പ്രവാസം ഉറപ്പാണെന്ന മുന്നറിയിപ്പുകൾ (continued)
യെഹൂദന്മാരുടെ പ്രവാസവും ജെറുശലേമിന്റെ നാശവും ഉറപ്പാണെന്നു പ്രഖ്യാപിക്കുന്ന വിവിധ പ്രവചനങ്ങളും അവരോടുള്ള അഭ്യർഥനകളും.
ക്രി.മു. 609
Biblica® Open Malayalam Contemporary Version™ (OMCV)
1 വരൾച്ചയെ സംബന്ധിച്ച് യിരെമ്യാവിനുണ്ടായ യഹോവയുടെ അരുളപ്പാട്:
2 “യെഹൂദാ വിലപിക്കുന്നു,
അതിന്റെ പട്ടണങ്ങൾ തളരുന്നു;
അവർ ദേശത്തിനുവേണ്ടി വിലപിക്കുന്നു,
ജെറുശലേമിൽനിന്നു നിലവിളി ഉയരുന്നു.
3 അവരുടെ പ്രഭുക്കന്മാർ തങ്ങളുടെ സേവകരെ വെള്ളത്തിനായി പറഞ്ഞയയ്ക്കുന്നു;
അവർ ജലസംഭരണിയിങ്കലേക്കുപോയി
എന്നാൽ വെള്ളം കാണാതെ,
ഒഴിഞ്ഞ പാത്രങ്ങളുമായി മടങ്ങിപ്പോകുന്നു;
നിരാശരും ലജ്ജിതരുമായി
അവർ തങ്ങളുടെ തലമൂടുന്നു.
4 മഴയില്ലാത്തതിനാൽ
നിലം വിണ്ടുകീറിയിരിക്കുന്നു;
ഉഴവുകാർ നിരാശരായിരിക്കുന്നു
അവർ തങ്ങളുടെ തലമൂടുകയുംചെയ്യുന്നു.
5 വയലിലെ മാൻപേട
കുട്ടിയെ പ്രസവിച്ചശേഷം
പുല്ലില്ലായ്കയാൽ ഉപേക്ഷിച്ചുപോകുന്നു.
6 കാട്ടുകഴുത മൊട്ടക്കുന്നുകളിന്മേൽ നിന്നുകൊണ്ട്
കുറുനരികളെപ്പോലെ കിതയ്ക്കുന്നു;
സസ്യങ്ങൾ ഇല്ലായ്കയാൽ
അതിന്റെ കണ്ണുകൾ തളരുന്നു.”
7 യഹോവേ, ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്കെതിരേ സാക്ഷ്യംവഹിക്കുന്നെങ്കിലും
അങ്ങയുടെ നാമംനിമിത്തം പ്രവർത്തിക്കണമേ.
ഞങ്ങൾ പലപ്പോഴും വിശ്വാസത്യാഗികളായി;
ഞങ്ങൾ അങ്ങേക്കെതിരേ പാപംചെയ്തിരിക്കുന്നു.
8 ഇസ്രായേലിന്റെ പ്രത്യാശയും
കഷ്ടകാലത്ത് അവരുടെ രക്ഷകനും ആയവനേ,
അങ്ങ് ദേശത്ത് ഒരു അപരിചിതനെപ്പോലെയും
ഒരു രാത്രിമാത്രം താമസിക്കുന്ന വഴിപോക്കനെപ്പോലെയും ആയിരിക്കുന്നതെന്ത്?
9 അങ്ങ് പരിഭ്രാന്തനായ ഒരുവനെപ്പോലെയും
രക്ഷിക്കാൻ കഴിവില്ലാത്ത യോദ്ധാവിനെപ്പോലെയും ആയിരിക്കുന്നതെന്ത്?
യഹോവേ, അങ്ങ് ഞങ്ങളുടെ മധ്യേ ഉണ്ട്,
ഞങ്ങൾ തിരുനാമം വഹിക്കുന്നു
ഞങ്ങളെ ഉപേക്ഷിക്കരുതേ!
10 യഹോവ തന്റെ ജനത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“അവർ ഈ വിധം അലഞ്ഞുതിരിയാൻ ഇഷ്ടപ്പെട്ടു;
തങ്ങളുടെ കാലുകളെ അവർ അടക്കിവെച്ചില്ല.
അതിനാൽ യഹോവ അവരെ അംഗീകരിക്കുകയില്ല;
അവിടന്ന് ഇപ്പോൾ അവരുടെ ദുഷ്ടത ഓർക്കുകയും
അവരുടെ പാപങ്ങൾ ശിക്ഷിക്കുകയും ചെയ്യും.”
11 അതിനുശേഷം യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “ഈ ജനത്തിന്റെ നന്മയ്ക്കായി പ്രാർഥിക്കരുത്. 12 അവർ ഉപവസിച്ചാലും ഞാൻ അവരുടെ നിലവിളി കേൾക്കുകയില്ല; അവർ ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും ഞാൻ കൈക്കൊള്ളുകയില്ല. പ്രത്യുത, ഞാൻ അവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും പകർച്ചവ്യാധികൊണ്ടും നശിപ്പിക്കും.”
13 അപ്പോൾ ഞാൻ, “യഹോവയായ കർത്താവേ, പ്രവാചകന്മാർ അവരോട്: ‘നിങ്ങൾ വാൾ കാണുകയോ നിങ്ങൾക്കു ക്ഷാമമുണ്ടാകുകയോ ഇല്ല, ഞാൻ ഈ സ്ഥലത്തു നിങ്ങൾക്ക് ശാശ്വതമായ സമാധാനം നൽകും’ എന്നു പറഞ്ഞുകൊണ്ടിരിക്കുന്നല്ലോ,” എന്നു പറഞ്ഞു.
14 അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “പ്രവാചകന്മാർ എന്റെ നാമത്തിൽ വ്യാജം പ്രവചിക്കുന്നു. ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കൽപ്പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല. അവർ നിങ്ങളോടു വ്യാജദർശനവും ദേവപ്രശ്നവും പൊള്ളവാക്കുകളും സ്വന്തഹൃദയത്തിൽനിന്നുള്ള വഞ്ചനയുമാണ് പ്രവചിക്കുന്നത്. 15 ഞാൻ അയയ്ക്കാതിരുന്നിട്ടും അവർ പറയുന്നു, ‘ഈ ദേശത്തു വാളും ക്ഷാമവും ഉണ്ടാകുകയില്ല.’ എന്റെ നാമത്തിൽ പ്രവചിക്കുന്ന ആ പ്രവാചകന്മാരെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘വാൾകൊണ്ടും ക്ഷാമംകൊണ്ടും അവർ മുടിഞ്ഞുപോകും.’ 16 അവർ ആരോടു പ്രവചിക്കുന്നോ ആ ജനം ക്ഷാമത്താലും വാളിനാലും ജെറുശലേമിന്റെ തെരുവീഥിയിൽ വീണുകിടക്കും. അവരെയും അവരുടെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടാൻ ആരും ഉണ്ടാകുകയില്ല. അവർ അർഹിക്കുന്നതുതന്നെ ഞാൻ അവരുടെമേൽ പകരും.
17 “അതിനാൽ നീ ഈ വചനം അവരോടു പറയണം:
“ ‘എന്റെ കണ്ണിൽനിന്ന് രാവും പകലും
നിരന്തരം കണ്ണുനീർ ഒഴുകട്ടെ;
കാരണം എന്റെ ജനത്തിന്റെ പുത്രിയായ കന്യക
കഠിനമായി തകർന്നും
വ്യസനകരമായവിധം അടിയേറ്റും ഇരിക്കുന്നു.
18 ഞാൻ വയലിലേക്കു പോയാൽ,
അവിടെ വാളിനാൽ കൊല്ലപ്പെട്ടവരെയും
ഞാൻ പട്ടണത്തിൽ കടന്നാൽ,
അവിടെ ക്ഷാമംകൊണ്ട് അവശരായി വീണുപോയവരെയും കാണുന്നു.
പ്രവാചകനും പുരോഹിതനും ഒരുപോലെ
തങ്ങൾ അറിയാത്ത ഒരു ദേശത്ത് അലഞ്ഞുനടക്കുന്നു.’ ”
19 അങ്ങ് യെഹൂദയെ നിശ്ശേഷം തള്ളിക്കളഞ്ഞുവോ?
അങ്ങു സീയോനെ വെറുത്തുവോ?
ഞങ്ങൾക്കു സൗഖ്യം ലഭിക്കാതവണ്ണം
അങ്ങ് ഞങ്ങളെ മുറിവേൽപ്പിക്കുന്നത് എന്തുകൊണ്ട്?
ഞങ്ങൾ സമാധാനത്തിനായി കാത്തിരുന്നു
എന്നാൽ ഒരു ഫലവും ഉണ്ടായില്ല,
രോഗശാന്തിക്കായി കാത്തിരുന്നു
എന്നാലിതാ ഭീതിമാത്രം.
20 യഹോവേ, ഞങ്ങളുടെ ദുഷ്ടതയും
ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും ഞങ്ങൾ ഏറ്റുപറയുന്നു;
ഞങ്ങൾ അങ്ങയോടു പാപംചെയ്തിരിക്കുന്നു.
21 അങ്ങയുടെ നാമംനിമിത്തം ഞങ്ങളെ തള്ളിക്കളയരുതേ;
അങ്ങയുടെ തേജസ്സുള്ള സിംഹാസനത്തെ അപമാനിക്കരുതേ.
ഞങ്ങളോടുള്ള അവിടത്തെ ഉടമ്പടി ഓർക്കണമേ,
അതു ലംഘിക്കരുതേ.
22 ഇതര ജനതകളുടെ മിഥ്യാമൂർത്തികളിൽ മഴപെയ്യിക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടോ?
അഥവാ, ആകാശം സ്വയമേവയാണോ മഴ നൽകുന്നത്?
അല്ല, ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങാണല്ലോ അതു നൽകുന്നത്.
അതിനാൽ ഞങ്ങളുടെ പ്രത്യാശ അങ്ങയിലാണ്,
കാരണം അങ്ങാണല്ലോ ഇവയെല്ലാം ചെയ്യുന്നത്.
15:1 അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “മോശയും ശമുവേലും എന്റെമുമ്പിൽ നിന്നാലും എന്റെ മനസ്സ് ഈ ജനത്തിലേക്കു ചായുകയില്ല. അവരെ എന്റെ മുമ്പിൽനിന്ന് ആട്ടിപ്പായിക്കുക! അവർ പൊയ്ക്കൊള്ളട്ടെ! 2 ‘ഞങ്ങൾ എങ്ങോട്ടു പോകണം?’ എന്ന് അവർ നിന്നോടു ചോദിച്ചാൽ, ‘യഹോവയുടെ അരുളപ്പാട് ഇപ്രകാരമാണ് എന്ന്,’ നീ അവരെ അറിയിക്കണം:
“ ‘മരണത്തിനുള്ളവർ മരണത്തിനും;
വാളിനുള്ളവർ വാളിനും;
ക്ഷാമത്തിനുള്ളവർ ക്ഷാമത്തിനും;
പ്രവാസത്തിനുള്ളവർ പ്രവാസത്തിനും പൊയ്ക്കൊള്ളട്ടെ.’
3 “ഞാൻ നാലുതരം നാശങ്ങളെ അവരുടെമേൽ നിയമിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “സംഹരിക്കുന്നതിനു വാളും കടിച്ചുകീറുന്നതിനു നായ്ക്കളും തിന്നുമുടിക്കാൻ ആകാശത്തിലെ പറവകളും വന്യമൃഗങ്ങളുംതന്നെ. 4 യെഹൂദാരാജാവായ ഹിസ്കിയാവിന്റെ മകൻ മനശ്ശെനിമിത്തം, അവൻ ജെറുശലേമിൽ ചെയ്ത കാര്യങ്ങൾനിമിത്തംതന്നെ, ഞാൻ അവരെ ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും മധ്യത്തിൽ ഒരു ഭീതിവിഷയമാക്കും.
5 “ജെറുശലേമേ, ആർക്കു നിന്നോടു സഹതാപം തോന്നും?
ആര് നിന്നെയോർത്തു വിലപിക്കും?
നിന്റെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കാൻ ആര് അടുത്തുവരും?
6 നീ എന്നെ ഉപേക്ഷിച്ചിരിക്കുന്നു,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“നിങ്ങൾ വിശ്വാസത്യാഗികളായി തുടരുന്നു.
തന്മൂലം ഞാൻ നിനക്കെതിരേ കൈനീട്ടി നിന്നെ നശിപ്പിക്കും;
ഞാൻ ക്ഷമകാണിച്ചു മടുത്തിരിക്കുന്നു.
7 നിങ്ങളുടെ പട്ടണകവാടങ്ങളിൽനിന്ന്
ഒരു വീശുമുറംകൊണ്ടു ഞാൻ അവരെ പാറ്റിക്കൊഴിക്കും.
ഞാൻ എന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയും അവരെ നശിപ്പിക്കുകയും ചെയ്യും;
എന്റെ ജനം തങ്ങളുടെ ജീവിതരീതി വിട്ടുതിരിയാത്തതുമൂലംതന്നെ.
8 അവരുടെ വിധവകൾ എന്റെമുമ്പിൽ
കടൽപ്പുറത്തെ മണലിനെക്കാൾ അധികമാകും.
അവരുടെ യുവാക്കളുടെ മാതാക്കൾക്കെതിരേ
ഞാൻ നട്ടുച്ചയ്ക്ക് ഒരു വിനാശകനെ വരുത്തും;
ഞാൻ പെട്ടെന്ന് നടുക്കവും നിരാശയും
അവളുടെമേൽ പതിക്കാൻ ഇടയാക്കും.
9 ഏഴുമക്കളെ പ്രസവിച്ചവൾ
തളർന്ന് ജീവൻ വെടിയുന്നു.
പകൽ സമയത്തുതന്നെ അവളുടെ സൂര്യൻ അസ്തമിച്ചുപോകും;
അവൾ ലജ്ജിതയും പരിഭ്രാന്തയുമാകും.
അവരിൽ ശേഷിച്ചവരെ ഞാൻ
ശത്രുക്കളുടെ വാളിന് ഏൽപ്പിച്ചുകൊടുക്കും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
10 അയ്യോ, എന്റെ അമ്മേ, നാടുമുഴുവനും ഏതൊരുവനോട് കലഹിച്ചു മത്സരിക്കുന്നുവോ,
അങ്ങനെയുള്ള എന്നെയാണല്ലോ നീ പ്രസവിച്ചത്.
എനിക്ക് അയ്യോ കഷ്ടം!
ഞാൻ പലിശയ്ക്കു കൊടുത്തിട്ടില്ല,
എന്നോടാരും പലിശ വാങ്ങിയിട്ടുമില്ല,
എന്നിട്ടും അവരെല്ലാവരും എന്നെ ശപിക്കുന്നു.
11 യഹോവ അരുളിച്ചെയ്തു:
“തീർച്ചയായും ഒരു സദുദ്ദേശ്യത്തോടെ ഞാൻ നിന്നെ സ്വതന്ത്രനാക്കും;
ആപത്തിന്റെയും പീഡനത്തിന്റെയും കാലത്ത്
നിന്റെ ശത്രു നിന്നോടു യാചിക്കാൻ ഞാൻ ഇടവരുത്തും, നിശ്ചയം.
12 “ഒരു പുരുഷന് ഇരുമ്പ്—ഉത്തരദിക്കിൽനിന്നുള്ള
ഇരുമ്പോ വെങ്കലമോ—ഒടിക്കാൻ കഴിയുമോ?
13 “നിന്റെ രാജ്യംമുഴുവനും
പാപത്താൽ നിറഞ്ഞതുനിമിത്തം
നിന്റെ സമ്പത്തും നിക്ഷേപങ്ങളും
ഞാൻ വിലവാങ്ങാതെ, കവർച്ചമുതലായി ഏൽപ്പിച്ചുകൊടുക്കും.
14 നീ അറിയാത്ത ഒരു ദേശത്ത് ഞാൻ നിന്നെ
നിന്റെ ശത്രുക്കൾക്ക് അടിമയാക്കും;
കാരണം എന്റെ കോപത്തിൽ ഒരു തീ ജ്വലിച്ചിരിക്കുന്നു,
അതു നിനക്കെതിരേ ജ്വലിക്കും.”
15 യഹോവേ, അങ്ങ് അറിയുന്നല്ലോ;
എന്നെ ഓർക്കണമേ, എനിക്കായി കരുതണമേ.
എന്നെ പീഡിപ്പിക്കുന്നവരോടു പ്രതികാരംചെയ്യണമേ.
എന്നെ എടുത്തുകളയരുതേ, അങ്ങ് ദീർഘക്ഷമയുള്ളവനാണല്ലോ;
അങ്ങേക്കുവേണ്ടി ഞാൻ എങ്ങനെ നിന്ദ സഹിക്കുന്നു എന്ന് ഓർക്കണമേ.
16 ഞാൻ അങ്ങയുടെ വചനങ്ങളെ കണ്ടെത്തി, അവ ഭക്ഷിച്ചിരിക്കുന്നു.
അങ്ങയുടെ വചനം എന്റെ ആനന്ദവും എന്റെ ഹൃദയത്തിന്റെ പ്രമോദവുമായിത്തീർന്നു;
സൈന്യങ്ങളുടെ ദൈവമായ യഹോവേ,
ഞാൻ അങ്ങയുടെ നാമം വഹിക്കുന്നല്ലോ.
17 പരിഹാസികളുടെ സഭയിൽ ഞാൻ ഒരിക്കലും ഇരിക്കുകയോ
അവരോടൊപ്പം ആനന്ദിക്കുകയോ ചെയ്തിട്ടില്ല;
അങ്ങ് എന്നെ ധാർമികരോഷംകൊണ്ടു നിറച്ചിരിക്കുകയാൽ
അങ്ങയുടെ കരം നിമിത്തം ഞാൻ ഏകാന്തതയിൽ കഴിഞ്ഞുകൂടി.
18 എന്റെ വേദന അവസാനിക്കാത്തതും
എന്റെ മുറിവു വേദനാജനകവും സൗഖ്യമാകാത്തതും ആയിരിക്കുന്നതെന്ത്?
അങ്ങ് എനിക്കു വഞ്ചിക്കുന്ന അരുവിയും
വറ്റിപ്പോകുന്ന നീരുറവുംപോലെ ആയിരിക്കുമോ?
19 അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നീ പശ്ചാത്തപിച്ചാൽ എന്നെ സേവിക്കുന്നതിനായി,
ഞാൻ നിന്നെ പുനരുദ്ധരിക്കും;
വ്യർഥമായവ ഉപേക്ഷിച്ച് സാർഥകമായതു സംസാരിച്ചാൽ,
നീ എന്റെ വക്താവായിത്തീരും.
ഈ ജനം നിന്റെ അടുക്കലേക്കു തിരിയട്ടെ,
എന്നാൽ നീ അവരുടെ അടുത്തേക്കു തിരിയുകയില്ല.
20 ഞാൻ നിന്നെ ആ ജനത്തിന്
കെട്ടിയുറപ്പിക്കപ്പെട്ട വെങ്കലഭിത്തിയാക്കിത്തീർക്കും;
അവർ നിനക്കെതിരേ യുദ്ധംചെയ്യും,
എന്നാൽ ജയിക്കുകയില്ലതാനും;
നിന്നെ രക്ഷിക്കുന്നതിനും മോചിപ്പിക്കുന്നതിനും
ഞാൻ നിന്നോടുകൂടെയുണ്ട്,”
എന്ന് യഹോവയുടെ അരുളപ്പാട്.
21 “ഞാൻ നിന്നെ ദുഷ്ടജനങ്ങളുടെ കൈയിൽനിന്നു രക്ഷിക്കുകയും
ക്രൂരജനങ്ങളുടെ കൈയിൽനിന്നു വിടുവിക്കുകയും ചെയ്യും.”