അരിമഥ്യക്കാരനായ യോസേഫിന്റെ കല്ലറയിൽ യേശു സംസ്കരിക്കപ്പെടുന്നു
യേശുവിന്റെ മരണം സ്ഥിരീകരിച്ചശേഷം, അവിടുത്തെ ശരീരം അരിമഥ്യക്കാരനായ യോസേഫിന്റെ കല്ലറയിൽ സംസ്കരിക്കപ്പെടുന്നു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വൈകുന്നേരം 6-നു മുമ്പ്
ക്രി.പി. 30 അല്ലെങ്കിൽ 29
Biblica® Open Malayalam Contemporary Version™ (OMCV)
മത്തായി 27:57–60
27:57 സന്ധ്യയായപ്പോൾ, യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമഥ്യക്കാരൻ യോസേഫ് എന്ന ധനികൻ അവിടെ എത്തി.
58 അദ്ദേഹം പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ മൃതദേഹം വിട്ടുതരണമെന്ന് അപേക്ഷിച്ചു; അദ്ദേഹത്തിന് അതു വിട്ടുകൊടുക്കാൻ പീലാത്തോസ് ഉത്തരവിടുകയും ചെയ്തു.
59 യോസേഫ് ആ മൃതദേഹം എടുത്ത് വെടിപ്പുള്ള ഒരു മൃദുലവസ്ത്രത്തിൽ പൊതിഞ്ഞ്,
60 തനിക്കായി പാറയിൽ വെട്ടിച്ചിരുന്ന പുതിയ കല്ലറയിൽ സംസ്കരിച്ചു. കല്ലറയുടെ കവാടത്തിൽ വലിയൊരു കല്ല് ഉരുട്ടിവെച്ചതിനുശേഷം അദ്ദേഹം പോയി.
മർക്കോസ് 15:42–46
15:42 അന്ന് ശബ്ബത്തിന്റെ തലേദിവസമായ ഒരുക്കദിവസമായിരുന്നു. അതുകൊണ്ട് സന്ധ്യയായപ്പോൾ
43 ന്യായാധിപസമിതിയിലെ ഒരു പ്രമുഖാംഗവും ദൈവരാജ്യം വരാനായി കാത്തിരുന്നവനുമായ അരിമഥ്യയിലെ യോസേഫ് ധൈര്യം സംഭരിച്ചുകൊണ്ട് പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ മൃതദേഹം വിട്ടുതരണമെന്ന് അപേക്ഷിച്ചു.
44 “ഇത്രവേഗം യേശു മരിച്ചുവോ!” പീലാത്തോസ് ആശ്ചര്യപ്പെട്ടു. അയാൾ ശതാധിപനെ വരുത്തി യേശു മരിച്ചുകഴിഞ്ഞുവോ എന്നു ചോദിച്ചു. 45 ശതാധിപനിൽനിന്ന് ഈ കാര്യം ഉറപ്പുവരുത്തിയതിനുശേഷം അദ്ദേഹം ശരീരം യോസേഫിനു വിട്ടുകൊടുത്തു.
46 യോസേഫ് മൃതദേഹം താഴെയിറക്കി, ഒരു മൃദുലചണവസ്ത്രം വാങ്ങി ശവശരീരം അതിൽ പൊതിഞ്ഞ് പാറയിൽ വെട്ടിച്ചിരുന്ന കല്ലറയിൽ സംസ്കരിച്ചു. പിന്നീട് അയാൾ ഒരു കല്ല് ഉരുട്ടി കല്ലറയുടെ കവാടത്തിൽ വെച്ചു.
ലൂക്കോസ് 23:50–54
23:50 ന്യായാധിപസമിതിയിലെ ഒരംഗവും നല്ലവനും നീതിനിഷ്ഠനുമായ യോസേഫ് എന്നു പേരുള്ള ഒരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. 51 അയാൾ അവരുടെ തീരുമാനത്തിനും അത് നടപ്പിലാക്കിയതിനും അനുകൂലമായിരുന്നില്ല. അയാൾ അരിമഥ്യ എന്ന യെഹൂദാപട്ടണത്തിൽനിന്നുള്ളയാളും ദൈവരാജ്യത്തിന്റെ വരവിനായി കാത്തിരുന്നയാളുമായിരുന്നു.
52 അയാൾ പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ മൃതദേഹം വിട്ടുതരണമെന്നപേക്ഷിച്ചു.
53 പിന്നെ അയാൾ യേശുവിന്റെ ശരീരം താഴെയിറക്കി മൃദുലവസ്ത്രത്തിൽ പൊതിഞ്ഞ്, പാറയിൽ വെട്ടിയുണ്ടാക്കിയിരുന്നതും ആരെയും അതുവരെ അടക്കിയിട്ടില്ലാത്തതുമായ ഒരു കല്ലറയിൽ സംസ്കരിച്ചു.
54 അന്ന് ഒരുക്കനാളായിരുന്നു; ശബ്ബത്ത് ആരംഭിക്കാനുള്ള സമയവും അടുത്തിരുന്നു.
യോഹന്നാൻ 19:31–42
19:31 അന്ന് പെസഹാപ്പെരുന്നാളിന്റെ തലേദിവസമായ ഒരുക്കത്തിന്റെ ദിവസവും പിറ്റേന്ന് വളരെ സവിശേഷതകളുള്ള ഒരു ശബ്ബത്തും ആയിരുന്നു. ശബ്ബത്തുനാളിൽ ശവശരീരങ്ങൾ ക്രൂശിൽ കിടക്കുന്നത് ഒഴിവാക്കുന്നതിന് അവരുടെ കാലുകൾ ഒടിപ്പിച്ചു താഴെയിറക്കണമെന്ന് യെഹൂദനേതാക്കന്മാർ പീലാത്തോസിനോട് അപേക്ഷിച്ചു. 32 അതുകൊണ്ടു പടയാളികൾ വന്ന്, യേശുവിനോടുകൂടെ ക്രൂശിക്കപ്പെട്ട രണ്ടുപേരുടെയും കാലുകൾ ആദ്യം ഒടിച്ചു. 33 അവർ യേശുവിന്റെ അടുക്കൽ വന്നപ്പോൾ അദ്ദേഹം മരിച്ചു കഴിഞ്ഞു എന്നു മനസ്സിലാക്കിയിട്ടു കാലുകൾ ഒടിച്ചില്ല. 34 എങ്കിലും പടയാളികളിൽ ഒരുവൻ കുന്തംകൊണ്ട് യേശുവിന്റെ പാർശ്വത്തിൽ കുത്തി. ഉടനെ രക്തവും വെള്ളവും പുറത്തേക്കൊഴുകി. 35 ഇതു കണ്ടയാൾതന്നെയാണ് ഈ സാക്ഷ്യം പറഞ്ഞിരിക്കുന്നത്; അവന്റെ സാക്ഷ്യം സത്യംതന്നെ; താൻ പറയുന്നതു സത്യം എന്ന് അയാൾ അറിയുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിനാണ് അയാൾ ഇതു സാക്ഷ്യപ്പെടുത്തുന്നത്. 36 “അവന്റെ അസ്ഥികളിൽ ഒന്നും ഒടിഞ്ഞുപോകുകയില്ല,” എന്നുള്ള തിരുവെഴുത്തു നിറവേറുന്നതിന് ഇതു സംഭവിച്ചു. 37 “തങ്ങൾ കുത്തിയവങ്കലേക്കു നോക്കും,” എന്നു വേറൊരു തിരുവെഴുത്തും പറയുന്നു.
38 അതിനുശേഷം, യെഹൂദനേതാക്കന്മാരോടുള്ള ഭയംനിമിത്തം രഹസ്യശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമഥ്യക്കാരൻ യോസേഫ്, പീലാത്തോസിനോട് യേശുവിന്റെ മൃതദേഹം വിട്ടുതരണമെന്നപേക്ഷിച്ചു. പീലാത്തോസിന്റെ അനുവാദത്തോടെ അയാൾ വന്നു മൃതശരീരം എടുത്തു.
39 മുമ്പൊരിക്കൽ രാത്രിയിൽ യേശുവിനെ സന്ദർശിച്ച നിക്കോദേമൊസും അയാളുടെകൂടെ ഉണ്ടായിരുന്നു. മീറയും ചന്ദനവുംകൊണ്ടുള്ള മിശ്രിതം ഏകദേശം മുപ്പത്തിനാല് കിലോഗ്രാം നിക്കോദേമൊസ് കൊണ്ടുവന്നു.
40 ഇരുവരുംകൂടി യേശുവിന്റെ ശരീരം എടുത്തു, യെഹൂദരുടെ ശവസംസ്കാര ആചാരമനുസരിച്ച് ആ സുഗന്ധമിശ്രിതം പുരട്ടി ശവക്കച്ചയിൽ പൊതിഞ്ഞു. 41 യേശുവിനെ ക്രൂശിച്ച സ്ഥലത്ത് ഒരു തോട്ടവും ആ തോട്ടത്തിൽ, ആരെയും ഒരിക്കലും അടക്കിയിട്ടില്ലാത്ത ഒരു കല്ലറയും ഉണ്ടായിരുന്നു.
42 അന്ന് യെഹൂദരുടെ പെരുന്നാളിന്റെ ഒരുക്കനാൾ ആയിരുന്നതിനാലും ആ കല്ലറ സമീപത്തായിരുന്നതിനാലും അവർ യേശുവിനെ അവിടെ സംസ്കരിച്ചു.
സ്ത്രീകൾ യേശുവിന്റെ കല്ലറയ്ക്കരികിൽ കാവലിരിക്കുന്നു
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ശനിയാഴ്ച ഉച്ചകഴിഞ്ഞുവരെ
സ്ത്രീകൾ കാവലിരിക്കുകയും ശബ്ബത്തിൽ (വൈകുന്നേരം 6-ന് ആരംഭിക്കുന്നത്) വിശ്രമിക്കുകയും ചെയ്യുന്നു; അതേസമയം പരീശന്മാർ കല്ലറയിലെ റോമൻ മുദ്രയ്ക്കു കാവലിരിക്കാൻ റോമൻ പടയാളികളുടെ ഒരു കാവൽസംഘത്തെ ഏർപ്പെടുത്തുന്നു.
മത്തായി 27:61–66
27:61 അവിടെ, മഗ്ദലക്കാരി മറിയയും മറ്റേ മറിയയും കല്ലറയ്ക്കുമുമ്പിൽ ഇരിക്കുന്നുണ്ടായിരുന്നു.
62 ഒരുക്കനാൾ കഴിഞ്ഞുള്ള ദിവസം പുരോഹിതമുഖ്യന്മാരും പരീശന്മാരും ഒരുമിച്ച് പീലാത്തോസിന്റെ അടുക്കൽവന്നു. 63 അവർ അദ്ദേഹത്തോട്, “പ്രഭോ, ആ വഞ്ചകൻ ജീവിച്ചിരുന്നപ്പോൾ, ‘ഞാൻ മൂന്ന് ദിവസത്തിനുശേഷം ഉയിർത്തെഴുന്നേൽക്കും’ എന്നു പറഞ്ഞത് ഞങ്ങൾ ഓർക്കുന്നു. 64 അതുകൊണ്ട് മൂന്നുദിവസംവരെ കല്ലറ സുരക്ഷിതമാക്കാൻ ഉത്തരവിടണം എന്നപേക്ഷിച്ചു. അല്ലാത്തപക്ഷം അയാളുടെ ശിഷ്യന്മാർ വന്ന് മൃതദേഹം മോഷ്ടിക്കുകയും അയാൾ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്ന് ജനങ്ങളോടു പറയുകയും ചെയ്യും. ഈ ഒടുവിലത്തെ വഞ്ചന ആദ്യത്തേതിനെക്കാൾ വിഷമകരമാകുകയും ചെയ്യും.”
65 അതിന് പീലാത്തോസ്, “ഒരുസംഘം സൈനികരെ തരാം, നിങ്ങൾ പോയി കഴിയുന്നവിധത്തിലെല്ലാം കല്ലറ സുരക്ഷിതമാക്കുക” എന്നു പറഞ്ഞു. 66 അങ്ങനെ അവർ പോയി ആ പാറമേൽ മുദ്രവെച്ചും സൈനികരെ നിയോഗിച്ചും കല്ലറ ഭദ്രമാക്കി.
മർക്കോസ് 15:47
15:47 മഗ്ദലക്കാരി മറിയയും യോസെയുടെ അമ്മയായ മറിയയും യേശുവിന്റെ മൃതദേഹം സംസ്കരിച്ചത് എവിടെയെന്നു കണ്ടു.
ലൂക്കോസ് 23:55–56
23:55 ഗലീലയിൽനിന്ന് യേശുവിനോടൊപ്പം വന്ന സ്ത്രീകൾ യോസേഫിന്റെ പിന്നാലെചെന്ന്, കല്ലറയും അതിൽ മൃതദേഹം സംസ്കരിച്ച വിധവും കണ്ടു. 56 തുടർന്ന് അവർ ഭവനത്തിലേക്കു പോയി സുഗന്ധദ്രവ്യങ്ങളും പരിമളതൈലവും ഒരുക്കിവെച്ചു. കൽപ്പനയനുസരിച്ച് ശബ്ബത്തുനാളിൽ അവർ വിശ്രമിച്ചു.