പ്രവാസം ഉറപ്പാണെന്ന മുന്നറിയിപ്പുകൾ (continued)

യെഹൂദന്മാരുടെ പ്രവാസവും ജെറുശലേമിന്റെ നാശവും ഉറപ്പാണെന്നു പ്രഖ്യാപിക്കുന്ന വിവിധ പ്രവചനങ്ങളും അവരോടുള്ള അഭ്യർഥനകളും.

ക്രി.മു. 609

Biblica® Open Malayalam Contemporary Version™ (OMCV)

യിരെമ്യാവ് 18–19

1 യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് ഇപ്രകാരമായിരുന്നു: 2 “നീ എഴുന്നേറ്റു കുശവന്റെ വീട്ടിലേക്കു പോകുക. അവിടെവെച്ചു ഞാൻ എന്റെ അരുളപ്പാട് നിനക്കു നൽകും.” 3 അങ്ങനെ ഞാൻ കുശവന്റെ വീട്ടിൽച്ചെന്നു. അയാൾ ചക്രത്തിന്മേൽ വേലചെയ്യുകയായിരുന്നു. 4 കുശവൻ നിർമിച്ചുകൊണ്ടിരുന്ന പാത്രം അയാളുടെ കൈകളിൽ അതിന്റെ ശരിയായ ആകൃതിയിൽ രൂപപ്പെട്ടില്ല; അതിനാൽ അയാൾ തനിക്ക് ഉചിതമെന്നു തോന്നിയതുപോലെ ആ പശമണ്ണു മറ്റൊരു പാത്രമാക്കിത്തീർത്തു.

5 അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: 6 “ഇസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്യാൻ കഴിയുകയില്ലേ?” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഇസ്രായേലേ, കളിമണ്ണു കുശവന്റെ കൈയിലെന്നപോലെ നിങ്ങൾ എന്റെ കൈയിലിരിക്കുന്നു. 7 ഒരു സന്ദർഭത്തിൽ ഒരു രാഷ്ട്രത്തെയോ രാജ്യത്തെയോകുറിച്ച് ഞാൻ അവരെ ഉന്മൂലനംചെയ്യുമെന്നും തകർത്തുകളയുമെന്നും നശിപ്പിക്കുമെന്നും അരുളിച്ചെയ്തേക്കാം. 8 ഞാൻ ഇപ്രകാരം അരുളിച്ചെയ്ത ജനത അതിന്റെ ദുർമാർഗം വിട്ടുതിരിഞ്ഞാൽ ഞാൻ അതിന്റെമേൽ വരുത്തുമെന്നു നിർണയിച്ച അനർഥത്തെക്കുറിച്ച് അനുതപിക്കും. 9 അഥവാ, മറ്റൊരു സന്ദർഭത്തിൽ ഒരു രാഷ്ട്രത്തെയോ രാജ്യത്തെയോകുറിച്ച് അതിനെ കെട്ടിപ്പടുക്കുമെന്നും നടുമെന്നും ഞാൻ സംസാരിച്ചെന്നു വരാം, 10 എങ്കിലും അവർ എന്നെ അനുസരിക്കാതെ തിന്മ പ്രവർത്തിച്ചാൽ അവർക്കു വരുത്തുമെന്നു ഞാൻ അരുളിച്ചെയ്ത നന്മയെക്കുറിച്ചും ഞാൻ അനുതപിക്കും.

11 “അതിനാൽ ഇപ്പോൾ നീ പോയി യെഹൂദാജനങ്ങളോടും ജെറുശലേംനിവാസികളോടും ഇപ്രകാരം സംസാരിക്കുക, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ! ഞാൻ നിങ്ങൾക്കെതിരേ, ഒരു അനർഥം നിരൂപിച്ച് ഒരു പദ്ധതി ആസൂത്രണംചെയ്യുന്നു. അതിനാൽ നിങ്ങളിൽ ഓരോരുത്തനും നിങ്ങളുടെ ദുഷ്ടത വിട്ട് പിന്തിരിയുക, നിങ്ങളുടെ വഴികളും പ്രവൃത്തികളും പുനരുദ്ധരിക്കുക.’ 12 അതിന് അവർ, ‘ഇതു വെറുതേയാണ്. ഞങ്ങൾ ഞങ്ങളുടെ മാർഗങ്ങളിൽത്തന്നെ നടക്കും. ഞങ്ങളിൽ ഓരോരുത്തനും ഞങ്ങളുടെ ദുഷ്ടഹൃദയത്തിലെ ശാഠ്യമനുസരിച്ചുതന്നെ പ്രവർത്തിക്കും’ ” എന്നു മറുപടി പറഞ്ഞു.

13 അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“നിങ്ങൾ ഇതര രാഷ്ട്രങ്ങൾക്കിടയിൽ ചെന്ന് അന്വേഷിക്കുക:

ഇപ്രകാരമുള്ളത് ആരെങ്കിലും എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?

ഇസ്രായേൽ കന്യക

അതിഭയാനകമായ ഒരു കാര്യം പ്രവർത്തിച്ചിരിക്കുന്നു.

14 ലെബാനോനിലെ ഹിമം അതിന്റെ

പാതയിടുക്കിൽനിന്ന് മാഞ്ഞുപോകുമോ?

ദൂരെനിന്ന് ഒഴുകിവരുന്ന അതിന്റെ

തണുത്ത വെള്ളം വറ്റിപ്പോകുമോ?

15 എന്നിട്ടും എന്റെ ജനം എന്നെ മറന്നിരിക്കുന്നു;

അവർ മിഥ്യാമൂർത്തികൾക്കു ധൂപംകാട്ടുന്നു.

അവ അവരെ തങ്ങളുടെ വഴികളിൽനിന്നും

പുരാതനമായ പാതകളിൽനിന്നും കാലിടറി വീഴുമാറാക്കി.

അവർ അവരെ ഊടുവഴിയിലൂടെ

പണിതിട്ടില്ലാത്ത പാതകളിലൂടെത്തന്നെ സഞ്ചരിക്കാൻ ഇടയാക്കി.

16 അങ്ങനെ അവർ തങ്ങളുടെ ദേശത്തെ വിജനവും

എന്നേക്കും ഒരു പരിഹാസവിഷയവും ആക്കുന്നു;

അതിൽക്കൂടി കടന്നുപോകുന്ന എല്ലാവരും സ്തബ്ധരായി,

അവർ തങ്ങളുടെ തലകുലുക്കും.

17 കിഴക്കുനിന്നുള്ള കാറ്റുപോലെ,

ഞാൻ അവരെ അവരുടെ ശത്രുക്കൾക്കുമുമ്പിൽ ചിതറിക്കും;

അവരുടെ നാശദിവസത്തിൽ

ഞാൻ എന്റെ മുഖമല്ല, പിറകുതന്നെ അവർക്കു കാണിക്കും.”

18 അപ്പോൾ അവർ പറഞ്ഞു, “വരിക നമുക്കു യിരെമ്യാവിനെതിരേ ഉപായങ്ങൾ ചിന്തിക്കാം; പുരോഹിതനിൽനിന്നുള്ള ന്യായപ്രമാണ അധ്യാപനവും ജ്ഞാനിയിൽനിന്നുള്ള ആലോചനയും പ്രവാചകനിൽനിന്നുള്ള അരുളപ്പാടും ഇല്ലാതാകുകയില്ല. വരിക, നമുക്കു നാവുകൊണ്ട് അദ്ദേഹത്തെ പ്രഹരിക്കാം; അദ്ദേഹത്തിന്റെ വാക്കിനു യാതൊരു പരിഗണനയും നൽകേണ്ടതില്ല.”

19 യഹോവേ, എനിക്കു ചെവിതരണമേ;

എന്റെമേൽ കുറ്റം ആരോപിക്കുന്നവരുടെ ശബ്ദം ശ്രദ്ധിക്കണമേ!

20 നന്മയ്ക്കുപകരം ആരെങ്കിലും തിന്മ ചെയ്യുമോ?

എന്നിട്ടും അവൻ എന്റെ പ്രാണനുവേണ്ടി ഒരു കുഴികുഴിച്ചിരിക്കുന്നു.

ഞാൻ അവരുടെ നന്മയ്ക്കായി സംസാരിക്കുന്നതിനും

അവരിൽനിന്ന് അങ്ങയുടെ ക്രോധം നീക്കിക്കളയുന്നതിനുമായി

അങ്ങയുടെമുമ്പിൽ നിന്നത് ഓർക്കണമേ.

21 അതിനാൽ അവരുടെ മക്കളെ ക്ഷാമത്തിന് ഏൽപ്പിക്കണമേ;

അവരെ വാളിന്റെ ശക്തിക്ക് ഇരയാക്കണമേ.

അവരുടെ ഭാര്യമാർ മക്കളില്ലാത്തവരും വിധവകളും ആയിത്തീരട്ടെ;

അവരുടെ പുരുഷന്മാരും മരണത്തിന് ഏൽപ്പിക്കപ്പെടട്ടെ,

അവരുടെ യുവാക്കന്മാർ യുദ്ധത്തിൽ വാൾകൊണ്ടു വീഴാൻ ഇടയാകട്ടെ.

22 അങ്ങ് വളരെപ്പെട്ടെന്നു കവർച്ചക്കാരെ അവരുടെനേരേ അയയ്ക്കുമ്പോൾ

അവരുടെ വീടുകളിൽനിന്ന് നിലവിളി ഉയരട്ടെ,

കാരണം അവർ എന്നെ വീഴ്ത്തുന്നതിന് കുഴികുഴിക്കുകയും

എന്റെ കാലുകൾക്ക് കെണിയൊരുക്കുകയും ചെയ്തല്ലോ.

23 എന്നാൽ യഹോവേ, എന്നെ വധിക്കുന്നതിനുള്ള

അവരുടെ എല്ലാ പദ്ധതികളും അങ്ങ് അറിയുന്നല്ലോ.

അവരുടെ കുറ്റം ക്ഷമിക്കുകയോ

അവരുടെ പാപങ്ങൾ അങ്ങയുടെ ദൃഷ്ടിയിൽനിന്ന് മായിച്ചുകളയുകയോ ചെയ്യരുതേ.

അങ്ങയുടെമുമ്പാകെ അവരെ തകിടം മറിക്കണമേ,

അങ്ങയുടെ കോപകാലത്തുതന്നെ അവരോടു വ്യവഹരിക്കണമേ.

19:1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ പോയി കുശവന്റെ കൈയിൽനിന്ന് ഒരു മൺകുടം വാങ്ങുക. സമുദായനേതാക്കന്മാരിൽ ചിലരെയും പുരോഹിതന്മാരിൽ ചിലരെയും കൂട്ടിക്കൊണ്ട്, 2 ഹർസീത്തു കവാടത്തിനു സമീപമുള്ള ബെൻ-ഹിന്നോം താഴ്വരയിലേക്കു പോകുക. അവിടെവെച്ച് ഞാൻ നിന്നെ അറിയിക്കുന്ന വാക്കുകൾ പ്രസ്താവിക്കുക: 3 ‘യെഹൂദാരാജാക്കന്മാരും ജെറുശലേംനിവാസികളുമേ, യഹോവയുടെ വചനം കേൾക്കുക. ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിന്മേൽ ഒരു അനർഥം വരുത്താൻപോകുന്നു. അതു കേൾക്കുന്ന എല്ലാവരുടെയും കാതുകളിൽ അതു പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും. 4 അവർ എന്നെ ഉപേക്ഷിച്ച് ഈ സ്ഥലത്തെ അശുദ്ധമാക്കിയിരിക്കുന്നു; അവരോ അവരുടെ പൂർവികരോ യെഹൂദാരാജാക്കന്മാരോ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത അന്യദേവതകൾക്ക് ഇവിടെവെച്ചു യാഗം കഴിക്കുകയും ഈ സ്ഥലത്തെ നിഷ്കളങ്കരുടെ രക്തംകൊണ്ടു നിറയ്ക്കുകയും ചെയ്തിരിക്കുന്നു. 5 അവരുടെ പുത്രന്മാരെ തീയിൽ ദഹിപ്പിച്ച് ബാലിനു ദഹനയാഗം കഴിക്കാനുള്ള ക്ഷേത്രങ്ങൾ നിർമിക്കുകയും ചെയ്തിരിക്കുന്നു. അതു ഞാൻ അവരോടു കൽപ്പിക്കുകയോ അരുളിച്ചെയ്യുകയോ ചെയ്തിട്ടില്ല, അത് എന്റെ മനസ്സിൽ വന്നിട്ടുമില്ല. 6 അതുകൊണ്ട് ഈ സ്ഥലം ഇനിമേൽ തോഫെത്ത് എന്നോ ബെൻ-ഹിന്നോം താഴ്വര എന്നോ വിളിക്കപ്പെടാതെ കശാപ്പുതാഴ്വര എന്നറിയപ്പെടുന്ന നാളുകൾ വരും എന്ന് യഹോവ മുന്നറിയിപ്പുനൽകുന്നു.

7 “ ‘അങ്ങനെ ഞാൻ ഈ സ്ഥലത്ത് യെഹൂദയുടെയും ജെറുശലേമിന്റെയും പദ്ധതികൾ നിഷ്ഫലമാക്കിത്തീർക്കും; ഞാൻ അവരെ അവരുടെ ശത്രുക്കളുടെയും അവരുടെ പ്രാണനെ വേട്ടയാടുന്നവരുടെയും വാളിന് ഇരയാക്കിത്തീർക്കും; ഞാൻ അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും വയലിലെ മൃഗങ്ങൾക്കും ഭക്ഷണമാക്കും. 8 ഞാൻ ഈ പട്ടണത്തെ ഭീതിവിഷയവും പരിഹാസവിഷയവുമാക്കും; ഇതുവഴി കടന്നുപോകുന്ന സകലരും അതിന്റെ നാശം കണ്ടു സ്തബ്ധരായി അതിനെ പരിഹസിക്കും. 9 അവരുടെ ശത്രുക്കൾ അവർക്കെതിരേ ഉപരോധം ഏർപ്പെടുത്തി അവരെ അതികഠിനമായി ഞെരുക്കും. അപ്പോൾ ഞാൻ അവരെക്കൊണ്ട് സ്വന്തം പുത്രീപുത്രന്മാരുടെ മാംസം തീറ്റിക്കും. അങ്ങനെ അവർ പരസ്പരം മാംസം തിന്നുന്നവരും ആകും.’

10 “അതിനുശേഷം നിന്നോടൊപ്പം വന്നവർ കാൺകെ നീ ആ കുടം ഉടയ്ക്കണം. 11 പിന്നീട് അവരോടു നീ ഇപ്രകാരം പറയണം, ‘സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനിയും നന്നാക്കാൻ കഴിയാത്തവിധം കുശവന്റെ ഈ മൺകുടം ഞാൻ ഉടച്ചുകളഞ്ഞതുപോലെ ഈ രാഷ്ട്രത്തെയും ഈ നഗരത്തെയും ഉടച്ചുകളയും. സംസ്കരിക്കാൻ വേറെ സ്ഥലമില്ലാതെവരുവോളം അവരെ തോഫെത്തിൽ സംസ്കരിക്കും. 12 ഞാൻ ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ഇപ്രകാരം ചെയ്യും. ഞാൻ ഈ നഗരത്തെ തോഫെത്തുപോലെ ആക്കിത്തീർക്കും, എന്ന് യഹോവ അരുളിച്ചെയ്യുന്നു. 13 ജെറുശലേമിലെ ഭവനങ്ങളും യെഹൂദാരാജാക്കന്മാരുടെ അരമനകളും ആ സ്ഥലംപോലെ അശുദ്ധമാക്കപ്പെടും. മട്ടുപ്പാവുകളിൽവെച്ച് ആകാശസേനകൾക്കു ധൂപംകാട്ടുകയും അന്യദേവതകൾക്കു പാനീയബലി അർപ്പിക്കുകയുംചെയ്ത എല്ലാ ഭവനങ്ങളും തോഫെത്തുപോലെ മലിനമായിത്തീരും.’ ”

14 അതിനുശേഷം യിരെമ്യാവ്, യഹോവ തന്നെ പ്രവചിക്കാൻ അയച്ചിരുന്ന തോഫെത്തിൽനിന്നു മടങ്ങി, യഹോവയുടെ ആലയത്തിന്റെ അങ്കണത്തിൽ നിന്നുകൊണ്ട് സകലജനത്തോടുമായി ഇപ്രകാരം പറഞ്ഞു: 15 “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ, അവർ എന്റെ വാക്കു കേൾക്കാതെ ശാഠ്യമുള്ളവരായിത്തീർന്നതുകൊണ്ട് ഈ നഗരത്തിന്റെമേലും അടുത്തുള്ള എല്ലാ പട്ടണങ്ങളുടെമേലും ഞാൻ അവയ്ക്കെതിരേ വിധിച്ചിട്ടുള്ള സകല അനർഥങ്ങളും വരുത്തും.’ ”