ന്യായപ്രമാണത്തെക്കുറിച്ചുള്ള അറിവിന് യെഹൂദനെ നീതീകരിക്കാനാവില്ല
മതത്തെക്കുറിച്ചുള്ള അറിവുകൊണ്ടുമാത്രം യെഹൂദനെ നീതീകരിക്കാനാവില്ലെന്ന് പൗലോസ് വ്യക്തമാക്കുന്നു. ജനത്തിന്റെ നിയുക്ത അധ്യാപകരായിരുന്ന യെഹൂദ ശാസ്ത്രിമാരുടെയും ഭരണാധികാരികളുടെയും പെരുമാറ്റത്തിൽ മോശയുടെ ന്യായപ്രമാണം പരസ്യമായി ലംഘിക്കപ്പെട്ടത്, ആ ന്യായപ്രമാണത്തിനു രക്ഷിക്കാൻ ശക്തിയില്ലെന്നു തെളിയിക്കുന്നു. അവരുടെ സ്വന്തം തിരുവെഴുത്തുകളിൽനിന്ന് അദ്ദേഹം ഈ കുറ്റാരോപണം തെളിയിക്കുന്നു.
ക്രി.പി. 58
Biblica® Open Malayalam Contemporary Version™ (OMCV)
17 എന്നാൽ, നീ നിന്നെത്തന്നെ യെഹൂദൻ എന്നു വിളിക്കുകയും ന്യായപ്രമാണത്തിൽ ആശ്രയിക്കുകയും ദൈവത്തോടുള്ള ബന്ധത്തെക്കുറിച്ച് ആത്മപ്രശംസ നടത്തുകയും ചെയ്യുന്നല്ലോ. 18 നീ ന്യായപ്രമാണം പഠിച്ചതിന്റെ ഫലമായി ദൈവഹിതം തിരിച്ചറിയുകയും ഉത്തമമായത് അംഗീകരിക്കുകയും ചെയ്യുന്നല്ലോ; 19 ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സാക്ഷാത്കാരം ന്യായപ്രമാണത്തിൽനിന്നു ലഭിച്ചിട്ടുള്ളതുകൊണ്ട് നീ അന്ധർക്കു വഴികാട്ടുന്ന വ്യക്തിയും ഇരുട്ടിലുള്ളവർക്കു പ്രകാശവും 20 മൂഢർക്ക് പരിശീലകനും ശിശുക്കൾക്ക് അധ്യാപകനും ആണെന്നും പൂർണനിശ്ചയമുള്ളവനായിരിക്കുന്നല്ലോ. 21 എങ്കിൽ, മറ്റുള്ളവരെ ഉപദേശിക്കുന്ന നീ എന്തുകൊണ്ട് നിന്നെത്തന്നെ ഉപദേശിക്കുന്നില്ല? മോഷ്ടിക്കരുത് എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നോ? 22 വ്യഭിചാരം ചെയ്യരുത് എന്നു ജനങ്ങളോടു പറയുന്ന നീ വ്യഭിചാരംചെയ്യുന്നോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നോ? 23 ന്യായപ്രമാണത്തെപ്പറ്റി ആത്മപ്രശംസ ചെയ്യുന്ന നീ ന്യായപ്രമാണം ലംഘിച്ച് ദൈവത്തെ അപമാനിക്കുകയാണോ? 24 “നിങ്ങൾനിമിത്തം ദൈവനാമം യെഹൂദരല്ലാത്തവരുടെ ഇടയിൽ നിന്ദിക്കപ്പെടുന്നു” എന്നെഴുതിയിരിക്കുന്നല്ലോ!
അനുസരണമില്ലെങ്കിൽ പരിച്ഛേദന വിലയില്ലാത്തതാണ്
അബ്രാഹാമിന്റെ സന്തതികളാണെന്നതിന്റെയും ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമെന്ന നിലയിലുള്ള തങ്ങളുടെ പ്രത്യേകാവകാശങ്ങളുടെയും അടയാളമായി യെഹൂദർ അഭിമാനിച്ചിരുന്ന പരിച്ഛേദന, അവർ ന്യായപ്രമാണം പാലിക്കുന്നില്ലെങ്കിൽ അവർക്കു യാതൊരു പ്രയോജനവും ചെയ്യില്ലെന്ന് പൗലോസ് തുടർന്നു വ്യക്തമാക്കുന്നു. ന്യായപ്രമാണം ലംഘിക്കുന്നതിലൂടെ യെഹൂദനു തന്റെ പ്രത്യേകാവകാശങ്ങൾ നഷ്ടപ്പെടുകയും പരിച്ഛേദനയില്ലാത്ത യെഹൂദേതരനെക്കാൾ മെച്ചമല്ലാത്ത നിലയിലാകുകയും ചെയ്തു. ന്യായപ്രമാണത്തിലെ കർത്തവ്യങ്ങൾ ചെയ്യുന്ന യെഹൂദേതരരെ ദൈവം സ്വീകരിച്ച് തന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ കൂട്ടത്തിൽ ചേർക്കും. ബാഹ്യമായി മാത്രം മതവിശ്വാസം പ്രകടിപ്പിക്കുന്നവൻ അബ്രാഹാമിന്റെ പുത്രനല്ല; ആത്മികമായി നിർമലനായവൻ മാത്രമാണ് യഥാർഥ പുത്രൻ.
25 നീ ന്യായപ്രമാണം അനുസരിക്കുന്നെങ്കിൽ പരിച്ഛേദനം പ്രയോജനമുള്ളതാകും; എന്നാൽ ന്യായപ്രമാണം ലംഘിച്ചാലോ നീ പരിച്ഛേദനം സ്വീകരിക്കാത്തതിനു തുല്യമായിത്തീരുന്നു. 26 പരിച്ഛേദനം സ്വീകരിച്ചിട്ടില്ലാത്തവർ ന്യായപ്രമാണത്തിലെ വിധികളനുസരിച്ചാൽ പരിച്ഛേദനമുള്ളവരെപ്പോലെ അവരും പരിഗണിക്കപ്പെടുകയില്ലേ? 27 ശരീരത്തിൽ പരിച്ഛേദനം ഏൽക്കാതെതന്നെ ന്യായപ്രമാണം അനുസരിക്കുന്ന യെഹൂദേതരൻ, ലിഖിതനിയമസംഹിതയും പരിച്ഛേദനവും ഉണ്ടായിരുന്നിട്ടും നിയമം ലംഘിക്കുന്ന നിന്നെ കുറ്റംവിധിക്കും.
28 കാരണം, പുറമേ യെഹൂദനായിരിക്കുന്നവനല്ല യഥാർഥ യെഹൂദൻ; അതുപോലെ, യഥാർഥ പരിച്ഛേദനം, ശരീരത്തിൽ ചെയ്യുന്ന ബാഹ്യമായ ഒന്നല്ല. 29 പിന്നെയോ, അകമേ യെഹൂദനായിരിക്കുന്നവനാണ് യഥാർഥ യെഹൂദൻ; ന്യായപ്രമാണത്തിലെ അക്ഷരപ്രകാരമുള്ളതല്ല, ആത്മാവിനാൽ ഹൃദയത്തിൽ ഉള്ളതാണ് ശരിയായ പരിച്ഛേദനം. ഇങ്ങനെയുള്ളവർക്ക് മനുഷ്യരിൽനിന്നല്ല, ദൈവത്തിൽനിന്നുതന്നെ പ്രശംസ ലഭിക്കും.
യെഹൂദന്റെ മേന്മയും ദൈവത്തിന്റെ വിശ്വസ്തതയും
യെഹൂദരെയും യെഹൂദേതരരെയും ഒരുപോലെ പാപം ബോധ്യപ്പെടുത്തിയശേഷം, പൗലോസ് യെഹൂദരുടെ മുൻവിധികളെ ഖണ്ഡിക്കാൻ മുന്നോട്ടുപോകുന്നു. അങ്ങനെയെങ്കിൽ അബ്രാഹാമിന്റെ മക്കൾക്കു യെഹൂദേതരരെക്കാൾ ഏതു വിധത്തിലാണ് കൂടുതൽ പ്രീതി ലഭിച്ചിരിക്കുന്നതെന്നു ചോദിക്കുന്ന ഒരാളെ അദ്ദേഹം അവതരിപ്പിക്കുന്നു. “ദൈവത്തിന്റെ വചനങ്ങൾതന്നെ അവരെ ഏൽപ്പിച്ചിരിക്കുന്നു” എന്നു പൗലോസ് മറുപടി പറയുന്നു. തങ്ങളുടെ ജനതയിൽ ചിലർ ഈ വചനങ്ങൾ വിശ്വസിക്കാതിരുന്നതിനാൽ, അവരുടെ അവിശ്വാസം ദൈവത്തിന്റെ വാഗ്ദാനങ്ങളെ റദ്ദാക്കുമോ എന്ന് യെഹൂദൻ പിന്നെ ചോദിക്കുന്നു. മനുഷ്യദൗർബല്യം വാഗ്ദാനങ്ങൾ ആശ്രയിച്ചിരുന്ന വ്യവസ്ഥകൾ ലംഘിച്ചതിനാൽ, അവരുടെ അവിശ്വാസം ദൈവത്തിന്റെ സത്യവും വാഗ്ദാനങ്ങളും സ്ഥിരീകരിക്കുകയാണു ചെയ്തതെന്ന് പൗലോസ് മറുപടിയിൽ വാദിക്കുന്നു. അപ്പോൾ യെഹൂദൻ ചോദിക്കുന്നു: “അവരുടെ അവിശ്വാസം ദൈവത്തിന്റെ നീതിയെ കൂടുതൽ തെളിയിക്കുന്നുവെങ്കിൽ, അവരെ ശിക്ഷിക്കുന്നത് ദൈവത്തിന്റെ അനീതിയാകില്ലേ?” ദൈവത്തിന് അനീതിയുള്ളവനാകാൻ കഴിയില്ലെന്നും അങ്ങനെയെങ്കിൽ അവിടത്തേക്ക് എങ്ങനെ ലോകത്തെ വിധിക്കാൻ കഴിയുമെന്നും പൗലോസ് വ്യക്തമാക്കുന്നു. യെഹൂദൻ ആ വാദം ആവർത്തിക്കുന്നു. അത്തരം പെരുമാറ്റം നന്മ വരേണ്ടതിനു തിന്മ ചെയ്യാൻ ആളുകളെ പഠിപ്പിക്കലാകുമെന്നു പറഞ്ഞുകൊണ്ട് പൗലോസ് അതു തള്ളിക്കളയുന്നു. അത്തരമൊരു അഭിപ്രായം പുലർത്തുന്നവരുടെ ശിക്ഷാവിധി നീതിയുക്തമാണ്.
1 അങ്ങനെയെങ്കിൽ യെഹൂദനായിരിക്കുന്നതുകൊണ്ട് എന്തു പ്രയോജനമാണ് ഉള്ളത്? അതുപോലെ, പരിച്ഛേദനം സ്വീകരിക്കുന്നതുകൊണ്ട് എന്തു ലാഭമാണുള്ളത്? 2 എല്ലാവിധത്തിലും വളരെയുണ്ട്: അതിൽ പ്രഥമഗണനീയം ദൈവത്തിന്റെ അരുളപ്പാടുകൾ യെഹൂദന്മാരെ ഭരമേൽപ്പിച്ചിരിക്കുന്നു എന്നതാണ്.
3 ആ അരുളപ്പാടുകൾ ചിലർ അവിശ്വസിച്ചു. അതുകൊണ്ടെന്ത്? അവരുടെ വിശ്വാസരാഹിത്യത്താൽ ദൈവത്തിന്റെ വിശ്വസ്തത ഇല്ലാതാകുമോ? 4 ഒരിക്കലുമില്ല! എല്ലാ മനുഷ്യരും വ്യാജംപറയുന്നവർ ആയിരുന്നാലും ദൈവം സത്യസന്ധനാണ്.
“അങ്ങയുടെ വാക്കുകളിൽ അങ്ങ് നീതിമാനെന്നു തെളിയുന്നതിനും
വിചാരണയിൽ അങ്ങ് വിജയിക്കാനും,”
എന്ന് എഴുതിയിട്ടുണ്ടല്ലോ.
5 എന്നാൽ, ദൈവം എത്ര നീതിമാനാണെന്നത് നമ്മുടെ അനീതി പ്രകടമാക്കുന്നുവെങ്കിൽ നാം എന്താണു പറയുക? മാനുഷികമായ രീതിയിൽ ചോദിക്കട്ടെ, “നമ്മുടെമേൽ ക്രോധം വെളിപ്പെടുത്തുന്ന ദൈവം നീതിമാൻ അല്ല” എന്നാണോ? 6 ഒരിക്കലുമല്ല. അങ്ങനെയാണെങ്കിൽ അനീതിയുള്ള ദൈവത്തിന് ലോകത്തെ വിധിക്കാൻ എങ്ങനെ കഴിയും? 7 എന്നാൽ “എന്റെ കാപട്യം ദൈവത്തിന്റെ സത്യസന്ധതയെ പ്രകടമാക്കുന്നതിലൂടെ അവിടത്തെ യശസ്സു വർധിപ്പിക്കുന്നെങ്കിൽ, എന്തിനാണ് പിന്നെയും എന്നെ പാപിയെന്നു വിധിയെഴുതുന്നത്?” എന്നു ചിലർ വാദിച്ചേക്കാം, 8 അപ്പോൾ, “നന്മ ഉണ്ടാകേണ്ടതിനുവേണ്ടി നമുക്കു തിന്മ പ്രവർത്തിക്കാം” എന്നാണോ? ചിലരാകട്ടെ, ഇപ്രകാരം ഞങ്ങൾ പറയുന്നതായി ഞങ്ങളെപ്പറ്റി അപവാദം പറയുന്നുണ്ട്; അവർ അർഹിക്കുന്ന ശിക്ഷാവിധി അവർക്കു ലഭിക്കും.
യെഹൂദരും യെഹൂദേതരരും ഒരുപോലെ പാപത്തിൻകീഴിൽ
യെഹൂദേതരരെക്കാൾ മെച്ചപ്പെട്ട അവകാശവാദങ്ങൾ യെഹൂദർക്കില്ലേ എന്ന് യെഹൂദൻ ഇപ്പോൾ ചോദിക്കുന്നു. യെഹൂദരും യെഹൂദേതരരും ഒരുപോലെ പാപത്തിൻകീഴിലായിരുന്നു എന്നു മുമ്പു പറഞ്ഞത് പൗലോസ് വീണ്ടും ഉറപ്പിച്ചുപറയുന്നു. ദൈവനിശ്വാസീയമെന്ന് അവർ അംഗീകരിച്ചിരുന്ന സ്വന്തം തിരുവെഴുത്തുകളിൽനിന്നുതന്നെ യെഹൂദരുടെ പാപം തെളിയിക്കപ്പെടുന്നു. മോശയുടെ ന്യായപ്രമാണത്തിനോ പ്രകൃതിനിയമത്തിനോ പാപത്തെക്കുറിച്ചും അതിന്റെ ശിക്ഷാവിധിയെക്കുറിച്ചുമുള്ള അറിവു നൽകാൻ മാത്രമേ കഴിയൂ; അവയാൽ ആരും നീതീകരിക്കപ്പെടുകയില്ല.
9 അപ്പോൾ എന്ത്? യെഹൂദരായ നമുക്ക് എന്തെങ്കിലും ശ്രേഷ്ഠത ഉണ്ടോ? ഇല്ലേയില്ല. മുമ്പു നാം തെളിച്ചു പറഞ്ഞതുപോലെതന്നെ യെഹൂദനും യെഹൂദേതരനും ഇങ്ങനെ എല്ലാവരും പാപത്തിന് അധീനർതന്നെയാണ്.
10 “നീതിനിഷ്ഠർ ആരുമില്ല, ഒരാൾപോലും ഇല്ല.
11 ഗ്രഹിക്കുന്നവർ ആരുമില്ല,
ദൈവത്തെ അന്വേഷിക്കുന്നവരുമില്ല.
12 എല്ലാവരും വഴിതെറ്റി
ഒന്നടങ്കം കൊള്ളരുതാത്തവരായിത്തീർന്നിരിക്കുന്നു;
നന്മചെയ്യുന്നവർ ആരുമില്ല,
ഒരൊറ്റവ്യക്തിപോലുമില്ല.”
13 “അവരുടെ തൊണ്ട തുറന്ന ശവക്കുഴി;
അവർ നാവുകൊണ്ട് വഞ്ചിക്കുന്നു;”
“അവരുടെ അധരങ്ങളിൽ അണലിവിഷമുണ്ട്.”
14 “അവരുടെ വായിൽ ശാപവും കയ്പും നിറഞ്ഞിരിക്കുന്നു.”
15 “അവരുടെ പാദങ്ങൾ രക്തം ചൊരിയാൻ പായുന്നു.
16 നാശവും ദുരിതവും അവരുടെ പാതകളിൽ ഉണ്ട്.
17 സമാധാനത്തിന്റെ മാർഗം അവർക്ക് അറിഞ്ഞുകൂടാ.”
18 “അവരുടെ ദൃഷ്ടിയിൽ ദൈവഭയം ഇല്ലാതായിരിക്കുന്നു,”
എന്നിങ്ങനെ തിരുവെഴുത്തിൽ എഴുതിയിരിക്കുന്നല്ലോ!
19 ന്യായപ്രമാണത്തിന്റെ നിബന്ധനകൾ ബാധകമായിരിക്കുന്നത് അതു ലഭിച്ചിട്ടുള്ളവർക്കാണെന്ന് നമുക്കറിയാം. ഇതു നൽകിയിരിക്കുന്നത്, എല്ലാ അധരങ്ങളും ഒഴിവുകഴിവുകൾ ഒന്നും പറയാനില്ലാതെ നിശ്ശബ്ദമാകാനും ലോകത്തിലുള്ളവർ മുഴുവൻ ദൈവത്തോടു കണക്കു ബോധിപ്പിക്കാൻ കടപ്പെട്ടിരിക്കുന്നുവെന്നു വ്യക്തമാക്കുന്നതിനുംവേണ്ടിയാണ്. 20 അതുകൊണ്ട്, ന്യായപ്രമാണം അനുശാസിക്കുന്ന പ്രവൃത്തികൾ അനുഷ്ഠിക്കുന്നതിലൂടെ ആരും ദൈവത്തിന്റെ മുമ്പാകെ നീതിനിഷ്ഠരാകുകയില്ല; പിന്നെയോ, നമ്മുടെ പാപത്തെക്കുറിച്ചുള്ള അറിവു നൽകുകയാണ് ന്യായപ്രമാണം ചെയ്യുന്നത്.
യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ സൗജന്യമായി നീതീകരിക്കപ്പെടുന്നു
നീതീകരിക്കുന്നതിൽ ന്യായപ്രമാണം പൂർണമായി പരാജയപ്പെട്ടതിനാൽ, യേശുക്രിസ്തുവിലുള്ള വിശ്വാസമാണ് നീതീകരണത്തിനുള്ള ഏക മാർഗമെന്ന് പൗലോസ് പ്രഖ്യാപിക്കുന്നു. ഇതു ന്യായപ്രമാണത്തിലും പ്രവാചകന്മാരിലും പഠിപ്പിക്കപ്പെടുന്നു; യെഹൂദനും യെഹൂദേതരനും ഒരുപോലെ നൽകപ്പെടുകയും ചെയ്യുന്നു. ദൈവത്തിനു പക്ഷപാതമില്ലാത്തതിനാൽ ഇരുകൂട്ടരും ഒരുപോലെ പാപം ബോധ്യപ്പെട്ടവരായിരുന്നു. ക്രിസ്തുയേശുവിന്റെ പാപപരിഹാരയാഗത്തിലൂടെയും വീണ്ടെടുപ്പിലൂടെയും വിശ്വാസത്താൽ എല്ലാവർക്കും ലഭിക്കുന്ന ദൈവത്തിന്റെ സൗജന്യദാനമാണ് നീതീകരണം; അതിനാൽ എല്ലാ ആത്മപ്രശംസയും ഒഴിവാക്കപ്പെടുന്നു.
21 എന്നാൽ ഇപ്പോഴാകട്ടെ, ന്യായപ്രമാണത്തിന്റെ ആചരണംകൂടാതെ ലഭിക്കുന്ന ദൈവികപാപവിമോചനം വെളിപ്പെട്ടുവന്നിരിക്കുന്നു; ഇതിനെക്കുറിച്ചു ന്യായപ്രമാണത്തിലും പ്രവാചകന്മാരുടെ ലിഖിതങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. 22 യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ദൈവത്തിൽനിന്നുള്ള ഈ കുറ്റവിമുക്തി, വിശ്വസിക്കുന്ന എല്ലാവർക്കും ലഭിക്കുന്നു. 23 യെഹൂദനെന്നോ യെഹൂദേതരനെന്നോ ഒരു ഭേദവുമില്ലാതെ എല്ലാവരും പാപംചെയ്തു ദൈവതേജസ്സിന് അന്യരായിത്തീർന്നിരിക്കുന്നു. 24 എങ്കിലും ദൈവകൃപയാൽ, ക്രിസ്തുയേശുമുഖേനയുള്ള വീണ്ടെടുപ്പിലൂടെ അവരെ സൗജന്യമായി നീതീകരിക്കുന്നു. 25 ദൈവം യേശുവിന്റെ രക്തംചൊരിഞ്ഞ് പാപനിവാരണയാഗമാക്കി പരസ്യമായി നൽകിയതിൽ വിശ്വസിക്കുന്നതിലൂടെയാണ് ഈ നീതി ലഭിക്കുന്നത്. അവിടത്തെ നീതി പ്രകടമാക്കുന്നതിനാണ് ഇപ്പോൾ ഇങ്ങനെ ചെയ്തത്. ദൈവം അവിടത്തെ ദീർഘക്ഷമനിമിത്തം മുൻകാലപാപങ്ങൾക്കു ശിക്ഷവിധിച്ചതുമില്ല. 26 അവിടന്ന് ഇങ്ങനെ പ്രവർത്തിച്ചത്, ഈ കാലഘട്ടത്തിൽ അവിടത്തെ നീതി പ്രകടമാക്കിക്കൊണ്ട്, നീതിനിഷ്ഠനും യേശുവിൽ വിശ്വസിക്കുന്നവരെ നീതീകരിക്കുന്നവനും ആയിരിക്കാനാണ്.
27 അങ്ങനെയെങ്കിൽ പ്രശംസയ്ക്ക് സ്ഥാനം എവിടെ? അത് നീങ്ങിപ്പോയിരിക്കുന്നു. ഏതു പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ? അനുഷ്ഠാനങ്ങൾ ആവശ്യമുള്ള ന്യായപ്രമാണത്താലോ? അല്ല, വിശ്വാസം ആവശ്യമുള്ള പ്രമാണത്താൽത്തന്നെയാണ്.
വിശ്വാസംമാത്രം നീതീകരിക്കുകയും ന്യായപ്രമാണത്തെ ഉറപ്പിക്കുകയും ചെയ്യുന്നു
സുവിശേഷത്തിൻകീഴിൽ യെഹൂദനോ യെഹൂദേതരനോ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളിൽനിന്നുള്ള യാതൊരു സഹായവും കൂടാതെ വിശ്വാസംമാത്രത്താലല്ലാതെ നീതീകരിക്കപ്പെടാനാവില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് പൗലോസ് തന്റെ വാദം അവസാനിപ്പിക്കുന്നു. ദൈവം യെഹൂദേതരരെയും യെഹൂദരെയും തുല്യമായി കാണുന്നതിനാൽ, ഇരുകൂട്ടർക്കും ഒരേ നീതീകരണമാർഗമാണ് നിശ്ചയിച്ചിരിക്കുന്നത്. വിശ്വാസത്താൽ ന്യായപ്രമാണം ഉറപ്പിക്കപ്പെടുന്നു, അഥവാ പൂർണമാക്കപ്പെടുന്നു.
28 അങ്ങനെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൾവഴിയല്ലാതെ വിശ്വാസത്താൽത്തന്നെ മനുഷ്യൻ നീതീകരിക്കപ്പെടുന്നു എന്നു നാം കാണുന്നു. 29 ദൈവം യെഹൂദരുടെമാത്രമോ? അവിടന്ന് യെഹൂദരല്ലാത്തവരുടെയും ദൈവം അല്ലയോ? അതേ, അവിടന്ന് അവരുടെയും ദൈവമാണ്. 30 ദൈവം ഒരുവനേയുള്ളൂ; അതുകൊണ്ട്, പരിച്ഛേദനം സ്വീകരിച്ചവനെ വിശ്വാസത്താൽ നീതീകരിക്കുന്നു; അതേ വിശ്വാസത്താൽ പരിച്ഛേദനം ഇല്ലാത്തവരെയും നീതീകരിക്കുന്നു. 31 അപ്പോൾ, നാം വിശ്വാസത്താൽ ന്യായപ്രമാണത്തെ പ്രയോജനരഹിതമാക്കുകയാണോ? ഒരിക്കലുമില്ല, നാം ന്യായപ്രമാണത്തെ സ്ഥിരീകരിക്കുകയാണു ചെയ്യുന്നത്.