പരിച്ഛേദനയ്ക്കുമുമ്പ് അബ്രാഹാം നീതീകരിക്കപ്പെട്ടു

അബ്രാഹാം ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല നീതീകരിക്കപ്പെട്ടതെന്ന് പൗലോസ് തെളിയിക്കുന്നു. അദ്ദേഹത്തിന് പ്രശംസിക്കാൻ ഒന്നുമില്ല. അദ്ദേഹം നീതീകരിക്കപ്പെട്ടത് വിശ്വാസത്താൽ, കൃപയാലും പ്രീതിയാലുമാണ്; അദ്ദേഹത്തിന്റെ പ്രവൃത്തികൾക്കു പ്രതിഫലമായി കൊടുത്തുതീർക്കേണ്ട കടമായിട്ടല്ല. നീതീകരണത്തിന്റെ ഇതേ മാർഗത്തിന് ദാവീദും സാക്ഷ്യം നൽകുന്നു. അബ്രാഹാം പരിച്ഛേദനയേൽക്കുന്നതിനു മുമ്പുതന്നെ നീതീകരിക്കപ്പെട്ടുവെന്നും പിന്നീട് വിശ്വാസത്താലുള്ള തന്റെ നീതീകരണത്തിന്റെ മുദ്രയായി പരിച്ഛേദനയുടെ അടയാളം സ്വീകരിച്ചുവെന്നുമുള്ള വസ്തുതയും ഇതു വ്യക്തമാക്കുന്നു. വിശ്വാസം മാത്രമെന്ന ഏക വ്യവസ്ഥയിൽ നീതീകരണത്തിന് ഒരുപോലെ അർഹരാകേണ്ട യെഹൂദന്റെയും യെഹൂദേതരരുടെയും ആത്മികപിതാവായിത്തീരാനായിരുന്നു ഇത്.

ക്രി.പി. 58

Biblica® Open Malayalam Contemporary Version™ (OMCV)

റോമർ 4:1–12

1 അപ്പോൾ ലൗകികമായി നമ്മുടെ പൂർവപിതാവായിരുന്ന അബ്രാഹാം ഈ വിഷയത്തെക്കുറിച്ച് എന്താണു മനസ്സിലാക്കിയത്? 2 അബ്രാഹാം നീതീകരിക്കപ്പെട്ടത് പ്രവൃത്തികളാൽ ആയിരുന്നെങ്കിൽ അദ്ദേഹത്തിന് ആത്മപ്രശംസയ്ക്കു വകയുണ്ടാകുമായിരുന്നു; എന്നാൽ, ദൈവത്തിനുമുമ്പാകെ ആത്മപ്രശംസയ്ക്ക് യാതൊന്നുമില്ല. 3 തിരുവെഴുത്ത് എന്താണു പറയുന്നത്? “അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു, അതുനിമിത്തം ദൈവം അദ്ദേഹത്തെ നീതിമാനായി കണക്കാക്കി.”

4 അധ്വാനിക്കുന്നവനു കൂലി നൽകുന്നത് ദാനമായിട്ടല്ല, അത് അയാൾ പ്രവൃത്തിചെയ്ത് അവകാശമായി നേടുന്നതാണ്. 5 എന്നാൽ, പാപിയെ നീതീകരിക്കുന്ന ദൈവത്തിൽ വിശ്വസിക്കുന്ന ഒരാളുടെ സൽപ്രവൃത്തികളെ അല്ല, അവന്റെ വിശ്വാസത്തെയാണ് ദൈവം നീതിയായി കണക്കാക്കുന്നത്. 6 ഇങ്ങനെ സൽപ്രവൃത്തികളെ കണക്കാക്കാതെ ദൈവം നീതിമാനായി അംഗീകരിക്കുന്ന മനുഷ്യന്റെ അനുഗൃഹീതാവസ്ഥയെപ്പറ്റി ദാവീദും ഇപ്രകാരം പറയുന്നു:

7 “ലംഘനം ക്ഷമിച്ചും

പാപം മറച്ചും കിട്ടിയവർ

അനുഗൃഹീതർ,

8 കർത്താവ് പാപം കണക്കാക്കാത്ത മനുഷ്യർ

അനുഗൃഹീതർ.”

9 എന്നാൽ, ഈ അനുഗൃഹീതാവസ്ഥ പരിച്ഛേദനമേറ്റവർക്കു മാത്രമുള്ളതാണോ അതോ, പരിച്ഛേദനം ഇല്ലാത്തവർക്കും കൂടിയുള്ളതോ? അബ്രാഹാമിന്റെ വിശ്വാസത്തെ നീതിയായി ദൈവം കണക്കാക്കി എന്നാണല്ലോ നാം പറയുന്നത്. 10 എന്നാൽ, എപ്പോഴാണ് ഇപ്രകാരം നീതിമാനായി കണക്കാക്കപ്പെട്ടത്? പരിച്ഛേദനം ഏറ്റതിനുശേഷമോ പരിച്ഛേദനം ഏൽക്കുന്നതിനു മുമ്പോ? പരിച്ഛേദനം ഏറ്റ ശേഷമല്ല, പരിച്ഛേദനത്തിനു മുമ്പുതന്നെയാണ്. 11 മാത്രമല്ല, പരിച്ഛേദനം ഏൽക്കുന്നതിനുമുമ്പേ വിശ്വാസത്താൽ നീതിനിഷ്ഠനായി അംഗീകരിക്കപ്പെട്ടതിന്റെ മുദ്രയായിട്ടാണ് പരിച്ഛേദനം എന്ന ചിഹ്നം അബ്രാഹാമിന് ലഭിച്ചത്. പരിച്ഛേദനംകൂടാതെതന്നെ വിശ്വാസത്താൽ നീതീകരിക്കപ്പെടുന്ന എല്ലാവർക്കും അബ്രാഹാം ആത്മികപിതാവായിത്തീരേണ്ടതിനും തദ്വാര, അവരുംകൂടി നീതിയുള്ളവരായി കണക്കാക്കപ്പെടേണ്ടതിനും ആയിരുന്നു അത്. 12 പരിച്ഛേദനം ഏറ്റവർക്കും അബ്രാഹാം പിതാവാണ്. എന്നാൽ അത് അവർ പരിച്ഛേദനം ഏറ്റു എന്നതുകൊണ്ടല്ല, പിന്നെയോ, നമ്മുടെ പിതാവായ അബ്രാഹാമിനു പരിച്ഛേദനം ഏൽക്കുന്നതിനുമുമ്പ് ഉണ്ടായിരുന്നതുപോലെ അവർ വിശ്വാസം പിൻതുടർന്നതുകൊണ്ടാണ്.

അബ്രാഹാമിനുള്ള വാഗ്ദാനത്തിൽ യെഹൂദേതരരും ഉൾപ്പെടുന്നു

അബ്രാഹാമിനു നൽകപ്പെട്ട വാഗ്ദാനംതന്നെ, അദ്ദേഹത്തിന്റെ വിശ്വാസത്തിലൂടെ ലോകം മുഴുവനും അദ്ദേഹത്തിന്റെ അവകാശികളായിത്തീരുമെന്നു കാണിക്കുന്നതായി യെഹൂദരോടു പ്രഖ്യാപിച്ചുകൊണ്ട് പൗലോസ് തന്റെ വാദം തുടരുന്നു. എന്നാൽ യെഹൂദർ മാത്രമാണ് അദ്ദേഹത്തിന്റെ വാഗ്ദാനത്തിന്റെ അവകാശികളാകേണ്ടതെങ്കിൽ, വിശ്വാസം വ്യർഥമാകുകയും വിശ്വാസം എന്ന വ്യവസ്ഥയിൽ നൽകപ്പെട്ട വാഗ്ദാനം റദ്ദാകുകയും ചെയ്യുന്നു. കാരണം ന്യായപ്രമാണം കരുണയില്ലാതെ പാപിയെ ശിക്ഷയ്ക്കു വിധേയനാക്കുന്നു; ന്യായപ്രമാണമില്ലാതെ കർത്തവ്യം നിർണയിക്കുന്ന ചട്ടം ഉണ്ടാകുകയില്ല, അതിനാൽ പാപവും ഉണ്ടാകുകയില്ല. ഇക്കാരണത്താൽ വാഗ്ദാനം വിശ്വാസത്തിനു നൽകപ്പെടുന്നു; ദൈവത്തിന്റെ സൗജന്യകൃപ അബ്രാഹാമിന്റെ ശാരീരികസന്തതികളെയും ആത്മികസന്തതികളെയും ഒരുപോലെ ഉൾക്കൊള്ളുന്നു. പരിച്ഛേദനയേൽക്കുന്നതിനു മുമ്പ് അബ്രാഹാം നീതീകരിക്കപ്പെട്ടത് യെഹൂദേതരർ സ്വീകരിക്കപ്പെടുന്നുവെന്നു തെളിയിക്കുന്നു. അനേകം ജനതകളുടെ പിതാവായി അബ്രാഹാമിന് ഉറപ്പിച്ചുകൊടുത്ത വാഗ്ദാനംതന്നെ, വീണ്ടെടുപ്പിന്റെ എല്ലാ അനുഗ്രഹങ്ങൾക്കുമുള്ള യെഹൂദേതരരുടെ അവകാശം സ്ഥാപിക്കുന്നു.

റോമർ 4:13–22

13 ലോകത്തിന്റെ അവകാശിയാകും എന്നുള്ള വാഗ്ദാനം അബ്രാഹാമിനോ അദ്ദേഹത്തിന്റെ സന്തതിപരമ്പരകൾക്കോ സിദ്ധിച്ചത് ന്യായപ്രമാണത്തിലൂടെയല്ല, വിശ്വാസത്താൽ ലഭിച്ച നീതിയിലൂടെയാണല്ലോ. 14 ന്യായപ്രമാണം അനുസരിക്കുന്നവരാണ് ദൈവത്തിന്റെ വാഗ്ദാനത്തിന് അവകാശികൾ എങ്കിൽ ദൈവത്തിലുള്ള വിശ്വാസം അനാവശ്യമായിത്തീരുന്നു; വാഗ്ദാനം അസാധുവായിത്തീരുന്നു. 15 ന്യായപ്രമാണലംഘനം ദൈവക്രോധത്തിനു കാരണമായിത്തീരും. ന്യായപ്രമാണം ഇല്ലെങ്കിൽ അതിന്റെ ലംഘനവും സാധ്യമല്ല്ലല്ലോ.

16 അതുകൊണ്ട്, വാഗ്ദാനത്തിന്റെ അടിസ്ഥാനം വിശ്വാസമാണ്. അതു ദൈവം അവിടത്തെ കൃപയുടെ ദാനമായി, അബ്രാഹാമിന്റെ സന്തതിപരമ്പരയിൽപ്പെട്ട വിശ്വസിക്കുന്നവർക്കെല്ലാം—ന്യായപ്രമാണം അനുസരിക്കുന്നവർക്കുമാത്രമല്ല—ഉറപ്പായി നൽകി. കാരണം, വിശ്വസിക്കുന്നവരായ നാം എല്ലാവരുടെയും പിതാവാണ് അബ്രാഹാം. 17 “ഞാൻ നിന്നെ അനേകം ജനതകൾക്കു പിതാവാക്കിയിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്നല്ലോ. മരിച്ചവരെ ജീവിപ്പിക്കുകയും ഇല്ലാത്തവയെ ഉള്ളവയെപ്പോലെ ആസ്തിക്യത്തിലേക്കു വിളിച്ചുവരുത്തുകയും ചെയ്യുന്നവനായ ദൈവത്തിൽ അബ്രാഹാം വിശ്വസിച്ചു, ആ ദൈവത്തിന്റെ ദൃഷ്ടിയിൽ അദ്ദേഹം നമ്മുടെ പിതാവാണ്.

18 “നിന്റെ സന്തതി ഇങ്ങനെ ആയിത്തീരും” എന്നു ദൈവം അരുളിച്ചെയ്തിരുന്നതുകൊണ്ട് ആശിക്കാൻ സാധ്യതയില്ലാതിരുന്നിട്ടും അനേകം ജനതകൾക്കു പിതാവായിത്തീരുമെന്ന് ആശയോടുകൂടെ അബ്രാഹാം വിശ്വസിച്ചു. 19 ഏകദേശം നൂറുവയസ്സുണ്ടായിരുന്നതുകൊണ്ട് തന്റെ ശരീരം മൃതപ്രായമായിരുന്നു എന്നും സാറയുടെ ഗർഭപാത്രം നിർജീവമായിരുന്നു എന്നും വ്യക്തമായി അറിഞ്ഞിട്ടും അബ്രാഹാമിന്റെ വിശ്വാസം ദുർബലമായില്ല. 20 ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ച് അവിശ്വാസത്താൽ ചഞ്ചലിക്കാതെ അദ്ദേഹം ദൈവത്തെ മഹത്ത്വപ്പെടുത്തി വിശ്വാസത്തിൽ ശക്തിപ്പെട്ടു. 21 ആ ദൈവം വാഗ്ദാനംചെയ്തതു നിവർത്തിക്കാൻ ശക്തനാണെന്നുള്ള പൂർണബോധ്യമുള്ളവനായിത്തീർന്നു. 22 അബ്രാഹാമിന്റെ ഈ വിധത്തിലുള്ള വിശ്വാസം അദ്ദേഹത്തിനു “നീതിയായി ദൈവം കണക്കാക്കി.”

അബ്രാഹാമിന്റെ വിശ്വാസം നമുക്കുവേണ്ടി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു

വിശ്വാസത്തിലൂടെ അബ്രാഹാം ദൈവത്താൽ സ്വീകരിക്കപ്പെട്ടു എന്നത് നമുക്കുവേണ്ടിയാണ് രേഖപ്പെടുത്തപ്പെട്ടത്. നമ്മുടെ പാപങ്ങൾക്കുവേണ്ടി കഷ്ടമനുഭവിക്കുകയും നമ്മുടെ അനുരഞ്ജനത്തിന്റെ, അഥവാ നീതീകരണത്തിന്റെ, ഉറപ്പായി ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത ദൈവപുത്രനിലുള്ള വിശ്വാസം മാത്രമാണ് ദൈവസന്നിധിയിൽ രക്ഷയ്ക്കുള്ള ഏകമാർഗമെന്ന് ഇതു നമ്മെ കാണിക്കുന്നു.

റോമർ 4:23–25

23 “നീതിയായി കണക്കാക്കി” എന്ന് എഴുതിയിരിക്കുന്നത് അദ്ദേഹത്തിനുമാത്രമല്ല; 24 നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നുയിർപ്പിച്ച ദൈവത്തിൽ വിശ്വാസം അർപ്പിക്കുന്നവരായ നമുക്കും ബാധകമാണ്. 25 അവിടന്ന് നമ്മുടെ ലംഘനങ്ങൾനിമിത്തം മരണത്തിനായി ഏൽപ്പിക്കപ്പെടുകയും നമ്മുടെ നീതീകരണത്തിനായി ഉയിർപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നല്ലോ.

നീതീകരണത്തെത്തുടർന്നുള്ള അനുഗ്രഹങ്ങൾ

വിശ്വാസത്താലുള്ള നീതീകരണത്തെത്തുടർന്നു ലഭിക്കുന്ന മഹത്തായ അനുഗ്രഹങ്ങളും പ്രത്യേകാവകാശങ്ങളും പൗലോസ് തുടർന്ന് വിവരിക്കുന്നു. യെഹൂദേതരർക്കു നൽകപ്പെട്ട പരിശുദ്ധാത്മാവ് അവരോടുള്ള ദൈവത്തിന്റെ സ്നേഹം വെളിപ്പെടുത്തുന്നു. അവർ അപ്പോഴും വിഗ്രഹാരാധകരായിരിക്കെ ക്രിസ്തു അവർക്കുവേണ്ടി മരിച്ചത് ഈ സ്നേഹം സ്ഥിരീകരിക്കുന്നു. അതിനാൽ, അബ്രാഹാമിന്റെ ശാരീരികസന്തതികൾക്കുള്ളതുപോലെതന്നെ ക്രിസ്തുവിലൂടെയുള്ള രക്ഷയുടെ പ്രത്യാശയും ദൈവത്തിൽ ആനന്ദിക്കാനുള്ള കാരണങ്ങളും യെഹൂദേതരർക്കുമുണ്ട്; കാരണം അതേ പ്രായശ്ചിത്തത്തിലൂടെയാണ് അവരും ദൈവത്തോട് അനുരഞ്ജനത്തിലായത്.

റോമർ 5:1–11

1 ഇപ്രകാരം, വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമുക്കു ദൈവത്തോടു സമാധാനമുണ്ട്. 2 ക്രിസ്തുവിലൂടെത്തന്നെയാണ് നാം ഇപ്പോൾ നിൽക്കുന്ന ഈ കൃപയിലേക്കു നമുക്കു വിശ്വാസത്താൽ പ്രവേശനം ലഭിച്ചതും ദൈവതേജസ്സിന്റെ പങ്കുകാരാകും എന്ന പ്രത്യാശയിൽ നാം അഭിമാനിക്കുന്നതും. 3 അതുമാത്രമോ, കഷ്ടതയിലും നാം അഭിമാനിക്കുകയാണ്; 4 കാരണം, കഷ്ടത സഹനശക്തിയും സഹനശക്തി പരിപക്വതയും പരിപക്വത പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു. 5 ഈ പ്രത്യാശ നമ്മെ ലജ്ജിതരാക്കുന്നില്ല. കാരണം, പരിശുദ്ധാത്മാവിനെ നൽകുന്നതിലൂടെ ദൈവം അവിടത്തെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ സമൃദ്ധമായി വർഷിച്ചിരിക്കുന്നു.

6 നാം ശക്തിഹീനരായിരുന്നപ്പോൾത്തന്നെ, ക്രിസ്തു കൃത്യസമയത്ത് അധർമികളായ നമുക്കുവേണ്ടി മരിച്ചു. 7 നല്ലവനായ ഒരു മനുഷ്യനുവേണ്ടി മറ്റൊരാൾ മരിക്കാൻ ഒരുപക്ഷേ തയ്യാറായേക്കാം; അങ്ങനെ നീതിനിഷ്ഠനുവേണ്ടി ആരെങ്കിലും മരിക്കുന്നതുതന്നെ തീരെ വിരളമാണ്. 8 എന്നാൽ, നാം പാപികളായിരിക്കുമ്പോൾത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിലൂടെ ദൈവം നമ്മോടുള്ള സ്നേഹം വെളിപ്പെടുത്തുകയായിരുന്നു.

9 ക്രിസ്തുവിന്റെ രക്തത്താൽ നാം ഇപ്പോൾ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ക്രിസ്തുമുഖേനതന്നെ നാം ദൈവക്രോധത്തിൽനിന്ന് രക്ഷിക്കപ്പെടും എന്നത് എത്രയോ സുനിശ്ചിതമാണ്! 10 നാം ദൈവത്തിന്റെ ശത്രുക്കളായിരുന്നപ്പോൾ അവിടത്തെ പുത്രന്റെ മരണത്താൽ നമുക്കു ദൈവത്തോട് അനുരഞ്ജനം ലഭിച്ചുവെങ്കിൽ, അനുരഞ്ജനം ലഭിച്ചശേഷം അവിടത്തെ ജീവൻമൂലം നാം രക്ഷിക്കപ്പെടുമെന്നതും എത്രയോ നിശ്ചിതം! 11 ഇതുമാത്രമല്ല, നമുക്ക് ഇപ്പോൾ അനുരഞ്ജനം സാധ്യമാക്കിയ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖേന ദൈവത്തിൽ നാം ആഹ്ലാദിക്കുന്നു.

ആദാമിലൂടെ ജന്മപാപം, ക്രിസ്തുവിലൂടെ ജീവൻ

പൗലോസ് ഇപ്പോൾ ജന്മപാപത്തെക്കുറിച്ചുള്ള ഉപദേശം അവതരിപ്പിക്കുന്നു. ഒരു മനുഷ്യന്റെ ലംഘനത്തിലൂടെ പാപം ലോകത്തിൽ പ്രവേശിക്കുകയും മരണശിക്ഷ സകലമനുഷ്യരിലേക്കും വ്യാപിക്കുകയും ചെയ്തുവെന്ന് അദ്ദേഹം കാണിക്കുന്നു; കാരണം അതിനുശേഷം എല്ലാവരും പാപസ്വഭാവത്തോടെയാണ് ജനിച്ചത്. മോശയുടെ ന്യായപ്രമാണം അറിയപ്പെടുന്നതിനു മുമ്പുതന്നെ നമ്മുടെ സ്വഭാവത്തിന്റെ ദുഷിപ്പിലൂടെ മരണം വാണിരുന്നു. മനുഷ്യവംശത്തിന്റെ മുൻരൂപവും ഭൗമികത്തലവനുമായ ആദാം പാപം പകർന്നുനൽകി. ആ മുൻരൂപത്തിന്റെ പൂർത്തീകരണവും ആത്മികത്തലവനുമായ ക്രിസ്തു എല്ലാവർക്കും ജീവനും നീതീകരണവും പകർന്നുനൽകി. ക്രിസ്തുവിന്റെ അനുസരണത്തിന്റെ ഫലങ്ങൾ ആദാമിന്റെ അനുസരണക്കേടിന്റെ ഫലങ്ങളെക്കാൾ വലുതാണ്. ഒരൊറ്റ അപരാധത്താൽ ആദാം ലംഘനവും മരണവും ലോകത്തിലേക്കു കൊണ്ടുവന്നു. തന്റെ അനുസരണത്താൽ ക്രിസ്തു പാപത്തിന്റെ തിന്മ ഇല്ലാതാക്കുകയും വിശ്വാസത്താലുള്ള നീതിയിലൂടെ സകലമനുഷ്യർക്കും ജീവൻ എന്ന സൗജന്യദാനവും മനുഷ്യരുടെ അപരാധങ്ങൾക്കുള്ള പാപമോചനവും പുനഃസ്ഥാപിക്കുകയും ചെയ്തു; ജന്മപാപത്തിനും പ്രവൃത്തിയിലൂടെ ചെയ്യുന്ന പാപത്തിനും ഇതു ബാധകമാണ്. പാപത്തിന്റെ കുറ്റത്തെക്കുറിച്ചുള്ള അറിവു നൽകാനാണ് ന്യായപ്രമാണം വന്നത്. ന്യായപ്രമാണത്തിന്റെ ശിക്ഷാവിധിയിൽനിന്നു നമ്മെ വിടുവിക്കാൻ ദൈവത്തിന്റെ കൃപയും ദാനവും കവിഞ്ഞൊഴുകുന്നു. സകലമനുഷ്യരെയും ആത്മികവും ഭൗമികവുമായ മരണത്തിനു വിധേയരാക്കിക്കൊണ്ട് പാപം എല്ലാവരുടെയുംമേൽ വാണതുപോലെ, നിത്യജീവനിലേക്കു നയിക്കുന്ന വിശുദ്ധി ഉളവാക്കിക്കൊണ്ട് ദൈവകൃപയും വാഴും.

റോമർ 5:12–21

12 ആദാം എന്ന ഏകമനുഷ്യൻമുഖേന പാപവും, പാപംമുഖേന മരണവും ലോകത്തിലേക്കു പ്രവേശിച്ചു. ഇങ്ങനെ, എല്ലാവരും പാപംചെയ്തതിനാൽ മരണം എല്ലാവരിലേക്കും വ്യാപിച്ചു.

13 ന്യായപ്രമാണം നൽകപ്പെടുന്നതിനുമുമ്പുതന്നെ ലോകത്തിൽ പാപം ഉണ്ടായിരുന്നു. പക്ഷേ, ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപം എങ്ങനെ നിർവചിക്കപ്പെടും? 14 ആദാംമുതൽ മോശവരെ ജീവിച്ചിരുന്നവർ ആദാം അനുസരണക്കേടുചെയ്ത അതേവിധത്തിൽ പാപംചെയ്തവർ അല്ലായിരുന്നു. എങ്കിലും മരണം അവരിലും ആധിപത്യം നടത്തി. ഈ ആദാം വരാനിരുന്നയാളിന്റെ പ്രതിച്ഛായയായിരുന്നു.

15 എന്നാൽ ദൈവത്തിന്റെ ദാനവും നിയമലംഘനവും ഒരുപോലെയല്ല. ആദാം എന്ന ഏകമനുഷ്യന്റെ ലംഘനത്താൽ അനേകർ മരിച്ചുവെങ്കിൽ ഏറ്റവും അധികമായി ദൈവകൃപയും യേശുക്രിസ്തു എന്ന ഏകമനുഷ്യന്റെ കൃപയാലുള്ള ദാനവും അനേകർക്ക് സമൃദ്ധമായി വന്നിരിക്കുന്നു. 16 ആദാം എന്ന ഏകമനുഷ്യൻ ചെയ്ത പാപത്തിന്റെ ഫലംപോലെയല്ല ദൈവത്തിന്റെ ദാനം; കാരണം, ആ ഏകപാപത്തിന്റെ ഫലമായി ശിക്ഷാവിധിക്കുള്ള ന്യായവിധി ഉണ്ടായി. എന്നാൽ, അനവധി ലംഘനങ്ങൾക്കു ശേഷമുള്ള കൃപാവരമാകട്ടെ, നീതീകരണത്തിനു കാരണമായി. 17 ആദാം എന്ന ഒരു മനുഷ്യന്റെ നിയമലംഘനത്താൽ, ആ മനുഷ്യനിലൂടെ, മരണം വാഴ്ച നടത്തി. എന്നാൽ, ദൈവം സമൃദ്ധമായി നൽകുന്ന കൃപയും നീതീകരണം എന്ന ദാനവും പ്രാപിക്കുന്നവർ യേശുക്രിസ്തുവെന്ന ഏകമനുഷ്യൻമുഖേന എത്രയോ അധികമായി ജീവനിൽ വാഴും!

18 അങ്ങനെ ഒരു ലംഘനംമൂലം എല്ലാ മനുഷ്യരും ശിക്ഷാവിധിയിൽ ആയതുപോലെ, ഒരു നീതിപ്രവൃത്തി എല്ലാ മനുഷ്യരെയും ജീവദായകമായ നീതീകരണത്തിലേക്കു നയിക്കുന്നു. 19 ആദാം എന്ന ഏകമനുഷ്യന്റെ അനുസരണക്കേടിലൂടെ അനേകർ പാപികളായിത്തീർന്നതുപോലെ, ക്രിസ്തു എന്ന ഏകമനുഷ്യന്റെ അനുസരണത്തിലൂടെ അനേകർ നീതിമാന്മാരായിത്തീരും.

20 എങ്കിലും, ന്യായപ്രമാണം വന്നുചേർന്നതിനാൽ ലംഘനത്തിന്റെ ബാഹുല്യം വ്യക്തമായി. എന്നാൽ പാപം വർധിച്ച സ്ഥാനത്ത് കൃപ അതിലുമധികം വർധിച്ചു. 21 ഇത്, മരണംമുഖേന പാപം ഭരണം നടത്തിയതുപോലെ, ദൈവത്തിന്റെ കൃപ നീതിയിലൂടെ ഭരണം നടത്തേണ്ടതിനാണ്. ഇതിന്റെ ഫലമാണ് നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരമുള്ള നിത്യജീവൻ.