കൊരിന്ത്യർ പൗലോസിന്റെ കത്താകുന്നു

വ്യാജോപദേഷ്ടാവിനെപ്പോലെ താനും ശുപാർശക്കത്തുകളുമായി അവരുടെ അടുക്കൽ വരേണ്ടതുണ്ടോ എന്ന് പൗലോസ് പരിഹാസത്തോടെ ചോദിക്കുന്നു. അവർതന്നെയാണ് തന്റെ ശുപാർശക്കത്തുകളെന്നും അവ എഴുതപ്പെട്ടത് മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാലാണെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു. അങ്ങനെ, പുതിയ ഉടമ്പടിയുടെ ശുശ്രൂഷയിൽ ദൈവം തന്നെ ഏൽപ്പിച്ച അധികാരത്തിന്റെ തെളിവായിരുന്നു അവർ.

ക്രി.പി. 58

Biblica® Open Malayalam Contemporary Version™ (OMCV)

2 കൊരിന്ത്യർ 3:1–6

1 ഞങ്ങൾ വീണ്ടും ഞങ്ങൾക്കായിത്തന്നെ ശുപാർശ ചെയ്യാൻ തുടങ്ങുകയാണോ? മറ്റുചിലർ ചെയ്യുന്നതുപോലെ നിങ്ങളിൽനിന്ന് ശുപാർശക്കത്തുകൾ വാങ്ങാനോ നിങ്ങൾക്കു ശുപാർശക്കത്തുകൾ നൽകാനോ ഞങ്ങൾക്ക് എന്താണാവശ്യം? 2 നിങ്ങൾതന്നെ ഞങ്ങളുടെ ശുപാർശക്കത്ത്; അത് ഞങ്ങളുടെ ഹൃദയത്തിൽ എഴുതിയിട്ടുള്ളതും സകലമനുഷ്യരും അറിയുകയും വായിക്കുകയും ചെയ്യുന്നതുമാണ്. 3 അങ്ങനെ ഞങ്ങളുടെ പ്രവർത്തനഫലമായി ഉണ്ടായ “ക്രിസ്തുവിന്റെ കത്ത്” നിങ്ങൾ ആകുന്നു എന്നു വ്യക്തമാണ്. അത് എഴുതിയിരിക്കുന്നതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാലാണ്; കൽപ്പലകകളിൽ അല്ല, മനുഷ്യഹൃദയങ്ങളെന്ന മാംസപ്പലകകളിന്മേലാണ്.

4 യേശുക്രിസ്തുവിലൂടെ ദൈവത്തിൽ ഞങ്ങൾക്ക് തികഞ്ഞ ധൈര്യമുള്ളതുകൊണ്ടാണ് ഇപ്രകാരം ഞങ്ങൾ പറയുന്നത്. 5 ഞങ്ങളുടെ സ്വന്തം എന്ന് അവകാശപ്പെടാൻ കഴിയുന്ന യാതൊരു സാമർഥ്യവും ഞങ്ങൾക്കില്ല; ഞങ്ങളുടെ സാമർഥ്യം ദൈവത്തിൽനിന്ന് വരുന്നു. 6 അവിടന്ന് ഞങ്ങളെ പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരായിരിക്കാൻ യോഗ്യരാക്കി. എഴുതപ്പെട്ട പ്രമാണങ്ങളുടെയല്ല മറിച്ച്, ആത്മാവിന്റെ പ്രമാണങ്ങളുടെതന്നെ ശുശ്രൂഷക്കാർ. കാരണം പ്രമാണം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു.

സുവിശേഷത്തിന്റെ അധികമായ മഹത്ത്വം

വ്യാജോപദേഷ്ടാവിനെതിരെ പൗലോസ് സുവിശേഷത്തിന്റെ മഹത്ത്വപൂർണമായ ശ്രേഷ്ഠത പ്രഖ്യാപിക്കുന്നു. മോശയുടെ മങ്ങിപ്പോകുന്ന ബാഹ്യമഹത്ത്വത്തെ മൂടിയ മൂടുപടം മരണത്തിന്റെ ഉടമ്പടിയുടെ അവ്യക്തതയുടെയും ആലങ്കാരിക സ്വഭാവത്തിന്റെയും പ്രതീകമായിരുന്നു. പരിശുദ്ധാത്മാവിന്റെ നിലനിൽക്കുന്ന ദാനങ്ങളിലും പ്രചോദനത്തിലുമുള്ള ശാശ്വതവും അധികവുമായ മഹത്ത്വത്താൽ, ആത്മാവിന്റെ ഉടമ്പടിയുടെ ശുശ്രൂഷകർക്ക് കൂടുതൽ മഹത്ത്വമുള്ള നീതിയുടെ ഉടമ്പടി അനാവരണം ചെയ്യാനും വിശദീകരിക്കാനും എല്ലായിടത്തും പ്രസംഗിക്കാനും കഴിവു ലഭിച്ചു.

2 കൊരിന്ത്യർ 3:7–18

7 കല്ലിൽ കൊത്തപ്പെട്ടതും മരണംമാത്രം കൊണ്ടുവന്നതുമായ ശുശ്രൂഷ വന്നുചേർന്നത് തേജസ്സോടുകൂടെ ആയിരുന്നു. തൽഫലമായി മോശയ്ക്കുണ്ടായ മുഖതേജസ്സ്, താൽക്കാലികമായിരുന്നിട്ടും, ഇസ്രായേല്യർക്ക് അദ്ദേഹത്തിന്റെ മുഖത്ത് സൂക്ഷിച്ചുനോക്കുക അസാധ്യമായിരുന്നു. 8 അങ്ങനെയെങ്കിൽ ആത്മാവിന്റെ ജീവൻ നൽകുന്ന ശുശ്രൂഷ എത്രയധികം തേജസ്സുള്ളതായിരിക്കും. 9 കുറ്റക്കാരനെന്നു വിധിക്കുന്ന പ്രമാണത്തിന്റെ ശുശ്രൂഷ തേജോമയമെങ്കിൽ കുറ്റവിമുക്തരാക്കുന്ന ശുശ്രൂഷ അതിലും എത്രയധികം ശോഭപരത്തുന്നതായിരിക്കും! 10 ഒരിക്കൽ തേജസ്സുണ്ടായിരുന്നത്, അതിമഹത്തായ ഇപ്പോഴത്തെ തേജസ്സുമൂലം തേജസ്സറ്റതായിത്തീർന്നിരിക്കുന്നു. 11 ഇങ്ങനെ പ്രസക്തി നഷ്ടമായിക്കൊണ്ടിരുന്ന ന്യായപ്രമാണം രംഗപ്രവേശം ചെയ്തത് അതിതേജസ്സോടെ ആയിരുന്നെങ്കിൽ, സുസ്ഥിരമായത് എത്രയധികം തേജസ്സുള്ളതായിരിക്കും!

12 ഇങ്ങനെയൊരു പ്രത്യാശയുള്ളതുകൊണ്ടു നാം വളരെ ധൈര്യശാലികളായിരിക്കുന്നു. 13 തന്റെ മുഖത്തെ തേജസ്സ് മാഞ്ഞുപൊയ്ക്കൊണ്ടിരുന്നതാണെങ്കിലും ഇസ്രായേല്യർ അതു കാണാതിരിക്കാനായി മോശ തന്റെ മുഖം ഒരു മൂടുപടം കൊണ്ടു മറച്ചു. നമ്മുടെ സ്ഥിതി അങ്ങനെയല്ല. 14 ഇങ്ങനെയായിട്ടും ഇസ്രായേൽജനതയുടെ ചിന്താഗതി കഠിനമായിപ്പോയിരുന്നു. പഴയ ഉടമ്പടി വായിക്കുമ്പോഴൊക്കെയും അതേ മൂടുപടം ഇന്നും അവശേഷിക്കുന്നു. അതിന് മാറ്റം വന്നിട്ടില്ല. കാരണം, ക്രിസ്തുവിലാണ് മൂടുപടത്തിന് നീക്കം വരുന്നത്. 15 ഇന്നുവരെയും മോശയുടെ പുസ്തകം വായിക്കുമ്പോൾ ഒരു മൂടുപടം ഇസ്രായേൽജനതയുടെ ഹൃദയങ്ങളിൽ ശേഷിക്കുന്നു. 16 എന്നാൽ, ഒരു വ്യക്തി കർത്താവായ ക്രിസ്തുവിലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകുന്നു. 17 കർത്താവ് ആത്മാവാകുന്നു, കർത്താവിന്റെ ആത്മാവുള്ളേടത്ത് സ്വാതന്ത്ര്യം ഉണ്ട്. 18 അങ്ങനെ നാം എല്ലാവരും മൂടുപടം നീക്കപ്പെട്ട നമ്മുടെ മുഖങ്ങളിൽ കർത്താവിന്റെ തേജസ്സ് കണ്ണാടിയിലെന്നപോലെ പ്രതിബിംബിക്കുന്നവരായി, കർത്താവിന്റെ ആത്മാവിൽനിന്ന് വർധമാനമായ തേജസ്സു പ്രാപിച്ചുകൊണ്ട്, അവിടത്തെ സാദൃശ്യത്തിലേക്കു രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു.

പൗലോസ് തന്നെയല്ല, ക്രിസ്തുവിനെ പ്രസംഗിക്കുന്നു

തന്നെ ഏൽപ്പിച്ച മഹത്ത്വപൂർണമായ ശുശ്രൂഷ തന്നെ പ്രത്യാശകൊണ്ട് നിറയ്ക്കുകയും അർപ്പണബോധത്തോടെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് പൗലോസ് വ്യക്തമാക്കുന്നു. സുവിശേഷസത്യങ്ങൾ പൂർണമായി അവതരിപ്പിച്ചുകൊണ്ട് തന്റെ യോഗ്യത തെളിയിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. സ്വന്തം ദുർമോഹങ്ങളാലും വികാരങ്ങളാലും അന്ധരായ ലൗകികചിന്താഗതിക്കാർക്കു മാത്രമേ ആ സത്യങ്ങൾ മറഞ്ഞിരിക്കുകയുള്ളൂ. താൻ സ്വന്തം മഹത്ത്വം അന്വേഷിക്കുന്നില്ലെന്ന് പൗലോസ് പ്രഖ്യാപിക്കുന്നു; കാരണം, ദൈവത്തെക്കുറിച്ചുള്ള അറിവും ദൈവമഹത്ത്വവും മറ്റുള്ളവർക്കു പകർന്നുനൽകാൻ ദൈവം തന്റെ ഹൃദയത്തെ പ്രകാശിപ്പിച്ചിരിക്കുന്നു. ഈ അറിവും മഹത്ത്വവും യേശുക്രിസ്തുവിൽ വെളിപ്പെട്ടിരിക്കുന്നു.

2 കൊരിന്ത്യർ 4:1–6

1 ഞങ്ങൾക്ക് ഈ ആത്മികശുശ്രൂഷ ലഭിച്ചിരിക്കുന്നത് ദൈവത്തിന്റെ കരുണയാൽ ആയതുകൊണ്ട് ഞങ്ങൾ അധൈര്യപ്പെടുന്നതേയില്ല. 2 ഞങ്ങൾ ലജ്ജാകരമായ രഹസ്യപ്രവൃത്തികളും വഞ്ചനയും പ്രയോഗിക്കുന്നില്ല. ദൈവവചനം വികലമായി വ്യാഖ്യാനിക്കുന്നതുമില്ല. മറിച്ച്, അതിലെ സത്യം വ്യക്തമാക്കിക്കൊണ്ട് എല്ലാ മനുഷ്യരുടെയും മനസ്സാക്ഷിക്കുമുമ്പാകെ സ്വീകാര്യമാകേണ്ടതിന് ഞങ്ങൾ ഞങ്ങളെത്തന്നെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നു. 3 ഞങ്ങൾ പ്രസംഗിക്കുന്ന സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കിൽ അത് നശിച്ചുകൊണ്ടിരിക്കുന്നവർക്കു മാത്രമാണ്. 4 അവിശ്വാസികളായ അവരുടെ മനസ്സ് ഈ ലോകത്തിന്റെ ദൈവമായ പിശാച് അന്ധമാക്കിയിരിക്കുന്നു; അത് ദൈവപ്രതിരൂപമായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശം അവരുടെമേൽ പ്രകാശിക്കാതിരിക്കേണ്ടതിനാണ്. 5 ഞങ്ങളുടെ പ്രസംഗം ഞങ്ങളെക്കുറിച്ചല്ല; പിന്നെയോ, കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചാണ്. ഞങ്ങൾ യേശുവിനുവേണ്ടി നിങ്ങളുടെ ദാസന്മാർമാത്രമാണ്. 6 “ഇരുളിൽനിന്ന് പ്രകാശം ഉദിക്കട്ടെ” എന്നു കൽപ്പിച്ച ദൈവംതന്നെയാണ് യേശുക്രിസ്തുവിന്റെ മുഖത്ത് തിളങ്ങിയ ദൈവതേജസ്സ് ഗ്രഹിക്കാനുള്ള പ്രകാശം ഞങ്ങളുടെ ഹൃദയങ്ങളിൽ തന്നിരിക്കുന്നത്.

മൺപാത്രങ്ങളായ അപ്പൊസ്തലന്മാർ

സുവിശേഷശുശ്രൂഷകരെ മൺപാത്രങ്ങളോടു താരതമ്യം ചെയ്തുകൊണ്ട് പൗലോസ്, തന്റെ മതം വ്യാപിക്കാൻ കാരണമായ അത്യുന്നതശക്തി മനുഷ്യരിൽനിന്നല്ല ദൈവത്തിൽനിന്നാണെന്നു കാണിക്കാനാണ് ദൈവം വിദ്യാഭ്യാസമില്ലാത്തവരും നിസ്സാരരുമായ മനുഷ്യരെ തന്റെ അപ്പൊസ്തലന്മാരായി തിരഞ്ഞെടുത്തതെന്ന് പ്രഖ്യാപിക്കുന്നു. അവർ നേരിട്ട കഷ്ടതകളിൽനിന്നുള്ള വിടുതൽ അവരിൽനിന്നല്ല ദൈവത്തിൽനിന്നാണ് വന്നതെന്നതിനു തെളിവായി അദ്ദേഹം ആ കഷ്ടതകൾ വിവരിക്കുന്നു.

2 കൊരിന്ത്യർ 4:7–12

7 എന്നാൽ, സർവോന്നതമായ ഈ ശക്തി ഞങ്ങളുടേതല്ല, ദൈവത്തിന്റേതുതന്നെ എന്നുവരേണ്ടതിന് മൺപാത്രങ്ങളായിരിക്കുന്ന ഞങ്ങളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. 8 ഞങ്ങൾ സകലവിധത്തിലും കഷ്ടത അനുഭവിക്കുന്നുണ്ടെങ്കിലും പാടേ തകർന്നുപോകുന്നില്ല. ആകാംക്ഷാഭരിതരെങ്കിലും നിരാശപ്പെടുന്നില്ല. 9 പീഡിതരെങ്കിലും പരിത്യക്തരല്ല; അടിയേറ്റുവീഴുന്നവരെങ്കിലും നശിച്ചുപോകുന്നില്ല. 10 യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരങ്ങളിൽ പ്രകടമാകാൻ ഞങ്ങൾ എപ്പോഴും യേശുവിന്റെ മരണം ഞങ്ങളുടെ ശരീരങ്ങളിൽ വഹിക്കുന്നു. 11 അതായത്, ഞങ്ങൾ ജീവനോടിരിക്കുമ്പോൾത്തന്നെ യേശുവിന്റെ ജീവൻ ഞങ്ങളുടെ മർത്യശരീരങ്ങളിൽ പ്രകടമാകേണ്ടതിന്, ഞങ്ങൾ യേശുനിമിത്തം ദാസന്മാർ എന്നതിനാൽ മരണത്തിന് എപ്പോഴും ഏൽപ്പിക്കപ്പെടുന്നു. 12 അങ്ങനെ ഞങ്ങൾ നിരന്തരം അഭിമുഖീകരിക്കുന്നത് മരണം; എന്നാൽ അതുമൂലം നിങ്ങൾ നേടുന്നത് നിത്യജീവൻ.

വിശ്വാസവും പ്രത്യാശയും പൗലോസിനെ അതിജീവിക്കാൻ സഹായിക്കുന്നു

ക്രിസ്തുവിലുള്ള വിശ്വാസത്താലും മഹത്ത്വപൂർണമായ അമർത്യതയുടെ പ്രത്യാശയാലും തന്റെ ക്രൈസ്തവശുശ്രൂഷയിലെ എല്ലാ കഷ്ടതകളെയും അപകടങ്ങളെയും അതിജീവിക്കാൻ തനിക്കു കഴിയുന്നുവെന്ന് പൗലോസ് കാണിക്കുന്നു. തന്റെ ആത്മാർഥതയെക്കുറിച്ചു ബോധ്യംവന്ന് അവർ ദൈവത്തിനു സ്തോത്രം ചെയ്യേണ്ടതിന്, അവർക്കുവേണ്ടിയാണ് താൻ ഈ കഷ്ടങ്ങൾ സഹിച്ചതെന്ന് അദ്ദേഹം അവരോടു പറയുന്നു. സുവിശേഷത്തിനുവേണ്ടിയുള്ള തന്റെ കഷ്ടങ്ങൾ സ്വർഗത്തിൽ തനിക്കു തത്തുല്യമായ പ്രതിഫലം നേടിത്തരുമെന്ന ബോധ്യം അദ്ദേഹം പ്രഖ്യാപിക്കുന്നു. ഇക്കാരണത്താൽ അദ്ദേഹം ഈ ലോകത്തിന്റെ ക്ഷണികമായ നേട്ടങ്ങളല്ല, അദൃശ്യലോകത്തിന്റെ നിത്യമഹത്ത്വങ്ങളാണ് നോക്കുന്നത്.

2 കൊരിന്ത്യർ 4:13–18

13 “ഞാൻ വിശ്വസിച്ചു; അതുകൊണ്ട് ഞാൻ സംസാരിച്ചു” എന്ന് എഴുതിയിരിക്കുന്നു: വിശ്വാസത്തിന്റെ അതേ ആത്മാവിനാൽ ഞങ്ങളും വിശ്വസിക്കുകയും സംസാരിക്കുകയുംചെയ്യുന്നു. 14 കാരണം, കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ജീവിപ്പിച്ചവൻ ഞങ്ങളെയും യേശുവിനോടുകൂടെ ജീവിപ്പിച്ച് നിങ്ങളോടൊപ്പം തന്റെ സന്നിധിയിൽ നിർത്തുമെന്നു ഞങ്ങൾ അറിയുന്നു. 15 ഇതെല്ലാം നിങ്ങളുടെ പ്രയോജനത്തിനായിത്തന്നെയാണല്ലോ; ഇതിനാൽ അധികമധികം ആളുകൾക്കു കൃപ ലഭിക്കാനും അതുനിമിത്തം ദൈവമഹത്ത്വത്തിനായി അവരിൽനിന്ന് സ്തുതിസ്തോത്രങ്ങൾ നിറഞ്ഞുകവിയാനും ഇടയാകുമല്ലോ.

16 അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടുന്നില്ല. ഞങ്ങളുടെ ബാഹ്യമനുഷ്യൻ (ശരീരം) ക്ഷയിച്ചുകൊണ്ടിരിക്കുന്നെങ്കിലും ആന്തരികമനുഷ്യൻ (ആത്മാവ്) അനുദിനം നവീകരിക്കപ്പെടുന്നു. 17 ലഘുവും ക്ഷണികവുമായ ഞങ്ങളുടെ കഷ്ടതകൾ, അത്യന്തം ഘനമേറിയ നിത്യതേജസ്സ് ഞങ്ങൾക്കു നേടിത്തരുന്നു. 18 അതുകൊണ്ട്, ദൃശ്യമായതിനെ അല്ല, അദൃശ്യമായതിനെ ഞങ്ങൾ കാത്തുകൊണ്ടിരിക്കുന്നു. ദൃശ്യമായത് താൽക്കാലികം, അദൃശ്യമായതോ നിത്യം.

വരാനിരിക്കുന്ന സ്വർഗീയ വാസസ്ഥലം

നമ്മുടെ സ്വർഗീയ വാസസ്ഥലം നാം ഇപ്പോൾ വസിക്കുന്നതിനെക്കാൾ എത്രയോ ശ്രേഷ്ഠമായിരിക്കുമെന്ന് കാണിച്ചുകൊണ്ട് പൗലോസ് തന്റെ വാദം തുടരുന്നു. ഈ അമർത്യാവസ്ഥയ്ക്കായി ദൈവം നമ്മെ ഒരുക്കുകയും അതിന്റെ ഉറപ്പായി തന്റെ ആത്മാവിനെ നമുക്കു നൽകുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ഉറപ്പിച്ചുപറയുന്നു. ഇത് അദ്ദേഹത്തിന് പ്രസംഗത്തിൽ ധൈര്യം നൽകുകയും ഈ ശരീരം വിട്ട് കർത്താവിനോടുകൂടെ ആയിരിക്കാൻ സന്നദ്ധനാക്കുകയും ചെയ്യുന്നു. എന്നാൽ ജീവിച്ചിരുന്നാലും മരിച്ചാലും, എല്ലാവരും കണക്കു ബോധിപ്പിക്കേണ്ട ദൈവത്തിന് സ്വീകാര്യനാകുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

2 കൊരിന്ത്യർ 5:1–10

1 നാം ജീവിക്കുന്ന ഈ മൺകൂടാരം നശിച്ചുപോകുന്നു. അപ്പോൾ മാനുഷികകരങ്ങളാൽ നിർമിതമല്ലാത്ത ദൈവികദാനമായ നിത്യവാസസ്ഥലം സ്വർഗത്തിലുണ്ടെന്നു ഞങ്ങൾ അറിയുന്നു. 2 ഈ സ്വർഗീയവാസസ്ഥലം ലഭിക്കുമെന്ന അതിവാഞ്ഛയോടെ, വാസ്തവത്തിൽ ഈ ജീവിതം ഞങ്ങൾ ഞരങ്ങിക്കൊണ്ടു കഴിക്കുന്നു. 3 ഈ വാസസ്ഥാനം ലഭിക്കുന്നതിനാൽ തീർച്ചയായും ഞങ്ങൾ നഗ്നരായി കാണപ്പെടുകയില്ല. 4 അതുകൊണ്ട് ഞങ്ങൾ ഈ താൽക്കാലിക ശരീരത്തിലിരിക്കുന്നിടത്തോളം ഉത്കണ്ഠയോടെ നെടുവീർപ്പിടുന്നു. പുതിയ ശരീരം ലഭിക്കാൻവേണ്ടി പഴയത് ഉരിഞ്ഞുകളയാൻ ആഗ്രഹിക്കുന്നു എന്നല്ല; നശ്വരമായതിനുപകരം അനശ്വരമായതു ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ് ചെയ്യുന്നത്. 5 ഇതിനായി ഞങ്ങളെ ഒരുക്കി ആത്മാവെന്ന നിക്ഷേപം ആദ്യഗഡുവായി ഞങ്ങൾക്കു നൽകിയത് ദൈവമാണ്.

6 അതിനാൽ ഞങ്ങൾ എപ്പോഴും ധൈര്യപ്പെട്ടിരിക്കുന്നു; ഈ ശരീരത്തിൽ വസിക്കുന്ന കാലംവരെ ഞങ്ങൾ കർത്താവിൽനിന്ന് അകലെയായിരിക്കുന്നെന്ന് അറിയുന്നു. 7 ദൃശ്യമായതിൽ ആശ്രയിച്ചുകൊണ്ടല്ല, അദൃശ്യമായതിൽ വിശ്വാസമർപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്. 8 ഈ ഉറപ്പോടെ, ശരീരം വിട്ടകന്നു കർത്താവിനോടുകൂടെ വസിക്കാൻ ഞങ്ങൾ ഏറെ ഇഷ്ടപ്പെടുന്നു. 9 അതുകൊണ്ടു ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും കർത്താവിനെ പ്രസാദിപ്പിക്കുകയാണ് ഞങ്ങളുടെ ജീവിതലക്ഷ്യം. 10 കാരണം ഓരോ വ്യക്തിയും ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്ത നന്മയ്ക്കോ തിന്മയ്ക്കോ അനുസൃതമായി പ്രതിഫലം വാങ്ങാൻ നാമെല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനുമുമ്പിൽ വെളിപ്പെടേണ്ടതാകുന്നു.