ബാഹ്യരൂപം നോക്കി വിധിക്കുന്നതിനെ പൗലോസ് ശാസിക്കുന്നു
ബാഹ്യരൂപം നോക്കി വിധിക്കുന്നതിന് പൗലോസ് വ്യാജോപദേഷ്ടാവിനെ ശാസിക്കുന്നു. തന്നെയും ക്രിസ്തുവിന്റെ ശുശ്രൂഷകനായി അംഗീകരിക്കാൻ അദ്ദേഹം ആവശ്യപ്പെടുകയും അവരുടെ ആത്മികവർധനയ്ക്കായി തനിക്കു ലഭിച്ച അധികാരത്തെക്കുറിച്ച് അഭിമാനിക്കുകയും ചെയ്യുന്നു. എതിരാളിയുടെ അപവാദങ്ങളെ അദ്ദേഹം വീണ്ടും പരിഹാസത്തോടെ പരാമർശിക്കുന്നു. താൻ അകന്നിരുന്നപ്പോൾ അഗമ്യഗമനം ചെയ്ത മനുഷ്യനെ ശിക്ഷിച്ചതിലൂടെ തന്റെ അധികാരത്തിന്റെ ഫലങ്ങൾ നേരത്തേ കണ്ടതിൽനിന്ന്, താൻ സന്നിഹിതനായിരിക്കുമ്പോഴും ആ അധികാരം അത്രതന്നെ വലുതായിരിക്കുമെന്ന് മനസ്സിലാക്കാൻ അദ്ദേഹം അയാളോട് ആവശ്യപ്പെടുന്നു.
ക്രി.പി. 58
Biblica® Open Malayalam Contemporary Version™ (OMCV)
7 നിങ്ങൾ പുറമേയുള്ളവമാത്രമാണോ കാണുന്നത്? ഞാൻ ക്രിസ്തുവിനുള്ളയാൾ എന്ന് ആരെങ്കിലും സ്വയം അഭിമാനിക്കുന്നെങ്കിൽ, ഞങ്ങളും അയാളെപ്പോലെതന്നെ ക്രിസ്തുവിനുള്ളവർ എന്നുകൂടെ മനസ്സിലാക്കണം. 8 നിങ്ങളെ തകർത്തുകളയാനല്ല, ആത്മികമായി പണിതുയർത്താൻ കർത്താവ് ഞങ്ങൾക്കു നൽകിയ അധികാരത്തെ സംബന്ധിച്ച് അൽപ്പം കൂടുതൽ പ്രശംസിച്ചാലും അതിൽ ലജ്ജിക്കുന്നില്ല. 9 ലേഖനങ്ങൾകൊണ്ടു ഞാൻ നിങ്ങളുടെ ധൈര്യം കെടുത്താൻ ശ്രമിക്കുകയാണെന്നു തെറ്റിദ്ധരിക്കരുത്. 10 “അദ്ദേഹത്തിന്റെ ലേഖനങ്ങൾ ഘനഗംഭീരവും കരുത്തുറ്റതുമാണ്, എന്നാൽ ശാരീരികസാന്നിധ്യം മതിപ്പുതോന്നാത്തതും സംസാരം കഴമ്പില്ലാത്തതുമാണ്” എന്നു ചിലർ പറയുന്നല്ലോ. 11 എന്നാൽ, അകലെയായിരിക്കുമ്പോൾ ലേഖനങ്ങളിൽ ഞങ്ങൾ പറയുന്നതുതന്നെ ആയിരിക്കും, അടുത്തിരിക്കുമ്പോൾ പ്രവർത്തിക്കുന്നത് എന്ന് അക്കൂട്ടർ മനസ്സിലാക്കിക്കൊള്ളട്ടെ.
ദൈവം നിശ്ചയിക്കുന്ന പരിധികൾക്കുള്ളിലെ അഭിമാനം
സ്വയം മാത്രം മാനദണ്ഡമാക്കി സ്വയം അളക്കുകയും കൊരിന്തിൽ ചെയ്ത കാര്യങ്ങൾക്കായി സ്വയം പ്രശംസിക്കുകയും ചെയ്യുന്ന വ്യാജോപദേഷ്ടാവിനോട് തന്നെ താരതമ്യപ്പെടുത്താൻ താൻ ധൈര്യപ്പെടുന്നില്ലെന്ന് പൗലോസ് പരിഹാസം തുടരുന്നു. അതിനു വിപരീതമായി, ദൈവം തനിക്കു നിശ്ചയിച്ച പരിധികൾക്കുള്ളിൽ മാത്രം സന്തോഷിക്കാനാണ് പൗലോസ് ആഗ്രഹിക്കുന്നത്; ആ പരിധികൾ അനുസരിച്ചാണ് അദ്ദേഹം കൊരിന്ത്യരുടെ അടുക്കൽ എത്തിയതും. വ്യാജോപദേഷ്ടാവിനെപ്പോലെ മറ്റുള്ളവരുടെ അധ്വാനത്തെക്കുറിച്ച് അഭിമാനിക്കാൻ അദ്ദേഹം വിസമ്മതിക്കുന്നു. മുമ്പൊരിക്കലും സുവിശേഷം പ്രസംഗിക്കപ്പെട്ടിട്ടില്ലാത്ത ദേശങ്ങളിൽ അതു പ്രസംഗിക്കാൻ അദ്ദേഹം പ്രത്യാശിക്കുന്നു. കാരണം, മറ്റുള്ളവരുടെ പ്രവൃത്തിയിൽ പ്രശംസിക്കുന്നവനല്ല അംഗീകാരം നേടുന്നത്; ദൈവമഹത്ത്വത്തിനായി പ്രസംഗിക്കുകയും ആത്മാവിന്റെ വരങ്ങളിലൂടെ പ്രകടമാകുന്ന ദൈവത്തിന്റെ പ്രശംസ ലഭിക്കുകയും ചെയ്യുന്നവനാണ്.
12 ആത്മപ്രശംസ നടത്തുന്ന ചിലരുടെ കൂട്ടത്തിൽ ഉൾപ്പെടാനോ അവരോട് ഞങ്ങളെ താരതമ്യപ്പെടുത്താനോ തുനിയുന്നില്ല. അവർ വിവേകികളല്ല, കാരണം, അവർ അവരെ അവരാൽത്തന്നെയാണ് അളക്കുന്നത്; അവരോടുതന്നെയാണ് ഉപമിക്കുന്നതും. 13 ഞങ്ങളാകട്ടെ, അതിരുവിട്ടു പ്രശംസിക്കുന്നില്ല; ദൈവം നിയമിച്ചുതന്ന പരിധിയിൽത്തന്നെ പ്രശംസ ഒതുക്കിനിർത്തും. ആ പരിധിയിൽ നിങ്ങളും ഉൾപ്പെടുന്നു. 14 ഞങ്ങൾ നിങ്ങളുടെയടുത്തു വന്നിട്ടില്ലായിരുന്നെങ്കിൽ ഞങ്ങളുടെ പ്രശംസ പരിധിക്കപ്പുറമാകുമായിരുന്നു; ക്രിസ്തുവിന്റെ സുവിശേഷവുമായി ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നല്ലോ. 15 മറ്റുള്ളവർ ചെയ്ത പ്രവർത്തനത്തിന്റെ യശസ്സ് ഞങ്ങൾ കവർന്നെടുക്കുന്നില്ല. നിങ്ങളുടെ വിശ്വാസം വർധിക്കുമ്പോൾ നിങ്ങളുടെ ഇടയിൽ ഞങ്ങളുടെ പ്രവർത്തനമേഖല വിശാലമാകുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. 16 അപ്പോൾ നിങ്ങളുടെ പ്രദേശത്തിനപ്പുറമുള്ള മേഖലകളിലും സുവിശേഷം അറിയിക്കാൻ ഞങ്ങൾക്കും അവസരം ലഭിക്കും; മറ്റൊരാളുടെ മേഖലയിൽ നടന്ന പ്രവർത്തനം ഞങ്ങളുടെ പ്രവർത്തനമായി അവകാശപ്പെട്ടുകൊണ്ട് ഞങ്ങൾ വൃഥാ അഭിമാനിക്കുന്നില്ല. 17 “എന്നാൽ അഭിമാനിക്കുന്നവർ കർത്താവിൽ അഭിമാനിക്കട്ടെ.” 18 സ്വയം പ്രശംസിക്കുന്നവനല്ല, കർത്താവ് പ്രശംസിക്കുന്നവനാണു മാന്യൻ.
കൊരിന്ത്യർ വഴിതെറ്റിക്കപ്പെടുന്നതായി പൗലോസ് ഭയപ്പെടുന്നു
സ്വയം പ്രശംസിക്കുന്നു എന്ന കുറ്റാരോപണം നേരിടുന്ന പൗലോസ്, ഈ അവസരത്തിൽ അതു സഹിക്കാൻ കൊരിന്ത്യരോട് അപേക്ഷിക്കുന്നു. താൻ ക്രിസ്തുവിലേക്കു നേടിയവരെ, അവർക്ക് നിശ്ചയിക്കപ്പെട്ട ഭർത്താവിനു നിർമലകന്യകയായി ന്യായവിധിയിൽ സമർപ്പിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു; എന്നാൽ വ്യാജോപദേഷ്ടാവ് അവരെ ക്രിസ്തുവിൽനിന്ന് അകറ്റിയതായി അദ്ദേഹം ഭയപ്പെടുന്നു. അപ്പൊസ്തലൻ എന്നു വിളിക്കപ്പെടുന്ന അവരുടെ നേതാവ് മറ്റൊരു രക്ഷകനെയോ സുവിശേഷമോ അവരോടു പ്രസംഗിക്കുകയോ മറ്റൊരു ആത്മാവിനെ അവർക്കു നൽകുകയോ ചെയ്തിരുന്നെങ്കിൽ, അയാളുടെ അവകാശവാദങ്ങൾ അവർ സഹിച്ചേക്കാമായിരുന്നുവെന്ന് അദ്ദേഹം വാദിക്കുന്നു. ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരിൽ പ്രമുഖരോട് താൻ തുല്യനാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. വാക്ചാതുര്യമില്ലെങ്കിലും, സുവിശേഷശുശ്രൂഷകനു വേണ്ട അറിവിൽ തനിക്കു കുറവില്ലെന്ന് അവരെ കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
1 എന്റെ വാക്കുകൾ ഭോഷത്തമായി നിങ്ങൾക്കു തോന്നുന്നെങ്കിൽ അൽപ്പംകൂടി സഹിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു; ഇപ്പോൾത്തന്നെ നിങ്ങൾ സഹിക്കുന്നുണ്ടല്ലോ. 2 ദൈവം നിങ്ങളെക്കുറിച്ച് അത്യന്തം ജാഗരൂകനായിരിക്കുന്നതുപോലെതന്നെ, ഞാനും നിങ്ങളെക്കുറിച്ച് ജാഗരൂകനായിരിക്കുന്നു. കാരണം, നിങ്ങളെ നിർമലകന്യകയായി ക്രിസ്തു എന്ന ഏകപുരുഷനു ഏൽപ്പിച്ചുകൊടുക്കാൻ ഞാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. 3 എന്നാൽ, പിശാച് ഹവ്വായെ തന്ത്രപൂർവം കബളിപ്പിച്ചതുപോലെ നിങ്ങളുടെയും ഹൃദയത്തെ ക്രിസ്തുവിനോടുള്ള പാതിവ്രത്യത്തിൽനിന്നും നിർമലതയിൽനിന്നും തെറ്റിച്ചുകളയുമോ എന്നു ഞാൻ ഭയപ്പെടുന്നു. 4 ആരെങ്കിലും നിങ്ങളുടെ അടുക്കൽവന്ന് ഞങ്ങൾ പ്രസംഗിച്ചതിൽനിന്ന് വ്യത്യസ്തനായ മറ്റൊരു യേശുവിനെ പ്രസംഗിച്ചാലും, നിങ്ങൾ സ്വീകരിച്ചതിൽനിന്ന് വ്യത്യസ്തമായ ഒരാത്മാവിനെയോ ഒരുസുവിശേഷത്തെയോ നൽകിയാലും നിങ്ങൾ ഇവയെല്ലാം ഒരു വിവേചനവുംകൂടാതെ അംഗീകരിക്കുന്നല്ലോ!
5 ഞാൻ “അതിശ്രേഷ്ഠരായ” ഇതര അപ്പൊസ്തലന്മാരെക്കാൾ ഒരു കാര്യത്തിലും കുറവുള്ളവനാണെന്ന് കരുതുന്നില്ല. 6 എനിക്ക് പ്രഭാഷണനൈപുണ്യം ഇല്ലെങ്കിലും പരിജ്ഞാനം ഇല്ലാത്തവനല്ല. ഇത് ഞങ്ങൾ എല്ലാവിധത്തിലും എപ്പോഴും നിങ്ങൾക്കു തെളിയിച്ചുതന്നിട്ടുള്ളതാണ്.
പൗലോസ് കൊരിന്തിൽനിന്ന് പ്രതിഫലം സ്വീകരിക്കാതിരുന്നതിന്റെ കാരണം
കൊരിന്ത്യരിൽനിന്ന് സഹായം സ്വീകരിക്കാൻ വിസമ്മതിച്ചതിന്റെ കാരണം പൗലോസ് വിശദീകരിക്കുന്നു. ശത്രുക്കൾ സൂചിപ്പിച്ചതുപോലെ സ്നേഹമില്ലായ്മയല്ല, അവരോടുള്ള സ്നേഹമാണ് അതിനു കാരണമെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു. പൗലോസ് ഭൗതികലാഭത്തിനായി അധ്വാനിക്കുന്നുവെന്ന് വ്യാജോപദേഷ്ടാവ് അവകാശപ്പെടാതിരിക്കാനും കൂടിയായിരുന്നു അത്. രഹസ്യമായി സമ്മാനങ്ങൾ സ്വീകരിച്ചിരുന്ന വ്യാജോപദേഷ്ടാവിനെ ആ പതിവ് ഉപേക്ഷിച്ച് പൗലോസിന്റെ മാതൃക പിന്തുടരാൻ നിർബന്ധിക്കുക എന്നതും അതിന്റെ ഉദ്ദേശ്യമായിരുന്നു. സാത്താൻതന്നെ പ്രകാശദൂതന്റെ രൂപം ധരിക്കുന്നതിനാൽ, സാത്താന്റെ ദാസന്മാർ ക്രിസ്തുവിന്റെ ശുശ്രൂഷകരുടെയോ അപ്പൊസ്തലന്മാരുടെയോ പദവി സ്വയം ഏറ്റെടുക്കുന്നതിൽ അതിശയിക്കാനില്ല.
7 പ്രതിഫലം പറ്റാതെ ദൈവത്തിന്റെ സുവിശേഷം അറിയിച്ചുകൊണ്ടു നിങ്ങളെ ഉയർത്താൻവേണ്ടി, എന്നെത്തന്നെ താഴ്ത്തിയത് എന്റെ ഭാഗത്ത് ഒരു തെറ്റായിപ്പോയോ? 8 നിങ്ങളെ ശുശ്രൂഷിക്കേണ്ടതിനായി ഞാൻ മറ്റു സഭകളെ കവർച്ച ചെയ്യുന്നതുപോലെയായിരുന്നു അവരിൽനിന്ന് സഹായം സ്വീകരിച്ചത്. 9 നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും നിങ്ങളിൽ ആർക്കും ഞാൻ ഭാരമായിത്തീർന്നിട്ടില്ല; മക്കദോന്യയിൽനിന്ന് വന്ന സഹോദരന്മാരാണ് എന്റെ ആവശ്യങ്ങൾ നിറവേറ്റിയത്. നിങ്ങൾക്ക് ഒരുവിധത്തിലും ഭാരമാകാതെ ഞാൻ എന്നെത്തന്നെ സൂക്ഷിച്ചു; ഇനിയും സൂക്ഷിക്കും. 10 എന്റെ ഈ അഭിമാനം നഷ്ടപ്പെടുത്താൻ അഖായയിലുള്ള ആർക്കും കഴിയുകയില്ല എന്നത്, എന്നിലുള്ള ക്രിസ്തുവിന്റെ സത്യംപോലെതന്നെ സുനിശ്ചിതമാണ്. 11 എനിക്കു നിങ്ങളോടു സ്നേഹമില്ലാത്തതുകൊണ്ടാണോ? അതിന്റെ യാഥാർഥ്യം ദൈവം അറിയുന്നു.
12 ഞങ്ങളോടു സമന്മാർ എന്ന് അവകാശപ്പെടാൻ അവസരം കാത്തിരിക്കുന്നവരുടെ ആത്മപ്രശംസ ഇല്ലാതാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവർക്ക് അതിന് അവസരം കൊടുക്കാതിരിക്കേണ്ടതിനാണ് ഞാൻ ഇങ്ങനെ പ്രവർത്തിക്കുന്നത്; ഇനിയും അങ്ങനെതന്നെ പ്രവർത്തിക്കും. 13 അവർ വ്യാജയപ്പൊസ്തലന്മാർ, വഞ്ചകരായ വേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷംകെട്ടുന്നവർതന്നെ. 14 ഇതിൽ ആശ്ചര്യപ്പെടാനെന്തിരിക്കുന്നു; സാത്താൻതന്നെയും പ്രകാശദൂതന്റെ വേഷം ധരിക്കുന്നല്ലോ! 15 ആകയാൽ അവന്റെ വേലക്കാർ നീതിശുശ്രൂഷകന്മാരുടെ വേഷം ധരിക്കുന്നതിലും ആശ്ചര്യപ്പെടാനില്ല. അവരുടെ പ്രവൃത്തികൾക്കു തക്ക ന്യായവിധി അവസാനം അവർക്കു ലഭിക്കും.
പൗലോസ് തന്റെ അധ്വാനങ്ങളിലും കഷ്ടതകളിലും അഭിമാനിക്കുന്നു
തന്റെ പ്രശംസ സഹിക്കാൻ പൗലോസ് വീണ്ടും കൊരിന്ത്യരോട് അപേക്ഷിക്കുന്നു. അപ്പൊസ്തലന്മാരല്ലാത്തവർ ജഡത്തിൽ പ്രശംസിക്കുന്നതിനാൽ, അപ്പൊസ്തലൻ എന്ന തന്റെ നില സംരക്ഷിക്കാൻ താനും തന്റെ പരിച്ഛേദനയെയും യെഹൂദവംശത്തെയും കുറിച്ച് പ്രശംസിക്കേണ്ടിവരുന്നു. മറ്റുള്ളവരുടെ ആധിപത്യപരമായ പെരുമാറ്റത്തിനു കൊരിന്ത്യർ അതിരുകവിഞ്ഞ ക്ഷമയോടെ കീഴടങ്ങിയെന്ന് അദ്ദേഹം കാണിക്കുകയും വ്യാജോപദേഷ്ടാവ് അവരോടു പെരുമാറിയ വിധം വിവരിക്കുകയും ചെയ്യുന്നു. താൻ താഴ്ന്ന ജനനമുള്ളവനും ദുർബലനും അപ്പൊസ്തലനാകാൻ യോഗ്യനല്ലാത്തവനുമാണെന്ന ആരോപണത്തിന് മറുപടിയായി, ആർക്കെങ്കിലും പ്രശംസിക്കാൻ കാരണമുണ്ടെങ്കിൽ തനിക്കുമുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ഇക്കാര്യങ്ങളിൽ വ്യാജോപദേഷ്ടാവുമായി സ്വയം താരതമ്യം ചെയ്തുകൊണ്ട്, തന്റെ അധ്വാനങ്ങളും കഷ്ടതകളും ചൂണ്ടിക്കാട്ടി തന്റെ ശ്രേഷ്ഠത അദ്ദേഹം തെളിയിക്കുന്നു. സഭകൾക്കും വ്യക്തികൾക്കും വേണ്ടിയുള്ള തന്റെ വലിയ കരുതലും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു: ദുർബലരോട് സഹതപിക്കുകയും വഴിതെറ്റിയവരെ തിരികെ നേടാൻ തീക്ഷ്ണതയോടെ പ്രവർത്തിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ ശക്തി പ്രകടമാകേണ്ടതിന് അദ്ദേഹം തന്റെ ബലഹീനതയിൽ, വിശേഷിച്ച് ദമസ്കോസിൽനിന്നുള്ള രക്ഷപ്പെടലിൽ, അഭിമാനിക്കുന്നു.
16 ഞാൻ വീണ്ടും പറയട്ടെ: എന്നെ ഒരു ഭോഷൻ എന്ന് ആരും കരുതരുത്; അഥവാ, കരുതിയാൽ, ഒരു ഭോഷൻ എന്നപോലെ എന്നെ സ്വീകരിക്കുക. അപ്പോൾ അൽപ്പമൊന്ന് പ്രശംസിക്കാൻ എനിക്കു കഴിയുമല്ലോ. 17 ഇങ്ങനെയുള്ള ആത്മപ്രശംസ കർത്തൃഹിതപ്രകാരമല്ല, ഇത് ഒരു ഭോഷന്റെ ഭാഷണമാണ്. 18 അനേകരും തങ്ങളുടെ ലൗകികനേട്ടങ്ങളിൽ അഹങ്കരിക്കുന്നു. എങ്കിൽ ഞാനും അൽപ്പം ആത്മപ്രശംസ നടത്തട്ടെ. 19 നിങ്ങൾ ജ്ഞാനികൾ ആയിരിക്കെ, ആനന്ദപൂർവം ഭോഷന്മാരെ സ്വീകരിക്കുന്നല്ലോ! 20 വാസ്തവം പറഞ്ഞാൽ, നിങ്ങളെ അടിമകളെപ്പോലെ ഉപയോഗിക്കുന്നവരെയും ചൂഷണം ചെയ്യുന്നവരെയും മുതലെടുക്കുന്നവരെയും നിങ്ങളുടെ ഇടയിൽ നേതാവാകാൻ ശ്രമിക്കുന്നവരെയും എന്തിനേറെപ്പറയുന്നു, നിങ്ങളുടെ മുഖത്തടിക്കുന്നവരെപ്പോലും നിങ്ങൾ സഹിക്കുന്നു! 21 ഇത്രയൊക്കെ ചെയ്യാൻമാത്രമുള്ള ബലം ഞങ്ങൾക്കില്ലായിരുന്നു എന്നു ലജ്ജയോടെ ഞാൻ സമ്മതിക്കുന്നു.
മറ്റാരെങ്കിലും പ്രശംസിക്കാൻ മുതിർന്നാൽ, ഒരു മൂഢനെപ്പോലെ ഞാൻ പറയട്ടെ, ഞാനും ഇത്തിരി പ്രശംസിക്കും. 22 അവർ എബ്രായരോ? ഞാനും അതേ. അവർ ഇസ്രായേല്യരോ? ഞാനും അതേ. അവർ അബ്രാഹാമിന്റെ പിൻഗാമികളോ? ഞാനും അതേ. 23 അവർ ക്രിസ്തുവിന്റെ ദാസരോ? (സുബോധമില്ലാത്തവനെപ്പോലെ ഞാൻ സംസാരിക്കുന്നു) ഞാൻ അവരെക്കാൾ മികച്ച ദാസൻതന്നെ. ഞാൻ അവരെക്കാൾ അധികം അധ്വാനിച്ചു. അവരെക്കാൾ ഏറെത്തവണ തടവിലായി. അവരെക്കാൾ ഏറെ ക്രൂരമായി ചമ്മട്ടികൊണ്ട് അടിയേറ്റു, പലപ്രാവശ്യം മരണത്തെ മുഖാമുഖം കണ്ടു. 24 അഞ്ചുപ്രാവശ്യം എന്റെ സ്വന്തം ജനമായ യെഹൂദരാൽ ഒന്നു കുറയെ നാൽപ്പത് അടികൊണ്ടു. 25 മൂന്നുതവണ റോമാക്കാർ കോലുകൊണ്ട് അടിച്ചു. ഒരിക്കൽ കല്ലേറ് ഏറ്റു. മൂന്നുപ്രാവശ്യം കപ്പലപകടത്തിൽപ്പെട്ടു. ഒരു രാത്രിയും ഒരു പകലും കടലിൽ കിടന്നു. 26 വിശ്രമം ഇല്ലാതെ യാത്രചെയ്തു. നദികളിലെ ആപത്ത്, കൊള്ളക്കാരാലുള്ള ആപത്ത്, സ്വജനത്തിൽനിന്നുള്ള ആപത്ത്, യെഹൂദേതരരിൽനിന്നുള്ള ആപത്ത്, നഗരത്തിലെ ആപത്ത്, വിജനസ്ഥലങ്ങളിലെ ആപത്ത്, സമുദ്രത്തിലെ ആപത്ത്, വ്യാജസഹോദരങ്ങളിൽനിന്നുള്ള ആപത്ത് എന്നിവയിലെല്ലാം ഞാൻ അകപ്പെട്ടു. 27 പലപ്പോഴും രാത്രികളിൽ ഉറക്കമിളച്ചും, വിശപ്പും ദാഹവും സഹിച്ചും, പലപ്രാവശ്യം ആഹാരമില്ലാതെ വലഞ്ഞും, ശൈത്യത്തിലും, ആവശ്യത്തിനു വസ്ത്രമില്ലാതെയും ഞാൻ ക്ലേശിച്ച് അധ്വാനിച്ചു. 28 ഇവയ്ക്കെല്ലാം പുറമേ എല്ലാ സഭകളെയുംകുറിച്ചുള്ള ചിന്താഭാരം എന്ന സമ്മർദവും ദിനംതോറും ഞാൻ അഭിമുഖീകരിക്കുന്നു. 29 നിങ്ങളിൽ ആര് ബലഹീനനായപ്പോഴാണ് ഞാനും ബലഹീനൻ ആകാതെയിരുന്നിട്ടുള്ളത്? ആര് തെറ്റിലകപ്പെട്ടപ്പോഴാണ് ഞാൻ അതേക്കുറിച്ച് ദുഃഖിക്കാതിരുന്നിട്ടുള്ളത്?
30 അഭിമാനിക്കണമെങ്കിൽ, ഞാൻ എന്റെ ബലഹീനതകളെക്കുറിച്ച് അഭിമാനിക്കും. 31 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ, ഞാൻ പറയുന്നതു വ്യാജമല്ല എന്നറിയുന്നു; അവിടന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവൻ. 32 അരേതാരാജാവ് നിയോഗിച്ച ഭരണാധികാരി ദമസ്കോസിൽവെച്ച് എന്നെ ബന്ധിക്കുന്നതിനായി ദമസ്കോസ് നഗരത്തിന് കാവൽ ഏർപ്പെടുത്തി. 33 എന്നാൽ, എന്നെ ഒരു കുട്ടയിലാക്കി മതിലിലുള്ള ഒരു ജനാലയിലൂടെ താഴേക്കിറക്കുകയും അങ്ങനെ ഞാൻ അദ്ദേഹത്തിന്റെ കൈകളിൽനിന്ന് രക്ഷപ്പെടുകയും ചെയ്തു.