ഗിരിപ്രഭാഷണം
ഗിരിപ്രഭാഷണം: മശിഹായുടെ ഭരണത്തിലെ പ്രത്യേകാവകാശങ്ങളും നിബന്ധനകളും, ക്രിസ്തുവിന്റെ നീതിയുടെ മാനദണ്ഡവും.
കഫാർനഹൂമിൽനിന്ന് അധികം അകലെയല്ലാത്ത ഒരു മലയിലെ നിരപ്പായ സ്ഥലം
ക്രി.പി. 27 മുതൽ 29 വരെ
Biblica® Open Malayalam Contemporary Version™ (OMCV)
മത്തായി 5:1–8:1
സ്ഥലവും ശ്രോതാക്കളും
5:1 ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു ഒരു മലയിൽ കയറി അവിടെ ഇരുന്നു. ശിഷ്യന്മാർ അടുത്തുചെന്നു. 2 അദ്ദേഹം അവരെ തിരുമൊഴികളാൽ ഉപദേശിച്ചു.
അദ്ദേഹം പറഞ്ഞു:
അനുഗ്രഹപ്രഖ്യാപനങ്ങളും ദുരിതപ്രഖ്യാപനങ്ങളും
ആമുഖം: അനുഗ്രഹപ്രഖ്യാപനങ്ങളും ദുരിതപ്രഖ്യാപനങ്ങളും, മശിഹായുടെ പ്രജകളുടെ പ്രത്യേകാവകാശങ്ങൾ.
3 “ആത്മാവിൽ ദരിദ്രരായവർ അനുഗൃഹീതർ;
അവർക്കുള്ളതല്ലോ സ്വർഗരാജ്യം.
4 വിലപിക്കുന്നവർ അനുഗൃഹീതർ;
അവർക്ക് സാന്ത്വനം ലഭിക്കും.
5 സൗമ്യശീലർ അനുഗൃഹീതർ;
അവർക്ക് ഭൂമി പൈതൃകമായി ലഭിക്കും.
6 നീതിക്ക് അതിയായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ;
അവർ സംതൃപ്തരാകും.
7 കരുണാഹൃദയർ അനുഗൃഹീതർ;
അവർക്ക് കരുണ ലഭിക്കും.
8 ഹൃദയനൈർമല്യമുള്ളവർ അനുഗൃഹീതർ;
അവർക്കു ദൈവം ദർശനമേകും.
9 സമാധാനസ്ഥാപകർ അനുഗൃഹീതർ;
അവർ ദൈവത്തിന്റെ പുത്രരെന്നു വിളിക്കപ്പെടും.
10 നീതിക്കുവേണ്ടി പീഡിതരാകുന്നവർ അനുഗൃഹീതർ;
അവർക്കുള്ളതല്ലോ സ്വർഗരാജ്യം.
11 “എന്റെ അനുയായികളായതുകൊണ്ട് മനുഷ്യർ നിങ്ങളെ അപമാനിക്കുകയും പീഡിപ്പിക്കുകയും നിങ്ങൾക്കെതിരേ എല്ലാവിധ വ്യാജപ്രസ്താവനകൾ നടത്തുകയും ചെയ്യുമ്പോൾ നിങ്ങൾ അനുഗൃഹീതർ.
12 നിങ്ങൾ ആനന്ദിച്ചുല്ലസിക്കുക. കാരണം, മഹത്താണ് സ്വർഗത്തിൽ നിങ്ങൾക്കുള്ള പ്രതിഫലം. അങ്ങനെതന്നെ അവർ നിങ്ങൾക്കുമുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും പീഡിപ്പിച്ചിട്ടുണ്ടല്ലോ.
ക്രിസ്തുവിന്റെ നീതിയുടെ മാനദണ്ഡം
പ്രഭാഷണത്തിന്റെ പ്രമേയം: വേദജ്ഞരുടെയും പരീശന്മാരുടെയും നീതിയുടെ മാനദണ്ഡത്തിൽനിന്നു വ്യത്യസ്തമായ ക്രിസ്തുവിന്റെ നീതിയുടെ മാനദണ്ഡം.
13 “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു. എന്നാൽ ഉപ്പ്, ഉപ്പുരസം ഇല്ലാത്തതായാൽ അതിന്റെ ഉപ്പുരസം എങ്ങനെ വീണ്ടെടുക്കാൻ കഴിയും? പുറത്തേക്കു വലിച്ചെറിഞ്ഞ്, മനുഷ്യർക്ക് ചവിട്ടിക്കളയാനല്ലാതെ മറ്റൊന്നിനും അത് ഉപകരിക്കുന്നില്ല.
14 “നിങ്ങൾ ലോകത്തിന്റെ പ്രകാശമാകുന്നു; മലമുകളിലുള്ള പട്ടണം അദൃശ്യമായിരിക്കുക അസാധ്യം. 15 വിളക്കു കൊളുത്തി ആരും പറയുടെ കീഴിൽ വെക്കാറില്ല; പിന്നെയോ, അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശം നൽകേണ്ടതിന് ഏതെങ്കിലും വിളക്കുകാലിന്മേലാണ് വെക്കുക. 16 അതുപോലെ നിങ്ങളുടെ പ്രകാശവും മനുഷ്യരുടെമുമ്പിൽ പ്രശോഭിക്കട്ടെ; അങ്ങനെ അവർ നിങ്ങളുടെ സൽപ്രവൃത്തികൾ നിരീക്ഷിച്ച് സ്വർഗത്തിലുള്ള നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തട്ടെ.
17 “ഞാൻ വന്നത് ന്യായപ്രമാണത്തെയോ പ്രവാചകരെയോ നീക്കിക്കളയാനാണ് എന്നു ചിന്തിക്കരുത്; നീക്കിക്കളയാനല്ല, മറിച്ച് അവയെ പൂർത്തീകരിക്കാനാണ്. 18 ഞാൻ ഒരു സത്യം നിങ്ങളോടു പറയാം: ആകാശവും ഭൂമിയും അപ്രത്യക്ഷമായാലും സകലതും നിറവേറുന്നതുവരെ ന്യായപ്രമാണത്തിലെ അക്ഷരങ്ങളിൽനിന്ന് ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വരികയില്ല. 19 ഈ കൽപ്പനകളിൽ ഏറ്റവും ലളിതമെന്ന് കരുതുന്ന ഒന്ന് അവഗണിക്കുകയും അപ്രകാരം ചെയ്യാൻ മറ്റുള്ളവരെ ഉപദേശിക്കുകയുംചെയ്യുന്നയാൾ സ്വർഗരാജ്യത്തിൽ ഏറ്റവും നിസ്സാരനായി പരിഗണിക്കപ്പെടും; എന്നാൽ, ഈ കൽപ്പനകൾ പാലിക്കുകയും അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ ഉപദേശിക്കുകയുംചെയ്യുന്നയാൾ സ്വർഗരാജ്യത്തിൽ മഹാൻ എന്നു വിളിക്കപ്പെടും. 20 ദൈവവിഷയത്തിൽ നിങ്ങൾക്കുള്ള നീതിനിഷ്ഠ പരീശന്മാർക്കും വേദജ്ഞർക്കുമുള്ള നീതിനിഷ്ഠയിൽ കവിയുന്നില്ലെങ്കിൽ നിങ്ങൾ നിശ്ചയമായും സ്വർഗരാജ്യത്തിൽ കടക്കുകയില്ല.
ക്രിസ്തുവിന്റെ ധാർമികത വേദജ്ഞരുടെ ഉപദേശത്തെ മറികടക്കുന്നു
ആറ് വിഷയങ്ങളിൽ അഥവാ ഉദാഹരണങ്ങളിൽ ക്രിസ്തുവിന്റെ ധാർമികോപദേശം വേദജ്ഞരുടെ ഉപദേശത്തെക്കാൾ (പഴയനിയമവും വാമൊഴിയായുള്ള നിയമവും) ശ്രേഷ്ഠമാണ്: കൊലപാതകം, വ്യഭിചാരം, വിവാഹമോചനം, ശപഥങ്ങൾ, പ്രതികാരം, ശത്രുക്കളോടുള്ള സ്നേഹം.
21 “ ‘കൊലപാതകം ചെയ്യരുതെന്ന്’ പൂർവികരോടു കൽപ്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ, ‘കൊലയാളി അതിന്റെ ശിക്ഷ അനുഭവിച്ചേ തീരൂ.’ 22 എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: സഹോദരങ്ങളോട് കോപിക്കുന്നയാൾ ശിക്ഷ അനുഭവിക്കേണ്ടിവരും. സഹോദരങ്ങളെ ‘മടയാ’ എന്നു വിളിക്കുന്നയാൾ ന്യായാധിപസമിതിയോട് ഉത്തരം പറയേണ്ടിവരും; ‘ഗുണം വരാത്തവൻ’ എന്നു വിളിച്ചാൽ നരകാഗ്നിക്ക് വിധേയരാകും.
23 “അതുകൊണ്ട്, നീ യാഗപീഠത്തിൽ, യാഗാർപ്പണത്തിനായി വരുമ്പോൾ നിന്റെ സഹോദരനോ സഹോദരിക്കോ നിനക്ക് വിരോധമായി എന്തെങ്കിലും ഉണ്ടെന്ന് ഓർമ വന്നാൽ 24 നിന്റെ അർപ്പണവസ്തു യാഗപീഠത്തിനുമുമ്പിൽ വെച്ചിട്ട് ആദ്യം ചെന്ന് അവരോടു രമ്യതപ്പെടുക; പിന്നീടു വന്നു നിന്റെ യാഗം അർപ്പിക്കുക.
25 “നിന്നെ കോടതിയിലേക്കു കൊണ്ടുപോകുന്ന എതിർകക്ഷിയുമായി, വഴിയിൽവെച്ചുതന്നെ വേഗത്തിൽ രമ്യതയിലായിക്കൊള്ളുക. അല്ലാത്തപക്ഷം അയാൾ നിന്നെ ന്യായാധിപന് വിട്ടുകൊടുക്കുകയും ന്യായാധിപൻ നിയമപാലകന് കൈമാറുകയും അയാൾ നിന്നെ കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്യും. 26 അവസാനത്തെ നാണയവും കൊടുത്തുതീർക്കുന്നതുവരെ നീ അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു.
27 “ ‘വ്യഭിചാരം ചെയ്യരുത്’ എന്നു കൽപ്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 28 എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ആസക്തിയോടെ ഒരു സ്ത്രീയെ നോക്കുന്നവൻ തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരംചെയ്തുകഴിഞ്ഞു. 29 നിന്റെ വലതുകണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക. നിന്റെ ശരീരംമുഴുവനും നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ, ഒരു അവയവം നഷ്ടപ്പെടുന്നതാണ് നിനക്കു നല്ലത്. 30 നിന്റെ വലതുകൈ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു വെട്ടി ദൂരെ എറിഞ്ഞുകളയുക. നിന്റെ ശരീരംമുഴുവൻ നരകത്തിൽ പോകുന്നതിനെക്കാൾ, ഒരു അവയവം നഷ്ടമാകുന്നതാണു നിനക്കു നല്ലത്.
31 “ ‘ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവൾക്ക് ഒരു വിവാഹമോചനപത്രം കൊടുത്തിരിക്കണം’ എന്നു പറഞ്ഞിട്ടുണ്ടല്ലോ. 32 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നത്, പാതിവ്രത്യലംഘനം നിമിത്തമല്ലാതെ ആരെങ്കിലും സ്വന്തം ഭാര്യയെ ഉപേക്ഷിക്കുന്നെങ്കിൽ അയാൾ തന്റെ ഭാര്യയെ വ്യഭിചാരിണിയാക്കുകയാണ്; ഉപേക്ഷിക്കപ്പെട്ട സ്ത്രീയെ വിവാഹംകഴിക്കുന്നവനും വ്യഭിചാരം ചെയ്യുകയാണ്.
33 “ ‘ശപഥംചെയ്തതു ലംഘിക്കരുതെന്നും കർത്താവിനോടുചെയ്ത ശപഥം നിറവേറ്റണമെന്നും’ പൂർവികരോടു കൽപ്പിച്ചിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 34 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ശപഥംചെയ്യുകയേ അരുത്; സ്വർഗത്തെക്കൊണ്ട് ശപഥംചെയ്യരുത്; അത് ദൈവത്തിന്റെ സിംഹാസനം; 35 ഭൂമിയെക്കൊണ്ടരുത്; അത് ദൈവത്തിന്റെ പാദപീഠം. ജെറുശലേമിനെക്കൊണ്ടും അരുത്; അതു മഹാരാജാവിന്റെ നഗരം. 36 നിങ്ങളുടെ തലയെക്കൊണ്ട് ശപഥംചെയ്യരുത്; കാരണം ഒരു മുടിയെങ്കിലും വെളുപ്പിക്കാനോ കറുപ്പിക്കാനോ നിങ്ങൾക്കു കഴിവില്ല. 37 നിങ്ങളുടെ വാക്ക് ‘അതേ’ ‘അതേ’ എന്നോ ‘ഇല്ല’ ‘ഇല്ല’ എന്നോ ആയിരിക്കട്ടെ. ഇതിൽ അധികമായതു പിശാചിൽനിന്ന് വരുന്നു.
38 “ ‘കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്’ എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 39 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നത് നിങ്ങളെ ദ്രോഹിക്കുന്ന വ്യക്തിയോട് പ്രതികരിക്കരുത്. ആരെങ്കിലും നിങ്ങളുടെ വലതുചെകിട്ടത്ത് അടിച്ചാൽ അയാൾക്ക് മറ്റേ ചെകിടും കാണിച്ചുകൊടുക്കുക. 40 ആരെങ്കിലും നിങ്ങളുടെ ഉടുപ്പിനുവേണ്ടി കോടതിവ്യവഹാരം നടത്തിയാൽ നിങ്ങളുടെ പുറങ്കുപ്പായവുംകൂടെ അയാൾക്ക് വിട്ടുകൊടുക്കുക. 41 ഒരു പടയാളി ഒരു കിലോമീറ്റർ ദൂരം തന്റെ സാമാനങ്ങൾ ചുമക്കാൻ നിങ്ങളെ നിർബന്ധിച്ചാൽ അദ്ദേഹത്തോടൊപ്പം രണ്ട് കിലോമീറ്റർ പോകുക. 42 നിന്നോട് എന്തെങ്കിലും ആവശ്യപ്പെടുന്ന വ്യക്തിക്ക് അതു നൽകുക; വായ്പവാങ്ങാൻ ഇച്ഛിക്കുന്ന വ്യക്തിയിൽനിന്ന് ഒഴിഞ്ഞുമാറരുത്.
43 “ ‘അയൽവാസിയെ സ്നേഹിക്കണം എന്നും ശത്രുവിനെ വെറുക്കണം’ എന്നും കൽപ്പിച്ചിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
44 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക;
45 അങ്ങനെ നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥപിതാവിന്റെ മക്കൾ ആയിത്തീരും. അവിടന്നു ദുഷ്ടരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതി പ്രവർത്തിക്കുന്നവരുടെമേലും അനീതി പ്രവർത്തിക്കുന്നവരുടെമേലും മഴപെയ്യിക്കുകയും ചെയ്യുന്നല്ലോ.
46 നിങ്ങളെ സ്നേഹിക്കുന്നവരെമാത്രം സ്നേഹിച്ചാൽ നിങ്ങൾക്ക് എന്തു പ്രതിഫലമാണു ലഭിക്കുക? അങ്ങനെ നികുതിപിരിവുകാരും ചെയ്യുന്നുണ്ടല്ലോ!
47 സ്വന്തം സഹോദരങ്ങളെമാത്രമാണ് നിങ്ങൾ അഭിവാദനംചെയ്യുന്നതെങ്കിൽ; പുകഴാൻ എന്തിരിക്കുന്നു? അങ്ങനെതന്നെയല്ലേ യെഹൂദേതരരും ചെയ്യുന്നത്?
48 അതുകൊണ്ട്, നിങ്ങളുടെ സ്വർഗസ്ഥപിതാവിന് സർവത്തിലും പരിപൂർണതയുള്ളതുപോലെ നിങ്ങളും സർവത്തിലും പരിപൂർണരാകുക.
പ്രകടനപരമായ കപടഭക്തിക്കെതിരെ യഥാർഥ നീതി
പരീശന്മാരുടെ പ്രകടനപരമായ കപടഭക്തിയിൽനിന്നു വ്യത്യസ്തമായി, ആവശ്യത്തിലിരിക്കുന്നവർക്ക് ദാനം ചെയ്യുന്നതിലും പ്രാർഥനയിലും ഉപവാസത്തിലും കാണുന്ന യഥാർഥ നീതിയുടെ ആചരണം.
6:1 “നിങ്ങളുടെ ധർമപ്രവൃത്തികൾ മനുഷ്യർ കാണാൻ അവരുടെമുമ്പിൽ നടത്തുന്ന പ്രകടനങ്ങൾ ആകാതിരിക്കാൻ സൂക്ഷിക്കുക; അങ്ങനെയായാൽ സ്വർഗസ്ഥപിതാവിൽനിന്ന് നിങ്ങൾക്കു യാതൊരു പ്രതിഫലവും ലഭിക്കുകയില്ല.
2 “അതുകൊണ്ട്, കപടഭക്തർ മനുഷ്യരുടെ പ്രശംസ നേടാനായി പള്ളികളിലും തെരുവുകളിലും കാഹളം ഊതി പ്രസിദ്ധമാക്കിക്കൊണ്ട് ദാനധർമം ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുത്. അവർക്കുള്ള മുഴുവൻ പ്രതിഫലവും ലഭിച്ചിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 3 നിങ്ങളുടെ വലങ്കൈ ചെയ്യുന്നത് എന്തെന്ന് ഇടങ്കൈ അറിയാത്ത വിധത്തിലായിരിക്കട്ടെ നിങ്ങൾ ചെയ്യുന്ന ദാനധർമവും. 4 നിങ്ങളുടെ ദാനധർമം രഹസ്യത്തിലായിരിക്കട്ടെ. രഹസ്യത്തിൽ ചെയ്യുന്നത് കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലംനൽകും.
5 “പ്രാർഥിക്കുമ്പോൾ മനുഷ്യർ കാണാൻ പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർഥിക്കാൻ ഇഷ്ടപ്പെടുന്ന കപടഭക്തരെപ്പോലെയാകരുത് നിങ്ങൾ. അവർക്ക് അവരുടെ പ്രതിഫലം ലഭിച്ചുകഴിഞ്ഞു എന്നു ഞാൻ നിങ്ങളോട് ഉറപ്പായി പറയുന്നു. 6 എന്നാൽ നിങ്ങൾ പ്രാർഥിക്കുമ്പോൾ, നിങ്ങളുടെ മുറിയിൽ പ്രവേശിച്ച്, വാതിലടച്ച്, നിങ്ങളുടെ പിതാവിനോട് രഹസ്യമായി അപേക്ഷിക്കുക. അപ്പോൾ രഹസ്യത്തിൽ നിങ്ങൾ ചെയ്യുന്നതു കാണുന്ന നിങ്ങളുടെ പിതാവ് നിങ്ങൾക്കു പ്രതിഫലംനൽകും. 7 നിങ്ങൾ പ്രാർഥിക്കുമ്പോൾ യെഹൂദേതരരെപ്പോലെ വൃഥാജൽപ്പനം ചെയ്യരുത്. അതിഭാഷണത്താൽ പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കും എന്നാണ് അവർ കരുതുന്നത്. 8 അവരെ അനുകരിക്കരുത്; കാരണം നിങ്ങളുടെ ആവശ്യം എന്തെന്ന് നിങ്ങളുടെ പിതാവിന് നിങ്ങൾ യാചിക്കുന്നതിനു മുമ്പുതന്നെ അറിയാം.
9 “അതുകൊണ്ട് നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക:
“ ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ,
തിരുനാമം ആദരിക്കപ്പെടട്ടെ,
10 അവിടത്തെ രാജ്യം വരുമാറാകട്ടെ,
തിരുഹിതം നിറവേറപ്പെടട്ടെ,
സ്വർഗത്തിലെപ്പോലെതന്നെ ഭൂമിയിലും.
11 അനുദിനാഹാരം ഞങ്ങൾക്ക് ഇന്നു നൽകണമേ.
12 ഞങ്ങളോട് അപരാധം ചെയ്തവരോട് ഞങ്ങൾ ക്ഷമിച്ചതുപോലെതന്നെ,
ഞങ്ങളുടെ അപരാധവും ക്ഷമിക്കണമേ.
13 ഞങ്ങളെ പ്രലോഭനത്തിലേക്കു നയിക്കരുതേ,
ഞങ്ങളെ പിശാചിൽനിന്ന് സംരക്ഷിക്കണമേ.
രാജ്യവും ശക്തിയും മഹത്ത്വവും
എന്നേക്കും അവിടത്തേതല്ലോ. ആമേൻ.’
14 നിങ്ങളോടു പാപംചെയ്യുന്ന മനുഷ്യരോടു നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ പിതാവും നിങ്ങളോട് ക്ഷമിക്കും. 15 എന്നാൽ മനുഷ്യരോട് നിങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ പാപങ്ങളും ക്ഷമിക്കുകയില്ല.
16 “ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തരെപ്പോലെ വിഷാദഭാവത്തോടെ ഇരിക്കരുത്; തങ്ങൾ ഉപവാസം അനുഷ്ഠിക്കുകയാണെന്ന് മനുഷ്യരെ കാണിക്കുന്നതിനുവേണ്ടി അവർ വിഷാദമുഖം കാണിക്കുന്നു. ഞാൻ സത്യം പറയട്ടെ, അവരുടെ പ്രതിഫലം അവർക്കു ലഭിച്ചുകഴിഞ്ഞു. 17 എന്നാൽ, നിങ്ങൾ ഉപവസിക്കുമ്പോൾ തലയിൽ എണ്ണ തേക്കുകയും മുഖം കഴുകുകയും ചെയ്യുക. 18 അങ്ങനെയായാൽ നിങ്ങൾ ഉപവസിക്കുകയാണെന്ന് മറ്റുള്ളവർ അറിയാതിരിക്കുകയും നിങ്ങളുടെ അദൃശ്യനായ പിതാവുമാത്രം അറിയുകയും ചെയ്യും; നിങ്ങൾ രഹസ്യത്തിൽ ചെയ്യുന്നതു കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലം നൽകുകയും ചെയ്യും.
ദൈവത്തോടുള്ള അവിഭക്തമായ ഭക്തി
ലൗകിക ലക്ഷ്യങ്ങൾക്കും ആകുലതകൾക്കും വിരുദ്ധമായി ദൈവത്തോടുള്ള അവിഭക്തമായ ഭക്തി.
19 “കീടങ്ങളും തുരുമ്പും നശിപ്പിക്കുകയും കള്ളന്മാർ അതിക്രമിച്ചുകയറി മോഷ്ടിക്കുകയുംചെയ്യുന്ന ഭൂമിയിൽ നിങ്ങൾ നിക്ഷേപം സംഭരിക്കരുത്; 20 പകരം, കീടങ്ങളും തുരുമ്പും നശിപ്പിക്കാതെയും കള്ളന്മാർ അതിക്രമിച്ചുകയറി കവർച്ചചെയ്യാതെയും ഇരിക്കുന്ന സ്വർഗത്തിൽ നിക്ഷേപം സമാഹരിക്കുക. 21 നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും.
22 “കണ്ണ് ശരീരത്തിന്റെ വിളക്കാണ്. നിന്റെ കണ്ണ് നിർമലമെങ്കിൽ ശരീരംമുഴുവനും പ്രകാശിതമായിരിക്കും. 23 കണ്ണ് അശുദ്ധമെങ്കിൽ ശരീരംമുഴുവൻ ഇരുൾമയമായിരിക്കും. നിന്നിലുണ്ട് എന്നുകരുതപ്പെടുന്ന പ്രകാശം ഇരുട്ടാണെങ്കിൽ, ആ ഇരുട്ട് എത്ര ഭയാനകമായിരിക്കും!
24 “രണ്ട് യജമാനന്മാർക്ക് ദാസ്യവൃത്തി ചെയ്യുക ആരാലും സാധ്യമല്ല. ഒന്നുകിൽ, ഒരു യജമാനനെ പരിത്യജിച്ച് മറ്റേയാളെ സ്നേഹിക്കും; അല്ലെങ്കിൽ, ഒരാളോട് വിശ്വസ്തനായി തുടരുകയും മറ്റേയാളെ വെറുക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരുമിച്ചു സേവിക്കുക അസാധ്യം.
25 “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്തു പാനംചെയ്യും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്. ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളവയല്ലേ? 26 ആകാശത്തിലെ പക്ഷികളെ നോക്കുക; അവ വിതയ്ക്കുകയോ കൊയ്യുകയോ കളപ്പുരകളിൽ സമാഹരിക്കുകയോ ചെയ്യുന്നില്ല. എങ്കിലും നിങ്ങളുടെ സ്വർഗസ്ഥപിതാവ് അവയ്ക്ക് ഭക്ഷണം നൽകുന്നില്ലേ? അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! 27 വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ?
28 “വസ്ത്രത്തെക്കുറിച്ച് നിങ്ങൾ വ്യാകുലചിത്തരാകുന്നത് എന്തിന്? വയലിലെ ശോശന്നച്ചെടികൾ എങ്ങനെ വളരുന്നെന്നു നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല. 29 എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. 30 ഇപ്പോഴുള്ളതും നാളെ തീയിൽ കത്തിയമരുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ അലങ്കരിക്കുന്നെങ്കിൽ; അൽപ്പവിശ്വാസികളേ, ദൈവം നിങ്ങളെ അതിനെക്കാളും എത്രയോ അധികം കരുതുകയില്ലേ! 31 അതുകൊണ്ട്, ‘എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും’ എന്നിങ്ങനെ വിലപിച്ച് വ്യാകുലപ്പെടരുത്. 32 ദൈവത്തെ അറിയാത്തവരാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ സ്വർഗസ്ഥപിതാവിന് അറിയാം. 33 നിങ്ങൾ പരമപ്രധാനമായി ദൈവരാജ്യവും ദൈവനീതിയും തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും. 34 അതുകൊണ്ട്, നാളെയെക്കുറിച്ചു വ്യാകുലപ്പെടരുത്; നാളത്തെ ദിവസം അതിനായിത്തന്നെ വ്യാകുലപ്പെട്ടുകൊള്ളും; ഓരോ ദിവസത്തിനും അതിന്റേതായ ക്ലേശങ്ങൾ ഉണ്ടല്ലോ.
കുറ്റം കണ്ടെത്തൽ, അഥവാ മറ്റുള്ളവരെ വിധിക്കൽ
7:1 “മറ്റുള്ളവരെ ന്യായംവിധിക്കരുത്, വിധിച്ചാൽ നിങ്ങളും വിധിക്കപ്പെടും. 2 നിങ്ങൾ മറ്റുള്ളവരെ വിധിക്കുന്ന അതേ മാനദണ്ഡത്താൽ നിങ്ങളും വിധിക്കപ്പെടും നിങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന അതേ അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും.
3 “സ്വന്തം കണ്ണിൽ മരക്കഷണം ഇരിക്കുന്നതു ഗൗനിക്കാതെ നിങ്ങൾ സഹോദരങ്ങളുടെ കണ്ണിലെ കരടു ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നതെന്തുകൊണ്ട്?
4 നിന്റെ സ്വന്തം കണ്ണിൽ ഒരു മരക്കഷണമിരിക്കുമ്പോൾ സഹോദരങ്ങളോട്, ‘നിങ്ങളുടെ കണ്ണിലെ കരട് എടുത്തുകളയട്ടെ’ എന്നു നിനക്ക് എങ്ങനെ പറയാൻകഴിയും? 5 കപടഭക്തരേ, ആദ്യം നിങ്ങളുടെ കണ്ണിൽനിന്ന് മരക്കഷണം എടുത്തുകളയുക. അപ്പോൾ സഹോദരങ്ങളുടെ കണ്ണിൽനിന്ന് കരട് എടുത്തുകളയുന്നതിന് നിങ്ങൾക്കു വ്യക്തമായി കാണാൻ കഴിയും.
6 “വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുത്, നിങ്ങളുടെ മുത്തുകൾ പന്നികളുടെമുമ്പിൽ എറിയുകയുമരുത്; പന്നികൾ ആ മുത്തുകൾ ചവിട്ടിമെതിക്കയും നായ്ക്കൾ തിരിഞ്ഞു നിങ്ങളെ ചീന്തിക്കളയുകയും ചെയ്യും.
പ്രാർഥനയും സുവർണനിയമവും
7 “അപേക്ഷിക്കുക, നിങ്ങൾക്ക് അതു ലഭിക്കും; അന്വേഷിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടുക, നിങ്ങൾക്കായി വാതിൽ തുറക്കപ്പെടും. 8 അപേക്ഷിക്കുന്നവർക്കു ലഭിക്കുന്നു; അന്വേഷിക്കുന്നവർ കണ്ടെത്തുന്നു; മുട്ടുന്നവർക്ക് വാതിൽ തുറക്കപ്പെടുന്നു.
9 “നിങ്ങളുടെ മകൻ അപ്പം ചോദിച്ചാൽ നിങ്ങളിലാരാണ് അവനു കല്ലു കൊടുക്കുക? 10 അല്ലാ, മീൻ ചോദിച്ചാൽ നിങ്ങളിലാരാണ് പാമ്പിനെ നൽകുന്നത്? 11 മക്കൾക്കു നല്ല ദാനങ്ങൾ കൊടുക്കാൻ പാപികളായ നിങ്ങൾക്കറിയാമെങ്കിൽ, സ്വർഗസ്ഥപിതാവ് തന്നോടപേക്ഷിക്കുന്നവർക്കു നല്ല ദാനങ്ങൾ എത്രയധികമായി നൽകും!
12 അതുകൊണ്ട്, മറ്റുള്ളവർ നിങ്ങളോടു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നിങ്ങൾ അവരോടും ചെയ്യുക; ഇതുതന്നെയാണ് ന്യായപ്രമാണവും പ്രവാചകന്മാരും പറയുന്നതിന്റെ സാരാംശം.
ശക്തമായ സാദൃശ്യകഥകളോടെ പ്രഭാഷണം അവസാനിക്കുന്നു
പ്രഭാഷണത്തിന്റെ സമാപനം: ശക്തമായ സാദൃശ്യകഥകളിലൂടെ മനസ്സിൽ ഉറപ്പിക്കുന്ന വ്യക്തിപരമായ നീതിയുടെ പാഠം.
13 “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക. നാശത്തിലേക്കു നയിക്കുന്ന വാതിൽ വീതിയുള്ളതും വഴി വിസ്തൃതവുമാകുന്നു; അതിലൂടെ പ്രവേശിക്കുന്നവർ അനേകരാണ്. 14 എന്നാൽ, ജീവനിലേക്കു നയിക്കുന്ന വാതിൽ എത്രയോ ഇടുങ്ങിയതും പാത ദുഷ്കരവുമാണ്; അതു കണ്ടെത്തുന്നവരോ വിരളം.
15 “ആടുകളുടെ വേഷമണിഞ്ഞ് നിങ്ങളെ സമീപിക്കുന്ന വ്യാജപ്രവാചകരെ സൂക്ഷിക്കുക; അകമേ അവർ അത്യാർത്തിപൂണ്ട ചെന്നായ്ക്കളാണ്. 16 അവരുടെ ചെയ്തികളിലൂടെ നിങ്ങൾക്കവരെ തിരിച്ചറിയാം. മുൾച്ചെടികളിൽനിന്ന് മുന്തിരിക്കുലകളോ ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴമോ ശേഖരിക്കാൻ കഴിയുമോ? 17 നല്ലവൃക്ഷം നല്ലഫലവും വിഷവൃക്ഷം വിഷഫലവും നൽകുന്നു.
18 നല്ലവൃക്ഷത്തിൽ വിഷഫലവും വിഷവൃക്ഷത്തിൽ നല്ലഫലവും കായ്ക്കുകയില്ല.
19 നല്ലഫലമേകാത്ത ഏതു വൃക്ഷവും വെട്ടി തീയിലെറിയുന്നു.
20 ഇതുപോലെ, വ്യാജപ്രവാചകരെ അവരുടെ ചെയ്തികളിലൂടെ നിങ്ങൾക്ക് തിരിച്ചറിയാം.
21 “ ‘കർത്താവേ, കർത്താവേ’ എന്ന് എന്നെ വിളിക്കുന്ന എല്ലാവരും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. എന്റെ സ്വർഗസ്ഥപിതാവിന്റെ ഹിതം നിറവേറ്റുന്നവർക്കാണ് അവിടെ പ്രവേശനം. 22 ന്യായവിധിദിവസത്തിൽ പലരും എന്നോട്, ‘കർത്താവേ, കർത്താവേ, അങ്ങയുടെ നാമത്തിൽ ഞങ്ങൾ പ്രവചിച്ചില്ലയോ? അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ ഉച്ചാടനംചെയ്തില്ലയോ? അങ്ങയുടെ നാമത്തിൽ ധാരാളം അത്ഭുതങ്ങളും ഞങ്ങൾ ചെയ്തില്ലയോ?’ എന്നു പറയും. 23 അപ്പോൾ ഞാൻ അവരോട്, ‘ഞാൻ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല; അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുക എന്ന് ആജ്ഞാപിക്കും!’
24 “അതുകൊണ്ട്, എന്റെ ഈ വചനങ്ങൾ കേട്ട് അതിനനുസരിച്ചു പ്രവർത്തിക്കുന്ന വ്യക്തി പാറമേൽ വീടുപണിത ബുദ്ധിയുള്ള ഒരു മനുഷ്യനു തുല്യം.
25 പേമാരി പെയ്തു, പ്രളയം വന്നു, കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു; എങ്കിലും പാറമേൽ അടിത്തറ ഉറപ്പിച്ചിരുന്നതിനാൽ അത് നിലംപതിച്ചില്ല.
26 എന്നാൽ, എന്റെ ഈ വചനങ്ങൾ കേട്ടിട്ട് അതിനനുസരിച്ചു പ്രവർത്തിക്കാതിരിക്കുന്ന വ്യക്തി മണലിൽ വീടുപണിത ബുദ്ധിശൂന്യനായ മനുഷ്യനോട് സദൃശൻ. 27 പേമാരി പെയ്തു, പ്രളയം വന്നു, കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു; അതിഭയങ്കരമായിരുന്നു ആ വീടിന്റെ പതനം.”
28 യേശു ഈ പ്രഭാഷണം അവസാനിപ്പിച്ചപ്പോൾ ജനങ്ങൾ അദ്ദേഹത്തിന്റെ ഉപദേശത്തിൽ ആശ്ചര്യപ്പെട്ടു. 29 കാരണം, അവരുടെ വേദജ്ഞരെപ്പോലെയല്ല, പിന്നെയോ ആധികാരികതയോടെയാണ് അദ്ദേഹം അവരെ ഉപദേശിച്ചത്.
8:1 യേശു മലയിൽനിന്ന് ഇറങ്ങിവന്നപ്പോൾ വലിയ ജനസമൂഹം അദ്ദേഹത്തെ അനുഗമിച്ചു.
ലൂക്കോസ് 6:17–30, 32–42, 31, 43–49
സ്ഥലവും ശ്രോതാക്കളും
6:17 യേശു അവരോടൊപ്പം മലയിൽനിന്ന് ഇറങ്ങി സമതലഭൂമിയിൽ വന്നു. അവിടെ അദ്ദേഹത്തിന്റെ ശിഷ്യരുടെ ഒരു വലിയ സമൂഹവും; ജെറുശലേമിൽനിന്നും യെഹൂദ്യയിലെ മറ്റെല്ലായിടത്തുനിന്നും സമുദ്രതീരപട്ടണങ്ങളായ സോരിൽനിന്നും സീദോനിൽനിന്നും 18 യേശുവിന്റെ വാക്കുകൾ ശ്രവിക്കാനും രോഗസൗഖ്യംപ്രാപിക്കാനും വലിയൊരു ജനാവലിയും വന്നിട്ടുണ്ടായിരുന്നു. ദുരാത്മപീഡിതർ സൗഖ്യംപ്രാപിച്ചു. 19 അദ്ദേഹത്തിൽനിന്ന് ശക്തി പുറപ്പെട്ട് എല്ലാവരെയും സൗഖ്യമാക്കിയിരുന്നതുകൊണ്ടു ജനങ്ങൾ എല്ലാവരും അദ്ദേഹത്തെ സ്പർശിക്കാൻ ശ്രമിച്ചു.
അനുഗ്രഹപ്രഖ്യാപനങ്ങളും ദുരിതപ്രഖ്യാപനങ്ങളും
ആമുഖം: അനുഗ്രഹപ്രഖ്യാപനങ്ങളും ദുരിതപ്രഖ്യാപനങ്ങളും, മശിഹായുടെ പ്രജകളുടെ പ്രത്യേകാവകാശങ്ങൾ.
20 ശിഷ്യരെ നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു:
“ദരിദ്രരായ നിങ്ങൾ അനുഗൃഹീതർ;
നിങ്ങളുടേതല്ലോ ദൈവരാജ്യം.
21 ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ അനുഗൃഹീതർ;
നിങ്ങൾ സംതൃപ്തരാകും.
ഇപ്പോൾ വിലപിക്കുന്നവരായ നിങ്ങൾ അനുഗൃഹീതർ;
നിങ്ങൾ ആഹ്ലാദിക്കും.
22 നിങ്ങൾ മനുഷ്യപുത്രന്റെ (എന്റെ) അനുയായികളായതുകൊണ്ട്
ജനം നിങ്ങളെ വെറുത്ത്, സമുദായഭ്രഷ്ടരാക്കി അപമാനിച്ച്,
നിങ്ങളുടെ പേരുകൾ ശപിക്കപ്പെട്ടത് എന്ന് ഗണിക്കുമ്പോൾ,
നിങ്ങൾ അനുഗൃഹീതർ.
23 “അന്നാളിൽ നിങ്ങൾ ആനന്ദാതിരേകത്താൽ തുള്ളിച്ചാടുക. കാരണം, മഹത്താണ് സ്വർഗത്തിൽ നിങ്ങൾക്കുള്ള പ്രതിഫലം. അവരുടെ പൂർവികർ ദൈവത്തിന്റെ പ്രവാചകന്മാരോടും അങ്ങനെതന്നെയാണല്ലോ ചെയ്തത്.
24 “ധനികരായ നിങ്ങൾക്കോ, ഹാ കഷ്ടം!
നിങ്ങൾക്കുള്ള ആശ്വാസം നിങ്ങൾ അനുഭവിച്ചുകഴിഞ്ഞു.
25 ഇപ്പോൾ ഭക്ഷിച്ചു സംതൃപ്തരായിരിക്കുന്ന നിങ്ങൾക്കു ഹാ കഷ്ടം!
നിങ്ങൾ വിശന്നുവലയും.
ഇപ്പോൾ ആഹ്ലാദിക്കുന്ന നിങ്ങൾക്കു ഹാ കഷ്ടം!
നിങ്ങൾ അതിദുഃഖത്തോടെ വിലപിക്കും.
26 എല്ലാവരും നിങ്ങളെ പ്രശംസിക്കുമ്പോൾ നിങ്ങൾക്കു ഹാ കഷ്ടം!
അവരുടെ പൂർവികരും വ്യാജപ്രവാചകന്മാരെ അങ്ങനെതന്നെ പ്രശംസിച്ചിട്ടുണ്ടല്ലോ.
ക്രിസ്തുവിന്റെ ധാർമികത വേദജ്ഞരുടെ ഉപദേശത്തെ മറികടക്കുന്നു
ആറ് വിഷയങ്ങളിൽ അഥവാ ഉദാഹരണങ്ങളിൽ ക്രിസ്തുവിന്റെ ധാർമികോപദേശം വേദജ്ഞരുടെ ഉപദേശത്തെക്കാൾ (പഴയനിയമവും വാമൊഴിയായുള്ള നിയമവും) ശ്രേഷ്ഠമാണ്: കൊലപാതകം, വ്യഭിചാരം, വിവാഹമോചനം, ശപഥങ്ങൾ, പ്രതികാരം, ശത്രുക്കളോടുള്ള സ്നേഹം.
27 “എന്നാൽ, എന്റെ ഈ വാക്കുകൾ കേട്ടുകൊണ്ടിരിക്കുന്ന നിങ്ങളോടു ഞാൻ പറയട്ടെ: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ വെറുക്കുന്നവർക്കു നന്മ ചെയ്യുക,
28 നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക, നിങ്ങളെ നിന്ദിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക. 29 ഒരാൾ നിന്റെ ഒരു ചെകിട്ടത്ത് അടിക്കുന്നെങ്കിൽ അയാൾക്ക് മറ്റേ ചെകിടും കാണിച്ചുകൊടുക്കുക. നിന്റെ പുറങ്കുപ്പായം എടുക്കുന്നയാൾക്ക് വസ്ത്രവുംകൂടെ നൽകാൻ മടിക്കരുത്. 30 നിന്നോട് എന്തെങ്കിലും ആവശ്യപ്പെടുന്നവർക്ക് അത് നൽകുക; നിനക്കുള്ളത് ആരെങ്കിലും അപഹരിച്ചാൽ അതു തിരികെ ആവശ്യപ്പെടരുത്.
32 “നിങ്ങളെ സ്നേഹിക്കുന്നവരെമാത്രം സ്നേഹിച്ചാൽ അതിൽ നിങ്ങൾക്ക് അഭിമാനിക്കാൻ എന്താണുള്ളത്? പാപികളെന്നു സമൂഹം പരിഗണിക്കുന്നവരും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ.
33 നിങ്ങൾക്കു നന്മ ചെയ്യുന്നവർക്കു നിങ്ങൾ നന്മ ചെയ്താൽ അതിൽ അഭിമാനിക്കാൻ എന്താണുള്ളത്? പാപികളും അതുതന്നെ ചെയ്യുന്നുണ്ടല്ലോ.
34 തിരികെ ലഭിക്കുമെന്നു പ്രതീക്ഷിച്ചുകൊണ്ട് നിങ്ങൾ വായ്പകൊടുത്താൽ അതിൽ നിങ്ങൾക്ക് എന്താണ് അഭിമാനിക്കാനുള്ളത്? പാപികളും എല്ലാം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയോടെ, പാപികൾക്കു വായ്പകൊടുക്കുന്നുണ്ടല്ലോ. 35 എന്നാൽ നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക; അവർക്കു നന്മ ചെയ്യുക; തിരികെ ലഭിക്കുമെന്ന പ്രതീക്ഷകൂടാതെ അവർക്കു വായ്പകൊടുക്കുക. അപ്പോൾ നിങ്ങളുടെ പ്രതിഫലം മഹത്തായിരിക്കും. അങ്ങനെയാണ് പരമോന്നതന്റെ മക്കൾ പ്രവർത്തിക്കുക; കാരണം, അവിടന്നു നന്ദികെട്ടവരോടും ദുഷ്ടരോടും ദയാലുവാകുന്നു. 36 നിങ്ങളുടെ പിതാവ് കരുണാമയൻ ആയിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുക.
കുറ്റം കണ്ടെത്തൽ, അഥവാ മറ്റുള്ളവരെ വിധിക്കൽ
37 “മറ്റുള്ളവരെ ന്യായംവിധിക്കരുത്; എന്നാൽ നിങ്ങളും വിധിക്കപ്പെടുകയില്ല. ശിക്ഷവിധിക്കരുത്; നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകുകയില്ല. ക്ഷമിക്കുക; നിങ്ങളോടും ക്ഷമിക്കും. 38 കൊടുക്കുക; എന്നാൽ നിങ്ങൾക്കു ലഭിക്കും; അളവുപാത്രത്തിൽ അമർത്തിക്കുലുക്കി പുറത്തേക്കു കവിയുന്ന അളവിൽ നിങ്ങളുടെ മടിയിൽ പ്രതിഫലം ലഭിക്കും. നിങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന അതേ അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും.”
39 തുടർന്ന് യേശു അവരോട് ഈ സാദൃശ്യകഥയും പറഞ്ഞു: “ഒരന്ധന് മറ്റൊരന്ധനെ നയിക്കാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീണുപോകുകയില്ലയോ? 40 ശിഷ്യൻ ഗുരുവിനെക്കാൾ ജ്ഞാനിയല്ല; എന്നാൽ അഭ്യസനം പൂർത്തിയാക്കിയ ശിഷ്യൻ ഗുരുവിനെപ്പോലെയായിത്തീരും.
41 “സ്വന്തം കണ്ണിൽ മരക്കഷണം ഇരിക്കുന്നതു ഗൗനിക്കാതെ നിങ്ങൾ സഹോദരങ്ങളുടെ കണ്ണിലെ കരടു ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നതെന്തുകൊണ്ട്?
42 നിന്റെ സ്വന്തം കണ്ണിൽ ഒരു മരക്കഷണമിരിക്കുമ്പോൾ അതു കാണാതെ ‘സഹോദരങ്ങളേ, ഞാൻ നിങ്ങളുടെ കണ്ണിലെ കരട് എടുത്തുകളയട്ടെ’ എന്നു നിനക്ക് എങ്ങനെ പറയാൻകഴിയും? കപടഭക്തരേ, ആദ്യം നിങ്ങളുടെ കണ്ണിൽനിന്ന് മരക്കഷണം എടുത്തുകളയുക. അപ്പോൾ സഹോദരങ്ങളുടെ കണ്ണിൽനിന്ന് കരട് എടുത്തുകളയുന്നതിന് നിങ്ങൾക്കു വ്യക്തമായി കാണാൻ കഴിയും.
പ്രാർഥനയും സുവർണനിയമവും
31 മറ്റുള്ളവർ നിങ്ങളോടു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നിങ്ങൾ അവരോടും ചെയ്യുക.
ശക്തമായ സാദൃശ്യകഥകളോടെ പ്രഭാഷണം അവസാനിക്കുന്നു
പ്രഭാഷണത്തിന്റെ സമാപനം: ശക്തമായ സാദൃശ്യകഥകളിലൂടെ മനസ്സിൽ ഉറപ്പിക്കുന്ന വ്യക്തിപരമായ നീതിയുടെ പാഠം.
43 “വിഷഫലം കായ്ക്കുന്ന നല്ലവൃക്ഷമില്ല; നല്ലഫലം കായ്ക്കുന്ന വിഷവൃക്ഷവുമില്ല.
44 ഏതു വൃക്ഷവും അതിന്റെ ഫലംകൊണ്ട് തിരിച്ചറിയാം. ആരും മുൾച്ചെടികളിൽനിന്ന് അത്തിപ്പഴമോ ഞെരിഞ്ഞിലിൽനിന്ന് മുന്തിരിക്കുലയോ ശേഖരിക്കുന്നില്ല.
45 നല്ല മനുഷ്യൻ, തന്റെ ഹൃദയത്തിൽ സംഭരിച്ചിരിക്കുന്ന നന്മയിൽനിന്നു, നന്മ പ്രവർത്തിക്കുന്നു; ദുഷ്ടമനുഷ്യനോ തന്റെ ഹൃദയത്തിൽ നിക്ഷിപ്തമായിരിക്കുന്ന തിന്മയിൽനിന്നു, തിന്മ പ്രവർത്തിക്കുന്നു. ഹൃദയം നിറഞ്ഞു കവിയുന്നതാണല്ലോ വായ് സംസാരിക്കുന്നത്.
46 “നിങ്ങൾ എന്നെ ‘കർത്താവേ, കർത്താവേ,’ എന്നു വിളിക്കുകയും ഞാൻ പറയുന്നതു പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?
47 എന്റെ അടുക്കൽവന്ന് എന്റെ വചനങ്ങൾ കേട്ട് അതിനനുസരിച്ചു പ്രവർത്തിക്കുന്ന വ്യക്തി ആരോടു സദൃശൻ എന്നു ഞാൻ നിങ്ങൾക്കു കാണിച്ചുതരാം.
48 ആഴത്തിൽ കുഴിച്ചു പാറമേൽ അടിസ്ഥാനമിട്ടു വീടുപണിയുന്നവനോട് സദൃശനാണയാൾ. പ്രളയമുണ്ടായി ഒഴുക്ക് ആ വീടിന്മേൽ ആഞ്ഞടിച്ചു. എന്നാൽ, അത് ബലവത്തായി പണിതിരുന്നതുകൊണ്ട് അതിന് ഇളക്കം തട്ടിയതേയില്ല.
49 എന്നാൽ, എന്റെ വചനങ്ങൾ കേട്ടിട്ട് അതിനനുസരിച്ചു പ്രവർത്തിക്കാതിരിക്കുന്ന വ്യക്തി, അടിസ്ഥാനമിടാതെ മണ്ണിന്മേൽ വീടുപണിത മനുഷ്യനോട് സദൃശൻ. ഒഴുക്ക് ആ വീടിന്മേൽ ആഞ്ഞടിച്ചയുടൻതന്നെ അതു തകർന്നുവീണു; അതിന്റെ നാശം പരിപൂർണമായിരുന്നു.”