യേശു മഗ്ദലക്കാരി മറിയയ്ക്കു പ്രത്യക്ഷപ്പെടുന്നു
യേശു മഗ്ദലക്കാരി മറിയയ്ക്കു പ്രത്യക്ഷപ്പെടുകയും ശിഷ്യന്മാർക്കുള്ള ഒരു സന്ദേശം അവൾക്കു നൽകുകയും ചെയ്യുന്നു.
അവിടത്തെ പുനരുത്ഥാനദിവസം അഞ്ചു പ്രത്യക്ഷതകളും അതിനുശേഷമുള്ള നാൽപ്പതു ദിവസങ്ങളിൽ അഞ്ചു പ്രത്യക്ഷതകളും വിവരിക്കപ്പെട്ടിരിക്കുന്നു. ഈ ദിവസത്തെ അഞ്ചു പ്രത്യക്ഷതകൾ ഇവയായിരുന്നു: (1) മഗ്ദലക്കാരി മറിയയ്ക്ക് (യോഹന്നാനും മർക്കോസും); (2) മറ്റു സ്ത്രീകൾക്ക് (മത്തായി); (3) എമ്മവൂസിലേക്കു പോകുന്ന രണ്ടുപേർക്ക്; (4) ശിമോൻ പത്രോസിന് (ലൂക്കോസ് 24:34); (5) പത്ത് അപ്പൊസ്തലന്മാർക്കും മറ്റുള്ളവർക്കും.
ജെറുശലേം. ആഴ്ചയുടെ ഒന്നാം ദിവസം (ഞായറാഴ്ച)
ക്രി.പി. 30 അല്ലെങ്കിൽ 29
Biblica® Open Malayalam Contemporary Version™ (OMCV)
മർക്കോസ് 16:9–11
16:9 ആഴ്ചയുടെ ഒന്നാംദിവസം രാവിലെ യേശു ഉയിർത്തെഴുന്നേറ്റശേഷം താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയ മഗ്ദലക്കാരി മറിയയ്ക്ക് ആദ്യം പ്രത്യക്ഷനായി.
10 അവൾ പോയി അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നവരോട് ഇക്കാര്യം പറഞ്ഞു. ആ സമയത്ത് അവർ വിലപിച്ചും കരഞ്ഞും കൊണ്ടിരിക്കുകയായിരുന്നു. 11 യേശു ജീവിച്ചിരിക്കുന്നെന്നും അവൾ അദ്ദേഹത്തെ കണ്ടുവെന്നും കേട്ടിട്ട് അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
യോഹന്നാൻ 20:11–18
20:11 എന്നാൽ, മറിയ കല്ലറയ്ക്കു പുറത്തു കരഞ്ഞുകൊണ്ടുനിന്നു. കരയുന്നതിനിടയിൽ അവൾ കുനിഞ്ഞു കല്ലറയുടെ ഉള്ളിലേക്കു നോക്കി. 12 യേശുവിന്റെ ശരീരം വെച്ചിരുന്ന സ്ഥലത്തു വെള്ളവസ്ത്രം ധരിച്ച രണ്ട് ദൂതന്മാർ, ഒരാൾ തലയ്ക്കലും മറ്റേയാൾ കാൽക്കലുമായി ഇരിക്കുന്നതു കണ്ടു.
13 അവർ അവളോട്, “സ്ത്രീയേ, നീ എന്തിനു കരയുന്നു?” എന്നു ചോദിച്ചു.
“അവർ എന്റെ കർത്താവിനെ എടുത്തുകൊണ്ടുപോയി, എവിടെയാണു വെച്ചിരിക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടാ,” എന്ന് അവൾ പറഞ്ഞു.
14 ഇതു പറഞ്ഞിട്ട് അവൾ തിരിഞ്ഞുനോക്കിയപ്പോൾ യേശു നിൽക്കുന്നതു കണ്ടു; എന്നാൽ യേശുവാണെന്ന് അവൾ തിരിച്ചറിഞ്ഞില്ല.
15 “സ്ത്രീയേ, നീ എന്തിനു കരയുന്നു? ആരെയാണ് അന്വേഷിക്കുന്നത്?” യേശു ചോദിച്ചു.
അതു തോട്ടക്കാരനായിരിക്കും എന്നുകരുതി അവൾ പറഞ്ഞു: “യജമാനനേ, അങ്ങ് അദ്ദേഹത്തെ എടുത്തുകൊണ്ടുപോയെങ്കിൽ എവിടെ വെച്ചിരിക്കുന്നു എന്നു പറഞ്ഞുതരിക, ഞാൻ ചെന്ന് എടുത്തുകൊണ്ടു പൊയ്ക്കൊള്ളാം.”
16 യേശു അവളെ, “മറിയേ” എന്നു വിളിച്ചു.
അവൾ അദ്ദേഹത്തിന്റെ നേർക്കു തിരിഞ്ഞ് അരാമ്യഭാഷയിൽ, “റബ്ബൂനീ,” എന്ന് ഉറക്കെ വിളിച്ചു. “ഗുരോ,” എന്നാണ് അതിനർഥം.
17 യേശു അവളോടു പറഞ്ഞു: “എന്നെ മുറുകെ പിടിച്ചുകൊണ്ടിരിക്കേണ്ട; എന്റെ പിതാവിന്റെ അടുത്തേക്കു ഞാൻ ഇതുവരെ കയറിപ്പോയിട്ടില്ല. എന്റെ സഹോദരന്മാരുടെ അടുത്തുചെന്ന്, ‘എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവും ആയവന്റെ അടുത്തേക്കു ഞാൻ കയറിപ്പോകുന്നു’ എന്നു പറയുക.”
18 അപ്പോൾ മഗ്ദലക്കാരി മറിയ, താൻ കർത്താവിനെ കണ്ടിരിക്കുന്നു എന്ന വാർത്തയുമായി ശിഷ്യന്മാരുടെ അടുത്തെത്തി. അവിടന്നു തന്നോടു പറഞ്ഞ കാര്യങ്ങൾ അവൾ അവരോടു പറഞ്ഞു.
യേശു മറ്റു സ്ത്രീകൾക്കു പ്രത്യക്ഷപ്പെടുന്നു
ജെറുശലേം. ആഴ്ചയുടെ ഒന്നാം ദിവസമായ ഞായറാഴ്ച
മത്തായി 28:9–10
28:9 അപ്പോൾത്തന്നെ യേശു അവർക്ക് അഭിമുഖമായി വന്ന്, “നിങ്ങൾക്കു വന്ദനം” എന്നു പറഞ്ഞു. അവർ അടുത്തുചെന്ന് അദ്ദേഹത്തിന്റെ പാദങ്ങളിൽ മുറുകെപ്പിടിച്ച് അദ്ദേഹത്തെ നമസ്കരിച്ചു. 10 അപ്പോൾ യേശു അവരോട്, “ഭയപ്പെടേണ്ട, നിങ്ങൾ പോയി എന്റെ സഹോദരന്മാരോട് ഗലീലയിലേക്കു പോകാൻ പറയുക. അവിടെ അവർ എന്നെ കാണും” എന്നു പറഞ്ഞു.
കാവൽക്കാരിൽ ചിലർ യെഹൂദ ഭരണാധികാരികളെ വിവരം അറിയിക്കുന്നു
മത്തായി 28:11–15
28:11 ആ സ്ത്രീകൾ മടങ്ങിപ്പോകുന്നതിനിടയിൽ, സൈനികരിൽ ചിലർ നഗരത്തിൽ ചെന്ന് സംഭവിച്ചതെല്ലാം പുരോഹിതമുഖ്യന്മാരെ അറിയിച്ചു. 12 പുരോഹിതമുഖ്യന്മാർ സമുദായനേതാക്കന്മാരുമായി കൂടിയാലോചിച്ച് സൈനികർക്കു വലിയൊരു തുക കോഴയായി നൽകിയിട്ട്, 13 അവരോട്, “ ‘രാത്രിയിൽ ഞങ്ങൾ ഉറങ്ങുമ്പോൾ, യേശുവിന്റെ ശിഷ്യന്മാർ വന്ന് അദ്ദേഹത്തിന്റെ മൃതദേഹം മോഷ്ടിച്ചുകൊണ്ടുപോയി’ എന്നു നിങ്ങൾ പറയണം, 14 ഈ വിവരം ഭരണാധികാരിയുടെ അടുത്തെത്തിയാൽ, ഞങ്ങൾ അദ്ദേഹത്തോട് സംസാരിച്ച് നിങ്ങൾക്ക് കുഴപ്പമൊന്നും ഉണ്ടാകാതെ നോക്കിക്കൊള്ളാം” എന്നു പറഞ്ഞു. 15 അതനുസരിച്ച് സൈനികർ ആ പണം വാങ്ങി തങ്ങളോടു നിർദേശിച്ചതുപോലെതന്നെ ചെയ്തു. ഈ കഥ ഇന്നുവരെയും യെഹൂദരുടെ മധ്യേ പരക്കെ പ്രചരിച്ചിരിക്കുന്നു.
എമ്മവൂസിലേക്കുള്ള വഴിയിൽ യേശു രണ്ടു ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുന്നു
എമ്മവൂസിലേക്കുള്ള വഴിയിൽ യേശു രണ്ടു ശിഷ്യന്മാർക്ക് (ക്ലെയോപ്പാവിനും മറ്റൊരാൾക്കും) പ്രത്യക്ഷപ്പെടുന്നു.
ഞായറാഴ്ച ഉച്ചതിരിഞ്ഞ്
മർക്കോസ് 16:12–13
16:12 പിന്നീട് അവരിൽ രണ്ടുപേർ നാട്ടിൻപുറത്തേക്ക് നടന്നുപോകുമ്പോൾ യേശു മറ്റൊരു രൂപത്തിൽ അവർക്കു പ്രത്യക്ഷനായി. 13 അവർ മടങ്ങിവന്നു ശേഷമുള്ളവരെ വിവരം അറിയിച്ചു. എന്നാൽ, അവരെയും ശിഷ്യന്മാർ വിശ്വസിച്ചില്ല.
ലൂക്കോസ് 24:13–32
24:13 അന്നുതന്നെ ശിഷ്യരിൽ രണ്ടുപേർ ജെറുശലേമിൽനിന്ന് ഏകദേശം പതിനൊന്ന് കിലോമീറ്റർ അകലെയുള്ള എമ്മവൂസ് എന്ന ഗ്രാമത്തിലേക്കു യാത്രചെയ്യുകയായിരുന്നു. 14 സംഭവിച്ച സകലകാര്യങ്ങളെക്കുറിച്ചും അവർ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു. 15 അങ്ങനെ അവർ സംസാരിച്ചും ചർച്ച ചെയ്തും പൊയ്ക്കൊണ്ടിരിക്കുമ്പോൾ യേശുവും അടുത്തുചെന്ന് അവരോടു ചേർന്നു നടന്നു. 16 എന്നാൽ, അദ്ദേഹത്തെ തിരിച്ചറിയാത്തവണ്ണം ദൈവം അവരുടെ കാഴ്ചശക്തി നിയന്ത്രിച്ചിരുന്നു.
17 അദ്ദേഹം അവരോട്, “യാത്രയ്ക്കിടയിൽ നിങ്ങൾ ചർച്ചചെയ്യുന്ന കാര്യമെന്താണ്?” എന്നു ചോദിച്ചു.
അവർ നിരാശപ്പെട്ട മുഖത്തോടെ നിശ്ചലരായി നിലകൊണ്ടു. 18 അവരിൽ ക്ലെയോപ്പാവ് എന്നു പേരുള്ളയാൾ അദ്ദേഹത്തോട് ചോദിച്ചു, “ജെറുശലേമിലെ സന്ദർശകരിൽ താങ്കൾമാത്രമാണല്ലോ ഈ നാളുകളിൽ അവിടെ ഉണ്ടായ സംഭവങ്ങൾ അറിയാത്തത്?”
19 “എന്തു സംഭവങ്ങൾ?” യേശു ചോദിച്ചു.
അവർ അപ്പോൾ ഇങ്ങനെ മറുപടി പറഞ്ഞു: “നസറെത്തുകാരനായ യേശുവിനു സംഭവിച്ച കാര്യങ്ങൾതന്നെ. പ്രവൃത്തിയിലും വാക്കിലും ദൈവത്തിന്റെയും സർവമനുഷ്യരുടെയും ദൃഷ്ടിയിൽ അതിശക്തനായ ഒരു പ്രവാചകൻ ആയിരുന്നു അദ്ദേഹം. 20 ഞങ്ങളുടെ പുരോഹിതമുഖ്യന്മാരും ഭരണാധികാരികളും അദ്ദേഹത്തെ മരണശിക്ഷയ്ക്കായി റോമാക്കാരെ ഏൽപ്പിക്കുകയും അവർ ക്രൂശിക്കുകയും ചെയ്തു. 21 ഞങ്ങളോ, ഇസ്രായേലിനെ വിമോചിപ്പിക്കാൻ പോകുന്നത് അദ്ദേഹമാണെന്ന് ആശിച്ചിരുന്നു. എന്തു പറയേണ്ടൂ? ഇതൊക്കെ സംഭവിച്ചിട്ട് ഇന്ന് മൂന്നാംനാൾ ആകുന്നു. 22 അതുകൊണ്ടും തീർന്നില്ല, ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്ത്രീകൾ ഞങ്ങളെ അമ്പരപ്പിച്ചിരിക്കുന്നു; അവർ ഇന്ന് അതിരാവിലെ കല്ലറയുടെ അടുത്തുചെന്നു; 23 എന്നാൽ, അദ്ദേഹത്തിന്റെ ശരീരം അവർക്കു കാണാൻ കഴിഞ്ഞില്ല. അവർ വന്നു ഞങ്ങളോട്, അദ്ദേഹം ജീവിച്ചിരിക്കുന്നു എന്നറിയിച്ച ദൂതന്മാരെ അവർ ദർശനത്തിൽ കണ്ടതായി പറഞ്ഞു. 24 അപ്പോൾ ഞങ്ങളുടെ കൂട്ടുകാരിൽ ചിലർ കല്ലറയുടെ അടുത്തേക്കുപോയി. അവരും സ്ത്രീകൾ പറഞ്ഞതുപോലെതന്നെ കണ്ടു. എന്നാൽ അവർ യേശുവിനെ കണ്ടില്ല.”
25 അദ്ദേഹം അവരോട്, “ഹാ! നിങ്ങൾ എത്ര ബുദ്ധിശൂന്യർ! പ്രവാചകന്മാർ പ്രസ്താവിച്ചിട്ടുള്ളതെല്ലാം വിശ്വസിക്കാൻ കഴിയാത്ത മന്ദബുദ്ധികളേ! 26 ഇവയെല്ലാം സഹിച്ചതിനുശേഷമല്ലേ ക്രിസ്തു അവിടത്തെ മഹത്ത്വത്തിൽ പ്രവേശിക്കേണ്ടത്?” 27 പിന്നെ അദ്ദേഹം മോശയുടെയും സകലപ്രവാചകന്മാരുടെയും ലിഖിതങ്ങളിലും ശേഷം എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചു പറഞ്ഞിട്ടുള്ളത് അവർക്കു വ്യാഖ്യാനിച്ചു കൊടുത്തു.
28 അവർ തങ്ങൾക്കു പോകേണ്ടിയിരുന്ന ഗ്രാമത്തോടടുത്തപ്പോൾ യേശു അവരെ വിട്ട് മുന്നോട്ട് തന്റെ യാത്ര തുടരുന്നതായി ഭാവിച്ചു. 29 അപ്പോൾ അവർ, “ഞങ്ങളുടെകൂടെ താമസിക്കുക; സന്ധ്യയാകാറായല്ലോ; പകൽ ഇതാ അവസാനിക്കുന്നു” എന്നു പറഞ്ഞ് അദ്ദേഹത്തെ നിർബന്ധിച്ചു. അങ്ങനെ അദ്ദേഹം അവരോടുകൂടെ താമസിക്കാനായി അവരുടെ ഗ്രാമത്തിലേക്ക് പോയി.
30 അവരോടൊപ്പം ഭക്ഷണത്തിനിരിക്കുമ്പോൾ അദ്ദേഹം അപ്പം കൈകളിലെടുത്തു വാഴ്ത്തി, നുറുക്കി അവർക്കു കൊടുക്കാൻ തുടങ്ങി. 31 അപ്പോൾ അവരുടെ കാഴ്ചശക്തിമേലുണ്ടായിരുന്ന നിയന്ത്രണം മാറുകയും അവർ അദ്ദേഹത്തെ തിരിച്ചറിയുകയും ചെയ്തു. തൽക്ഷണം അദ്ദേഹം അവരുടെ ദൃഷ്ടിയിൽനിന്നു മറയുകയും ചെയ്തു. 32 “അദ്ദേഹം വഴിയിൽവെച്ചു നമ്മോടു സംസാരിക്കുകയും തിരുവെഴുത്തുകൾ വിശദീകരിച്ചുതരികയും ചെയ്തപ്പോൾ നമ്മുടെ ഹൃദയം ജ്വലിക്കുകയായിരുന്നില്ലേ?” അവർ പരസ്പരം ചോദിച്ചു.