യേശു കടൽത്തീരത്ത് വലിയ ജനക്കൂട്ടങ്ങളെ പഠിപ്പിക്കുകയും സൗഖ്യമാക്കുകയും ചെയ്യുന്നു
യേശു ഗലീലത്തീരത്ത് വലിയ ജനക്കൂട്ടങ്ങളെ പഠിപ്പിക്കുകയും സൗഖ്യമാക്കുകയും ചെയ്യുന്നു.
ക്രിസ്തു പന്ത്രണ്ട് അപ്പൊസ്തലന്മാരെ തെരഞ്ഞെടുക്കുകയും അവർക്കും ജനക്കൂട്ടങ്ങൾക്കും ഗിരിപ്രഭാഷണം നൽകുകയും ചെയ്യുന്നത് ഇവിടെ നാം കാണുന്നു.
ക്രി.പി. 27 മുതൽ 29 വരെ
Biblica® Open Malayalam Contemporary Version™ (OMCV)
മത്തായി 12:15–21
12:15 ഈ വസ്തുത മനസ്സിലാക്കി യേശു ആ സ്ഥലത്തുനിന്ന് പിൻവാങ്ങി. വലിയൊരു ജനസഞ്ചയം അദ്ദേഹത്തെ അനുഗമിച്ചു; രോഗബാധിതരായ എല്ലാവരെയും അദ്ദേഹം സൗഖ്യമാക്കി.
16 താൻ ആരാണെന്നു വെളിപ്പെടുത്തരുതെന്ന് അവിടന്ന് അവർക്കു മുന്നറിയിപ്പു നൽകി. 17 ഇത് യെശയ്യാപ്രവാചകനിലൂടെ അറിയിച്ച അരുളപ്പാട് നിറവേറുന്നതിനായിരുന്നു:
18 “ഇതാ, ഞാൻ തെരഞ്ഞെടുത്ത എന്റെ ദാസൻ;
ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ പ്രിയൻ.
ഞാൻ എന്റെ ആത്മാവിനെ അവന് നൽകും.
അവൻ രാഷ്ട്രങ്ങൾക്കു ന്യായം പ്രഖ്യാപിക്കും;
19 അവൻ ശണ്ഠയിടുകയോ ഉറക്കെ നിലവിളിക്കുകയോ ഇല്ല;
തെരുവീഥികളിൽ ആരും അവന്റെ ശബ്ദം കേൾക്കുകയില്ല.
20 ചതഞ്ഞ ഞാങ്ങണ അവൻ ഒടിക്കുകയില്ല;
പുകയുന്ന തിരി കെടുത്തിക്കളയുകയുമില്ല.
അവൻ ന്യായത്തെ വിജയത്തിലേക്കു നയിക്കും.
21 അവന്റെ നാമത്തിൽ യെഹൂദേതരർ പ്രത്യാശ അർപ്പിക്കും.”
മർക്കോസ് 3:7–12
3:7 യേശു തന്റെ ശിഷ്യന്മാരോടുകൂടെ തടാകതീരത്തേക്കുപോയി. ഗലീലയിൽനിന്ന് വലിയൊരു ജനസഞ്ചയം അവരുടെ പിന്നാലെ ചെന്നു. 8 യേശു ചെയ്തുകൊണ്ടിരുന്ന പ്രവൃത്തികളെക്കുറിച്ചെല്ലാം കേട്ടിട്ട് യെഹൂദ്യയിൽനിന്നും ജെറുശലേമിൽനിന്നും ഏദോമിൽനിന്നും യോർദാന്റെ അക്കരെനിന്നും സോരിനും സീദോനും ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും വലിയൊരു ജനാവലി യേശുവിന്റെ അടുക്കലെത്തി. 9 ജനത്തിരക്കിൽപ്പെട്ട് ഞെരുങ്ങിപ്പോകാതിരിക്കേണ്ടതിന്, തനിക്കായി ഒരു ചെറിയ വള്ളം തയ്യാറാക്കാൻ യേശു ശിഷ്യന്മാരോടു പറഞ്ഞു.
10 കാരണം, യേശു അനേകരെ സൗഖ്യമാക്കിയതുകൊണ്ട്, അദ്ദേഹത്തെ ഒന്നു സ്പർശിക്കാനെങ്കിലും കഴിഞ്ഞെങ്കിൽ എന്നുവെച്ച് രോഗബാധിതരായ ജനങ്ങൾ തിരക്കുകൂട്ടുകയായിരുന്നു. 11 അശുദ്ധാത്മാവ് ബാധിച്ചവർ യേശുവിനെ കാണുമ്പോഴെല്ലാം മുമ്പിൽ വീണ്, “അങ്ങു ദൈവപുത്രൻ” എന്ന് അലറിവിളിച്ചുപറഞ്ഞു.
12 എന്നാൽ, താൻ ആരാണെന്നു വെളിപ്പെടുത്തരുതെന്ന് അദ്ദേഹം അവരോട് കർശനമായി ആജ്ഞാപിച്ചു.
യേശു പന്ത്രണ്ട് അപ്പൊസ്തലന്മാരെ തെരഞ്ഞെടുക്കുന്നു
ഒരു രാത്രി മുഴുവൻ പ്രാർഥിച്ചശേഷം യേശു പന്ത്രണ്ട് അപ്പൊസ്തലന്മാരെ തെരഞ്ഞെടുക്കുന്നു.
മർക്കോസ് 3:13–19
3:13 അതിനുശേഷം യേശു ഒരു മലയുടെ മുകളിൽ കയറി. തന്റെ ഇഷ്ടപ്രകാരം ചിലരെ അടുത്തേക്കു വിളിച്ചു. അവർ അദ്ദേഹത്തിന്റെ അടുത്തുചെന്നു.
14-15 തന്റെ സഹചാരികളായിരിക്കാനും അശുദ്ധാത്മാക്കളെ പുറത്താക്കാനുള്ള അധികാരത്തോടുകൂടി ജനത്തോട് പ്രസംഗിക്കാനും പന്ത്രണ്ടുപേരെ അദ്ദേഹം നിയോഗിച്ചു. അവർക്ക് “അപ്പൊസ്തലന്മാർ” എന്നു നാമകരണംചെയ്തു.
16 ഇവരാണ് ആ പന്ത്രണ്ടുപേർ:
പത്രോസ് എന്ന് യേശു വിളിപ്പേരിട്ട ശിമോൻ,
17 സെബെദിയുടെ മകനായ യാക്കോബ്, അയാളുടെ സഹോദരൻ യോഹന്നാൻ—“ഇടിമുഴക്കത്തിന്റെ പുത്രന്മാർ” എന്നർഥമുള്ള ബൊവനേർഗെസ് എന്ന് അവർക്കു യേശു പേരിട്ടു.
18 അന്ത്രയോസ്,
ഫിലിപ്പൊസ്,
ബർത്തൊലൊമായി,
മത്തായി,
തോമസ്,
അല്ഫായിയുടെ മകനായ യാക്കോബ്,
തദ്ദായി,
കനാന്യനായ ശിമോൻ,
19 യേശുവിനെ ഒറ്റിക്കൊടുത്ത ഈസ്കര്യോത്ത് യൂദാ.
ലൂക്കോസ് 6:12–16
6:12 അന്നൊരിക്കൽ യേശു പ്രാർഥിക്കാൻ മലയിലേക്കു കയറിപ്പോയി; ദൈവത്തോട് പ്രാർഥിച്ചുകൊണ്ട് രാത്രിമുഴുവനും ചെലവഴിച്ചു.
13 പ്രഭാതമായപ്പോൾ അദ്ദേഹം ശിഷ്യന്മാരെ അടുക്കൽവിളിച്ചു; അവരിൽനിന്ന് പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത് അവർക്ക് അപ്പൊസ്തലന്മാർ എന്നു നാമകരണംചെയ്തു. അവരുടെ പേരുകൾ ഇവയാണ്:
14 പത്രോസ് എന്ന് യേശു വിളിച്ച ശിമോൻ, അയാളുടെ സഹോദരൻ അന്ത്രയോസ്,
യാക്കോബ്,
യോഹന്നാൻ,
ഫിലിപ്പൊസ്,
ബർത്തൊലൊമായി,
15 മത്തായി,
തോമസ്,
അല്ഫായിയുടെ മകനായ യാക്കോബ്,
ദേശീയവാദിയായിരുന്ന ശിമോൻ,
16 യാക്കോബിന്റെ മകനായ യൂദാ,
വഞ്ചകനായിത്തീർന്ന ഈസ്കര്യോത്ത് യൂദാ.