ഏഴാമത്തെ പാത്രം: ഹർമഗെദ്ദോൻ യുദ്ധം
ഏഴാമത്തെ പാത്രം ഒഴിക്കപ്പെടുന്നു. 1260 വർഷം ഇപ്പോൾ കഴിഞ്ഞിരിക്കുന്നു. പുരാതന പ്രവാചകന്മാർ പണ്ടേ മുൻകൂട്ടി അറിയിച്ച ദൈവക്രോധത്തിന്റെ മുന്തിരിവിളവെടുപ്പ് ഇപ്പോൾ ആരംഭിക്കുന്നു; ഭൂമിയിലുടനീളം വലിയ പ്രക്ഷുബ്ധതകളും നീണ്ട യുദ്ധങ്ങളും ഉണ്ടാകുന്നു. നന്മയും തിന്മയും തമ്മിലുള്ള ദീർഘകാല പോരാട്ടത്തിന്റെ തീർപ്പ് ഇപ്പോൾ വരുന്നു. പാപ്പാധിപത്യത്തിന്റെയും അവിശ്വാസത്തിന്റെയും വ്യാജമതങ്ങൾ സഭയുടെ ശേഷിപ്പിനെതിരെയും, പണ്ടുമുതലേ വാഗ്ദാനം ചെയ്യപ്പെട്ട തങ്ങളുടെ പുനഃസ്ഥാപനത്തിനായി ഒത്തുചേരുന്ന യെഹൂദർക്കെതിരെയും, മഹത്തായ സമുദ്രശക്തിയായ രാഷ്ട്രത്തിനെതിരെയും ഒന്നിക്കുന്നു. ആ രാഷ്ട്രം ഇംഗ്ലണ്ട് ആയിരിക്കാനാണ് കൂടുതൽ സാധ്യത (യെശയ്യാവ് 17:18). ഒടുവിൽ പലസ്തീനിൽ ഹർമഗെദ്ദോൻ യുദ്ധം നടക്കുന്നു. ഈ പാത്രത്തിനു കീഴിൽ അനേകം വർഷങ്ങൾ ഉൾപ്പെട്ടേക്കാം.
ക്രി.പി. 96
Biblica® Open Malayalam Contemporary Version™ (OMCV)
17 ഏഴാമത്തെ ദൂതൻ തന്റെ കുംഭം വായുമണ്ഡലത്തിൽ ഒഴിച്ചു. “പൂർത്തിയായി” എന്നു പറയുന്ന ഒരു മഹാശബ്ദം ദൈവാലയത്തിലെ സിംഹാസനത്തിൽനിന്ന് പുറപ്പെട്ടു. 18 അപ്പോൾ മിന്നലും ഇരമ്പലും ഇടിമുഴക്കവും ഉണ്ടായി. ഭൂമിയിൽ മനുഷ്യൻ ഉണ്ടായതുമുതൽ അതുവരെ സംഭവിച്ചിട്ടില്ലാത്തവിധം ഭീമവും ശക്തവുമായ ഒരു ഭൂകമ്പം ഉണ്ടായി. 19 മഹാനഗരം മൂന്നു ഭാഗങ്ങളായി പിളർന്നു. ജനതകളുടെ നഗരങ്ങൾ നിലംപൊത്തി. ദൈവം അവിടത്തെ “മഹാക്രോധം,” മദ്യം നിറഞ്ഞ ചഷകംപോലെ മഹതിയാംബാബേലിനെ കുടിപ്പിക്കാൻ ബാബേലിനെ ഓർത്തു. 20 എല്ലാ ദ്വീപുകളും പലായനംചെയ്തു; പർവതങ്ങൾ അപ്രത്യക്ഷമായി. 21 ഏകദേശം നാൽപ്പത്തിയഞ്ച് കിലോഗ്രാം ഭാരമുള്ള വലിയ കല്ലുകൾ ആകാശത്തുനിന്നു മനുഷ്യരുടെമേൽ മഴയായി പതിച്ചു. കന്മഴയുടെ ബാധ അത്യന്തം ദുസ്സഹമായിരുന്നതിനാൽ മനുഷ്യർ ദൈവത്തെ നിന്ദിച്ചു.
പതനത്തിനു മുമ്പുള്ള പാപ്പാധിപത്യം
ഈ മഹാസംഭവങ്ങളുടെ പൊതുവായ പ്രഖ്യാപനത്തിനുശേഷം, പാപ്പാധിപത്യത്തിന്റെ അന്തിമപതനത്തിനു മുമ്പുള്ള ചരിത്രവും അവസ്ഥയും പ്രവാചകനു കാണിച്ചുകൊടുക്കുന്നു.
1 ഏഴു കുംഭങ്ങൾ കൈവശമുള്ള ഏഴു ദൂതന്മാരിൽ ഒരുവൻ എന്നോടു സംസാരിച്ചത്: “വരിക, ഭൂമിയിലെ രാജാക്കന്മാരുമായി വ്യഭിചാരത്തിലേർപ്പെട്ട് തന്റെ വേശ്യാവൃത്തിയുടെ വീഞ്ഞുകൊണ്ട് ഭൂവാസികളെ ലഹരിപിടിപ്പിച്ചവളും, 2 പെരുവെള്ളത്തിന്മേൽ ഇരിക്കുന്നവളുമായ മഹാവേശ്യയുടെ ന്യായവിധി ഞാൻ നിനക്കു കാണിച്ചുതരാം.”
3 ദൂതൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്കു കൊണ്ടുപോയി. ഏഴു തലയും പത്തു കൊമ്പും ഉള്ളതും ദൈവത്തെ ദുഷിക്കുന്ന നാമങ്ങൾകൊണ്ടു നിറഞ്ഞതും കടുംചെമപ്പുമായ മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നത് ഞാൻ കണ്ടു. 4 അവൾ ഊതവും കടുംചെമപ്പുമായ വസ്ത്രങ്ങൾ ധരിച്ചും സ്വർണം, വിലയേറിയ കല്ലുകൾ, മുത്തുകൾ എന്നിവയണിഞ്ഞും ഇരുന്നു. തന്റെ വേശ്യാവൃത്തിയുടെ മ്ലേച്ഛതകളും അശുദ്ധികളും നിറഞ്ഞ ഒരു സ്വർണചഷകം അവൾ കൈയിൽ പിടിച്ചിരുന്നു.
5 രഹസ്യം: മഹതിയാം ബാബേൽ,
ഭൂമിയിലെ വേശ്യകളുടെയും
മ്ലേച്ഛതകളുടെയും മാതാവ്.
ഇങ്ങനെ നിഗൂഢമായ ഒരു പേരും അവളുടെ നെറ്റിയിൽ എഴുതിയിരുന്നു. 6 വിശുദ്ധരുടെയും യേശുവിന്റെ സാക്ഷ്യംവഹിച്ചവരുടെയും രക്തം കുടിച്ച് അവൾ ലഹരിപിടിച്ചിരിക്കുന്നതു ഞാൻ കണ്ടു.
അവളെ കണ്ടപ്പോൾ ഞാൻ അത്യന്തം അതിശയിച്ചു. 7 ദൂതൻ എന്നോടു പറഞ്ഞത്: “നീ അതിശയിക്കുന്നതെന്തിന്? ഏഴു തലയും പത്തു കൊമ്പുള്ളതുമായ മൃഗത്തിന്റെയും അതിന്മേൽ ഇരിക്കുന്ന സ്ത്രീയുടെയും രഹസ്യം ഞാൻ നിനക്കു പറഞ്ഞുതരാം. 8 മുമ്പ് ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും, അഗാധഗർത്തത്തിൽനിന്ന് കയറിവന്ന് നാശത്തിലേക്കു പോകാനുള്ളതുമായ മൃഗത്തെയാണ് നീ കണ്ടത്. ലോകസൃഷ്ടിമുതൽ ജീവപുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടില്ലാത്ത ഭൂവാസികൾ—മുമ്പേ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാതായതും ഇനി വെളിപ്പെടാനിരിക്കുന്നതുമായ—ആ മൃഗത്തെക്കണ്ടു വിസ്മയിക്കും.
9 “വിവേകത്തോടുകൂടിയ ജ്ഞാനമാണ് ഇവിടെ അത്യാവശ്യമായിരിക്കുന്നത്. ഏഴു തല സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു; 10 അവ ഏഴു രാജാക്കന്മാരുമാകുന്നു. അവരിൽ അഞ്ചുപേർ നിപതിച്ചുപോയി. ഒരാൾ ഇപ്പോൾ ഉണ്ട്. മറ്റേയാൾ ഇതുവരെയും വന്നിട്ടില്ല. അയാൾ വന്നിട്ട് അൽപ്പകാലം വാഴേണ്ടതാണ്. 11 മുമ്പ് ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതുമായ മൃഗം ഏഴുപേരുടെ ഗണത്തിൽ ഉൾപ്പെട്ടവനും എട്ടാമനായി വരുന്നവനുമാണ്. അവന്റെ നാശം ആസന്നമായിരിക്കുന്നു.
12 “നീ കണ്ട പത്തു കൊമ്പുകൾ ഇതുവരെയും രാജത്വം ഏറ്റെടുത്തിട്ടില്ലാത്ത പത്തു രാജാക്കന്മാരാണ്. അവർക്ക് ഒരു മണിക്കൂർ സമയത്തേക്കു രാജാക്കന്മാരെപ്പോലെ മൃഗത്തോടൊപ്പം അധികാരം ലഭിക്കും. 13 ഇവരുടെ ലക്ഷ്യം ഒന്നായിരിക്കുകയാൽ തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിനു നൽകുന്നു. 14 ഇവർ കുഞ്ഞാടിനോടു യുദ്ധംചെയ്യും. കുഞ്ഞാട് കർത്താധികർത്താവും രാജാധിരാജാവുമാകുകയാൽ അവരുടെമേൽ ജയം നേടും. വിളിക്കപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട വിശ്വസ്തഅനുയായികൾ കുഞ്ഞാടിനോടൊപ്പം ഉണ്ടായിരിക്കും.”
15 ദൂതൻ പിന്നെയും എന്നോടു പറഞ്ഞത്: “വേശ്യ ഇരിക്കുന്നതായി നീ കണ്ട പെരുവെള്ളം ജനതകളും സമൂഹങ്ങളും രാജ്യങ്ങളും ഭാഷകളുമാകുന്നു. 16 നീ ദർശിച്ച പത്തു കൊമ്പുകളും മൃഗവുംചേർന്ന് വേശ്യയെ വെറുത്ത് അവളെ ശൂന്യയും വിവസ്ത്രയുമാക്കി അവളുടെ മാംസം തിന്നുകയും അവളെ അഗ്നിയിൽ ദഹിപ്പിച്ചുകളയുകയും ചെയ്യും. 17 ദൈവത്തിന്റെ വചനം നിവൃത്തിയാകുന്നതുവരെയും തങ്ങളുടെ രാജകീയ അധികാരം ഇവർ മൃഗത്തിനു സമർപ്പിക്കുന്നതിന് ഏകാഭിപ്രായമുള്ളവരായിത്തീരാൻ ദൈവം അവരുടെ ഹൃദയങ്ങളിൽ തോന്നിച്ചു. ഇത് ദൈവികപദ്ധതിയുടെ നിർവഹണമായിരുന്നു. 18 നീ കണ്ട സ്ത്രീയോ ഭൂമിയിലെ രാജാക്കന്മാരുടെമേൽ ഭരണംനടത്തുന്ന മഹാനഗരമാണ്.”
പാപ്പാധിപത്യത്തിന്റെയും മതരാഹിത്യത്തിന്റെയും പതനം
പാപ്പാധിപത്യത്തിന്റെയും മതരാഹിത്യത്തിന്റെയും പതനം വിശദമായി വിവരിക്കുന്നു.
1 ഇവയ്ക്കുശേഷം ഉന്നതാധികാരമുള്ള മറ്റൊരു ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. അവന്റെ തേജസ്സുകൊണ്ട് ഭൂമി പ്രകാശിച്ചു. 2 ആ ദൂതൻ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്:
“ ‘നിലംപതിച്ചിരിക്കുന്നു!’ അതേ, ‘മഹാനഗരമായ ബാബേൽ നിലംപതിച്ചിരിക്കുന്നു!’
അവൾ ഭൂതാവേശിതസ്ഥലവും
സകല അശുദ്ധാത്മാക്കളുടെ നിവാസസ്ഥാനവും
അശുദ്ധമായ സകലപക്ഷികളുടെ സങ്കേതവും
അശുദ്ധവും അറപ്പുളവാക്കുന്നതുമായ സകലമൃഗങ്ങളുടെയും ഒളിത്താവളവുമായിത്തീർന്നിരിക്കുന്നു.
3 അവളുടെ അസാന്മാർഗികതയുടെ അത്യാസക്തിയാകുന്ന മദ്യംകുടിച്ചു
ജനതകളെല്ലാം ഉൻമത്തരായിരിക്കുന്നു.
ഭൂമിയിലെ രാജാക്കന്മാർ അവളുമായി വ്യഭിചാരംചെയ്തു;
ഭൂമിയിലെ വ്യാപാരികൾ അവളുടെ സുഖലോലുപതയുടെ വൈഭവത്താൽ സമ്പന്നരായിത്തീർന്നു.”
4 സ്വർഗത്തിൽനിന്ന് അരുളിച്ചെയ്ത മറ്റൊരു ശബ്ദം ഞാൻ കേട്ടത്:
“ ‘എന്റെ ജനമേ, അവളെ വിട്ടു പുറത്തുവരിക,’
അവളുടെ പാപങ്ങളിൽ പങ്കാളികളായി
അവളുടെ ബാധകൾ ഒന്നും നിങ്ങളെ ഏശാതിരിക്കേണ്ടതിന് അവളെ വിട്ടുവരിക.
5 അവളുടെ പാപങ്ങൾ കുമിഞ്ഞുകൂടി ആകാശംവരെ എത്തിയിരിക്കുന്നു.
അവളുടെ ഹീനകൃത്യങ്ങൾ ദൈവം ഓർത്തുമിരിക്കുന്നു.
6 അവൾക്കു മടക്കിക്കൊടുക്കുക; അവൾ ചെയ്തതനുസരിച്ചുതന്നെ.
അവളുടെ പ്രവൃത്തികൾക്കനുസരിച്ച് അവൾക്ക് ഇരട്ടിയായി തിരികെക്കൊടുക്കുക.
അവൾ കലക്കിയ പാനപാത്രത്തിൽ ഇരട്ടിയായിത്തന്നെ അവൾക്കു കലക്കിക്കൊടുക്കുക.
7 അവൾക്കു ദണ്ഡനവും ദുഃഖവും നൽകുക;
അവൾ സ്വയം പ്രശംസിക്കുകയും സുഖലോലുപതയിൽ തിമിർക്കുകയുംചെയ്തതിന്റെ അതേ അളവിൽത്തന്നെ.
‘ഞാൻ രാജ്ഞിപദത്തിലിരിക്കുന്നു.
ഞാനൊരു വിധവയല്ല;
ഞാൻ ഒരിക്കലും ദുഃഖിക്കുകയുമില്ല,’
എന്ന് അവൾ ഹൃദയത്തിൽ അഹങ്കരിച്ചല്ലോ.
8 അതുകൊണ്ട്, ഒരൊറ്റ ദിവസംകൊണ്ടുതന്നെ
മരണം, വിലാപം, ക്ഷാമം എന്നീ അത്യാപത്തുകൾ അവളുടെമേൽ വരും;
ന്യായംവിധിക്കുന്ന ദൈവമായ കർത്താവ് ശക്തനാകുകയാൽ
അവളെ തീയിൽ ദഹിപ്പിച്ചുകളയും.
9 “അവളുമായി വ്യഭിചാരകർമത്തിലേർപ്പെടുകയും സുഖലോലുപതയിൽ തിമിർക്കുകയുംചെയ്ത ഭൂമിയിലെ രാജാക്കന്മാർ അവൾ കത്തിയമരുന്നതിന്റെ പുക കണ്ട് അവളെക്കുറിച്ച് കരയുകയും മുറവിളിക്കുകയും ചെയ്യും. 10 അവളുടെ ദണ്ഡനത്തിന്റെ ഭയാനകതകണ്ട് അവർ ദൂരെ നിന്നുകൊണ്ട്:
“ ‘ഹാ ഭയങ്കരം! ഭയങ്കരം! മഹാനഗരമായ, ബാബേലേ!
ശക്തിയുള്ള നഗരമേ!
ഒറ്റ മണിക്കൂറിനുള്ളിൽത്തന്നെ നിന്റെ ന്യായവിധി വന്നല്ലോ!’
എന്നു പറയും.
11 “സ്വർണം, വെള്ളി, അമൂല്യരത്നങ്ങൾ, മുത്തുകൾ; മൃദുലവസ്ത്രങ്ങൾ, ഊതവസ്ത്രം, പട്ട്, രക്താംബരം; സുഗന്ധത്തടികൾ, ദന്തനിർമിതവസ്തുക്കൾ, വിലകൂടിയ മരം; വെങ്കലം, ഇരുമ്പ്, മാർബിൾ എന്നിവകൊണ്ടുള്ള വസ്തുക്കളും; 12 കറുവപ്പട്ട, ഏലം, മീറ, കുന്തിരിക്കം, മറ്റു സുഗന്ധദ്രവ്യങ്ങളും വീഞ്ഞും ഒലിവെണ്ണയും നേരിയമാവും ഗോതമ്പും ആടുകളും കന്നുകാലികളും കുതിരകളും രഥങ്ങളും മനുഷ്യശരീരങ്ങളും ജീവനും തുടങ്ങി തങ്ങൾക്കുള്ള കച്ചവടസാധനങ്ങളൊന്നും ആരും വാങ്ങാതിരിക്കുകയാൽ 13 ഭൂമിയിലെ വ്യാപാരികൾ അവളെക്കുറിച്ചു കരഞ്ഞു മുറവിളികൂട്ടും.
14 “നീ അതിയായി മോഹിച്ച ഫലം നിന്നെവിട്ടു പോയിരിക്കുന്നു. നിന്റെ സകല ആഡംബരവസ്തുക്കളും നിന്നിൽനിന്ന് പൊയ്പ്പോയിരിക്കുന്നു. അവയുടെ മനോഹാരിത ഇനിയൊരിക്കലും തിരികെ കിട്ടാത്തവിധം നിന്നിൽനിന്ന് നഷ്ടമായിരിക്കുന്നു. 15 ഈ വസ്തുക്കൾകൊണ്ടു വ്യാപാരംചെയ്ത് അവൾമൂലം സമ്പന്നരായവർ അവളുടെ ദണ്ഡനത്തിന്റെ ഭീകരത നിമിത്തം ദൂരത്തുനിന്നുകൊണ്ട്:
16 “ ‘ഹാ ഭയങ്കരം! ഭയങ്കരം! മഹാനഗരമേ,
മൃദുലവസ്ത്രവും ഊതവസ്ത്രവും രക്താംബരവും ധരിച്ച്;
സ്വർണം, വിലയേറിയ രത്നങ്ങൾ, മുത്തുകൾ എന്നിവയണിഞ്ഞ് ശോഭിച്ചിരുന്നവളേ!
17 ഇത്ര ഭീമമായ സമ്പത്ത് ഒറ്റ മണിക്കൂറിൽ നശിച്ചുപോയല്ലോ!’
എന്നു പറഞ്ഞ് അതിദുഃഖത്തോടെ വിലപിക്കും.
“എല്ലാ കപ്പലുകളിലെയും സകലയാത്രികരും നാവികരും കപ്പിത്താന്മാരും സമുദ്രത്തിൽ തൊഴിലെടുക്കുന്ന സകലരും ദൂരത്തുനിന്ന് 18 അവൾ കത്തിയമരുന്നതിന്റെ പുക കണ്ട്, ‘ഈ മഹാനഗരംപോലൊരു നഗരം വേറെ ഏതുണ്ടായിരുന്നിട്ടുള്ളൂ?’ എന്നു പറഞ്ഞു വിലപിക്കും. 19 അവർ തങ്ങളുടെ തലയിൽ പൂഴി വാരിയിട്ട് ദുഃഖിച്ചുകൊണ്ട് ഇങ്ങനെ വിലപിക്കും:
“ ‘ഹാ ഭയങ്കരം! ഭയങ്കരം! മഹാനഗരമേ,
കപ്പലുടമകളെയെല്ലാം
നിന്റെ ഐശ്വര്യംകൊണ്ടു സമ്പന്നയാക്കിയവളേ,
നീ ഒറ്റ മണിക്കൂറിൽ ഭസ്മീകൃതമായല്ലോ!’
20 “ദൂതൻ തുടർന്നു പറഞ്ഞത്:
“ ‘അല്ലയോ, സ്വർഗമേ,
വിശുദ്ധരേ,
അപ്പൊസ്തലന്മാരേ, പ്രവാചകന്മാരേ, അവളെച്ചൊല്ലി ആനന്ദിക്കുക!’
ദൈവം നിങ്ങൾക്കുവേണ്ടി അവളെ ന്യായംവിധിച്ചിരിക്കുന്നു
അവൾ നിങ്ങളെ ശിക്ഷിച്ച ശിക്ഷയാൽത്തന്നെ ദൈവം അവളെ ന്യായംവിധിച്ചിരിക്കുന്നു.”
21 ശക്തനായൊരു ദൂതൻ തിരികല്ലുപോലെയുള്ള ഒരു വലിയ കല്ലെടുത്തു സമുദ്രത്തിലേക്കെറിഞ്ഞുകൊണ്ടു പറഞ്ഞത്:
“മഹാനഗരമായ ബാബേൽ
ഇങ്ങനെ അതിശക്തിയോടെ വലിച്ചെറിയപ്പെടും,
പിന്നീടൊരിക്കലും അതിനെ കണ്ടെത്തുകയുമില്ല.
22 വൈണികന്മാർ, സംഗീതജ്ഞർ, ഓടക്കുഴൽ വാദനക്കാർ, കാഹളം മുഴക്കുന്നവർ എന്നിവരുടെ സംഗീതം
ഇനിയൊരിക്കലും നിന്നിൽനിന്നു കേൾക്കുകയില്ല.
ഒരുതരത്തിലുമുള്ള കരകൗശലവിദഗ്ധരെയും
ഇനി നിന്നിൽ കാണുകയില്ല.
ഇനിയൊരിക്കലും തിരികല്ലിന്റെ ശബ്ദം
നിന്നിൽനിന്ന് ഉയരുകയുമില്ല.
23 ഒരു ദീപവും
ഇനി നിന്നിൽ ജ്വലിക്കുകയില്ല.
വധൂവരന്മാരുടെ ഉല്ലാസഘോഷം
ഇനി നിന്നിൽ കേൾക്കുകയില്ല.
നിന്റെ വ്യാപാരികൾ ഭൂമിയിലെ പ്രധാനികളായിരുന്നു.
ആഭിചാരത്താൽ നീ സകലജനതയെയും വഞ്ചിച്ചിരുന്നു.
24 ഭൂമിയിൽ സംഹരിക്കപ്പെട്ട എല്ലാ പ്രവാചകരുടെയും
വിശുദ്ധരുടെയും രക്തം നിന്നിലല്ലോ കാണപ്പെട്ടത്.”