യോഹന്നാൻ വെളിപ്പാട് എഴുതുന്നു
ലോകത്തെ ന്യായംവിധിക്കാനുള്ള ക്രിസ്തുവിന്റെ രണ്ടാംവരവുവരെ ക്രൈസ്തവസഭയിൽ പ്രവാചകന്മാരുടെ തുടർച്ചയായ പരമ്പരയുടെ സ്ഥാനം ഏറ്റെടുക്കാനായി, അപ്പൊസ്തലനായ യോഹന്നാൻ (ഒരുപക്ഷേ ക്രി.വ. 96-ൽ) വെളിപ്പാട് എഴുതുന്നു.
ക്രി.പി. 96
Biblica® Open Malayalam Contemporary Version™ (OMCV)
വെളിപ്പാട് പഠിക്കാൻ എല്ലാവരോടും പറയുന്നു
വെളിപ്പാട് പഠിക്കാൻ സകല മനുഷ്യരോടും കൽപ്പിക്കുന്നു.
1 യേശുക്രിസ്തുവിന്റെ വെളിപ്പാട്. വേഗത്തിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ യേശുക്രിസ്തുവിന്റെ ദാസർക്കു കാണിച്ചുകൊടുക്കുന്നതിനായി ദൈവം അത് യേശുക്രിസ്തുവിന് നൽകി. അവിടന്ന് ഒരു ദൂതനെ അയച്ച് അവിടത്തെ ദാസനായ യോഹന്നാന് അതു വെളിപ്പെടുത്തി. 2 അദ്ദേഹം ദൈവവചനത്തിന്റെയും യേശുക്രിസ്തുവിന്റെയും സാക്ഷ്യത്തിനായി താൻ കണ്ടതെല്ലാം രേഖപ്പെടുത്തിയിരിക്കുന്നു. 3 സമയം അടുത്തിരിക്കുന്നതിനാൽ, ഈ പ്രവചനപുസ്തകത്തിൽ എഴുതിയിരിക്കുന്ന വാക്കുകൾ വായിച്ചുകേൾപ്പിക്കുന്നവരും കേൾക്കുന്നവരും അവ അനുസരിക്കുന്നവരും അനുഗൃഹീതർ.
യോഹന്നാൻ സഭകളെ അഭിവാദ്യം ചെയ്യുന്നു
യോഹന്നാൻ സഭകളെ അഭിവാദ്യം ചെയ്യുകയും ലോകത്തെ ന്യായംവിധിക്കാൻ വരാനിരിക്കുന്ന അവരുടെ രക്ഷിതാവിന്റെ ദൈവത്വം ഉറപ്പിച്ചുപറയുകയും ചെയ്യുന്നു.
4 യോഹന്നാൻ,
ഏഷ്യാപ്രവിശ്യയിലെ ഏഴു സഭകൾക്ക് എഴുതുന്നത്:
ഭൂത, വർത്തമാന, ഭാവി കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ ദൈവത്തിൽനിന്നും അവിടത്തെ സിംഹാസനത്തിന്റെ മുമ്പിലുള്ള ഏഴ് ആത്മാക്കളിൽനിന്നും 5-6 വിശ്വസ്തസാക്ഷിയും മരിച്ചവരുടെ ഇടയിൽനിന്ന് ആദ്യം ഉയിർത്തെഴുന്നേറ്റവനും ഭൂമിയിലെ രാജാക്കന്മാരുടെ അധിപനുമായ യേശുക്രിസ്തുവിൽനിന്ന് നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
നമ്മെ സ്നേഹിച്ച് സ്വന്തം രക്തത്താൽ, നമ്മുടെ പാപങ്ങളിൽനിന്ന് നമ്മെ വിടുവിച്ച് അവിടത്തെ ദൈവവും പിതാവുമായവനുവേണ്ടി നമ്മെ രാജ്യവും പുരോഹിതന്മാരുമാക്കിത്തീർത്ത യേശുക്രിസ്തുവിന് എന്നെന്നേക്കും മഹത്ത്വവും ആധിപത്യവും ഉണ്ടായിരിക്കട്ടെ! ആമേൻ.
7 “ഇതാ, അവിടന്നു മേഘങ്ങളിലേറി വരുന്നു,”
“എല്ലാ കണ്ണുകളും—തന്നെ
കുത്തിത്തുളച്ചവർപോലും അദ്ദേഹത്തെ കാണും.”
ഭൂമിയിലെ സകലഗോത്രങ്ങളും “അദ്ദേഹത്തെക്കുറിച്ചു വിലപിക്കും.”
അതേ, ആമേൻ.
8 “ഞാൻ ആൽഫയും ഒമേഗയും ആകുന്നു,” എന്ന് ഭൂത, വർത്തമാന, ഭാവി കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ, സർവശക്തിയുള്ള ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു.
പത്മൊസിൽവെച്ച് ക്രിസ്തു യോഹന്നാനു പ്രത്യക്ഷപ്പെടുന്നു
പത്മൊസ് ദ്വീപിൽവെച്ച് ക്രിസ്തു തനിക്കു പ്രത്യക്ഷപ്പെട്ടതെങ്ങനെയെന്നും ഒരു പ്രവാചകനെന്ന നിലയിൽ തനിക്കു ലഭിച്ച നിയോഗത്തെക്കുറിച്ചും യോഹന്നാൻ വിവരിക്കുന്നു.
9 നിങ്ങളുടെ സഹോദരനും യേശുവിന്റെ രാജ്യത്തിലും കഷ്ടതയിലും സഹിഷ്ണുതയിലും നിങ്ങളുടെ പങ്കാളിയുമായ യോഹന്നാൻ എന്ന ഞാൻ, ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം “പത്മൊസ്” എന്നു വിളിക്കപ്പെട്ടിരുന്ന ദ്വീപിൽ ആയിരുന്നു. 10 കർത്തൃദിവസത്തിൽ ഞാൻ ആത്മാവിലായി. “നീ കാണുന്നത് ഒരു പുസ്തകത്തിൽ എഴുതി, എഫേസോസ്, സ്മുർന്ന, പെർഗമൊസ്, തുയഥൈര, സർദിസ്, ഫിലദെൽഫിയ, ലവൊദിക്യ എന്നീ ഏഴു സഭകൾക്ക് അയച്ചുകൊടുക്കുക,” 11 എന്നിങ്ങനെ കാഹളതുല്യമായ ഒരു വലിയശബ്ദം എന്റെ പിന്നിൽ ഞാൻ കേട്ടു.
12 എന്നോടു സംസാരിച്ച ശബ്ദം എന്തെന്നു കാണാൻ ഞാൻ തിരിഞ്ഞു. അപ്പോൾ തങ്കംകൊണ്ടുള്ള ഏഴു നിലവിളക്കും 13 അവയുടെ നടുവിൽ പാദംവരെ എത്തുന്ന വസ്ത്രംധരിച്ച്, മാറിൽ തങ്കക്കച്ചകെട്ടി മനുഷ്യപുത്രനു സദൃശനായ ഒരു ആളിനെയും കണ്ടു. 14 അദ്ദേഹത്തിന്റെ തലയിലെ മുടി കമ്പിളിപോലെയും ഹിമംപോലെയും അതിശുഭ്രവും കണ്ണുകൾ അഗ്നിജ്വാലയ്ക്കും 15 കാലുകൾ ഉലയിൽ കാച്ചിപ്പഴുപ്പിച്ച വെള്ളോടിനുതുല്യവും ശബ്ദം വലിയ വെള്ളച്ചാട്ടത്തിന്റെ ഇരമ്പലിനുതുല്യവും ആയിരുന്നു. 16 അദ്ദേഹത്തിന്റെ വലതുകൈയിൽ ഏഴു നക്ഷത്രം പിടിച്ചിരുന്നു. വായിൽനിന്ന് മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മുഖം സൂര്യതേജസ്സോടെ പ്രശോഭിച്ചുകൊണ്ടിരുന്നു.
17 അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ മരിച്ചവനെപ്പോലെ ആ പാദങ്ങളിൽ വീണു. അവിടന്ന് എന്റെമേൽ വലതുകൈവെച്ചുകൊണ്ട് എന്നോട് അരുളിച്ചെയ്തത്, “ഭയപ്പെടേണ്ട, ഞാൻ ആകുന്നു ആദ്യനും അന്ത്യനും 18 ജീവിക്കുന്നവനും. ഞാൻ മരിച്ചവനായിരുന്നു. എന്നാൽ ഇതാ, എന്നെന്നേക്കും ജീവിക്കുന്നു. മരണത്തിന്റെയും പാതാളത്തിന്റെയും താക്കോലുകൾ എന്റെ കൈവശമുണ്ട്.
19 “ആകയാൽ ഇപ്പോഴുള്ളതും ഇനി സംഭവിക്കാനിരിക്കുന്നതുമായ നീ ദർശിച്ചകാര്യങ്ങൾ എഴുതുക. 20 എന്റെ വലതുകൈയിൽ കണ്ട ഏഴു നക്ഷത്രത്തിന്റെയും ഏഴു തങ്കനിലവിളക്കിന്റെയും രഹസ്യം ഇതാകുന്നു: ഏഴു നക്ഷത്രം ഏഴു സഭയുടെ ദൂതന്മാരും, ഏഴു നിലവിളക്ക് ഏഴു സഭയുമാണ്.
എഫേസോസിനും വിശ്വാസത്തിൽനിന്ന് അകന്നുപോകുന്ന എല്ലാ സഭകൾക്കും
എഫേസോസിലെ സഭയ്ക്കും വിശ്വാസത്തിൽനിന്ന് അകന്നുപോകാൻ തുടങ്ങുന്ന എല്ലാ സഭകൾക്കുമുള്ള സന്ദേശം.
1 “എഫേസോസിലെ സഭയുടെ ദൂതന് എഴുതുക:
“വലതുകൈയിൽ ഏഴു നക്ഷത്രം പിടിച്ചുകൊണ്ട് ഏഴു തങ്കനിലവിളക്കിന്റെ നടുവിൽ നടക്കുന്ന ഞാൻ അരുളിച്ചെയ്യുന്നു:
2 “നിന്റെ പ്രവൃത്തിയും അധ്വാനവും സഹിഷ്ണുതയും ഞാൻ അറിയുന്നു. ദുഷ്ടമനുഷ്യരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലരല്ലെങ്കിലും സ്വയം അപ്പൊസ്തലരെന്നു നടിക്കുന്നവരെ നീ പരിശോധിച്ച് അവർ വ്യാജരാണെന്നു കണ്ടെത്തിയതും ഞാൻ അറിയുന്നു. 3 എന്റെ നാമത്തിനുവേണ്ടി ക്ലേശങ്ങൾ ക്ഷമയോടെ സഹിച്ചിട്ടും തളർന്നുപോകാതിരുന്നതും ഞാൻ അറിയുന്നു.
4 “എങ്കിലും നിനക്കെതിരേ എനിക്ക് ഒരു പരാതിയുണ്ട്: നിന്റെ ആദ്യസ്നേഹം നീ ത്യജിച്ചു. 5 നീ എത്ര ഉയരത്തിൽനിന്നാണ് വീണിരിക്കുന്നത് എന്നു മനസ്സിലാക്കി പശ്ചാത്തപിച്ചുകൊണ്ട് നിന്റെ പഴയ പ്രവൃത്തികൾ പുനരാരംഭിക്കുക. നീ അനുതപിക്കാതിരുന്നാൽ ഞാൻ നിന്റെ അടുക്കൽ വരികയും നിന്റെ നിലവിളക്ക് അതിന്റെ സ്ഥാനത്തുനിന്നു നീക്കിക്കളയുകയും ചെയ്യും. 6 എന്നാൽ, നിക്കൊലാവ്യരുടെ പ്രവൃത്തികൾ നീ വെറുക്കുന്നു എന്ന ഒരു മേന്മ നിനക്കുണ്ട്. അവ ഞാനും വെറുക്കുന്നു.
7 “ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ. വിജയിക്കുന്നവന് ഞാൻ ദൈവത്തിന്റെ പറുദീസയിലുള്ള ജീവവൃക്ഷത്തിൽനിന്ന് ഭക്ഷിക്കാൻ കൊടുക്കും.
സ്മുർന്നയ്ക്കും പീഡിതരായ എല്ലാ സഭകൾക്കും
സ്മുർന്നയിലെ സഭയ്ക്കും പീഡനവും കഷ്ടതയും അനുഭവിക്കുന്ന എല്ലാ സഭകൾക്കുമുള്ള സന്ദേശം.
8 “സ്മുർന്നയിലെ സഭയുടെ ദൂതന് എഴുതുക:
“മരിച്ചിട്ട് പുനരുത്ഥാനംചെയ്ത ആദ്യനും അന്ത്യനും ആകുന്ന ഞാൻ അരുളിച്ചെയ്യുന്നു:
9 “നീ സഹിക്കുന്ന കഷ്ടതയും ദാരിദ്ര്യവും—എങ്കിലും നീ ധനികൻതന്നെ—ഞാൻ അറിയുന്നു. തങ്ങൾ യെഹൂദർ അല്ലാതിരിക്കെ യെഹൂദരെന്നു മിഥ്യാഭിമാനം പുലർത്തുന്ന സാത്താന്റെ പള്ളിക്കാർ നിങ്ങളെക്കുറിച്ചു പറയുന്ന അപവാദങ്ങളും ഞാൻ അറിയുന്നു. 10 നിങ്ങൾ സഹിക്കാൻ പോകുന്നതിനെക്കുറിച്ച് ഒട്ടും ഭയപ്പെടരുത്. സൂക്ഷിക്കുക; പിശാചു നിങ്ങളിൽ ചിലരെ തടവിലാക്കി നിങ്ങളെ പരീക്ഷിക്കാൻ പോകുന്നു. പത്തുദിവസം നിങ്ങൾക്കു പീഡനമുണ്ടാകും. മരണംവരെ വിശ്വസ്തനായിരിക്കുക; ഞാൻ ജീവകിരീടം നിനക്കു തരും.
11 “ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ. വിജയിക്കുന്നവന് രണ്ടാംമരണത്തിന്റെ ഭീഷണിയില്ല.
പെർഗമൊസിനും ദുരുപദേശം കടന്നുവരാൻ അനുവദിക്കുന്ന സഭകൾക്കും
പെർഗമൊസിലെ സഭയ്ക്കും അച്ചടക്കത്തിൽ അയവുവരുത്തി ദുരുപദേശകരെ കടന്നുവരാൻ അനുവദിച്ച എല്ലാ സഭകൾക്കുമുള്ള സന്ദേശം.
12 “പെർഗമൊസിലുള്ള സഭയുടെ ദൂതന് എഴുതുക:
“മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാളുള്ള ഞാൻ അരുളിച്ചെയ്യുന്നു:
13 “നീ വസിക്കുന്നത് എവിടെയെന്നും അവിടെ സാത്താന്റെ സിംഹാസനമുണ്ടെന്നും എനിക്കറിയാം. എങ്കിലും നീ എന്റെ നാമത്തോടുള്ള വിശ്വസ്തതപുലർത്തുന്നു. നിങ്ങളുടെയിടയിൽ, സാത്താൻ താമസിക്കുന്നിടത്തുനിന്നുതന്നെയുള്ള എന്റെ വിശ്വസ്തസാക്ഷിയായ അന്തിപ്പാസ് രക്തസാക്ഷിയായിത്തീർന്ന കാലത്തുപോലും, നീ എന്നിലുള്ള വിശ്വാസം ത്യജിച്ചില്ല.
14 “എങ്കിലും നിനക്കു വിരോധമായി ഇതാ ചില കാര്യങ്ങൾ: വിഗ്രഹാർപ്പിതം ഭക്ഷിക്കാനും ദുർനടപ്പിൽ ഏർപ്പെടാനും ഇസ്രായേല്യരെ വശീകരിക്കാൻ ബാലാക്കിനു നിർദേശംകൊടുത്ത ബിലെയാമിന്റെ ഉപദേശം മുറുകെപ്പിടിച്ചിരിക്കുന്ന ചിലർ നിങ്ങളുടെ ഇടയിലുണ്ട്. 15 അതുപോലെതന്നെ നിക്കൊലാവ്യരുടെ ഉപദേശം സ്വീകരിച്ചിരിക്കുന്നവരും നിങ്ങൾക്കിടയിലുണ്ട്. 16 അനുതപിക്കുക; അല്ലാത്തപക്ഷം ഞാൻ വേഗം നിങ്ങളുടെ അടുക്കൽവന്ന് എന്റെ വായിലെ വാൾകൊണ്ട് അവരോടു പോരാടും.
17 “ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ. വിജയിക്കുന്നവന് ഞാൻ മറഞ്ഞിരിക്കുന്ന മന്ന നൽകും. ഞാൻ അവന് ഒരു വെള്ളക്കല്ലും കൊടുക്കും. ലഭിക്കുന്നവനല്ലാതെ മറ്റാർക്കും അറിയാത്ത ഒരു പുതിയ പേരും ആ കല്ലിന്മേൽ എഴുതപ്പെട്ടിരിക്കും.
തുയഥൈരയ്ക്കും ദുർനടപ്പ് അനുവദിക്കുന്ന സഭകൾക്കും
തുയഥൈരയിലെ സഭയ്ക്കും സത്യവിശ്വാസത്തിന്റെ ഏറ്റുപറച്ചിൽ നിലനിർത്തുകയും പലവിധത്തിൽ സൽപ്രവൃത്തികളിൽ സമൃദ്ധമായിരിക്കുകയും ചെയ്തിട്ടും തങ്ങളുടെ ഇടയിൽ ദുർനടപ്പും വിഗ്രഹാരാധനയും തുടരാൻ അനുവദിക്കുന്ന എല്ലാ സഭകൾക്കുമുള്ള സന്ദേശം.
18 “തുയഥൈരയിലുള്ള സഭയുടെ ദൂതന് എഴുതുക:
“അഗ്നിജ്വാലപോലെ കണ്ണുകളും വെള്ളോടിനു തുല്യമായ പാദങ്ങളുമുള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നു:
19 “നിന്റെ പ്രവൃത്തികളും നിന്റെ സ്നേഹം, വിശ്വാസം, സേവനം, സഹിഷ്ണുത എന്നിവയും നീ ഇപ്പോൾ ചെയ്യുന്ന പ്രവൃത്തി ആദ്യം ചെയ്തതിനെക്കാൾ ശ്രേഷ്ഠമായിരുന്നു എന്നതും ഞാൻ അറിയുന്നു.
20 “എന്നാൽ, നിന്നെക്കുറിച്ച് ഒരു കുറ്റം എനിക്കു പറയാനുണ്ട്. ദുർനടപ്പിൽ ഏർപ്പെടാനും വിഗ്രഹാർപ്പിതം ഭക്ഷിക്കാനും എന്റെ ദാസന്മാരെ ഉപദേശിച്ചു വഴിതെറ്റിക്കുന്ന സ്വയംപ്രഖ്യാപിത പ്രവാചികയായ ഈസബേൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു. 21 അവൾക്കു തന്റെ അസാന്മാർഗികതയിൽനിന്ന് അനുതപിക്കാൻ ഞാൻ സമയം നൽകിയെങ്കിലും അതിൽനിന്ന് മാനസാന്തരപ്പെടാൻ അവൾക്കു മനസ്സില്ല. 22 നോക്കുക, ഞാൻ അവളെ കഷ്ടതയുടെ കിടക്കയിലാക്കും; അവളുമായി വ്യഭിചരിക്കുന്നവർ അവൾ ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ച് അനുതപിക്കാതെ ഇരുന്നാൽ ഞാൻ അവരെയും വലിയ യാതനയിലാക്കും. 23 അവളുടെ മക്കളെയും ഞാൻ വധിച്ചുകളയും. ഞാൻ ഹൃദയങ്ങളെയും മനസ്സുകളെയും പരിശോധിക്കുന്നവനെന്നും ഓരോരുത്തർക്കും തങ്ങളുടെ പ്രവൃത്തികൾക്ക് അനുസൃതമായി പകരം നൽകുന്നവനെന്നും സകലസഭകളും അറിയും.
24 “എന്നാൽ അവളുടെ ഉപദേശം സ്വീകരിക്കാതെയും സാത്താന്റെ നിഗൂഢരഹസ്യങ്ങൾ എന്ന് അവർ പറയുന്നവ അഭ്യസിക്കാതെയും ഇരിക്കുന്നവരായ തുയഥൈരയിലെ ശേഷമുള്ളവരോടു ഞാൻ കൽപ്പിക്കുന്നത്: 25 ‘ഞാൻ വരുന്നതുവരെയും നിങ്ങൾക്കുള്ളതു മുറുകെപ്പിടിക്കുക; ഇതല്ലാതെ മറ്റൊരു ഭാരവും ഞാൻ നിങ്ങളുടെമേൽ ചുമത്തുന്നില്ല.’
26 “വിജയിക്കുകയും അന്ത്യംവരെ എന്റെ പ്രവൃത്തികൾ അനുഷ്ഠിക്കുകയുംചെയ്യുന്നവന് എന്റെ പിതാവ് എനിക്കു നൽകിയതുപോലെ ഞാൻ ജനതകളുടെമേൽ അധികാരം കൊടുക്കും. 27 ‘അദ്ദേഹം ഇരുമ്പുകോൽകൊണ്ട് അവരെ ഭരിക്കും; മൺപാത്രങ്ങൾപോലെ അവർ നുറുങ്ങിപ്പോകും.’ 28 എന്റെ പിതാവിൽനിന്ന് എനിക്കു ലഭിച്ചിട്ടുള്ളതുപോലെ ഞാൻ അവന് പ്രഭാതനക്ഷത്രം നൽകും. 29 ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ.