യോഹന്നാൻ വ്യാജോപദേഷ്ടാക്കൾക്കെതിരേ എഴുതുന്നു
വ്യാജോപദേഷ്ടാക്കളുടെയും അവരുടെ വിവിധ വിഭാഗങ്ങളുടെയും തെറ്റുകളെ ഖണ്ഡിക്കാനാണ് യോഹന്നാൻ ഈ ലേഖനം എഴുതുന്നത്. ക്രിസ്തുവിന്റെ ശരീരവും കഷ്ടാനുഭവങ്ങളും യാഥാർഥ്യമല്ല, സാങ്കൽപ്പികമാണെന്നു വാദിച്ച് അവിടത്തെ മനുഷ്യത്വം നിഷേധിച്ച ഡോസെറ്റിസ്റ്റുകൾക്കെതിരേ അദ്ദേഹം എഴുതുന്നു (1 യോഹന്നാൻ 4:3). അവിടന്ന് കേവലം ഒരു മനുഷ്യനായിരുന്നെന്നും ദൈവികത പിന്നീട് അവിടത്തോടു ചേർക്കപ്പെട്ടതാണെന്നും അതിനാൽ പീഡാനുഭവവേളയിൽ അത് അവിടത്തെ വിട്ടുപോയെന്നും കരുതിയ സെറിന്ത്യൻമാർക്കും എബ്യോനൈറ്റുകൾക്കും എതിരേയും അദ്ദേഹം എഴുതുന്നു (1 യോഹന്നാൻ 2:22). ദൈവത്തെയും ക്രിസ്തുവിനെയും കുറിച്ചുള്ള അറിവു മാത്രം രക്ഷയ്ക്ക് മതിയെന്നും വിശ്വാസത്താൽ നീതീകരിക്കപ്പെട്ട് ന്യായപ്രമാണത്തിന്റെ നിയന്ത്രണങ്ങളിൽനിന്ന് സ്വതന്ത്രരായതിനാൽ ശിക്ഷയില്ലാതെ പാപത്തിൽ മുഴുകാമെന്നും പഠിപ്പിച്ച നിക്കൊലാവ്യർ അഥവാ ജ്ഞാനവാദികൾക്കെതിരേയും അദ്ദേഹം എഴുതുന്നു (വെളിപ്പാട് 2:15). ഈ ഉപദേശങ്ങളാലും ആചാരങ്ങളാലും വഴിതെറ്റിപ്പോകാതിരിക്കാൻ അദ്ദേഹം ക്രിസ്ത്യാനികൾക്ക് മുന്നറിയിപ്പു നൽകുകയും അവയെ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിക്കുകയും ചെയ്യുന്നു. അവർക്ക് ഉപദേശിച്ചുകൊടുത്തതും അവർ തുടർന്നും നിലനിൽക്കണമെന്ന് ഉദ്ബോധിപ്പിക്കുന്നതുമായ സുവിശേഷത്തിന്റെ സത്യങ്ങളോടും ഉപദേശങ്ങളോടും ഇവയ്ക്കുള്ള വൈരുധ്യം അദ്ദേഹം വ്യക്തമാക്കുന്നു.
ക്രി.പി. 96
Biblica® Open Malayalam Contemporary Version™ (OMCV)
ജീവന്റെ വചനത്തിന് യഥാർഥ ശരീരം ഉണ്ടായിരുന്നു
നിത്യതമുതൽ നിലനിന്നിരുന്ന യേശുക്രിസ്തുവിന് മനുഷ്യനെന്ന നിലയിൽ യഥാർഥ ശരീരം ഉണ്ടായിരുന്നുവെന്ന് ഉറപ്പിച്ചുപറഞ്ഞുകൊണ്ടാണ് യോഹന്നാൻ വ്യാജോപദേഷ്ടാക്കൾക്കെതിരേയുള്ള തന്റെ വാദം ആരംഭിക്കുന്നത്. അതിനു തെളിവായി, അവിടത്തെ പുനരുത്ഥാനത്തിനുശേഷം അവിടന്ന് സംസാരിക്കുന്നത് തങ്ങൾ കേൾക്കുകയും അവിടത്തെ കാണുകയും സ്പർശിക്കുകയും ചെയ്തിട്ടുണ്ടെന്നും തങ്ങളുടെ ഇന്ദ്രിയങ്ങളുടെ സാക്ഷ്യത്താൽ അവിടന്ന് അതേ വ്യക്തിതന്നെയാണെന്ന് ബോധ്യപ്പെട്ടെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. ജീവന്റെ ഉറവിടമായ, ദൈവത്തിന്റെ പുത്രൻ അഥവാ വചനം, ജഡത്തിൽ എല്ലാവർക്കും വെളിപ്പെട്ടു; അപ്പൊസ്തലന്മാർ അവിടത്തെ കണ്ടു. അവിടത്തെ സ്നാനത്തിലും രൂപാന്തരത്തിലും അവർക്കു വെളിപ്പെടുത്തപ്പെട്ടതും അവിടത്തേക്ക് പിതാവിനോടൊപ്പം ഉണ്ടായിരുന്നതുമായ നിത്യജീവനെക്കുറിച്ച് അവർ സാക്ഷ്യം വഹിക്കുന്നു. തങ്ങളുടെ സാക്ഷ്യം വിശ്വസിക്കുന്ന എല്ലാവർക്കും തങ്ങളോടൊപ്പം ദൈവത്തോടും ക്രിസ്തുവിനോടുമുള്ള കൂട്ടായ്മയിൽ പങ്കുചേരാൻ കഴിയേണ്ടതിന്, തങ്ങൾ കണ്ട അത്ഭുതങ്ങളും കേട്ട ഉപദേശങ്ങളും അപ്പൊസ്തലന്മാർ അറിയിക്കുന്നു. ദൈവികസ്വഭാവത്തോടുള്ള ഈ ഐക്യം അവരുടെ ആനന്ദം പൂർണമാക്കും.
1 ആരംഭംമുതലേ ഉണ്ടായിരുന്നതും ഞങ്ങൾ കേട്ടതും ഞങ്ങളുടെ കണ്ണുകൾ കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈകൾ സ്പർശിച്ചതുമായ ജീവന്റെ വചനത്തെക്കുറിച്ചാണ് ഞങ്ങൾ ഘോഷിക്കുന്നത്. 2 ഈ ജീവൻ പ്രത്യക്ഷപ്പെട്ടു; അത് ഞങ്ങൾ ദർശിച്ചു; ഞങ്ങൾ അതിന് സാക്ഷികളാകുകയും ചെയ്യുന്നു. പിതാവിനോടുകൂടെ ഇരുന്നതും ഞങ്ങൾക്കു വെളിപ്പെട്ടതുമായ നിത്യജീവൻ ഞങ്ങൾ നിങ്ങളോട് ഘോഷിക്കുന്നു. 3 നിങ്ങൾക്ക് ഞങ്ങളുമായി കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ് ഞങ്ങൾ കാണുകയും കേൾക്കുകയുംചെയ്തത് നിങ്ങളെ അറിയിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവിടത്തെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു. 4 ഞങ്ങളുടെ ആനന്ദം സമ്പൂർണമാകാനാണ് ഞങ്ങൾ ഇത് എഴുതുന്നത്.
ദൈവം വെളിച്ചവും പാപം ഇരുളുമാണ്
ദൈവകൃപയെ അധാർമികതയാക്കി മാറ്റിയവരുടെ ഉപദേശങ്ങളെ ഖണ്ഡിക്കാൻ, ദൈവം പൂർണവെളിച്ചമാണെന്നും, അതുകൊണ്ട് ലേശംപോലും അപൂർണതയോ അജ്ഞതയോ ഇല്ലാത്ത പൂർണപരിജ്ഞാനവും കളങ്കമറ്റ വിശുദ്ധിയുമാണെന്നും യോഹന്നാൻ പ്രഖ്യാപിക്കുന്നു. അതുകൊണ്ട്, ദൈവവുമായി കൂട്ടായ്മ അവകാശപ്പെടുകയും പാപകരമായ ജീവിതം നയിക്കുകയും ചെയ്യുന്നവർ, അന്ധകാരം വെളിച്ചത്തിനു വിരുദ്ധമായിരിക്കുന്നതുപോലെ, അവിടത്തെ വിശുദ്ധസ്വഭാവത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്നു. സാരാംശത്തിലും പൂർണമായും നിർമലനും വിശുദ്ധനുമായ അവിടന്നിൽനിന്നു ലഭിച്ച വെളിച്ചത്താൽ നടക്കുന്നവർക്കു ദൈവവുമായി കൂട്ടായ്മയുണ്ട്; ക്രിസ്തുവിന്റെ പ്രായശ്ചിത്തരക്തം അവരെ പാപത്തിൽനിന്നു ശുദ്ധീകരിക്കും. തങ്ങൾക്കു പാപമില്ലെന്നും അതുകൊണ്ട് ഒരു രക്ഷകന്റെ ആവശ്യമില്ലെന്നും പറയുന്നവർക്ക്, തങ്ങളുടെ സ്വന്തം ഹൃദയങ്ങളെക്കുറിച്ചോ, സുവിശേഷത്തിന്റെ മഹാസത്യമായ മനുഷ്യവർഗത്തിന്റെ വീഴ്ചയെയും വീണ്ടെടുപ്പിനെയും കുറിച്ചോ യാതൊരു അറിവുമില്ല. എന്നാൽ ആഴമായ കുറ്റബോധത്തോടെ, തന്റെ കരുണയുടെ വാഗ്ദാനങ്ങളിൽ വിശ്വസ്തനും (സങ്കീർത്തനം 32:5; സദൃശവാക്യങ്ങൾ 28:13), ക്രിസ്തു ദൈവികനീതിക്കു പ്രായശ്ചിത്തം ചെയ്തിരിക്കുന്നതിനാൽ തന്റെ സ്വന്തം പൂർണതകളോടു നീതിയുള്ളവനുമായ ദൈവത്തോടു തങ്ങളുടെ പാപങ്ങൾ ഏറ്റുപറയുന്നവരുടെ പാപങ്ങൾ ക്ഷമിക്കപ്പെടുകയും, പരിശുദ്ധാത്മാവിന്റെ വിശുദ്ധീകരിക്കുന്ന സ്വാധീനത്താൽ അവരുടെ ഹൃദയങ്ങൾ ശുദ്ധീകരിക്കപ്പെടുകയും ചെയ്യും. തങ്ങൾ പാപം ചെയ്തിട്ടില്ലെന്ന് അവകാശപ്പെടുന്നവർ ദൈവത്തെ ഭോഷ്കാളിയാക്കുന്നു; മനുഷ്യവർഗം മുഴുവനും അധഃപതിച്ച അവസ്ഥയിൽ, കുറ്റത്തിനും ശിക്ഷാവിധിക്കും കീഴിലാണെന്ന് തന്റെ വെളിപ്പാടിലുടനീളം പ്രഖ്യാപിക്കുന്ന അവിടത്തെ വചനത്തെക്കുറിച്ച് അവർക്കു യാതൊരു അറിവും ഉണ്ടായിരിക്കാൻ കഴിയില്ല.
5 ഞങ്ങൾ തിരുമൊഴി ശ്രവിച്ച് നിങ്ങളോട് അറിയിക്കുന്ന സന്ദേശം ഇതാണ്: ദൈവം പ്രകാശം ആകുന്നു; ദൈവത്തിൽ അന്ധകാരം അൽപ്പംപോലും ഇല്ല. 6 നമുക്ക് അവിടത്തോട് കൂട്ടായ്മ ഉണ്ടെന്നു പറയുകയും അന്ധകാരത്തിൽ ജീവിക്കുകയുംചെയ്യുന്നെങ്കിൽ നാം വ്യാജംപറയുകയാണ്; സത്യം അനുസരിച്ചു ജീവിക്കുന്നതുമില്ല. 7 അവിടന്നു പ്രകാശത്തിൽ ആയിരിക്കുന്നതുപോലെ നാമും പ്രകാശത്തിൽ ജീവിക്കുന്നെങ്കിൽ നമുക്ക് പരസ്പരം കൂട്ടായ്മയുണ്ട്; അവിടത്തെ പുത്രനായ യേശുവിന്റെ രക്തം സകലപാപത്തിൽനിന്നും നമ്മെ ശുദ്ധീകരിക്കുന്നു.
8 നമുക്കു പാപമില്ലെന്ന് നാം അവകാശപ്പെട്ടാൽ നമ്മെത്തന്നെ വഞ്ചിക്കുകയാണ്; സത്യം നമ്മിൽ വസിക്കുന്നതുമില്ല. 9 നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയുന്നു എങ്കിൽ അവിടന്ന് നമ്മുടെ പാപങ്ങൾ ക്ഷമിച്ച് എല്ലാ അനീതിയിൽനിന്നും നമ്മെ ശുദ്ധീകരിക്കും; അവിടന്ന് വിശ്വസ്തനും നീതിമാനും ആണല്ലോ. 10 നാം പാപംചെയ്തിട്ടില്ലെന്ന് അവകാശപ്പെടുന്നു എങ്കിൽ നാം ദൈവത്തെ അസത്യവാദി ആക്കുന്നു, അവിടത്തെ വചനം നമ്മിൽ നിവസിക്കുന്നുമില്ല.
നമ്മുടെ കാര്യസ്ഥനും യഥാർഥ വിശ്വാസത്തിന്റെ അടയാളവും
അവരുടെ ആത്മീയപിതാവെന്ന നിലയിൽ യോഹന്നാൻ പുതുതായി വിശ്വാസത്തിലേക്കു വന്നവരോടു സംസാരിക്കുന്നു. ക്രിസ്തുവിന്റെ രക്തത്താലുള്ള വീണ്ടെടുപ്പിൽ വെളിപ്പെട്ട ദൈവത്തിന്റെ കരുണ പാപത്തെ പ്രോത്സാഹിപ്പിക്കുകയല്ല, അവരെ പാപത്തിൽനിന്ന് അകറ്റിനിർത്തുകയാണു വേണ്ടതെന്ന് അദ്ദേഹം കാണിക്കുന്നു (സങ്കീർത്തനങ്ങൾ 130:4). ബലഹീനതനിമിത്തം പാപം ചെയ്യുന്നവർക്ക് പിതാവിനോടൊപ്പം നിലകൊള്ളുന്ന ഒരു കാര്യസ്ഥനുണ്ട്; അവിടന്ന് യെഹൂദരും യെഹൂദേതരരുമായ എല്ലാ വിശ്വാസികളുടെയും പാപങ്ങൾക്കുള്ള പ്രായശ്ചിത്തയാഗമാണ്. യഥാർഥ വിശ്വാസത്തിന്റെയും ദൈവത്തെക്കുറിച്ചുള്ള യഥാർഥ പരിജ്ഞാനത്തിന്റെയും ഉറപ്പുള്ള ഏക അടയാളം അവിടത്തെ കൽപ്പനകൾ പാലിക്കുന്നതാണ്. കാരണം, ജ്ഞാനവാദികൾ ചെയ്തതുപോലെ, ദൈവത്തെ അറിയുന്നെന്ന് അവകാശപ്പെടുകയും പാപത്തിൽ മുഴുകുകയും ചെയ്യുന്ന ഏതൊരാളും നുണയനും സത്യത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്നവനുമാണ്. എന്നാൽ അവിടത്തെ ഉപദേശങ്ങൾ പാലിക്കുന്നവരിൽ ക്രിസ്തുവിന്റെ മരണത്തിൽ പ്രകടമായ ദൈവസ്നേഹത്തിന്റെ ഉദ്ദേശ്യം പൂർണമാകുന്നു. തങ്ങളുടെ ഹൃദയങ്ങളിലും ജീവിതങ്ങളിലും അവിടത്തെ ആത്മാവിന്റെ സ്വാധീനത്താൽ തങ്ങൾക്ക് അവിടത്തോടു കൂട്ടായ്മയുണ്ടെന്ന് അവർ അറിയുന്നു. കാരണം, അവിടത്തെ ആത്മാവിലൂടെ ക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നെന്ന് അവകാശപ്പെടുന്ന ഏതൊരാളും ക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ നടന്നതുപോലെ നടക്കണം, അഥവാ പെരുമാറണം.
1 എന്റെ കുഞ്ഞുമക്കളേ, നിങ്ങൾ പാപംചെയ്യാതിരിക്കാനാണ് ഞാൻ ഇവ നിങ്ങൾക്ക് എഴുതുന്നത്. ആരെങ്കിലും പാപംചെയ്താൽ നമുക്ക് പിതാവിന്റെ അടുക്കൽ ഒരു വക്കീൽ ഉണ്ട്—നീതിമാനായ യേശുക്രിസ്തുതന്നെ. 2 അവിടന്ന് നമ്മുടെ പാപനിവാരണയാഗമാണ്. നമ്മുടേതുമാത്രമല്ല, സർവലോകത്തിന്റെയും പാപങ്ങൾക്കുവേണ്ടിത്തന്നെ.
3 ദൈവത്തിന്റെ കൽപ്പനകൾ പാലിക്കുന്നപക്ഷം നാം അവിടത്തെ അറിയുന്നു എന്നത് നമുക്കു വ്യക്തമാണ്. 4 ഒരാൾ “അവിടത്തെ അറിയുന്നു,” എന്നു പറയുകയും അവിടത്തെ കൽപ്പനകൾ പാലിക്കാതിരിക്കുകയും ചെയ്താൽ അയാൾ കള്ളനാണ്; അയാളിൽ സത്യമില്ല. 5 എന്നാൽ ഒരാൾ ദൈവവചനം അനുസരിക്കുന്നെങ്കിൽ ദൈവത്തോടുള്ള സ്നേഹം വാസ്തവമായും അയാളിൽ പരിപൂർത്തിയിൽ എത്തിയിരിക്കുന്നു. നാം ദൈവത്തിൽ വസിക്കുന്നു എന്ന് ഇങ്ങനെ അറിയാം 6 അവിടത്തോടുകൂടെ വസിക്കുന്നു എന്ന് അവകാശപ്പെടുന്നയാൾ യേശു ജീവിച്ചതുപോലെ ജീവിക്കേണ്ടതുണ്ട്.
പുതിയതാക്കപ്പെട്ട ഒരു പഴയ കൽപ്പന
ക്രിസ്തുവിനോടുള്ള വിശുദ്ധിയിലേക്കും അനുസരണത്തിലേക്കും അവരെ ഉദ്ബോധിപ്പിക്കുന്നതിൽ, യോഹന്നാൻ ഒരു പുതിയ കൽപ്പനയല്ല, പ്രകൃതിനിയമത്താലും മോശയുടെ വ്യവസ്ഥയാലും പഠിപ്പിക്കപ്പെട്ട ഒന്നാണ് എഴുതുന്നത് (ആവർത്തനപുസ്തകം 18:15). മറുവശത്ത്, അത് ഉന്നതമായ പ്രേരണകളാലും ബാധ്യതകളാലും പുതുക്കപ്പെടുകയും ഉറപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നതിനാൽ അതിനെ ഒരു പുതിയ കൽപ്പന എന്നു വിളിക്കാം: മോശയുടെ വ്യവസ്ഥയിലെ പ്രതീകങ്ങൾ ഇപ്പോൾ കഴിഞ്ഞുപോയിരുന്നു; സത്യത്തിന്റെ വെളിച്ചം അവയുടെ അർഥവും പൂർത്തീകരണവും ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രകാശിക്കുന്നു. തന്റെ സഹോദരനെ വെറുക്കുന്നവന് ദൈവവുമായി കൂട്ടായ്മയില്ല; യെഹൂദേതരരെ വെറുത്ത യെഹൂദരെപ്പോലെ, അവൻ എന്ത് അവകാശപ്പെട്ടാലും അന്ധകാരത്തിലും അജ്ഞതയിലുമാണ്. എന്നാൽ തന്റെ സഹോദരനെ സ്നേഹിക്കുന്നവൻ താൻ ക്രിസ്തുവിൽ ജീവിക്കുന്നു എന്നു തെളിയിക്കുന്നു. വെളിച്ചത്തിലായിരിക്കുന്നതിനാൽ അവനു തന്റെ വഴി കാണാൻ കഴിയും; ഇടറുന്നതിൽനിന്നോ ഇടർച്ച വരുത്തുന്നതിൽനിന്നോ അവൻ കാക്കപ്പെടുന്നു (യോഹന്നാൻ 11:9). എന്നാൽ അന്ധകാരത്തിൽ നടക്കുന്നവൻ, താൻ എവിടേക്കു പോകുന്നു എന്നറിയാതെ, സ്വന്തം നാശത്തിലേക്കു വീഴാനുള്ള ഏറ്റവും വലിയ അപകടത്തിലാണ്. ക്രിസ്തുവിനെപ്രതി തങ്ങളുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നതിനാൽ, തങ്ങളുടെ സ്വർഗീയപിതാവിന്റെ കുടുംബത്തിൽ പുതുതായി ജനിച്ചവരായ കുഞ്ഞുമക്കൾക്ക് യോഹന്നാൻ എഴുതുന്നു. ക്രൈസ്തവവിശ്വാസത്തിൽ ഏറ്റവും ദീർഘകാലം ഉണ്ടായിരുന്നവർക്ക്, നിത്യതമുതൽ ഉണ്ടായിരുന്ന ക്രിസ്തുവിന്റെ ഉപദേശങ്ങളെയും ജീവിതരീതിയെയും കുറിച്ചുള്ള ഏറ്റവും വലിയ അറിവിൽ അവർ എത്തിയിരുന്നതിനാൽ അദ്ദേഹം എഴുതുന്നു; ആത്മീയജീവന്റെ ഊർജസ്വലതയിലുള്ളവർക്ക്, അവർ ദുഷ്ടനെ ജയിച്ചിരുന്നതിനാൽ; അധികം പുരോഗതി പ്രാപിച്ചിട്ടില്ലാത്തവർക്ക്, അവർ ദത്തുപുത്രന്മാരായിരുന്നതിനാലും പരിശുദ്ധാത്മാവിനെ പ്രാപിച്ചിരുന്നതിനാലും. ദൈവത്തോടും മറ്റുള്ളവരോടുമുള്ള സ്നേഹത്തോടു ചേർന്നുപോകാൻ കഴിയാത്ത ലോകത്തെയോ ഭൗമികവസ്തുക്കളെയോ സ്നേഹിക്കരുതെന്ന്, അതിന്റെ വിവിധ ഘട്ടങ്ങളിലുമുള്ള ദൈവത്തിന്റെ മുഴുവൻ കുടുംബത്തിനും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു. കാരണം, അതിന്റെ എല്ലാ സുഖങ്ങളും പ്രതാപവും ബഹുമതികളും ദൈവത്തിൽനിന്നു വരുന്നില്ല, അവിടത്തേക്കു നയിക്കുന്നുമില്ല; അവ തന്നെ പിന്തുടരുന്നവരോടുകൂടെ കടന്നുപോകുന്ന ലോകത്തിന്റെ കാര്യങ്ങളാൽ ഉണർത്തപ്പെടുന്നവയാണ്. എന്നാൽ തങ്ങളുടെ ലൗകികമോഹങ്ങളെ മരണത്തിനേൽപ്പിച്ചുകൊണ്ട് ദൈവേഷ്ടം ചെയ്യുന്നവർ എന്നേക്കും ജീവിക്കും.
7 പ്രിയപ്പെട്ടവരേ, ഒരു പുതിയ കൽപ്പനയല്ല ഞാൻ നിങ്ങൾക്ക് എഴുതുന്നത്; ആരംഭംമുതൽ നിങ്ങൾക്ക് ഉണ്ടായിരുന്ന പഴയ കൽപ്പനതന്നെ. ഈ പഴയ കൽപ്പന നിങ്ങൾ കേട്ടിട്ടുള്ള വചനംതന്നെയാണ്. 8 എങ്കിലും, യേശുവിലും അതുപോലെതന്നെ നിങ്ങളിലും യാഥാർഥ്യമായിത്തീർന്ന പുതിയ ഒരു കൽപ്പനയാണ് ഞാൻ നിങ്ങൾക്ക് എഴുതുന്നത്. അന്ധകാരം നീങ്ങിപ്പോകുന്നു; സത്യപ്രകാശം ഇപ്പോൾത്തന്നെ ജ്വലിച്ചുകൊണ്ടുമിരിക്കുന്നു.
9 ഒരാൾ പ്രകാശത്തിൽ ഇരിക്കുന്നെന്ന് അവകാശപ്പെടുന്നു എങ്കിലും തന്റെ സഹോദരങ്ങളെ വെറുക്കുന്നെങ്കിൽ അയാൾ ഇപ്പോഴും അന്ധകാരത്തിൽത്തന്നെയാണ് ജീവിക്കുന്നത്. 10 സഹോദരങ്ങളെ സ്നേഹിക്കുന്നവർ പ്രകാശത്തിൽ വസിക്കുന്നു; വഴിതെറ്റിപ്പോകാൻ അവരിൽ ഒരു കാരണവും ഇല്ല. 11 എന്നാൽ സഹോദരങ്ങളെ വെറുക്കുന്നവർ ഇരുട്ടിലിരിക്കുന്നു; അവർ ഇരുട്ടിലാണ് ജീവിക്കുന്നത്. ഇരുട്ട് അവരെ അന്ധരാക്കിയിരിക്കുന്നതിനാൽ തങ്ങൾ എവിടേക്കു പോകുന്നെന്ന് അവർ അറിയുന്നതുമില്ല.
12 കുഞ്ഞുമക്കളേ, ക്രിസ്തുനാമംമൂലം നിങ്ങൾ പാപവിമോചിതർ ആയതിനാലാണ്
ഞാൻ ഈ തൂലിക ചലിപ്പിക്കുന്നത്.
13 പിതാക്കന്മാരേ, ആരംഭംമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുകയാൽ
ഞാൻ നിങ്ങൾക്ക് എഴുതുന്നു.
യുവജനങ്ങളേ, നിങ്ങൾ പിശാചിനെ കീഴടക്കിയിരിക്കുകയാൽ
ഞാൻ നിങ്ങൾക്ക് എഴുതുന്നു.
14 ശിശുക്കളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കുകയാൽ
ഞാൻ നിങ്ങൾക്ക് എഴുതുന്നു.
പിതാക്കന്മാരേ, ആരംഭംമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുകയാൽ
ഞാൻ നിങ്ങൾക്ക് എഴുതുന്നു.
യുവജനങ്ങളേ, നിങ്ങൾ ശക്തരാകുകയാലും
ദൈവവചനം നിങ്ങളിൽ വസിക്കയാലും
നിങ്ങൾ പിശാചിനെ കീഴടക്കിയിരിക്കുകയാലും
ഞാൻ ഇവ നിങ്ങൾക്ക് എഴുതുന്നു.
15 ലോകത്തെയോ ലോകത്തിലുള്ള ഏതിനെയെങ്കിലുമോ സ്നേഹിക്കരുത്. ഒരാൾ ലോകത്തെ സ്നേഹിക്കുന്നെങ്കിൽ പിതാവിന്റെ സ്നേഹം അയാളിൽ ഇല്ല. 16 കാരണം ലോകത്തിലുള്ള സകലതും—ജഡികാസക്തി, കൺമോഹം, ജീവനത്തിന്റെ അഹന്ത എന്നിവയെല്ലാംതന്നെ—പിതാവിൽനിന്നല്ല, ലോകത്തിൽനിന്നാണ്. 17 ലോകവും അതിനോടുകൂടെയുള്ള മോഹങ്ങളും നീങ്ങിപ്പോകുന്നു; എന്നാൽ ദൈവഹിതം ചെയ്യുന്നവർ സദാകാലം നിലനിൽക്കുന്നു.
യേശു ക്രിസ്തുവാണെന്ന് എതിർക്രിസ്തു നിഷേധിക്കുന്നു
അപ്പൊസ്തലികയുഗത്തിന്റെ അന്ത്യം വന്നിരിക്കുന്നു എന്നു യോഹന്നാൻ താൻ വിശ്വാസത്തിലേക്കു നയിച്ചവർക്ക് ഉറപ്പുനൽകുന്നു. സ്വന്തം ഉദ്ദേശ്യങ്ങൾ സാധിക്കാൻ ക്രൈസ്തവസഭയിൽ ചേരുകയും പിന്നീട് അതിൽനിന്നു പുറത്തുപോകുകയും ചെയ്ത അവരുടെ വ്യാജോപദേഷ്ടാക്കളിൽ ഇപ്പോൾ നിറവേറിയ ക്രിസ്തുവിന്റെ പ്രവചനം (മത്തായി 7:15; 24:11–12, 24–25) അദ്ദേഹം അവരെ ഓർമിപ്പിക്കുന്നു. വചനത്തിന്റെ മനുഷ്യാവതാരത്തെയും വിശുദ്ധജീവിതത്തിന്റെ ആവശ്യത്തെയും കുറിച്ചുള്ള സത്യങ്ങൾ അവർക്ക് അറിയാത്തതുകൊണ്ടല്ല, അവർ അവ അറിയുകയും അവയ്ക്കെതിരായ എല്ലാ ഉപദേശവും വ്യാജമായിരിക്കണം എന്നു സാക്ഷ്യപ്പെടുത്താൻ കഴിയുകയും ചെയ്യുന്നതുകൊണ്ടാണ് അദ്ദേഹം അവർക്ക് എഴുതുന്നത്. അങ്ങനെയെങ്കിൽ, ജഡത്തിൽ വന്ന യേശുതന്നെയാണ് ക്രിസ്തു, ദൈവത്തിന്റെ മശിഹാ, എന്നു നിഷേധിക്കുന്നവനല്ലാതെ, നമ്മുടെ രക്ഷകൻ മുൻകൂട്ടിപ്പറഞ്ഞ ഭോഷ്കാളി, അഥവാ വ്യാജപ്രവാചകൻ, ആരാണ്? ദൈവം കർത്താവായ യേശുക്രിസ്തുവിന്റെ പിതാവാണെന്നു നിഷേധിക്കുകയും, പുത്രന്റെ ദൈവികവും മാനുഷികവുമായ സ്വഭാവം നിഷേധിക്കുകയും ചെയ്യുന്ന എതിർക്രിസ്തു അവൻതന്നെ. യേശു ദൈവപുത്രനാണെന്നു നിഷേധിക്കുന്നവന്, അവിടത്തെ സ്നാനത്തിലും രൂപാന്തരത്തിലും അവിടന്ന് അങ്ങനെയാണെന്നു പ്രഖ്യാപിച്ച പിതാവിനോട് ആദരവില്ല; എന്നാൽ അവിടത്തെ അംഗീകരിക്കുന്നവൻ പിതാവിനാലും സ്വീകരിക്കപ്പെടുന്നു. അപ്പൊസ്തലന്മാരിൽനിന്നു ലഭിച്ച, ക്രിസ്തുവിനെക്കുറിച്ചുള്ള ഉപദേശങ്ങളിൽ തുടരാൻ യോഹന്നാൻ അവരെ ഉദ്ബോധിപ്പിക്കുന്നു; അപ്പോൾ അവർ പുത്രനോടും പിതാവിനോടും കൂട്ടായ്മയിലായിരിക്കുകയും, പുത്രനിലൂടെയുള്ള നിത്യജീവന്റെ ദൈവികവാഗ്ദാനത്തിൽ പങ്കുചേരുകയും ചെയ്യും. അവരെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നവരെക്കുറിച്ച്, ഈ വഞ്ചകർക്കെതിരേ അവർക്കു മുന്നറിയിപ്പു നൽകാനായി, അദ്ദേഹം ഇക്കാര്യങ്ങൾ എഴുതിയിരിക്കുന്നു. എങ്കിലും അവർ പരിശുദ്ധാത്മാവിനെ പ്രാപിച്ചിരുന്നു; സത്യോപദേശങ്ങളെയും വ്യാജോപദേശങ്ങളെയും എങ്ങനെ വിവേചിക്കണം എന്ന് അവരെ പഠിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നു; കാരണം, ആത്മാവ് അവരെ സത്യത്തിൽ പൂർണമായി അഭ്യസിപ്പിച്ചിരുന്നു. അവിടത്തെ വരവിൽ അവിടത്തെ മുമ്പാകെ ധൈര്യമുണ്ടായിരിക്കണമെങ്കിൽ, അവർ ആ സത്യത്തിൽ നിലനിൽക്കുകയും അതേ ആത്മാവിലൂടെ ക്രിസ്തുവിനോട് ഏകീഭവിക്കുകയും വേണം. കാരണം, ദൈവം പൂർണനീതിമാനാണെന്ന് അവർ അറിയുന്നതുപോലെ, നീതി പ്രവർത്തിക്കുന്നവർമാത്രമാണ് അവിടത്തെ പരിശുദ്ധാത്മാവിൽനിന്നു ജനിച്ച് അവിടത്തെ മക്കളായിത്തീരുന്നത്.
18 ശിശുക്കളേ, ഇത് അന്തിമസമയമാണ്, എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; ഇപ്പോൾത്തന്നെ പല എതിർക്രിസ്തുക്കളും വന്നിരിക്കുന്നു. തന്മൂലം ഇത് അന്തിമസമയമാണെന്ന് നാം അറിയുന്നു. 19 അവർ നമ്മുടെ കൂട്ടത്തിൽനിന്നു പുറപ്പെട്ടവരെങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല. നമുക്കുള്ളവർ ആയിരുന്നെങ്കിൽ അവർ നമ്മോടൊപ്പം നിൽക്കുമായിരുന്നു. എന്നാൽ അവർ നമ്മുടെ കൂട്ടം വിട്ടു പോയതിനാൽ അവരിലാരും നമുക്കുള്ളവരല്ല എന്ന് സുവ്യക്തമാണ്.
20 എന്നാൽ, പരിശുദ്ധനിൽനിന്ന് നിങ്ങൾക്കു നിയോഗം ലഭിച്ചിരിക്കുകകൊണ്ട് നിങ്ങൾക്കു സത്യം അറിയാം. 21 നിങ്ങൾക്കു സത്യം അറിയാത്തതുകൊണ്ടല്ല, അറിയുന്നതിനാലാണ് ഞാൻ നിങ്ങൾക്ക് എഴുതുന്നത്; യാതൊരു വ്യാജവും സത്യത്തിൽനിന്ന് ഉത്ഭവിക്കുന്നില്ല. 22 ആരാണ് അസത്യവാദി? യേശുവിനെ ക്രിസ്തുവായി അംഗീകരിക്കാത്തവൻതന്നെ. പിതാവിനെയും പുത്രനെയും നിഷേധിക്കുന്ന ഈ വ്യക്തിതന്നെയാണ് എതിർക്രിസ്തു. 23 പുത്രനെ നിഷേധിക്കുന്ന ആർക്കും പിതാവില്ല; പുത്രനെ അംഗീകരിക്കുന്നവർക്കാണ് പിതാവുള്ളത്.
24 നിങ്ങൾ ആരംഭംമുതൽ കേട്ടത് നിങ്ങളിൽ നിലനിൽക്കട്ടെ. അങ്ങനെയെങ്കിൽ നിങ്ങൾ പുത്രനോടും പിതാവിനോടും ഉള്ള കൂട്ടായ്മയിൽ നിലനിൽക്കും. 25 ഇതാകുന്നു അവിടന്നു നമുക്കു നൽകിയ വാഗ്ദാനം—നിത്യജീവൻ.
26 നിങ്ങളെ വഴിതെറ്റിക്കുന്നവരെക്കുറിച്ചുള്ള മുന്നറിയിപ്പായിട്ടാണ് ഈ കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് എഴുതുന്നത്. 27 ദൈവത്തിൽനിന്ന് നിങ്ങൾക്കു ലഭിച്ച നിയോഗം നിങ്ങളിൽ വസിക്കുന്നു. ആയതിനാൽ ആരും നിങ്ങളെ ഉപദേശിക്കേണ്ടതില്ല. അവിടത്തെ നിയോഗം എല്ലാ വസ്തുതകളും നിങ്ങളെ ഉപദേശിക്കും. ആ നിയോഗം സത്യമാണ്, വ്യാജമല്ല. നിങ്ങളെ ഉപദേശിച്ചതുപോലെതന്നെ നിങ്ങൾ ക്രിസ്തുവിന്റെ കൂട്ടായ്മയിൽ വസിക്കുക.
28 ഇങ്ങനെ, കുഞ്ഞുമക്കളേ, കർത്താവിന്റെ പുനരാഗമനത്തിൽ നാം അവിടത്തെ സന്നിധിയിൽ ലജ്ജിച്ചു പോകാതെ ധൈര്യമുള്ളവരായിരിക്കാൻ കർത്താവിൽ വസിക്കുക.
29 അവിടന്നു നീതിമാനെന്നു നിങ്ങൾ അറിയുന്നെങ്കിൽ, നീതി ചെയ്യുന്നവരെല്ലാം കർത്താവിൽനിന്നു ജനിച്ചിരിക്കുന്നു എന്നും നിങ്ങൾക്കുറപ്പാക്കാം.
ദൈവസ്നേഹം നമ്മെ അവിടത്തെ മക്കളാക്കുന്നു
നീതിയിൽ നിലനിൽക്കുന്നവരെ തന്റെ മക്കളായി സ്വീകരിക്കുന്ന ദൈവത്തിന്റെ അത്ഭുതകരമായ സ്നേഹത്തെക്കുറിച്ച് ചിന്തിക്കാൻ യോഹന്നാൻ അവരെ ആഹ്വാനം ചെയ്യുന്നു. ലോകം ക്രിസ്തുവിനെ അംഗീകരിച്ചില്ലാത്തതിനാൽ അവരെയും അംഗീകരിക്കുന്നില്ല. ദൈവമക്കൾ എത്ര മഹത്ത്വമുള്ളവരായിത്തീരുമെന്ന് ഇതുവരെ വെളിപ്പെട്ടിട്ടില്ല; എന്നാൽ ലോകത്തെ ന്യായംവിധിക്കാൻ ക്രിസ്തു പ്രത്യക്ഷനാകുമ്പോൾ അവർ ശരീരത്തിലും മനസ്സിലും അവിടത്തെപ്പോലെയാക്കപ്പെടുമെന്നും അവിടത്തെ മഹത്ത്വവും പരിപൂർണതകളും അറിയാനും ആസ്വദിക്കാനും അവർക്കു പ്രവേശനം ലഭിക്കുമെന്നും അറിയാം. ഈ പ്രത്യാശയുള്ള എല്ലാവരും അവിടത്തെ വിശുദ്ധി അനുകരിക്കാൻ ശ്രമിക്കും. എന്നാൽ പാപത്തിൽ തുടരുന്നവർ തീർച്ചയായും ശിക്ഷിക്കപ്പെടും; കാരണം പാപം ദൈവത്തിന്റെ ന്യായപ്രമാണത്തിന്റെ ലംഘനമാണ്. പാപത്തിന്റെ ശക്തിയിൽനിന്നും അതിന്റെ ശിക്ഷയിൽനിന്നും മനുഷ്യരാശിയെ വീണ്ടെടുക്കാനാണ് ദൈവപുത്രൻ ജഡത്തിൽ വെളിപ്പെട്ടത്. അവിടന്ന് സ്വയം പാപരഹിതനായിരുന്നതിനാൽ, വ്യാജോപദേഷ്ടാക്കൾ സൂചിപ്പിച്ചതുപോലെ മറ്റുള്ളവർക്ക് പാപം ചെയ്യാനുള്ള സ്വാതന്ത്ര്യം നേടിക്കൊടുക്കുകയില്ലായിരുന്നു. അതുകൊണ്ട് ക്രിസ്തുവിനോടു കൂട്ടായ്മയുള്ളവർ പാപത്തിൽനിന്ന് അകന്നുനിൽക്കുന്നു; എന്നാൽ പാപത്തിൽ തുടരുന്നവർക്ക് അവിടത്തെക്കുറിച്ച് അറിവില്ല. ഇക്കാര്യത്തിൽ വഞ്ചിക്കപ്പെടരുതെന്ന് യോഹന്നാൻ അവരെ ഉപദേശിക്കുന്നു: ദൈവം തന്റെ സ്വഭാവത്തിന്റെ അനന്തതയാൽ നീതിമാനായിരിക്കുന്നതുപോലെ, ശരിയായതു ചെയ്യുന്നവർ തങ്ങളുടെ പരിമിതമായ സ്വഭാവത്തിനും കഴിവിനും അനുസൃതമായി നീതിമാന്മാരാണ്. പാപത്തിൽ തുടരുന്നവൻ ആരായാലും, ലോകത്തിലേക്കു പാപം കൊണ്ടുവന്ന പിശാചിന്റെ മകനാണ്. പിശാചിന്റെ പ്രവൃത്തികളെ ഇല്ലാതാക്കാനും നശിപ്പിക്കാനും മനുഷ്യരാശിയെ വിശുദ്ധിയിലേക്കും ദൈവത്തിന്റെ പ്രീതിയിലേക്കും പുനഃസ്ഥാപിക്കാനുമാണ് ദൈവപുത്രൻ ജഡത്തിൽ വെളിപ്പെട്ടത്.
1 നോക്കൂ, പിതാവു നമുക്ക് എത്രയോ അതിരില്ലാത്ത സ്നേഹം പകർന്നാണ് നമ്മെ ദൈവമക്കളെന്നു വിളിച്ചത്! നാം വാസ്തവത്തിൽ അങ്ങനെതന്നെ ആണ്! ലോകം അവിടത്തെ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട് അത് നമ്മെയും അറിയുന്നില്ല. 2 പ്രിയരേ, ഇപ്പോൾ നാം ദൈവത്തിന്റെമക്കൾ ആകുന്നു. നാം എന്തായിത്തീരുമെന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. എന്നാൽ, ക്രിസ്തു പ്രത്യക്ഷനാകുമ്പോൾ നാം അവിടത്തെപ്പോലെയാകും. അവിടന്ന് ആയിരിക്കുന്നതുപോലെ നാം അവിടത്തെ കാണും. 3 തന്നിൽ ഈ പ്രത്യാശയുള്ളവരെല്ലാം അവിടന്നു വിശുദ്ധനായിരിക്കുന്നതുപോലെ, സ്വയം വിശുദ്ധീകരിക്കുന്നു.
4 പാപംചെയ്യുന്ന ഏതൊരുവനും ദൈവികപ്രമാണം ലംഘിക്കുന്നു; പാപം പ്രമാണരാഹിത്യംതന്നെ. 5 പാപങ്ങളെ നീക്കംചെയ്യാൻ അവിടന്നു പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു. തന്നിലാകട്ടെ പാപം ഒന്നുമില്ല. 6 തന്നിൽ വസിക്കുന്നവരാരും പാപത്തിൽ തുടരുകയില്ല. പാപത്തിൽ തുടരുന്നവരാരും അവിടത്തെ അറിയുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല.
7 കുഞ്ഞുമക്കളേ, ആരും നിങ്ങളെ വഞ്ചിക്കരുത്. ക്രിസ്തു നീതിമാൻ ആയിരിക്കുന്നതുപോലെ നീതി പ്രവർത്തിക്കുന്നവരെല്ലാം നീതിനിഷ്ഠർ ആകുന്നു. 8 പാപംചെയ്തുകൊണ്ടിരിക്കുന്നവർ പിശാചിൽനിന്നുള്ളവരാകുന്നു. പിശാച് ആരംഭംമുതലേ പാപംചെയ്യുന്നവനാണ്. പിശാചിന്റെ പ്രവർത്തനങ്ങളെ ഉന്മൂലനംചെയ്യാനാണ് ദൈവപുത്രൻ പ്രത്യക്ഷനായത്.
ദൈവമക്കൾ തങ്ങളുടെ സഹോദരങ്ങളെ സ്നേഹിക്കുന്നു
ദൈവമക്കളുടെ പെരുമാറ്റത്തെ പിശാചിന്റെ മക്കളുടെ പെരുമാറ്റവുമായി യോഹന്നാൻ താരതമ്യം ചെയ്യുന്നു. നീതിയും സഹോദരസ്നേഹവുമാണ് ദൈവമക്കളുടെ അടയാളങ്ങളെന്ന് അദ്ദേഹം കാണിക്കുന്നു; സഹോദരസ്നേഹം ആരംഭംമുതലേയുള്ള ദൈവത്തിന്റെ കൽപ്പനയായിരുന്നു. ദുഷ്ടനിൽനിന്നു ജനിച്ചവരെപ്പോലെ അവർ പ്രവർത്തിക്കരുത്. തന്റെ സഹോദരന്റെ പ്രവൃത്തികൾ നീതിയുള്ളവയായിരുന്നതിനാൽ അവനെ കൊന്ന കയീൻ അങ്ങനെ പ്രവർത്തിച്ചു. അത്തരമൊരു ഉദാഹരണമുള്ളപ്പോൾ, ലോകം തങ്ങളെ വെറുക്കുകയും പീഡിപ്പിക്കുകയും ചെയ്താൽ അവർ ആശ്ചര്യപ്പെടേണ്ടതുമില്ല. എന്നാൽ ക്രിസ്ത്യാനികൾക്ക് ഇതൊട്ടും പ്രശ്നമല്ല; കാരണം തങ്ങളുടെ സഹോദരങ്ങളെ സ്നേഹിക്കുന്നതിനാൽ തങ്ങൾ മരണാവസ്ഥയിൽനിന്ന് ജീവനുള്ള അവസ്ഥയിലേക്കു കടന്നിരിക്കുന്നുവെന്ന് അവർക്ക് ഉറപ്പുണ്ട്. എന്നാൽ സഹോദരനെ സ്നേഹിക്കാത്തവൻ മാനസാന്തരവും പുതുജനനവും പ്രാപിക്കാതെ ഇപ്പോഴും ആത്മീയമരണാവസ്ഥയിൽ തുടരുന്നു. സഹോദരനെ വെറുക്കുന്നവന്റെ ഉള്ളിൽ കയീനിലുണ്ടായിരുന്ന അതേ വിദ്വേഷവും ദുഷ്ടതയുടെ തത്ത്വവുമുണ്ട്; മനുഷ്യനിയമങ്ങൾ അവനെ തടഞ്ഞില്ലെങ്കിൽ അവനും കയീനെപ്പോലെ കൊലപാതകിയാകുമായിരുന്നു. അത്തരം വികാരങ്ങൾ പുലർത്തുന്ന ആരുടെയും ഉള്ളിൽ ദിവ്യജീവൻ വസിക്കുകയില്ല. ദൈവത്തിന്റെ പുത്രൻ മനുഷ്യരാശിക്കുവേണ്ടി തന്റെ ജീവൻ അർപ്പിച്ചതിലൂടെ ദൈവത്തിന്റെ മഹത്തായ സ്നേഹം വെളിപ്പെട്ടു. ക്രിസ്ത്യാനികളും ദൈവത്തോടുള്ള സ്നേഹത്താൽ മനുഷ്യരാശിയുടെ നന്മയ്ക്കുവേണ്ടി തങ്ങളുടെ ജീവൻ നൽകാൻ സന്നദ്ധരായിരിക്കണം. എന്നാൽ ഇതു ചെയ്യുന്നതിനുപകരം, ഈ ലോകത്തിലെ നല്ല വസ്തുക്കളുള്ളവർ അവയിൽ ഒരു പങ്ക് ആവശ്യത്തിലിരിക്കുന്ന സഹോദരനു നൽകാൻ വിസമ്മതിക്കുന്നുവെങ്കിൽ, ദൈവസ്നേഹം അവരിൽ വസിക്കുന്നുണ്ടാവില്ല.
9 ദൈവത്തിൽനിന്നു ജനിച്ചവരാരും പാപം ശീലമാക്കുന്നില്ല; ദൈവത്തിന്റെ വിത്ത് അവരിൽ വസിക്കുന്നല്ലോ. അവർ ദൈവത്തിൽനിന്നു ജനിച്ചിരിക്കുകയാൽ പാപത്തിൽ തുടരുക അവർക്ക് അസാധ്യമാണ്. 10 ദൈവത്തിന്റെ മക്കളെയും പിശാചിന്റെ മക്കളെയും ഇങ്ങനെ തിരിച്ചറിയാം; നീതി പ്രവർത്തിക്കാത്തവർ ആരും ദൈവത്തിൽനിന്ന് ഉള്ളവരല്ല. സഹോദരങ്ങളെ സ്നേഹിക്കാത്തവരും അങ്ങനെതന്നെ.
11 പരസ്പരം സ്നേഹിക്കണം എന്ന സന്ദേശം ആണല്ലോ ആരംഭംമുതലേ നാം കേട്ടുവന്നത്. 12 സ്വസഹോദരനെ വധിച്ച പൈശാചികൻ കയീനെപ്പോലെ നിങ്ങൾ ആകരുത്; അയാൾ സഹോദരനെ വധിച്ചത് എന്തിന്? അവന്റെ പ്രവൃത്തി, ദോഷം നിറഞ്ഞതും സഹോദരന്റേത് നീതിയുക്തവും ആയിരുന്നതുകൊണ്ടാണ്. 13 സഹോദരങ്ങളേ, ലോകം നിങ്ങളെ വെറുക്കുന്നെങ്കിൽ ആശ്ചര്യപ്പെടരുത്. 14 സഹോദരങ്ങളെ സ്നേഹിക്കുന്നതിനാൽ നാം മരണത്തിൽനിന്ന് ജീവനിലേക്കു കടന്നിരിക്കുന്നു എന്ന് നമുക്കറിയാം. എന്നാൽ, സ്നേഹിക്കാത്തവൻ മരണത്തിൽത്തന്നെ തുടരുന്നു. 15 സഹോദരങ്ങളെ വെറുക്കുന്ന ഏതൊരു വ്യക്തിയും കൊലപാതകിയാണ്. കൊലപാതകിയിൽ നിത്യജീവൻ കുടികൊള്ളുകയില്ലെന്നു നിങ്ങൾക്കറിയാമല്ലോ.
16 ക്രിസ്തു നമുക്കുവേണ്ടി സ്വജീവൻ അർപ്പിച്ചതിനാൽ സ്നേഹം എന്തെന്നു നാം അറിയുന്നു; നാമും അതുപോലെ സഹോദരങ്ങൾക്കുവേണ്ടി ജീവൻ അർപ്പിക്കേണ്ടതാണ്. 17 ഒരാൾക്കു ഭൗതികസമ്പത്ത് ഉണ്ടായിരിക്കുകയും തന്റെ സഹോദരങ്ങളെ ബുദ്ധിമുട്ടുള്ളവരായി കണ്ടിട്ട് അവരോടു സഹതാപം തോന്നാതിരിക്കുകയും ചെയ്താൽ അയാളിൽ ദൈവസ്നേഹം വസിക്കുന്നു എന്ന് എങ്ങനെ അവകാശപ്പെടാൻ കഴിയും?