പൗലോസ് ഇത്ര തീക്ഷ്ണതയോടെ പ്രസംഗിക്കുന്നത് എന്തുകൊണ്ട്
വരാനിരിക്കുന്ന ന്യായവിധിയുടെ ഭീകരത അറിഞ്ഞിരുന്നതിനാൽ, സുവിശേഷം പ്രസംഗിക്കുന്നതിലും ക്രിസ്ത്യാനികളാകാൻ ആളുകളെ പ്രേരിപ്പിക്കുന്നതിലും പൗലോസ് കൂടുതൽ തീക്ഷ്ണത കാണിച്ചു. ദൈവത്തിന് വ്യക്തമായി അറിയാവുന്ന ഒരുവനായി അദ്ദേഹം തന്റെ കടമ നിർവഹിക്കുന്നു; കൊരിന്ത്യരുടെ മനസ്സാക്ഷികൾക്കും താൻ അങ്ങനെതന്നെ അറിയപ്പെടുന്നുവെന്ന് അദ്ദേഹം പ്രത്യാശിച്ചു. തുടർന്ന്, വ്യാജോപദേഷ്ടാക്കളുടെ ആക്രമണങ്ങൾക്കെതിരെ അദ്ദേഹം സ്വയം പ്രതിരോധിക്കുന്നു; അതുവഴി താൻ വിശ്വാസത്തിലേക്കു നയിച്ചവർക്ക് ഒരു അപ്പൊസ്തലൻ എന്ന നിലയിൽ അദ്ദേഹത്തെക്കുറിച്ച് അഭിമാനിക്കാൻ കാരണങ്ങൾ ലഭിക്കും. സ്വന്തം ജീവൻ പണയപ്പെടുത്തി സുവിശേഷം പ്രസംഗിച്ചതിനാൽ ആ വിഭാഗക്കാർ തന്നെ ഭ്രാന്തനായി കരുതിയാലും, പീഡനം ഒഴിവാക്കാൻ സുബോധത്തോടെ പ്രവർത്തിച്ചാലും, അതെല്ലാം തന്റെ ശിഷ്യന്മാർക്കുവേണ്ടിയായിരുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു.
ക്രി.പി. 58
Biblica® Open Malayalam Contemporary Version™ (OMCV)
11 അതുനിമിത്തമാണ്, കർത്തൃസന്നിധിയിൽ ഞങ്ങൾക്കുള്ള ഗൗരവമേറിയ ഉത്തരവാദിത്വം മനസ്സിലാക്കിക്കൊണ്ട് മറ്റുള്ളവരെ പ്രബോധിപ്പിക്കാൻ ബദ്ധപ്പെടുന്നത്. ഞങ്ങളെ ദൈവം നന്നായി അറിയുന്നു. നിങ്ങളുടെ മനസ്സാക്ഷിക്കും അതു വ്യക്തമാണ് എന്നു ഞാൻ കരുതുന്നു. 12 ഞങ്ങൾ പിന്നെയും ആത്മപ്രശംസ ചെയ്യുകയല്ല, പിന്നെയോ ഞങ്ങളെപ്പറ്റി അഭിമാനിക്കാൻ നിങ്ങൾക്ക് അവസരം തരികയാണ്. അങ്ങനെ നിങ്ങൾ ഹൃദയം നോക്കിയിട്ടല്ല, മുഖം നോക്കിയിട്ട് പുകഴുന്നവരോട് ഉത്തരം പറയാൻ സാധിക്കും. 13 ഞങ്ങൾ “മനോവിഭ്രാന്തിയുള്ളവരെപ്പോലെ” കാണപ്പെടുന്നെങ്കിൽ അത് ദൈവഹിതം നിറവേറ്റുന്നതിലുള്ള ആവേശം നിമിത്തമാണ്. ഞങ്ങൾ സുബോധമുള്ളവരായിരിക്കുന്നത് നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ്. 14 ഞങ്ങളെ ഭരിക്കുന്നത് ക്രിസ്തുവിന്റെ സ്നേഹമാണ്. കാരണം, എല്ലാവർക്കുംവേണ്ടി ക്രിസ്തു മരിച്ചതുകൊണ്ട് ഇനി നമുക്ക് സ്വന്തമായി ഒരു ജീവിതമേയില്ല. 15 ജീവിക്കുന്നവർ ഇനിമേൽ തങ്ങൾക്കായിട്ടല്ല, മരിച്ച് പുനരുത്ഥാനംചെയ്ത ക്രിസ്തുവിനുവേണ്ടിയാണു ജീവിക്കേണ്ടത്. അതിനായി അവിടന്ന് എല്ലാവർക്കുംവേണ്ടി മരിച്ചു.
ദൈവവുമായി അനുരഞ്ജനപ്പെട്ട ഒരു പുതിയ സൃഷ്ടി
ക്രിസ്തു സകല മനുഷ്യർക്കുംവേണ്ടി മരിച്ചു എന്ന വസ്തുതയിൽനിന്ന്, ഇനി യെഹൂദനും യെഹൂദേതരനും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് പൗലോസ് വാദിക്കുന്നു; കാരണം, ക്രിസ്തുവിനെ ഇനി ജഡപ്രകാരം ഒരു യെഹൂദനായി കണക്കാക്കുന്നില്ല. വിശ്വാസത്താൽ ക്രിസ്തുവിനോടു ഐക്യപ്പെടുന്ന എല്ലാവരും പുതിയ സൃഷ്ടികളാകുന്നു; അവരുടെ പഴയ പാപകരമായ പ്രവൃത്തികൾ അവസാനിച്ചിരിക്കുന്നു. ഈ പുതിയ അവസ്ഥയുടെ നേട്ടങ്ങളും അനുഗ്രഹങ്ങളും ദൈവത്തിൽനിന്നുമാത്രം വരുന്നു. ക്രിസ്തുയേശുവിലൂടെ ലോകത്തെ തന്നോട് അനുരഞ്ജനപ്പെടുത്തിയതും അനുരഞ്ജനത്തിന്റെ സന്ദേശം അപ്പൊസ്തലന്മാരെ ഏൽപ്പിച്ചതും ദൈവമാണ്. മനുഷ്യവർഗത്തിനുവേണ്ടി പാപയാഗമാക്കപ്പെട്ട തന്റെ പുത്രന്റെ പ്രായശ്ചിത്തത്തിലൂടെ അവർക്കായി വിലകൊടുത്തു നേടിയ പാപമോചനം സ്വീകരിക്കാനും ദൈവത്തിന്റെ അടുക്കൽ വരാനും ക്രിസ്തുവിനുവേണ്ടി പൗലോസ് എല്ലാവരെയും പ്രബോധിപ്പിക്കുന്നു.
16 അതുകൊണ്ട്, ഇനിമുതൽ ഞങ്ങൾ ആരെയും മാനുഷികമാനദണ്ഡങ്ങളാൽ അളക്കുന്നില്ല. ഒരിക്കൽ ക്രിസ്തുവിനെയും വെറും മനുഷ്യനായി വീക്ഷിച്ചെങ്കിലും ഇനിമേൽ അങ്ങനെ ചെയ്യുന്നില്ല. 17 ഒരാൾ ക്രിസ്തുവിന്റെ വകയായാൽ അയാൾ പുതിയ സൃഷ്ടിയാണത്രേ. പഴയതു നീങ്ങിപ്പോയി, ഇതാ അത് പുതിയതായിരിക്കുന്നു. 18 ഇതിനൊക്കെയും ദൈവംതന്നെ കാരണഭൂതൻ. അവിടന്ന് ഞങ്ങളെ ക്രിസ്തു മുഖാന്തരം തന്നോട് അനുരഞ്ജിപ്പിച്ചു; അനുരഞ്ജനത്തിന്റെ ശുശ്രൂഷ ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്നു. 19 ദൈവം മനുഷ്യരുടെ പാപങ്ങളെ അവർക്കെതിരായി കണക്കാക്കിയില്ല എന്നുമാത്രമല്ല, ക്രിസ്തു മുഖാന്തരം ലോകത്തെ തന്നോടുതന്നെ അനുരഞ്ജിപ്പിച്ചിട്ട് ആ അനുരഞ്ജനസന്ദേശം ഞങ്ങളെ ഏൽപ്പിച്ചുമിരിക്കുന്നു. 20 അതുകൊണ്ട് ഞങ്ങൾ ക്രിസ്തുവിന്റെ സ്ഥാനപതികളായി, “ദൈവത്തോട് അനുരഞ്ജനപ്പെടുക” എന്നു ദൈവംതന്നെയാണ് ഞങ്ങളിലൂടെ ക്രിസ്തുവിനുവേണ്ടി നിങ്ങളോട് അപേക്ഷിക്കുന്നത്. 21 തന്നിൽക്കൂടി നാം ദൈവസന്നിധിയിൽ കുറ്റവിമുക്തരാകേണ്ടതിന്, പാപം അറിഞ്ഞിട്ടില്ലാത്ത ക്രിസ്തുവിനെ ദൈവം നമുക്കുവേണ്ടി പാപശുദ്ധീകരണയാഗമാക്കി.
വിശ്വസ്തനായ ശുശ്രൂഷകന്റെ ലക്ഷണങ്ങൾ
ക്രിസ്തുവിന്റെ സ്ഥാനപതിയായി പൗലോസ് കൊരിന്ത്യരോട് ദൈവകൃപ വ്യർഥമായി സ്വീകരിക്കാതെ, സുവിശേഷം ആവശ്യപ്പെടുന്നതെല്ലാം ചെയ്യണമെന്ന് അപേക്ഷിക്കുന്നു. സ്വന്തം കഷ്ടതകൾ വിവരിച്ചുകൊണ്ട്, സുവിശേഷത്തിന്റെ വിശ്വസ്തനായ ഒരു ശുശ്രൂഷകന്റെ ചിത്രം പൗലോസ് വരച്ചുകാട്ടുന്നു; അങ്ങനെ വ്യാജോപദേഷ്ടാവ് തന്നേക്കാൾ താഴ്ന്നവനാണെന്ന് തെളിയിക്കുന്നു.
1 നിങ്ങൾ പ്രാപിച്ച ദൈവകൃപ വ്യർഥമാക്കരുതെന്ന്, ദൈവത്തിന്റെ സഹപ്രവർത്തകരെന്ന നിലയിൽ ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നു.
2 “പ്രസാദകാലത്തു ഞാൻ നിന്റെ പ്രാർഥന കേട്ടു:
രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു,”
എന്ന് അവിടന്ന് അരുളിച്ചെയ്യുന്നല്ലോ. ഇപ്പോഴാണ് ദൈവത്തിന്റെ സുപ്രസാദകാലം, ഇന്നാണ് രക്ഷാദിവസം.
3 ഞങ്ങളുടെ ശുശ്രൂഷയ്ക്ക് അപവാദം വരാതിരിക്കേണ്ടതിന് ഞങ്ങൾ ആരുടെയും പാതയിൽ തടസ്സം ഉണ്ടാക്കുന്നില്ല. 4 ഞങ്ങൾ ചെയ്യുന്ന സകലത്തിലൂടെയും ദൈവത്തിന്റെ യഥാർഥ ശുശ്രൂഷകരാണ് ഞങ്ങൾ എന്നു തെളിയിക്കുന്നു. കഷ്ടതകളും ഞെരുക്കങ്ങളും എല്ലാവിധത്തിലുമുള്ള വിപത്തുകളും ഞങ്ങൾ ക്ഷമയോടെ സഹിച്ചു, 5 ഞങ്ങൾ അടിയേറ്റു; കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടു; ക്രുദ്ധജനത്തിന്റെ ലഹളയെ അഭിമുഖീകരിച്ചു; അധ്വാനത്താൽ പരിക്ഷീണിതരായി; ഉറക്കമില്ലാതെ രാത്രികൾ ചെലവഴിച്ചു; പട്ടിണിയിലായി. 6 പരിശുദ്ധാത്മാവിന്റെ സഹായത്താൽ ആത്മാർഥസ്നേഹത്തിലൂടെയും ഞങ്ങളുടെ നിർമല ജീവിതത്തിലൂടെയും വിവേകത്തോടെയുള്ള പെരുമാറ്റത്തിലൂടെയും ക്ഷമാശീലത്തിലൂടെയും ദയയിലൂടെയും ഞങ്ങൾ ആരാണെന്നു തെളിയിച്ചു. 7 സത്യസന്ധമായ സംഭാഷണത്തിലും ദൈവത്തിന്റെ ശക്തിയിലും നിലകൊണ്ട്, ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ വഹിച്ചുകൊണ്ട്, 8 ആദരവിലൂടെയും അനാദരവിലൂടെയും ദുഷ്കീർത്തിയിലൂടെയും സൽകീർത്തിയിലൂടെയും ഞങ്ങൾ കടന്നുപോകുന്നു; പരമാർഥികളെങ്കിലും വഞ്ചകരായും 9 പ്രസിദ്ധരെങ്കിലും അപ്രസിദ്ധരെപ്പോലെയും കരുതപ്പെടുന്നു. ഞങ്ങൾ മരിക്കുന്നെങ്കിലും ജീവിക്കുന്നു. അടികൊള്ളുന്നെങ്കിലും കൊല്ലപ്പെടുന്നില്ല. 10 ദുഃഖിതരെങ്കിലും എപ്പോഴും ആനന്ദിക്കുന്നു. ദരിദ്രരെങ്കിലും പലരെയും സമ്പന്നരാക്കുന്നു. ഒന്നുമില്ലാത്തവർ എങ്കിലും എല്ലാം ഉള്ളവർതന്നെ.
അവിശ്വാസികളുമായുള്ള ഉറ്റബന്ധങ്ങൾ പൗലോസ് വിലക്കുന്നു
കൊരിന്ത്യരോടുള്ള തന്റെ വലിയ സ്നേഹവും വാത്സല്യവും പൗലോസ് പ്രഖ്യാപിക്കുന്നു. അവരുടെ സ്നേഹക്കുറവിനെ അദ്ദേഹം ശാസിക്കുകയും, തന്റെ മക്കളെന്ന നിലയിൽ അവരുടെ ആത്മീയ പിതാവായ തനിക്കായി ഹൃദയങ്ങൾ വിശാലമായി തുറക്കാൻ അവരെ പ്രബോധിപ്പിക്കുകയും ചെയ്യുന്നു. അവിശ്വാസികളെ വിവാഹം കഴിക്കുന്നതും അവരുമായി സൗഹൃദത്തിലാകുന്നതും ഏതെങ്കിലും തരത്തിലുള്ള ഉറ്റ ഇടപാടുകളിൽ ഏർപ്പെടുന്നതും അദ്ദേഹം വിലക്കുന്നു. അത്തരം അശുദ്ധബന്ധങ്ങളിൽനിന്ന് വേർപെടുന്നവർക്കുള്ള ദൈവത്തിന്റെ വാഗ്ദാനമായിരിക്കണം പൂർണത ലക്ഷ്യമാക്കാനുള്ള അവരുടെ ഏറ്റവും ശക്തമായ പ്രചോദനം.
11 കൊരിന്ത്യരേ, ഞങ്ങൾ നിങ്ങളോടു തുറന്നു സംസാരിച്ചിരിക്കുന്നു. ഞങ്ങളുടെ ഹൃദയം വിശാലമാക്കിയിരിക്കുന്നു. 12 നിങ്ങളോടുള്ള സ്നേഹം ഞങ്ങൾ നൽകാതിരുന്നിട്ടില്ലെങ്കിലും, നിങ്ങളത് ഞങ്ങൾക്കു നൽകുന്നില്ല. 13 നിങ്ങൾ ഞങ്ങൾക്ക് മക്കളെപ്പോലെ ആണ്. അതുകൊണ്ട് നിങ്ങളും ഞങ്ങളെപ്പോലെതന്നെ ഹൃദയവിശാലത ഉള്ളവരായിരിക്കുന്നത് ന്യായമാണല്ലോ.
14 അവിശ്വാസികളുമായുള്ള പങ്കാളിത്തം ചേർച്ചയില്ലാത്തതാണ്, അത് അരുത്. നീതിക്കും ദുഷ്ടതയ്ക്കുംതമ്മിൽ എന്താണു യോജിപ്പ്? പ്രകാശത്തിനും ഇരുളിനുംതമ്മിൽ എന്തു കൂട്ടായ്മ? 15 ക്രിസ്തുവിനും ബെലിയാലിനുംതമ്മിൽ ഐക്യമോ? വിശ്വാസിക്ക് അവിശ്വാസിയുമായി പൊതുവായിട്ട് എന്താണുള്ളത്? 16 ദൈവത്തിന്റെ ആലയവും വിഗ്രഹങ്ങളുംതമ്മിൽ എന്തു ബന്ധം? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ:
“ഞാൻ അവരിൽ വസിക്കുകയും
അവരുടെ ഇടയിൽ നടക്കുകയും ചെയ്യും;
ഞാൻ അവരുടെ ദൈവവും
അവർ എന്റെ ജനവും ആയിരിക്കും”
എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നു. ആകയാൽ,
17 “അവരിൽനിന്ന് പുറത്തുവരികയും
വേർപിരിയുകയുംചെയ്യുക,
എന്നു കർത്താവ് അരുളിച്ചെയ്യുന്നു.
അശുദ്ധമായതൊന്നും സ്പർശിക്കരുത്;
എന്നാൽ ഞാൻ നിങ്ങളെ സ്വീകരിക്കും.”
18 “ഞാൻ നിങ്ങൾക്കു പിതാവും
നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും,
എന്നു സർവശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു.”
7:1 പ്രിയസ്നേഹിതരേ, ഈ വാഗ്ദാനങ്ങൾ നമുക്കു നൽകപ്പെട്ടിരിക്കുന്നതിനാൽ ശരീരത്തെയും ആത്മാവിനെയും മലിനമാക്കുന്ന എല്ലാറ്റിൽനിന്നും നമ്മെത്തന്നെ ശുദ്ധീകരിച്ചുകൊണ്ട് ദൈവഭക്തിയിലൂടെ വിശുദ്ധിയുടെ പരിപൂർണതയിലെത്തിച്ചേരാം.
തന്നെ അപ്പൊസ്തലനായി സ്വീകരിക്കാൻ പൗലോസ് അപേക്ഷിക്കുന്നു
തന്നെ ഒരു അപ്പൊസ്തലനായി അംഗീകരിക്കാൻ പൗലോസ് കൊരിന്ത്യരോട് അപേക്ഷിക്കുന്നു. അവരുടെ സ്നേഹത്തിന് തനിക്കുള്ള അവകാശങ്ങൾ എടുത്തുപറഞ്ഞുകൊണ്ട്, വ്യാജോപദേഷ്ടാവിന്റെ വിപരീതമായ പെരുമാറ്റത്തെ അദ്ദേഹം സൂചിപ്പിക്കുന്നു. അവരെ കുറ്റംവിധിക്കാനല്ല, അവരോടുള്ള അതിയായ സ്നേഹംകൊണ്ടാണ് താൻ ഇതു പറയുന്നതെന്ന് അദ്ദേഹം അവർക്ക് ഉറപ്പുനൽകുന്നു. അവരുടെ നല്ല മനോഭാവത്തിലും അനുസരണത്തിലും അദ്ദേഹം സന്തോഷിക്കുന്നു.
2 നിങ്ങളുടെ ഹൃദയങ്ങളിൽ ഞങ്ങൾക്ക് ഇടം നൽകുക. ഞങ്ങൾ ആരോടും അന്യായം പ്രവർത്തിച്ചിട്ടില്ല. ആരെയും വഴിതെറ്റിച്ചിട്ടില്ല, ആരെയും ചൂഷണം ചെയ്തിട്ടുമില്ല. 3 നിങ്ങളെ കുറ്റം വിധിക്കാനല്ല ഞാൻ ഇതു പറയുന്നത്. ഞങ്ങൾ നിങ്ങളോടൊപ്പം ജീവിക്കാനും മരിക്കാനും ഒരുക്കമാണ്; അത്രമാത്രം ഞങ്ങൾ നിങ്ങളെ സ്വന്തം ഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്നെന്നു ഞാൻ മുമ്പേ പറഞ്ഞിട്ടുണ്ടല്ലോ. 4 എനിക്കു നിങ്ങളിൽ പരിപൂർണവിശ്വാസമുണ്ട്. നിങ്ങളെ സംബന്ധിച്ച് ഞാൻ അത്യന്തം അഭിമാനിക്കുന്നു. ഞാൻ വളരെ പ്രോത്സാഹിതനായിരിക്കുന്നു. ഞങ്ങളുടെ കഷ്ടതകളിലെല്ലാം നിങ്ങളെ ഓർക്കുമ്പോൾ എനിക്ക് അളവറ്റ ആനന്ദം ഉണ്ട്.
തീത്തോസ് കൊണ്ടുവരുന്ന വാർത്തയിൽ പൗലോസിന്റെ സന്തോഷം
തന്റെ സ്നേഹത്തിന്റെ തെളിവായി, വ്യാജോപദേഷ്ടാവ് കൊരിന്ത്യരെ വഴിതെറ്റിച്ചിരിക്കുമോ എന്ന ഭയത്താൽ അവരെക്കുറിച്ച് തനിക്കുണ്ടായ ഉത്കണ്ഠ പൗലോസ് അവരോടു പറയുന്നു. അവരുടെ വിധേയത്വത്തിന്റെയും സ്നേഹത്തിന്റെയും വാർത്തയുമായി തീത്തോസ് എത്തിയപ്പോൾ തനിക്കുണ്ടായ സന്തോഷത്തെക്കുറിച്ചും അദ്ദേഹം പറയുന്നു. തന്റെ ആദ്യ ലേഖനത്തെക്കുറിച്ച് അവരോടു സംസാരിക്കുകയും, അടുത്ത ബന്ധുവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടവനെ സഭയിൽനിന്നു പുറത്താക്കാൻ താൻ ആജ്ഞാപിച്ചത് അവരോടുള്ള തന്റെ വലിയ കരുതൽ കാണിക്കാനായിരുന്നുവെന്ന് ഉറപ്പുനൽകുകയും ചെയ്യുന്നു. അവരുടെ അനുസരണത്തെയും തീക്ഷ്ണതയെയും മാനസാന്തരത്തെയും അദ്ദേഹം പ്രശംസിക്കുന്നു. അവരുടെ പെരുമാറ്റം തനിക്കു നൽകിയ ആശ്വാസത്തെക്കുറിച്ചും അവരുടെ ഐക്യവും അനുസരണവും കണ്ടപ്പോൾ തീത്തോസിനുണ്ടായ സന്തോഷത്തെക്കുറിച്ചും അദ്ദേഹം പറയുന്നു.
5 മക്കദോന്യയിൽ വന്നപ്പോൾ ഞങ്ങളുടെ ശരീരത്തിന് ഒരു സ്വസ്ഥതയും ഉണ്ടായിരുന്നില്ല; പുറമേ സംഘർഷവും ഉള്ളിൽ ഭയവും വരുംവിധം എല്ലാത്തരത്തിലും പീഡനമാണുണ്ടായത്. 6 എങ്കിലും എളിയവരെ ആശ്വസിപ്പിക്കുന്ന ദൈവം, തീത്തോസിന്റെ വരവിനാൽ ഞങ്ങളെ ആശ്വസിപ്പിച്ചു. 7 അയാളുടെ വരവുമാത്രമല്ല, നിങ്ങൾ അയാൾക്കു നൽകിയ ആശ്വാസവും ഞങ്ങളുടെ ആശ്വാസത്തിനു കാരണമായിത്തീർന്നു. എന്നെ കാണാനുള്ള നിങ്ങളുടെ അഭിവാഞ്ഛയും തീവ്രദുഃഖവും എന്നെക്കുറിച്ചുള്ള അതീവതാത്പര്യവും അയാൾ ഞങ്ങളെ അറിയിച്ചു. അങ്ങനെ എന്റെ ആനന്ദം അധികം വർധിച്ചു.
8 എന്റെ ലേഖനത്താൽ ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചു; അതിൽ എനിക്കു ഖേദം തൊന്നിയിരുന്നെങ്കിലും ഇപ്പോൾ ഞാൻ അതെക്കുറിച്ച് ഖേദിക്കുന്നില്ല. ആ ലേഖനം നിങ്ങളെ അൽപ്പസമയത്തേക്കു മുറിപ്പെടുത്തി എന്നു ഞാൻ മനസ്സിലാക്കുന്നു. 9 എന്നാൽ, ഇപ്പോൾ ഞാൻ ആനന്ദിക്കുന്നു; നിങ്ങൾ ദുഃഖിച്ചതിലല്ല, ആ ദുഃഖം നിങ്ങളെ മാനസാന്തരത്തിലേക്കു നയിച്ചു എന്നതിലാണ് എന്റെ ആനന്ദം. ദൈവഹിതപ്രകാരം നിങ്ങൾ അനുതപിച്ചതിനാൽ ഞങ്ങൾമൂലം നിങ്ങൾക്ക് ഒരു നഷ്ടവും ഉണ്ടായില്ല. 10 ദൈവഹിതപ്രകാരമുള്ള അനുതാപം രക്ഷയിലേക്കു നയിക്കുന്ന മാനസാന്തരം ഉണ്ടാക്കുന്നു; അതിനെപ്പറ്റി ഖേദിക്കേണ്ടിവരുന്നില്ല. എന്നാൽ, ലൗകികമായ അനുതാപം മരണത്തിലേക്കു നയിക്കുന്നതാണ്. 11 ദൈവികമായ ഈ ദുഃഖം നിങ്ങളിൽ ഉത്സാഹം, നിരപരാധിത്വം തെളിയിക്കാനുള്ള ശുഷ്കാന്തി, ധാർമികരോഷം, ഭയം, അഭിവാഞ്ഛ, തീക്ഷ്ണത, നീതിബോധം തുടങ്ങിയവയെല്ലാം എത്രയധികം ഉളവാക്കി എന്നറിയുക. ഇവയാൽ നിങ്ങൾ നിഷ്കളങ്കരെന്നു സ്വയം തെളിയിച്ചിരിക്കുന്നു. 12 ഞാൻ ആ കത്ത് നിങ്ങൾക്ക് എഴുതിയത് ആ ദ്രോഹം പ്രവർത്തിച്ച വ്യക്തിയെയോ ദ്രോഹം സഹിച്ച വ്യക്തിയെയോ ഉദ്ദേശിച്ച് ആയിരുന്നില്ല; പിന്നെയോ, ഞങ്ങളോടു നിങ്ങൾക്കുള്ള സ്നേഹാദരങ്ങൾ എത്രയെന്നു ദൈവസന്നിധിയിൽ, നിങ്ങൾക്കുതന്നെ കണ്ടു മനസ്സിലാക്കാൻവേണ്ടി ആയിരുന്നു. 13 ഇതെല്ലാം ഞങ്ങളെ ധൈര്യപ്പെടുത്തിയിരിക്കുന്നു.
ഞങ്ങൾക്കു ലഭിച്ച പ്രോത്സാഹനത്തിനു പുറമേ, നിങ്ങൾ തീത്തോസിന്റെ ഹൃദയത്തെ സമാശ്വസിപ്പിച്ചതിലൂടെ അവനുണ്ടായ ആനന്ദത്തിൽ ഞങ്ങളും അത്യന്തം ആനന്ദിച്ചു. 14 ഞാൻ നിങ്ങളെക്കുറിച്ചു പ്രശംസാപൂർവം അവനോടു സംസാരിച്ചിരുന്നു; നിങ്ങൾ എനിക്കു ലജ്ജിക്കാൻ ഇടവരുത്തിയില്ല. ഞങ്ങൾ നിങ്ങളോടു സംസാരിച്ചതെല്ലാം സത്യമായിരുന്നതുപോലെ, തീത്തോസിനോടു നിങ്ങളെപ്പറ്റി പ്രശംസിച്ചതും സത്യമെന്നു തെളിഞ്ഞിരിക്കുന്നു. 15 നിങ്ങൾ എത്ര അനുസരണയുള്ളവരായിരുന്നെന്നും എത്ര ഭയത്തോടും വിറയലോടും കൂടെയാണു നിങ്ങൾ അവനെ സ്വീകരിച്ചതെന്നും ഓർക്കുമ്പോൾ നിങ്ങളോടുള്ള അവന്റെ സ്നേഹം വളരെ വർധിക്കുന്നു. 16 അങ്ങനെ എനിക്ക് നിങ്ങളിൽ പരിപൂർണവിശ്വാസമർപ്പിക്കാൻ കഴിയുമെന്നതിൽ ഞാൻ ആനന്ദിക്കുന്നു.