ഒന്നാം മുദ്ര: സുവിശേഷം കീഴടക്കുന്നു
ഒന്നാം മുദ്ര തുറക്കപ്പെടുന്നു. തുടർന്നുള്ള ദർശനം യെഹൂദരുടെയും യെഹൂദേതരരുടെയും മേൽ സുവിശേഷം നേടുന്ന വ്യാപകമായ വിജയം പ്രഖ്യാപിക്കുന്നു.
ക്രി.പി. 96
Biblica® Open Malayalam Contemporary Version™ (OMCV)
1 കുഞ്ഞാട് ഏഴു മുദ്രയിൽ ഒന്നു തുറന്നു. അപ്പോൾ നാലു ജീവികളിൽ ഒന്ന് “വരിക!” എന്നു മേഘഗർജനംപോലെയുള്ള ശബ്ദത്തിൽ പറയുന്നതു ഞാൻ കേട്ടു. 2 തുടർന്നു ഞാൻ നോക്കിയപ്പോൾ ഒരു വെള്ളക്കുതിരയെ കണ്ടു. കുതിരപ്പുറത്തിരിക്കുന്നവന്റെ കൈയിൽ ഒരു വില്ലുണ്ട്. അവന് ഒരു കിരീടം നൽകപ്പെട്ടു. അയാൾ വിജയംകൊയ്യാൻ ഉത്സാഹിക്കുന്ന ജയവീരനെപ്പോലെ മുന്നോട്ട് കുതിച്ചു.
രണ്ടാം മുദ്ര: യെഹൂദർ ചിതറിക്കപ്പെടുന്നു
രണ്ടാം മുദ്ര തുറക്കപ്പെടുന്നു. ട്രാജന്റെയും ഹാഡ്രിയന്റെയും ഭരണകാലത്ത് യെഹൂദർ അനുഭവിച്ച ക്രൂരമായ പീഡനങ്ങളും അവരുടെ സമ്പൂർണമായ ചിതറിക്കലും അത് പ്രഖ്യാപിക്കുന്നു (102–138).
3 കുഞ്ഞാട് രണ്ടാംമുദ്ര തുറന്നപ്പോൾ “വരിക!” എന്നു രണ്ടാമത്തെ ജീവി പറയുന്നതു ഞാൻ കേട്ടു. 4 അപ്പോൾ ചെമപ്പുനിറമുള്ള തീജ്വാലയ്ക്കു സമമായ മറ്റൊരു കുതിര പുറപ്പെട്ടു. അതിന്മേലിരിക്കുന്നവന് ഒരു വലിയ വാളും നൽകപ്പെട്ടു. മനുഷ്യർ പരസ്പരം കൊല്ലുന്ന നിലയിൽ ഭൂമിയിൽനിന്ന് സമാധാനം എടുത്തുകളയാൻ അവന് അധികാരവും ലഭിച്ചു.
മൂന്നാം മുദ്ര: സമാധാനവും സമൃദ്ധിയും
മൂന്നാം മുദ്ര തുറക്കപ്പെടുന്നു. സെപ്റ്റിമിയസ് സെവേറസിന്റെ കുടുംബത്തിന്റെ ഭരണകാലത്തെ സമാധാനവും സമൃദ്ധിയും അത് പ്രഖ്യാപിക്കുന്നു (193–235).
5 കുഞ്ഞാട് മൂന്നാംമുദ്ര തുറന്നപ്പോൾ “വരിക!” എന്നു മൂന്നാമത്തെ ജീവി പറയുന്നതു ഞാൻ കേട്ടു. ഉടനെതന്നെ ഒരു കറുത്ത കുതിരയെ ഞാൻ കണ്ടു. അതിന്മേൽ ഇരിക്കുന്നവന്റെ കൈയിൽ ഒരു തുലാസുണ്ടായിരുന്നു. 6 “ഒരു ദിവസത്തെ കൂലിക്ക് ഒരു കിലോ ഗോതമ്പ്, ഒരു ദിവസത്തെ കൂലിക്ക് മൂന്നുകിലോ യവം; എണ്ണയ്ക്കും വീഞ്ഞിനും കേടുവരുത്തരുത്,” എന്നു പറയുന്നോരു ശബ്ദം നാലു ജീവികളുടെയും മധ്യത്തിൽനിന്ന് ഞാൻ കേട്ടു.
നാലാം മുദ്ര: യുദ്ധവും ക്ഷാമവും മഹാമാരിയും
നാലാം മുദ്ര തുറക്കപ്പെടുന്നു. മാക്സിമിനസ്, ഡെസിയസ്, വലേറിയൻ എന്നിവരുടെ ഭരണകാലങ്ങളിൽ വ്യാപകമായിരുന്ന ക്രൂരയുദ്ധങ്ങളും ക്ഷാമങ്ങളും പീഡനങ്ങളും മഹാമാരികളും അത് പ്രഖ്യാപിക്കുന്നു (255–271).
7 കുഞ്ഞാട് നാലാം മുദ്ര തുറന്നപ്പോൾ “വരിക” എന്നു നാലാമത്തെ ജീവി പറയുന്ന ശബ്ദം ഞാൻ കേട്ടു. 8 അപ്പോൾത്തന്നെ ഇളംപച്ചനിറമുള്ള ഒരു കുതിരയെ ഞാൻ കണ്ടു. അതിന്മേൽ ഇരിക്കുന്നവനു മരണം എന്ന് പേര്. പാതാളം അവനെ അനുഗമിച്ചു. വാൾ, ക്ഷാമം, വിവിധ ബാധകൾ, ഭൂമിയിലെ വന്യമൃഗങ്ങൾ എന്നിവയാൽ ഭൂമിയുടെ നാലിൽ ഒന്നിന്മേൽ സംഹാരം നടത്താൻ ഇവർക്ക് അധികാരം ലഭിച്ചു.
അഞ്ചാം മുദ്ര: പുറജാതിക്കാരുടെ അവസാന പീഡനം
അഞ്ചാം മുദ്ര തുറക്കപ്പെടുന്നു. ക്രിസ്തുമതത്തിനെതിരായ പുറജാതിക്കാരുടെ അവസാന പീഡനവും ക്രിസ്ത്യാനികളുടെ ഭയങ്ങളും അത് പ്രഖ്യാപിക്കുന്നു (286–301).
9 കുഞ്ഞാട് അഞ്ചാംമുദ്ര തുറന്നപ്പോൾ, തങ്ങൾ ദൈവവചനത്തോടു നിലനിർത്തിയ വിശ്വസ്തസാക്ഷ്യം നിമിത്തം വധിക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാൻ യാഗപീഠത്തിനു കീഴിൽ കണ്ടു. 10 അവർ ഉച്ചത്തിൽ, “പരിശുദ്ധനും സത്യവാനുമായ സർവോന്നതനാഥാ, എത്രവരെ അവിടന്നു ഭൂവാസികളെ ന്യായംവിധിക്കാതെയും ഞങ്ങളുടെ രക്തത്തിനു പ്രതികാരംചെയ്യാതെയും ഇരിക്കും?” എന്നു നിലവിളിച്ചു. 11 ഉടനെ അവർക്ക് ഓരോരുത്തർക്കും പാദംവരെ എത്തുന്ന ശുഭ്രവസ്ത്രം നൽകപ്പെടുകയും അവരെപ്പോലെതന്നെ വധിക്കപ്പെടാനുള്ള സഹഭൃത്യരായ സഹോദരങ്ങളുടെ സംഖ്യ പൂർത്തിയാകുന്നതുവരെ, അൽപ്പകാലംകൂടെ വിശ്രമിക്കണമെന്ന് അവർക്കു മറുപടി നൽകപ്പെടുകയും ചെയ്തു.
ആറാം മുദ്ര: പുറജാതീയത തകർക്കപ്പെടുന്നു
ആറാം മുദ്ര തുറക്കപ്പെടുന്നു. വിജാതീയമതത്തിന്റെ അന്തിമമായ പതനസമയത്തെ റോമൻ സാമ്രാജ്യത്തിന്റെ പ്രക്ഷോഭങ്ങളെയും, അതിന്റെ സ്ഥാനത്ത് ക്രൈസ്തവസഭയുടെ വിജയകരമായ സ്ഥാപനത്തെയും അതു ചിത്രീകരിക്കുന്നു. ദർശനത്തിന്റെ ഈ ഭാഗം ആദിമ രക്തസാക്ഷികളുടെ നിത്യാനന്ദത്തിലേക്കും, അവർ ദൈവത്തിനും കുഞ്ഞാടിനും അർപ്പിക്കുന്ന സ്തുതിയിലേക്കുംകൂടി വിരൽചൂണ്ടുന്നു (323).
12 കുഞ്ഞാട് ആറാംമുദ്ര തുറന്നപ്പോൾ വലിയൊരു ഭൂകമ്പം ഉണ്ടായതു ഞാൻ കണ്ടു. സൂര്യൻ കറുകറാകറുത്ത ആട്ടിൻരോമംകൊണ്ടു നിർമിച്ച വസ്ത്രംപോലെ കറുത്തതായിത്തീർന്നു. ചന്ദ്രൻ പൂർണമായും രക്തവർണമായിത്തീർന്നു. 13 കൊടുങ്കാറ്റിനാൽ ഉലയുന്ന അത്തിവൃക്ഷത്തിൽനിന്ന്, ഇളംകായ്കൾ ഉതിർന്നുവീഴുംപോലെ ആകാശത്തിൽനിന്ന് ഉൽക്കകൾ ഭൂമിയിൽ നിപതിച്ചു. 14 ആകാശം പുസ്തകച്ചുരുൾപോലെ ചുരുട്ടിമാറ്റപ്പെട്ടു; എല്ലാ മലയും ദ്വീപും സ്വസ്ഥാനത്തുനിന്ന് ഇളകിപ്പോയി.
15 അപ്പോൾ ഭൂമിയിലെ രാജാക്കന്മാരും പ്രഭുക്കന്മാരും സൈന്യാധിപന്മാരും സമ്പന്നരും ശക്തരും എല്ലാ അടിമകളും സ്വതന്ത്രരും ഗുഹകളിലും മലകളിലെ പാറകൾക്കിടയിലും പോയി ഒളിച്ചു. 16 അവർ മലകളോടും പാറകളോടും: “ഞങ്ങളുടെമേൽ വീണ് സിംഹാസനസ്ഥന്റെ ദൃഷ്ടിയിൽനിന്നും കുഞ്ഞാടിന്റെ ക്രോധത്തിൽനിന്നും ഞങ്ങളെ മറയ്ക്കുക; 17 അവരുടെ ക്രോധത്തിന്റെ മഹാദിവസം വന്നിരിക്കുന്നു. അതിനെതിരേ നിൽക്കാൻ ആർക്കു കഴിയും?” എന്നു പറഞ്ഞു.
7:1 ഇതിനുശേഷം നാലു ദൂതന്മാർ ഭൂമിയുടെ നാലുകോണിൽ നിൽക്കുന്നതു ഞാൻ കണ്ടു. കരയിലോ സമുദ്രത്തിലോ ഏതെങ്കിലും വൃക്ഷത്തിന്മേലോ വീശാത്തവിധം ഭൂമിയിലെ നാലു കാറ്റിനെയും അവർ പിടിച്ചിരുന്നു. 2 മറ്റൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറിവരുന്നതു ഞാൻ കണ്ടു. കരയ്ക്കും സമുദ്രത്തിനും കേടുവരുത്താൻ അധികാരം ലഭിച്ച നാലു ദൂതന്മാരോട് അയാൾ: 3 “നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ ഞങ്ങൾ മുദ്രയിടുന്നതുവരെ ഭൂമിക്കോ സമുദ്രത്തിനോ വൃക്ഷങ്ങൾക്കോ കേടുവരുത്തരുത്” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു. 4 ഞാൻ മുദ്രയേറ്റവരുടെ സംഖ്യയും കേട്ടു; ഇസ്രായേൽമക്കളുടെ എല്ലാ ഗോത്രങ്ങളിൽനിന്നും മുദ്രയേറ്റവർ 1,44,000 പേർ ആയിരുന്നു.
5 യെഹൂദാഗോത്രത്തിൽനിന്ന് മുദ്രയേറ്റവർ 12,000,
രൂബേൻഗോത്രത്തിൽനിന്ന് 12,000,
ഗാദ്ഗോത്രത്തിൽനിന്ന് 12,000,
6 ആശേർ ഗോത്രത്തിൽനിന്ന് 12,000,
നഫ്താലിഗോത്രത്തിൽനിന്ന് 12,000,
മനശ്ശെ ഗോത്രത്തിൽനിന്ന് 12,000,
7 ശിമയോൻ ഗോത്രത്തിൽനിന്ന് 12,000,
ലേവി ഗോത്രത്തിൽനിന്ന് 12,000,
യിസ്സാഖാർ ഗോത്രത്തിൽനിന്ന് 12,000,
8 സെബൂലൂൻഗോത്രത്തിൽനിന്ന് 12,000,
യോസേഫ് ഗോത്രത്തിൽനിന്ന് 12,000,
ബെന്യാമീൻ ഗോത്രത്തിൽനിന്ന് മുദ്രയേറ്റവർ 12,000.
9 ഇതിനുശേഷം ഞാൻ നോക്കിയപ്പോൾ സകലരാജ്യങ്ങളിൽനിന്നും ഗോത്രങ്ങളിൽനിന്നും ജനവിഭാഗങ്ങളിൽനിന്നും ഭാഷകളിൽനിന്നും ആർക്കും എണ്ണിത്തീർക്കാനാകാത്ത വലിയൊരു ജനസമൂഹം പാദംവരെ എത്തുന്ന ശുഭ്രവസ്ത്രം ധരിച്ചും കൈയിൽ കുരുത്തോലകളേന്തിയും സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നതു ഞാൻ കണ്ടു. 10 അവർ അത്യുച്ചത്തിൽ:
“ ‘രക്ഷ’ സിംഹാസനസ്ഥനായ
നമ്മുടെ ദൈവത്തിനും
കുഞ്ഞാടിനും ഉള്ളത്”
എന്ന് ആർത്തുകൊണ്ടിരുന്നു. 11-12 അപ്പോൾ സർവദൂതന്മാരും, സിംഹാസനത്തിനും മുഖ്യന്മാർക്കും നാലു ജീവികൾക്കും ചുറ്റിലുമായി നിൽക്കയും,
“ആമേൻ!
നമ്മുടെ ദൈവത്തിന് എന്നെന്നേക്കും
സ്തുതിയും മഹത്ത്വവും
ജ്ഞാനവും സ്തോത്രവും ബഹുമാനവും
അധികാരവും ശക്തിയും ഉണ്ടായിരിക്കട്ടെ,
ആമേൻ!”
എന്നു പറഞ്ഞ് സിംഹാസനത്തിനുമുമ്പിൽ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് ദൈവത്തെ ആരാധിക്കുകയും ചെയ്തു.
13 പിന്നെ മുഖ്യന്മാരിൽ ഒരുവൻ എന്നോട്, “ശുഭ്രവസ്ത്രധാരികളായ ഇവർ ആര്; ഇവർ എവിടെനിന്നു വന്നു?” എന്നു ചോദിച്ചു.
14 അതിനു ഞാൻ, “എന്റെ യജമാനനേ, അങ്ങേക്ക് അറിയാമല്ലോ” എന്നു മറുപടി പറഞ്ഞു.
അദ്ദേഹം എന്നോടു പറഞ്ഞത്: “ഇവർ മഹാപീഡനത്തിൽനിന്നു വന്നവർ; ഇവർ തങ്ങളുടെ വസ്ത്രങ്ങൾ കുഞ്ഞാടിന്റെ രക്തത്തിൽ കഴുകി വെളുപ്പിച്ചിരിക്കുന്നു. 15 ആകയാൽ,
“അവർ ദൈവാലയത്തിൽ ദൈവസിംഹാസനത്തിനു മുമ്പാകെ,
രാപകൽ ദൈവത്തെ ആരാധിക്കുന്നു.
സിംഹാസനസ്ഥൻ
അവർക്കുമീതേ കൂടാരമായിരിക്കും.
16 ‘അവർക്ക് ഇനി ഒരിക്കലും വിശക്കുകയോ
ദാഹിക്കുകയോ ഇല്ല;
വെയിലോ അത്യുഷ്ണമോ,’
അവരെ ഒരിക്കലും ബാധിക്കുകയുമില്ല.
17 കാരണം, സിംഹാസനത്തിന്റെ മധ്യേയുള്ള കുഞ്ഞാട്
അവരെ മേയിച്ച്
‘ജീവജലത്തിന്റെ ഉറവുകളിലേക്ക് നയിക്കും.’
‘ദൈവംതന്നെ അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുനീക്കും.’”
ഏഴാമത്തെ മുദ്ര: കാഹളങ്ങളുമായി ഏഴു ദൂതന്മാർ
ഏഴാമത്തെ മുദ്ര തുറക്കപ്പെടുന്നു. ഏഴു കാഹളങ്ങളുമായി ഏഴു ദൂതന്മാർ സ്വർഗത്തിൽ പ്രത്യക്ഷപ്പെടുന്നു. ഇപ്പോൾ വിശ്രമത്തിലായിരിക്കുന്ന ക്രിസ്ത്യാനികളുടെ നന്ദിനിറഞ്ഞ പ്രാർഥനകളും ദൈവം അവരുടെ പ്രാർഥനകൾ സ്വീകരിക്കുന്നതും, ബർബരന്മാർ സാമ്രാജ്യത്തിന്മേൽ വരുത്താനിരിക്കുന്ന നാശത്തോടൊപ്പം പ്രഖ്യാപിക്കപ്പെടുന്നു.
1 കുഞ്ഞാട് ഏഴാംമുദ്ര തുറന്നപ്പോൾ സ്വർഗത്തിൽ ഏകദേശം അരമണിക്കൂറോളം നിശ്ശബ്ദതയുണ്ടായി.
2 ദൈവസന്നിധിയിൽ നിൽക്കുന്ന ഏഴു ദൂതന്മാരെ അപ്പോൾ ഞാൻ കണ്ടു; അവർക്ക് ഏഴു കാഹളം നൽകപ്പെടുകയും ചെയ്തു.
3 അപ്പോൾ മറ്റൊരു ദൂതൻ തങ്കധൂപകലശവുമായി യാഗപീഠത്തിനരികെ വന്നുനിന്നു. സിംഹാസനത്തിനുമുമ്പിലുള്ള തങ്കയാഗപീഠത്തിന്മേൽ സകലവിശുദ്ധരുടെയും പ്രാർഥനകളോടുകൂടെ അർപ്പിക്കാൻ തനിക്കു വളരെ ധൂപവർഗം ലഭിച്ചു. 4 ദൂതന്റെ കൈയിൽനിന്നും ധൂപവർഗത്തിന്റെ പുക വിശുദ്ധരുടെ പ്രാർഥനകളോടൊപ്പം ദൈവസന്നിധിയിലേക്ക് ഉയർന്നു. 5 ആ ദൂതൻ ധൂപകലശമെടുത്ത് അതിൽ യാഗപീഠത്തിലെ തീക്കനൽ നിറച്ചു ഭൂമിയിലേക്ക് എറിഞ്ഞു. അപ്പോൾ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി.
ഒന്നാമത്തെ കാഹളം: വടക്കൻ ജനതകൾ ആക്രമിക്കുന്നു
അതുവരെ പാപപുരുഷനെ തടഞ്ഞുനിർത്തിയിരുന്ന റോമൻ അധികാരത്തിന്റെ പതനത്തിന്റെ ഒരു പുതിയ യുഗം ഏഴു കാഹളങ്ങൾ മുഴങ്ങുന്നതോടെ ആരംഭിക്കുന്നു. ഒന്നാമത്തെ കാഹളം മുഴങ്ങുന്നു. തുടർന്ന് ഉണ്ടാകുന്ന അത്ഭുതങ്ങൾ വടക്കൻ ബർബരജനതകൾ റോമൻ സാമ്രാജ്യത്തെ ആക്രമിക്കുന്നതിനെ മുൻകൂട്ടി സൂചിപ്പിക്കുന്നു (323–412).
6 കാഹളമേന്തിയ ഏഴു ദൂതന്മാരും കാഹളം ഊതാൻ തയ്യാറെടുത്തു.
7 ഒന്നാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ രക്തംകലർന്ന കന്മഴയും തീയും ഉണ്ടായി, അവ ഭൂമിയിലേക്ക് വർഷിച്ചു. ഭൂമിയുടെ മൂന്നിലൊന്നു ഭാഗം വെന്തുവെണ്ണീറായി; വൃക്ഷങ്ങളിൽ മൂന്നിലൊന്നും എല്ലാ പച്ചപ്പുല്ലും കരിഞ്ഞുപോയി.
രണ്ടാമത്തെ കാഹളം: വാൻഡലുകൾ കീഴടക്കുന്നു
രണ്ടാമത്തെ കാഹളം മുഴങ്ങുന്നു. ജെൻസെറിക്കിന്റെ നേതൃത്വത്തിലുള്ള വാൻഡലുകളും അലാനുകളും പാശ്ചാത്യ റോമൻ സാമ്രാജ്യത്തിന്റെ രാഷ്ട്രീയാധികാരം നശിപ്പിക്കുന്നു (395–455).
8 രണ്ടാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ വൻമലപോലെ വലുപ്പമുള്ള എന്തോ ഒന്ന് കത്തിക്കൊണ്ടു സമുദ്രത്തിലേക്കു പതിച്ചു. സമുദ്രത്തിന്റെ മൂന്നിലൊന്നു ഭാഗം രക്തമായിത്തീർന്നു. 9 സമുദ്രത്തിലെ ജീവജാലങ്ങളിൽ മൂന്നിലൊന്നു ചത്തൊടുങ്ങുകയും കപ്പലുകളിൽ മൂന്നിലൊന്നു തകർന്നുപോകുകയും ചെയ്തു.
മൂന്നാമത്തെ കാഹളം: ജലം കയ്പുള്ളതാകുന്നു
മൂന്നാം കാഹളം മുഴങ്ങുന്നു. പടിഞ്ഞാറിന്റെ അവസാനത്തെ റോമൻ ചക്രവർത്തിയായ അഗസ്റ്റുലസിന്റെ നീക്കംചെയ്യലോ, അധികാരമോഹികളായ സഭാനേതാക്കളുടെ വിശ്വാസത്യാഗമോ ദുഷിപ്പോ, മറ്റേതൊരു അഭിപ്രായങ്ങളെക്കാളുമധികം ജീവജലത്തെ കയ്പാക്കുകയും ക്രൈസ്തവ ഐക്യത്തെ നശിപ്പിക്കുകയും ചെയ്ത അഗസ്റ്റിന്റെ അഭിപ്രായങ്ങളുടെ വ്യാപനമോ ഇവിടെ മുൻനിഴലാക്കപ്പെട്ടിരിക്കാം (455–476).
10 മൂന്നാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ തീപ്പന്തംപോലെ കത്തിജ്വലിക്കുന്ന ഒരു വലിയ നക്ഷത്രം ആകാശത്തുനിന്നു നദികളിൽ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും നിപതിച്ചു. 11 —ആ നക്ഷത്രത്തിനു കയ്‌പ് എന്നു പേർവിളിക്കപ്പെടുന്നു—ജലാശയങ്ങളിൽ മൂന്നിലൊന്നു കയ്‌പുള്ളതായിത്തീരുകയും തൻനിമിത്തം നിരവധി ആളുകൾ മരിക്കുകയും ചെയ്തു.
നാലാമത്തെ കാഹളം: റോമിന്റെ ശേഷിച്ച അധികാരം അവസാനിക്കുന്നു
നാലാമത്തെ കാഹളം മുഴങ്ങുന്നു. റോമിനെ കീഴടക്കിയവർ, ജസ്റ്റീനിയന്റെ സേനാനായകർ, ഗോത്തുകൾ എന്നിവർ തമ്മിൽ ഇറ്റലിയിൽ നടന്ന യുദ്ധങ്ങളെയും, 606 വരെയുള്ള കാലത്ത് റോമിന്റെ ശേഷിച്ച അധികാരമെല്ലാം തുടച്ചുനീക്കിയ റവെന്നയിലെ എക്സാർക്കേറ്റിന്റെ സ്ഥാപനത്തെയും ഇത് മുൻകൂട്ടി അറിയിക്കുന്നു.
12 നാലാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ സൂര്യന്റെയും ചന്ദ്രന്റെയും മൂന്നിലൊന്നു ഭാഗത്തിനും നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനും ആഘാതമേറ്റു. അവയുടെ മൂന്നിലൊന്ന് ഭാഗം ഇരുണ്ടുപോയി. അങ്ങനെ, പകലിന്റെയും രാത്രിയുടെയും മൂന്നിലൊന്ന് ഭാഗം പ്രകാശരഹിതമായിത്തീർന്നു.
രണ്ട് വലിയ വിശ്വാസത്യാഗങ്ങൾക്ക് വഴിയൊരുങ്ങുന്നു
മനുഷ്യചരിത്രത്തിലെ സ്മരണീയമായ മറ്റൊരു കാലഘട്ടം ഇപ്പോൾ ആരംഭിക്കുന്നു. ക്രിസ്ത്യാനികൾക്കിടയിലെ വ്യാപകമായ ദുഷിപ്പും സാമ്രാജ്യത്തിന്റെ രാഷ്ട്രീയ ദൗർബല്യവും രണ്ട് വലിയ വിശ്വാസത്യാഗങ്ങൾക്ക് വഴിയൊരുക്കുന്നു. ഇവ 1260 വർഷം നിലനിൽക്കുകയും പൗരസ്ത്യ-പാശ്ചാത്യ സാമ്രാജ്യങ്ങളിൽ ഒരേസമയം ഉയർന്നുവരുകയും ചെയ്യാനിരുന്നതാണ് (606).
13 ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾത്തന്നെ, “ഇനിയുള്ള മൂന്നു ദൂതന്മാർ കാഹളം ഊതുമ്പോൾ ഭൂവാസികൾക്കുണ്ടാകുന്ന അനുഭവം ഭയങ്കരം! ഭയങ്കരം! ഭയങ്കരം! എന്നിങ്ങനെ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ട് ഒരു കഴുകൻ ആകാശമധ്യേ പറക്കുന്നതു ഞാൻ കാണുകയും കേൾക്കുകയും ചെയ്തു.”