പുതിയ ജെറുശലേമും ഒരു പുതിയ പറുദീസയും
മുഴുവൻ മനുഷ്യരാശിയിൽനിന്നും ഒരുമിച്ചുചേർക്കപ്പെട്ട സ്വർഗീയസഭയുടെ ആത്മികസന്തോഷം, പുതിയ ജെറുശലേമിന്റെയും മറ്റൊരു പറുദീസയുടെയും പ്രതീകങ്ങളിലൂടെ കൂടുതൽ ചിത്രീകരിക്കുന്നു. മുൻപുണ്ടായിരുന്ന രണ്ട് വ്യവസ്ഥാകാലങ്ങളിലും സ്വർഗീയാവസ്ഥയുടെ സുപരിചിതമായ പ്രതിരൂപങ്ങളായിരുന്നു ഇവ.
ക്രി.പി. 96
Biblica® Open Malayalam Contemporary Version™ (OMCV)
9 അന്ത്യബാധകൾ ഏഴും നിറഞ്ഞ ഏഴു കുംഭങ്ങൾ കൈവശമുള്ള ഏഴു ദൂതന്മാരിൽ ഒരുവൻ വന്ന് എന്നോടു പറഞ്ഞത്: “വരിക, കുഞ്ഞാടിന്റെ പത്നിയായിത്തീരേണ്ട മണവാട്ടിയെ ഞാൻ കാണിച്ചുതരാം.” 10 പിന്നെ അയാൾ എന്നെ ആത്മാവിൽ വലുപ്പമേറിയതും ഉന്നതവുമായ ഒരു പർവതത്തിലേക്കു കൂട്ടിക്കൊണ്ടുപോയി; സ്വർഗത്തിൽനിന്ന്, അതേ ദൈവത്തിൽനിന്നുതന്നെ ഇറങ്ങിവരുന്നതായ ജെറുശലേം എന്ന വിശുദ്ധനഗരം എനിക്കു കാണിച്ചുതന്നു. 11 ദൈവികപ്രഭയിൽ അതു വെട്ടിത്തിളങ്ങിക്കൊണ്ടിരുന്നു. ആ പ്രഭ ഏറ്റവും വിലയേറിയ രത്നത്തിന്റേതുപോലെ—അച്ഛസ്ഫടികമായ സൂര്യകാന്തത്തിന്റേതുപോലെ ആയിരുന്നു. 12 അതിന് ഉയർന്ന ഒരു വലിയ കോട്ടയും കോട്ടയ്ക്കു പന്ത്രണ്ട് കവാടങ്ങളും കവാടങ്ങളിൽ ഓരോന്നിലും കാവലായി ഓരോ ദൂതന്മാരും ഉണ്ട്. ഓരോ കവാടത്തിലും ഇസ്രായേൽഗോത്രങ്ങളിൽ ഓരോന്നിന്റെയും നാമം രേഖപ്പെടുത്തിയിരിക്കുന്നു. 13 മൂന്നു കവാടങ്ങൾ കിഴക്കും മൂന്നു കവാടങ്ങൾ വടക്കും മൂന്നു കവാടങ്ങൾ തെക്കും മൂന്നു കവാടങ്ങൾ പടിഞ്ഞാറും ആയിരുന്നു. 14 നഗരത്തിന്റെ കോട്ടമതിലിന് പന്ത്രണ്ട് അടിസ്ഥാനശിലകളും അവയിൽ ഓരോന്നിലും കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഓരോരുത്തരുടെ പേരും ഉണ്ട്.
15 എന്നോടു സംസാരിച്ച ദൂതന്റെ കൈവശം നഗരവും അതിന്റെ കവാടങ്ങളും കോട്ടയും അളക്കുന്നതിനു തങ്കംകൊണ്ടുള്ള ഒരു ദണ്ഡ് ഉണ്ടായിരുന്നു. 16 സമചതുരമായിരുന്നു നഗരം; അതിന്റെ നീളവും വീതിയും തുല്യം. ദൂതൻ ദണ്ഡുകൊണ്ടു നഗരത്തെ അളന്നു. അതിന്റെ നീളം ഏകദേശം 2,200 കിലോമീറ്റർ; അതിന്റെ നീളവും വീതിയും ഉയരവും തുല്യമായിരുന്നു. 17 പിന്നെ ദൂതൻ അതിന്റെ കോട്ട അളന്നു. ദൂതൻ അളക്കാൻ ഉപയോഗിച്ച ദണ്ഡ് മാനുഷികമാനദണ്ഡമനുസരിച്ച് അറുപത്തഞ്ച് മീറ്റർ ആയിരുന്നു. 18 കോട്ട നിർമിച്ചിരിക്കുന്നത് സൂര്യകാന്തക്കല്ലുകൊണ്ടും നഗരമാകട്ടെ, അച്ഛസ്ഫടികംപോലെയുള്ള തങ്കംകൊണ്ടുമായിരുന്നു. 19 കോട്ടയുടെ അടിസ്ഥാനശിലകൾ സർവവിധരത്നങ്ങളാൽ അലങ്കരിക്കപ്പെട്ടിരുന്നു. ഒന്നാമത്തെ അടിസ്ഥാനശില സൂര്യകാന്തം, രണ്ടാമത്തേതു നീലരത്നം, മൂന്നാമത്തേതു വൈഡൂര്യം, നാലാമത്തേതു മരതകം, 20 അഞ്ചാമത്തേതു നഖവർണി, ആറാമത്തേതു ചെമപ്പുകല്ല്, ഏഴാമത്തേതു ചന്ദ്രകാന്തം, എട്ടാമത്തേതു ഗോമേദകം, ഒൻപതാമത്തേതു പുഷ്യരാഗം, പത്താമത്തേതു പവിഴം, പതിനൊന്നാമത്തേതു പത്മരാഗം, പന്ത്രണ്ടാമത്തേതു ശ്യാമളവൈഢൂര്യം. 21 പന്ത്രണ്ട് കവാടങ്ങളാകട്ടെ, പന്ത്രണ്ട് മുത്തുകളായിരുന്നു; ഓരോ കവാടവും ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥികൾ അച്ഛസ്ഫടികത്തിനു തുല്യമായ തങ്കവുമായിരുന്നു.
22 നഗരത്തിൽ വിശുദ്ധമന്ദിരം കണ്ടില്ല; സർവശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആയിരുന്നു. 23 നഗരത്തിൽ പ്രകാശിക്കേണ്ടതിനായി സൂര്യന്റെയോ ചന്ദ്രന്റെയോ ആവശ്യമില്ല; കാരണം, ദൈവതേജസ്സ് അതിനെ പ്രശോഭിതമാക്കിയിരുന്നു; കുഞ്ഞാട് അതിന്റെ വിളക്ക് ആകുന്നു. 24 ജനതകൾ അതിന്റെ പ്രകാശത്തിൽ നടക്കും; ഭൂമിയിലെ രാജാക്കന്മാർ അവരുടെ സർവപ്രതാപത്തോടുംകൂടെ അതിലേക്കു വന്നുചേരും. 25 അതിന്റെ കവാടങ്ങൾ പകൽ ഒരിക്കലും അടയ്ക്കുകയില്ല; രാത്രി അവിടെ ഉണ്ടായിരിക്കുകയുമില്ല. 26 ജനതകൾ അവരുടെ മഹത്ത്വത്തോടെയും ബഹുമാനത്തോടെയും അതിലേക്കു വരും. 27 കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേരെഴുതപ്പെട്ടവരല്ലാതെ അശുദ്ധിയും മ്ലേച്ഛതയും വ്യാജവും പ്രവർത്തിക്കുന്ന ആർക്കും അതിൽ ഒരിക്കലും പ്രവേശനം ലഭിക്കുകയില്ല.
22:1 അതിനുശേഷം, ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്ന് പുറപ്പെട്ട് നഗരവീഥിയുടെ മധ്യത്തിലൂടെ ഒഴുകുന്ന പളുങ്കുസമാനം ശുഭ്രമായ ജീവജലനദി ദൂതൻ എനിക്കു കാണിച്ചുതന്നു. 2 നദിയുടെ ഇരുകരയിലും ജീവവൃക്ഷങ്ങൾ ഉണ്ട്; അത് ഓരോ മാസവും ഫലം കായ്ച്ച് പന്ത്രണ്ടുതരം ഫലംനൽകുന്നു. വൃക്ഷത്തിന്റെ ഇലകൾ ജനതകൾക്കു രോഗസൗഖ്യം വരുത്തുന്നതാണ്. 3 ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം നഗരമധ്യത്തിൽ ഉള്ളതിനാൽ ഇനിമേലാൽ ഒരു ശാപവും ഉണ്ടാകുകയില്ല. ദൈവത്തെയും കുഞ്ഞാടിനെയും അവിടത്തെ ശുശ്രൂഷകന്മാർ ആരാധിക്കും. 4 അവർ അവിടത്തെ മുഖം ദർശിക്കും. അവരുടെ നെറ്റിമേൽ തിരുനാമം രേഖപ്പെടുത്തിയിരിക്കും. 5 ഇനിമേൽ രാത്രി അവിടെ ഉണ്ടാകുകയില്ല. ദൈവമായ കർത്താവ് അവരുടെമേൽ പ്രകാശിക്കുന്നതിനാൽ ദീപപ്രഭയുടെയോ സൂര്യപ്രകാശത്തിന്റെയോ ആവശ്യം അവർക്കുണ്ടാകുകയില്ല. അവർ അനന്തകാലം രാജാക്കന്മാരായി ഭരിക്കും.
6 അതിനുശേഷം ദൂതൻ എന്നോടു പറഞ്ഞത്: “പ്രവാചകന്മാർക്ക് പ്രചോദനമേകിയ ദൈവമായ കർത്താവുതന്നെയാണ് സമീപഭാവിയിൽ സംഭവിക്കാനുള്ളത് അവിടത്തെ ദാസർക്കു പ്രദർശിപ്പിക്കാൻ അവിടത്തെ ദൂതനെ നിയോഗിച്ചിരിക്കുന്നത്, ആയതിനാൽ ഈ വചനങ്ങൾ വിശ്വസനീയവും സത്യസന്ധവും ആകുന്നു.”
7 “ഇതാ, ഞാൻ ഉടനെ വരുന്നു! ഈ പ്രവചനപുസ്തകത്തിലെ വചനങ്ങൾ അനുസരിക്കുന്നവർ അനുഗൃഹീതർ.”
8 യോഹന്നാൻ എന്ന ഞാൻതന്നെയാണ് ഈ കാര്യങ്ങൾ കേൾക്കുകയും കാണുകയുംചെയ്തത്. കേൾക്കുകയും കാണുകയുംചെയ്തശേഷം ഇവ എനിക്കു കാണിച്ചുതന്ന ദൂതനെ നമസ്കരിക്കേണ്ടതിനു ഞാൻ അദ്ദേഹത്തിന്റെ കാൽക്കൽവീണു. 9 എന്നാൽ അദ്ദേഹം എന്നോട്, “അരുതരുതേ! ഞാൻ നിങ്ങളെപ്പോലെ ഒരു ദാസൻമാത്രമാണ്. ഞാൻ നിനക്കും നിന്റെ സഹോദരങ്ങളായ പ്രവാചകർക്കും ഈ പുസ്തകത്തിലെ തിരുവചനങ്ങൾ അനുസരിക്കുന്നവർക്കും സമൻമാത്രമാണ്. ദൈവത്തെമാത്രം ആരാധിക്കുക” എന്നു പറഞ്ഞു.
പ്രവചനങ്ങൾ മുദ്രവെക്കരുത്
വെളിപ്പാടിലെ പ്രവചനങ്ങൾ മുഴുവൻ മനുഷ്യരാശിയുടെയും അറിവിനും ഉന്നമനത്തിനും വേണ്ടിയുള്ളതായതിനാൽ അവ മുദ്രവെക്കരുതെന്ന് ക്രിസ്തു പ്രഖ്യാപിക്കുന്നു.
10 തുടർന്ന് ദൂതൻ എന്നോടു പറഞ്ഞത്: “ഈ പ്രവചനങ്ങൾ നിവൃത്തിയാകുന്ന സമയം ആസന്നമായിരിക്കുകയാൽ, ഈ പുസ്തകത്തിലെ പ്രവചനവാക്യങ്ങൾക്ക് മുദ്രവെക്കരുത്. 11 അധർമികൾ ഇനിയും അധർമികളായിത്തന്നെ തുടരട്ടെ; അശുദ്ധർ ഇനിയും അശുദ്ധരായിത്തന്നെ തുടരട്ടെ. ധർമിഷ്ടർ നീതിപ്രവൃത്തികൾ ചെയ്യട്ടെ; വിശുദ്ധർ ഇനിയും വിശുദ്ധീകരിക്കട്ടെ.”
12 “ഇതാ, ഞാൻ ഉടനെ വരുന്നു! എന്റെപക്കൽ, ഓരോരുത്തർക്കും അവരവരുടെ പ്രവൃത്തികൾക്കനുസൃതമായി നൽകാനുള്ള പ്രതിഫലം ഉണ്ട്. 13 ഞാൻ ആൽഫയും ഒമേഗയും—ആദ്യനും അന്ത്യനും—ആരംഭവും അവസാനവും—ആകുന്നു.
14 “നഗരകവാടങ്ങളിലൂടെ പ്രവേശിക്കാനും ജീവവൃക്ഷഫലം ആസ്വദിക്കാനുള്ള അധികാരം ലഭിക്കാനും യോഗ്യത നേടേണ്ടതിന് ശുദ്ധീകരിക്കപ്പെട്ട വസ്ത്രങ്ങൾ ഉള്ളവർ അനുഗൃഹീതർ. 15 എന്നാൽ, നായ്ക്കളായ ദുർമന്ത്രവാദികൾ, അസാന്മാർഗികൾ, കൊലയാളികൾ, വിഗ്രഹാരാധകർ, വ്യാജം ഇഷ്ടപ്പെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ഇങ്ങനെയുള്ളവരുടെ സ്ഥാനം നഗരത്തിനു പുറത്തുതന്നെ.
ലോകത്തോടുള്ള ക്രിസ്തുവിന്റെ അവസാന അഭ്യർഥന
പ്രവചനത്തിന്റെ ആത്മാവിലൂടെ ക്രിസ്തു ഇപ്പോൾ ലോകത്തോടു തന്റെ അവസാനത്തെ അഭ്യർഥന നടത്തുന്നു. അവിടന്ന് തന്റെ ദൈവത്വവും മനുഷ്യത്വവും വീണ്ടും പ്രഖ്യാപിക്കുകയും, സകലമനുഷ്യവർഗത്തെയും ക്രൈസ്തവസഭയിലേക്കു ക്ഷണിക്കുകയും, തിരുവെഴുത്തുകളെ തങ്ങളുടെ വഴികാട്ടിയാക്കാൻ അവരോടു കൽപ്പിക്കുകയും, തന്റെ പുനരാഗമനം അറിയിക്കുകയും ചെയ്യുന്നു.
16 “സഭകൾക്കുവേണ്ടി ഇവയൊക്കെയും നിങ്ങളോടു സാക്ഷ്യപ്പെടുത്തേണ്ടതിന് യേശു എന്ന ഞാൻ എന്റെ ദൂതനെ അയച്ചിരിക്കുന്നു. ഞാൻ ദാവീദിന്റെ വേരും സന്തതിയുമായ, ഉജ്ജ്വലിക്കുന്ന പ്രഭാതനക്ഷത്രമാണ്.”
17 ആത്മാവും മണവാട്ടിയും പറയുന്നു, “വരിക!” ശ്രോതാവും പറയട്ടെ “വരിക!” ദാഹിക്കുന്നവർ വരിക, ജീവജലം ആഗ്രഹിക്കുന്നവർ സൗജന്യമായി സ്വീകരിക്കട്ടെ.
18 ഈ പുസ്തകത്തിലെ പ്രവചനവാക്കുകൾ കേൾക്കുന്ന എല്ലാവരോടും ഞാൻ സാക്ഷ്യപ്പെടുത്തുന്നത്: ആരെങ്കിലും ഈ വാക്കുകളോടു കൂട്ടിച്ചേർത്താൽ ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ബാധകൾ ദൈവം അവരോടും കൂട്ടിച്ചേർക്കും. 19 ആരെങ്കിലും ഈ പുസ്തകത്തിലെ പ്രവചനവാക്കുകൾ നീക്കംചെയ്താൽ ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന ജീവവൃക്ഷത്തിൽനിന്നും വിശുദ്ധനഗരത്തിൽനിന്നും അവർക്കുള്ള ഓഹരി ദൈവം നീക്കിക്കളയും.
20 ഈ കാര്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നയാൾ അരുളിച്ചെയ്യുന്നത്, “ഞാൻ ഉടനെ വരുന്നു, നിശ്ചയം!”
ആമേൻ! കർത്താവായ യേശുവേ, വരണമേ.
യോഹന്നാൻ ക്രിസ്തുവിന്റെ വരവിനായി വാഞ്ഛിക്കുന്നു
ക്രിസ്തുവിന്റെ വരവിനായുള്ള തീവ്രമായ വാഞ്ഛയോടും സഭകൾക്ക് അനുഗ്രഹത്തിനായുള്ള പ്രാർഥനയോടുംകൂടെ യോഹന്നാൻ വെളിപ്പാട് അവസാനിപ്പിക്കുന്നു.
21 കർത്താവായ യേശുവിന്റെ കൃപ ദൈവജനത്തോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.