പ്രവാസം ഉറപ്പാണെന്ന മുന്നറിയിപ്പുകൾ (continued)

യെഹൂദന്മാരുടെ പ്രവാസവും ജെറുശലേമിന്റെ നാശവും ഉറപ്പാണെന്നു പ്രഖ്യാപിക്കുന്ന വിവിധ പ്രവചനങ്ങളും അവരോടുള്ള അഭ്യർഥനകളും.

ക്രി.മു. 609

Biblica® Open Malayalam Contemporary Version™ (OMCV)

യിരെമ്യാവ് 16–17

1 അതിനുശേഷം യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 2 “നീ ഒരു ഭാര്യയെ എടുക്കരുത്, നിനക്ക് ഇവിടെ പുത്രന്മാരും പുത്രിമാരും ഉണ്ടാകുകയും അരുത്.” 3 കാരണം ഈ സ്ഥലത്തു ജനിച്ചിട്ടുള്ള പുത്രന്മാരെയും പുത്രിമാരെയും അവരെ പ്രസവിച്ചിട്ടുള്ള അമ്മമാരെയും ഈ സ്ഥലത്ത് അവർക്കു ജന്മംനൽകിയ പിതാക്കന്മാരെയും സംബന്ധിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 4 “അവർ മാരകരോഗങ്ങളാൽ മരിക്കും. അവരെക്കുറിച്ച് ആരും വിലപിക്കുകയോ അവരെ ആരും അടക്കംചെയ്യുകയോ ഇല്ല. അവർ ഭൂമുഖത്തിനു വളമായിച്ചേരും. അവർ വാളിനാലും ക്ഷാമത്താലും നശിച്ചുപോകും. അവരുടെ ശവങ്ങൾ ആകാശത്തിലെ പറവകൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ആഹാരമായിത്തീരും.”

5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർക്കുവേണ്ടി വിലാപഭവനത്തിൽ പ്രവേശിക്കരുത്; അവർക്കുവേണ്ടി വിലപിക്കുകയോ സഹതപിക്കുകയോ അരുത്. കാരണം ഞാൻ ഈ ജനത്തിൽനിന്ന് എന്റെ സമാധാനവും അചഞ്ചലസ്നേഹവും അനുകമ്പയും നീക്കിക്കളഞ്ഞിരിക്കുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്. 6 “ഈ ദേശത്തിലെ വലിയവരും ചെറിയവരും മരണമടയും; അവരെ അടക്കംചെയ്യുകയില്ല, ജനം അവർക്കുവേണ്ടി വിലപിക്കുകയോ സ്വയം മുറിവേൽപ്പിക്കുകയോ അവരുടെ തല ക്ഷൗരംചെയ്യുകയോ ഇല്ല. 7 മരിച്ചവരെക്കുറിച്ചു വിലപിക്കുന്നവരെ—സ്വന്തം മാതാവിനോ പിതാവിനോവേണ്ടി ആണെങ്കിൽപോലും—ആശ്വസിപ്പിക്കാനായി ആരും അവർക്ക് അപ്പം നുറുക്കി കൊടുക്കുകയില്ല, ആശ്വാസത്തിന്റെ പാനപാത്രം നൽകുകയുമില്ല.

8 “അവരോടൊപ്പം ഇരുന്ന് ഭക്ഷിച്ചു പാനംചെയ്യുന്നതിനായി നീ വിരുന്നുവീട്ടിലേക്കു പോകരുത്. 9 കാരണം ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, നിങ്ങൾ കാൺകെ, ഞാൻ ഈ സ്ഥലത്തുനിന്ന് നിങ്ങളുടെ കാലത്തുതന്നെ ആഹ്ലാദശബ്ദവും ആനന്ദധ്വനിയും മണവാളന്റെ ശബ്ദവും മണവാട്ടിയുടെ ശബ്ദവും ഇല്ലാതെയാക്കും.

10 “നീ ഈ വാക്കുകളൊക്കെയും ഈ ജനത്തോടു സംസാരിക്കുമ്പോൾ, അവർ നിന്നോടു ചോദിക്കും, ‘യഹോവ ഞങ്ങൾക്കെതിരേ ഈ വലിയ അനർഥങ്ങൾ ഒക്കെയും കൽപ്പിച്ചത് എന്തുകൊണ്ട്? ഞങ്ങൾ ചെയ്ത തെറ്റ് എന്ത്? ഞങ്ങളുടെ ദൈവമായ യഹോവയ്ക്കെതിരേ ഞങ്ങൾ ചെയ്ത പാപമെന്ത്?’ 11 അപ്പോൾ നീ അവരോട് ഇങ്ങനെ ഉത്തരം പറയണം: ‘നിങ്ങളുടെ പിതാക്കന്മാർ എന്നെ ഉപേക്ഷിച്ച് അന്യദേവതകളെ ആശ്രയിച്ച് അവയെ സേവിക്കുകയും ആരാധിക്കുകയും എന്നെ പരിത്യജിച്ച് എന്റെ ന്യായപ്രമാണം അനുസരിക്കാതിരിക്കുകയും ചെയ്തതുകൊണ്ടുതന്നെ, എന്ന് യഹോവ അരുളിച്ചെയ്യുന്നു. 12 എന്നാൽ നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തിരിക്കുന്നു. നിങ്ങൾ ഓരോരുത്തരും എന്റെ വാക്കുകൾ അനുസരിക്കാതെ നിങ്ങളുടെ ദുഷ്ടഹൃദയത്തിലെ ആഗ്രഹമനുസരിച്ചു ജീവിക്കുന്നു. 13 അതുകൊണ്ടു ഞാൻ നിങ്ങളെ ഈ രാജ്യത്തുനിന്നു ഭ്രഷ്ടരാക്കും, നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിയാത്ത ഒരു അന്യദേശത്തേക്ക് അയച്ചുകളയും. അവിടെ നിങ്ങൾ രാപകൽ അന്യദേവതകളെ സേവിക്കും; ഞാൻ നിങ്ങളോടു യാതൊരു ദയയും കാണിക്കുകയുമില്ല.’

14 “അതിനാൽ, ‘ഇസ്രായേൽമക്കളെ ഈജിപ്റ്റുദേശത്തുനിന്നു കൊണ്ടുവന്ന ജീവിക്കുന്ന യഹോവയാണെ, എന്ന് ഇനിയും പറയാതെ 15 ഉത്തരദേശത്തുനിന്നും യഹോവ അവരെ നാടുകടത്തിയിരുന്ന എല്ലാ ദേശങ്ങളിൽനിന്നും ഇസ്രായേൽമക്കളെ കൊണ്ടുവന്ന ജീവിക്കുന്ന യഹോവയാണെ,’ എന്നു പറയുന്ന കാലം വരുന്നു; ഞാൻ അവരുടെ പിതാക്കന്മാർക്കു കൊടുത്തിരിക്കുന്ന അവരുടെ ദേശത്തേക്ക് ഞാൻ അവരെ വീണ്ടും കൊണ്ടുവരും.

16 “എന്നാൽ ഇപ്പോൾ ഞാൻ അനേകം മീൻപിടിത്തക്കാരെ അയയ്ക്കും, അവർ അവരെ പിടിക്കും. അതിനുശേഷം ഞാൻ അനേകം നായാട്ടുകാരെ അയയ്ക്കും, അവർ അവരെ എല്ലാ മലയിൽനിന്നും കുന്നിൽനിന്നും പാറപ്പിളർപ്പുകളിൽനിന്നും വേട്ടയാടിപ്പിടിക്കും,” എന്ന് യഹോവയുടെ അരുളപ്പാട്. 17 “എന്റെ കണ്ണുകൾ അവരുടെ എല്ലാ വഴികളിന്മേലും ഇരിക്കുന്നു; അവർ എന്റെ മുമ്പിൽനിന്ന് മറഞ്ഞിരിക്കുന്നില്ല; അവരുടെ അനീതി എന്റെ കണ്ണുകൾക്കു മറവായിരിക്കുന്നതുമില്ല. 18 അവർ എന്റെ ദേശം മലിനമാക്കുകയും അവർ തങ്ങളുടെ മലിനവിഗ്രഹങ്ങളുടെ ജീവനില്ലാത്ത രൂപങ്ങളാലും മ്ലേച്ഛവിഗ്രഹങ്ങളാലും എന്റെ അവകാശത്തെ നിറയ്ക്കുകയും ചെയ്തതിനാൽ, ഞാൻ അവരുടെ ദുഷ്ടതയ്ക്കും പാപത്തിനും ഇരട്ടി പകരംചെയ്യും.”

19 എന്റെ ബലവും എന്റെ കോട്ടയും

കഷ്ടകാലത്ത് എന്റെ സങ്കേതവുമായ യഹോവേ,

ഭൂമിയുടെ അറുതികളിൽനിന്ന്

രാഷ്ട്രങ്ങൾ അങ്ങയുടെ അടുക്കൽവന്ന്,

“തീർച്ചയായും ഞങ്ങളുടെ പിതാക്കന്മാർ വ്യാജദേവതകളല്ലാതെ മറ്റൊന്നും അവകാശമാക്കിയിരുന്നില്ല,

നിഷ്‌പ്രയോജനമായിരുന്ന മിഥ്യാമൂർത്തികളെത്തന്നെ, എന്നു പറയും.

20 ഒരു മനുഷ്യൻ തനിക്കായിത്തന്നെ ദേവതകളെ നിർമിക്കുമോ?

അതേ, എന്നാൽ അവ ദേവതകളല്ലാതാനും!”

21 “അതിനാൽ ഞാൻ അവരെ പഠിപ്പിക്കും—

എന്റെ ഭുജവും എന്റെ ശക്തിയും

ഈ പ്രാവശ്യം ഞാൻ അവരെ പഠിപ്പിക്കും.

എന്റെ നാമം യഹോവ എന്ന്

അവർ അപ്പോൾ അറിയും.

17:1 “യെഹൂദയുടെ പാപം ഇരുമ്പെഴുത്താണികൊണ്ടും

വജ്രമുനകൊണ്ടും എഴുതപ്പെട്ടിരിക്കുന്നു,

അത് അവരുടെ ഹൃദയത്തിന്റെ പലകമേലും

അവരുടെ യാഗപീഠത്തിന്റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു.

2 അവരുടെ മക്കൾപോലും

ഉയർന്ന മലകളിൽ

ഇലതൂർന്ന മരങ്ങൾക്കരികെയുള്ള

അവരുടെ ബലിപീഠങ്ങളെയും അശേരാപ്രതിഷ്ഠകളെയും ഓർക്കുന്നുവല്ലോ.

3 വയൽപ്രദേശത്തുള്ള എന്റെ പർവതമേ,

രാജ്യത്തെമ്പാടുമുള്ള പാപംനിമിത്തം

നിന്റെ ധനവും എല്ലാ നിക്ഷേപങ്ങളും

നിന്റെ ക്ഷേത്രങ്ങളോടൊപ്പം

ഞാൻ കൊള്ളമുതലായി കൊടുക്കും.

4 ഞാൻ നിനക്കുതന്ന അവകാശത്തെ

നീ വിട്ടുപോകേണ്ടിവരും.

നീ അറിയാത്ത ദേശത്ത്

നീ നിന്റെ ശത്രുക്കളെ സേവിക്കാൻ ഞാൻ ഇടവരുത്തും,

കാരണം എന്റെ കോപത്തിൽ നിങ്ങൾ ഒരു തീ ജ്വലിപ്പിച്ചിരിക്കുന്നു,

അതു നിത്യം എരിഞ്ഞുകൊണ്ടിരിക്കും.”

5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“മനുഷ്യനിൽ ആശ്രയിക്കുന്നവർ ശപിക്കപ്പെട്ടവർ,

മനുഷ്യന്റെ ശക്തിയിൽ വിശ്വാസമർപ്പിക്കുകയും

ഹൃദയത്തിൽ യഹോവയെ വിട്ടകലുകയുംചെയ്യുന്നവർതന്നെ.

6 അങ്ങനെയുള്ളവർ മരുഭൂമിയിലെ ചൂരൽച്ചെടിപോലെയായിത്തീരും;

അഭിവൃദ്ധിവരുമ്പോൾ അവർ അതു കാണുകയില്ല.

മരുഭൂമിയിൽ നിവാസികളില്ലാത്ത ഉപ്പുനിലങ്ങളിലും

വരണ്ടപ്രദേശങ്ങളിലും അവർ പാർക്കും.

7 “എന്നാൽ യഹോവയിൽ ആശ്രയിക്കുകയും

യഹോവയെത്തന്നെ ആശ്രയമാക്കിയിരിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ.

8 അവർ വെള്ളത്തിനരികെ നട്ടിരിക്കുന്നതും

ആറ്റരികത്തു വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും.

ഉഷ്ണം വരുമ്പോൾ അതു പേടിക്കുകയില്ല;

അതിന്റെ ഇല നിത്യഹരിതമായിരിക്കും.

വരൾച്ചയുള്ള വർഷത്തിലും അതു വാട്ടം തട്ടാതെ

ഫലം കായ്ച്ചുകൊണ്ടിരിക്കും.”

9 ഹൃദയം എല്ലാറ്റിനെക്കാളും കാപട്യമുള്ളതും

സൗഖ്യമാക്കാൻ കഴിയാത്തതുമാണ്.

ആർക്കാണ് അതിനെ ഗ്രഹിക്കാൻ കഴിയുക?

10 “ഓരോരുത്തർക്കും അവരവരുടെ പെരുമാറ്റത്തിനും

അവരുടെ പ്രവൃത്തികൾക്കും അനുസരിച്ചു പ്രതിഫലം നൽകുന്നതിന്

യഹോവയായ ഞാൻ ഹൃദയത്തെ പരിശോധിക്കുകയും

മനസ്സിനെ പരീക്ഷിക്കുകയും ചെയ്യുന്നു.”

11 അന്യായമായി ധനം സമ്പാദിക്കുന്നവർ

ഇടാത്ത മുട്ടയ്ക്കു പൊരുന്നയിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാണ്.

തന്റെ ആയുസ്സിന്റെ മധ്യത്തിലെത്തുമ്പോൾ, അവരുടെ ധനം അവരെ വിട്ടുപോകും,

ഒടുവിൽ അവർ ഭോഷരായിരുന്നു എന്നു തെളിയും.

12 തേജസ്സേറിയ സിംഹാസനം, ആദിമുതൽതന്നെ ഉന്നതമായ ഒരു സ്ഥാനം,

അതാണ് നമ്മുടെ അഭയസ്ഥാനം.

13 ഇസ്രായേലിന്റെ പ്രത്യാശയായ യഹോവേ,

അങ്ങയെ ഉപേക്ഷിച്ചുപോകുന്ന എല്ലാവരും ലജ്ജിതരാകും.

അങ്ങയെ വിട്ടുപോകുന്നവരെല്ലാം മണ്ണിൽ എഴുതപ്പെടും

കാരണം, ജീവജലത്തിന്റെ ഉറവയായ യഹോവയെ

അവർ ഉപേക്ഷിച്ചുകളഞ്ഞല്ലോ.

14 യഹോവേ, എന്നെ സൗഖ്യമാക്കണമേ, എന്നാൽ എനിക്കു സൗഖ്യം ലഭിക്കും;

എന്നെ രക്ഷിക്കണമേ, എന്നാൽ ഞാൻ രക്ഷപ്പെടും,

കാരണം അങ്ങാണ് എന്റെ പുകഴ്ച്ചയായിരിക്കുന്നത്.

15 “യഹോവയുടെ വചനം എവിടെ?

അതു നിവർത്തിയാകട്ടെ!”

എന്ന് അവർ എന്നോടു പറയുന്നു.

16 ഞാനോ അങ്ങയുടെ ഒരു ഇടയന്റെ ഉത്തരവാദിത്വം ഉപേക്ഷിച്ചോടിയില്ല;

നൈരാശ്യത്തിന്റെ ദിനം ഞാൻ ആശിച്ചുമില്ല എന്ന് അങ്ങ് അറിയുന്നു.

എന്റെ അധരങ്ങളിൽനിന്ന് പുറപ്പെട്ട വാക്കുകൾ അവിടത്തെ സന്നിധിയിൽ ഇരിക്കുന്നു.

17 അങ്ങ് എനിക്കൊരു ഭീതിവിഷയമാകരുതേ;

അനർഥകാലത്ത് അങ്ങ് എന്റെ സങ്കേതം ആകുന്നുവല്ലോ.

18 എന്റെ പീഡകർ ലജ്ജിക്കട്ടെ,

എന്നാൽ എന്നെ ലജ്ജിപ്പിക്കരുതേ;

അവർ സംഭീതരാകട്ടെ,

എന്നാൽ എന്നെ ഭീതിയിലാകാൻ അനുവദിക്കരുതേ.

ഒരു അനർഥദിവസം അവരുടെമേൽ വരുത്തണമേ;

ഇരട്ടിയായ നാശംകൊണ്ട് അവരെ തകർത്തുകളയണമേ.

19 യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “നീ പോയി, യെഹൂദാരാജാക്കന്മാർ അകത്തേക്കു വരികയും പുറത്തേക്കു പോകുകയും ചെയ്യുന്ന ജനത്തിന്റെ കവാടത്തിലും ജെറുശലേമിന്റെ എല്ലാ കവാടങ്ങളിലും നിന്നുകൊണ്ട്, 20 അവരോട് ഇപ്രകാരം പറയുക: ‘ഈ കവാടങ്ങളിലൂടെ പ്രവേശിക്കുന്ന യെഹൂദാരാജാക്കന്മാരേ, സകല യെഹൂദാജനങ്ങളേ, എല്ലാ ജെറുശലേംനിവാസികളേ, നിങ്ങൾ യഹോവയുടെ വചനം കേൾക്കുക. 21 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശബ്ബത്തുദിവസത്തിൽ യാതൊരു ചുമടും ചുമക്കാതെയും ജെറുശലേം കവാടങ്ങളിലൂടെ യാതൊരു ചുമടും അകത്തേക്കു കൊണ്ടുപോകാതെയും സൂക്ഷിച്ചുകൊള്ളുക. 22 നിങ്ങളുടെ ഭവനങ്ങളിൽനിന്ന്, ശബ്ബത്തുനാളിൽ, യാതൊരു ചുമടും പുറത്തേക്കു കൊണ്ടുപോകാതെയും യാതൊരു വേലയും ചെയ്യാതെയും, ഞാൻ നിങ്ങളുടെ പൂർവികന്മാരോടു കൽപ്പിച്ചതുപോലെ ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കുക. 23 എന്നാൽ അവർ ഈ കൽപ്പന ശ്രദ്ധിക്കുകയോ അതിനു ചെവിചായ്‌ക്കുകയോ ചെയ്തില്ല; അവർ കേട്ടനുസരിക്കാതെയും ഉപദേശം കൈക്കൊള്ളാതെയും ദുശ്ശാഠ്യമുള്ളവരായിത്തീർന്നു. 24 നിങ്ങൾ ജാഗ്രതയോടെ എന്റെ വചനം ശ്രദ്ധിച്ച് ശബ്ബത്തുനാളിൽ ഈ നഗരകവാടങ്ങളിലൂടെ യാതൊരു ചുമടും കൊണ്ടുപോകാതെ ശബ്ബത്തിനെ വിശുദ്ധീകരിക്കുകയും അന്നു യാതൊരു വേലയും ചെയ്യാതിരിക്കുകയും ചെയ്യുമെങ്കിൽ, 25 ദാവീദിന്റെ സിംഹാസനത്തിൽ ഉപവിഷ്ടരായിരിക്കുന്ന രാജാക്കന്മാർ അവരുടെ അധികാരികളുമായി ഈ കവാടത്തിലൂടെ വന്നുചേരും. അവരും അവരുടെ അധികാരികളും യെഹൂദാഗോത്രത്തിലെ പുരുഷന്മാരും ജെറുശലേംനിവാസികളും ഒരുമിച്ച് രഥങ്ങളിലും കുതിരപ്പുറത്തും സവാരിചെയ്ത് ഈ നഗരത്തിൽ വന്നുചേരും. അത് എന്നേക്കും ജനവാസമുള്ളതായി തീരുകയും ചെയ്യും, എന്ന് യഹോവയുടെ അരുളപ്പാട്. 26 അവർ യെഹൂദാപട്ടണങ്ങളിൽനിന്നും ജെറുശലേമിനു ചുറ്റുമുള്ള ഗ്രാമങ്ങളിൽനിന്നും ബെന്യാമീൻദേശത്തുനിന്നും പശ്ചിമഭാഗത്തെ കുന്നിൻപ്രദേശത്തുനിന്നും ദക്ഷിണദേശത്തുനിന്നും ഹോമയാഗങ്ങളും ഹനനയാഗങ്ങളും ഭോജനയാഗങ്ങളും സുഗന്ധവർഗവും കൊണ്ടുവരും. യഹോവയുടെ ആലയത്തിൽ അവർ സ്തോത്രയാഗങ്ങളും അർപ്പിക്കും. 27 എന്നാൽ ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കാനും ജെറുശലേമിന്റെ കവാടങ്ങളിലൂടെ ചുമടു ചുമന്നുകൊണ്ടുപോകാതിരിക്കാനും നിങ്ങൾ എന്റെ വാക്കുകേട്ട് അനുസരിക്കുന്നില്ലെങ്കിൽ ഞാൻ അതിന്റെ കവാടങ്ങളിൽ തീ കൊളുത്തുകയും അതു കെട്ടുപോകാതെ ജെറുശലേമിലെ കൊട്ടാരങ്ങളെ ദഹിപ്പിക്കുകയും ചെയ്യും.’ ”