പശ്ഹൂരിന്റെ ഗതി മുൻകൂട്ടി പ്രവചിക്കുന്നു
ക്രി.മു. 609
Biblica® Open Malayalam Contemporary Version™ (OMCV)
1 യിരെമ്യാവ് ഈ കാര്യങ്ങൾ പ്രവചിക്കുന്നത് ഇമ്മേരിന്റെ മകനും യഹോവയുടെ ആലയത്തിലെ പ്രധാന ചുമതലക്കാരനുമായ പശ്ഹൂർപുരോഹിതൻ കേട്ടു. 2 അപ്പോൾ പശ്ഹൂർ യിരെമ്യാപ്രവാചകനെ അടിപ്പിക്കുകയും അദ്ദേഹത്തെ യഹോവയുടെ ആലയത്തിനു സമീപമുള്ള ബെന്യാമീൻകവാടത്തിന്റെ മുകൾഭാഗത്തുള്ള വിലങ്ങിൽ ബന്ധിക്കാൻ ഉത്തരവിടുകയും ചെയ്തു. 3 അടുത്തദിവസം പശ്ഹൂർ യിരെമ്യാവിനെ വിലങ്ങഴിച്ചു വിട്ടപ്പോൾ യിരെമ്യാവ് അയാളോട് ഇപ്രകാരം പറഞ്ഞു, “യഹോവ നിന്നെ വിളിച്ചിരിക്കുന്ന പേര് പശ്ഹൂർ എന്നല്ല, മാഗോർ-മിസ്സാബീബ് എന്നാകുന്നു. 4 കാരണം യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നെ നിനക്കും നിന്റെ സകലസ്നേഹിതർക്കും ഒരു ഭീതിയാക്കിത്തീർക്കും; നിന്റെ കണ്ണുകൾ നോക്കിക്കൊണ്ടിരിക്കെ അവർ ശത്രുക്കളുടെ വാൾകൊണ്ടു വീഴും. ഞാൻ യെഹൂദയെ മുഴുവൻ ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കും. അദ്ദേഹം അവരെ തടവുകാരാക്കി ബാബേലിലേക്കു കൊണ്ടുപോകുകയോ വാളിനാൽ കൊലപ്പെടുത്തുകയോചെയ്യും. 5 ഈ പട്ടണത്തിലെ സകലസമ്പത്തും— അതിലെ സകല ഉത്പന്നങ്ങളും വിലപിടിപ്പുള്ള എല്ലാ വസ്തുക്കളും എല്ലാ നിധികളും യെഹൂദാരാജാക്കന്മാരുടെ സകലനിക്ഷേപങ്ങളും ഞാൻ അവരുടെ ശത്രുക്കളുടെകൈയിൽ ഏൽപ്പിക്കും. അവർ അവയെ കൊള്ളമുതലായി ബാബേലിലേക്കു കൊണ്ടുപോകും. 6 പശ്ഹൂരേ, നീയും നിന്റെ ഭവനത്തിൽ വസിക്കുന്ന എല്ലാവരും ബാബേലിലേക്ക് പ്രവാസികളായി പോകേണ്ടിവരും. നീയും നീ വ്യാജപ്രവചനം അറിയിച്ച നിന്റെ എല്ലാ സ്നേഹിതരും അവിടെ മരിച്ച് അടക്കപ്പെടും.’ ”
7 യഹോവേ, അങ്ങ് എന്നെ പ്രലോഭിപ്പിച്ചു; ഞാൻ പ്രലോഭിതനാകുകയും ചെയ്തു.
അങ്ങ് എന്നെ കീഴടക്കിയിരിക്കുന്നു;
ദിവസം മുഴുവൻ ഞാൻ ഒരു പരിഹാസവിഷയമായിരിക്കുന്നു;
എല്ലാവരും എന്നെ പരിഹസിക്കുന്നു.
8 സംസാരിക്കുമ്പോഴെല്ലാം ഞാൻ നിലവിളിച്ചുകൊണ്ട്,
അതിക്രമത്തെയും നാശത്തെയുംകുറിച്ചു വിളംബരംചെയ്യുന്നു.
അതുകൊണ്ട് യഹോവയുടെ ഈ വചനം ദിവസംമുഴുവനും
എനിക്ക് നിന്ദയും പരിഹാസവും കൊണ്ടുവരുന്നു.
9 “ഞാൻ അവിടത്തെ വചനം ഓർക്കുകയോ
അവിടത്തെ നാമത്തിൽ മേലാൽ സംസാരിക്കുകയോ ഇല്ല,” എന്നു ഞാൻ പറഞ്ഞാൽ,
അവിടത്തെ വചനം എന്റെ അസ്ഥികളിൽ അടക്കപ്പെട്ടിട്ട്,
എന്റെ ഹൃദയത്തിൽ തീ കത്തുന്നതുപോലെ ആയിത്തീരുന്നു.
ഞാൻ തളർന്നു; എനിക്ക് അതു
സഹിക്കാൻ കഴിയാതായിരിക്കുന്നു.
10 “ചുറ്റും കൊടുംഭീതി!
അയാളെ കുറ്റം വിധിക്കൂ! നമുക്ക് അയാളെ കുറ്റം വിധിക്കാം!”
എന്ന് ധാരാളംപേർ അടക്കംപറയുന്നതു ഞാൻ കേൾക്കുന്നു.
“ഒരുപക്ഷേ നമുക്ക് അയാളെ തോൽപ്പിച്ച്
അയാളോടു പകരം വീട്ടാൻ തക്കവണ്ണം
അയാൾ വശീകരിക്കപ്പെടാം,”
എന്ന് എന്റെ വീഴ്ചയ്ക്കു കാത്തിരിക്കുന്ന
എന്റെ ഉറ്റ സ്നേഹിതരൊക്കെയും പറയുന്നു.
11 എന്നാൽ യഹോവ ഒരു യുദ്ധവീരനെപ്പോലെ എന്നോടൊപ്പമുണ്ട്;
അതിനാൽ എന്റെ പീഡകർ ഇടറിവീഴും, അവർ ജയിക്കുകയില്ല.
അവർ പരാജിതരാകും; പരിപൂർണമായി അപമാനിതരാകും
അവരുടെ അപമാനം അവിസ്മരണീയമായിരിക്കും.
12 നീതിനിഷ്ഠരെ പരിശോധിക്കുകയും അന്തരിന്ദ്രിയത്തെയും ഹൃദയത്തെയും
കാണുകയുംചെയ്യുന്ന സൈന്യങ്ങളുടെ യഹോവേ,
അവരുടെമേലുള്ള അങ്ങയുടെ പ്രതികാരം ഞാൻ കാണട്ടെ,
കാരണം എന്റെ വ്യവഹാരം ഞാൻ അങ്ങയുടെമുമ്പിൽ വെച്ചിരിക്കുന്നു.
13 യഹോവയ്ക്കു പാടുക!
യഹോവയ്ക്കു സ്തോത്രംചെയ്യുക!
കാരണം അവിടന്ന് ദരിദ്രരുടെ പ്രാണനെ
ദുഷ്ടരുടെ കൈയിൽനിന്ന് വിടുവിച്ചിരിക്കുന്നു.
14 ഞാൻ പിറന്ന ദിവസം ശപിക്കപ്പെടട്ടെ!
എന്റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ!
15 “നിനക്ക് ഒരു പുരുഷപ്രജ ലഭിച്ചിരിക്കുന്നു!”
എന്ന് എന്റെ പിതാവിന്റെ അടുക്കൽ വാർത്ത കൊണ്ടുവന്ന്
അദ്ദേഹത്തെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യൻ ശപിക്കപ്പെട്ടവനാകട്ടെ.
16 ഒരു സഹതാപവുംകൂടാതെ യഹോവ നശിപ്പിച്ചുകളഞ്ഞ
പട്ടണങ്ങളെപ്പോലെ ആ മനുഷ്യൻ ആകട്ടെ.
രാവിലെ അയാൾ നിലവിളിയും
ഉച്ചസമയത്തു പോർവിളിയും കേൾക്കാനിടയാകട്ടെ.
17 എന്റെ അമ്മ എനിക്കു ശവക്കുഴിയായി,
അവളുടെ ഉദരം എപ്പോഴും എന്നെക്കൊണ്ടു നിറഞ്ഞിരിക്കുമാറ്,
അയാൾ എന്നെ ഗർഭത്തിൽവെച്ചുതന്നെ കൊന്നുകളഞ്ഞില്ലല്ലോ.
18 കഷ്ടതയും സങ്കടവും അനുഭവിക്കാനും
എന്റെ ജീവിതകാലം ലജ്ജയിൽ കഴിഞ്ഞുകൂടുന്നതിനും
ഞാൻ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതെന്തിന്?
ശല്ലൂമിന്റെയും യെഹോയാക്കീമിന്റെയും ഗതി മുൻകൂട്ടി പ്രവചിക്കുന്നു
1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ യെഹൂദാരാജാവിന്റെ കൊട്ടാരത്തിൽചെന്ന് ഈ വചനം വിളംബരംചെയ്യുക: 2 ‘ദാവീദിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന യെഹൂദാരാജാവേ, ഈ കവാടങ്ങളിലൂടെ പ്രവേശിക്കുന്ന നീയും നിന്റെ ഉദ്യോഗസ്ഥരും നിന്റെ ജനവും യഹോവയുടെ വചനം കേൾക്കുക. 3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നീതിയും ന്യായവും പ്രവർത്തിക്കുക. പീഡകരുടെ കൈയിൽനിന്ന് കൊള്ളചെയ്യപ്പെട്ടവരെ വിടുവിക്കുക. വിദേശികളോടും അനാഥരോടും വിധവകളോടും തിന്മയും അക്രമവും ചെയ്യരുത്; ഈ സ്ഥലത്ത് നിഷ്കളങ്കരക്തം ചൊരിയുകയുമരുത്. 4 നിങ്ങൾ ഗൗരവത്തോടെ ഈ കൽപ്പനകൾ പാലിക്കുമെങ്കിൽ, ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നവരും രഥങ്ങളിലും കുതിരകളിലും സഞ്ചരിക്കുന്നവരുമായ രാജാക്കന്മാരും അവരുടെ ഉദ്യോഗസ്ഥരും പ്രജകളും ഈ കൊട്ടാരത്തിന്റെ കവാടങ്ങളിൽക്കൂടി കടക്കും. 5 എന്നാൽ നിങ്ങൾ ഈ കൽപ്പനകൾ പാലിക്കാത്തപക്ഷം ഈ കൊട്ടാരം ശൂന്യമായിത്തീരുമെന്ന് ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥംചെയ്യുന്നു, എന്ന് യഹോവയുടെ അരുളപ്പാട്.’ ”
6 യെഹൂദാരാജാവിന്റെ അരമനയെപ്പറ്റി യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നീ എനിക്കു ഗിലെയാദിനെപ്പോലെയും
ലെബാനോൻ ഗിരിശൃംഗംപോലെയും ആകുന്നു.
എന്നാൽ നിശ്ചയമായും ഞാൻ നിന്നെ മരുഭൂമിയെപ്പോലെയും
നിവാസികളില്ലാത്ത പട്ടണംപോലെയും ആക്കിത്തീർക്കും.
7 ഞാൻ നിനക്കെതിരായി അവരവരുടെ ആയുധം ധരിച്ച,
വിനാശകന്മാരെ അയയ്ക്കും.
അവർ നിന്റെ അതിവിശിഷ്ടമായ ദേവദാരുത്തുലാങ്ങളെ
വെട്ടി തീയിലേക്ക് എറിഞ്ഞുകളയും.
8 “അനേകം രാഷ്ട്രങ്ങളിൽനിന്നുള്ളവർ ഈ നഗരത്തിനു സമീപത്തുകൂടി കടന്നുപോകുമ്പോൾ, ‘യഹോവ ഈ മഹാനഗരത്തോട് ഇപ്രകാരം ചെയ്തതെന്തുകൊണ്ട്?’ എന്നു പരസ്പരം ചോദിക്കും. 9 ‘അവർ തങ്ങളുടെ ദൈവമായ യഹോവയോടുള്ള ഉടമ്പടി ലംഘിച്ച് അന്യദേവതകളെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുകയാൽത്തന്നെ,’ എന്ന് ഉത്തരം പറയും.”
10 മരിച്ച രാജാവിനെക്കുറിച്ചു കരയുകയോ അദ്ദേഹത്തിനുവേണ്ടി വിലപിക്കുകയോ വേണ്ട;
എന്നാൽ, അടിമയായി പോകുന്നവനെക്കുറിച്ചു വിലപിക്കുക,
കാരണം അവൻ ഒരിക്കലും മടങ്ങിവരികയോ
സ്വദേശം കാണുകയോ ഇല്ല.
11 തന്റെ പിതാവായ യോശിയാവിന്റെ അനന്തരാവകാശിയായ രാജാവായിത്തീർന്നിട്ട് ഈ നഗരം വിട്ടുപോയ യെഹൂദാരാജാവും യോശിയാവിന്റെ മകനുമായ ശല്ലൂമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവൻ ഒരിക്കലും ഇവിടേക്കു മടങ്ങിവരികയില്ല. 12 അവർ അവനെ ബന്ദിയാക്കിക്കൊണ്ടുപോയ ആ സ്ഥലത്തുവെച്ചുതന്നെ മരിക്കും; ഈ ദേശം അവൻ ഇനി കാണുകയില്ല.”
13 “അനീതികൊണ്ടു തന്റെ കൊട്ടാരവും
അന്യായംകൊണ്ടു തന്റെ മാളികകളും പണിത്,
തന്റെ ജനത്തെക്കൊണ്ടു കൂലികൂടാതെ വേലചെയ്യിച്ച്
അവർക്കു പ്രതിഫലം നൽകാതിരിക്കുകയും, ചെയ്യുന്നവന് ഹാ കഷ്ടം.
14 ‘എനിക്കുവേണ്ടി വിശാലമായ മാളികകളുള്ള
അതിഗംഭീരമായ ഒരു കൊട്ടാരം ഞാൻ നിർമിക്കും,’ എന്നും അവൻ പറയുന്നു.
അങ്ങനെ അവൻ ജനാലകൾ വിസ്താരത്തിൽ ഉണ്ടാക്കുന്നു,
ദേവദാരുകൊണ്ട് അതിനു തട്ടിടുകയും
ചെമപ്പുനിറംകൊണ്ടു മോടി വരുത്തുകയുംചെയ്യുന്നു.
15 “ദേവദാരുവിന്റെ എണ്ണംകൊണ്ട് കേമത്തം കാണിച്ചാൽ
നീ രാജാവായിത്തീരുമോ?
നിന്റെ പിതാവ് ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തിരുന്നില്ലേ?
അദ്ദേഹം നീതിയും ന്യായവും പ്രവർത്തിച്ചിരുന്നു,
അതിനാൽ അദ്ദേഹത്തിനു സകലതും നന്മയായിത്തീർന്നു.
16 അദ്ദേഹം ദരിദ്രർക്കും അഗതികൾക്കും ന്യായം പാലിച്ചുകൊടുത്തു,
അതിനാൽ സകലതും നന്മയ്ക്കായിത്തീർന്നു.
എന്നെ അറിയുക എന്നതിന്റെ അർഥം അതല്ലേ?”
എന്ന് യഹോവയുടെ അരുളപ്പാട്.
17 “എന്നാൽ നിന്റെ കണ്ണുകളും നിന്റെ ഹൃദയവും
സത്യസന്ധമല്ലാത്ത ലാഭത്തിനുമാത്രമായി ക്രമീകരിച്ചിരിക്കുന്നു,
കുറ്റമില്ലാത്ത രക്തം ചൊരിയുന്നതിനും
പീഡനവും പിടിച്ചുപറിയും നടത്തുന്നതിനുംതന്നെ.”
18 അതുകൊണ്ട് യെഹൂദാരാജാവും യോശിയാവിന്റെ മകനുമായ യെഹോയാക്കീമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ ‘അയ്യോ! എന്റെ സഹോദരാ! അയ്യോ എന്റെ സഹോദരീ!’
എന്ന് അവനെക്കുറിച്ച് അവർ വിലപിക്കുകയില്ല.
‘അയ്യോ! എന്റെ യജമാനനേ! രാജതിരുമനസ്സേ!’
എന്നും അവർ വിലപിക്കുകയില്ല.
19 ജെറുശലേമിന്റെ കവാടങ്ങൾക്കു വെളിയിലേക്ക്
ഒരു കഴുതയെ വലിച്ചെറിഞ്ഞ്
കുഴിച്ചിടുന്നതുപോലെ അവനെ കുഴിച്ചിടും.”
20 “ലെബാനോനിലേക്കു കയറിച്ചെന്നു വിലപിക്കുക,
ബാശാനിൽ നിന്റെ ശബ്ദം ഉയരട്ടെ,
അബാരീമിൽനിന്നു നിലവിളിക്കുക,
കാരണം നിന്റെ എല്ലാ സ്നേഹിതരെയും കീഴ്പ്പെടുത്തിയിരിക്കുന്നു.
21 നിന്റെ ഐശ്വര്യകാലത്തു ഞാൻ നിന്നോട് സംസാരിച്ചു,
എന്നാൽ ‘ഞാൻ കേൾക്കുകയില്ല!’ എന്നു നീ മറുപടി പറഞ്ഞു.
എന്നെ അനുസരിക്കാതിരിക്കുക എന്നതുതന്നെയായിരുന്നു
യൗവനംമുതലേ നിനക്കുണ്ടായിരുന്ന ശീലം.
22 നിന്റെ ഇടയന്മാരെയെല്ലാം കാറ്റു പറപ്പിച്ചുകളയും,
നിന്റെ സ്നേഹിതർ എല്ലാവരും പ്രവാസത്തിലേക്കു പോകും.
അപ്പോൾ നിന്റെ സകലദുഷ്ടതയുംനിമിത്തം
നീ ലജ്ജിതനും അപമാനിതനുമായിത്തീരും.
23 ദേവദാരുക്കളിൽ കൂടുവെച്ച്
‘ലെബാനോനിൽ,’ വസിക്കുന്നവളേ,
പ്രസവവേദന ബാധിച്ചവളെപ്പോലെ
വ്യസനം നിന്നെ പിടികൂടുമ്പോൾ നീ എത്ര ഞരങ്ങും!