പൗലോസിന്റെ ദർശനങ്ങളും വെളിപ്പാടുകളും

അവർക്കുവേണ്ടി പ്രശംസിക്കാൻ നിർബന്ധിതനായാൽ, തനിക്കു ലഭിച്ച വെളിപ്പാടുകളെയും ദർശനങ്ങളെയും കുറിച്ച് പ്രശംസിക്കുമെന്ന് പൗലോസ് പ്രഖ്യാപിക്കുന്നു. തന്നെ സംബന്ധിച്ചിടത്തോളം, തന്റെ ബലഹീനതയെയും കഷ്ടതകളെയും കുറിച്ചുമാത്രം പ്രശംസിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. പൂർണസത്യസന്ധതയോടെ പ്രശംസിക്കാൻ കഴിയുമെങ്കിലും, ആരും തന്നെക്കുറിച്ച് അത്യുന്നതമായ ധാരണ പുലർത്താതിരിക്കാൻ അദ്ദേഹം അതിൽനിന്ന് പിന്മാറുന്നു.

ക്രി.പി. 58

Biblica® Open Malayalam Contemporary Version™ (OMCV)

2 കൊരിന്ത്യർ 12:1–6

1 പ്രശംസകൊണ്ടു പ്രയോജനമില്ലെങ്കിലും അത് ആവശ്യമായിരിക്കുന്നു. ഇനി ഞാൻ കർത്താവിൽനിന്നുള്ള ദർശനങ്ങളെയും വെളിപ്പാടുകളെയുംകുറിച്ചു പ്രതിപാദിക്കാം. 2 —ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ എനിക്കറിയാം—പതിന്നാലു വർഷംമുമ്പ് ഞാൻ മൂന്നാംസ്വർഗംവരെ എടുക്കപ്പെട്ടു. അത് ശരീരത്തോടുകൂടിയോ ശരീരംകൂടാതെയോ എന്ന് എനിക്കറിഞ്ഞുകൂടാ, ദൈവത്തിനറിയാം. 3 ഈ ഞാൻ പറുദീസവരെ എടുക്കപ്പെട്ടു. ശരീരത്തോടുകൂടിയോ ശരീരംകൂടാതെയോ എന്ന് എനിക്കറിഞ്ഞുകൂടാ, ദൈവം അറിയുന്നു. 4 അവാച്യവും വർണിക്കാൻ അനുവാദമില്ലാത്തതുമായ വാക്കുകൾ ഞാൻ കേട്ടു. 5 ഈ അനുഭവങ്ങളെക്കുറിച്ച് ഞാൻ പ്രശംസിക്കും. എന്നാൽ, ഞാൻ ആത്മപ്രശംസ ചെയ്യുന്നത് എന്റെ ബലഹീനതകളെക്കുറിച്ചുമാത്രമാണ്. 6 പ്രശംസിക്കണമെന്ന് ആഗ്രഹിച്ചാലും ഞാൻ ഭോഷനാകുകയില്ല, കാരണം, ഞാൻ പറയുന്നത് സത്യമാണ്. എങ്കിലും, ഞാൻ പ്രവർത്തിക്കുന്നതിനും പ്രസംഗിക്കുന്നതിനും അപ്പുറമായി ആരും എന്നെക്കുറിച്ചു ചിന്തിക്കാതിരിക്കേണ്ടതിനു ഞാൻ അതിൽനിന്ന് പിൻവാങ്ങുകയാണ്.

ബലഹീനതയിൽ പൂർണമാകുന്ന ദൈവശക്തി

വിഭാഗീയർ തന്നെ നിന്ദിക്കാൻ കാരണമാക്കിയ ശാരീരികരോഗം, തനിക്കു ലഭിച്ച മഹത്തായ വെളിപ്പാടുകൾ നിമിത്തം താൻ അതിയായി നിഗളിക്കാതിരിക്കാൻ ദൈവം അയച്ചതാണെന്ന് പൗലോസ് ഉറപ്പിച്ചു പറയുന്നു. തന്റെ ബലഹീനതയിലൂടെ ദൈവശക്തി പൂർണമാകുന്നതിനാൽ അതു നീക്കപ്പെടേണ്ടതല്ല. ഇക്കാരണത്താൽ പീഡനങ്ങളിലും ബലഹീനതകളിലും മറ്റും അദ്ദേഹം ആനന്ദിക്കുന്നു; കാരണം, തന്റെ ബലഹീനതയ്ക്കനുസരിച്ച് തന്നിൽ വസിക്കുന്ന ദൈവകൃപ തനിക്കു ശക്തി നൽകുന്നു. കൊരിന്ത്യരുടെ പെരുമാറ്റം മനസ്സില്ലാമനസ്സോടെ പ്രശംസിക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചിരിക്കുന്നു. ഏറ്റവും വലിയ അപ്പൊസ്തലന്മാരെക്കാൾ അദ്ദേഹം ഒരു വിധത്തിലും കുറഞ്ഞവനല്ലെന്ന് അറിഞ്ഞുകൊണ്ട്, അവർ അദ്ദേഹത്തിന്റെ അപ്പൊസ്തലത്വത്തെ പിന്തുണയ്ക്കേണ്ടതായിരുന്നു.

2 കൊരിന്ത്യർ 12:7–11

7 അതിമഹത്തായ ഈ വെളിപ്പാടുകളാൽ ഞാൻ നിഗളിച്ചുപോകാതിരിക്കാൻ എന്റെ ശരീരത്തിൽ ഒരു ശൂലം നൽകപ്പെട്ടിരിക്കുന്നു—എന്നെ പീഡിപ്പിക്കാൻ സാത്താന്റെ ദൂതനെത്തന്നെ. 8 അത് എന്നിൽനിന്ന് നീക്കിക്കളയണമേ എന്നു മൂന്നുപ്രാവശ്യം ഞാൻ കർത്താവിനോട് അപേക്ഷിച്ചു. 9 എന്നാൽ അവിടന്ന് എന്നോട്, “എന്റെ കൃപ നിനക്കുമതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു” എന്നു പറഞ്ഞു. അതുകൊണ്ടു ക്രിസ്തുവിന്റെ ശക്തി എന്നിൽക്കൂടി പ്രവർത്തിക്കേണ്ടതിനു ഞാൻ അധികം ആനന്ദത്തോടെ എന്റെ ബലഹീനതകളെപ്പറ്റി പ്രശംസിക്കും. 10 അതുകൊണ്ടാണ് ക്രിസ്തുവിനുവേണ്ടി ബലഹീനതകൾ, പരിഹാസങ്ങൾ, ഞെരുക്കങ്ങൾ, പീഡനങ്ങൾ, വൈഷമ്യങ്ങൾ എന്നിവ സഹിക്കുന്നതിൽ ഞാൻ ആനന്ദിക്കുന്നത്. കാരണം, ബലഹീനതയിലാണ് ഞാൻ ശക്തനാകുന്നത്.

11 ഇങ്ങനെ ആത്മപ്രശംസ നടത്തി എന്നെത്തന്നെയൊരു ഭോഷനാക്കാൻ നിങ്ങളാണ് എന്നെ പ്രേരിപ്പിച്ചത്. നിങ്ങളാണ് എന്നെ പുകഴ്ത്തേണ്ടിയിരുന്നത്; കാരണം, ഞാൻ നിസ്സാരനെങ്കിലും “അതിശ്രേഷ്ഠരായ” അപ്പൊസ്തലന്മാരെക്കാൾ ഒട്ടും കുറഞ്ഞവനല്ല.

പൗലോസിന്റെ വരാനിരിക്കുന്ന സന്ദർശനവും അദ്ദേഹത്തിന്റെ ആശങ്കകളും

താൻ ചെയ്ത അത്ഭുതങ്ങളും അവർക്കു നൽകിയ ആത്മികവരങ്ങളും ചൂണ്ടിക്കാട്ടി പൗലോസ് തന്റെ അപ്പൊസ്തലത്വത്തെ തുടർന്നും ന്യായീകരിക്കുന്നു. താൻ അവർക്കൊരു ഭാരമായിരുന്നില്ല എന്നതല്ലാതെ, മറ്റുസഭകളെക്കാൾ അവരെ ഏതു വിധത്തിലാണ് താഴ്ത്തിയതെന്ന് അദ്ദേഹം ചോദിക്കുന്നു. അവരെ സന്ദർശിക്കാനും അപ്പോഴും അവർക്കു ഭാരമാകാതിരിക്കാനുമുള്ള തന്റെ ഉദ്ദേശ്യം അദ്ദേഹം പ്രഖ്യാപിക്കുന്നു. കാരണം, അവരുടെ ആത്മികപിതാവെന്ന നിലയിൽ തന്റെ ആത്മികമക്കളുടെ സമ്പത്തല്ല, അവരുടെ രക്ഷയാണ് അദ്ദേഹം അന്വേഷിക്കുന്നത്. തീത്തോസിന്റെയും അദ്ദേഹത്തിന്റെ സഹായിയുടെയും നിസ്വാർഥമായ പെരുമാറ്റം ചൂണ്ടിക്കാട്ടി, താൻ കൗശലത്തോടെയാണ് അവരിൽനിന്നു പണം സ്വീകരിക്കാൻ വിസമ്മതിച്ചതെന്ന എതിരാളികളുടെ സൂചനകളെ അദ്ദേഹം ഖണ്ഡിക്കുന്നു. താൻ നേരിട്ടു വരാതിരുന്നതിനുള്ള ഒഴികഴിവായിട്ടല്ല (2 കൊരിന്ത്യർ 1:23), മറിച്ച് അനുസരണക്കേടു കാണിക്കുന്നവർക്ക് ജീവിതം തിരുത്താൻ സമയം നൽകാനാണ് തീത്തോസിനെ അയച്ചതെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. താൻ അവരെ സന്ദർശിക്കുമ്പോൾ, ചെയ്ത പാപങ്ങളെയും അശുദ്ധികളെയും കുറിച്ച് അനുതപിച്ചിട്ടില്ലാത്തവരെച്ചൊല്ലി വിലപിക്കുകയും അവരെ ശിക്ഷിക്കുകയും ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം ഭയപ്പെടുന്നു.

2 കൊരിന്ത്യർ 12:12–21

12 എന്നിൽ അപ്പൊസ്തലന്റെ ലക്ഷണങ്ങളായ അത്ഭുതങ്ങളും അടയാളങ്ങളും വീര്യപ്രവൃത്തികളും മഹാസഹിഷ്ണുതയോടുകൂടി നിങ്ങളുടെ മധ്യത്തിൽ വെളിപ്പെട്ടിരിക്കുന്നല്ലോ. 13 ഞാൻ നിങ്ങൾക്ക് ഒരിക്കലും ഒരു ഭാരമായിത്തീർന്നില്ല എന്നതല്ലാതെ, മറ്റുസഭകളെക്കാൾ ഏതു കാര്യത്തിലാണ് നിങ്ങൾക്ക് ഞാൻ കുറവു വരുത്തിയിട്ടുള്ളത്? ഈ തെറ്റ് എന്നോടു ക്ഷമിച്ചാലും!

14 ഇപ്പോൾ, മൂന്നാംപ്രാവശ്യം നിങ്ങളെ സന്ദർശിക്കാൻ ഞാൻ ഒരുങ്ങിയിരിക്കുകയാണ്; ഞാൻ നിങ്ങൾക്ക് ഒരു ഭാരവും ആകുകയില്ല, കാരണം, എനിക്കു വേണ്ടതു നിങ്ങൾക്കുള്ളവയല്ല, നിങ്ങളെത്തന്നെയാണ്. മാതാപിതാക്കൾക്കുവേണ്ടി മക്കളല്ല, മാതാപിതാക്കൾ മക്കൾക്കുവേണ്ടിയാണ് സമ്പാദിച്ചുവെക്കേണ്ടത്. 15 അതുകൊണ്ടു ഞാൻ എനിക്കുള്ളതെല്ലാം വളരെ ആനന്ദത്തോടെ നിങ്ങൾക്കുവേണ്ടി ചെലവാക്കുകയും ഞാൻതന്നെ നിങ്ങൾക്കായി ചെലവായിപ്പോകുകയും ചെയ്യും. ഞാൻ അധികമായി സ്നേഹിച്ചാൽ നിങ്ങൾ എന്നെ അൽപ്പമായിട്ടോ സ്നേഹിക്കുന്നത്? 16 അതെന്തായാലും ഞാൻ നിങ്ങളെ ഭാരപ്പെടുത്തിയില്ല; എന്നിട്ടും നിങ്ങൾ കരുതുന്നത് ഞാൻ കൗശലക്കാരനായി നിങ്ങളെ വഞ്ചിച്ചെന്നോ? 17 നിങ്ങളുടെ അടുക്കൽ അയച്ച ആരിൽക്കൂടെയെങ്കിലും ഞാൻ നിങ്ങളെ ചൂഷണം ചെയ്തിട്ടുണ്ടോ? 18 ഞാൻ തീത്തോസിനെ നിങ്ങളുടെ അടുത്തേക്ക് വരാൻ ഉത്സാഹിപ്പിച്ചു, ഒരു സഹോദരനെയും അയാളോടുകൂടെ അയച്ചു. തീത്തോസ് നിങ്ങളെ കബളിപ്പിച്ചുവോ? ഞങ്ങൾ ഒരേ മനോഭാവത്തോടെ പ്രവർത്തിക്കുകയും ഒരേ മാർഗം പിൻതുടരുകയുമല്ലേ ചെയ്തത്?

19 ഞങ്ങൾ ഇത്രവരെ ഞങ്ങളെത്തന്നെ ന്യായീകരിക്കുകയായിരുന്നു എന്നാണോ നിങ്ങൾ ചിന്തിച്ചുകൊണ്ടിരുന്നത്? എന്നാൽ അങ്ങനെയല്ല വാസ്തവത്തിൽ പ്രിയസ്നേഹിതരേ, ക്രിസ്തുവിൽ നിങ്ങളുടെ ആത്മികോന്നതി ലക്ഷ്യമാക്കിയാണ് ഞങ്ങൾ ഇതെല്ലാം ദൈവത്തിനുമുമ്പാകെ സംസാരിക്കുന്നത്. 20 ഞാൻ വരുമ്പോൾ, എനിക്ക് ഇഷ്ടപ്പെടാത്തവിധത്തിൽ നിങ്ങളെ കാണുകയും നിങ്ങൾക്ക് ഇഷ്ടമില്ലാത്തവിധത്തിൽ നിങ്ങൾ എന്നെ കാണുകയും ചെയ്യുമോ എന്നു ഞാൻ ഭയപ്പെടുന്നു; ഈർഷ്യ, ശണ്ഠ, ക്രോധം, സ്വാർഥമോഹം, ഭിന്നത, അപവാദം, ഏഷണി, അഹങ്കാരം, കലഹം എന്നിവ നിങ്ങളുടെ മധ്യത്തിൽ ഉണ്ടായിരിക്കുമോയെന്നും എനിക്ക് ആശങ്കയുണ്ട്. 21 ഞാൻ വീണ്ടും വരുമ്പോൾ പാപംചെയ്തിട്ടു, തങ്ങൾ ഏർപ്പെട്ടിരുന്ന അശുദ്ധി, ലൈംഗികാധർമം, വ്യഭിചാരം എന്നിവയെപ്പറ്റി അനുതപിക്കാത്ത പലരെ പിന്നെയും കണ്ട്, ലജ്ജിതനായി, ദൈവസന്നിധിയിൽ ദുഃഖിക്കേണ്ടിവരുമെന്നും ഞാൻ ഭയപ്പെടുന്നു.

പാപം ചെയ്യുന്നവരെ പൗലോസ് വെറുതെ വിടുകയില്ല

അടുത്ത സന്ദർശനത്തിൽ, ന്യായപ്രമാണവും സുവിശേഷവും അനുശാസിക്കുന്നതുപോലെ, രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അവരെ വിധിക്കുമെന്ന് പൗലോസ് കൊരിന്ത്യർക്ക് ഉറപ്പു നൽകുന്നു. തന്റെ മുൻ മുന്നറിയിപ്പും അഗമ്യഗമനം ചെയ്ത മനുഷ്യനു ലഭിച്ച ശിക്ഷയും അദ്ദേഹം അവരെ ഓർമിപ്പിക്കുന്നു. ഇതിനകം പാപം ചെയ്തവരെയും പാപത്തിൽ തുടരുന്ന എല്ലാവരെയും വെറുതെ വിടുകയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. വിശേഷിച്ചും, ക്രിസ്തു തന്നിലൂടെ സംസാരിക്കുന്നു എന്നതിന് അവർ തെളിവ് ആവശ്യപ്പെടുന്നതിനാലാണ് അത്. പൗലോസിനെക്കൊണ്ട് ചെയ്യാൻ പ്രാപ്തനാക്കിയ വീര്യപ്രവൃത്തികളിലൂടെ ക്രിസ്തു ഇതിനകംതന്നെ ബലഹീനതയിലല്ല, ശക്തിയിൽ പൗലോസിലൂടെ സ്വയം വെളിപ്പെടുത്തിയിരിക്കുന്നു. ക്രിസ്തു തന്റെ മനുഷ്യപ്രകൃതിയുടെ ബലഹീനതയിൽ ക്രൂശിക്കപ്പെട്ടെങ്കിലും ദൈവത്തിന്റെ ശക്തിയാൽ ഇപ്പോഴും ജീവിക്കുന്നു. നാമും ക്രിസ്തുവിനോടൊപ്പം ശരീരത്തിൽ ബലഹീനരാണ്; എങ്കിലും അവർക്ക് ലഭിക്കുന്ന ശിക്ഷയിൽ പ്രകടമാകുന്ന ദൈവശക്തിയാൽ തങ്ങൾ ക്രിസ്തുവിനോടൊപ്പം ജീവിക്കുന്നുവെന്ന് പൗലോസ് കാണിച്ചുകൊടുക്കും.

2 കൊരിന്ത്യർ 13:1–4

1 ഇപ്പോൾ മൂന്നാംതവണയാണു ഞാൻ നിങ്ങളെ സന്ദർശിക്കാൻ പോകുന്നത്. “രണ്ടോ മൂന്നോ പേരുടെ സാക്ഷിമൊഴികളാൽ ഏതു കാര്യത്തിന്റെയും സത്യാവസ്ഥ ഉറപ്പാക്കേണ്ടതാണ്.” 2-3 ഞാൻ രണ്ടാംപ്രാവശ്യം നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ പാപത്തിൽ തുടരുന്നവരെ ഒരുപ്രാവശ്യം താക്കീതുചെയ്തതാണ്; അതുതന്നെ ഞാൻ ദൂരത്തിരുന്നുകൊണ്ടും ആവർത്തിക്കുന്നു: ഇനി വരുമ്പോൾ മുമ്പേ പാപംചെയ്തവരോടും മറ്റാരോടുംതന്നെ ഒരു ദാക്ഷിണ്യവും കാണിക്കുകയില്ല. ക്രിസ്തു എന്നിലൂടെ സംസാരിക്കുന്നു എന്നതിന് നിങ്ങൾ ആവശ്യപ്പെട്ട തെളിവായിരിക്കും അത്. ബലഹീനനായിട്ടല്ല ക്രിസ്തു നിങ്ങളെ കൈകാര്യംചെയ്യാൻ പോകുന്നത്, ശക്തനായിത്തന്നെയാണ്! 4 ബലഹീനതയിൽ അവിടന്ന് ക്രൂശിക്കപ്പെട്ടുവെങ്കിലും ദൈവശക്തിയാൽ ജീവിക്കുന്നു. അതുപോലെ ഞങ്ങളും ബലഹീനരെങ്കിലും ക്രിസ്തുവിൽ നിങ്ങളെ ശുശ്രൂഷിക്കേണ്ടതിനു ദൈവത്തിന്റെ ശക്തിയാൽ ക്രിസ്തുവിനോടുകൂടെ ജീവിക്കുന്നു.

സ്വയം പരിശോധിക്കാൻ കൊരിന്ത്യരോടു നിർദേശിക്കുന്നു

ക്രിസ്തു പൗലോസിനോടുകൂടെ ഉണ്ടെന്നതിന് ആ വിഭാഗം തെളിവ് ആവശ്യപ്പെട്ടതിനാൽ, ക്രിസ്തുവിന്റെ സാന്നിധ്യം തെളിയിക്കുന്ന ആത്മികദാനങ്ങൾ തങ്ങൾക്കുണ്ടോ എന്ന് സ്വയം പരിശോധിച്ചറിയാൻ അദ്ദേഹം ഇപ്പോൾ അവരോട് ആവശ്യപ്പെടുന്നു. അവർക്ക് ഈ തെളിവ് ഇല്ലെങ്കിലും, താൻ വരുമ്പോൾ അവരെ ശിക്ഷിക്കാൻ അമാനുഷികശക്തികൾ പ്രയോഗിക്കേണ്ടിവന്നാൽ, അവ തനിക്കില്ലെന്നു വരാതിരിക്കുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു. തന്റെ തെളിവുകൾ പ്രയോഗിച്ച് ശക്തി പ്രകടിപ്പിക്കാൻ അവസരം ലഭിക്കുന്നതിനെക്കാൾ അവരുടെ മാനസാന്തരം ഏറെ ആഗ്രഹിക്കുന്നതിനാൽ, അവർ ശരിയായി പെരുമാറാൻ അദ്ദേഹം ദൈവത്തോടു പ്രാർഥിക്കുന്നു. സത്യത്തെ പിന്തുണയ്ക്കാൻ മാത്രമേ അമാനുഷികശക്തികൾ ഉപയോഗിക്കാനാകൂ എന്ന് അദ്ദേഹം ഉറപ്പിച്ചുപറയുന്നു. സഭയെ പണിതുയർത്താൻ തനിക്കു നൽകിയ അത്ഭുതശക്തികൾ, താൻ അവരോടുകൂടെ ആയിരിക്കുമ്പോൾ കഠിനമായി പ്രയോഗിക്കേണ്ടിവരാതിരിക്കേണ്ടതിന്, അവരുടെ പൂർണതയ്ക്കായാണ് പൗലോസ് ഇവ എഴുതുന്നത്.

2 കൊരിന്ത്യർ 13:5–10

5 നിങ്ങളുടെ വിശ്വാസം പ്രകടമാകുന്ന രീതിയിലാണോ നിങ്ങൾ ജീവിക്കുന്നതെന്ന് നിങ്ങളെത്തന്നെ പരീക്ഷിച്ചുനോക്കുക. ഈ പരീക്ഷയിൽ നിങ്ങൾ തോറ്റിട്ടില്ലെങ്കിൽ ക്രിസ്തുയേശു നിങ്ങളുടെ മധ്യത്തിലുണ്ട് എന്നു നിങ്ങൾ അറിയുന്നില്ലേ? 6 പരീക്ഷയിൽ ഞങ്ങൾ തോറ്റിട്ടില്ല എന്നു നിങ്ങൾ മനസ്സിലാക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. 7 നിങ്ങൾ ഒരു തിന്മയും ചെയ്യാതിരിക്കാൻ ഞങ്ങൾ ദൈവത്തോടു പ്രാർഥിക്കുന്നു. ഞങ്ങൾ പരീക്ഷയിൽ പതറിയിട്ടില്ല എന്നു ജനങ്ങൾ കാണണമെന്നല്ല, പിന്നെയോ, ഞങ്ങൾ പരാജിതരായി കാണപ്പെട്ടാൽപോലും നിങ്ങൾ നന്മചെയ്യുന്നവരായിരിക്കണം എന്നതാണ് ഞങ്ങളുടെ പ്രാർഥന. 8 സത്യത്തിന് അനുകൂലമായിട്ടല്ലാതെ പ്രതികൂലമായി ഒന്നും ചെയ്യാൻ ഞങ്ങൾക്കു കഴിവില്ല. 9 ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരും ആയിരിക്കുമ്പോൾ ഞങ്ങൾ ആനന്ദിക്കുന്നു; നിങ്ങൾ ആത്മികപരിപൂർണത കൈവരിക്കുന്നതിനായി ഞങ്ങൾ പ്രാർഥിക്കുന്നു. 10 കർത്താവ് എനിക്കു തന്ന അധികാരം നിങ്ങളെ ആത്മികമായി പണിതുയർത്താനുള്ളതാണ്; അല്ലാതെ നിങ്ങളെ ഇടിച്ചുകളയാനുള്ളതല്ല. ഞാൻ വരുമ്പോൾ, ഈ അധികാരം കർക്കശമായി ഉപയോഗിക്കാൻ ഇടവരാതിരിക്കേണ്ടതിനാണ് ദൂരത്ത് ഇരുന്നുകൊണ്ടുതന്നെ ഈ കാര്യങ്ങൾ എഴുതുന്നത്.

പൗലോസിന്റെ വിടവാങ്ങലും ആശീർവാദവും

ആ വിഭാഗത്തോടുള്ള ശാസനകൾ അവസാനിപ്പിച്ചശേഷം പൗലോസ് സഭയെ മുഴുവനും അഭിസംബോധനചെയ്ത് വിവിധ നിർദേശങ്ങൾ നൽകുന്നു. അഭിവാദനങ്ങളും അപ്പൊസ്തലൻ എന്ന നിലയിലുള്ള തന്റെ ആശീർവാദവും നൽകി അദ്ദേഹം അവസാനിപ്പിക്കുന്നു.

2 കൊരിന്ത്യർ 13:11–14

11 എന്റെ അന്തിമ നിർദേശം: സഹോദരങ്ങളേ, നിങ്ങൾ ആനന്ദിക്കുക. ആത്മികന്യൂനതകൾ പരിഹരിക്കുക, പരസ്പരം ധൈര്യംപകരുക. ഐകമത്യം ലക്ഷ്യമാക്കി സമാധാനത്തോടെ ജീവിക്കുക. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

12 വിശുദ്ധചുംബനത്താൽ പരസ്പരം അഭിവാദനംചെയ്യുക.

13 ഇവിടെയുള്ള സകലവിശുദ്ധരും നിങ്ങളെ അഭിവാദനംചെയ്യുന്നു.

14 കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടാകുമാറാകട്ടെ.

പൗലോസ് കൊരിന്തിൽനിന്ന് മക്കദോന്യയിലേക്കു മടങ്ങുന്നു

പൗലോസ് തന്റെ സഹയാത്രികരെ ത്രോവാസിലേക്കു മുൻകൂട്ടി അയച്ചിട്ട്, അഖായയിൽനിന്നും കൊരിന്തിൽനിന്നും മക്കദോന്യയിലേക്കു മടങ്ങുന്നു.

അപ്പൊ.പ്രവൃത്തികൾ 20:4–5

4 ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രോസും തെസ്സലോനിക്യരായ അരിസ്തർഹൊസും സെക്കുന്തോസും ദെർബെക്കാരനായ ഗായൊസും തിമോത്തിയോസും ഏഷ്യാപ്രവിശ്യക്കാരായ തിഹിക്കൊസും ത്രൊഫിമൊസും അദ്ദേഹത്തെ അനുഗമിച്ചു. 5 അവർ ഞങ്ങൾക്കുമുമ്പായി യാത്രചെയ്തു ത്രോവാസ് തുറമുഖത്തെത്തി, അവിടെ ഞങ്ങൾക്കായി കാത്തിരുന്നു.