പൗലോസ് ഗ്രീസിലേക്കു യാത്ര തുടരുന്നു
പൗലോസ് മക്കദോന്യയിൽനിന്ന് ഗ്രീസ് അഥവാ അഖായയിലേക്കു യാത്ര തുടരുകയും അവിടെ മൂന്നു മാസം താമസിക്കുകയും ചെയ്യുന്നു.
ക്രി.പി. 57
Biblica® Open Malayalam Contemporary Version™ (OMCV)
2 ദൈവജനത്തിനു പ്രോത്സാഹനം നൽകുന്ന വളരെ പ്രബോധനങ്ങൾ നൽകിക്കൊണ്ട് ആ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് അദ്ദേഹം ഒടുവിൽ ഗ്രീസിൽ എത്തിച്ചേർന്നു. 3 അവിടെ മൂന്നുമാസം താമസിച്ചു. അവിടെനിന്നു സിറിയയിലേക്കു കപ്പൽകയറാൻ തുടങ്ങുന്ന അവസരത്തിൽ യെഹൂദർ അദ്ദേഹത്തിനെതിരായി ഗൂഢാലോചന നടത്തിയതുകൊണ്ട് മക്കദോന്യയിലൂടെ തിരികെപ്പോകാൻ അദ്ദേഹം തീരുമാനിച്ചു.
പൗലോസ് കൊരിന്ത്യർക്ക് വീണ്ടും എഴുതുന്നു ക്രി.പി. 58
കൊരിന്ത്യർ തന്റെ ആദ്യലേഖനം എങ്ങനെ സ്വീകരിച്ചുവെന്നു കേട്ട പൗലോസ്, അപ്പൊസ്തലനെന്ന നിലയിലുള്ള തന്റെ പെരുമാറ്റം ന്യായീകരിക്കാനും തന്റെ അധികാരം സംരക്ഷിക്കാനുമായി ഫിലിപ്പിയയിൽനിന്ന് രണ്ടാമത്തെ ലേഖനം എഴുതുന്നു. ഇവ രണ്ടിനെയും ഒരു വ്യാജോപദേഷ്ടാവ് ചോദ്യം ചെയ്തിരുന്നു.
പൗലോസ് കൊരിന്ത്യരെ വീണ്ടും അഭിവാദനം ചെയ്യുന്നു
പൗലോസിന്റെ ആമുഖവും അനുഗ്രഹാശംസയും.
1 ദൈവഹിതപ്രകാരം ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലോസും നമ്മുടെ സഹോദരനായ തിമോത്തിയോസും,
കൊരിന്തിലുള്ള ദൈവസഭയ്ക്കും അഖായ സംസ്ഥാനത്തിൽ എല്ലായിടത്തുമുള്ള സകലവിശുദ്ധർക്കും, എഴുതുന്നത്:
2 നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
ദൈവം നൽകുന്ന ആശ്വാസത്തിനായി പൗലോസ് ദൈവത്തെ സ്തുതിക്കുന്നു
തന്റെ എല്ലാ കഷ്ടതകളിലും അപകടങ്ങളിലും തന്നെ താങ്ങുകയും വിടുവിക്കുകയും ചെയ്തതിനായി പൗലോസ് ദൈവത്തെ സ്തുതിക്കുന്നു. കാരണം, തന്റെ മാതൃകയിലൂടെ സമാനമായ കഷ്ടതകളിലുള്ള മറ്റുള്ളവർക്കും അതേ ആശ്വാസം ലഭിക്കാം.
3 കരുണാസമ്പന്നനായ പിതാവും സർവ ആശ്വാസങ്ങളുടെയും ദാതാവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവുമായ ദൈവം വാഴ്ത്തപ്പെട്ടവൻ! 4 ഞങ്ങൾക്കുണ്ടാകുന്ന സകലകഷ്ടതകളിലും അവിടന്നു ഞങ്ങളെ ആശ്വസിപ്പിക്കുന്നു. അതുകൊണ്ട് ഞങ്ങളും ഏതുതരം കഷ്ടതയിൽ ആയിരിക്കുന്നവരെയും ദൈവത്തിൽനിന്നു ലഭിച്ചിരിക്കുന്ന ആശ്വാസത്താൽ, ആശ്വസിപ്പിക്കാൻ പ്രാപ്തരായിരിക്കുന്നു. 5 അങ്ങനെ, ക്രിസ്തു നിമിത്തമുള്ള കഷ്ടതകൾ ഞങ്ങളിൽ വർധിച്ചുവരുന്നതുപോലെ ക്രിസ്തുവിൽനിന്നു ലഭിക്കുന്ന ആശ്വാസവും ഞങ്ങളിൽ വർധിച്ചുവരുന്നു. 6 ഞങ്ങൾ ഇപ്പോൾ കഷ്ടം സഹിക്കുന്നെങ്കിൽ അത് നിങ്ങൾക്ക് ആശ്വാസം ലഭിക്കേണ്ടതിനും നിങ്ങൾ രക്ഷപ്രാപിക്കേണ്ടതിനുംവേണ്ടിയാണ്. ഞങ്ങൾക്ക് ആശ്വാസം ലഭിക്കുന്നെങ്കിൽ അതുനിമിത്തം നിങ്ങൾക്കും ആശ്വാസം ലഭിക്കുകതന്നെ ചെയ്യും. അങ്ങനെ, ഞങ്ങൾ സഹിക്കുന്ന അതേ കഷ്ടതകൾ സഹിക്കാനുള്ള സഹനശക്തി നിങ്ങൾക്കും ഉണ്ടാകും. 7 ഞങ്ങൾ അനുഭവിച്ച കഷ്ടതകളിൽ നിങ്ങൾ പങ്കാളികളായതുപോലെ ഞങ്ങൾ അനുഭവിച്ച ആശ്വാസത്തിലും നിങ്ങൾ പങ്കാളികളാകും. ഈ അറിവ് നിങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രത്യാശ ഉറപ്പാക്കുന്നു.
ദൈവം എഫേസോസിൽ പൗലോസിനെ രക്ഷിക്കുന്നു
എഫേസോസിൽ താൻ നേരിട്ട ആസന്നമായ അപകടത്തിൽനിന്ന് ദൈവത്തിന്റെ ശക്തി തന്നെ എങ്ങനെ വിടുവിച്ചുവെന്ന് പൗലോസ് പറയുന്നു. തനിക്കുവേണ്ടിയുള്ള അവരുടെ പ്രാർഥനകളെ അദ്ദേഹം നന്ദിയോടെ അംഗീകരിക്കുന്നു.
8 സഹോദരങ്ങളേ, ഏഷ്യാപ്രവിശ്യയിൽ വെച്ച് ഞങ്ങൾക്കുണ്ടായ ഉപദ്രവത്തെക്കുറിച്ചു നിങ്ങൾ അറിയാതിരിക്കരുതെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ ജീവനോടിരിക്കുമോ എന്നുപോലും സംശയിക്കുംവിധം സഹനശക്തിക്ക് അപ്പുറമായ കഷ്ടതകൾ ഞങ്ങൾ നേരിട്ടു. 9 അങ്ങനെ ഞങ്ങൾ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെപ്പോലെ ആശയറ്റവരായിത്തീർന്നു. എന്നിട്ടും ഞങ്ങൾ സ്വയം രക്ഷപ്പെടാനുള്ള മാർഗം ഉപേക്ഷിച്ച്, മരിച്ചവരെ ജീവിപ്പിക്കാൻ ശക്തനായ ദൈവത്തിൽ പ്രതീക്ഷവെച്ചു. 10 ഇത്രവലിയ മരണഭയത്തിൽനിന്ന് ഞങ്ങളെ വിടുവിച്ച ദൈവം പിന്നെയും വിടുവിക്കും. ഞങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന ദൈവം ഇനിയും ഞങ്ങളെ രക്ഷിക്കും. 11 പ്രാർഥനയിലൂടെ നിങ്ങൾ ഞങ്ങൾക്കു സഹായികളായല്ലോ. ഇങ്ങനെ അനേകംപേരുടെ പ്രാർഥനയ്ക്ക് ഉത്തരമായി ദൈവം ഞങ്ങളെ കൃപയോടെ സഹായിച്ചിരിക്കുന്നു. അതുനിമിത്തം അവരെല്ലാം ഞങ്ങളെയോർത്ത് ദൈവത്തിന് സ്തോത്രംചെയ്യാൻ ഇടയാകും.
കൊരിന്ത്യരോടുള്ള പൗലോസിന്റെ ആത്മാർഥത
വ്യാജോപദേഷ്ടാവിന്റെ അപവാദങ്ങളെ പരോക്ഷമായി പരാമർശിച്ചുകൊണ്ട്, കൊരിന്ത്യരോടുള്ള തന്റെ പെരുമാറ്റത്തിലെ ആത്മാർഥതയിലും നിർമലതയിലും പൗലോസ് ആനന്ദിക്കുന്നു. തന്റെ പെരുമാറ്റം സ്വാർഥമോ സ്വന്തം നേട്ടം ലക്ഷ്യമാക്കിയുള്ളതോ ആയ എല്ലാ ഉദ്ദേശ്യങ്ങളിൽനിന്നും മുക്തമായിരുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു. ചിലർ ഇതിനകം ചെയ്തതുപോലെ എല്ലാവരും തന്നെ അംഗീകരിക്കുകയും തന്നിൽ അഭിമാനിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു; കാരണം, കർത്താവിന്റെ ദിവസത്തിൽ അവർ അദ്ദേഹത്തിന്റെ ആനന്ദമായിരിക്കും.
12 ഈ ലോകത്തിൽ ഞങ്ങളുടെ വ്യവഹാരം, വിശേഷിച്ച് നിങ്ങളോടുള്ളത്, ദൈവത്തിൽനിന്നുള്ള വിശുദ്ധിയോടും ആത്മാർഥതയോടുംകൂടെ ആയിരുന്നു എന്ന് ഞങ്ങളുടെ മനസ്സാക്ഷി നൽകുന്ന ഈ സാക്ഷ്യംതന്നെ ഞങ്ങളുടെ അഭിമാനം. ലൗകികജ്ഞാനത്താലല്ല, ദൈവത്തിൽനിന്നു ലഭിച്ച കൃപയാലാണ് ഞങ്ങൾക്ക് അത് സാധ്യമായിത്തീർന്നത്. 13 നിങ്ങൾക്ക് വായിക്കാനും മനസ്സിലാക്കാനും കഴിയാത്തതൊന്നുംതന്നെ ഞങ്ങൾ നിങ്ങൾക്കെഴുതിയിട്ടില്ല. 14 മുമ്പ് നിങ്ങൾ ഞങ്ങളെ ഒരല്പം മനസ്സിലാക്കി. അതുപോലെതന്നെ തുടർന്നും എന്നെ നിങ്ങൾക്ക് പൂർണമായി മനസ്സിലാക്കാൻ കഴിയും എന്നു ഞാൻ ആശിക്കുന്നു. അങ്ങനെ, കർത്താവായ യേശുവിന്റെ പുനരാഗമനത്തിൽ ഞങ്ങൾക്കു നിങ്ങളെക്കുറിച്ച് അഭിമാനിക്കാൻ സാധിക്കുന്നതുപോലെതന്നെ, നിങ്ങൾക്ക് ഞങ്ങളെക്കുറിച്ചും അഭിമാനിക്കാൻ സാധിക്കും.
പൗലോസ് തന്റെ സന്ദർശനം മാറ്റിവെച്ചത് എന്തുകൊണ്ട്
കൊരിന്ത്യർക്ക് വാഗ്ദാനം ചെയ്ത സന്ദർശനം നടത്താതിരുന്നതിനാൽ പൗലോസ് തീരുമാനസ്ഥിരതയില്ലാത്തവനും ലൗകികചിന്താഗതിക്കാരനുമാണെന്ന് വ്യാജോപദേഷ്ടാവ് കുറ്റപ്പെടുത്തിയിരുന്നു. താൻ പഠിപ്പിച്ച മാറ്റമില്ലാത്ത ഉപദേശത്തിലൂടെ പൗലോസ് തന്റെ സ്ഥിരത തെളിയിക്കുകയും പരിശുദ്ധാത്മാവിന്റെ അഭിഷേകത്തെ സാക്ഷ്യമായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ആ അഭിഷേകത്തിലൂടെ ദൈവം അവരുടെ ഇടയിൽ അദ്ദേഹത്തിന്റെ അധികാരം ഉറപ്പിച്ചിരുന്നു. അവരെ ശിക്ഷയിൽനിന്ന് ഒഴിവാക്കാനുള്ള ആഗ്രഹമായിരുന്നു സന്ദർശനം വൈകിപ്പിച്ചതിന്റെ യഥാർഥ കാരണമെന്ന് അദ്ദേഹം ഗൗരവപൂർവം പ്രഖ്യാപിക്കുന്നു. അവരെ ശിക്ഷിക്കാൻ വരുന്നതിനുപകരം അത്യന്തം മനോവേദനയോടെ താൻ എഴുതിയത്, അവരുടെ മാനസാന്തരത്തിൽ ആനന്ദിക്കാനും അവരോടുള്ള തന്റെ സ്നേഹം എത്ര വലുതാണെന്ന് അവരെ ബോധ്യപ്പെടുത്താനുമായിരുന്നുവെന്ന് അദ്ദേഹം അവർക്ക് ഉറപ്പുനൽകുന്നു.
15 ഈ ആത്മവിശ്വാസത്തോടെയാണ് ഞാൻ മുമ്പുതന്നെ നിങ്ങളെ സന്ദർശിക്കണമെന്നും അങ്ങനെ നിങ്ങൾക്കു രണ്ടാമതും പ്രയോജനം ഉണ്ടാകണമെന്നും ഉദ്ദേശിച്ചത്. 16 മക്കദോന്യയിലേക്കു പോകുമ്പോൾ നിങ്ങളെ സന്ദർശിക്കണമെന്നും അവിടെനിന്നുള്ള മടക്കയാത്രയിൽ വീണ്ടും നിങ്ങളുടെ അടുക്കൽ എത്തി, നിങ്ങളാൽ യെഹൂദ്യയിലേക്കു യാത്രയയയ്ക്കപ്പെടണമെന്നും ആയിരുന്നു എന്റെ ആഗ്രഹം. 17 ചഞ്ചലചിത്തത്തോടെയാണോ ഞാൻ ഈ തീരുമാനമെടുത്തത്? ഒരേ ശ്വാസത്തിൽ “ഉവ്വ്, ഉവ്വ്” എന്നും “ഇല്ല, ഇല്ല” എന്നും പറയാൻ ഇടനൽകുന്ന മാനുഷികരീതിയിലാണോ, ഞാൻ കാര്യങ്ങൾ ക്രമീകരിക്കുന്നത്?
18 നിങ്ങളോടുള്ള ഞങ്ങളുടെ വാക്ക് ഒരേസമയം “ഉവ്വ്” എന്നും “ഇല്ല” എന്നും ആയിരുന്നില്ല എന്നതിനു വാക്കുമാറാത്ത ദൈവം സാക്ഷിയാണ്. 19 ഞാനും സില്വാനൊസും തിമോത്തിയോസും നിങ്ങളുടെ ഇടയിൽ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ചിലസമയം “ഉവ്വ്” എന്നും മറ്റുചില സമയം “ഇല്ല” എന്നും മാറിക്കൊണ്ടിരിക്കുന്നവൻ ആയിരുന്നില്ല; അവിടത്തേക്ക് എപ്പോഴും “ഉവ്വ്” മാത്രമേ ഉണ്ടായിരുന്നിട്ടുള്ളൂ. 20 ദൈവം മനുഷ്യന് എത്രയെല്ലാം വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അവയെല്ലാം ക്രിസ്തുവിൽ പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, നാം ക്രിസ്തുവിലൂടെ അവയ്ക്ക് ദൈവമഹത്ത്വത്തിനായി “ആമേൻ” പറയും. 21 ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ഉറപ്പിച്ചുനിർത്തുന്നതും നമ്മെ ദൈവികശുശ്രൂഷയ്ക്കായി നിയോഗിച്ചിരിക്കുന്നതും ദൈവംതന്നെ. 22 അവിടന്ന് തന്റെ ഉടമസ്ഥതയുടെ മുദ്ര നമ്മുടെമേൽ പതിച്ച്, തന്റെ ആത്മാവിനെ ആദ്യഗഡുവായി നമ്മുടെ ഹൃദയങ്ങളിൽ പകരുകയുംചെയ്തിരിക്കുന്നു.
23 നിങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് കരുതിയാണു ഞാൻ കൊരിന്തിലേക്കു പിന്നെയും വരാതിരുന്നത്. അതിനു ദൈവം സാക്ഷി. 24 നിങ്ങളുടെ വിശ്വാസജീവിതത്തിന്മേൽ ആധിപത്യംനടത്തുന്നവരായിട്ടല്ല; മറിച്ച്, നിങ്ങളുടെ ആനന്ദം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സഹപ്രവർത്തകരെപ്പോലെയാണ് ഞങ്ങൾ. കാരണം, നിങ്ങൾ വിശ്വാസത്തിൽ സുസ്ഥിരരാണല്ലോ.
2:1 വേദനയുണ്ടാക്കുന്ന മറ്റൊരു സന്ദർശനത്തിനായി നിങ്ങളുടെ അടുക്കൽ വരരുതെന്നു ഞാൻ തീരുമാനിച്ചു. 2 ഞാൻ നിങ്ങളെ വേദനിപ്പിച്ചാൽ, ഞാൻ വേദനിപ്പിച്ച നിങ്ങൾതന്നെയല്ലാതെ എന്നെ ആശ്വസിപ്പിക്കാൻ മറ്റാരാണുള്ളത്? 3 എന്നെ ആനന്ദിപ്പിക്കേണ്ടവർനിമിത്തം ദുഃഖിതനായിത്തീരാതെ ഇരിക്കേണ്ടതിനാണ് ഞാൻ മുൻലേഖനത്തിൽ നിങ്ങൾക്ക് എഴുതിയത്. നിങ്ങൾ ആനന്ദിക്കുന്നത് കാണുന്നതിലാണ് ഞാൻ ആനന്ദിക്കുന്നതെന്ന് നിങ്ങൾക്കു വ്യക്തമായി അറിയാം എന്നെനിക്ക് ഉറപ്പുണ്ട്. 4 മഹാദുഃഖത്തോടും ഹൃദയനുറുക്കത്തോടും വളരെ കണ്ണുനീരോടുംകൂടെയാണു ഞാൻ നിങ്ങൾക്ക് അത് എഴുതിയത്. അതിന്റെ ഉദ്ദേശ്യമോ നിങ്ങളെ ദുഃഖിപ്പിക്കുക എന്നതല്ല മറിച്ച്, എനിക്കു നിങ്ങളോടുള്ള സ്നേഹം എത്ര ആഴമേറിയത് എന്നു നിങ്ങൾക്കു മനസ്സിലാക്കിത്തരിക എന്നതാണ്.
തെറ്റുചെയ്തവനോട് ക്ഷമിച്ച് അവനെ തിരികെ സ്വീകരിക്കുക
സഭയിൽനിന്ന് പുറത്താക്കപ്പെട്ടതിനെച്ചൊല്ലി അവർ ദുഃഖിച്ചിരുന്ന മനുഷ്യൻ ഇപ്പോൾ ആത്മാർഥമായി മാനസാന്തരപ്പെട്ടിരിക്കുന്നതിനാൽ അവനെ തിരികെ സ്വീകരിക്കാൻ പൗലോസ് അവരോട് കൽപ്പിക്കുന്നു. സാത്താൻ അവനെ നിരാശയിലേക്കു തള്ളിവിടാതിരിക്കാൻ ദയയും സൗഹൃദവും നിറഞ്ഞ പെരുമാറ്റത്തിലൂടെ അവനോടുള്ള സ്നേഹം പ്രകടിപ്പിക്കാനും അദ്ദേഹം കൽപ്പിക്കുന്നു. ശിക്ഷ വിധിക്കുന്നതിൽ തന്നെ അനുസരിച്ചതുപോലെ അത് നീക്കുന്നതിലും അവർ തന്നെ അനുസരിക്കുമെന്ന് പൗലോസ് പ്രതീക്ഷിക്കുന്നു. രണ്ടിലും താൻ പ്രവർത്തിച്ചത് ക്രിസ്തുവിന്റെ നാമത്തിലും അധികാരത്തിലുമാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു.
5 നിങ്ങളിലൊരുവൻ എനിക്കു സങ്കടമുണ്ടാക്കുന്നെങ്കിൽ അയാൾ എന്നെയല്ല, ഞാൻ കണക്കിലേറെ പറയരുതല്ലോ, ഒരളവുവരെ നിങ്ങൾക്ക് എല്ലാവർക്കുമാണ് സങ്കടം വരുത്തിയിരിക്കുന്നത്. 6 ഭൂരിപക്ഷംപേർ അവനു നൽകിക്കഴിഞ്ഞ ശിക്ഷ ധാരാളംമതി. 7 ഇനി, അയാൾ അസഹനീയമായ ദുഃഖത്തിൽ വീണുപോകാതിരിക്കേണ്ടതിനു നിങ്ങൾ അവനോടു ക്ഷമിക്കുകയും അവനെ ആശ്വസിപ്പിക്കുകയുമാണു വേണ്ടത്. 8 അങ്ങനെ, അവനോടുള്ള സ്നേഹം നിങ്ങൾ വീണ്ടും ഉറപ്പിച്ചുകൊടുക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു. 9 നിങ്ങൾ സകലത്തിലും അനുസരണം പാലിക്കുമോ എന്നു പരീക്ഷിച്ചറിയേണ്ടതിനാണ് ഞാൻ നിങ്ങൾക്ക് എഴുതിയത്. 10 നിങ്ങൾ ക്ഷമിക്കുന്നവനോടു ഞാനും ക്ഷമിക്കുന്നു—ക്ഷമിക്കപ്പെടാനായി എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ—നിങ്ങൾക്കുവേണ്ടി ക്രിസ്തുവിന്റെ സന്നിധിയിലാണ് ഞാൻ അത് ക്ഷമിച്ചിരിക്കുന്നത്. 11 സാത്താൻ നമ്മെ വഞ്ചിക്കാൻ അവസരം നൽകരുത്. നാം അവന്റെ കുതന്ത്രങ്ങൾ അറിയാത്തവർ അല്ലല്ലോ?
തീത്തോസിനെക്കുറിച്ചുള്ള പൗലോസിന്റെ ഉത്കണ്ഠ
നിശ്ചയിച്ച സമയത്ത് കൊരിന്തിൽ വരാതിരുന്നതിനുള്ള മറ്റൊരു കാരണമായി തീത്തോസിനെക്കുറിച്ചുള്ള തന്റെ ഉത്കണ്ഠ പൗലോസ് ചൂണ്ടിക്കാട്ടുന്നു. മക്കദോന്യയിലെ തന്റെ വിജയത്തെക്കുറിച്ച് അദ്ദേഹം പറയുകയും സുവിശേഷം സ്വീകരിക്കുന്നവർക്കും നിരസിക്കുന്നവർക്കും തന്റെ പ്രസംഗം ഉളവാക്കുന്ന വലിയ ഫലങ്ങൾ പ്രഖ്യാപിക്കുകയും ചെയ്യുന്നു. വ്യാജോപദേഷ്ടാവിനെക്കുറിച്ചുള്ള മൂർച്ചയേറിയ ഒരു പരാമർശത്തോടും സ്വന്തം ആത്മാർഥതയുടെയും നിസ്വാർഥതയുടെയും പ്രഖ്യാപനത്തോടുംകൂടി അദ്ദേഹം അവസാനിപ്പിക്കുന്നു.
12 ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കാൻ ഞാൻ ത്രോവാസിൽ എത്തിയപ്പോൾ കർത്താവുതന്നെ എനിക്ക് ഒരു വാതിൽ തുറന്നുതന്നു. 13 എങ്കിലും എന്റെ സഹോദരനായ തീത്തോസിനെ അവിടെ കാണാതിരുന്നതുകൊണ്ട് ഞാൻ അസ്വസ്ഥചിത്തനായിത്തീർന്നു. അതുകൊണ്ട് ഞാൻ ത്രോവാസിലുള്ളവരോടു യാത്രപറഞ്ഞ് മക്കദോന്യയിലേക്കു പോയി.
14 ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയഘോഷമായി നടത്തുകയും ഞങ്ങളിലൂടെ അവിടത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ പരിമളം എല്ലായിടത്തും പരത്തുകയുംചെയ്യുന്ന ദൈവത്തിനു സ്തോത്രം. 15 ദൈവസന്നിധിയിൽ യേശുക്രിസ്തു അർപ്പിക്കുന്ന സുഗന്ധധൂപംപോലെയാണ് രക്ഷിക്കപ്പെടുന്നവരുടെ മധ്യത്തിലും നശിച്ചുപോകുന്നവരുടെ മധ്യത്തിലും ഞങ്ങളുടെ ജീവിതങ്ങൾ. 16 നശിച്ചുപോകുന്നവർക്കു മരണത്തിൽനിന്ന് മരണത്തിലേക്കുള്ള ദുർഗന്ധവും രക്ഷിക്കപ്പെടുന്നവർക്ക് ജീവനിൽനിന്ന് നിത്യജീവനിലേക്കുള്ള സുഗന്ധവും. എന്നാൽ, ഈ ശുശ്രൂഷയ്ക്ക് ആരാണ് പ്രാപ്തൻ? 17 പലരും ചെയ്യുന്നതുപോലെ ഞങ്ങൾ ദൈവവചനത്തെ ഒരു വിൽപ്പനച്ചരക്കാക്കി മാറ്റുന്നില്ല; മറിച്ച് ദൈവത്താൽ അയയ്ക്കപ്പെട്ടവർ എന്ന ബോധ്യത്തോടെ ഞങ്ങൾ ദൈവസന്നിധിയിൽ ആത്മാർഥതയോടെ, ക്രിസ്തു തന്ന അധികാരത്തോടെ സംസാരിക്കുന്നു.