മുതിർന്നവരോടും വിധവകളോടുമുള്ള തിമോത്തിയോസിന്റെ പെരുമാറ്റം

തന്റെ ഉപദേശം കൂടുതൽ ഫലപ്രദമാകേണ്ടതിന് തിമോത്തിയോസിനു കൂടുതൽ നിർദേശങ്ങൾ നൽകപ്പെടുന്നു. മുതിർന്നവരോടും യുവാക്കളോടും യുവതികളോടും സഭയുടെ ധർമസഹായത്താൽ സംരക്ഷിക്കപ്പെടുന്ന വിധവമാരോടും എങ്ങനെ പെരുമാറണമെന്ന് അദ്ദേഹത്തിനു നിർദേശം ലഭിക്കുന്നു. പ്രായം കുറഞ്ഞ സ്ത്രീകളെ സ്വീകരിക്കുകയും വിവാഹം ചെയ്യുന്നതു വിലക്കുകയും ചെയ്താൽ അവർ ക്രിസ്തുമതം ഉപേക്ഷിക്കുകയോ ക്രിസ്ത്യാനി എന്ന നാമത്തിന് അപമാനം വരുത്തുകയോ ചെയ്തേക്കാം എന്നതിനാൽ, അറുപതു വയസ്സിൽ താഴെയുള്ള ആരെയും ചേർക്കരുതായിരുന്നു.

ക്രി.പി. 57

Biblica® Open Malayalam Contemporary Version™ (OMCV)

1 തിമോത്തിയോസ് 5:1–16

1 നിന്നെക്കാൾ പ്രായമുള്ള പുരുഷനെ ശകാരിക്കരുത്, പകരം അയാളോട്, പിതാവിനോട് എന്നപോലെ അഭ്യർഥിക്കുകയാണ് വേണ്ടത്. 2 പ്രായംകുറഞ്ഞവരെ സഹോദരന്മാരെപ്പോലെയും നിന്നെക്കാൾ പ്രായമുള്ള സ്ത്രീകളെ അമ്മമാരെപ്പോലെയും പ്രായം കുറഞ്ഞ സ്ത്രീകളെ പൂർണനിർമല മനോഭാവത്തോടെ സഹോദരിമാരെപ്പോലെയും കരുതുക.

3 അശരണരായ വിധവകളെ ബഹുമാനിക്കുക. 4 എന്നാൽ, ഒരു വിധവയ്ക്കു മക്കളോ കൊച്ചുമക്കളോ ഉണ്ടെങ്കിൽ അവർ ആദ്യം സ്വന്തം കുടുംബത്തിൽത്തന്നെ ദൈവഭക്തി പ്രായോഗികമാക്കി തങ്ങളുടെ മാതാപിതാക്കൾക്കു പ്രത്യുപകാരം ചെയ്യാൻ പഠിക്കട്ടെ. ഇത് ദൈവദൃഷ്ടിയിൽ സ്വീകാര്യമാണ്. 5 അശരണയും ഏകാകിനിയുമായ വിധവ ദൈവത്തിൽ പ്രത്യാശ അർപ്പിച്ചുകൊണ്ടു രാവും പകലും യാചനയിലും പ്രാർഥനയിലും വ്യാപൃതയാകട്ടെ. 6 എന്നാൽ, സുഖഭോഗങ്ങൾക്കായി ജീവിക്കുന്ന വിധവ ജീവിച്ചിരിക്കുമ്പോൾത്തന്നെ മരിച്ചവളാണ്. 7 ദൈവജനം അപവാദങ്ങൾക്ക് അതീതരായിരിക്കേണ്ടതിന് ഇത് അവരോട് ആജ്ഞാപിക്കുക. 8 ബന്ധുജനങ്ങളുടെയും, പ്രത്യേകിച്ച് കുടുംബാംഗങ്ങളുടെയും, ആവശ്യങ്ങൾക്കായി കരുതാത്തവർ വിശ്വാസത്യാഗികളും അവിശ്വാസിയെക്കാൾ അധമരുമാണ്.

9 അറുപതു വയസ്സിൽ കുറയാതെ പ്രായമുള്ളവളെയും ഏകഭർതൃവ്രതം അനുഷ്ഠിക്കുന്നവളെയുംമാത്രമേ വിധവകളുടെ പട്ടികയിൽ ഉൾപ്പെടുത്താവൂ. 10 ഇവർ കുഞ്ഞുങ്ങളെ വളർത്തുക, അതിഥികളെ സൽക്കരിക്കുക, കർത്തൃശുശ്രൂഷകരുടെ പാദങ്ങൾ കഴുകുക, പീഡിതരെ സഹായിക്കുക ഇത്യാദി സൽക്കർമങ്ങളാൽ കീർത്തി നേടിയവളും ആയിരിക്കണം.

11 പ്രായം കുറഞ്ഞ വിധവകളെ ഈ കൂട്ടത്തിൽ പരിഗണിക്കേണ്ടതില്ല. കാരണം ക്രിസ്തുവിനോടുള്ള വിധേയത്വത്തെ ജഡികാഭിലാഷങ്ങൾ കീഴ്പ്പെടുത്തിയാൽ അവർ വിവാഹിതരാകാൻ ആഗ്രഹിക്കും. 12 അങ്ങനെ അവർ ആദ്യം എടുത്ത തീരുമാനം ലംഘിച്ചതിനാൽ കുറ്റക്കാരായിത്തീരും. 13 തന്നെയുമല്ല, അവർ അലസരായി, വീടുവീടാന്തരം ചുറ്റിക്കറങ്ങി സമയം വൃഥാവിലാക്കുകയും അനുചിതമായി അസംബന്ധങ്ങൾ സംസാരിച്ച് പരകാര്യതൽപ്പരരായിത്തീരുകയും ചെയ്യുന്നു. 14 അതിനാൽ, പ്രായം കുറഞ്ഞ വിധവകൾ വിവാഹംകഴിച്ച് അമ്മമാരായി ഗൃഹഭരണം നടത്തി, ശത്രുവിന് യാതൊരു തരത്തിലുമുള്ള അപവാദങ്ങൾക്കും അവസരം കൊടുക്കാതിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. 15 ചിലർ, ഇപ്പോൾത്തന്നെ സാത്താന്റെ പിന്നാലെ പോയിക്കഴിഞ്ഞിരിക്കുന്നു.

16 ഒരു വിശ്വാസിനിക്ക് കുടുംബത്തിൽ വിധവകളുണ്ടെങ്കിൽ അവൾതന്നെ അവരെ സഹായിക്കണം. സഭയെ ഭാരപ്പെടുത്തരുത്. അങ്ങനെയെങ്കിൽ, അശരണരായ വിധവകളെ സഹായിക്കാൻ സഭയ്ക്കു സാധിക്കുമല്ലോ.

മൂപ്പന്മാർക്ക് ബഹുമാനം, അവരെ നിയമിക്കുന്നതിൽ ശ്രദ്ധ

സഭയിലെ മൂപ്പന്മാരോട്, അഥവാ ഇടയന്മാരോട്, എങ്ങനെ പെരുമാറണമെന്ന് തിമോത്തിയോസിന് നിർദേശം നൽകുന്നു. നല്ല ശുശ്രൂഷകർ ഇരട്ടി ബഹുമാനത്തിനും പ്രതിഫലത്തിനും യോഗ്യരാണ്; സഭ അവർക്ക് ഉചിതമായ കരുതൽ നൽകണം. പൂർണമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ മൂപ്പന്മാരെ ശാസിക്കാവൂ; അപ്പോൾ മറ്റുള്ളവർക്ക് മുന്നറിയിപ്പായി പരസ്യമായി ശാസിക്കണം. തന്റെ ഭരണനിർവഹണത്തിൽ കർശനമായി നിഷ്പക്ഷത പാലിക്കണമെന്നും, മൂപ്പന്മാരുടെ സ്വഭാവം വിശ്വസ്തതയോടെ പരിശോധിച്ചശേഷം അതീവ ശ്രദ്ധയോടും ജാഗ്രതയോടുംകൂടി അവരെ നിയമിക്കണമെന്നും തിമോത്തിയോസിനോട് ഗൗരവപൂർവം ആജ്ഞാപിക്കുന്നു. അങ്ങനെ പിന്നീടുണ്ടാകുന്ന ഏതെങ്കിലും കുറ്റത്തിലോ ദുഷ്പെരുമാറ്റത്തിലോ പങ്കാളിയാകാതെ അദ്ദേഹത്തിന് ഒഴിഞ്ഞുനിൽക്കാം. ഇടയ്ക്കൊരു അനുബന്ധ നിർദേശമായി, പൗലോസ് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ഉപദേശം നൽകുന്നു.

1 തിമോത്തിയോസ് 5:17–25

17 നന്നായി സഭാപരിപാലനം നടത്തുന്ന സഭാമുഖ്യന്മാർക്ക്, പ്രത്യേകിച്ച് പ്രസംഗത്തിലും അധ്യാപനത്തിലും വ്യാപൃതരായിരിക്കുന്നവർക്ക് മാന്യമായ വേതനം നൽകണം. 18 “ധാന്യം മെതിക്കുമ്പോൾ കാളയ്ക്കു മുഖക്കൊട്ട കെട്ടരുത്” എന്നും “ജോലിക്കാരൻ തന്റെ കൂലിക്ക് അർഹൻ” എന്നും തിരുവെഴുത്തു പറയുന്നല്ലോ. 19 രണ്ടോ മൂന്നോ സാക്ഷികളുടെ പിൻബലമില്ലാതെ ഒരു സഭാമുഖ്യനെതിരേ ആരോപണം ഉന്നയിക്കരുത്. 20 എന്നാൽ പാപംചെയ്യുന്ന സഭാമുഖ്യന്മാരെ പരസ്യമായി കുറ്റവിചാരണ നടത്തുക. ഇത് മറ്റുള്ളവർക്ക് അതിശക്തമായ ഒരു മുന്നറിയിപ്പായിരിക്കും. 21 ഈ നിർദേശങ്ങൾ നീ മുൻവിധിയോ പക്ഷഭേദമോകൂടാതെ പാലിക്കണമെന്ന് ഞാൻ ദൈവത്തെയും ക്രിസ്തുയേശുവിനെയും ശ്രേഷ്ഠദൂതന്മാരെയും സാക്ഷിയാക്കി നിന്നോട് ആജ്ഞാപിക്കുന്നു.

22 ഒരാളെ സഭാമുഖ്യനായി നിയോഗിക്കുന്നതിൽ തിടുക്കം കാട്ടരുത്. അന്യരുടെ പാപങ്ങളിൽ പങ്കാളിയാകുകയും അരുത്. നിന്നെത്തന്നെ നിർമലമായി സൂക്ഷിക്കുക.

23 നിന്റെ ഉദരസബന്ധമായ അസ്വസ്ഥതയും കൂടെക്കൂടെയുള്ള അസുഖങ്ങളും നിമിത്തം വെള്ളംമാത്രം കുടിക്കാതെ അൽപ്പം വീഞ്ഞും സേവിക്കുക.

24 ചിലരുടെ പാപങ്ങൾ ന്യായവിധിക്കുമുമ്പുതന്നെ വെളിപ്പെട്ടുവരുന്നു; എന്നാൽ, മറ്റുചിലരുടെ പാപങ്ങൾ അവരെ പിൻതുടർന്നുവരുന്നതേയുള്ളു. 25 സൽപ്രവൃത്തികളും അതുപോലെതന്നെ വെളിപ്പെട്ടുവരും; രഹസ്യത്തിൽ ചെയ്തവയും വെളിപ്പെടാതിരിക്കുകയില്ല.

അടിമകൾ തങ്ങളുടെ യജമാനന്മാരെ ബഹുമാനിക്കണം

ക്രിസ്തുമതം സമൂഹത്തിലെ ബന്ധങ്ങൾക്കു മാറ്റം വരുത്തുന്നില്ലാത്തതിനാൽ, തങ്ങളുടെ വിജാതീയരായ യജമാനന്മാരോടുപോലും അർഹമായ ബഹുമാനം കാണിക്കാൻ ദാസന്മാരോടും അടിമകളോടും പറയണം. തങ്ങളുടെ ക്രൈസ്തവയജമാനന്മാരോടും അതേ അനുസരണം കാണിക്കാനും, ക്രിസ്ത്യാനികൾ എന്ന നിലയിലുള്ള തങ്ങളുടെ സാഹോദര്യബന്ധം തങ്ങൾക്ക് അറിയാവുന്ന കടമകൾക്കു തടസ്സമാകാൻ അനുവദിക്കാതിരിക്കാനും അവർക്കു വിശേഷാൽ മുന്നറിയിപ്പു നൽകുന്നു.

1 തിമോത്തിയോസ് 6:1–2

1 ദൈവനാമവും ഉപദേശവും ദുഷിക്കപ്പെടാതിരിക്കുന്നതിന്, അടിമനുകത്തിൻകീഴിലുള്ളവരെല്ലാം തങ്ങളുടെ യജമാനന്മാർ പൂർണബഹുമതിക്ക് യോഗ്യരായി പരിഗണിക്കേണ്ടതാണ്. 2 വിശ്വാസികളായ യജമാനർ ഉള്ളവർ “അവർ സഹോദരങ്ങളാണല്ലോ” എന്നുകരുതി അവരോട് അനാദരവു കാണിക്കരുത്. മറിച്ച്, തങ്ങളുടെ സേവനത്തിന്റെ പ്രയോജനം അനുഭവിക്കുന്നവർ കൂട്ടുവിശ്വാസികളും പ്രിയപ്പെട്ടവരും ആകുകയാൽ, അവരെ കൂടുതൽ മെച്ചമായി സേവിക്കുകയാണു വേണ്ടത്.

ഈ കാര്യങ്ങൾ നീ ഉപദേശിക്കുകയും പ്രബോധിപ്പിക്കുകയുംചെയ്യുക.

യെഹൂദാചാരങ്ങൾ അടിച്ചേൽപ്പിക്കുന്ന ഉപദേഷ്ടാക്കളെ പൗലോസ് കുറ്റംവിധിക്കുന്നു

വ്യത്യസ്ത ഉപദേശങ്ങൾ പിന്തുടരുകയും പൗരധർമങ്ങളിൽനിന്ന് ആളുകളെ ഒഴിവാക്കുകയും ചെയ്യുന്ന, യെഹൂദാചാരങ്ങൾ അടിച്ചേൽപ്പിക്കുന്ന ഉപദേഷ്ടാക്കൾ കുറ്റംവിധിക്കപ്പെടുന്നു. വാക്കുകളെച്ചൊല്ലിയുള്ള അവരുടെ വിവാദങ്ങൾക്കും വഴക്കുകൾക്കും, ദൈവത്തിന്റെ മഹത്വത്തിനും അവിടത്തെ സത്യത്തിന്റെ പ്രചാരണത്തിനും മീതെ സ്വന്തം ലൗകികലാഭം വെക്കുന്നതിനും അവർ ശാസിക്കപ്പെടുന്നു. ഭൗമികസമ്പത്തെല്ലാം വ്യർഥമായതിനാൽ ജീവിതത്തിന്റെ ഏത് നിലയിലും സംതൃപ്തരായിരിക്കാൻ പ്രബോധിപ്പിക്കുന്നു. സമ്പത്തിനോടുള്ള അമിതസ്നേഹം വലിയ അപകടമാണ്.

1 തിമോത്തിയോസ് 6:3–10

3 ഇതിനു വ്യത്യസ്തമായ രീതിയിൽ ഉപദേശിക്കുകയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നിർമലവചനത്തോടും ദൈവഭക്തിക്കനുസൃതമായ ഉപദേശത്തോടും അനുകൂലിക്കാതിരിക്കുകയുംചെയ്യുന്നവർ 4 അഹന്ത നിറഞ്ഞവരും വിവേകരഹിതരുമാണ്. അവർ അസൂയ, ഭിന്നത, ദുർഭാഷണം, അഭ്യൂഹം, ദുർബുദ്ധി എന്നിവ നിറഞ്ഞ് സത്യത്യാഗികളായ മനുഷ്യർതമ്മിലുള്ള വാദകോലാഹലം ഉണ്ടാക്കും. 5 ഇങ്ങനെ, അനാരോഗ്യകരമായ വിവാദങ്ങളും ചില വാക്കുകളെക്കുറിച്ചുള്ള തർക്കവിഷയങ്ങളും നിരന്തരം സൃഷ്ടിക്കുന്ന പ്രവണതയുള്ളവരാണ് ഇവർ. ദൈവഭക്തി ഒരു ആദായമാർഗമായി അവർ കരുതുന്നു.

6 എന്നാൽ, സംതൃപ്തിയോടുകൂടിയ ദൈവഭക്തി വലിയ നേട്ടംതന്നെയാണ്. 7 ഈ ലോകത്തിലേക്കു വന്നപ്പോൾ നാം ഒന്നും കൊണ്ടുവന്നിട്ടില്ല. ഇവിടെനിന്നു പോകുമ്പോൾ നമുക്ക് ഒന്നും കൊണ്ടുപോകാനും കഴിയുന്നതല്ല. 8 ഭക്ഷണവും വസ്ത്രവും ഉണ്ടെങ്കിൽ അതുകൊണ്ടു നമുക്കു തൃപ്തരാകാം. 9 ധനികരാകാൻ ആഗ്രഹിക്കുന്നവർ പ്രലോഭനത്തിലും കെണിയിലും കുടുങ്ങി, മനുഷ്യരെ തകർച്ചയിലും നാശത്തിലും മുക്കിക്കളയുന്ന ബുദ്ധിഹീനവും ഉപദ്രവകരവുമായ അനവധി മോഹങ്ങളിൽ വീണുപോകുന്നു. 10 ദ്രവ്യാഗ്രഹം സകലവിധ ദോഷങ്ങളുടെയും ഉറവിടമാണ്. ധനമോഹത്താൽ ചിലർ വിശ്വാസത്തിൽനിന്ന് വ്യതിചലിച്ച്, പലവിധ വേദനകൾക്ക് തങ്ങളെത്തന്നെ അധീനരാക്കുകയുംചെയ്തിരിക്കുന്നു.

ഉറച്ചുനിൽക്കാൻ ദൈവസന്നിധിയിൽ തിമോത്തിയോസിന് കൽപ്പന

ദൈവപ്രചോദിതനായ തിമോത്തിയോസിനോട് ഈ ദുഷ്പ്രവൃത്തികളിൽനിന്ന് അകന്നുനിൽക്കാനും ദൈവഭക്തി പിന്തുടരാനും ആഹ്വാനം ചെയ്യുന്നു. ദൈവസന്നിധിയിൽ നിൽക്കുന്നതുപോലെയും മഹത്തായ ന്യായവിധിദിനം മുന്നിൽ കണ്ടുകൊണ്ടും, വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും തന്റെ ചുമതല മനസ്സാക്ഷിപൂർവം നിർവഹിക്കാനും ലൗകികവും അത്യാഗ്രഹപരവുമായ എല്ലാ ഉദ്ദേശ്യങ്ങളും ഒഴിവാക്കാനും പൗലോസ് അദ്ദേഹത്തോട് കൽപ്പിക്കുന്നു. ഇനി വെളിപ്പെടാനിരിക്കുന്ന ക്രിസ്തുവിന്റെ മഹത്തായ തേജസ്സിനെ വിവരിച്ചുകൊണ്ട് പൗലോസ് സമാപിക്കുന്നു.

1 തിമോത്തിയോസ് 6:11–16

11 എന്നാൽ ദൈവപുരുഷാ, നീയോ ഇവയിൽനിന്നെല്ലാം ഓടിയകലുക. നീതി, ഭക്തി, വിശ്വാസം, സ്നേഹം, സഹിഷ്ണുത, സൗമ്യത എന്നിവയെ അനുഗമിക്കുക. 12 വിശ്വാസത്തിന്റെ നല്ല യുദ്ധംചെയ്യുക. നിത്യജീവനെ മുറുകെപ്പിടിക്കുക; അതിനായി നീ വിളിക്കപ്പെടുകയും അനേകസാക്ഷികളുടെമുമ്പിൽ ആ കാര്യം ഏറ്റുപറയുകയും ചെയ്തിട്ടുണ്ടല്ലോ. 13 സകലത്തിനും ജീവൻ നൽകുന്ന ദൈവത്തെയും പൊന്തിയോസ് പീലാത്തോസിന്റെ മുമ്പിൽ ഉത്തമവിശ്വാസപ്രഖ്യാപനം നടത്തിയ ക്രിസ്തുയേശുവിനെയും സാക്ഷിയാക്കി ഞാൻ നിന്നോട് ആജ്ഞാപിക്കുന്നത്: 14 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനംവരെ നീ ഈ കൽപ്പനകൾ നിഷ്കളങ്കമായും നിരാക്ഷേപമായും പാലിച്ചുകൊള്ളണം എന്നാണ്. 15 രാജാക്കന്മാരുടെ രാജാവും പ്രഭുക്കന്മാരുടെ പ്രഭുവും വാഴ്ത്തപ്പെട്ട ഏകാധിപതിയുമായ ദൈവം ക്രിസ്തുവിനെ യഥാകാലം വെളിപ്പെടുത്തും. 16 അവിടന്നുമാത്രമാണ് മരണരഹിതൻ. ആർക്കും അടുത്തുകൂടാത്ത പ്രകാശത്തിൽ നിവസിക്കുന്ന അവിടത്തെ മാനവരാരും കണ്ടിട്ടില്ല; കാണുക സാധ്യവുമല്ല. ബഹുമാനവും ആധിപത്യവും എന്നേക്കും അവിടത്തേക്ക് ഉണ്ടാകുമാറാകട്ടെ. ആമേൻ.

ധനികർ സമ്പത്തിലല്ല, ദൈവത്തിൽ ആശ്രയിക്കണം

അനിശ്ചിതമായ സമ്പത്തിലല്ല, അതു നൽകുന്ന ദൈവത്തിൽ ആശ്രയിക്കണമെന്ന് ധനികർക്ക് മുന്നറിയിപ്പു നൽകാൻ തിമോത്തിയോസിനോട് കൽപ്പിക്കുന്നു. തങ്ങൾക്കായി കൂടുതൽ നിലനിൽക്കുന്നതും നിത്യവുമായ അനുഗ്രഹങ്ങൾ സംഭരിക്കേണ്ടതിന് സൽപ്രവൃത്തികളിൽ സമ്പന്നരാകാൻ അവരെ പ്രബോധിപ്പിക്കുന്നു.

1 തിമോത്തിയോസ് 6:17–19

17 ഈ ലോകത്തിലെ ധനികരോട്, ധാർഷ്ട്യം പ്രകടിപ്പിക്കാതെയും അസ്ഥിരമായ ലൗകികസമ്പത്തിൽ തങ്ങളുടെ പ്രത്യാശവെക്കാതെയും നമ്മുടെ ആസ്വാദനത്തിന് ഉതകുന്നതെല്ലാം സമൃദ്ധമായി പ്രദാനംചെയ്യുന്ന ദൈവത്തിൽത്തന്നെ പ്രത്യാശ അർപ്പിക്കണമെന്ന് നീ ആജ്ഞാപിക്കുക. 18 അവരോട് നന്മ ചെയ്യാനും സുകൃതങ്ങളിൽ സമ്പന്നരാകാനും തങ്ങൾക്കുള്ളത് ഔദാര്യത്തോടെ പങ്കുവെക്കാൻ സന്നദ്ധത കാണിക്കാനും ഉദ്ബോധിപ്പിക്കുക. 19 ഇപ്രകാരം, ഭാവികാലത്തിൽ യഥാർഥജീവനാകുന്ന ജീവൻ മുറുകെപ്പിടിക്കുന്നതിനുവേണ്ടി തങ്ങളുടെ നിക്ഷേപങ്ങൾകൊണ്ട് ഭദ്രമായ ഒരു അടിസ്ഥാനം പണിയട്ടെ.

വിശ്വാസം മുറുകെപ്പിടിക്കാനുള്ള പൗലോസിന്റെ അവസാന കൽപ്പന

ആരംഭിച്ചതുപോലെതന്നെ പൗലോസ് ലേഖനം അവസാനിപ്പിക്കുന്നു; ക്രൈസ്തവ ഉപദേശത്തിൽ ഉറച്ചുനിൽക്കാനും വ്യാജോപദേഷ്ടാക്കൾ അത്രയും ശക്തമായി പ്രചരിപ്പിച്ച എല്ലാ തത്ത്വചിന്താപരവും നിഷ്പ്രയോജനവുമായ ഊഹാപോഹങ്ങൾ ഒഴിവാക്കാനും അദ്ദേഹം തിമോത്തിയോസിനെ വീണ്ടും പ്രബോധിപ്പിക്കുന്നു.

1 തിമോത്തിയോസ് 6:20–21

20 തിമോത്തിയോസേ, നിന്നെ ഭരമേൽപ്പിച്ചിട്ടുള്ളത് നീ പരിരക്ഷിക്കുക. ദൈവഭക്തിക്ക് അനുസൃതമല്ലാത്ത വ്യർഥഭാഷണത്തിൽനിന്നും വിജ്ഞാനം എന്നു ദ്യോതിപ്പിക്കുന്ന ആശയവൈരുധ്യങ്ങളിൽനിന്നും ഒഴിഞ്ഞു നിൽക്കുക. 21 ചിലർ ഇത് അനുകരിച്ചതിനാൽ വിശ്വാസത്തിൽനിന്നു വ്യതിചലിക്കാൻ കാരണമായിത്തീർന്നു.

കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.