ഒന്നാമത്തെ ആദാമും രണ്ടാമത്തെ ആദാമും
ഒന്നാമത്തെ ആദാമും രണ്ടാമത്തെ ആദാമും തമ്മിലുള്ള സാദൃശ്യത്തിലൂടെ പുനരുത്ഥാനത്തിന്റെ സത്യം യെഹൂദർക്ക് തെളിയിച്ചുകൊടുക്കുന്നു.
ക്രി.പി. 57
Biblica® Open Malayalam Contemporary Version™ (OMCV)
45 “ആദ്യമനുഷ്യനായ ആദാം ജീവനുള്ളവനായിത്തീർന്നു” എന്നെഴുതിയിരിക്കുന്നല്ലോ; അവസാനത്തെ ആദാം ജീവൻ നൽകുന്ന ആത്മാവായി. 46 ആദ്യമുണ്ടായത് ആത്മികമല്ല, ഭൗതികമായിരുന്നു. ആത്മികം അതിനുശേഷം. 47 ഒന്നാംമനുഷ്യൻ ഭൂമിയിൽനിന്നുള്ള മർത്യൻ; രണ്ടാംമനുഷ്യനോ സ്വർഗത്തിൽനിന്നുള്ളവൻ. 48 ആ മർത്യനെപ്പോലെതന്നെ ശേഷം മർത്യരും, സ്വർഗത്തിൽനിന്നുള്ളവനെപ്പോലെതന്നെ സ്വർഗീയരും ആകുന്നു. 49 നാം ആ മർത്യന്റെ സ്വരൂപം ധരിച്ചിരിക്കുന്നതുപോലെ സ്വർഗീയന്റെയും സ്വരൂപം ധരിക്കും.
പാപത്തിന്മേലും മരണത്തിന്മേലുമുള്ള വിജയം
നമ്മുടെ ഇപ്പോഴത്തെ ശരീരങ്ങൾക്ക് ആത്മികാവസ്ഥയിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് പൗലോസ് ഉറപ്പിച്ചുപറയുന്നു. പുനരുത്ഥാനം എങ്ങനെ സംഭവിക്കുമെന്നും അമർത്യാവസ്ഥയിൽ പാപത്തിന്മേലും മരണത്തിന്മേലുമുള്ള സമ്പൂർണ വിജയത്തോടെ ഉണ്ടാകുന്ന മഹത്തായ രൂപാന്തരം എന്തായിരിക്കുമെന്നും അദ്ദേഹം വിവരിക്കുന്നു. ഇവയുടെ അടിസ്ഥാനത്തിൽ സജീവവും ഉറച്ചതുമായ വിശ്വാസം പുലർത്താൻ കൊരിന്ത്യരെ ഉദ്ബോധിപ്പിക്കുന്നു.
50 സഹോദരങ്ങളേ, ജഡരക്തങ്ങൾക്കു ദൈവരാജ്യം അവകാശമാക്കാൻ സാധ്യമല്ലെന്നു ഞാൻ പറയുന്നു; നശ്വരമായത് അനശ്വരതയെ അവകാശമാക്കുകയില്ല. 51 ശ്രദ്ധിക്കുക, ഞാൻ ഒരു രഹസ്യം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രപ്രാപിക്കുകയില്ല, നാം എല്ലാവരും രൂപാന്തരപ്പെടും. 52 അന്ത്യകാഹളധ്വനി മുഴങ്ങുമ്പോൾ, ക്ഷണനേരത്തിൽ, കണ്ണിമയ്ക്കുന്നതിനിടയിൽ മരിച്ചവർ അക്ഷയരായി ഉയിർപ്പിക്കപ്പെടും; നാം രൂപാന്തരം പ്രാപിക്കുകയും ചെയ്യും. 53 ഈ നശ്വരമായത് അനശ്വരതയെയും ഈ മർത്യമായത് അമർത്യതയെയും ധരിക്കേണ്ടതാകുന്നു. 54 ഇങ്ങനെ ഈ നശ്വരമായത് അനശ്വരതയെയും ഈ മർത്യമായത് അമർത്യതയെയും ധരിച്ചുകഴിയുമ്പോൾ, “മരണത്തെ വിജയം ഗ്രസിച്ചു” എന്നു എഴുതിയ വചനം നിറവേറും.
55 “ഹേ മരണമേ, നിന്റെ ജയം എവിടെ?
ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ?”
56 മരണത്തിന്റെ വിഷമുള്ള് പാപം; പാപത്തിന്റെ ശക്തി ന്യായപ്രമാണം. 57 എന്നാൽ ദൈവത്തിനു സ്തോത്രം! നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ അവിടന്ന് നമുക്കു വിജയം നൽകുന്നു.
58 അതുകൊണ്ട് എന്റെ പ്രിയസഹോദരങ്ങളേ, നിങ്ങൾ അചഞ്ചലരായിരിക്കുക; യാതൊന്നും നിങ്ങളെ ഉലച്ചുകളയാൻ ഇടയാകരുത്. കർത്താവിൽ നിങ്ങളുടെ അധ്വാനം വ്യർഥമല്ല എന്നറിയുന്നതുകൊണ്ടു കർത്താവിന്റെ വേലയിൽ എപ്പോഴും വ്യാപൃതരായിരിക്കുക.
ദരിദ്രർക്കായുള്ള ധനശേഖരണത്തിന് പൗലോസ് നിർദേശം നൽകുന്നു
കൊരിന്ത്യരുടെ അവസാനത്തെ ചോദ്യത്തിന് മറുപടിയായി, ക്രിസ്ത്യാനികൾ ദരിദ്രർക്കുവേണ്ടി എങ്ങനെ കരുതണമെന്ന് പൗലോസ് നിർദേശിക്കുകയും അവർ ശേഖരിക്കുന്ന സംഭാവനകൾ ജെറുശലേമിലേക്ക് അയയ്ക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
1 ദൈവജനത്തിനു വേണ്ടിയുള്ള ധനശേഖരണത്തെപ്പറ്റി: ഗലാത്യസഭകളോടു ഞാൻ നിർദേശിച്ചതുപോലെതന്നെ നിങ്ങളും ചെയ്യുക. 2 ഓരോ ആഴ്ചയുടെയും ഒന്നാംദിവസം നിങ്ങളിൽ ഓരോരുത്തരും അവരവരുടെ വരുമാനം അനുസരിച്ചുള്ള ഒരു തുക മാറ്റിവെക്കണം. അങ്ങനെചെയ്താൽ, ഞാൻ വന്നതിനുശേഷം ധനശേഖരണം നടത്തേണ്ടിവരികയില്ലല്ലോ. 3 നിങ്ങളുടെ സംഭാവന ജെറുശലേമിലേക്കു കൊണ്ടുപോകാൻ ഞാൻ വന്നശേഷം നിങ്ങൾക്കു സമ്മതരായവരെ ശുപാർശക്കത്തുകളുമായി അയയ്ക്കാം. 4 ഞാനും പോകുന്നതു നല്ലതെന്നു തോന്നിയാൽ അവർക്ക് എന്നോടുകൂടെ പോരാം.
പൗലോസിന്റെ സമാപനസന്ദേശങ്ങളും അഭിവാദനങ്ങളും
വിവിധ സന്ദേശങ്ങളും അഭിവാദനങ്ങളുമായി പൗലോസ് തന്റെ കത്ത് അവസാനിപ്പിക്കുന്നു. തന്റെ മകനായ തിമോത്തിയോസിനെക്കുറിച്ചും അപ്പൊല്ലോസ് അവരെ വന്നു കാണാൻ ഉദ്ദേശിക്കുന്നതിനെക്കുറിച്ചും അദ്ദേഹം അവരോടു പറയുന്നു. തിമോത്തിയോസിനെ അദ്ദേഹം അവർക്ക് ശുപാർശ ചെയ്യുന്നു. വിശ്വാസവും സ്നേഹവും പുലർത്താൻ അദ്ദേഹം അവരെ ഉദ്ബോധിപ്പിക്കുന്നു. സ്തെഫാനൊസ്, ഫൊർത്തുനാതൊസ്, അഖായിക്കോസ് എന്നിവരെ അദ്ദേഹം അവർക്ക് ശുപാർശ ചെയ്യുന്നു. അഭിവാദനങ്ങളും ആശംസകളുമായി അദ്ദേഹം അവസാനിപ്പിക്കുന്നു.
5 ഞാൻ മക്കദോന്യയിൽക്കൂടി യാത്രചെയ്ത് നിങ്ങളുടെ അടുത്തെത്തും—അതുവഴിയാണു ഞാൻ വരുന്നത്. 6 ഒരുപക്ഷേ ഞാൻ കുറച്ചുകാലം നിങ്ങളോടുകൂടെ താമസിച്ചേക്കും, ശീതകാലം മുഴുവൻ അവിടെ ചെലവഴിച്ചെന്നും വരാം, അപ്പോൾ എന്റെ തുടർന്നുള്ള യാത്രയ്ക്കു വേണ്ടുന്ന സഹായം ചെയ്തുതരാൻ നിങ്ങൾക്കു കഴിയുമല്ലോ. 7 ഇപ്പോൾ നിങ്ങളെ സന്ദർശിച്ചിട്ടു പെട്ടെന്നു മടങ്ങാനല്ല ഞാൻ ആഗ്രഹിക്കുന്നത്; കർത്താവ് അനുവദിച്ചാൽ കുറച്ചുകാലം നിങ്ങളോടൊപ്പം താമസിക്കാൻ ഞാൻ ആശിക്കുന്നു. 8 എന്നാൽ പെന്തക്കൊസ്തുവരെ ഞാൻ എഫേസോസിൽ താമസിക്കും. 9 കാരണം, ഫലപ്രദമായ വേലയ്ക്കുവേണ്ടി വലിയൊരു വാതിൽ എനിക്കു തുറന്നുകിട്ടിയിരിക്കുന്നു; എന്നെ എതിർക്കുന്നവരും പലരുണ്ട്.
10 തിമോത്തിയോസ് വരുമ്പോൾ, ഭയലേശമെന്യെ അദ്ദേഹത്തിന് നിങ്ങളോടുകൂടെ വസിക്കാൻ നിങ്ങൾ സാഹചര്യമൊരുക്കണം. അദ്ദേഹം എന്നെപ്പോലെതന്നെ കർത്താവിന്റെ വേല ചെയ്യുകയാണല്ലോ. 11 ആരും അദ്ദേഹത്തോട് അനാദരവ് കാണിക്കരുത്. എന്റെ അടുക്കൽ മടങ്ങിയെത്തേണ്ടതിന് അദ്ദേഹത്തെ സമാധാനത്തോടെ യാത്രയയയ്ക്കണം. ഞാനും സഹോദരന്മാരും അദ്ദേഹത്തെ കാത്തിരിക്കുകയാണ്.
12 നമ്മുടെ സഹോദരനായ അപ്പൊല്ലോസിന്റെ കാര്യം: സഹോദരരോടുകൂടെ നിങ്ങളുടെ അടുത്തേക്കു വരാൻ ഞാൻ അദ്ദേഹത്തെ നിർബന്ധിച്ചു, എന്നാൽ ഉടനെ വരാൻ അദ്ദേഹത്തിനു തീരെ താത്പര്യമില്ല, അവസരം ലഭിക്കുമ്പോൾ അദ്ദേഹം വരും.
13 ജാഗ്രതയോടിരിക്കുക, വിശ്വാസത്തിൽ സുസ്ഥിരരായിരിക്കുക, ധൈര്യമുള്ളവരായിരിക്കുക, ശക്തരായിരിക്കുക. 14 നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ആകട്ടെ.
15 സഹോദരങ്ങളേ, അഖായയിൽ ആദ്യം വിശ്വസിച്ചത് സ്തെഫാനൊസിന്റെ കുടുംബമാണെന്നു നിങ്ങൾക്കറിയാമല്ലോ; വിശ്വാസികളുടെ ശുശ്രൂഷയ്ക്കായി അവർ സ്വയം സമർപ്പിച്ചിരിക്കുകയാണ്. 16 അങ്ങനെയുള്ളവർക്കും, ഈ ശുശ്രൂഷയിൽ അവരോടൊപ്പം അധ്വാനിക്കുന്നവർക്കും നിങ്ങൾ വിധേയരായിരിക്കണമെന്നു ഞാൻ നിങ്ങളെ നിർബന്ധിക്കുന്നു. 17 സ്തെഫാനൊസും ഫൊർത്തുനാതൊസും അഖായിക്കോസും വന്നപ്പോൾ ഞാൻ ആനന്ദിച്ചു; കാരണം നിങ്ങളുടെ അഭാവം അവർ നികത്തി. 18 അവർ എന്റെയും നിങ്ങളുടെയും ആത്മാവിനു നവോന്മേഷം നൽകിയിരിക്കുന്നു. ഇങ്ങനെയുള്ളവരെ ആദരിക്കുക.
19 ഏഷ്യാപ്രവിശ്യയിലെ സഭകൾ നിങ്ങളെ അഭിവാദനംചെയ്യുന്നു.
അക്വിലാസും പ്രിസ്കില്ലയും അവരുടെ ഭവനത്തിൽ കൂടിവരുന്ന സഭയും കർത്താവിൽ നിങ്ങളെ ഹൃദയപൂർവം അഭിവാദനംചെയ്യുന്നു.
20 എല്ലാ സഹോദരങ്ങളും അഭിവാദനംചെയ്യുന്നു.
വിശുദ്ധചുംബനത്താൽ പരസ്പരം അഭിവാദനംചെയ്യുക.
21 പൗലോസ് എന്ന ഞാൻ, സ്വന്തം കൈയാൽ ഈ വന്ദനം എഴുതുന്നു.
22 കർത്താവിനെ സ്നേഹിക്കാത്ത ഏവരും ശാപഗ്രസ്തർ! കർത്താവേ, വരണമേ!
23 കർത്താവായ യേശുവിന്റെ കൃപ നിങ്ങളോടുകൂടെ ഉണ്ടാകുമാറാകട്ടെ.
24 നിങ്ങൾക്ക് എല്ലാവർക്കും ക്രിസ്തുയേശുവിൽ എന്റെ സ്നേഹം, ആമേൻ.