശംസകൾ.

8 യെഹൂദാപ്രവിശ്യയിലുള്ള, വലിയവനായ ദൈവത്തിന്റെ ആലയത്തിലേക്കു ഞങ്ങൾ പോയവിവരം അങ്ങയെ അറിയിക്കട്ടെ. വലിയ കല്ലുകൾകൊണ്ട് അതു പണിതുവരികയാണ്. ചുമരിന്മേൽ തടിയുരുപ്പടികൾ വെക്കുകയും ചെയ്യുന്നു. വളരെ ശുഷ്കാന്തിയോടെ നടക്കുന്ന പണി അവരുടെ കൈയാൽ അഭിവൃദ്ധിപ്പെട്ടും വരുന്നു.

9 അവിടെയുള്ള നേതാക്കന്മാരോടു ഞങ്ങൾ സംസാരിക്കുകയും, “മന്ദിരം പുനർനിർമിക്കുന്നതും ഈ വേല പൂർത്തിയാക്കുന്നതും ആരുടെ കൽപ്പനപ്രകാരമാണ്” എന്നു ചോദിക്കുകയും ചെയ്തു. 10 അവർക്കു നേതൃത്വം കൊടുക്കുന്നവർ ആരൊക്കെയെന്ന് അങ്ങയെ എഴുതി അറിയിക്കേണ്ടതിന് അവരുടെ പേരുകളും ഞങ്ങൾ ചോദിച്ചു.

11 അവർ നൽകിയ മറുപടി ഇപ്രകാരമാണ്:

“സ്വർഗത്തിന്റെയും ഭൂമിയുടെയും ദൈവത്തിന്റെ ദാസന്മാരാണു ഞങ്ങൾ. ഇസ്രായേലിന്റെ മഹാനായ ഒരു രാജാവ് വളരെ വർഷങ്ങൾക്കുമുമ്പ് പണിതീർത്ത ആലയം ഞങ്ങൾ പുതുക്കിപ്പണിയുകയാണ്. 12 ഞങ്ങളുടെ പിതാക്കന്മാർ സ്വർഗത്തിലെ ദൈവത്തെ കോപിപ്പിച്ചതിനാൽ അവിടന്ന് അവരെ ബാബേൽരാജാവായ നെബൂഖദ്നേസർ എന്ന കൽദയന്റെ കൈയിൽ ഏൽപ്പിച്ചു. അദ്ദേഹം ഈ ആലയം നശിപ്പിക്കുകയും ജനത്തെ ബാബേലിലേക്കു കൊണ്ടുപോകുകയും ചെയ്തു.

13 “എന്നാൽ ബാബേൽരാജാവായ കോരെശ്, തന്റെ ഭരണത്തിന്റെ ഒന്നാമാണ്ടിൽ, ദൈവത്തിന്റെ ഈ ആലയം പുനർനിർമിക്കണമെന്ന കൽപ്പന പുറപ്പെടുവിച്ചു. 14 തന്നെയുമല്ല, ജെറുശലേമിലെ ആലയത്തിൽനിന്നും ബാബേലിലെ ക്ഷേത്രത്തിലേക്കു നെബൂഖദ്നേസർ കൊണ്ടുപോയ ആലയംവക സ്വർണം, വെള്ളി, തുടങ്ങിയ ഉപകരണങ്ങൾ കോരെശ്‌രാജാവ് ബാബേലിലെ ക്ഷേത്രങ്ങളിൽനിന്നു പുറത്തെടുത്തു. അതിനുശേഷം കോരെശ്‌രാജാവ്, താൻ ദേശാധിപതിയായി നിയമിച്ച ശേശ്ബസ്സ് എന്നു പേരുള്ളവനെ അവ ഏൽപ്പിച്ചു; 15 ‘ഈ ഉപകരണങ്ങൾ എടുത്ത് ജെറുശലേമിലെ മന്ദിരത്തിൽ കൊണ്ടുചെന്നു വെക്കുക; ദൈവത്തിന്റെ ആലയം അതിന്റെ സ്ഥാനത്തുതന്നെ പണിയുക’ എന്നു കൽപ്പിച്ചു.

16 “അങ്ങനെ ശേശ്ബസ്സർ വന്ന് ജെറുശലേമിലെ ദൈവാലയത്തിന്റെ അടിസ്ഥാനം ഇട്ടു. അന്നുമുതൽ ഇന്നുവരെ അതിന്റെ പണി നടക്കുന്നു; ഇപ്പോഴും അതു തീർന്നിട്ടില്ല.”

17 ആകയാൽ രാജാവിനു ഹിതമെങ്കിൽ, ജെറുശലേമിലെ ദൈവാലയം വീണ്ടും പണിയാൻ കോരെശ്‌രാജാവ് വാസ്തവത്തിൽ അപ്രകാരം ഒരു കൽപ്പന നൽകിയിട്ടുണ്ടോ എന്നു ബാബേലിലെ രാജകീയ രേഖാശാലയിൽ അന്വേഷിക്കുക. ഈ കാര്യത്തിൽ രാജാവിന്റെ താത്പര്യമെന്തെന്നു ഞങ്ങളെ അറിയിച്ചാലും.

6:1 ദാര്യാവേശ് രാജാവിന്റെ കൽപ്പനപ്രകാരം, ബാബേൽ ഭണ്ഡാരഗൃഹങ്ങളിൽ സൂക്ഷിച്ചിരുന്ന രേഖാശാലകൾ പരിശോധിച്ചു; 2 മേദ്യപ്രവിശ്യയിലെ അഹ്മെഥാ കോട്ടയിൽനിന്ന് ഇപ്രകാരം ഒരു ചുരുൾ കണ്ടെത്തി. അതിൽ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു:

നിവേദനപത്രിക:

3 കോരെശ് രാജാവിന്റെ ഒന്നാമാണ്ടിൽ, രാജാവു ജെറുശലേമിലെ ദൈവത്തിന്റെ ആലയത്തെ സംബന്ധിച്ച് ഒരു കൽപ്പന പുറപ്പെടുവിച്ചു:

ജെറുശലേമിലെ ദൈവാലയം യാഗങ്ങൾ അർപ്പിക്കപ്പെടുന്ന സ്ഥലമായി പുനർനിർമിക്കപ്പെടട്ടെ. അതിന്റെ അടിസ്ഥാനങ്ങൾ ഇടുകയും അത് അറുപതുമുഴം ഉയരത്തിലും അറുപതുമുഴം വീതിയിലും പണിയുകയും വേണം. 4 അതിനു മൂന്നുനിര വലിയ കല്ലുകളും, തടിയുടെ ഒരുനിരയും ഉണ്ടായിരിക്കണം. ഇവയുടെ ചെലവ് രാജഭണ്ഡാരത്തിൽനിന്നാണ് വഹിക്കേണ്ടത്. 5 ഇതിനുപുറമേ, ജെറുശലേമിലെ മന്ദിരത്തിൽനിന്ന് നെബൂഖദ്നേസർ ബാബേലിലേക്കു എടുത്തുകൊണ്ടുവന്ന, ദൈവാലയത്തിലെ സ്വർണം, വെള്ളി, തുടങ്ങിയ ഉപകരണങ്ങൾ ജെറുശലേമിലെ മന്ദിരത്തിലെ അവയുടെ പൂർവസ്ഥാനങ്ങളിൽത്തന്നെ വെക്കാൻ അവ തിരികെ നൽകേണ്ടതുമാണ്.

6 ആയതിനാൽ യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ പ്രതിനിധികളായ തത്നായിയും ശെഥർ-ബോസ്നായിയും ആ പ്രവിശ്യയുടെ മറ്റ് അധികാരികളായ നിങ്ങളും അവിടെനിന്ന് അകന്നു നിൽക്കട്ടെ; 7 ഈ ദൈവാലയത്തിന്റെ നിർമാണത്തിൽ നിങ്ങൾ ഇടപെടരുത്. യെഹൂദരുടെ ദേശാധിപതിയും യെഹൂദനേതാക്കന്മാരും ദൈവാലയം അതിന്റെ സ്ഥാനത്തുതന്നെ പണിയട്ടെ.

8 അതുമാത്രമല്ല, ദൈവാലയത്തിന്റെ പണിയിൽ ഏർപ്പെട്ടിരിക്കുന്ന യെഹൂദനേതാക്കന്മാർക്കു നിങ്ങൾ ഇപ്രകാരം ചെയ്തുകൊടുക്കണമെന്നും നാം കൽപ്പിക്കുന്നു:

പണിമുടങ്ങാതിരിക്കേണ്ടതിന് യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യ രാജഭണ്ഡാരത്തിലേക്കു നൽകേണ്ടതായ വരുമാനത്തിൽനിന്ന് ഈ ജനത്തിന്റെ ചെലവു പൂർണമായി മുടക്കംകൂടാതെ വഹിക്കേണം. 9 അവർക്ക് ആവശ്യമുള്ള എല്ലാ വസ്തുക്കളും—സ്വർഗത്തിലെ ദൈവത്തിനു ഹോമയാഗം അർപ്പിക്കേണ്ടതിന് ആവശ്യമായ കാളക്കിടാക്കൾ, ആട്ടുകൊറ്റന്മാർ, ആൺകുഞ്ഞാടുകൾ എന്നിവയും ഗോതമ്പ്, ഉപ്പ്, വീഞ്ഞ്, ഒലിവെണ്ണ, എന്നിവയും ജെറുശലേമിലെ പുരോഹിതന്മാരുടെ അഭ്യർഥനപ്രകാരം അവർക്കു മുടക്കംകൂടാതെ ദിവസേന നൽകണം. 10 ഇങ്ങനെ അവർ സ്വർഗത്തിലെ ദൈവത്തിനു പ്രസാദകരമായ യാഗങ്ങൾ അർപ്പിക്കുകയും, രാജാവിന്റെയും അദ്ദേഹത്തിന്റെ മക്കളുടെയും ക്ഷേമത്തിനുവേണ്ടി പ്രാർഥിക്കുകയും ചെയ്യുമല്ലോ!

11 ഈ കൽപ്പനകളിൽ ആരെങ്കിലും മാറ്റം വരുത്തിയാൽ അവന്റെ വീടിന്റെ ഒരു ഉത്തരം വലിച്ചെടുത്ത് നാട്ടി അതിൽ അവനെ തൂക്കിക്കളയുകയും, അവന്റെ വീട് കൽക്കൂമ്പാരമാക്കുകയും വേണം എന്നുകൂടി നാം കൽപ്പിക്കുന്നു. 12 ഇതിൽ മാറ്റം വരുത്തുന്നതിനോ ജെറുശലേമിലെ ഈ ദൈവാലയം നശിപ്പിക്കാനോ തുനിയുന്ന ഏതു രാജാവിനെയോ ജനത്തെയോ തന്റെ നാമം അവിടെ സ്ഥാപിച്ചിരിക്കുന്ന ദൈവം നശിപ്പിക്കട്ടെ.

ദാര്യാവേശ് എന്ന നാം ഉത്തരവാക്കിയിരിക്കുന്നു. ഇവ ജാഗ്രതയോടെ നടപ്പിലാക്കേണ്ടതാണ്.

13 ദാര്യാവേശ് രാജാവ് അയച്ച കൽപ്പന ലഭിച്ചപ്പോൾ നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും അവരുടെ കൂട്ടാളികളും ചേർന്ന് രാജാവ് കൽപ്പിച്ചതെല്ലാം ജാഗ്രതയോടെ ചെയ്തു.

സങ്കീർത്തനങ്ങൾ 138

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവേ, ഞാൻ പൂർണഹൃദയത്തോടെ അങ്ങയെ പുകഴ്ത്തും;

“ദേവന്മാരുടെ” മുമ്പാകെ ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും.

2 ഞാൻ അങ്ങയുടെ വിശുദ്ധമന്ദിരത്തിനുനേരേ വണങ്ങിക്കൊണ്ട്

അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയുംനിമിത്തം

തിരുനാമത്തെ വാഴ്ത്തും,

കാരണം അവിടത്തെ പ്രശസ്തിയും മറികടക്കുംവിധം

അവിടത്തെ ഉത്തരവുകൾ ഉന്നതമാക്കിയല്ലോ.

3 ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചപ്പോൾ അവിടന്ന് എനിക്ക് ഉത്തരമരുളി;

അവിടന്ന് എനിക്ക് ശക്തി പകർന്ന് എന്നെ ധൈര്യപ്പെടുത്തി.

4 യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും

തിരുവായിൽനിന്നുള്ള ഉത്തരവുകൾ ശ്രവിക്കുമ്പോൾ അവിടത്തെ വാഴ്ത്തട്ടെ.

5 യഹോവയുടെ മഹത്ത്വം ഉന്നതമായിരിക്കുകയാൽ

അവർ യഹോവയുടെ വഴികളെപ്പറ്റി പാടട്ടെ.

6 യഹോവ മഹോന്നതൻ ആണെങ്കിലും അവിടന്ന് എളിയവരെ കടാക്ഷിക്കുന്നു;

എന്നാൽ അഹങ്കാരികളെ അവിടന്ന് ദൂരത്തുനിന്നുതന്നെ അറിയുന്നു.

7 കഷ്ടതകളുടെ നടുവിലാണ് എന്റെ ജീവിതമെങ്കിലും

അവിടന്ന് എന്റെ ജീവൻ സംരക്ഷിക്കുന്നു.

എന്റെ ശത്രുക്കളുടെ ക്രോധത്തിനുനേരേ അവിടന്ന് തിരുക്കരം നീട്ടുന്നു;

അവിടത്തെ വലതുകരം എന്നെ രക്ഷിക്കുന്നു.

8 യഹോവ എന്നെ കുറ്റവിമുക്തനാക്കും;

യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു—

തിരുക്കരങ്ങളുടെ പ്രവൃത്തിയെ ഉപേക്ഷിച്ചുകളയരുതേ.

സംഗീതസംവിധായകന്.