ദെമേത്രിയൊസ് എഫേസോസിൽ ഒരു കലാപക്കൂട്ടത്തെ ഇളക്കിവിടുന്നു
പൗലോസ് എഫേസോസിൽ തുടരുന്നു. ദെമേത്രിയൊസ് അവിടെ ഒരു കലാപക്കൂട്ടത്തെ ഇളക്കിവിടുന്നു.
ക്രി.പി. 57
Biblica® Open Malayalam Contemporary Version™ (OMCV)
23 ആ കാലത്ത് ക്രിസ്തുമാർഗത്തിന്റെപേരിൽ വലിയ ലഹളയുണ്ടായി. 24 വെള്ളികൊണ്ട് അർത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങൾ ഉണ്ടാക്കിയിരുന്ന ദെമേത്രിയൊസ് എന്ന വെള്ളിപ്പണിക്കാരൻ ശില്പികൾക്കു ധാരാളം തൊഴിൽ ലഭ്യമാക്കിയിരുന്നു. 25 അയാൾ അവരെയും അതേതൊഴിൽ ചെയ്തിരുന്ന മറ്റു പണിക്കാരെയും വിളിച്ചുകൂട്ടിയിട്ട് ഇങ്ങനെ പറഞ്ഞു, “സുഹൃത്തുക്കളേ, ഈ തൊഴിലിൽനിന്ന് നമുക്കു നല്ല ആദായം ലഭിക്കുന്നെന്ന് നിങ്ങൾക്കറിയാമല്ലോ! 26 എന്നാൽ, ഈ പൗലോസ് ഇവിടെ എഫേസോസിലും ഏഷ്യാപ്രവിശ്യയിൽ എല്ലായിടത്തുമുള്ള ഒട്ടധികം ആളുകളോട്, ‘മനുഷ്യൻ ഉണ്ടാക്കിയ ദൈവങ്ങൾ ദൈവങ്ങളേ അല്ല’ എന്നു പറഞ്ഞ് അവരെ വശീകരിച്ച് വഴിതെറ്റിച്ചിരിക്കുന്നു. അത് നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്തിരിക്കുന്നല്ലോ. 27 നമ്മുടെ തൊഴിലിനുള്ള പ്രസക്തി നഷ്ടമാകുമെന്നുമാത്രമല്ല, മഹാദേവിയായ അർത്തെമിസിന്റെ ക്ഷേത്രം അപമാനിതമായിത്തീരും എന്ന അപകടംകൂടി ഇതിലുണ്ട്; ഏഷ്യാപ്രവിശ്യയിൽ എല്ലായിടത്തുംമാത്രമല്ല, ലോകമെമ്പാടും ഭജിക്കപ്പെടുന്ന ഈ ദേവിയുടെ പ്രതാപം നഷ്ടപ്പെടാനും ഇതുമൂലം ഇടയാകും.”
28 ഇതു കേട്ടപ്പോൾ അവർ ക്രോധം നിറഞ്ഞവരായി, “എഫേസ്യരുടെ അർത്തെമിസ് ദേവി, മഹതിയാം ദേവി!” എന്ന് ഉച്ചത്തിൽ ആർത്തുവിളിച്ചു. 29 പെട്ടെന്ന് പട്ടണംമുഴുവൻ സംഘർഷഭരിതമായി. മക്കദോന്യയിൽനിന്ന് പൗലോസിന്റെ സഹയാത്രികരായി വന്നിരുന്ന ഗായൊസിനെയും അരിസ്തർഹൊസിനെയും പിടിച്ചുകൊണ്ട് ജനങ്ങൾ മൈതാനത്തിലേക്ക് ഒരുമിച്ചു തള്ളിക്കയറി. 30 പൗലോസിനും ജനക്കൂട്ടത്തിലേക്കു ചെല്ലാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ശിഷ്യന്മാർ അത് അനുവദിച്ചില്ല. 31 ഏഷ്യാപ്രവിശ്യയിലെ ചില അധികാരികളും പൗലോസിന്റെ സ്നേഹിതരുമായിരുന്ന ചിലർ, അദ്ദേഹം മൈതാനത്തിലേക്കു കടന്നുചെല്ലാൻ തുനിയരുതെന്നപേക്ഷിച്ചുകൊണ്ട് സന്ദേശം കൊടുത്തയച്ചു.
32 ജനക്കൂട്ടം ആകെ കലക്കത്തിലായി. ഒരുകൂട്ടർ ഒരുവിധത്തിലും മറ്റുചിലർ മറ്റുവിധത്തിലും ആർത്തുവിളിച്ചു. അവരിൽ മിക്കവർക്കും തങ്ങൾ വന്നുകൂടിയതെന്തിനെന്നുപോലും അറിഞ്ഞുകൂടായിരുന്നു. 33 യെഹൂദർ അലെക്സന്തറെ മുന്നിലേക്കു തള്ളിക്കൊണ്ടുവന്നു. ജനക്കൂട്ടത്തിൽ ചിലർ ഉച്ചത്തിൽ അയാളോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ജനത്തിനുമുമ്പിൽ ന്യായവാദം നടത്താൻ ആഗ്രഹിച്ചുകൊണ്ട് അയാൾ അവരോടു നിശ്ശബ്ദരായിരിക്കാൻ ആംഗ്യംകാട്ടി. 34 എന്നാൽ, അയാൾ ഒരു യെഹൂദനാണെന്നറിഞ്ഞപ്പോൾ അവരെല്ലാവരുംകൂടിച്ചേർന്ന്, “എഫേസ്യരുടെ അർത്തെമിസ് ദേവി, മഹതിയാം ദേവി!” എന്ന് രണ്ടുമണിക്കൂറോളം ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
35 നഗരഗുമസ്തൻ ജനക്കൂട്ടത്തെ ശാന്തമാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “എഫേസോസ് നിവാസികളേ, എഫേസോസ് നഗരം മഹതിയായ അർത്തെമിസ് മഹാദേവിയുടെ ക്ഷേത്രത്തിന്റെയും സ്വർഗത്തിൽനിന്നു വീണ അർത്തെമിസ് പ്രതിമയുടെയും സംരക്ഷകയാണെന്നുള്ളത് എല്ലാവർക്കും അറിവുള്ള കാര്യമല്ലയോ? 36 ഈ വസ്തുതകൾ അനിഷേധ്യമായിരിക്കുന്ന സ്ഥിതിക്ക്, നിങ്ങൾ ശാന്തരായിരിക്കുകയും തിടുക്കത്തിൽ ഒന്നും ചെയ്യാതിരിക്കുകയും വേണം. 37 ഈ മനുഷ്യരെ നിങ്ങൾ ഇവിടെ കൊണ്ടുവന്നിരിക്കുന്നു; എന്നാൽ ഇവർ, ക്ഷേത്രങ്ങൾ കവർച്ചചെയ്യുകയോ നമ്മുടെ ദേവിയെ ദുഷിക്കുകയോ ചെയ്തിട്ടില്ല. 38 ദെമേത്രിയൊസിനും സഹശില്പികൾക്കും ആരുടെയെങ്കിലും നേർക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ, കോടതികൾ തുറന്നിട്ടുണ്ട്; അവിടെ ന്യായംവിധിക്കാൻ ഭരണാധികാരികളുമുണ്ട്. അവിടെ അവർക്ക് ആരോപണങ്ങൾ ഉന്നയിക്കാവുന്നതാണ്. 39 കൂടുതലായി എന്തെങ്കിലും കാര്യം നിങ്ങൾക്കുള്ളപക്ഷം അത് ഒരു നിയമാനുസൃതസഭയിൽ പരിഹരിക്കാവുന്നതാണ്. 40 ഈ സ്ഥിതിയിൽ, ഇന്നത്തെ സംഭവങ്ങൾനിമിത്തം പ്രക്ഷോഭകാരികൾ എന്നു റോമാക്കാർ നമ്മെ കുറ്റപ്പെടുത്താനുള്ള സാധ്യതയുണ്ട്. അങ്ങനെവന്നാൽ ഈ ലഹളയ്ക്ക് വിശദീകരണം നൽകാൻ നമുക്കു കഴിയാതെപോകും; ലഹളയുണ്ടാക്കാൻതക്ക കാരണമൊന്നും ഇവിടെ ഉണ്ടായിട്ടില്ലല്ലോ.” 41 ഇത്രയും പറഞ്ഞതിനുശേഷം അയാൾ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.
പൗലോസ് എഫേസോസ് വിട്ട് മക്കദോന്യയിലേക്ക് പോകുന്നു
1 ലഹള അവസാനിച്ചപ്പോൾ പൗലോസ് ശിഷ്യന്മാരെ ആളയച്ചുവരുത്തി; അവരെ ധൈര്യപ്പെടുത്തിയശേഷം വിടവാങ്ങി മക്കദോന്യയിലേക്കു യാത്രതിരിച്ചു.
പൗലോസ് തിമോത്തിയോസിന് എഴുതുന്നു
താൻ അധ്യക്ഷനായി നിയമിക്കപ്പെട്ട എഫേസോസിലെ സഭയിൽ യെഹൂദമതതീവ്രവാദികൾ സ്ഥാപിക്കാൻ ശ്രമിച്ചിരുന്ന വ്യാജോപദേശങ്ങളും ദുഷിപ്പുകളും എങ്ങനെ അടിച്ചമർത്തണമെന്ന് തിമോത്തിയോസിന് നിർദേശം നൽകുന്നതിനായി പൗലോസ് അദ്ദേഹത്തിന് തന്റെ ആദ്യത്തെ കത്ത് എഴുതുന്നു.
പൗലോസ് തിമോത്തിയോസിനെ അഭിവാദനം ചെയ്യുന്നു
അഭിവാദനം.
1 നമ്മുടെ രക്ഷകനായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും കൽപ്പനയാൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായിത്തീർന്ന പൗലോസ് എന്ന ഞാൻ,
2 വിശ്വാസത്തിൽ എനിക്ക് യഥാർഥ പുത്രനു തുല്യനായ തിമോത്തിയോസിന്, എഴുതുന്നത്:
പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽനിന്നും നിനക്കു കൃപയും കരുണയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
പൗലോസ് തിമോത്തിയോസിനെ എഫേസോസിൽ വിട്ടത് എന്തുകൊണ്ട്
താൻ തിമോത്തിയോസിനെ എഫേസോസിൽ വിട്ടിട്ടുപോന്നത് എന്തിനെന്ന് പൗലോസ് അദ്ദേഹത്തെ ഓർമിപ്പിക്കുന്നു: ക്രൈസ്തവ ഉപദേശത്തിൽ വംശാവലികളും പാരമ്പര്യങ്ങളും കലർത്താൻ ശ്രമിച്ചിരുന്ന യെഹൂദ തീക്ഷ്ണമതികളെ എതിർക്കാൻ.
3 ഞാൻ മക്കദോന്യയിലേക്കു പോകുമ്പോൾ നിർബന്ധപൂർവം നിർദേശിച്ചതുപോലെ, നീ എഫേസോസിൽ താമസിക്കുക. അവിടെ വ്യാജ ഉപദേശങ്ങൾ പ്രചരിപ്പിക്കുന്നവരോട് അതിൽ തുടരരുത് എന്നും 4 തർക്കങ്ങൾക്കുമാത്രം വഴിതെളിക്കുന്ന കെട്ടുകഥകളിലും അനന്തമായ വംശാവലികളിലും ശ്രദ്ധചെലുത്തരുതെന്നും കൽപ്പിക്കണം. ഇവയെല്ലാം അനാവശ്യ വാദപ്രതിവാദങ്ങൾ ഉളവാക്കുന്നവയാണ്; വിശ്വാസത്തിലുള്ള ദൈവികശുശ്രൂഷയ്ക്ക് ഉപകരിക്കുന്നതുമല്ല.
ന്യായപ്രമാണത്തിന്റെ ഉദ്ദേശ്യവും ഉപയോഗവും
പൗലോസ് ന്യായപ്രമാണത്തിന്റെ ഉദ്ദേശ്യവും ഉപയോഗവും വിശദീകരിക്കുന്നു. ധാർമികനന്മ പാലിക്കാൻ അനുശാസിക്കുകയും എല്ലാത്തരം ദുഷ്ടതയെയും കുറ്റംവിധിക്കുകയും ചെയ്യുന്നതിനാൽ അത് ക്രിസ്തീയവിശ്വാസത്തോട് പൂർണമായും യോജിക്കുന്നുവെന്ന് അദ്ദേഹം കാണിക്കുന്നു.
5 ഞാൻ നൽകുന്ന ഈ നിർദേശത്തിന്റെ ഉദ്ദേശ്യമോ നിർമലഹൃദയം, ശുദ്ധമനസ്സാക്ഷി, കാപട്യമില്ലാത്തവിശ്വാസം ഇവയിൽനിന്ന് ഉത്ഭവിക്കുന്ന സ്നേഹംതന്നെ. 6 ചിലർ ഇവയിൽനിന്നു വ്യതിചലിച്ച്, അർഥരഹിതമായ വാദങ്ങളിൽ ഏർപ്പെടുന്നു. 7 അവർ വേദോപദേഷ്ടാക്കൾ ആകാൻ ആഗ്രഹിക്കുന്നു എങ്കിലും അവർ പറയുന്നതും സ്ഥാപിക്കാൻ ശ്രമിക്കുന്നതുമായ തത്ത്വങ്ങൾ അവർക്കുതന്നെ പൂർണനിശ്ചയമില്ലാത്തവയുമാണ്.
8 ഒരാൾ ന്യായപ്രമാണം ന്യായോചിതമായി ഉപയോഗിക്കുന്നെങ്കിൽ അത് ഉത്തമമാണെന്ന് നമുക്കറിയാം. 9 നീതിനിഷ്ഠർക്കുവേണ്ടിയല്ല; പിന്നെയോ നിയമനിഷേധികൾക്കും വിമതർക്കും അഭക്തർക്കും പാപികൾക്കും അശുദ്ധർക്കും നാസ്തികർക്കും പിതൃഹത്യ നടത്തുന്നവർക്കും കൊലപാതകികൾക്കും 10 അവിഹിതവേഴ്ചക്കാർക്കും സ്വവർഗഭോഗികൾക്കും അടിമവ്യാപാരികൾക്കും വ്യാജം പറയുന്നവർക്കും വ്യാജശപഥംചെയ്യുന്നവർക്കും നിർമലോപദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന മറ്റ് എല്ലാവർക്കുംവേണ്ടിയാണ് ന്യായപ്രമാണം നൽകിയിട്ടുള്ളത്. 11 വാഴ്ത്തപ്പെട്ട ദൈവത്തിന്റെ തേജസ്സുള്ള സുവിശേഷത്തിന് അനുസൃതമായിട്ടുള്ളതാണ് എന്നെ ഏൽപ്പിച്ചിരിക്കുന്ന ഈ നിർമലോപദേശം.
പൗലോസിനെ അപ്പൊസ്തലനാക്കിയതിൽ ക്രിസ്തുവിന്റെ കരുണ
ഈ മഹത്തായ സുവിശേഷത്തിന്റെ അപ്പൊസ്തലനായി തന്നെ നിയമിച്ചതിൽ ക്രിസ്തു കാണിച്ച നന്മയെക്കുറിച്ച് വിശദമായി ചിന്തിക്കാൻ പൗലോസ് വിഷയത്തിൽനിന്ന് അൽപ്പം മാറുന്നു. ദൈവം തന്നോടു കാണിച്ച കരുണയെ അടിസ്ഥാനമാക്കി അദ്ദേഹം എല്ലാ പാപികളെയും മാനസാന്തരത്തിലേക്കു ക്ഷണിക്കുന്നു.
12 എനിക്കു ശക്തി നൽകി, എന്നെ വിശ്വസ്തനായി പരിഗണിച്ച് അവിടത്തെ ശുശ്രൂഷയ്ക്കു നിയോഗിച്ച നമ്മുടെ കർത്താവായ ക്രിസ്തുയേശുവിന് ഞാൻ സ്തോത്രംചെയ്യുന്നു. 13 മുമ്പ് ഞാൻ ദൈവദൂഷകനും പീഡകനും നിഷ്ഠുരനുമായിരുന്നു; എങ്കിലും എനിക്കു കരുണ ലഭിച്ചു. കാരണം അവിശ്വാസിയും അജ്ഞനുമായിട്ടാണ് ഇവ ഞാൻ പ്രവർത്തിച്ചിരുന്നത്. 14 ക്രിസ്തുയേശുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ, നമ്മുടെ കർത്താവിന്റെ കൃപയും എന്നിലേക്കു സമൃദ്ധമായി വർഷിച്ചിരിക്കുന്നു.
15 പാപികളെ രക്ഷിക്കുന്നതിനാണ് ക്രിസ്തുയേശു ലോകത്തിൽ വന്നത് എന്ന വചനം തികച്ചും സ്വീകാര്യവും വിശ്വാസയോഗ്യവും ആകുന്നു. ഞാനാണ് ആ പാപികളിൽ അഗ്രഗണ്യൻ! 16 ക്രിസ്തുയേശുവിൽ വിശ്വസിച്ച് നിത്യജീവൻ ലഭിക്കാനിരിക്കുന്നവരോട് ദൈവം കാണിക്കുന്ന അളവറ്റ കൃപയുടെ നിദർശനം ഞാൻ ആയിത്തീരണം എന്നതുകൊണ്ടാണ്, ആ പാപികളിൽ ഒന്നാമനായ എനിക്ക് അന്തമില്ലാത്ത കരുണ ലഭിച്ചത്. 17 യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏകദൈവത്തിന് അനന്തകാലത്തേക്ക് ബഹുമാനവും മഹത്ത്വവും ഉണ്ടാകുമാറാകട്ടെ; ആമേൻ!
വിശ്വാസം കാത്തുസൂക്ഷിക്കാൻ തിമോത്തിയോസിനുള്ള ആജ്ഞ
തിമോത്തിയോസ് പ്രവചനത്താൽ ക്രൈസ്തവശുശ്രൂഷയിലേക്കു നിയമിക്കപ്പെട്ടവനാണെന്ന് പൗലോസ് അദ്ദേഹത്തെ ഓർമിപ്പിക്കുകയും, നിർമലമായ വിശ്വാസവും നല്ല മനസ്സാക്ഷിയും മുറുകെപ്പിടിക്കാൻ അദ്ദേഹത്തെ പ്രബോധിപ്പിക്കുകയും ചെയ്യുന്നു. ഇവ രണ്ടും കാത്തുസൂക്ഷിക്കാതിരുന്ന അലെക്സന്തറും ഹുമനയൊസും തങ്ങളുടെ ഭക്തികേടിനു ശിക്ഷിക്കപ്പെടുന്നു.
18 എന്റെ മകനേ, തിമോത്തിയോസേ, നിന്നെക്കുറിച്ചു മുമ്പുണ്ടായ പ്രവചനങ്ങൾക്ക് അനുസൃതമായിട്ടാണ് ഈ നിർദേശം ഞാൻ നിനക്കു നൽകുന്നത്. 19 അതു തിന്മയെ പ്രതിരോധിച്ച് ഉത്തമപടയാളിയായി നിന്റെ വിശ്വാസവും നല്ല മനസ്സാക്ഷിയും നിലനിർത്തി യുദ്ധസേവ ചെയ്യുന്നതിന് സഹായിക്കട്ടെ. ചിലർ ഇവ ഉപേക്ഷിച്ച് അവരുടെ വിശ്വാസം പൂർണമായി തകർത്തുകളഞ്ഞു. 20 ഇക്കൂട്ടത്തിൽപ്പെട്ടവരാണ് ഹുമനയൊസും അലെക്സന്തറും. അവർ ദൈവദൂഷണത്തിൽനിന്നു പിന്തിരിയാൻ പഠിക്കേണ്ടതിനാണ് ഞാൻ അവരെ സാത്താന് ഏൽപ്പിച്ചുകൊടുത്തിരിക്കുന്നത്.
എല്ലാ മനുഷ്യർക്കുംവേണ്ടി പ്രാർഥിക്കാൻ പൗലോസ് കൽപ്പിക്കുന്നു
യെഹൂദാചാരവാദികളായ ക്രിസ്ത്യാനികൾക്കെതിരായി, സുവിശേഷത്തിന്റെ ദയാപൂർണമായ മനോഭാവത്തിൽ, യെഹൂദരോ യെഹൂദേതരരോ ആയ എല്ലാ മനുഷ്യർക്കുംവേണ്ടി, വിശേഷാൽ എല്ലാ ജനതയിലെയും ദേശത്തിലെയും രാജാക്കന്മാർക്കും അധികാരികൾക്കുംവേണ്ടി, പ്രാർഥിക്കാൻ പൗലോസ് ക്രൈസ്തവവിശ്വാസികളായിത്തീർന്നവരോടു കൽപ്പിക്കുന്നു. എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവനും, തനിക്കും സകലജനതകളിലെയും മനുഷ്യർക്കും മധ്യേ ഏക മധ്യസ്ഥൻമാത്രമുള്ളവനുമായ ദൈവത്തിന് ഇതു പ്രസാദകരമാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു. ഈ സത്യങ്ങൾ യെഹൂദർക്കെന്നപോലെ യെഹൂദേതരർക്കും അറിയിക്കാൻ പൗലോസ് നിയമിക്കപ്പെട്ടിരിക്കുന്നു.
1 സകലമനുഷ്യർക്കുംവേണ്ടി അപേക്ഷകളും പ്രാർഥനകളും മധ്യസ്ഥതയും സ്തോത്രവും അർപ്പിക്കണമെന്ന് ആദ്യംതന്നെ ഞാൻ പ്രബോധിപ്പിക്കട്ടെ. 2 നാം പ്രശാന്തവും സമാധാനപൂർണവും ഭയഭക്തിയുള്ളതും അന്തസ്സുറ്റതുമായ ഒരു ജീവിതം നയിക്കാൻ സാധിക്കേണ്ടതിനു രാജാക്കന്മാർക്കുവേണ്ടിയും ഉന്നത അധികാരികൾക്കുവേണ്ടിയും പ്രാർഥിക്കുക. 3 ഇത് ഉത്തമവും നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെസന്നിധിയിൽ സ്വീകാര്യവുമാണ്. 4 സകലമനുഷ്യരും രക്ഷപ്രാപിക്കണമെന്നും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തിച്ചേരണമെന്നും അവിടന്ന് ആഗ്രഹിക്കുന്നു. 5 ദൈവം ഏകനാണ്; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഏകൻ; മനുഷ്യനായ ക്രിസ്തുയേശുമാത്രം. 6 അവിടന്ന് എല്ലാവർക്കുംവേണ്ടി വീണ്ടെടുപ്പുവിലയായി സ്വയം അർപ്പിച്ചു; ഇതാണ് ഉചിതമായ സന്ദർഭത്തിൽ മനുഷ്യനു വെളിപ്പെടുത്തിയ സാക്ഷ്യം. 7 ഇതിനുവേണ്ടി പ്രഘോഷകനും അപ്പൊസ്തലനുമായി ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു—ഞാൻ പറയുന്നത് വ്യാജമല്ല; സത്യമാണ്—യെഹൂദേതരർക്ക് വിശ്വാസത്തിലും സത്യത്തിലും ഉപദേഷ്ടാവായിട്ടുതന്നെ.