സർദിസിനും തീക്ഷ്ണത കുറഞ്ഞുവരുന്ന സഭകൾക്കും
സർദിസിലെ സഭയ്ക്കും തങ്ങളുടെ തീക്ഷ്ണതയും വിശ്വസ്തതയും ക്ഷയിക്കാൻ അനുവദിക്കുന്ന എല്ലാ സഭകൾക്കുമുള്ള സന്ദേശം.
ക്രി.പി. 96
Biblica® Open Malayalam Contemporary Version™ (OMCV)
1 “സർദിസിലെ സഭയുടെ ദൂതന് എഴുതുക:
“ദൈവത്തിന്റെ ഏഴ് ആത്മാക്കളും ഏഴു നക്ഷത്രവുമുള്ള ഞാൻ അരുളിച്ചെയ്യുന്നു:
“ഞാൻ നിന്റെ പ്രവൃത്തികൾ അറിയുന്നു; ജീവിക്കുന്നവൻ എന്ന പേര് നിനക്കുണ്ടെങ്കിലും നീ മരിച്ചവനാണ്. 2 ഉണരുക! മരണാസന്നനായ നിന്നിൽ അവശേഷിച്ചകാര്യങ്ങൾ ശാക്തീകരിക്കുക. നിന്റെ പ്രവൃത്തികൾ എന്റെ ദൈവത്തിന്റെ മുമ്പിൽ പൂർണതയുള്ളതായി ഞാൻ കണ്ടില്ല. 3 അതുകൊണ്ട്, നീ സ്വീകരിച്ചതും കേട്ടതും ഓർക്കുക: അതു മുറുകെപ്പിടിക്കുക; മാനസാന്തരപ്പെടുക. നീ ജാഗരൂകനായിരുന്നില്ലെങ്കിൽ ഞാൻ കള്ളൻ വരുന്നതുപോലെ വരും, എന്നാൽ ഞാൻ ഏതു സമയത്തു നിന്റെ അടുക്കൽ വരുമെന്നു നീ ഒരിക്കലും അറിയുകയുമില്ല.
4 “എങ്കിലും തങ്ങളുടെ വസ്ത്രങ്ങൾ കളങ്കപ്പെടുത്തിയിട്ടില്ലാത്ത ഏതാനുംപേർ സർദിസിൽ നിനക്കുണ്ട്. അവർ യോഗ്യതനേടിയവരാകുകയാൽ തേജോമയവസ്ത്രം ധരിച്ച് എന്നോടുകൂടെ നടക്കും. 5 വിജയിക്കുന്നവർ അവരെപ്പോലെതന്നെ തേജോമയവസ്ത്രം ധരിക്കും. ഞാൻ ജീവന്റെ പുസ്തകത്തിൽനിന്ന് അവരുടെ പേര് മായിച്ചുകളയുകയില്ല. മറിച്ച്, അവർ എന്റെ സ്വന്തമെന്ന് പിതാവിന്റെയും അവിടത്തെ ദൂതന്മാരുടെയും സന്നിധിയിൽ ഞാൻ അംഗീകരിക്കും. 6 ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ.
ഫിലദെൽഫിയയ്ക്കും വിശ്വസ്തവും തീക്ഷ്ണതയുള്ളതുമായ സഭകൾക്കും
ഫിലദെൽഫിയയിലെ സഭയ്ക്കും തങ്ങളുടെ അവസരങ്ങളും ശക്തിയും അനുവദിക്കുന്നിടത്തോളം തീക്ഷ്ണതയോടും വിശ്വസ്തതയോടും പ്രവർത്തിക്കുന്ന എല്ലാ സഭകൾക്കുമുള്ള സന്ദേശം.
7 “ഫിലദെൽഫിയയിലെ സഭയുടെ ദൂതന് എഴുതുക:
“വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആരും അടയ്ക്കാത്തവിധം തുറക്കുന്നവനും ആരും തുറക്കാത്തവിധം അടയ്ക്കുന്നവനുമായ ഞാൻ അരുളിച്ചെയ്യുന്നു:
8 “ഞാൻ നിന്റെ പ്രവൃത്തികൾ അറിയുന്നു. നോക്കൂ, ആർക്കും അടയ്ക്കാൻ കഴിയാത്ത ഒരു തുറന്ന വാതിൽ ഞാൻ നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു. നിനക്കു ശക്തി അൽപ്പമേ അവശേഷിച്ചിട്ടുള്ളൂ എങ്കിലും എന്റെ വചനം അനുസരിക്കുകകയും എന്റെ നാമം നിഷേധിക്കാതിരിക്കുകയും ചെയ്തു. 9 തങ്ങൾ യെഹൂദർ അല്ലാതിരിക്കെ, യെഹൂദരെന്ന വ്യാജേന മിഥ്യാഭിമാനം പുലർത്തുന്നവരാണ് സാത്താന്റെ പള്ളിക്കാർ. ഞാൻ നിന്നെ വാസ്തവമായി സ്നേഹിച്ചു എന്ന് അവർ ഗ്രഹിച്ചിട്ട് നിന്റെ കാൽക്കൽ വീഴാനിടയാക്കുന്നതു നീ കണ്ടുകൊള്ളുക. 10 സഹിഷ്ണുതയെ സംബന്ധിച്ച എന്റെ വചനം നീ അനുസരിച്ചതിനാൽ സകലഭൂവാസികളെയും പരിശോധിക്കുന്ന പരീക്ഷാസമയത്തിൽനിന്ന് ഞാൻ നിന്നെ സംരക്ഷിക്കും.
11 “ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിക്കേണ്ടതിന് നിനക്കുള്ളതു മുറുകെപ്പിടിക്കുക. 12 വിജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും. അയാൾ ഒരുനാളും അവിടംവിട്ട് പുറത്തുപോകുകയില്ല. അവന്റെമേൽ എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ അടുക്കൽനിന്ന്, സ്വർഗത്തിൽനിന്നുതന്നെ, ഇറങ്ങിവരുന്ന പുതിയ ജെറുശലേം എന്ന എന്റെ ദൈവത്തിന്റെ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ എഴുതും. 13 ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ.
ലവൊദിക്യയ്ക്കും സമ്പന്നവും അഹങ്കാരമുള്ളതും മന്ദോഷ്ണവുമായ സഭകൾക്കും
ലവൊദിക്യയിലെ സഭയ്ക്കും സമ്പന്നവും അഹങ്കാരമുള്ളതും മന്ദോഷ്ണവുമായ എല്ലാ സഭകൾക്കുമുള്ള സന്ദേശം.
14 “ലവൊദിക്യയിലെ സഭയുടെ ദൂതന് എഴുതുക:
“വിശ്വസ്തസാക്ഷിയും സത്യവാനും ദൈവസൃഷ്ടിയുടെ ആരംഭവുമായ ‘ആമേൻ’ എന്ന ഞാൻ അരുളിച്ചെയ്യുന്നു:
15 “ഞാൻ നിന്റെ പ്രവൃത്തികൾ അറിയുന്നു; നീ ശീതവാനുമല്ല ഉഷ്ണവാനുമല്ല. നീ ശീതവാനോ ഉഷ്ണവാനോ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. 16 എന്നാൽ നീ ശീതവാനുമല്ല, ഉഷ്ണവാനുമല്ല, കേവലം മന്ദോഷ്ണവാനായിരിക്കുകയാൽ ഞാൻ നിന്നെ എന്റെ വായിൽനിന്ന് തുപ്പിക്കളയും. 17 ഞാൻ ധനികൻ, സമ്പത്തുള്ളവനായിത്തീർന്നിരിക്കുന്നു, എനിക്ക് ഒന്നിനും കുറവില്ല എന്നു നീ പറയുന്നുണ്ട്; എങ്കിലും നീ യഥാർഥത്തിൽ നിസ്സഹായനും പരമദയനീയനും ദരിദ്രനും അന്ധനും നഗ്നനുമായ നികൃഷ്ടനാണെന്ന് തിരിച്ചറിയുന്നില്ല. 18 നീ ധനികനാകേണ്ടതിന് അഗ്നിയിൽ സ്ഫുടംചെയ്ത തങ്കവും നിന്റെ ലജ്ജാകരമായ നഗ്നത മറയ്ക്കേണ്ടതിന് ധരിക്കാൻ ശുഭ്രവസ്ത്രങ്ങളും നിനക്കു കാഴ്ച ലഭിക്കേണ്ടതിനു കണ്ണിൽ പൂശേണ്ട ലേപനവും എന്നോടു വിലയ്ക്കുവാങ്ങാൻ ഞാൻ നിന്നെ ഉപദേശിക്കുന്നു.
19 “ഞാൻ സ്നേഹിക്കുന്നവരെ ശാസിക്കയും ശിക്ഷിക്കുകയുംചെയ്യുന്നു. അതുകൊണ്ട് ആത്മാർഥതയോടെ പശ്ചാത്തപിക്കുക. 20 ഇതാ, ഞാൻ വാതിൽക്കൽ നിന്ന് മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അകത്തുചെന്ന് അവനോടുകൂടെയും അയാൾ എന്നോടുകൂടെയും അത്താഴം കഴിക്കും.
21 “ഞാൻ വിജയിയായി എന്റെ പിതാവിനോടുകൂടെ അവിടത്തെ സിംഹാസനത്തിൽ ഇരുന്നതുപോലെതന്നെ, എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിക്കാൻ വിജയിക്കുന്നവന് ഞാനും അധികാരം നൽകും. 22 ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ.”
സകല സൃഷ്ടിയും യേശുക്രിസ്തുവിനെ ആരാധിക്കുന്നു
ക്രിസ്തുമതത്തിന്റെ ദൈവമായ യേശുക്രിസ്തുവിന്റെ ആരാധനയിൽ സകല സൃഷ്ടിയും ഒന്നുചേരുന്ന ദൃശ്യത്തോടെയാണ് യോഹന്നാന്റെ ദർശനങ്ങൾ ആരംഭിക്കുന്നത്.
1 ഇതിനുശേഷം സ്വർഗത്തിൽ ഒരു വാതിൽ തുറന്നിരിക്കുന്നതു ഞാൻ കണ്ടു. കാഹളനാദംപോലെ ആദ്യം സംസാരിച്ചുകേട്ട ശബ്ദം എന്നോട്, “ഇവിടെ കയറിവരിക, ഇനി സംഭവിക്കാനുള്ളവ ഞാൻ നിനക്കു കാണിച്ചുതരാം” എന്നു പറഞ്ഞു. 2 ഉടനെ ഞാൻ ആത്മാവിലായി. ഇതാ, സ്വർഗത്തിൽ ഒരു സിംഹാസനം; അതിൽ ഒരാൾ ഇരിക്കുന്നു. 3 സിംഹാസനസ്ഥൻ സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശൻ; സിംഹാസനത്തിനു ചുറ്റും മരതകതുല്യമായ ഒരു മഴവില്ല്. 4 സിംഹാസനത്തിനു ചുറ്റും വേറെയും ഇരുപത്തിനാലു സിംഹാസനം; തേജോമയവസ്ത്രം ധരിച്ച ഇരുപത്തിനാലു മുഖ്യന്മാർ അവയിൽ ഇരിക്കുന്നു; അവരുടെ തലയിൽ തങ്കക്കിരീടങ്ങൾ. 5 സിംഹാസനത്തിൽനിന്ന് മിന്നൽപ്പിണരുകളും ശബ്ദങ്ങളും ഇടിമുഴക്കവും പുറപ്പെട്ടുവരുന്നു. സിംഹാസനത്തിനുമുമ്പിൽ ദൈവത്തിന്റെ ഏഴ് ആത്മാക്കളായ ഏഴുദീപങ്ങൾ പ്രകാശിച്ചുകൊണ്ടിരിക്കുന്നു. 6 സിംഹാസനത്തിനുമുമ്പിൽ പളുങ്കുപോലെ സുതാര്യമായ കണ്ണാടിക്കടൽ.
കേന്ദ്രസ്ഥാനത്തുള്ള സിംഹാസനത്തിന്റെ ചുറ്റും നാലു ജീവികൾ; അവ മുന്നിലും പിന്നിലും കണ്ണുകളാൽ പൊതിയപ്പെട്ടിരുന്നു. 7 ഒന്നാമത്തെ ജീവി സിംഹത്തിനു സദൃശം, രണ്ടാമത്തെ ജീവി കാളയെപ്പോലെ, മൂന്നാമത്തെ ജീവി മനുഷ്യനെപ്പോലെ മുഖമുള്ളത്, നാലാമത്തെ ജീവി പറക്കുന്ന കഴുകനോടു സദൃശം. 8 നാലു ജീവികൾ ഓരോന്നിനും ആറു ചിറകുവീതം ഉണ്ടായിരുന്നു. അവയ്ക്ക് ചിറകുകൾക്കുള്ളിലും പുറമേയുമായി നിറയെ കണ്ണുകളുമുണ്ടായിരുന്നു. ആ ജീവികൾ രാപകൽ വിശ്രമമില്ലാതെ,
“ഭൂത, വർത്തമാന, ഭാവി കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ,
‘സർവശക്തിയുള്ള ദൈവമായ കർത്താവ്,
പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ’ ”
എന്നു തുടരെ പറഞ്ഞുകൊണ്ടിരിക്കുന്നു. 9 സിംഹാസനസ്ഥനായി അനന്തകാലം ജീവിക്കുന്ന കർത്താവിന് ആ ജീവികൾ മഹത്ത്വവും ബഹുമാനവും സ്തോത്രവും അർപ്പിക്കുമ്പോഴെല്ലാം 10 ഇരുപത്തിനാലു മുഖ്യന്മാരും സിംഹാസനസ്ഥന്റെ മുമ്പിൽ വീണ്, അനന്തകാലം ജീവിക്കുന്നവനെ നമസ്കരിച്ചുകൊണ്ട്:
11 “ഞങ്ങളുടെ കർത്താവും ദൈവവുമായുള്ളവനെ,
അങ്ങ് സകലത്തെയും സൃഷ്ടിച്ചു.
അവിടത്തെ ഇഷ്ടത്താൽ അവ ഉത്ഭവിക്കുകയും
സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുകയാൽ,
അവിടന്നു മഹത്ത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാൻ യോഗ്യൻ,”
എന്നു പറഞ്ഞു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിനുമുമ്പിൽ സമർപ്പിക്കും.
മുദ്രയിട്ട ചുരുൾ തുറക്കാൻ ഒരു മനുഷ്യനും കഴിയില്ല
ദൈവസഭയുടെ ഭാവിചരിത്രം അടങ്ങിയ, ഏഴു മുദ്രകളുള്ള ഒരു ചുരുൾ യോഹന്നാൻ തന്റെ ദർശനത്തിൽ കാണുന്നു; അതു തുറക്കാൻ ഒരു മനുഷ്യനും കഴിഞ്ഞില്ല.
1 ഞാൻ സിംഹാസനസ്ഥന്റെ വലതുകൈയിൽ, അകത്തും പുറത്തും എഴുത്തുള്ളതും ഏഴു മുദ്രപതിച്ചതുമായ ഒരു പുസ്തകച്ചുരുൾ കണ്ടു. 2 “പുസ്തകച്ചുരുൾ തുറക്കാനും മുദ്രകൾ പൊട്ടിക്കാനും ആരാണു യോഗ്യൻ?” എന്ന് ഉച്ചത്തിൽ വിളിച്ചുചോദിക്കുന്ന ശക്തനായൊരു ദൂതനെയും ഞാൻ കണ്ടു. 3 എന്നാൽ പുസ്തകച്ചുരുൾ തുറക്കാനോ അതു വായിക്കാനോ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു താഴെയും ഒരാൾക്കും കഴിയുമായിരുന്നില്ല.
കുഞ്ഞാട് ചുരുൾ തുറക്കുന്നു
യാഗം അർപ്പിക്കപ്പെടുന്ന ഒരു കുഞ്ഞാടായി ചിത്രീകരിക്കപ്പെട്ട ദൈവപുത്രൻ, കാലാന്ത്യംവരെ ദൈവപരിപാലനം സഭയെ എങ്ങനെ നയിക്കുമെന്ന ചരിത്രം സഭയ്ക്കു കാണിച്ചുകൊടുക്കാൻ ചുരുൾ തുറക്കുന്നു. യാഗമായി അർപ്പിക്കപ്പെട്ട ദൈവത്തിന്റെ കുഞ്ഞാടിനോടുള്ള സ്തുതിയും വന്ദനവും സകല സൃഷ്ടിയും പുതുക്കുന്നു.
4 ചുരുൾ തുറക്കാനോ അതു വായിക്കാനോ യോഗ്യനായി ആരെയും കാണാതിരുന്നതുകൊണ്ട് ഞാൻ വളരെ കരഞ്ഞു. 5 അപ്പോൾ മുഖ്യന്മാരിൽ ഒരാൾ എന്നോട്; “കരയേണ്ട, യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ സിംഹാസനാവകാശിയും ആയവൻ ഇതാ വിജയിയായിരിക്കുന്നു. പുസ്തകവും ചുരുളും അതിന്റെ ഏഴു മുദ്രയും തുറക്കാൻ അവിടന്നു യോഗ്യൻ” എന്നു പറഞ്ഞു.
6 സിംഹാസനത്തിനും നാലു ജീവികൾക്കും മുഖ്യന്മാർക്കും മധ്യത്തിൽ ഒരു കുഞ്ഞാട് അറക്കപ്പെട്ടതുപോലെ നിൽക്കുന്നതു ഞാൻ കണ്ടു. ആ കുഞ്ഞാടിന്, ഭൂമിയിലെല്ലായിടത്തേക്കും അയയ്ക്കപ്പെട്ട ദൈവാത്മാക്കളായ ഏഴു കൊമ്പും ഏഴു കണ്ണും ഉണ്ടായിരുന്നു. 7 കുഞ്ഞാട് വന്ന് സിംഹാസനസ്ഥന്റെ വലതുകൈയിൽനിന്ന് ചുരുൾ വാങ്ങി. 8 വാങ്ങിയപ്പോൾ നാലു ജീവികളും ഇരുപത്തിനാലു മുഖ്യന്മാരും കുഞ്ഞാടിന്റെ മുമ്പാകെ വീണുപ്രണമിച്ചു. ഓരോരുത്തരും ഓരോ വീണയും അവർ വിശുദ്ധരുടെ പ്രാർഥനകൾ എന്ന ധൂപവർഗം നിറച്ച തങ്കക്കലശങ്ങളും പിടിച്ചിരുന്നു. 9 അവർ പുതിയൊരു കീർത്തനം ആലപിച്ചു:
“അങ്ങ് (യാഗമൃഗമെന്നപോലെ) അറക്കപ്പെടുകയും
അവിടത്തെ രക്തത്താൽ
സകലഗോത്രങ്ങളിലും ഭാഷകളിലും ജനവിഭാഗങ്ങളിലും രാജ്യങ്ങളിലുംനിന്നുള്ളവരെ
ദൈവത്തിനായി വിലയ്ക്കു വാങ്ങിയിരിക്കുകയും ചെയ്തിരിക്കുന്നു.
10 ഭൂമിയിൽ വാഴേണ്ടതിനായി അവരെ നമ്മുടെ ദൈവത്തിനു രാജ്യവും പുരോഹിതരും ആക്കിയിരിക്കുന്നു.
ആകയാൽ ചുരുൾ വാങ്ങാനും മുദ്രകൾ തുറക്കാനും അങ്ങ് യോഗ്യൻതന്നെ.”
11 ഞാൻ ദർശനത്തിൽ, സിംഹാസനത്തിനും ജീവികൾക്കും മുഖ്യന്മാർക്കു ചുറ്റിലുമായി അസംഖ്യം ദൂതന്മാരുടെ ശബ്ദം കേട്ടു. അവരുടെ എണ്ണം ആയിരം ആയിരവും പതിനായിരം പതിനായിരവും ആയിരുന്നു. 12 അവർ അത്യുച്ചശബ്ദത്തിൽ:
“അറക്കപ്പെട്ട കുഞ്ഞാട്,
ശക്തിയും ധനവും ജ്ഞാനവും ബലവും
ബഹുമാനവും മഹത്ത്വവും സ്തുതിയും സ്വീകരിക്കാൻ യോഗ്യൻ!”
എന്നു പറയുന്നു.
13 അപ്പോൾ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു താഴെയും സമുദ്രത്തിലുമുള്ള സകലജീവികളും,
“സിംഹാസനസ്ഥനും കുഞ്ഞാടിനും
സ്തുതിയും ബഹുമാനവും മഹത്ത്വവും ആധിപത്യവും,
എന്നും എന്നെന്നേക്കും ഉണ്ടാകുമാറാകട്ടെ!”
എന്നു പറയുന്നതു ഞാൻ കേട്ടു. 14 നാലു ജീവികളും ആമേൻ എന്നു പറഞ്ഞു; മുഖ്യന്മാർ സാഷ്ടാംഗം വീണ് ആരാധിച്ചു.