ഭാഗം 14: ക്രിസ്തുവിന്റെ പുനരുത്ഥാനവും സ്വർഗാരോഹണവും

ക്രിസ്തുവിന്റെ പുനരുത്ഥാനവും പ്രത്യക്ഷതകളും സ്വർഗാരോഹണവും.

ക്രിസ്തുവിന്റെ മരണത്തിനുശേഷമുള്ള ഞായറാഴ്ച തുടങ്ങി നാൽപ്പതു ദിവസങ്ങളിൽ. എ.ഡി. 30-ലെ (അല്ലെങ്കിൽ 29-ലെ) വസന്തകാലം. യെഹൂദ്യയും ഗലീലയും

സ്ത്രീകൾ യേശുവിന്റെ കല്ലറ സന്ദർശിക്കുന്നു

ഗൊൽഗോഥായും ബെഥാന്യയും. നമ്മുടെ സമയപ്രകാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് വൈകിയും സന്ധ്യയുടെ തുടക്കത്തിലും

അവർ ശബ്ബത്തുനാളിന്റെ അവസാനത്തോടടുത്ത് (നമ്മുടെ ശനിയാഴ്ച ഉച്ചതിരിഞ്ഞ്) കല്ലറ നോക്കിക്കാണുകയും ശബ്ബത്തുനാളിനുശേഷം (ശനിയാഴ്ച വൈകുന്നേരം 6 മണിക്കുശേഷം), ആഴ്ചയുടെ ഒന്നാം ദിവസം, സുഗന്ധവർഗങ്ങൾ വാങ്ങുകയും ചെയ്യുന്നു.

ക്രി.പി. 30 അല്ലെങ്കിൽ 29

Biblica® Open Malayalam Contemporary Version™ (OMCV)

മത്തായി 28:1

28:1 ശബ്ബത്തിനുശേഷം, ആഴ്ചയുടെ ആദ്യദിവസം ആരംഭത്തിൽ മഗ്ദലക്കാരി മറിയയും മറ്റേ മറിയയും കല്ലറ കാണാൻ പോയി.

മർക്കോസ് 16:1

16:1 ശബ്ബത്ത് കഴിഞ്ഞശേഷം, മഗ്ദലക്കാരി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമിയും യേശുവിന്റെ ശരീരത്തിൽ ലേപനം ചെയ്യുന്നതിന് സുഗന്ധദ്രവ്യങ്ങൾ വാങ്ങി.

ഒരു ദൂതൻ കല്ല് ഉരുട്ടിമാറ്റുന്നു

ഒരു ഭൂകമ്പം ഉണ്ടാകുന്നു, ഒരു ദൂതൻ കല്ല് ഉരുട്ടിമാറ്റുന്നു, റോമൻ കാവൽക്കാർ ഭയന്നുവിറയ്ക്കുന്നു.

ഞായറാഴ്ച സൂര്യോദയത്തിനുമുമ്പ്

മത്തായി 28:2–4

28:2 അപ്പോൾ, കർത്താവിന്റെ ഒരു ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നതിനാൽ അതിശക്തമായ ഒരു ഭൂകമ്പം ഉണ്ടായി. ദൈവദൂതൻ വന്ന് ആ വലിയ കല്ല് ഉരുട്ടിമാറ്റി അതിന്മേൽ ഇരുന്നു. 3 ആ ദൂതൻ മിന്നൽപ്പിണരിനു സദൃശനും, വസ്ത്രം ഹിമംപോലെ വെണ്മയുള്ളതും ആയിരുന്നു. 4 കാവൽക്കാർ ദൂതനെക്കണ്ട് ഭയന്നുവിറച്ച് മരിച്ചവരെപ്പോലെയായി.

ദൂതന്മാർ ശൂന്യമായ കല്ലറയെക്കുറിച്ച് സ്ത്രീകളോടു പറയുന്നു

ഞായറാഴ്ച രാവിലെ സൂര്യോദയത്തോടടുത്ത് സ്ത്രീകൾ യേശുവിന്റെ കല്ലറ സന്ദർശിക്കുന്നു; ദൂതന്മാർ ശൂന്യമായ കല്ലറയെക്കുറിച്ചുള്ള സന്ദേശം അവർക്കു നൽകുന്നു.

ഗൊൽഗോഥാ. ഞായറാഴ്ച അതിരാവിലെ

മത്തായി 28:5–8

28:5 ദൂതൻ സ്ത്രീകളോട്, “നിങ്ങൾ പരിഭ്രമിക്കേണ്ട, ക്രൂശിക്കപ്പെട്ട യേശുവിനെയാണ് നിങ്ങൾ അന്വേഷിക്കുന്നത് എന്ന് എനിക്കറിയാം. 6 യേശു ഇവിടെ ഇല്ല! അവിടന്ന് പറഞ്ഞിരുന്നതുപോലെതന്നെ, അദ്ദേഹം ഉയിർത്തെഴുന്നേറ്റിരിക്കുന്നു! യേശുവിന്റെ മൃതദേഹം വെച്ചിരുന്ന സ്ഥലം വന്നു കാണുക.

7 നിങ്ങൾ പെട്ടെന്നുതന്നെ ചെന്ന്, ‘യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു; നിങ്ങൾക്കുമുമ്പേ ഗലീലയിലേക്കു പോകുന്നു. അവിടെ നിങ്ങൾ അദ്ദേഹത്തെ കാണും’ എന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാരെ അറിയിക്കുക. ഇതാണ് എനിക്ക് നിങ്ങളോടു പറയാനുള്ളത്” എന്നു പറഞ്ഞു.

8 സ്ത്രീകൾ ഭയപരവശരായിരുന്നെങ്കിലും ദൂതൻ അറിയിച്ച വാർത്ത ശിഷ്യന്മാരെ അറിയിക്കാൻ അത്യധികം ആനന്ദത്തോടുകൂടി കല്ലറയുടെ അടുത്തുനിന്ന് വേഗം ഓടിപ്പോയി.

മർക്കോസ് 16:2–8

16:2 ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ, സൂര്യൻ ഉദിച്ചപ്പോൾത്തന്നെ അവർ കല്ലറയുടെ അടുത്തേക്കുപോയി. 3 “കല്ലറയുടെ കവാടത്തിൽനിന്ന് നമുക്കുവേണ്ടി ആര് കല്ല് ഉരുട്ടിമാറ്റും?” എന്ന് അവർ പരസ്പരം ചോദിച്ചു.

4 എന്നാൽ, അവർ നോക്കിയപ്പോൾ വളരെ വലുപ്പമുള്ള ആ കല്ല് ഉരുട്ടിമാറ്റപ്പെട്ടിരിക്കുന്നതായി കണ്ടു.

5 അവർ കല്ലറയ്ക്കുള്ളിൽ പ്രവേശിച്ചു, അപ്പോൾ വെള്ളവസ്ത്രം ധരിച്ച ഒരു യുവാവ് വലതുഭാഗത്ത് ഇരിക്കുന്നതു കണ്ടു പരിഭ്രമിച്ചു.

6 അയാൾ അവരോട്, “പരിഭ്രമിക്കേണ്ടാ, ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു. അദ്ദേഹം ഉയിർത്തെഴുന്നേറ്റിരിക്കുന്നു! അദ്ദേഹം ഇവിടെ ഇല്ല! അദ്ദേഹത്തെ വെച്ചിരുന്ന സ്ഥലം കാണുക.

7 നിങ്ങൾ പോയി, ‘അദ്ദേഹം നിങ്ങൾക്കുമുമ്പേ ഗലീലയിലേക്കു പോകുന്നു. നിങ്ങളോടു പറഞ്ഞിരുന്നതുപോലെതന്നെ, അവിടെ നിങ്ങൾ അദ്ദേഹത്തെ കാണും എന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാരെയും പത്രോസിനെയും അറിയിക്കുക’ ” എന്നു പറഞ്ഞു.

8 ആ സ്ത്രീകൾ പരിഭ്രമിച്ചു വിറച്ചുകൊണ്ട് കല്ലറയിൽനിന്ന് ഇറങ്ങിയോടി. അവർ ഭയന്നിരുന്നതിനാൽ ആരോടും ഒന്നും പറഞ്ഞില്ല.

ലൂക്കോസ് 24:1–8

24:1 ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ ആ സ്ത്രീകൾ തങ്ങൾ തയ്യാറാക്കിയ സുഗന്ധദ്രവ്യങ്ങൾ എടുത്തുകൊണ്ട് കല്ലറയുടെ അടുത്തെത്തി.

2 കല്ലറയുടെ കവാടത്തിൽനിന്ന് കല്ല് ഉരുട്ടി മാറ്റിയിരുന്നതായി അവർ കണ്ടു. 3 അവർ ഉള്ളിൽ പ്രവേശിച്ചപ്പോൾ കർത്താവായ യേശുവിന്റെ ശരീരം അവിടെ കണ്ടില്ല. 4 അതിനെക്കുറിച്ച് അവർ ആശ്ചര്യചകിതരായിരിക്കുമ്പോൾ, പെട്ടെന്നു മിന്നൽപ്പിണർപോലെ തിളങ്ങുന്ന വസ്ത്രം ധരിച്ച രണ്ട് പുരുഷന്മാർ തൊട്ടരികത്തുനിൽക്കുന്നതു കണ്ടു.

5 ആ സ്ത്രീകൾ ഭയവിഹ്വലരായി, തല ഉയർത്താൻപോലും കഴിയാതെ നിൽക്കുമ്പോൾ ആ പുരുഷന്മാർ അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതെന്തിന്?

6 അദ്ദേഹം ഇവിടെ ഇല്ല! അദ്ദേഹം ഉയിർത്തെഴുന്നേറ്റിരിക്കുന്നു! 7 മുമ്പേ നിങ്ങളോടുകൂടെ ഗലീലയിൽ ആയിരുന്നപ്പോൾ യേശു നിങ്ങളോട്, ‘മനുഷ്യപുത്രൻ പാപികളുടെ കൈയിൽ ഏൽപ്പിക്കപ്പെട്ടു ക്രൂശിക്കപ്പെടുകയും മൂന്നാംനാൾ ഉയിർത്തെഴുന്നേൽക്കുകയും വേണം’ എന്നു പറഞ്ഞത് ഓർക്കുക” എന്നു പറഞ്ഞു. 8 അപ്പോൾ അവർ അദ്ദേഹത്തിന്റെ വാക്കുകൾ ഓർത്തു.

യോഹന്നാൻ 20:1

20:1 ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ, ഇരുട്ടുള്ളപ്പോൾത്തന്നെ, മഗ്ദലക്കാരി മറിയ കല്ലറയുടെ സമീപം വന്നപ്പോൾ, വാതിൽക്കൽനിന്ന് കല്ലു നീക്കിയിരിക്കുന്നതു കണ്ടു.

പത്രോസും യോഹന്നാനും ശൂന്യമായ കല്ലറ സന്ദർശിക്കുന്നു

മഗ്ദലക്കാരി മറിയയും മറ്റു സ്ത്രീകളും അപ്പൊസ്തലന്മാരെ വിവരം അറിയിക്കുന്നു; പത്രോസും യോഹന്നാനും ശൂന്യമായ കല്ലറ സന്ദർശിക്കുന്നു.

ലൂക്കോസ് 24:9–12

24:9 കല്ലറയിൽനിന്ന് മടങ്ങിയെത്തിയശേഷം അവർ ഈ കാര്യങ്ങളെല്ലാം പതിനൊന്ന് അപ്പൊസ്തലന്മാരോടും മറ്റു ശിഷ്യരോടും അറിയിച്ചു. 10 മഗ്ദലക്കാരി മറിയ, യോഹന്ന, യാക്കോബിന്റെ അമ്മ മറിയ എന്നിവരും അവരോടുകൂടെ ഉണ്ടായിരുന്ന മറ്റു സ്ത്രീകളുമാണ് ഈ വാർത്ത അപ്പൊസ്തലന്മാരെ ആദ്യം അറിയിക്കുന്നത്.

11 എന്നാൽ, അവരുടെ വാക്കുകൾ വെറും കെട്ടുകഥപോലെ തോന്നുകയാൽ അപ്പൊസ്തലന്മാർ അതു വിശ്വസിച്ചില്ല.

12 എങ്കിലും പത്രോസ് എഴുന്നേറ്റു കല്ലറയുടെ അടുത്തേക്കോടി. അയാൾ കല്ലറയ്ക്കുള്ളിലേക്കു കുനിഞ്ഞു നോക്കിയപ്പോൾ മൃതദേഹം പൊതിഞ്ഞിരുന്ന മൃദുലവസ്ത്രങ്ങൾമാത്രം അവിടെ കിടക്കുന്നതുകണ്ട് സംഭവിച്ചതെന്തായിരിക്കുമെന്ന് ആശ്ചര്യപ്പെട്ടു മടങ്ങിപ്പോയി.

യോഹന്നാൻ 20:2–10

20:2 അവൾ ഓടി, ശിമോൻ പത്രോസിന്റെയും യേശു സ്നേഹിച്ച മറ്റേ ശിഷ്യന്റെയും അടുത്തെത്തി, അവരോട്, “അവർ കല്ലറയുടെ ഉള്ളിൽനിന്ന് കർത്താവിനെ എടുത്തുകൊണ്ടുപോയി, എവിടെ വെച്ചു എന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ!” എന്നു പറഞ്ഞു.

3 പത്രോസും മറ്റേ ശിഷ്യനും കല്ലറയുടെ അടുത്തേക്കു പുറപ്പെട്ടു;

4 രണ്ടുപേരും ഒരുമിച്ച് ഓടി. മറ്റേ ശിഷ്യൻ പത്രോസിനെക്കാൾ വേഗത്തിൽ ഓടി കല്ലറയുടെ അടുത്ത് ആദ്യം എത്തി. 5 അയാൾ കുനിഞ്ഞ് അകത്തേക്കു നോക്കിയപ്പോൾ മൃതദേഹം പൊതിഞ്ഞിരുന്ന മൃദുലവസ്ത്രങ്ങൾമാത്രം കിടക്കുന്നതു കണ്ടു; എന്നാൽ അയാൾ ഉള്ളിൽ കടന്നില്ല. 6 പിന്നാലെ വന്ന ശിമോൻ പത്രോസ് കല്ലറയുടെ അകത്തുകടന്നു. ശവക്കച്ചയും യേശുവിന്റെ ശിരസ്സിൽ ചുറ്റിയിരുന്ന വസ്ത്രവും കണ്ടു. 7 ശിരോവസ്ത്രം മടക്കി കച്ചകളിൽനിന്നു മാറ്റി ഒരിടത്തുവെച്ചിരുന്നു. 8 കല്ലറയുടെ അടുത്ത് ആദ്യം എത്തിയ മറ്റേ ശിഷ്യനും അപ്പോൾ അകത്തുചെന്നു. അയാൾ കണ്ടു വിശ്വസിച്ചു. 9 യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കേണ്ടതാകുന്നു എന്ന തിരുവെഴുത്ത് അപ്പോഴും അവർ ഗ്രഹിച്ചിരുന്നില്ല. 10 പിന്നെ, ശിഷ്യന്മാർ അവരുടെ വീടുകളിലേക്കു മടങ്ങിപ്പോയി.