ആരാധനയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പൗലോസ് നിർദേശങ്ങൾ നൽകുന്നു

പ്രാർഥനയുടെ കടമ വീണ്ടും ഊന്നിപ്പറയുന്നു. പരസ്യപ്രാർഥനകൾ അർപ്പിക്കാൻ പുരുഷന്മാരോടു കൽപ്പിക്കുന്നു; അവ യെഹൂദപ്പള്ളിയിലോ ജെറുശലേമിലെ ദൈവാലയത്തിലോ മാത്രമായി പരിമിതപ്പെടുത്തേണ്ടതില്ല; ഭക്തിയോടെ അർപ്പിക്കുന്നെങ്കിൽ എല്ലാ സ്ഥലത്തും അവ സ്വീകാര്യമാണ്. ക്രൈസ്തവസ്ത്രീകളെ സൽപ്രവൃത്തികൾക്കും മൗനത്തിനും പ്രബോധിപ്പിക്കുന്നു. അവരുടെ വസ്ത്രധാരണം അവരുടെ വിശുദ്ധമായ വിശ്വാസപ്രഖ്യാപനത്തിനു യോജിച്ചതായിരിക്കണം. അവളുടെ ലംഘനംനിമിത്തം സ്ത്രീ പുരുഷനു വിധേയയായിരിക്കണം. അവളുടെമേൽ ഉച്ചരിക്കപ്പെട്ട ശാപം വിശ്വാസത്തിന്റെയും വിശുദ്ധിയുടെയും വ്യവസ്ഥയിൽ ലഘൂകരിക്കപ്പെടും.

ക്രി.പി. 57

Biblica® Open Malayalam Contemporary Version™ (OMCV)

1 തിമോത്തിയോസ് 2:8–15

8 കോപമോ വിവാദമോകൂടാതെ പുരുഷന്മാർ എല്ലായിടത്തും വിശുദ്ധകരങ്ങൾ ഉയർത്തി പ്രാർഥിക്കണം എന്നതാണ് ഞാൻ താത്പര്യപ്പെടുന്നത്. 9 സ്ത്രീകൾ, ശാലീനതയോടും വിവേകത്തോടുംകൂടെ മാന്യമായി വസ്ത്രധാരണം ചെയ്യണം. 10 ആകർഷകമായ കേശസംവിധാനം, സ്വർണം, രത്നങ്ങൾ, വിലയേറിയ ഉടയാടകൾ എന്നിവകൊണ്ടല്ല, പിന്നെയോ സൽപ്രവൃത്തികളാൽ തങ്ങളെത്തന്നെ അലങ്കരിക്കുന്നതാണ് ഭക്തകളെന്ന് അവകാശപ്പെടുന്ന സ്ത്രീകൾക്ക് അനുയോജ്യം.

11 സ്ത്രീ പഠിക്കേണ്ടത് ശാന്തതയോടും സമ്പൂർണ വിധേയത്വത്തോടുംകൂടിയാണ്. 12 ഞാൻ സ്ത്രീയെ, ശാന്തമായിരിക്കാൻ അല്ലാതെ ഉപദേശിക്കുന്നതിനോ പുരുഷന്റെമേൽ അധികാരം പ്രയോഗിക്കുന്നതിനോ അനുവദിക്കുന്നില്ല; 13 ആദാമാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത്; പിന്നെ ഹവ്വാ. 14 ആദാം അല്ല വഞ്ചിക്കപ്പെട്ടത്, സ്ത്രീയാണ് വഞ്ചിതയായി, അപരാധിനിയായിത്തീർന്നത്. 15 എന്നാൽ സ്ത്രീകൾ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിലും ശാലീനതയോടെ തുടരുന്നെങ്കിൽ മാതൃത്വത്തിലൂടെ രക്ഷപ്രാപിക്കും.

അധ്യക്ഷന്മാരുടെയും ശുശ്രൂഷകരുടെയും യോഗ്യതകൾ

പല സഭകൾക്കു മേൽനോട്ടം വഹിക്കുന്ന ഒരു അധ്യക്ഷന്റെയും ഒരു സഭയുടെ ചുമതല വഹിക്കുന്ന ഒരു ശുശ്രൂഷകന്റെയും യോഗ്യതകൾ വിവരിക്കുന്നു.

1 തിമോത്തിയോസ് 3:1–7

1 ഇത് വിശ്വാസയോഗ്യമായ പ്രസ്താവനയാണ്: അധ്യക്ഷപദം ആഗ്രഹിക്കുന്നയാൾ ഉത്തമശുശ്രൂഷ അഭിലഷിക്കുന്നു. 2 അതുകൊണ്ട് അധ്യക്ഷൻ അപവാദങ്ങൾക്കതീതനായി, ഏകപത്നീവ്രതനും സമചിത്തനും വിവേകശാലിയും അന്തസ്സുറ്റവനും അതിഥിസൽക്കാരപ്രിയനും അധ്യാപനത്തിൽ നൈപുണ്യമുള്ളവനും ആയിരിക്കണം. 3 മദ്യാസക്തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്; പകരം ശാന്തനായിരിക്കണം. കലഹപ്രിയനും ദ്രവ്യാഗ്രഹിയും ആകരുത്; 4 സ്വകുടുംബത്തെ നന്നായി പരിപാലിക്കുകയും സന്താനങ്ങളെ സമ്പൂർണ മാന്യതയിലും അനുസരണത്തിലും വളർത്തുകയും ചെയ്യുന്നയാളുമായിരിക്കണം. 5 സ്വകുടുംബത്തെ പരിപാലിക്കാൻ അറിയാത്തയാൾ ദൈവസഭയെ എങ്ങനെ പരിപാലിക്കും? 6 അയാൾ സമീപകാലത്ത് വിശ്വാസം സ്വീകരിച്ചയാൾ ആയിരിക്കരുത്. അപ്രകാരമായാൽ അയാൾ മതിമറന്ന് പിശാചിനു സംഭവിച്ച ശിക്ഷാവിധിയിൽ അകപ്പെടും. 7 അദ്ദേഹം സഭയ്ക്കു പുറമേയുള്ളവരുടെ മധ്യേ നല്ല മതിപ്പുള്ള ആളായിരിക്കണം. അങ്ങനെയായാൽ അയാൾ അപമാനിതനാകുകയോ പിശാചിന്റെ കെണിയിൽപ്പെടുകയോ ഇല്ല.

ഡീക്കന്മാരും അവരുടെ ഭാര്യമാരും നിർബന്ധമായും എങ്ങനെയുള്ളവരായിരിക്കണം

ഡീക്കന്മാരുടെ യോഗ്യതകൾ പട്ടികപ്പെടുത്തുന്നു. അവരുടെ ഭാര്യമാർ ജനങ്ങൾക്ക് മാതൃകകളായിരിക്കണം.

1 തിമോത്തിയോസ് 3:8–13

8 ശുശ്രൂഷകരും അതുപോലെതന്നെ ആദരണീയർ ആയിരിക്കണം. അവർ സത്യസന്ധത ഇല്ലാത്തവരോ മദ്യാസക്തരോ അത്യാഗ്രഹികളോ ആകരുത്. 9 നിർമലമനസ്സാക്ഷിയിൽ വിശ്വാസത്തിന്റെ ആഴമേറിയ സത്യം സംരക്ഷിക്കുന്നവരായിരിക്കണം. 10 അവരെ ആദ്യംതന്നെ പരീക്ഷണവിധേയരാക്കണം; ഉത്തമസാക്ഷ്യം പുലർത്തുന്നവരായി തെളിഞ്ഞാൽ അവർ ശുശ്രൂഷചെയ്യട്ടെ.

11 അവരുടെ ഭാര്യമാരും അവരെപ്പോലെതന്നെ, ആദരണീയർ ആയിരിക്കണം. അവർ പരദൂഷണം പറയാത്തവരും സമചിത്തരും എല്ലാ കാര്യങ്ങളിലും വിശ്വസ്തരും ആയിരിക്കണം.

12 ശുശ്രൂഷകൻ ഏകപത്നീവ്രതനും സ്വകുടുംബത്തെയും സന്താനങ്ങളെയും നന്നായി പരിപാലിക്കുന്നവനും ആയിരിക്കണം. 13 തങ്ങളുടെ ശുശ്രൂഷ ഉത്തമമായി നിർവഹിച്ചിട്ടുള്ളവർക്ക് ബഹുമാന്യമായ ഒരു സ്ഥാനവും ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിൽ വർധിച്ചുവരുന്ന ആത്മധൈര്യവും ഉണ്ട്.

തിമോത്തിയോസിന്റെ ചുമതലകളിൽ പൗലോസ് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നു

ക്രൈസ്തവമതത്തിന്റെ കൂടുതൽ ഉന്നതമായ ഉപദേശങ്ങൾ ഓർമിപ്പിച്ചുകൊണ്ട്, അധ്യക്ഷനും ശുശ്രൂഷകനും എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കടമകളിൽ പൗലോസ് തിമോത്തിയോസിനെ പ്രോത്സാഹിപ്പിക്കുന്നു.

1 തിമോത്തിയോസ് 3:14–16

14 നിന്റെ അടുത്തേക്ക് ഉടനെ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു 15 എങ്കിലും എന്റെ വരവിന് താമസം നേരിട്ടാൽ എപ്രകാരമാണ് ഓരോരുത്തരും ദൈവികഗൃഹത്തിൽ പെരുമാറേണ്ടതെന്ന് നീ അറിയുന്നതിനാണ് ഞാൻ ഈ നിർദേശങ്ങൾ എഴുതുന്നത്. ജീവനുള്ള ദൈവത്തിന്റെ ഈ സഭ സത്യത്തിന്റെ സ്തംഭവും അടിസ്ഥാനവും ആകുന്നു. 16 ദൈവഭക്തിയുടെ അഗാധരഹസ്യം അനിഷേധ്യമാംവിധം അതിശ്രേഷ്ഠമാണ്:

അവിടന്ന് മനുഷ്യനായി വെളിപ്പെട്ടു,

ആത്മാവിൽ നീതീകരിക്കപ്പെട്ടു,

ദൂതന്മാർക്കു പ്രത്യക്ഷനായി,

രാഷ്ട്രങ്ങളിൽ ഘോഷിക്കപ്പെട്ടു,

ലോകത്തിൽ വിശ്വസിക്കപ്പെട്ടു,

മഹത്ത്വത്തിൽ എടുക്കപ്പെട്ടു.

സഭയുടെ വിശ്വാസത്യാഗം പൗലോസ് മുൻകൂട്ടി പ്രവചിക്കുന്നു

ദൈവാത്മാവിനാൽ പൗലോസ് ക്രൈസ്തവസഭയുടെ വിശ്വാസത്യാഗം മുൻകൂട്ടിപ്പറയുകയും അതിന്റെ ദുഷിപ്പുകളുടെ സ്വഭാവം വിവരിക്കുകയും ചെയ്യുന്നു; യെഹൂദാചാരവാദികളായ ഉപദേഷ്ടാക്കൾ അതിനു വഴിയൊരുക്കുന്നവരിൽ ഉൾപ്പെട്ടിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ഈ ദുഷിപ്പുകളിലേക്കുള്ള എല്ലാ പ്രവണതകൾക്കുമെതിരേ തിമോത്തിയോസിനു മുന്നറിയിപ്പു ലഭിക്കുന്നു; സദ്ഗുണത്തിന്റെയും ഭക്തിയുടെയും അനുഷ്ഠാനം ഒരു ക്രിസ്ത്യാനിയുടെ പ്രയോജനകരവും സ്വീകാര്യവുമായ ഏക ശുശ്രൂഷയായി പഠിപ്പിക്കാൻ അദ്ദേഹം പ്രബോധിപ്പിക്കപ്പെടുന്നു. അങ്ങനെ ചെയ്യുന്നതിന്റെപേരിൽ നിന്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുമെങ്കിലും, ഈ സുപ്രധാനസത്യം ഊന്നിപ്പറയാൻ അദ്ദേഹത്തോടു പറയുന്നു.

1 തിമോത്തിയോസ് 4:1–11

1 എന്നാൽ അന്ത്യകാലത്ത് വഴിതെറ്റിക്കുന്ന ആത്മാക്കളെയും പൈശാചിക ഉപദേശങ്ങളെയും പിൻതുടർന്ന് ചിലർ വിശ്വാസത്തിൽനിന്ന് വ്യതിചലിക്കുമെന്നു ദൈവാത്മാവ് വ്യക്തമായി പറയുന്നു. 2 ഇത്തരം ഉപദേശങ്ങൾ അസത്യവാദികളുടെ കാപട്യത്തിൽനിന്നാണ് ഉത്ഭവിക്കുന്നത്. അവരുടെ മനസ്സാക്ഷി പൊള്ളിക്കപ്പെട്ടതുപോലെ വികാരശൂന്യമായിരിക്കുന്നു. 3 അവർ വിവാഹം നിരോധിക്കുകയും ചില സവിശേഷ ഭക്ഷണപദാർഥങ്ങൾ ഉപയോഗിക്കുന്നത് വിലക്കുകയുംചെയ്യുന്നു. ഇവ, സത്യം മനസ്സിലാക്കിയ വിശ്വാസികൾ സ്തോത്രത്തോടെ ആസ്വദിക്കാനായി ദൈവം സൃഷ്ടിച്ചവയാണ്. 4 ദൈവം സൃഷ്ടിച്ചവയെല്ലാം ഉത്തമമാണ്; സ്തോത്രംചെയ്തുകൊണ്ട് സ്വീകരിക്കുകയാണെങ്കിൽ ഒന്നും വർജിക്കേണ്ടതില്ല. 5 കാരണം അത് ദൈവവചനത്താലും പ്രാർഥനയാലും വിശുദ്ധീകരിക്കപ്പെടുന്നല്ലോ.

6 ഈ കാര്യങ്ങൾ നീ സഹോദരങ്ങൾക്കു വ്യക്തമാക്കിയാൽ, വിശ്വാസവചസ്സുകളാലും നീ പിൻതുടർന്നുവന്ന ഉത്തമ ഉപദേശത്താലും പരിപോഷിപ്പിക്കപ്പെട്ട് ക്രിസ്തുയേശുവിന്റെ ഒരു ഉത്തമശുശ്രൂഷകനായിത്തീരും. 7 ലൗകികവും സാങ്കൽപ്പികവുമായ കഥകൾ ഒഴിവാക്കുക; ദൈവഭക്തനാകാൻ നിന്നെത്തന്നെ പരിശീലിപ്പിക്കുക. 8 കായികാഭ്യാസം കുറച്ചുമാത്രം പ്രയോജനമുള്ളതാണ്; എന്നാൽ അതിലും മഹത്തരമാണ് ആത്മികാഭ്യസനം. കാരണം, ഐഹികജീവിതത്തിലും വരാനുള്ള ജീവിതത്തിലും അതുമൂലം പ്രയോജനങ്ങൾ വരുമെന്നുള്ള വാഗ്ദാനമുണ്ടല്ലോ. 9 ഇത് തികച്ചും സ്വീകാര്യവും വിശ്വാസയോഗ്യവുമായ വചനമാണ്. 10 ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയാണ് നാം പരിശ്രമിക്കുകയും പോരാടുകയുംചെയ്യുന്നത്. എല്ലാ മനുഷ്യരുടെയും, വിശിഷ്യ വിശ്വാസികളുടെയും, രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ നാം പ്രത്യാശ അർപ്പിച്ചിരിക്കുന്നു.

11 ഈ കാര്യങ്ങൾ നീ കൽപ്പിക്കുകയും ഉപദേശിക്കുകയുംചെയ്യുക.

തിമോത്തിയോസിന്റെ സ്വന്തം പെരുമാറ്റത്തെക്കുറിച്ച് പൗലോസ് നിർദേശം നൽകുന്നു

പൗലോസ് തിമോത്തിയോസിന് സ്വന്തം പെരുമാറ്റത്തെക്കുറിച്ച് നിർദേശങ്ങൾ നൽകുകയും തന്റെ ഉപദേശത്തിൽ ഊഹാപോഹപരമായ എല്ലാ വിഷയങ്ങളും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. അദ്ദേഹം സഭയ്ക്ക് മാതൃകയായിത്തീരുകയും ശുശ്രൂഷയ്ക്കും വായനയ്ക്കും പഠനത്തിനും ധ്യാനത്തിനും ആത്മനിയന്ത്രണത്തിനും സ്വയം സമർപ്പിക്കുകയും വേണം. അങ്ങനെ ചെയ്യുന്നതിലൂടെ അദ്ദേഹം തന്നെത്തന്നെ രക്ഷിക്കുകയും മറ്റുള്ളവരുടെ രക്ഷയ്ക്ക് ഉപാധിയായിത്തീരുകയും ചെയ്യും.

1 തിമോത്തിയോസ് 4:12–16

12 നീ യുവാവാണ് എന്ന കാരണത്താൽ ആരും നിന്നെ അവഗണിക്കാൻ അവസരം നൽകാതെ, സംസാരത്തിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമലതയിലും വിശ്വാസികൾക്കു മാതൃകയായിത്തീരുക. 13 ഞാൻ വരുന്നതുവരെ പരസ്യമായ തിരുവചനപാരായണത്തിലും പ്രബോധനത്തിലും ഉപദേശത്തിലും ശ്രദ്ധചെലുത്തുക. 14 സഭാമുഖ്യന്മാരുടെ കൈവെപ്പുവഴി പ്രവചനത്താൽ നിനക്കു സിദ്ധിച്ച കൃപാദാനങ്ങൾ അവഗണിക്കരുത്.

15 ഇവയെല്ലാം പ്രാവർത്തികമാക്കുക; ഇവയിൽ പൂർണമായി മുഴുകുക, അങ്ങനെ നിന്റെ പുരോഗതി എല്ലാവരുടെയും മുമ്പാകെ പ്രകടമാകട്ടെ. 16 നിന്നെക്കുറിച്ചും നിന്റെ ഉപദേശത്തെക്കുറിച്ചും ജാഗ്രതയുള്ളവനായിരിക്കുക. അവയിൽ സുസ്ഥിരനുമായിരിക്കുക. ഇപ്രകാരം ചെയ്താൽ നീ നിന്നെയും നിന്റെ ശ്രോതാക്കളെയും രക്ഷിക്കും.