രണ്ടു ശിഷ്യന്മാർ മടങ്ങിവന്ന് വിവരം അറിയിക്കുന്നു
രണ്ടു ശിഷ്യന്മാരുടെ വിവരണവും ശിമോൻ പത്രോസിനു പ്രത്യക്ഷപ്പെട്ടതിന്റെ വാർത്തയും.
ജെറുശലേം. ഞായറാഴ്ച വൈകുന്നേരം
ക്രി.പി. 30 അല്ലെങ്കിൽ 29
Biblica® Open Malayalam Contemporary Version™ (OMCV)
ലൂക്കോസ് 24:33–35
24:33-34 അവർ ഉടൻതന്നെ എഴുന്നേറ്റ് ജെറുശലേമിലേക്കു മടങ്ങിപ്പോയി. “ഇതു സത്യം! കർത്താവ് പുനരുത്ഥാനംചെയ്തിരിക്കുന്നു; അവിടന്നു ശിമോനു പ്രത്യക്ഷനായി,” എന്നിങ്ങനെ ഒരുമിച്ചുകൂടിയിരുന്ന് പറഞ്ഞുകൊണ്ടിരുന്ന പതിനൊന്ന് അപ്പൊസ്തലന്മാരെയും ശേഷം ശിഷ്യരെയും കണ്ടു. 35 തങ്ങളുടെ യാത്രയിൽ സംഭവിച്ചതും യേശു അപ്പം നുറുക്കുമ്പോൾ അദ്ദേഹത്തെ തങ്ങൾ തിരിച്ചറിഞ്ഞതും അവർ വിവരിച്ചുപറഞ്ഞു.
തോമസ് ഇല്ലാത്തപ്പോൾ യേശു ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുന്നു
വിസ്മയഭരിതരായ ശിഷ്യന്മാർക്കു യേശു പ്രത്യക്ഷപ്പെടുകയും (തോമസ് അവിടെ ഇല്ല) അവർക്ക് ഒരു ദൗത്യം നൽകുകയും ചെയ്യുന്നു. തോമസിനെ ബോധ്യപ്പെടുത്താൻ അവർക്കു കഴിയുന്നില്ല.
ജെറുശലേം. ഞായറാഴ്ച വൈകുന്നേരം
മർക്കോസ് 16:14
16:14 പിന്നീട് ശിഷ്യന്മാർ പതിനൊന്നുപേരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അവർക്കു പ്രത്യക്ഷനായി. താൻ ഉയിർത്തെഴുന്നേറ്റതിനുശേഷം തന്നെ കണ്ടവരുടെ വാക്കു വിശ്വസിക്കാതിരുന്നതുകൊണ്ട് അദ്ദേഹം അവരുടെ അവിശ്വാസത്തെയും ഹൃദയകാഠിന്യത്തെയും ശാസിച്ചു.
ലൂക്കോസ് 24:36–43
24:36 അവർ ഇങ്ങനെ സംസാരിക്കുമ്പോൾ യേശു അവരുടെ നടുവിൽനിന്നുകൊണ്ട്, “നിങ്ങൾക്കു സമാധാനം” എന്ന് അവരോടു പറഞ്ഞു.
37 അവർ ഭയപ്പെട്ടു നടുങ്ങി; തങ്ങൾ ഒരു ഭൂതത്തെയാണു കാണുന്നതെന്ന് അവർ കരുതി. 38 അപ്പോൾ യേശു അവരോടു പറഞ്ഞു, “നിങ്ങൾ ഭയന്നുവിറയ്ക്കുന്നതെന്തിന്? നിങ്ങളുടെ മനസ്സിൽ സംശയങ്ങൾ ഉയരുന്നതെന്തിന്?
39 എന്റെ കൈകളും കാലുകളും ശ്രദ്ധിച്ചുനോക്കുക. ഇത് ഞാൻതന്നെ! എന്നെ സ്പർശിച്ചു നോക്കുക. എനിക്കുള്ളതായി നിങ്ങൾ കാണുന്നതുപോലെ ഭൂതത്തിനു മാംസവും അസ്ഥികളും ഇല്ലല്ലോ.”
40 ഇതു പറഞ്ഞിട്ട് യേശു തന്റെ കൈകളും കാലുകളും അവർക്കു കാണിച്ചുകൊടുത്തു. 41 ആനന്ദാധിക്യം നിമിത്തം തങ്ങൾ കാണുന്നത് യാഥാർഥ്യമാണോ എന്നു വിശ്വസിക്കാനാകാതെ സ്തബ്ധരായി നിൽക്കുന്ന അവരോട് അദ്ദേഹം, “ഇവിടെ നിങ്ങളുടെപക്കൽ ഭക്ഷിക്കാൻ എന്തെങ്കിലും ഉണ്ടോ?” എന്നു ചോദിച്ചു. 42 അവർ അദ്ദേഹത്തിന് ഒരു കഷണം വറുത്ത മീൻ കൊടുത്തു. 43 അദ്ദേഹം അതെടുത്ത് അവരുടെമുമ്പിൽവെച്ചുതന്നെ ഭക്ഷിച്ചു.
യോഹന്നാൻ 20:19–25
20:19 ആഴ്ചയുടെ ഒന്നാംദിവസമായ അന്നുതന്നെ വൈകുന്നേരം, ശിഷ്യന്മാർ യെഹൂദനേതാക്കന്മാരെ ഭയന്ന് വാതിലടച്ച് അകത്ത് ഒരുമിച്ചിരിക്കുമ്പോൾ, യേശു വന്ന് അവരുടെ നടുവിൽനിന്നുകൊണ്ട്, “നിങ്ങൾക്കു സമാധാനം” എന്നു പറഞ്ഞു.
20 ഇതു പറഞ്ഞതിനുശേഷം അവിടന്നു തന്റെ കൈകളും പാർശ്വവും അവരെ കാണിച്ചു. കർത്താവിനെ കണ്ടപ്പോൾ ശിഷ്യന്മാർ അത്യധികം ആനന്ദിച്ചു.
21 യേശു പിന്നെയും അവരോടു പറഞ്ഞു: “നിങ്ങൾക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.” 22 ഇതു പറഞ്ഞുകൊണ്ട് അവിടന്ന് അവരുടെമേൽ ഊതി; “പരിശുദ്ധാത്മാവിനെ സ്വീകരിക്കുക. 23 നിങ്ങൾ ആരുടെയെങ്കിലും പാപങ്ങൾ ക്ഷമിച്ചാൽ അവർക്ക് ആ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ അവ ക്ഷമിക്കപ്പെടാതിരിക്കും” എന്നു പറഞ്ഞു.
24 യേശു വന്നപ്പോൾ, പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളും ദിദിമൊസ് എന്നും പേരുള്ളവനുമായ തോമസ് ശിഷ്യന്മാരുടെ കൂടെ ഉണ്ടായിരുന്നില്ല. 25 മറ്റേ ശിഷ്യന്മാർ അയാളോട്, “ഞങ്ങൾ കർത്താവിനെ കണ്ടു” എന്നു പറഞ്ഞു.
അപ്പോൾ തോമസ്, “അദ്ദേഹത്തിന്റെ കൈകളിലെ ആണിപ്പാടുകൾ കാണുകയും അവയിൽ എന്റെ വിരൽകൊണ്ട് സ്പർശിക്കുകയും പാർശ്വത്തിൽ കൈവെക്കുകയും ചെയ്തിട്ടല്ലാതെ ഞാൻ വിശ്വസിക്കുകയില്ല!” എന്നു പറഞ്ഞു.
യേശു വീണ്ടും പ്രത്യക്ഷപ്പെടുന്നു, തോമസിനു ബോധ്യം വരുന്നു
അടുത്ത ഞായറാഴ്ച രാത്രി യേശു ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുന്നു; തോമസിനു ബോധ്യം വരുന്നു.
ജെറുശലേം
യോഹന്നാൻ 20:26–31
20:26 എട്ടു ദിവസത്തിനുശേഷം, ശിഷ്യന്മാർ വീട്ടിൽ കൂടിയിരിക്കുമ്പോൾ തോമസും അവരോടുകൂടെ ഉണ്ടായിരുന്നു. വാതിലുകൾ അടച്ചിരിക്കുമ്പോൾ യേശു വന്ന് അവരുടെമധ്യത്തിൽ നിന്നുകൊണ്ടു പറഞ്ഞു, “നിങ്ങൾക്കു സമാധാനം.” 27 പിന്നെ അവിടന്ന് തോമസിനോടു പറഞ്ഞു, “നിന്റെ വിരൽ നീട്ടി ഇവിടെ എന്റെ കൈകളെ സ്പർശിക്കുക, നിന്റെ കൈനീട്ടി എന്റെ പാർശ്വത്തിൽ വെക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.”
28 തോമസ് അദ്ദേഹത്തോട്, “എന്റെ കർത്താവും എന്റെ ദൈവവും” എന്നു പറഞ്ഞു.
29 അപ്പോൾ യേശു, “നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു, കാണാതെ വിശ്വസിച്ചവർ അനുഗൃഹീതർ” എന്നു പറഞ്ഞു.
30 ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത മറ്റനേകം അത്ഭുതചിഹ്നങ്ങളും തന്റെ ശിഷ്യന്മാരുടെ സാന്നിധ്യത്തിൽ യേശു പ്രവർത്തിച്ചു. 31 എന്നാൽ, യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ച് അവിടത്തെ നാമത്തിൽ ജീവൻ ലഭിക്കേണ്ടതിനുമായി ഇവ എഴുതപ്പെട്ടിരിക്കുന്നു.