ശത്രുക്കളുടെ പതനത്തിൽ സഭ ആനന്ദിക്കുന്നു
വിഗ്രഹാരാധകരും പീഡകരുമായ തന്റെ ശത്രുക്കളുടെ പതനത്തിൽ ആത്മികസഭ ആനന്ദിക്കുന്നു.
ക്രി.പി. 96
Biblica® Open Malayalam Contemporary Version™ (OMCV)
1 ഇതിനുശേഷം ഞാൻ വലിയൊരു ജനാരവംപോലെ സ്വർഗത്തിൽനിന്ന് പറയുന്നതു കേട്ടു:
“ഹല്ലേലുയ്യാ!
രക്ഷയും മഹത്ത്വവും ശക്തിയും നമ്മുടെ ദൈവത്തിന്റേതുമാത്രം,
2 അവിടത്തെ ന്യായവിധികൾ സത്യവും നീതിയുമുള്ളവതന്നെ.
വേശ്യാവൃത്തികൊണ്ടു ഭൂമിയെ മലീമസമാക്കിയ മഹാവേശ്യയുടെ
ന്യായവിധി അവിടന്നു നടപ്പാക്കിയിരിക്കുന്നു;
ദൈവം തന്റെ ദാസന്മാരുടെ രക്തത്തിന് അവളോടു പ്രതികാരം ചെയ്തിരിക്കുന്നു.”
3 പിന്നെയും അവരുടെ ഘോഷം മുഴങ്ങിയത്:
“ഹല്ലേലുയ്യാ!
അവളുടെ ന്യായവിധിയുടെ പുക എന്നെന്നേക്കും ഉയർന്നുകൊണ്ടിരിക്കുന്നു.”
4 ഇരുപത്തിനാലു മുഖ്യന്മാരും നാലു ജീവികളും സിംഹാസനസ്ഥനായ ദൈവത്തിനുമുമ്പാകെ വീണു വണങ്ങിക്കൊണ്ട്,
“ആമേൻ, ഹല്ലേലുയ്യാ!”
എന്ന് ആർത്തു.
5 അപ്പോൾ സിംഹാസനത്തിൽനിന്ന് ഒരു ശബ്ദം കേൾക്കുമാറായി:
“വലിയവരും ചെറിയവരുമായി
ദൈവഭക്തരായവരേ,
സകലസേവകരുമേ,
നമ്മുടെ ദൈവത്തെ സ്തുതിക്കുക.”
6 അപ്പോൾ വലിയ ജനാരവംപോലെയും വൻ ജലപ്രവാഹത്തിന്റെ ഇരമ്പൽപോലെയും അതിശക്തമായ ഇടിമുഴക്കംപോലെയുമുള്ള ഒരു ശബ്ദം ഞാൻ കേട്ടത്:
“ഹല്ലേലുയ്യാ!
സർവശക്തിയുള്ള ദൈവമായ നമ്മുടെ കർത്താവ് വാണരുളുന്നു.
7 നമുക്ക് ആനന്ദത്തോടും ആഹ്ലാദത്തോടും
അവിടത്തേക്ക് മഹത്ത്വം നൽകാം;
കുഞ്ഞാടിന്റെ വിവാഹം വന്നുചേർന്നല്ലോ;
മണവാട്ടിയും അതിനായി സ്വയം ഒരുങ്ങിയിരിക്കുന്നു.
8 ശുദ്ധശുഭ്രവും ഉജ്ജ്വലവുമായ വസ്ത്രം
അവൾക്കു ധരിക്കാൻ നൽകപ്പെട്ടിരിക്കുന്നു.”
ആ മൃദുലചണവസ്ത്രം വിശുദ്ധരുടെ നീതിപ്രവൃത്തികളാണ്.
9 പിന്നെ, ദൂതൻ എന്നോടു പറഞ്ഞത്: “ഇങ്ങനെ എഴുതുക; കുഞ്ഞാടിന്റെ വിവാഹവിരുന്നിനു ക്ഷണം ലഭിച്ചവർ അനുഗൃഹീതർ.” തുടർന്ന് എന്നോട്, “ഇവ ദൈവത്തിന്റെ സത്യവചനങ്ങൾതന്നെ” എന്നും പറഞ്ഞു.
10 ഇതു കേട്ടമാത്രയിൽ ദൂതനെ നമസ്കരിക്കാൻ ഞാൻ അദ്ദേഹത്തിന്റെ കാൽക്കൽവീണു. എന്നാൽ അദ്ദേഹം എന്നോട്, “അരുതരുതേ! ഞാൻ നിനക്കും യേശുവിന്റെ സാക്ഷ്യംവഹിക്കുന്ന നിന്റെ സഹോദരങ്ങൾക്കുമൊപ്പം ഒരു സഹദാസൻമാത്രമാണ്. ദൈവത്തെമാത്രം ആരാധിക്കുക; യേശുവിന്റെ സാക്ഷ്യംവഹിക്കുകയാണ് പ്രവചനത്തിന്റെ അന്തസ്സത്ത” എന്നു പറഞ്ഞു.
തിന്മയുടെ പതനത്തിൽ ദൈവപുത്രൻ മിക്കവാറും പ്രത്യക്ഷപ്പെടുന്നു
തിന്മയുടെ അന്തിമമായ പതനസമയത്ത്, ഗോത്രപിതാക്കന്മാർക്കും തന്റെ പുനരുത്ഥാനത്തിനുശേഷം അപ്പൊസ്തലന്മാർക്കും പ്രത്യക്ഷനായതുപോലെ, ദൈവപുത്രന്റെ സംഭാവ്യമായ ദൃശ്യപ്രത്യക്ഷത; ഒരു പുതിയ വ്യവസ്ഥയുടെ ആരംഭവും, ഒരു ആത്മീയസഭയുടെ വിജയവും.
11 പിന്നീട്, സ്വർഗം തുറക്കപ്പെട്ടിരിക്കുന്നതു ഞാൻ കണ്ടു. ഇതാ, ഒരു വെള്ളക്കുതിര! അതിന്റെ പുറത്തിരിക്കുന്നയാൾ വിശ്വസ്തൻ എന്നും സത്യവാൻ എന്നും വിളിക്കപ്പെടുന്നു. അദ്ദേഹം ന്യായംവിധിക്കുന്നതും അടരാടുന്നതും നീതിയോടെയായിരിക്കും. 12 അദ്ദേഹത്തിന്റെ കണ്ണുകൾ അഗ്നിജ്വാലയ്ക്കു സമാനമായിരുന്നു. ശിരസ്സിൽ അനേകം കിരീടങ്ങളും ധരിച്ചിരുന്നു; മറ്റാർക്കും അറിയാൻ കഴിയാത്ത എഴുതപ്പെട്ട ഒരു നാമം അദ്ദേഹത്തിനുണ്ട്. 13 രക്തത്തിൽ മുക്കിയെടുത്ത ഒരു വസ്ത്രം അദ്ദേഹം ധരിച്ചിരിക്കുന്നു; ദൈവവചനം എന്നാകുന്നു അദ്ദേഹത്തിന്റെ നാമധേയം. 14 ശുദ്ധവും ശുഭ്രവും ഉജ്ജ്വലവുമായ വസ്ത്രം ധരിച്ച സ്വർഗീയസൈന്യങ്ങൾ വെള്ളക്കുതിരകളിന്മേൽ അദ്ദേഹത്തെ അനുഗമിച്ചു. 15 ജനതകളെ വെട്ടിവീഴ്ത്താൻവേണ്ടി മൂർച്ചയേറിയ ഒരു വാൾ അദ്ദേഹത്തിന്റെ വായിൽനിന്നു പുറപ്പെടുന്നു. “ഇരുമ്പു ചെങ്കോൽകൊണ്ട് അദ്ദേഹം അവരെ ഭരിക്കും.” സർവശക്തനായ ദൈവത്തിന്റെ ഉഗ്രക്രോധം എന്ന മുന്തിരിച്ചക്ക് അദ്ദേഹം ചവിട്ടിമെതിക്കുന്നു.
16 രാജാധിരാജാവ്, കർത്താധികർത്താവ്,
എന്ന നാമം അദ്ദേഹത്തിന്റെ വസ്ത്രത്തിന്മേലും തുടയിന്മേലും ആലേഖനംചെയ്തിരിക്കുന്നു.
17 ഒരു ദൂതൻ സൂര്യനിൽ നിൽക്കുന്നതു ഞാൻ കണ്ടു. ആകാശമധ്യേ പറക്കുന്ന സകലപക്ഷികളോടും അയാൾ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്: 18 “ദൈവം ഒരുക്കുന്ന വലിയ അത്താഴവിരുന്നിൽ രാജാക്കന്മാർ, സൈന്യാധിപന്മാർ, വീരന്മാർ; കുതിരകളും അവയുടെമേൽ സവാരി ചെയ്യുന്നവരും; സ്വതന്ത്രർ, അടിമകൾ, ചെറിയവർ, വലിയവർ എന്നിങ്ങനെയുള്ള സകലരുടെയും മാംസം ഭക്ഷിക്കാൻ വന്നുകൂടുക,” എന്നായിരുന്നു.
19 അപ്പോൾ, കുതിരപ്പുറത്തിരിക്കുന്നയാളിനോടും അദ്ദേഹത്തിന്റെ സൈന്യത്തോടും യുദ്ധംചെയ്യാൻ ഒരുങ്ങി മൃഗവും ഭൂമിയിലെ രാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ച് അണിനിരന്നിരിക്കുന്നതു ഞാൻ കണ്ടു. 20 അത്ഭുതചിഹ്നങ്ങൾ കാട്ടി മനുഷ്യനെ ഭ്രമിപ്പിച്ച് മൃഗത്തിന്റെ മുദ്ര സ്വീകരിക്കാനും അതിന്റെ പ്രതിമയെ നമസ്കരിക്കാനും ഇടയാക്കിയ വ്യാജപ്രവാചകനെയും ആ മൃഗത്തെയും ബന്ധനസ്ഥരാക്കി എരിയുന്ന ഗന്ധകപ്പൊയ്കയിൽ ജീവനോടെ എറിഞ്ഞുകളഞ്ഞു. 21 ശേഷിച്ചവരെ കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ വായിൽനിന്നു പുറപ്പെട്ട വാൾകൊണ്ടു കൊന്നുകളയുകയും സകലപക്ഷികളും അവരുടെ മാംസം തിന്നു തൃപ്തിയടയുകയും ചെയ്തു.
സഹസ്രാബ്ദത്തേക്ക് സാത്താൻ ബന്ധിക്കപ്പെടുന്നു
തിന്മയുടെ പതനത്തോടൊപ്പമുണ്ടായ ദീർഘകാല പ്രക്ഷോഭങ്ങൾക്കും യുദ്ധങ്ങൾക്കും വിപ്ലവങ്ങൾക്കും ശേഷം, സഹസ്രാബ്ദം നീളുന്ന വിശ്രമകാലം ആരംഭിക്കുന്നു; സാത്താനെ ബന്ധിക്കുന്നതിലൂടെ ഇത് ചിത്രീകരിക്കപ്പെടുന്നു. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിൽ അനേകരുടെ ആത്മാക്കൾ അവിടുത്തോടൊപ്പം ഉയിർത്തെഴുന്നേറ്റതുപോലെ, ഈ കാലത്ത് (2000–3000) അവിടുന്നു ദൃശ്യമായി പ്രത്യക്ഷപ്പെടുമ്പോൾ രക്തസാക്ഷികളുടെയും വിശ്വസ്തസഭയുടെയും ആത്മാക്കൾ ക്രിസ്തുവിനോടൊപ്പം വീണ്ടും ജീവിക്കുമെന്ന് പറയപ്പെടുന്നു.
1 അതിനുശേഷം, ഒരു ദൂതൻ അഗാധഗർത്തത്തിന്റെ താക്കോലും വലിയൊരു ചങ്ങലയും കൈയിൽ പിടിച്ചുകൊണ്ട് സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. 2 അയാൾ പിശാചും സാത്താനുമായ പുരാതന സർപ്പം എന്ന മഹാവ്യാളിയെ പിടിച്ചടക്കി ആയിരം വർഷത്തേക്കു ബന്ധിച്ചു. 3 ഇനിമേൽ ജനതകളെ വഞ്ചിക്കാതിരിക്കാൻ അവനെ അഗാധഗർത്തത്തിലേക്ക് എറിഞ്ഞു. ആയിരം വർഷം പൂർത്തിയാകുന്നതുവരെ അത് അടച്ചുപൂട്ടി മീതേ മുദ്രവെച്ചു. ഇതിനുശേഷം അൽപ്പസമയത്തേക്ക് അവനെ സ്വതന്ത്രനാക്കേണ്ടതാണ്.
4 തുടർന്ന് ഞാൻ സിംഹാസനങ്ങൾ കണ്ടു. സിംഹാസനസ്ഥരായവർക്കു ന്യായംവിധിക്കാനുള്ള അധികാരം നൽകപ്പെട്ടു. യേശുവിനെക്കുറിച്ചുള്ള സാക്ഷ്യവും ദൈവവചനവും നിമിത്തം ശിരച്ഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെയും ഞാൻ കണ്ടു. അവർ മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതെയും നെറ്റിമേലോ കൈകളിന്മേലോ അതിന്റെ മുദ്ര സ്വീകരിക്കാതെയും ഇരുന്നവരാണ്. അവർ ജീവിച്ചെഴുന്നേറ്റ് ക്രിസ്തുവിനോടുകൂടെ ആയിരം വർഷം ഭരിച്ചു. 5 മൃതരിൽ അവശേഷിച്ചവർ ആയിരം വർഷം പൂർത്തിയാകുന്നതുവരെ ജീവിച്ചെഴുന്നേറ്റില്ല. ഇത് ഒന്നാംപുനരുത്ഥാനം. 6 ഒന്നാംപുനരുത്ഥാനത്തിൽ പങ്കുള്ളവർ അനുഗൃഹീതരും വിശുദ്ധരുമാകുന്നു. ഇവരുടെമേൽ രണ്ടാംമരണത്തിന് അധികാരം ഇല്ല. ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതരായി ക്രിസ്തുവിനോടുകൂടെ ആയിരം വർഷം അവർ ഭരിക്കും.
തിന്മ വീണ്ടും ഉയരുന്നു, തുടർന്ന് അന്തിമന്യായവിധി
സഹസ്രാബ്ദ വ്യവസ്ഥാകാലത്തിന്റെ അവസാനത്തോടടുത്ത് തിന്മയുടെ ആത്മാവ് വീണ്ടും ഉയരാൻ തുടങ്ങുന്നു. എന്നാൽ പൊതുവായ പുനരുത്ഥാനവും മനുഷ്യരാശിയുടെ അന്തിമന്യായവിധിയും അതിന്റെ തുടർന്നുള്ള മുന്നേറ്റം തടയുന്നു.
7 ആയിരം വർഷം പൂർത്തിയായിക്കഴിയുമ്പോൾ സാത്താനെ അവന്റെ തടവറയിൽനിന്ന് അഴിച്ചുവിടും. 8 അയാൾ പുറപ്പെട്ട് ഭൂമിയുടെ നാലു ദിക്കുകളിലുമുള്ള ജനതകളായ ഗോഗ്, മാഗോഗ് എന്നിവരെ വശീകരിച്ചു യുദ്ധത്തിനു കൂട്ടിച്ചേർക്കും. അവർ കടൽപ്പുറത്തെ മണൽപോലെ അസംഖ്യമാണ്. 9 അവർ ഭൂമിയിൽ എല്ലായിടവും സഞ്ചരിച്ച് ദൈവജനത്തിന്റെ പാളയത്തെയും ദൈവത്തിനു പ്രിയപ്പെട്ട നഗരത്തെയും വളയും. എന്നാൽ സ്വർഗത്തിൽനിന്ന് അഗ്നിവർഷമുണ്ടായി അവർ ഭസ്മീകരിക്കപ്പെടും. 10 അവരെ വശീകരിച്ച പിശാചിനെ, മൃഗവും വ്യാജപ്രവാചകനും കിടക്കുന്ന എരിയുന്ന ഗന്ധകപ്പൊയ്കയിലേക്ക് എറിഞ്ഞുകളയും; അവർ രാപകൽ എന്നെന്നേക്കും ദണ്ഡിപ്പിക്കപ്പെടും.
11 പിന്നെ, ഞാൻ വലിയൊരു ശുഭ്രസിംഹാസനവും അതിന്മേൽ ഒരാളിരിക്കുന്നതും കണ്ടു. സിംഹാസനസ്ഥന്റെ സന്നിധിയിൽനിന്ന് ആകാശവും ഭൂമിയും അപ്രത്യക്ഷമായി. അവയെ പിന്നെ കണ്ടതുമില്ല. 12 വലിയവരും ചെറിയവരുമായി മരിച്ചവരെല്ലാവരും സിംഹാസനത്തിനുമുമ്പിൽ നിൽക്കുന്നതു ഞാൻ കണ്ടു. പുസ്തകങ്ങൾ തുറക്കപ്പെട്ടു; “ജീവന്റെ പുസ്തകം” എന്ന മറ്റൊരു പുസ്തകവും തുറന്നു. മരിച്ചവർ ഓരോരുത്തർക്കും പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന അവരുടെ പ്രവൃത്തികൾക്കനുസൃതമായി ന്യായവിധിയുണ്ടായി. 13 സമുദ്രം അതിലുള്ള മരിച്ചവരെ വിട്ടുകൊടുത്തു. മരണവും പാതാളവും അവയിലുള്ള മരിച്ചവരെയും വിട്ടുകൊടുത്തു. അവർ ഓരോരുത്തരും അവരവരുടെ പ്രവൃത്തികൾക്ക് അനുസൃതമായി ന്യായംവിധിക്കപ്പെട്ടു. 14 മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ എറിഞ്ഞുകളഞ്ഞു. ഈ തീപ്പൊയ്കയാണ് രണ്ടാമത്തെ മരണം. 15 ജീവന്റെ പുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടില്ലാത്ത എല്ലാവരെയും തീപ്പൊയ്കയിലേക്കു വലിച്ചെറിയും.
മരണവും തിന്മയും ദുഃഖവും ഇനിയില്ല
മനുഷ്യരാശിക്കിടയിൽ മരണവും തിന്മയും ദുഃഖവും ഇനിയുണ്ടാകാത്ത ഭാവിയിലെ നിത്യസന്തോഷത്തിന്റെ വിവരണം.
1 പിന്നീട് “ഞാൻ ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും” കണ്ടു. ആദ്യത്തെ ആകാശവും ഭൂമിയും നീങ്ങിപ്പോയി. ഇനിമേൽ സമുദ്രം ഇല്ല. 2 മണവാളനുവേണ്ടി അണിയിച്ചൊരുക്കപ്പെട്ട മണവാട്ടിയെപ്പോലെ പുതിയ ജെറുശലേം എന്ന വിശുദ്ധനഗരം സ്വർഗത്തിൽനിന്ന്, അതേ ദൈവത്തിൽനിന്നുതന്നെ ഇറങ്ങിവരുന്നതു ഞാൻ കണ്ടു. 3 അപ്പോൾ സിംഹാസനത്തിൽനിന്ന് അത്യുച്ചത്തിലുള്ള ഒരു ശബ്ദം ഞാൻ കേട്ടു: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ തിരുനിവാസം; അവിടന്ന് അവരുടെ ഇടയിൽ വസിക്കും. അവർ അവിടത്തെ സ്വന്തം ജനമായിരിക്കും. ദൈവംതന്നെ അവരോടുകൂടെയിരുന്ന് അവരുടെ സ്വന്തം ദൈവമായിരിക്കുകയും ചെയ്യും. 4 അവിടന്ന് അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും; ഇനിമേലാൽ മരണമോ വിലാപമോ രോദനമോ വേദനയോ ഉണ്ടാകില്ല; പഴയതെല്ലാം നീങ്ങിപ്പോയല്ലോ!”
ഈ സന്തോഷത്തിൽ പങ്കുചേരാൻ ക്രിസ്തു എല്ലാവരെയും ക്ഷണിക്കുന്നു
ഈ ചിത്രീകരണത്തിന്റെ ഉറപ്പും സത്യവും ക്രിസ്തു പ്രഖ്യാപിക്കുകയും ഈ സന്തോഷത്തിൽ പങ്കുചേരാൻ എല്ലാ മനുഷ്യരെയും ക്ഷണിക്കുകയും ചെയ്യുന്നു.
5 സിംഹാസനസ്ഥൻ എന്നോടു പറഞ്ഞത്: “ഇതാ, ഞാൻ സകലത്തെയും പുതിയതാക്കുന്നു.” അവിടന്ന് എന്നോടു തുടർന്ന് കൽപ്പിച്ചത്, “ഈ വചനങ്ങൾ വിശ്വസനീയവും സത്യസന്ധവുമാകുകയാൽ ഇവ എഴുതുക.”
6 അവിടന്ന് പിന്നെയും എന്നോട് അരുളിച്ചെയ്തത്: “പര്യവസാനിച്ചിരിക്കുന്നു! ഞാൻ ആൽഫയും ഒമേഗയും—ആരംഭവും അവസാനവും—ആകുന്നു. ദാഹമുള്ളയാൾക്ക് ഞാൻ ജീവജലത്തിന്റെ ഉറവിൽനിന്ന് സൗജന്യമായി കുടിക്കാൻ നൽകും. 7 വിജയിക്കുന്നവർ ഇവയ്ക്കെല്ലാം അവകാശിയാകും. ഞാൻ അവർക്ക് ദൈവവും അവർ എനിക്കു പുത്രരും ആയിരിക്കും. 8 എന്നാൽ ഭീരുക്കൾ, വിശ്വാസത്യാഗികൾ, നികൃഷ്ടർ, കൊലപാതകികൾ, വ്യഭിചാരികൾ, ദുർമന്ത്രവാദികൾ, വിഗ്രഹാരാധകർ, വ്യാജംപറയുന്നവർ, ഇങ്ങനെയുള്ളവരെല്ലാം രണ്ടാമത്തെ മരണമായ ഗന്ധകം കത്തിയെരിയുന്ന തീപ്പൊയ്കയ്ക്കാണ് അവകാശികളാകുന്നത്.”