പൗലോസ് റോമാക്കാർക്ക് എഴുതുന്നു
അഖായയിൽനിന്ന് മക്കദോന്യയിലേക്കുള്ള യാത്രയിൽ, പൗലോസ് കൊരിന്തിൽവെച്ച് റോമിലെ യെഹൂദർക്കും യെഹൂദേതരർക്കും തന്റെ കത്ത് എഴുതുന്നു. യെഹൂദേതരരുടെ ഏറെ പ്രശംസിക്കപ്പെട്ട തത്ത്വചിന്തയ്ക്കോ ധാർമികസദ്ഗുണത്തിനോ മനുഷ്യബുദ്ധിയുടെ വെളിച്ചത്തിനോ അവരെ ദൈവമുമ്പാകെ നീതീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം അവർക്കു തെളിയിച്ചുകൊടുക്കുന്നു. മോശയുടെ ന്യായപ്രമാണത്തെക്കുറിച്ചുള്ള അറിവിനോ അതിനോടുള്ള അനുസരണത്തിനോ യെഹൂദരെ നീതീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം അവർക്കും തെളിയിച്ചുകൊടുക്കുന്നു. ക്രിസ്തുവിലുള്ള വിശ്വാസം മാത്രമാണ് സകലമനുഷ്യർക്കുമുള്ള ഏക രക്ഷാമാർഗം; എന്നും അങ്ങനെതന്നെയായിരുന്നു.
ക്രി.പി. 58
Biblica® Open Malayalam Contemporary Version™ (OMCV)
പൗലോസ് റോമാക്കാരെ അഭിവാദനംചെയ്യുന്നു
അപ്പൊസ്തലൻ എന്ന നിലയിലുള്ള തന്റെ അധികാരം പൗലോസ് ഉറപ്പിച്ചുപറയുന്നു. ദാവീദിൽനിന്നുള്ള വംശപരമ്പരയിലൂടെ ക്രിസ്തുവിന്റെ മനുഷ്യസ്വഭാവവും പുനരുത്ഥാനത്തിലൂടെ അവിടത്തെ ദൈവികസ്വഭാവവും അദ്ദേഹം വ്യക്തമാക്കുന്നു. റോമിലെ സഭയിൽ ഭൂരിപക്ഷമായിരുന്ന യെഹൂദേതരരോടു സുവിശേഷം പ്രസംഗിക്കാനുള്ള ദൗത്യം തനിക്കു ക്രിസ്തുവിൽനിന്നു ലഭിച്ചുവെന്നും അതിനാൽ അവരെ അഭിസംബോധനചെയ്യാൻ തനിക്ക് അധികാരമുണ്ടെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു.
1 ക്രിസ്തുയേശുവിന്റെ ദാസനും അപ്പൊസ്തലനും ദൈവത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നതിനു നിയോഗിക്കപ്പെട്ടിരിക്കുന്നവനുമായ പൗലോസാണ് ഈ ലേഖനം എഴുതുന്നത്. 2 ദൈവം ദീർഘകാലം മുമ്പേ വിശുദ്ധഗ്രന്ഥങ്ങളിൽ അവിടത്തെ പ്രവാചകന്മാരിലൂടെ വാഗ്ദാനംചെയ്തിട്ടുള്ളതാണ് തന്റെ പുത്രനെക്കുറിച്ചുള്ള ഈ സുവിശേഷം. 3 യേശുക്രിസ്തു ദാവീദിന്റെ സന്തതിപരമ്പരയിൽ മനുഷ്യനായി ജന്മമെടുക്കുകയും 4 പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മരണത്തിൽനിന്നുള്ള പുനരുത്ഥാനത്തിലൂടെ അവിടന്ന് ദൈവപുത്രനെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്തിരിക്കുന്നു. 5 ഈ ക്രിസ്തു മുഖാന്തരമാണ് അപ്പൊസ്തലത്വവും അതിനുള്ള ദൈവകൃപയും ഞങ്ങൾക്കു ലഭിച്ചത്. അതാകട്ടെ, അവിടത്തെ നാമത്തിന്റെ പുകഴ്ചയ്ക്കുവേണ്ടി സകലജനവിഭാഗങ്ങളിൽ ഉള്ളവരെയും തന്നിലുള്ള വിശ്വാസത്തിലേക്കും തൽഫലമായ അനുസരണത്തിലേക്കും നയിക്കേണ്ടതിനുമാണ്. 6 യേശുക്രിസ്തുവിന്റെ സ്വന്തമായിരിക്കുന്നതിനു വിളിക്കപ്പെട്ടവരായ നിങ്ങളും അവരിൽ ഉൾപ്പെട്ടിരിക്കുന്നു.
7 ദൈവത്തിന്റെ വാത്സല്യജനങ്ങളും വിശുദ്ധജനവും ആയിരിക്കാൻ ദൈവം വിളിച്ചിരിക്കുന്നവരായ, റോം നഗരത്തിലുള്ള നിങ്ങൾക്കെല്ലാവർക്കുംവേണ്ടി ഇതെഴുതുന്നു.
നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ!
റോമാക്കാരെ സന്ദർശിക്കാൻ പൗലോസ് വാഞ്ഛിക്കുന്നു
അവരുടെ വിശ്വാസത്തിൽ പൗലോസ് ആനന്ദിക്കുന്നു. ഏതെങ്കിലും ആത്മികദാനം പകർന്നുകൊടുത്ത് അവരെ ശക്തിപ്പെടുത്താൻ അവരെ സന്ദർശിക്കാനുള്ള തന്റെ വലിയ ആഗ്രഹം അദ്ദേഹം അറിയിക്കുന്നു; ആ തെളിവിലൂടെ താനും അവരും ക്രിസ്തുവിലുള്ള വിശ്വാസത്തിൽ പരസ്പരം ശക്തിപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യും. എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കാൻ നിയോഗിക്കപ്പെട്ട അദ്ദേഹം, മൂന്നു കാരണങ്ങളാൽ റോമാക്കാരോടും അതു പ്രസംഗിക്കാൻ ഇപ്പോഴും ആഗ്രഹിക്കുന്നു. ഒന്നാമതായി, യെഹൂദനും യെഹൂദേതരനും രക്ഷയ്ക്കായുള്ള ദൈവശക്തിയാണ് അതെന്ന് അദ്ദേഹം ഉറപ്പിച്ചുപറയുന്നു. രണ്ടാമതായി, സുവിശേഷത്തിൽ മാത്രമാണ് ദൈവത്തിന്റെ നീതി വെളിപ്പെടുന്നത്; ദൈവത്താൽ നീതീകരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നതിനുള്ള ഏക വ്യവസ്ഥയും അതിൽ വെളിപ്പെടുന്നു: അതു പ്രവൃത്തികളാലല്ല, വിശ്വാസത്താലാണ്. മൂന്നാമതായി, സുവിശേഷം മോശയുടെ ന്യായപ്രമാണത്തെക്കാളും മനസ്സാക്ഷിയുടെ വെളിച്ചത്തെയോ നിയമത്തെയോക്കാളും ശ്രേഷ്ഠമാണ്; ഇവ രണ്ടും പാപംചെയ്ത എല്ലാവരെയും ഒരു വ്യവസ്ഥയും കൂടാതെ മരണത്തിനു വിധിക്കുന്നു.
8 നിങ്ങളുടെ വിശ്വാസം ഭൂമിയിൽ എല്ലായിടത്തും സുപ്രസിദ്ധമായിരിക്കുന്നതുകൊണ്ട് ഞാൻ ആദ്യംതന്നെ നിങ്ങൾക്കെല്ലാവർക്കുംവേണ്ടി യേശുക്രിസ്തുവിലൂടെ എന്റെ ദൈവത്തിനു സ്തോത്രംചെയ്യുന്നു. 9 ഞാൻ എപ്പോഴും നിങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നു എന്നതിന് ദൈവം സാക്ഷിയാണ്. ആ ദൈവത്തെയാണ് അവിടത്തെ പുത്രനെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുന്നതിലൂടെ ഞാൻ സർവാത്മനാ സേവിക്കുന്നത്. 10 ദൈവത്തിനു പ്രസാദമുണ്ടായിട്ട് എങ്ങനെയെങ്കിലും ഒടുവിൽ നിങ്ങളുടെ അടുത്തെത്താൻ വഴിതുറക്കണമെന്ന് ഞാൻ എപ്പോഴും പ്രാർഥനയിൽ യാചിച്ചുകൊണ്ടിരിക്കുകയാണ്.
11 നിങ്ങളെ ആത്മികമായി ശാക്തീകരിക്കുന്നതിന് സഹായിക്കുന്ന എന്തെങ്കിലും കൃപാദാനം നൽകുന്നതിനുവേണ്ടിയാണ് ഞാൻ നിങ്ങളെ കാണാൻ അതിയായി ആഗ്രഹിക്കുന്നത്. 12 അതായത്, എന്റെയും നിങ്ങളുടെയും വിശ്വാസത്താൽ നമുക്കു പരസ്പരം പ്രോത്സാഹിപ്പിക്കാൻ സാധിക്കുമല്ലോ. 13 സഹോദരങ്ങളേ, എന്റെ ശുശ്രൂഷകൾകൊണ്ട് മറ്റു ജനതകളുടെ മധ്യേ എന്നപോലെ നിങ്ങളുടെ ഇടയിലും ചില ആത്മികഫലങ്ങൾ ഉണ്ടാകണമെന്ന ലക്ഷ്യത്തോടെ നിങ്ങളുടെ അടുക്കൽ വരാൻ ഞാൻ പലപ്പോഴും പരിശ്രമിച്ചു എന്നും എന്നാൽ, തടസ്സങ്ങൾമൂലം ഇതുവരെയും അതിനു കഴിഞ്ഞില്ല എന്നും നിങ്ങൾ അറിയാതിരിക്കരുത്.
14 പരിഷ്കൃതരോടും അപരിഷ്കൃതരോടും വിദ്യാസമ്പന്നരോടും വിദ്യാവിഹീനരോടും എനിക്ക് ഉത്തരവാദിത്വമുണ്ട്. 15 അതുകൊണ്ടാണ്, റോമിലുള്ള നിങ്ങളോടും സുവിശേഷം അറിയിക്കാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നത്.
16 സുവിശേഷത്തെക്കുറിച്ചു ഞാൻ ലജ്ജിക്കുന്നില്ല; ഒന്നാമത് യെഹൂദനും പിന്നീട് യെഹൂദേതരനും, ഇങ്ങനെ, വിശ്വസിക്കുന്ന എല്ലാവർക്കും അത് രക്ഷനൽകുന്ന ദൈവശക്തിയാകുന്നു. 17 കാരണം, ദൈവം മനുഷ്യനെ നീതിമാനാക്കുന്ന വിധം സുവിശേഷത്തിൽ പ്രകടമായിരിക്കുന്നു; “വിശ്വാസത്താലാണ് നീതിമാൻ ജീവിക്കുന്നത്” എന്ന തിരുവെഴുത്ത് അനുസരിച്ച് ആ നീതീകരണം ആദ്യവസാനം വിശ്വാസത്താലാണ്.
18 അനീതികൊണ്ടു സത്യത്തെ അടിച്ചമർത്തുന്ന മനുഷ്യരുടെ സകലവിധ ദുഷ്ടതയ്ക്കും അനീതിക്കും എതിരേ ദൈവത്തിന്റെ ഉഗ്രകോപം സ്വർഗത്തിൽനിന്ന് പ്രകടമായിക്കൊണ്ടിരിക്കുന്നു.
യെഹൂദേതരർ ദൈവത്തെ അറിഞ്ഞിട്ടും അവിടത്തെ വിട്ടകന്നു
സൃഷ്ടിയുടെ പ്രവൃത്തികളിൽ ദൈവത്തെക്കുറിച്ചും അവിടത്തെ മഹത്ത്വമേറിയ പരിപൂർണതകളെക്കുറിച്ചും യെഹൂദേതരർക്കു മതിയായ തെളിവുണ്ടായിരുന്നുവെന്ന് പൗലോസ് കാണിക്കുന്നു. പ്രകൃതിനിയമത്താൽ ആർക്കും രക്ഷ നേടാൻ കഴിയുമായിരുന്നില്ല എന്നു കാണിക്കാൻ, മാനുഷിക അറിവിന്റെയും ജ്ഞാനത്തിന്റെയും പരമോന്നത നിലയിൽ എത്തിയിരുന്ന ഗ്രീക്കുകാരുടെ ദുർഗുണങ്ങൾ അദ്ദേഹം എണ്ണിപ്പറയുന്നു. അവർ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടത്തെക്കുറിച്ചുള്ള തങ്ങളുടെ അറിവു മറച്ചുവെച്ചു; ഒടുവിൽ അവരുടെതന്നെ ഹൃദയങ്ങൾക്കു സത്യം കാണാതെയായി, അവർ സ്രഷ്ടാവിനു പകരം സൃഷ്ടിയുടെ ആരാധന സ്ഥാപിച്ചു എന്ന് അദ്ദേഹം ഉറപ്പിച്ചുപറയുന്നു. ദൈവത്തെക്കുറിച്ചുള്ള അവരുടെ അറിവ് തങ്ങളുടെ കുറ്റകൃത്യങ്ങൾക്കായി കാത്തിരിക്കുന്ന ശിക്ഷയെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തി; എങ്കിലും അവർ അവയിൽ തുടരുകയും അങ്ങനെതന്നെ ചെയ്യാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
19 യഥാർഥത്തിൽ, ദൈവത്തെക്കുറിച്ച് അറിയാൻ സാധ്യമായത് അവർക്കു വ്യക്തമായിരുന്നു. കാരണം, ദൈവം അത് അവർക്കു പ്രകടമാക്കി നൽകിയിരുന്നു. 20 ഇങ്ങനെ, അവിടന്നു സൃഷ്ടിച്ച സകലത്തിലൂടെയും തന്റെ അനന്തമായ ശക്തി, ദിവ്യസ്വഭാവം എന്നീ അദൃശ്യമായ ഗുണവിശേഷങ്ങൾ ലോകസൃഷ്ടിമുതൽ ഗ്രഹിക്കാൻ കഴിയുമായിരുന്നു. അതുകൊണ്ട് മനുഷ്യനു യാതൊരു ന്യായീകരണവും പറയാൻ സാധ്യമല്ല.
21 അവർ ദൈവത്തെക്കുറിച്ച് അറിഞ്ഞു എങ്കിലും ദൈവമായി അംഗീകരിച്ച് മഹത്ത്വപ്പെടുത്തുകയോ നന്ദിയുള്ളവരായിരിക്കുകയോ ചെയ്തില്ല; പിന്നെയോ, സ്വന്തം യുക്തിബോധംകൊണ്ട് യാതൊരു പ്രയോജനവും ഇല്ലാതെ അവരുടെ വിവേകശൂന്യമായ ഹൃദയം ഇരുളടഞ്ഞും പോയി. 22 ജ്ഞാനികൾ എന്നു സ്വയം അവകാശപ്പെട്ടുകൊണ്ട് അവർ വെറും മൂഢരായി മാറി. 23 അനശ്വരനായ ദൈവത്തിനു മഹത്ത്വം നൽകേണ്ടതിനു പകരം നശ്വരനായ മനുഷ്യൻ, പക്ഷികൾ, മൃഗങ്ങൾ, ഇഴജന്തുക്കൾ ഇവയുടെ സാദൃശ്യത്തിലുള്ള രൂപങ്ങൾക്ക് അവർ മഹത്ത്വം കൽപ്പിച്ചു.
24 അതുകൊണ്ട്, അവരുടെ ഹൃദയത്തിലെ ദുർമോഹങ്ങളാൽ നിയന്ത്രിക്കപ്പെട്ട് അപമാനകരമായ ശാരീരികവൃത്തികളിൽ പരസ്പരം വ്യാപൃതരാകാൻ ദൈവം അവരെ അശുദ്ധിയിലേക്ക് ഉപേക്ഷിച്ചുകളഞ്ഞു. 25 അവർ ദൈവത്തെക്കുറിച്ചുള്ള സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിക്കുകയും സ്രഷ്ടാവിനെ ആരാധിക്കുന്നതിനു പകരം സൃഷ്ടിയെ വണങ്ങി സേവിക്കുകയും ചെയ്തു. ആ സ്രഷ്ടാവായ ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.
26 ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ വികാരങ്ങളിലേക്ക് ഉപേക്ഷിച്ചുകളഞ്ഞു; അവരുടെ സ്ത്രീകൾപോലും സ്വാഭാവിക ലൈംഗികവേഴ്ചയ്ക്കു പകരം പ്രകൃതിവിരുദ്ധ ബന്ധങ്ങളിൽ ഏർപ്പെട്ടു. 27 അതുപോലെതന്നെ, സ്ത്രീകളുമായുള്ള സ്വാഭാവിക ലൈംഗികവേഴ്ച ഉപേക്ഷിച്ച് പുരുഷന്മാർ വിഷയാസക്തി മൂത്ത് പരസ്പരം ഹീനകൃത്യങ്ങളിൽ മുഴുകി; അവരുടെ പ്രകൃതിവിരുദ്ധ പ്രവൃത്തികൾക്ക് അർഹമായ പ്രതിഫലം അവരുടെ ശരീരത്തിൽ പ്രാപിക്കുകയും ചെയ്തു.
28 ഇങ്ങനെ ദൈവത്തെ അംഗീകരിക്കുന്നതു ശ്രേഷ്ഠമായി കരുതാതിരുന്നപ്പോൾ, അയോഗ്യമായതു പ്രവർത്തിക്കുന്ന അധമബുദ്ധിക്കു ദൈവം അവരെ വിട്ടുകളഞ്ഞു. 29 അവർ എല്ലാവിധ അനീതിയും ദോഷവും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്. അവരുടെ ജീവിതം അസൂയ, കൊലപാതകം, ശണ്ഠ, വഞ്ചന, ദുഷ്ടത എന്നിവ നിറഞ്ഞതാണ്. വൃഥാഭാഷികളും 30 പരദൂഷകരും ദൈവദ്വേഷികളും ധിക്കാരികളും ഗർവിഷ്ഠരും പൊങ്ങച്ചക്കാരുമാണ് അവർ. തിന്മയുടെ പുതിയ വഴികൾ അവർ കണ്ടുപിടിക്കുന്നു. അവർ മാതാപിതാക്കളെ അനുസരിക്കാത്തവരും 31 അവിവേകികളും വിശ്വാസവഞ്ചകരും മനുഷ്യത്വമില്ലാത്തവരും ദയ ഇല്ലാത്തവരും ആണ്. 32 ഇങ്ങനെയുള്ളവർ മരണയോഗ്യരാണ് എന്ന ദൈവകൽപ്പന അറിഞ്ഞിട്ടും അവർ ഇക്കാര്യങ്ങൾതന്നെ തുടർന്നു പ്രവർത്തിക്കുന്നു; അതുമാത്രമോ, അങ്ങനെചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നു.
യെഹൂദരും അതേ പാപങ്ങളിൽ കുറ്റക്കാരാണ്
യെഹൂദേതരരെ അവരുടെ പാപങ്ങൾക്കു കുറ്റംവിധിക്കുന്നതിൽ പങ്കുചേരാൻ യെഹൂദർ എത്ര സന്നദ്ധരാണെന്നു പൗലോസിനു നന്നായി അറിയാം. തങ്ങളും അതേ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരാണെന്നു പ്രഖ്യാപിച്ചുകൊണ്ട്, യെഹൂദരെ അവരുടെ പാപം ബോധ്യപ്പെടുത്താൻ അദ്ദേഹം ഇപ്പോൾ ശ്രമിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ അവരുടെ സ്വന്തം ന്യായപ്രമാണത്തിൽ നൽകിയിരിക്കുന്ന ദൈവവിധി സത്യമാണെന്ന് അറിയപ്പെടുന്നു; അവ ചെയ്യുന്ന എല്ലാവരും, യെഹൂദരായാലും യെഹൂദേതരരായാലും, ദൈവത്തിന്റെ അന്തിമവിധിയിൽനിന്നു രക്ഷപ്പെടുകയില്ല.
1 ആകയാൽ ശിക്ഷവിധിക്കുന്ന മനുഷ്യാ, നീ ആരുമായിക്കൊള്ളട്ടെ, നിനക്ക് ഒരു ന്യായീകരണവും പറയാനില്ല. മറ്റുള്ളവരെ ശിക്ഷവിധിക്കുന്നതിലൂടെ നീ നിന്നെത്തന്നെയാണ് ശിക്ഷവിധിക്കുന്നത്. കാരണം, ഏതു കാര്യത്തിനു മറ്റൊരാളെ ശിക്ഷവിധിക്കുന്നോ അതേകാര്യം നീയും പ്രവർത്തിക്കുന്നുണ്ടല്ലോ. 2 ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരേ ദൈവം സത്യം ആധാരമാക്കി ശിക്ഷവിധിക്കുമെന്ന് നമുക്കറിയാം. 3 അതുകൊണ്ട് ഹേ മനുഷ്യാ, അത്തരം പ്രവൃത്തികൾ ചെയ്യുന്നവരെ ശിക്ഷവിധിച്ചിട്ട് അതേ പ്രവൃത്തിതന്നെ ചെയ്യുന്ന നിനക്കു ദൈവത്തിന്റെ ശിക്ഷാവിധിയിൽനിന്ന് രക്ഷപ്പെടാൻ സാധിക്കും എന്നു നീ വിചാരിക്കുന്നുണ്ടോ?
ദൈവം യെഹൂദനെയും യെഹൂദേതരനെയും ഒരുപോലെ ന്യായംവിധിക്കുന്നു
യെഹൂദർ മാനസാന്തരപ്പെടുന്നില്ലെങ്കിൽ അവരുടെ പ്രത്യേകാവകാശങ്ങൾ അവരുടെ ശിക്ഷാവിധി വർധിപ്പിക്കുമെന്ന് പൗലോസ് അവർക്കു മുന്നറിയിപ്പുനൽകുന്നു. ദൈവത്തിന്റെ ന്യായവിധി യെഹൂദർക്കും യെഹൂദേതരർക്കും തമ്മിൽ എന്തെങ്കിലും വേർതിരിവു കാണിക്കുന്നു എന്നത് അദ്ദേഹം നിഷേധിക്കുന്നു; ദൈവം പക്ഷഭേദം കാണിക്കാത്തതിനാൽ, ഒരേ ശിക്ഷകളും ഒരേ പ്രതിഫലങ്ങളും യെഹൂദനും യെഹൂദേതരനും ഒരുപോലെ നൽകപ്പെടുമെന്ന് ഉറപ്പിച്ചുപറയുകയും ചെയ്യുന്നു.
4 ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നയിക്കുന്നതിനാണെന്ന് തിരിച്ചറിയാതെ നീ അവിടത്തെ സമൃദ്ധമായ ദയയും സഹിഷ്ണുതയും ദീർഘക്ഷമയും നിസ്സാരമായി കരുതുകയാണോ?
5 എന്നാൽ, ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന ക്രോധദിവസത്തേക്കു, നിന്റെ ശാഠ്യവും അനുതാപമില്ലാത്ത ഹൃദയവും നിമിത്തം നിനക്കുതന്നെ ദൈവക്രോധം ശേഖരിച്ചുവെക്കുകയാണ്. 6 ദൈവം “ഓരോ വ്യക്തിക്കും അവനവന്റെ പ്രവൃത്തിക്കനുസരിച്ചു പകരംചെയ്യും.” 7 നിരന്തരം നന്മപ്രവൃത്തികൾ ചെയ്തുകൊണ്ടു മഹത്ത്വവും മാനവും അനശ്വരതയും അന്വേഷിക്കുന്നവർക്ക് അവിടന്നു നിത്യജീവൻ നൽകും. 8 എന്നാൽ, സത്യം അനുസരിക്കാതെ സ്വാർഥചിന്തയോടുകൂടി ദുഷ്ടതയെ അനുസരിക്കുന്നവരുടെമേൽ കോപവും ക്രോധവും വർഷിക്കും. 9 തിന്മചെയ്യുന്ന ഏതു മനുഷ്യജീവിക്കും ഒന്നാമതു യെഹൂദനും പിന്നീട് യെഹൂദേതരനും പീഡയും സങ്കടവും ഉണ്ടാകും. 10 എന്നാൽ, നന്മ പ്രവർത്തിക്കുന്നവർക്കെല്ലാം, ഒന്നാമതു യെഹൂദനും പിന്നീട് യെഹൂദേതരനും മഹത്ത്വവും ബഹുമാനവും സമാധാനവും ലഭിക്കും; 11 കാരണം, ദൈവം പക്ഷഭേദം ഇല്ലാത്തവനാണ്.
ഓരോരുത്തർക്കും ലഭിച്ച വെളിച്ചമനുസരിച്ചുള്ള വിധി
എല്ലാ മനുഷ്യരും തങ്ങൾക്കു ലഭിച്ച വെളിച്ചത്തിന്റെയും അറിവിന്റെയും അളവനുസരിച്ച് വിധിക്കപ്പെടുമെന്ന് പൗലോസ് തുടർന്നു പ്രഖ്യാപിക്കുന്നു. ന്യായപ്രമാണം അംഗീകരിക്കുന്നുവെന്നു പറയുകയും എന്നാൽ അത് അനുസരിക്കാതിരിക്കുകയും ചെയ്യുന്ന യെഹൂദരല്ല, അതിനെക്കുറിച്ചുള്ള പിൽക്കാല അറിവ് ലഭിക്കാതിരുന്നിട്ടും അതിനനുസരിച്ചു ജീവിക്കുന്ന യെഹൂദേതരരും മറ്റെല്ലാവരുമാണ് ആ മഹാദിനത്തിൽ ദൈവത്തിന്റെ പ്രീതി നേടുക; അന്നു ദൈവത്തിന്റെ സുവിശേഷമനുസരിച്ച് എല്ലാ മനുഷ്യരും മനസ്സാക്ഷിയുടെയും വിശ്വാസത്തിന്റെയും നിയമത്താൽ വിധിക്കപ്പെടും.
12 ന്യായപ്രമാണം ലഭിക്കാതെ പാപംചെയ്ത യെഹൂദേതരരെല്ലാം ന്യായപ്രമാണംകൂടാതെതന്നെ നശിക്കും. ന്യായപ്രമാണം ഉണ്ടായിട്ടും പാപംചെയ്ത യെഹൂദരെല്ലാം ന്യായപ്രമാണത്താൽ ശിക്ഷവിധിക്കപ്പെടും. 13 ന്യായപ്രമാണം വെറുതേ കേൾക്കുന്നവരല്ല, ദൈവസന്നിധിയിൽ നീതിനിഷ്ഠർ; ന്യായപ്രമാണം അനുസരിക്കുന്നവരാണ് നീതീകരിക്കപ്പെടുന്നത്. 14 ന്യായപ്രമാണം ഇല്ലാത്ത യെഹൂദേതരർ അവ കേൾക്കാതെ സ്വാഭാവികമായിത്തന്നെ ന്യായപ്രമാണം അനുശാസിക്കുന്ന കാര്യങ്ങൾ പ്രവർത്തിക്കുന്നു. ഇങ്ങനെ അവർ തങ്ങൾക്കുതന്നെ ഒരു ന്യായപ്രമാണമായിത്തീരുന്നു. 15 അവരുടെ ചിന്തകൾ അവരെ കുറ്റപ്പെടുത്തുകയോ ന്യായീകരിക്കുകയോ ചെയ്തും അവരുടെ മനസ്സാക്ഷികൂടെ അതിനു സാക്ഷ്യംവഹിച്ചും ന്യായപ്രമാണം അനുശാസിക്കുന്ന പ്രവൃത്തികൾ അവരുടെ ഹൃദയത്തിൽ എഴുതപ്പെട്ടിരിക്കുന്നതായി കാണിക്കുന്നു. 16 ഞാൻ പ്രസംഗിക്കുന്ന സുവിശേഷം അനുസരിച്ച് ഒരു ദിവസം ദൈവം യേശുക്രിസ്തുവിലൂടെ മനുഷ്യരുടെ രഹസ്യങ്ങളെ ന്യായംവിധിക്കും.