ദൈവാലയനിർമാണം പുനരാരംഭിക്കുന്നു

ക്രി.മു. 520

Biblica® Open Malayalam Contemporary Version™ (OMCV)

എസ്രാ 5:1

1 ഹഗ്ഗായി, ഇദ്ദോവിന്റെ മകൻ സെഖര്യാവ് എന്നീ പ്രവാചകന്മാർ തങ്ങളുടെമേൽ ഉള്ള ഇസ്രായേലിന്റെ ദൈവത്തിന്റെ നാമത്തിൽ യെഹൂദ്യയിലും ജെറുശലേമിലും ഉള്ള യെഹൂദരോടു പ്രവചിച്ചുവന്നു.

ഹഗ്ഗായി 1:1–11

1 ദാര്യാവേശ് രാജാവിന്റെ രണ്ടാംവർഷത്തിൽ, ആറാംമാസത്തിന്റെ ഒന്നാംതീയതി, യെഹൂദാദേശാധിപതിയും ശെയൽത്തിയേലിന്റെ മകനുമായ സെരൂബ്ബാബേലിനും മഹാപുരോഹിതനും യെഹോസാദാക്കിന്റെ മകനുമായ യോശുവയ്ക്കും ഹഗ്ഗായിപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായി:

2 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘യഹോവയുടെ ആലയം പണിയുന്നതിനുള്ള സമയം ആയിട്ടില്ല’ എന്ന് ഈ ജനം പറയുന്നു!”

3 യഹോവയുടെ വചനം ഹഗ്ഗായിപ്രവാചകൻ മുഖാന്തരം വന്നു: 4 “ഈ ആലയം ശൂന്യമായിക്കിടക്കുമ്പോൾ, നിങ്ങൾക്ക് തട്ടിട്ട വീടുകളിൽ താമസിക്കാൻ സമയമായോ?”

5 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ജീവിതരീതികളെക്കുറിച്ചു സൂക്ഷ്മമായി ചിന്തിക്കുക. 6 നിങ്ങൾ വളരെയധികം വിതച്ചു, എങ്കിലും അൽപ്പമേ കൊയ്തുള്ളൂ; നിങ്ങൾ ഭക്ഷിച്ചു, പക്ഷേ, മതിയായില്ല. നിങ്ങൾ പാനംചെയ്യുന്നു, എന്നാൽ തൃപ്തിയാകുന്നില്ല. നിങ്ങൾ വസ്ത്രം ധരിക്കുന്നു, എന്നാൽ ചൂടു ലഭിക്കുന്നില്ല. നിങ്ങൾ ശമ്പളം വാങ്ങുന്നു, ഓട്ടയുള്ള പണസഞ്ചിയിൽ ഇടാൻവേണ്ടിമാത്രം ഉപകരിക്കുന്നു.”

7 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ജീവിതരീതികളെക്കുറിച്ചു സൂക്ഷ്മമായി ചിന്തിക്കുക. 8 പർവതങ്ങളിൽ പോയി മരം കൊണ്ടുവന്ന് എന്റെ ആലയം പണിയുക; എനിക്ക് അതിൽ പ്രസാദമുണ്ടാകുകയും ഞാൻ അതിൽ മഹത്ത്വപ്പെടുകയും ചെയ്യും,” എന്ന് യഹോവ കൽപ്പിക്കുന്നു. 9 “നിങ്ങൾ വളരെയധികം പ്രതീക്ഷിച്ചു, എന്നാൽ നോക്കുക, അത് അൽപ്പമേ ഉണ്ടായിരുന്നുള്ളൂ. നിങ്ങൾ വീട്ടിൽ കൊണ്ടുവന്നതിനെ ഞാൻ ഊതിക്കളഞ്ഞു. എന്തുകൊണ്ട്?” എന്നു സൈന്യങ്ങളുടെ യഹോവ ചോദിക്കുന്നു. “എന്റെ ആലയം ശൂന്യമായിരിക്കുമ്പോൾ നിങ്ങൾ ഓരോരുത്തരും സ്വന്തം കാര്യത്തിൽ ബദ്ധശ്രദ്ധരായിരിക്കുന്നു. 10 അതുകൊണ്ട്, നിങ്ങൾനിമിത്തം ആകാശം മഞ്ഞുപെയ്യാതെ അടഞ്ഞിരിക്കുന്നു, ഭൂമി അതിന്റെ വിളവ് നൽകുന്നതുമില്ല. 11 നിലങ്ങളിലും പർവതങ്ങളിലും ധാന്യത്തിലും പുതുവീഞ്ഞിലും ഒലിവെണ്ണയിലും ഭൂമിയിൽ ഉല്പാദിപ്പിക്കുന്ന എല്ലാറ്റിലും മനുഷ്യരുടെമേലും കന്നുകാലികളുടെമേലും നിങ്ങളുടെ കൈകളുടെ അധ്വാനങ്ങളിലും ഞാൻ ഒരു വരൾച്ച അയച്ചിരിക്കുന്നു.”

എസ്രാ 5:2

2 അപ്പോൾ ശെയൽത്തിയേലിന്റെ മകനായ സെരൂബ്ബാബേലും യോസാദാക്കിന്റെ മകനായ യോശുവയും ജെറുശലേമിലെ ദൈവാലയത്തിന്റെ പുനരുദ്ധാരണം ആരംഭിച്ചു; അവരെ സഹായിച്ചുകൊണ്ട് പ്രവാചകന്മാർ അവരോടൊപ്പംതന്നെ ഉണ്ടായിരുന്നു.

ഹഗ്ഗായി 1:12–2:9

12 അപ്പോൾ ശെയൽത്തിയേലിന്റെ മകൻ സെരൂബ്ബാബേലും യെഹോസാദാക്കിന്റെ മകൻ മഹാപുരോഹിതനായ യോശുവയും ജനത്തിൽ ശേഷിപ്പുള്ള എല്ലാവരും തങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാടുകളും തങ്ങളുടെ ദൈവമായ യഹോവ അയച്ച പ്രവാചകനായ ഹഗ്ഗായിയുടെ വചനങ്ങളും അനുസരിച്ചു. അവരുടെ ദൈവമായ യഹോവ അദ്ദേഹത്തെ അയച്ചിരുന്നതിനാൽ ജനം യഹോവയെ ഭയപ്പെട്ടു.

13 അപ്പോൾ യഹോവയുടെ ദൂതനായ ഹഗ്ഗായി, യഹോവയുടെ ഈ വചനം ജനത്തെ അറിയിച്ചു: “ഞാൻ നിങ്ങളോടുകൂടെ ഉണ്ട്” എന്ന് യഹോവ അരുളിച്ചെയ്യുന്നു. 14 അങ്ങനെ യഹോവ, യെഹൂദാദേശാധിപതിയും ശെയൽത്തിയേലിന്റെ മകനുമായ സെരൂബ്ബാബേലിന്റെയും മഹാപുരോഹിതനും യെഹോസാദാക്കിന്റെ മകനുമായ യോശുവയുടെയും ശേഷിച്ച സകലജനത്തിന്റെയും ആത്മാവിനെ ഉണർത്തി. തങ്ങളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിനുവേണ്ടിയുള്ള വേല ആരംഭിക്കുന്നതിന്, 15 ആറാംമാസം ഇരുപത്തിനാലാം തീയതി അവർ വന്നുകൂടി.

ദാര്യാവേശ് രാജാവിന്റെ രണ്ടാംവർഷത്തിൽ,

2:1 ഏഴാംമാസം ഇരുപത്തൊന്നാംതീയതി ഹഗ്ഗായിപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായി: 2 “ശെയൽത്തിയേലിന്റെ മകനും യെഹൂദാദേശാധിപതിയുമായ സെരൂബ്ബാബേലിനോടും യെഹോസാദാക്കിന്റെ മകനും മഹാപുരോഹിതനുമായ യോശുവയോടും ശേഷിച്ച സകലജനത്തോടും സംസാരിക്കുക. അവരോടു ചോദിക്കുക, 3 ‘ഈ ആലയത്തിന്റെ പഴയ പ്രതാപം കണ്ടിട്ടുള്ള ആരെങ്കിലും നിങ്ങളിൽ ശേഷിച്ചിട്ടുണ്ടോ? ഇപ്പോൾ ഇതു കാണാൻ എങ്ങനെയുണ്ട്? ഇതു നിങ്ങൾക്ക് ഒന്നും അവശേഷിച്ചിട്ടില്ലാത്തതുപോലെ അല്ലയോ കാണപ്പെടുന്നത്? 4 എന്നാൽ, സെരൂബ്ബാബേലേ, ഇപ്പോൾ ധൈര്യപ്പെടുക,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു. ‘യെഹോസാദാക്കിന്റെ മകനും മഹാപുരോഹിതനുമായ യോശുവയേ, ധൈര്യപ്പെടുക, ദേശത്തിലെ സകലജനവുമേ, ധൈര്യപ്പെട്ടു വേലചെയ്യുക. കാരണം ഞാൻ നിങ്ങളോടുകൂടെ ഉണ്ട്,’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 5 ‘നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവരുമ്പോൾ ഞാൻ നിങ്ങളോടു ചെയ്ത ഉടമ്പടി ഇതുതന്നെ. എന്റെ ആത്മാവ് നിങ്ങളുടെ മധ്യത്തിൽ ഉണ്ട്. നിങ്ങൾ ഭയപ്പെടേണ്ട.’

6 “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘അൽപ്പസമയത്തിനുശേഷം ഞാൻ ആകാശത്തെയും ഭൂമിയെയും സമുദ്രത്തെയും കരയെയും ഒന്നുകൂടി ഇളക്കും. 7 ഞാൻ സകലജനതകളെയും ഇളക്കും. അപ്പോൾ സകലജനതകൾക്കും പ്രിയങ്കരമായതു വരും; ഞാൻ ഈ ആലയത്തെ എന്റെ മഹത്ത്വംകൊണ്ടു നിറയ്ക്കും,’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 8 ‘വെള്ളി എനിക്കുള്ളത്; സ്വർണവും എനിക്കുള്ളത്’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. 9 ‘ഈ ആലയത്തിന്റെ മഹത്ത്വം പഴയ ആലയത്തിന്റെ മഹത്ത്വത്തെക്കാൾ വലുതായിരിക്കും,’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ‘ഈ സ്ഥലത്തു ഞാൻ സമാധാനം നൽകും,’ എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”

സെഖര്യാവ് 1:1–6

1 ദാര്യാവേശിന്റെ രണ്ടാംവർഷം എട്ടാംമാസത്തിൽ, ഇദ്ദോയുടെ മകനായ ബേരെഖ്യാവിന്റെ മകൻ സെഖര്യാപ്രവാചകനു യഹോവയുടെ അരുളപ്പാടുണ്ടായി:

2 “യഹോവ നിങ്ങളുടെ പിതാക്കന്മാരോട് അത്യധികം കോപിച്ചിരുന്നു. 3 അതിനാൽ ജനത്തോടു പറയുക: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്റെ അടുക്കൽ മടങ്ങിവരിക, എങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും,’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. 4 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിങ്ങളുടെ ദുർമാർഗങ്ങളെയും ദുഷ്‌പ്രവൃത്തികളെയും വിട്ടുതിരിയുക, എന്നാൽ അവർ ശ്രദ്ധിക്കുകയോ എനിക്കു ചെവിതരുകയോ ചെയ്തിട്ടില്ല,’ എന്നു പൂർവകാല പ്രവാചകന്മാർ നിങ്ങളുടെ പിതാക്കന്മാരോട് സംസാരിച്ചല്ലോ, നിങ്ങൾ അവരെപ്പോലെ ആകരുത്, എന്ന് യഹോവ അരുളിച്ചെയ്യുന്നു. 5 നിങ്ങളുടെ പിതാക്കന്മാർ ഇപ്പോൾ എവിടെ? പ്രവാചകന്മാർ, അവർ എന്നേക്കും ജീവിച്ചിരിക്കുമോ? 6 എന്നാൽ ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരോട് കൽപ്പിച്ച എന്റെ വചനങ്ങളും ഉത്തരവുകളും നിങ്ങളുടെ പിതാക്കന്മാരുടെ കാലശേഷവും നിലനിന്നില്ലയോ?

“അപ്പോൾ അവർ അനുതപിച്ചു: ‘ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും അർഹിക്കുന്നതുതന്നെ സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്തിരിക്കുന്നു; അവിടന്ന് ചെയ്യാൻ തീരുമാനിച്ചതുപോലെതന്നെ’ എന്നു പറഞ്ഞു.”

ഹഗ്ഗായി 2:10–23

10 ദാര്യാവേശിന്റെ രണ്ടാംവർഷത്തിൽ ഒൻപതാംമാസം ഇരുപത്തിനാലാം തീയതി യഹോവയുടെ അരുളപ്പാട് ഹഗ്ഗായി പ്രവാചകന് ലഭിച്ചു: 11 “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ന്യായപ്രമാണം എന്തുപറയുന്നു എന്നു പുരോഹിതന്മാരോടു ചോദിക്കുക: 12 ഒരു മനുഷ്യൻ തന്റെ വസ്ത്രത്തിന്റെ മടക്കിൽ ദൈവത്തിനു സമർപ്പിക്കപ്പെട്ട മാംസം വഹിച്ചുകൊണ്ട്, ആ മടക്ക് അപ്പമോ പായസമോ വീഞ്ഞോ ഒലിവെണ്ണയോ മറ്റേതെങ്കിലും ഭക്ഷണമോ തൊട്ടാൽ അതു വിശുദ്ധമാകുമോ?’ ”

“ഇല്ലാ,” എന്നു പുരോഹിതന്മാർ ഉത്തരം പറഞ്ഞു.

13 അപ്പോൾ ഹഗ്ഗായി ചോദിച്ചു: “ശവത്തെ തൊട്ടതുനിമിത്തം അശുദ്ധനായ ഒരു മനുഷ്യൻ ഇവയിൽ ഏതിനെയെങ്കിലും തൊട്ടാൽ അവ അശുദ്ധമാകുമോ?”

“അതേ, അശുദ്ധമാകും,” എന്നു പുരോഹിതന്മാർ പറഞ്ഞു.

14 അപ്പോൾ ഹഗ്ഗായി പറഞ്ഞു: “ ‘എന്റെ ദൃഷ്ടിയിൽ ഈ ജനവും ഈ രാജ്യവും അങ്ങനെതന്നെ ആകുന്നു’ എന്ന് യഹോവ അരുളിച്ചെയ്യുന്നു. ‘അവർ ചെയ്യുന്നതും അർപ്പിക്കുന്നതും എല്ലാം അശുദ്ധംതന്നെ!

15 “ ‘ഇപ്പോൾ, ഇതിനെക്കുറിച്ച് ഇന്നുമുതൽ സൂക്ഷ്മതയോടെ ചിന്തിക്കുക—യഹോവയുടെ ആലയത്തിൽ കല്ലിന്മേൽ കല്ലുവെക്കുന്നതിനുമുമ്പ് എങ്ങനെയായിരുന്നു എന്നു ചിന്തിക്കുക. 16 ഒരുവൻ ഇരുപത് അളക്കാൻ ചെല്ലുമ്പോൾ പത്തുമാത്രമേ ഉണ്ടായിരുന്നുള്ളൂ; അൻപതുപാത്രം വീഞ്ഞു കോരാൻ ചെല്ലുമ്പോൾ അവിടെ ഇരുപതുമാത്രമേ ഉണ്ടായിരുന്നുള്ളൂ. 17 നിങ്ങളുടെ കൈകളുടെ എല്ലാ അധ്വാനങ്ങളെയും വെൺകതിർ, വിഷമഞ്ഞ്, കന്മഴ എന്നിവയാൽ ഞാൻ ബാധിച്ചു, എങ്കിലും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല’ എന്ന് യഹോവ അരുളിച്ചെയ്യുന്നു. 18 ‘ഇന്നുമുതൽ, ഒൻപതാംമാസം ഇരുപത്തിനാലാംതീയതിമുതൽ, യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ട ദിവസത്തെക്കുറിച്ചു സൂക്ഷ്മമായി ചിന്തിക്കുക. ശ്രദ്ധയോടെ ചിന്തിക്കുക: 19 കളപ്പുരയിൽ ഇനി വിത്തു ശേഷിച്ചിട്ടുണ്ടോ? മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളവും ഒലിവുമരവും ഇതുവരെ ഫലം നൽകിയിട്ടില്ല.

“ ‘ഇന്നുമുതൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും.’ ”

20 ആ മാസം ഇരുപത്തിനാലാം തീയതി രണ്ടാമതും യഹോവയുടെ അരുളപ്പാട് ഹഗ്ഗായിക്ക് ഉണ്ടായി: 21 “യെഹൂദാദേശാധിപതിയായ സെരൂബ്ബാബേലിനോടു പറയുക: ഞാൻ ആകാശത്തെയും ഭൂമിയെയും ഇളക്കും, 22 ഞാൻ രാജകീയ സിംഹാസനങ്ങൾ അട്ടിമറിക്കും; വിദേശരാജ്യങ്ങളുടെ ശക്തി തകർക്കും. രഥങ്ങളെയും സാരഥികളെയും ഞാൻ അട്ടിമറിക്കും; കുതിരകളും കുതിരച്ചേവകരും സ്വന്തസഹോദരന്മാരുടെ വാളിനാൽ വീഴും.

23 “സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു, ‘എന്റെ ദാസനായ ശെയൽത്തിയേലിന്റെ മകനായ സെരൂബ്ബാബേലേ, ആ ദിവസം നിന്നെ ഞാൻ എടുത്ത് എന്റെ മുദ്രമോതിരമാക്കും’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്; ഞാൻ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

സെഖര്യാവ് 1:7–21

7 സെബാത്തുമാസമായ പതിനൊന്നാംമാസത്തിന്റെ ഇരുപത്തിനാലാം തീയതി, ദാര്യാവേശിന്റെ രണ്ടാംവർഷത്തിൽ, ഇദ്ദോയുടെ മകനായ ബേരെഖ്യാവിന്റെ മകൻ സെഖര്യാപ്രവാചകനു യഹോവയുടെ അരുളപ്പാടുണ്ടായി.

8 രാത്രിയിൽ എനിക്കൊരു ദർശനമുണ്ടായി—എന്റെ മുന്നിൽ ചെമന്ന കുതിരപ്പുറത്ത് ഒരു പുരുഷൻ കയറിയിരിക്കുന്നത് കണ്ടു. അദ്ദേഹം ഒരു താഴ്വരയിൽ കൊഴുന്തുവൃക്ഷങ്ങളുടെ ഇടയിൽ നിൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പിന്നിൽ ചെമപ്പ്, തവിട്ട്, വെള്ള എന്നീ നിറങ്ങളിലുള്ള കുതിരകൾ ഉണ്ടായിരുന്നു.

9 ഞാൻ ചോദിച്ചു: “യജമാനനേ, ഇവയെന്ത്?”

എന്നോടു സംസാരിക്കുന്ന ദൂതൻ പറഞ്ഞു: “അവ എന്താണെന്നു ഞാൻ നിന്നെ കാണിക്കാം.”

10 കൊഴുന്തുവൃക്ഷങ്ങളുടെ ഇടയിൽനിന്ന പുരുഷൻ വിശദീകരിച്ചു: “യഹോവ ഭൂമിയിലെങ്ങും പോകുന്നതിന് അയച്ചിട്ടുള്ളവരാണ് അവർ.”

11 കൊഴുന്തുവൃക്ഷങ്ങളുടെ ഇടയിൽനിൽക്കുന്ന യഹോവയുടെ ദൂതനോട് അവർ വസ്തുത അറിയിച്ചു: “ഞങ്ങൾ ലോകമെങ്ങും സഞ്ചരിച്ചു. ലോകംമുഴുവനും സ്വസ്ഥമായും സമാധാനമായും ഇരിക്കുന്നതു കണ്ടു.”

12 അപ്പോൾ യഹോവയുടെ ദൂതൻ പറഞ്ഞു: “സൈന്യങ്ങളുടെ യഹോവേ, കഴിഞ്ഞ എഴുപതു വർഷങ്ങൾ അങ്ങ് കോപിച്ചിരിക്കുന്ന ജെറുശലേമിനോടും യെഹൂദാനഗരങ്ങളോടും കരുണകാണിക്കാൻ ഇനിയും താമസിക്കുമോ?” 13 എന്നോടു സംസാരിച്ച ദൂതനോട് യഹോവ ദയയോടും ആശ്വാസവാക്കുകളോടും സംസാരിച്ചു.

14 അപ്പോൾ എന്നോടു സംസാരിച്ച ദൂതൻ പറഞ്ഞു, “ഈ വചനം വിളംബരംചെയ്യുക: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ ജെറുശലേമിനെക്കുറിച്ചും സീയോനെക്കുറിച്ചും വളരെ തീക്ഷ്ണതയുള്ളവൻ ആയിരിക്കും. 15 എന്നാൽ സ്വയം സുരക്ഷിതരാണെന്നു കരുതിയിരുന്ന രാജ്യങ്ങളോടു ഞാൻ കോപിച്ചിരിക്കുന്നു. ഞാൻ അൽപ്പമേ കോപിച്ചുള്ളൂ, എന്നാൽ, അവരുടെ ശിക്ഷ വളരെ വലുതായിരുന്നു.’

16 “അതുകൊണ്ട് യഹോവ അരുളിച്ചെയ്യുന്നു: ‘ഞാൻ കരുണയോടെ ജെറുശലേമിലേക്കു മടങ്ങിവരും; അവിടെ എന്റെ ആലയം വീണ്ടും പണിയപ്പെടും. അളവുനൂൽ ജെറുശലേമിൽ വീഴും,’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

17 “വീണ്ടും വിളംബരംചെയ്യുക: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്റെ നഗരങ്ങൾ സമൃദ്ധിയാൽ നിറഞ്ഞുകവിയും; യഹോവ വീണ്ടും സീയോനെ ആശ്വസിപ്പിക്കുകയും ജെറുശലേമിനെ തെരഞ്ഞെടുക്കുകയും ചെയ്യും.’ ”

18 അപ്പോൾ ഞാൻ മുകളിലേക്കുനോക്കി, എന്റെമുമ്പിൽ നാലുകൊമ്പുകൾ! 19 എന്നോടു സംസാരിച്ച ദൂതനോട്, “ഇവ എന്താകുന്നു?” എന്നു ഞാൻ ചോദിച്ചു.

ദൂതൻ എന്നോടു പറഞ്ഞു: “യെഹൂദ്യയെയും ഇസ്രായേലിനെയും ജെറുശലേമിനെയും ചിതറിച്ചുകളഞ്ഞ കൊമ്പുകൾ ഇവതന്നെ.”

20 പിന്നീട് യഹോവ എനിക്കു നാലു കൊല്ലന്മാരെ കാണിച്ചുതന്നു. 21 ഞാൻ ചോദിച്ചു: “ഇവർ എന്തുചെയ്യാൻ പോകുന്നു?”

അവിടന്ന് ഉത്തരം പറഞ്ഞു: “ആരും തല ഉയർത്താതെ യെഹൂദയെ ചിതറിച്ചുകളഞ്ഞ കൊമ്പുകൾ ഇവയാണ്; എന്നാൽ ഈ കൊല്ലന്മാർ യെഹൂദാദേശത്തിനുനേരേ തങ്ങളുടെ കൊമ്പുകൾ ഉയർത്തി ജനത്തെ ചിതറിച്ചുകളഞ്ഞവരായ ഈ രാജ്യങ്ങളെ പേടിപ്പിച്ച് അവരെ തകർത്തുകളയാൻ വന്നിരിക്കുന്നു” എന്നു പറഞ്ഞു.