ശിഷ്യന്മാർ ശബ്ബത്തുനാളിൽ ധാന്യക്കതിരുകൾ പറിക്കുന്നു
ശിഷ്യന്മാർ വയലുകളിൽ ധാന്യക്കതിരുകൾ പറിക്കുമ്പോൾ, പരീശന്മാരുമായി ശബ്ബത്തുനാളിനെക്കുറിച്ച് മറ്റൊരു വിവാദം.
മിക്കവാറും ജെറുശലേമിൽനിന്നുള്ള മടക്കയാത്രയിൽ ഗലീലയിൽ
ക്രി.പി. 27 മുതൽ 29 വരെ
Biblica® Open Malayalam Contemporary Version™ (OMCV)
മത്തായി 12:1–8
12:1 അന്നൊരിക്കൽ യേശു, ശബ്ബത്തുനാളിൽ ധാന്യം വിളഞ്ഞുനിൽക്കുന്ന ഒരു വയലിലൂടെ യാത്രചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാർക്ക് വിശന്നതിനാൽ അവർ കതിർ പറിച്ചുതിന്നാൻ തുടങ്ങി.
2 പരീശന്മാർ അതുകണ്ടിട്ട്, യേശുവിനോട്, “നോക്കൂ! അങ്ങയുടെ ശിഷ്യന്മാർ ശബ്ബത്തുനാളിൽ അനുവദനീയമല്ലാത്തതു ചെയ്യുന്നു” എന്നു പറഞ്ഞു.
3 അതിനുത്തരമായി യേശു: “ദാവീദും സഹയാത്രികരും തങ്ങൾക്കു വിശന്നപ്പോൾ എന്തു ചെയ്തുവെന്നു നിങ്ങൾ വായിച്ചിട്ടില്ലേ?
4 ദാവീദ് ദൈവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കൊഴികെ, തനിക്കോ സഹയാത്രികർക്കോ ഭക്ഷിക്കാൻ അനുമതിയില്ലാത്ത, സമർപ്പിക്കപ്പെട്ട അപ്പം ഭക്ഷിച്ചു. 5 ശബ്ബത്തുനാളിൽ വേലചെയ്യുന്നത് നിഷിദ്ധമെങ്കിലും, ദൈവാലയത്തിൽ ശുശ്രൂഷിക്കുന്ന പുരോഹിതന്മാർ ശബ്ബത്തുനാളിൽ വേലചെയ്താലും കുറ്റമില്ലാത്തവരായിരിക്കുന്നു എന്നു നിങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലേ? 6 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ദൈവാലയത്തെക്കാൾ ശ്രേഷ്ഠൻ ഇതാ ഇവിടെ.
7 ‘യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്,’ എന്നതിന്റെ അർഥം മനസ്സിലാക്കിയിരുന്നെങ്കിൽ നിരപരാധികൾക്കുമേൽ നിങ്ങൾ കുറ്റം ആരോപിക്കുകയില്ലായിരുന്നു.
8 കാരണം, മനുഷ്യപുത്രൻ ശബ്ബത്തിന്റെ അധിപതിയാണ്.”
മർക്കോസ് 2:23–28
2:23 ഒരു ശബ്ബത്തുനാളിൽ യേശു ധാന്യം വിളഞ്ഞുനിൽക്കുന്ന ഒരു വയലിലൂടെ യാത്രചെയ്യുകയായിരുന്നു. യാത്രയ്ക്കിടയിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാർ കതിരുകൾ പറിച്ചുതുടങ്ങി.
24 പരീശന്മാർ യേശുവിനോട്, “നോക്കൂ! ശബ്ബത്തുനാളിൽ അനുവദനീയമല്ലാത്തത് ഇവർ ചെയ്യുന്നതെന്ത്?” എന്നു ചോദിച്ചു.
25 അതിനുത്തരമായി യേശു: “ദാവീദും സഹയാത്രികരും തങ്ങൾക്കു ഭക്ഷണമൊന്നുമില്ലാതെ വിശന്നപ്പോൾ എന്തു ചെയ്തുവെന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ?
26 അബ്യാഥാർ മഹാപുരോഹിതന്റെ കാലത്ത് ദാവീദ് ദൈവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കൊഴികെ മറ്റാർക്കും ഭക്ഷിക്കാൻ അനുമതിയില്ലാത്ത, സമർപ്പിക്കപ്പെട്ട അപ്പം ഭക്ഷിക്കുകയും സഹയാത്രികർക്കു നൽകുകയും ചെയ്തു.”
27 തുടർന്ന് യേശു, “മനുഷ്യനുവേണ്ടിയാണ് ശബ്ബത്ത് ഉണ്ടാക്കപ്പെട്ടത്; മറിച്ച് മനുഷ്യൻ ശബ്ബത്തിനുവേണ്ടിയല്ല;
28 മനുഷ്യപുത്രൻ ശബ്ബത്തിന്റെയും അധിപതിയാണ്” എന്നു പറഞ്ഞു.
ലൂക്കോസ് 6:1–5
6:1 ഒരു ശബ്ബത്തുനാളിൽ യേശു ധാന്യം വിളഞ്ഞുനിൽക്കുന്ന ഒരു വയലിലൂടെ യാത്രചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാർ കതിരുകൾ പറിച്ചു കൈകളിൽവെച്ചു തിരുമ്മി ധാന്യം തിന്നാൻതുടങ്ങി.
2 അപ്പോൾ, “ശബ്ബത്തുനാളിൽ അനുവദനീയമല്ലാത്തതു നിങ്ങൾ ചെയ്യുന്നതെന്ത്?” എന്നു ചില പരീശന്മാർ ചോദിച്ചു.
3 അതിനുത്തരമായി യേശു അവരോട്, “ദാവീദും സഹയാത്രികരും തങ്ങൾക്കു വിശന്നപ്പോൾ എന്തു ചെയ്തുവെന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ?
4 ദാവീദ് ദൈവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കൊഴികെ മറ്റാർക്കും ഭക്ഷിക്കാൻ അനുമതിയില്ലാത്ത, സമർപ്പിക്കപ്പെട്ട അപ്പം ഭക്ഷിക്കുകയും സഹയാത്രികർക്കു നൽകുകയും ചെയ്തു.”
5 തുടർന്ന് യേശു, “മനുഷ്യപുത്രൻ ശബ്ബത്തിന്റെ അധിപതിയാണ്” എന്നു പറഞ്ഞു.
യേശു ശബ്ബത്തുനാളിൽ ശോഷിച്ച ഒരു കൈ സൗഖ്യമാക്കുന്നു
സിനഗോഗിൽ കൈ ശോഷിച്ച ഒരാളെ സൗഖ്യമാക്കിയതിനെച്ചൊല്ലി പരീശന്മാരുമായി ശബ്ബത്തുനാളിനെക്കുറിച്ചുള്ള മൂന്നാമത്തെ വിവാദം.
ഗലീലയിൽ
മത്തായി 12:9–14
12:9 ആ സ്ഥലത്തുനിന്നു പുറപ്പെട്ട് അദ്ദേഹം യെഹൂദപ്പള്ളിയിൽ ചെന്നു. 10 കൈ ശോഷിച്ച ഒരു മനുഷ്യൻ അന്ന് അവിടെ ഉണ്ടായിരുന്നു. യേശുവിൽ കുറ്റം ആരോപിക്കാൻ പഴുതുതേടിക്കൊണ്ട് അവർ അദ്ദേഹത്തോട്, “ശബ്ബത്തുനാളിൽ സൗഖ്യമാക്കുന്നത് അനുവദനീയമോ?” എന്നു ചോദിച്ചു.
11 യേശു അവരോട്, “നിങ്ങളിൽ ആരുടെയെങ്കിലും ഒരു ആട് ശബ്ബത്തുനാളിൽ കുഴിയിൽ വീണുപോയി എന്നിരിക്കട്ടെ; അങ്ങനെ സംഭവിച്ചാൽ നിങ്ങൾ അതിനെ അവിടെനിന്നു കയറ്റുകയില്ലേ?
12 ആടിനെക്കാൾ മനുഷ്യൻ എത്രയോ മൂല്യവാൻ! അതുകൊണ്ട്, ശബ്ബത്തുനാളിൽ നന്മ ചെയ്യുന്നതാണ് നിയമവിധേയം” എന്നു പറഞ്ഞു.
13 അതിനുശേഷം യേശു കൈ ശോഷിച്ച മനുഷ്യനോട്, “നിന്റെ കൈനീട്ടുക” എന്നു പറഞ്ഞു. അയാൾ കൈനീട്ടി; ഉടനെ അതു മറ്റേ കൈപോലെ പൂർണ ആരോഗ്യമുള്ളതായി.
14 അപ്പോൾ പരീശന്മാർ അവിടെനിന്ന് പുറപ്പെട്ട് യേശുവിനെ എങ്ങനെ വധിക്കാൻ കഴിയും എന്ന് ഗൂഢാലോചന നടത്തി.
മർക്കോസ് 3:1–6
3:1 യേശു വീണ്ടും പള്ളിയിൽ ചെന്നു. കൈ ശോഷിച്ച ഒരു മനുഷ്യൻ അന്ന് അവിടെ ഉണ്ടായിരുന്നു.
2 ചിലർ യേശുവിന്റെമേൽ കുറ്റം ആരോപിക്കാൻ പഴുതു തേടുകയായിരുന്നതുകൊണ്ട് അദ്ദേഹം ആ മനുഷ്യനെ ശബ്ബത്തുനാളിൽ സൗഖ്യമാക്കുമോ എന്ന് അവർ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു.
3 യേശു, കൈ ശോഷിച്ച മനുഷ്യനോട്, “എഴുന്നേറ്റ് എല്ലാവരുടെയും മുമ്പിൽ നിൽക്കുക” എന്നു പറഞ്ഞു.
4 പിന്നെ യേശു അവരോട്, “ശബ്ബത്തുനാളിൽ നന്മ ചെയ്യുന്നതോ തിന്മചെയ്യുന്നതോ ജീവൻ രക്ഷിക്കുന്നതോ കൊല്ലുന്നതോ ഏതാണ് നിയമവിധേയം?” എന്നു ചോദിച്ചു. അവരോ നിശ്ശബ്ദത പാലിച്ചു.
5 യേശു അവരുടെ ഹൃദയകാഠിന്യത്തെ ഓർത്ത് ദുഃഖിതനായി. കോപത്തോടെ ചുറ്റും നോക്കിക്കൊണ്ട് കൈ ശോഷിച്ച മനുഷ്യനോട്: “നിന്റെ കൈനീട്ടുക” എന്നു പറഞ്ഞു. അയാൾ കൈനീട്ടി; പരിപൂർണസൗഖ്യം ലഭിച്ചു.
6 ഉടനെ പരീശന്മാർ പുറത്തിറങ്ങി യേശുവിനെ എങ്ങനെ വധിക്കാൻ കഴിയും എന്നതിനെക്കുറിച്ചു ഹെരോദപക്ഷക്കാരുമായി ഗൂഢാലോചന നടത്തി.
ലൂക്കോസ് 6:6–11
6:6 മറ്റൊരു ശബ്ബത്തുനാളിൽ അദ്ദേഹം യെഹൂദരുടെ പള്ളിയിൽച്ചെന്ന് ഉപദേശിച്ചുകൊണ്ടിരിക്കുകയായിരുന്നു. വലതുകൈ ശോഷിച്ചുപോയ ഒരു മനുഷ്യൻ അന്ന് അവിടെ ഉണ്ടായിരുന്നു.
7 പരീശന്മാരും വേദജ്ഞരും യേശുവിന്റെമേൽ കുറ്റം ആരോപിക്കാൻ പഴുതു തേടുകയായിരുന്നതുകൊണ്ട് അദ്ദേഹം ശബ്ബത്തുനാളിൽ സൗഖ്യമാക്കുമോ എന്ന് അവർ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു.
8 എന്നാൽ, അവരുടെ വിചാരം ഗ്രഹിച്ചിട്ട് യേശു, കൈ ശോഷിച്ച മനുഷ്യനോട്, “എഴുന്നേറ്റ് എല്ലാവരുടെയും മുമ്പിൽ നിൽക്കുക” എന്നു പറഞ്ഞു. അയാൾ അവിടെ എഴുന്നേറ്റുനിന്നു.
9 തുടർന്ന് യേശു അവരോട് ഇങ്ങനെ ചോദിച്ചു: “ഞാൻ നിങ്ങളോടു ചോദിക്കട്ടെ, ശബ്ബത്തുനാളിൽ നന്മ ചെയ്യുന്നതോ തിന്മചെയ്യുന്നതോ ജീവൻ രക്ഷിക്കുന്നതോ അതിനെ നശിപ്പിക്കുന്നതോ ഏതാണ് നിയമവിധേയം?”
10 അദ്ദേഹം അവരെ ഓരോരുത്തരെയും സൂക്ഷിച്ച് നോക്കി. തുടർന്ന് കൈ ശോഷിച്ച മനുഷ്യനോട്, “നിന്റെ കൈനീട്ടുക” എന്നു പറഞ്ഞു. അയാൾ അങ്ങനെ ചെയ്തു; അയാളുടെ കൈക്കു പരിപൂർണസൗഖ്യം ലഭിച്ചു.
11 എന്നാൽ പരീശന്മാരും വേദജ്ഞരും, ക്രോധം നിറഞ്ഞവരായി, യേശുവിനെ എന്തു ചെയ്യണമെന്ന് പരസ്പരം ചർച്ചചെയ്തു.