യെഹൂദ്യയ്ക്കായി ഉദാരമായി നൽകാൻ പൗലോസ് പ്രബോധിപ്പിക്കുന്നു
വളരെ ക്ലേശകരമായ സാഹചര്യങ്ങളിലായിരുന്ന മക്കദോന്യയിലെ സഭകളുടെ മാതൃകയാൽ, യെഹൂദ്യയിലെ ക്രൈസ്തവസഹോദരന്മാരുടെ ആശ്വാസത്തിനായി ഉദാരമായി നൽകാൻ പൗലോസ് കൊരിന്ത്യരെ പ്രബോധിപ്പിക്കുന്നു. ദയാപ്രവൃത്തികൾ സ്വമനസ്സാലെ ആയിരിക്കണം എന്നതിനാൽ ഇത് ഒരു കൽപ്പനയായിട്ടല്ല താൻ നൽകുന്നതെന്നും, എന്നാൽ ക്രിസ്തുവിന്റെ മാതൃകയും സ്നേഹവും നിമിത്തം അവർ അവയിൽ സമൃദ്ധരാകുമെന്നു താൻ പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ദാനത്തിന്റെ വലുപ്പത്തെക്കാൾ ദാതാവിന്റെ മനസ്സൊരുക്കമാണ് ദൈവം വിലമതിക്കുന്നത് എന്നതിനാൽ, ഇതിനകം ആരംഭിച്ച ധനശേഖരണങ്ങൾ കാലതാമസംകൂടാതെ തങ്ങളുടെ പ്രാപ്തിക്കനുസരിച്ചു പൂർത്തിയാക്കാൻ അദ്ദേഹം അവരോട് ആഹ്വാനംചെയ്യുന്നു. അവർ നൽകുന്നത് യെഹൂദ്യയിലെ ദരിദ്രരായ സഹോദരന്മാർക്കുവേണ്ടിമാത്രം ഉപയോഗിക്കേണ്ടതാണ്; അവർക്കും തങ്ങളുടെ ഊഴത്തിൽ കൊരിന്ത്യരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞേക്കും.
ക്രി.പി. 58
Biblica® Open Malayalam Contemporary Version™ (OMCV)
1 സഹോദരങ്ങളേ, മക്കദോന്യയിലെ സഭകൾക്കു ദൈവം നൽകിയ കൃപയെപ്പറ്റി നിങ്ങൾ അറിഞ്ഞിരിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. 2 കഷ്ടതകളാകുന്ന തീവ്രപരീക്ഷണങ്ങളുടെ മധ്യത്തിലായിരുന്നിട്ടും, അവരുടെ ആനന്ദസമൃദ്ധിയും കഠിനദാരിദ്ര്യവും ഒത്തുചേർന്ന് അവരുടെ ഉദാരത ഒരു വലിയ സമ്പത്തായി കവിഞ്ഞൊഴുകി. 3 തങ്ങളുടെ കഴിവനുസരിച്ചും അതിനപ്പുറവും അവർ ദാനംചെയ്ത് എന്നതിനു ഞാൻ സാക്ഷി. 4 വിശ്വാസികൾക്കുവേണ്ടിയുള്ള ഈ ധനശേഖരശുശ്രൂഷയിൽ പങ്കു വഹിക്കുക എന്ന പദവിക്കായി അവർ ഒരു ബാഹ്യസമ്മർദവുംകൂടാതെതന്നെ ഞങ്ങളോട് വളരെ അപേക്ഷിച്ചു. 5 ഇവയെല്ലാം ഞങ്ങളുടെ പ്രതീക്ഷയ്ക്കും അപ്പുറമായിരുന്നു, അവർ ആദ്യം ദൈവഹിതപ്രകാരം കർത്താവിനു തങ്ങളെത്തന്നെ സമർപ്പിച്ചതുപോലെ ഞങ്ങൾക്കായും അപ്രകാരംചെയ്തു. 6 അതുകൊണ്ടു തീത്തോസ് ആരംഭിച്ചിട്ടുണ്ടായിരുന്ന ദാനശേഖരണം നിങ്ങളുടെ മധ്യത്തിൽ പൂർത്തീകരിക്കണമെന്ന് ഞങ്ങൾ അയാളോട് അപേക്ഷിച്ചു. 7 വിശ്വാസം, പ്രസംഗം, പരിജ്ഞാനം, തികഞ്ഞ ഉത്സാഹം, ഞങ്ങളോടുള്ള സ്നേഹം എന്നിങ്ങനെ എല്ലാറ്റിലും നിങ്ങൾ മികച്ചുനിൽക്കുന്നതുപോലെ, ദാനധർമത്തിന്റെ കാര്യത്തിലും ഏറ്റവും മുന്നിലായിരിക്കണം.
8 ഞാൻ നിങ്ങളോട് ആജ്ഞാപിക്കുകയല്ല, എന്നാൽ മറ്റുള്ളവർ കാട്ടുന്ന ഉത്സാഹത്തോട് നിങ്ങളുടെ സ്നേഹത്തിന്റെ ആത്മാർഥത തുലനംചെയ്തു പരിശോധിക്കാൻ ആഗ്രഹിക്കുകയാണ്. 9 നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും നിങ്ങൾക്കുവേണ്ടി ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നല്ലോ. അവിടത്തെ ദാരിദ്ര്യത്തിലൂടെ നിങ്ങൾ സമ്പന്നരായിത്തീരേണ്ടതിനാണ് അവിടന്ന് അപ്രകാരം പ്രവർത്തിച്ചത്.
10-11 ഈ കാര്യത്തിൽ നിങ്ങൾക്കുള്ള എന്റെ ഉപദേശം ഇതാണ്: നിങ്ങൾ ആരംഭിച്ചതു നിങ്ങളുടെ കഴിവിനൊത്തവണ്ണം ഇപ്പോൾ പൂർത്തിയാക്കുകയാണ് ഏറ്റവും പ്രയോജനപ്രദം. ഏറ്റവും ആദ്യം സംഭാവന നൽകിയതും നൽകാൻ ആഗ്രഹിച്ചതും നിങ്ങളാണല്ലോ. ഒരുവർഷംമുമ്പ് നിങ്ങൾ അത് ആരംഭിച്ചു. അങ്ങനെ ഇക്കാര്യം ചെയ്യുന്നതിനുള്ള ആകാംക്ഷാപൂർവമായ നിങ്ങളുടെ താത്പര്യംകൂടി പൂർത്തീകരിക്കപ്പെടും. 12 ഒരാൾക്കു താത്പര്യമുള്ളപക്ഷം അയാളുടെ കഴിവിനപ്പുറമായല്ല, കഴിവിനനുസൃതമായി അയാൾ നൽകുന്ന സംഭാവന സ്വീകാര്യമായിരിക്കും.
13 നിങ്ങളെ ബുദ്ധിമുട്ടിച്ചു മറ്റുള്ളവരെ സുഭിക്ഷരാക്കണമെന്നല്ല, സമത്വം ഉണ്ടാകണം എന്നതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. 14 ഇപ്പോൾ നിങ്ങളുടെ സമൃദ്ധി അവരുടെ ആവശ്യങ്ങൾ നിർവഹിക്കാനും പിന്നീട് അവരുടെ സമൃദ്ധി നിങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കാനും സഹായകമാകും; അങ്ങനെ സമത്വമുണ്ടാകും. 15 “കൂടുതൽ ശേഖരിച്ചവർക്കു കൂടുതലോ കുറച്ചു ശേഖരിച്ചവർക്കു കുറവോ കണ്ടില്ല” എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ.
തീത്തോസിനെയും രണ്ട് സഹോദരന്മാരെയും കൊരിന്തിലേക്ക് അയയ്ക്കുന്നു
തന്നെപ്പോലെതന്നെ അവരെക്കുറിച്ചു കരുതലുള്ളവനായി തീത്തോസിനെ ആക്കിയതിനു പൗലോസ് ദൈവത്തിനു നന്ദിപറയുന്നു. തീത്തോസിന്റെ ഉത്സാഹമാണ് ഈ ലേഖനം കൊണ്ടുപോകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. തങ്ങളെ ഏൽപ്പിച്ച വലിയ തുക ചെലവഴിച്ചതിനെക്കുറിച്ച് കുറ്റപ്പെടുത്തലിന്റെ യാതൊരു സംശയവും ഉയരാതിരിക്കേണ്ടതിന്, അവരുടെ ദാനങ്ങൾ എങ്ങനെ കൈകാര്യംചെയ്യപ്പെട്ടു എന്നതിന്റെ സാക്ഷിയായി മക്കദോന്യയിലെ സഭകൾ തെരഞ്ഞെടുത്ത, വലിയ സൽപ്പേരുള്ള ഒരു സഹോദരനെ തീത്തോസിനോടൊപ്പം താൻ അയയ്ക്കുന്നുവെന്ന് പൗലോസ് അവരോടു പറയുന്നു. അവരുടെ നല്ല മനോഭാവത്തെക്കുറിച്ചുള്ള വാർത്ത നിമിത്തം ഈ അവസരത്തിൽ അസാധാരണമായ ഉത്സാഹമുള്ള മറ്റൊരു സഹപ്രവർത്തകനെയും അയയ്ക്കുന്നു. ആ കക്ഷിയുടെ ചോദ്യങ്ങൾക്ക് എങ്ങനെ ഉത്തരം നൽകണമെന്ന് പൗലോസ് അവർക്കു നിർദേശം നൽകുകയും, ഈ സന്ദേശവാഹകർക്കും സഭകൾക്കും തങ്ങളുടെ സ്നേഹത്തിന്റെയും തങ്ങളിൽ പൗലോസിനുള്ള വിശ്വാസത്തിന്റെയും തെളിവു നൽകാൻ അവരെ പ്രബോധിപ്പിക്കുകയും ചെയ്യുന്നു.
16 നിങ്ങളെക്കുറിച്ച് എനിക്കുള്ള അതേ ശുഷ്കാന്തി തീത്തോസിന്റെ ഹൃദയത്തിലും നൽകിയ ദൈവത്തിനു സ്തോത്രം. 17 തീത്തോസ് ഞങ്ങളുടെ അഭ്യർഥന സ്വീകരിച്ചെന്നുമാത്രമല്ല, വളരെ ഉത്സാഹത്തോടെ, ബാഹ്യസമ്മർദമൊന്നും കൂടാതെതന്നെയാണ് നിങ്ങളുടെ അടുത്തേക്കു വരുന്നത്. 18 ഞങ്ങൾ അയാളോടൊപ്പം മറ്റൊരു സഹോദരനെയും അയയ്ക്കുന്നു. ആ സഹോദരൻ സുവിശേഷത്തിനുവേണ്ടിയുള്ള തന്റെ ശുശ്രൂഷയാൽ സകലസഭയുടെയും പ്രശംസയ്ക്കു പാത്രമായിത്തീർന്നിട്ടുള്ളയാളാണ്. 19 തന്നെയുമല്ല, കർത്താവിനെ മഹത്ത്വപ്പെടുത്താനും സഹായിക്കാനുള്ള നമ്മുടെ സന്മനസ്സ് പ്രകടമാക്കാനും നിർവഹിക്കുന്ന ഈ ശുശ്രൂഷയിൽ സഹായിയായി ഞങ്ങളോടൊപ്പം സഞ്ചരിക്കാൻ സഭകളാൽ തെരഞ്ഞെടുക്കപ്പെട്ടവ്യക്തിയാണ് അദ്ദേഹം. 20-21 ഞങ്ങളുടെ കൈയിൽ വന്നുചേരുന്ന ഉദാരമായ സംഭാവന കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് ഒരാക്ഷേപവും ഉണ്ടാകരുതെന്നു ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നതുകൊണ്ട് കർത്തൃസന്നിധിയിൽമാത്രമല്ല മനുഷ്യരുടെമുമ്പാകെയും യോഗ്യമായതുമാത്രമേ ചെയ്യുകയുള്ളൂ എന്നാണ് തീരുമാനിച്ചിട്ടുള്ളത്.
22 പല കാര്യങ്ങളിലും ജാഗ്രതയുള്ളവനെന്നു ഞങ്ങൾ പലപ്പോഴും പരീക്ഷിച്ചറിഞ്ഞ ഞങ്ങളുടെ സഹോദരനെയും അവരോടൊപ്പം അയയ്ക്കുന്നു. അദ്ദേഹത്തിനു നിങ്ങളിലുള്ള വിശ്വാസംമൂലം ഇപ്പോൾ അദ്ദേഹം കൂടുതൽ ഉത്സാഹിയാണ്. 23 തീത്തോസ് എന്റെ കൂട്ടാളിയും നിങ്ങളുടെ ഇടയിൽ എന്റെ സഹപ്രവർത്തകനുമാണ്; മറ്റു സഹോദരന്മാരോ, സഭകളാൽ അയയ്ക്കപ്പെട്ടവരും ക്രിസ്തുവിന്റെ മഹിമയ്ക്കു കാരണമാകുന്നവരുമാണ്. 24 അതുകൊണ്ട്, ഈ ആളുകളോടു നിങ്ങൾക്കുള്ള സ്നേഹവും നിങ്ങളിൽ ഞങ്ങൾക്കുള്ള അഭിമാനവും സഭകളുടെമുമ്പിൽ തെളിയിച്ചുകൊടുക്കുക.
ധനശേഖരണം ഒരുക്കാൻ തീത്തോസിനെ മുൻകൂട്ടി അയയ്ക്കുന്നു
ഒരു വർഷം മുമ്പ് കൊരിന്ത്യർ കാണിച്ച സന്നദ്ധതയെക്കുറിച്ച് താൻ മക്കദോന്യക്കാരോട് അഭിമാനത്തോടെ പറഞ്ഞിരുന്നതായി പൗലോസ് അവരെ വീണ്ടും ഓർമിപ്പിക്കുന്നു. അതിനുശേഷം അവർ ഇക്കാര്യത്തിൽ അലംഭാവം കാണിച്ചതായി തീത്തോസിൽനിന്ന് അറിഞ്ഞതിനാൽ, താൻ എത്തുന്നതിനുമുമ്പ് ധനശേഖരണം ഒരുക്കാൻ അദ്ദേഹം തീത്തോസിനെയും കൂട്ടാളികളെയും അയയ്ക്കുന്നു. അവരെക്കുറിച്ചു പറഞ്ഞ പ്രശംസ നിമിത്തം താൻ ലജ്ജിക്കാതിരിക്കാനും, അവരുടെ ദാനം സ്വമനസ്സാലുള്ളതായിരിക്കാനും, അത്യാഗ്രഹികളിൽനിന്ന് നിർബന്ധിച്ചു വാങ്ങിയതുപോലെ ആകാതിരിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്.
1 വിശ്വാസികൾക്കുവേണ്ടിയുള്ള ഈ ധനശേഖരണം സംബന്ധിച്ച് ഞാൻ നിങ്ങൾക്ക് എഴുതേണ്ടതില്ല. 2 കാരണം, സഹവിശ്വാസികളെ സഹായിക്കാനുള്ള നിങ്ങളുടെ ഉത്സാഹം എനിക്കറിയാം. അഖായയിലുള്ള നിങ്ങൾ കഴിഞ്ഞവർഷംമുതലേ സംഭാവന ചെയ്യാൻ ഉത്സുകരായിരിക്കുന്നെന്നു നിങ്ങളെപ്പറ്റി മക്കദോന്യക്കാരോടു ഞാൻ പുകഴ്ത്തിപ്പറഞ്ഞുകൊണ്ടാണിരുന്നത്; നിങ്ങളുടെ ഉത്സാഹം അവരിൽ മിക്കവരെയും പ്രവർത്തനോത്സുകരാക്കിയിട്ടുമുണ്ട്. 3 ഈ വിഷയത്തിൽ നിങ്ങളെക്കുറിച്ചു ഞങ്ങൾക്കുള്ള അഭിമാനം വ്യാജമല്ല എന്നു തെളിയിക്കാനും ഞാൻ നേരത്തേ പറഞ്ഞിരുന്നതുപോലെ നിങ്ങൾ ഒരുങ്ങിയിരിക്കാനുംവേണ്ടിയാണു സഹോദരന്മാരെ അയയ്ക്കുന്നത്. 4 ഇത്, മക്കദോന്യക്കാരായ ആരെങ്കിലും എന്റെകൂടെ വരികയും നിങ്ങളെ ഒരുക്കമില്ലാത്തവരായി കാണുകയുംചെയ്താൽ, നിങ്ങളെ സംബന്ധിച്ച അമിതവിശ്വാസം നിമിത്തം ഞങ്ങൾ ലജ്ജിക്കാൻ ഇടവരാതിരിക്കേണ്ടതിനാണ്. നിങ്ങൾക്കുണ്ടാകുന്ന ലജ്ജയെക്കുറിച്ച് പറയുകയേ വേണ്ട. 5 അതുകൊണ്ട് നിങ്ങളെ മുൻകൂട്ടി സന്ദർശിച്ചു നിങ്ങൾ വാഗ്ദാനംചെയ്തിരുന്ന ഉദാരസംഭാവനയുടെ ക്രമീകരണം പൂർത്തിയാക്കാൻ സഹോദരന്മാരോട് ആവശ്യപ്പെടണമെന്നു ഞാൻ ചിന്തിച്ചു. അപ്പോൾ അതു വൈമനസ്യത്തോടെയല്ല, ഒരു ഔദാര്യദാനമായി ഒരുക്കപ്പെട്ടിരിക്കും.
ഉദാരമായി വിതയ്ക്കുക, സന്തോഷത്തോടെ നൽകുക
ഇവിടത്തെ പ്രവൃത്തികൾക്കനുസരിച്ച് മറ്റൊരു ലോകത്തിൽ നമുക്കു പ്രതിഫലം ലഭിക്കുമെന്നതിനാൽ, ഉദാരമനസ്കരായിരിക്കാൻ പൗലോസ് കൊരിന്ത്യരെ പ്രേരിപ്പിക്കുന്നു. സന്തോഷത്തോടെ നൽകാൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിക്കുന്നു. അവരുടെ അധ്വാനത്തെ അനുഗ്രഹിക്കാനും, സ്വന്തം ആവശ്യങ്ങൾക്കും ജീവകാരുണ്യപ്രവൃത്തികൾക്കും മതിയായ ഭൗതികസമ്പത്ത് നൽകാനും ദൈവത്തിനു കഴിയും. സഹായം ലഭിക്കുന്നവർ സന്തോഷിക്കുകയും ദൈവത്തിനു നന്ദി പറയുകയും ദാനം നൽകിയവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നു.
6 അൽപ്പം വിതയ്ക്കുന്നവൻ അൽപ്പം കൊയ്യും; ധാരാളം വിതയ്ക്കുന്നവൻ ധാരാളം കൊയ്യും എന്ന് ഓർക്കുക. 7 ഓരോരുത്തരും ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. വൈമനസ്യത്തോടെയോ നിർബന്ധത്താലോ ആകരുത്. കാരണം, ആനന്ദത്തോടെ കൊടുക്കുന്നവരെ ദൈവം സ്നേഹിക്കുന്നു. 8 നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും അനുസൃതമായും നിങ്ങൾ സകലസൽപ്രവൃത്തികളിലും വർധിച്ചുവരത്തക്ക വിധത്തിലും സമൃദ്ധമായ അനുഗ്രഹം നൽകാൻ ദൈവം പ്രാപ്തനാണ്.
9 “അവർ വാരിവിതറി ദരിദ്രർക്കു കൊടുക്കുന്നു;
അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു,”
എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ. 10 വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും നൽകുന്നവൻ നിങ്ങളുടെ വിത്തിന്റെ ശേഖരം വർധിപ്പിക്കുകയും നീതിയുടെ വിളവെടുപ്പു സമൃദ്ധമാക്കുകയും ചെയ്യും. 11 നിങ്ങൾ ഏതു സാഹചര്യങ്ങളിലും ഉദാരമനസ്ക്കരാകേണ്ടതിന് നിങ്ങൾ ദൈവത്താൽ എല്ലാരീതിയിലും സമ്പന്നരാക്കപ്പെടും. അങ്ങനെ നിങ്ങളുടെ ഉദാരത, ദൈവത്തിനു നന്ദി അർപ്പിക്കാൻ ഞങ്ങൾക്ക് കാരണമായിത്തീരും.
12 നിങ്ങളുടെ ഈ സേവനം വിശ്വാസികളുടെ ഭൗതികാവശ്യങ്ങൾ നിർവഹിക്കുകമാത്രമല്ല, ദൈവത്തോടുള്ള അനവധിയായ നന്ദിപ്രകാശനം കവിഞ്ഞൊഴുകാൻ കാരണവും ആകും. 13 നിങ്ങളുടെ സ്വഭാവം തെളിയിച്ച ഈ ശുശ്രൂഷയുടെ ഫലമായി ജനങ്ങൾ ദൈവത്തെ മഹത്ത്വപ്പെടുത്തും; ക്രിസ്തുവിന്റെ സുവിശേഷം സ്വീകരിച്ചതിനെ തുടർന്നുള്ള നിങ്ങളുടെ അനുസരണത്തിനായും നിങ്ങളുടെ വസ്തുവകകൾ അവർക്കും മറ്റനേകർക്കും പങ്കുവെക്കാൻ കാണിച്ച സന്മനസ്സിനായുംതന്നെ. 14 നിങ്ങൾക്കു ലഭിച്ച അളവില്ലാത്ത ദൈവകൃപ നിമിത്തം നിങ്ങളെ കാണാൻ വാഞ്ഛിച്ചുകൊണ്ട് അവർ നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും. 15 അവിടത്തെ അവർണനീയമായ ദാനം ഓർത്ത് ദൈവത്തിനു സ്തോത്രം!
നേരിട്ടും ധൈര്യം കാണിക്കാനാകുമെന്ന് പൗലോസ് മുന്നറിയിപ്പു നൽകുന്നു
നേരിട്ടുള്ളപ്പോൾ മാത്രം സൗമ്യനും അകന്നിരിക്കുമ്പോൾ കത്തുകളിൽ ധൈര്യശാലിയുമാണെന്നു പറഞ്ഞ് തന്നെ അപകീർത്തിപ്പെടുത്തിയ വ്യാജോപദേഷ്ടാവിനെയും അയാളുടെ അനുയായികളെയുമാണ് പൗലോസ് ഇപ്പോൾ പ്രത്യേകമായി അഭിസംബോധന ചെയ്യുന്നത്. താൻ ജഡപ്രകാരം ജീവിക്കുന്നുവെന്ന് കുറ്റപ്പെടുത്തുന്നവരോട്, അകന്നിരിക്കുന്ന അദ്ദേഹം പരിഹാസത്തോടെ അപേക്ഷിക്കുന്നത്, നേരിട്ടെത്തുമ്പോൾ തന്റെ ധൈര്യം തെളിയിക്കാൻ ഇടവരുത്തരുത് എന്നാണ്. സുവിശേഷത്തിനു വിരുദ്ധമായ എല്ലാറ്റിനെയും തകർക്കാൻ ദൈവം തനിക്കു നൽകിയ അസാധാരണ ശക്തികളെക്കുറിച്ച് അദ്ദേഹം പ്രഖ്യാപിക്കുന്നു. അവരിൽ മാനസാന്തരപ്പെട്ടവരുടെ അനുസരണം പൂർണമാകുമ്പോൾത്തന്നെ, അനുസരണക്കേടിനെ ശിക്ഷിക്കാൻ തന്റെ അത്ഭുതശക്തി പ്രകടമാക്കാൻ തയ്യാറാണെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു.
1 നിങ്ങളെ അഭിമുഖമായി കാണുമ്പോൾ “വിനീതനും” അകലെയായിരിക്കുമ്പോൾ “ധീരനും” എന്നു നിങ്ങൾ കരുതുന്ന “പൗലോസ്” എന്ന ഞാൻ, ക്രിസ്തുവിന്റെ വിനയവും സൗമ്യതയും മുൻനിർത്തി നിങ്ങളോട് അഭ്യർഥിക്കുന്നു: 2 ഞങ്ങൾ ലൗകികമാനദണ്ഡങ്ങൾ അനുസരിച്ചാണ് ജീവിക്കുന്നതെന്ന് പരാതിപ്പെടുന്നവരോട് ഞാൻ ഉദ്ദേശിക്കുന്ന അത്രയും ധീരത കാണിക്കാൻ ഇടവരുത്തരുതെന്നു നിങ്ങളോട് അപേക്ഷിക്കുകയാണ്. 3 ഞങ്ങൾ ഭൗതികശരീരത്തിൽ വസിക്കുന്നവരെങ്കിലും ജഡികമനുഷ്യരെപ്പോലെയല്ല പോരാടുന്നത്. 4 പോരാട്ടത്തിനുള്ള ഞങ്ങളുടെ ആയുധങ്ങൾ ഈ ലോകത്തിന്റേതല്ല, നേരേമറിച്ച്, കോട്ടകളെ തകർത്തുകളയാൻതക്ക ദിവ്യശക്തിയുള്ളവയാണ്. 5 ദൈവപരിജ്ഞാനത്തിന് എതിരായി ഉയർന്നുവരുന്ന എല്ലാ വാദമുഖങ്ങളെയും ഞങ്ങൾ ഇല്ലാതാക്കുകയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായി ഏതു ചിന്തയെയും അടിയറവുവെക്കുകയുംചെയ്യുന്നു. 6 നിങ്ങളുടെ അനുസരണ തികവുള്ളതായിത്തീരുമ്പോൾ അനുസരിക്കാത്ത ഏതൊരുവനും ശിക്ഷനൽകാൻ ഞങ്ങൾ സന്നദ്ധരായിരിക്കും.