യേശു കഫാർനഹൂമിൽ ഒരു ശതാധിപന്റെ ദാസനെ സൗഖ്യമാക്കുന്നു

ക്രിസ്തുവിന്റെ സ്വാധീനം അതിവേഗം വ്യാപിക്കുന്നതും തടവിലായിരുന്ന യോഹന്നാൻസ്നാപകനിൽനിന്നുള്ള അന്വേഷണവും ഇവിടെ നാം കാണുന്നു.

ക്രി.പി. 27 മുതൽ 29 വരെ

Biblica® Open Malayalam Contemporary Version™ (OMCV)

മത്തായി 8:5–13

8:5 യേശു കഫാർനഹൂമിൽ പ്രവേശിച്ചപ്പോൾ, ഒരു ശതാധിപൻ സഹായാഭ്യർഥനയുമായി അദ്ദേഹത്തെ സമീപിച്ച്,

6 “കർത്താവേ, എന്റെ സേവകൻ പക്ഷാഘാതം ബാധിച്ച് അതിവേദന അനുഭവിച്ചുകൊണ്ട് വീട്ടിൽ കിടപ്പിലാണ്” എന്നു പറഞ്ഞു.

7 അപ്പോൾ യേശു, “ഞാൻ വന്ന് അവനെ സൗഖ്യമാക്കാം” എന്ന് ശതാധിപനോട് പറഞ്ഞു.

8 അതിനുത്തരമായി, “കർത്താവേ, അങ്ങ് എന്റെ ഭവനത്തിൽ വരാനുള്ള യോഗ്യത എനിക്കില്ല; അങ്ങ് ഒരു വാക്ക് ഉച്ചരിച്ചാൽമാത്രം മതി, എന്റെ സേവകൻ സൗഖ്യമാകും.

9 ഞാനും അധികാരത്തിനു കീഴ്പ്പെട്ടിരിക്കുന്ന ഒരു വ്യക്തിയാണ്; എന്റെ കീഴിലും സൈനികരുണ്ട്, അവരിലൊരുവനോട് ‘പോകുക’ എന്നു പറഞ്ഞാൽ അയാൾ പോകുന്നു. മറ്റൊരുവനോട് ‘വരിക’ എന്നു പറഞ്ഞാൽ അയാൾ വരുന്നു. ഞാൻ എന്റെ സേവകനോട് ‘ഒരു കാര്യം ചെയ്യുക’ എന്നു പറയുമ്പോൾ അയാൾ ചെയ്യുന്നു,” എന്നു ശതാധിപൻ പറഞ്ഞു.

10 ഇതു കേട്ട് യേശു ആശ്ചര്യപ്പെട്ട്, തന്നെ അനുഗമിക്കുന്നവരോട്, “ഇസ്രായേൽജനതയിൽപോലും ഇത്ര ദൃഢവിശ്വാസം ഞാൻ ആരിലും കണ്ടില്ല, സത്യം, എന്നു ഞാൻ നിങ്ങളോടു പറയുന്നു. 11 യേശു പിന്നെയും, ‘പൂർവപശ്ചിമരാജ്യങ്ങളിൽനിന്നും അനേകർ വന്ന് സ്വർഗരാജ്യത്തിൽ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ വിരുന്നിനിരിക്കും. 12 എന്നാൽ, സ്വർഗരാജ്യത്തിൽ പ്രവേശിക്കേണ്ടിയിരുന്ന പലരും പുറത്ത് ഘോരാന്ധകാരത്തിലേക്ക് എറിയപ്പെടും, അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും’ ” എന്നു പറഞ്ഞു.

13 പിന്നെ യേശു ശതാധിപനോട്, “പൊയ്ക്കൊള്ളൂ, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. ആ നിമിഷംതന്നെ അയാളുടെ സേവകൻ സൗഖ്യമായി.

ലൂക്കോസ് 7:1–10

7:1 അവിടത്തെ വാക്കുകൾ അതീവശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്ന ജനത്തോടുള്ള പ്രഭാഷണം അവസാനിപ്പിച്ചശേഷം, യേശു കഫാർനഹൂമിൽ മടങ്ങിയെത്തി. 2 അവിടെ ഒരു ശതാധിപനു വളരെ വിലപ്പെട്ട ഒരു സേവകൻ രോഗംബാധിച്ച് മരണാസന്നനായിരുന്നു. 3 യേശുവിനെക്കുറിച്ചു കേട്ട ശതാധിപൻ, യേശു വന്ന് തന്റെ സേവകനെ സൗഖ്യമാക്കണമെന്ന് അപേക്ഷിക്കാൻ യെഹൂദാമതത്തിലെ ചില നേതാക്കന്മാരെ അദ്ദേഹത്തിന്റെ അടുക്കൽ അയച്ചു.

4 അവർ യേശുവിന്റെ അടുക്കൽവന്ന് ശതാധിപനുവേണ്ടി ശുപാർശചെയ്തുകൊണ്ട് ഇങ്ങനെ അപേക്ഷിച്ചു: “അങ്ങ് ഇതു ചെയ്തുകൊടുക്കാൻ ആ മനുഷ്യൻ യോഗ്യൻ;

5 കാരണം, അയാൾ നമ്മുടെ സമുദായത്തോട് സ്നേഹമുള്ളവനാണ്; നമുക്കുവേണ്ടി ഒരു പള്ളി പണിയിച്ചുതരികയും ചെയ്തിരിക്കുന്നു.” 6 അപ്പോൾ യേശു അവരോടുകൂടെ പോയി.

അദ്ദേഹം ഭവനത്തോട് അടുക്കാറായപ്പോൾ ശതാധിപൻ തന്റെ സ്നേഹിതന്മാരിൽ ചിലരെ യേശുവിന്റെ അടുക്കൽ അയച്ച് ഇങ്ങനെ അറിയിച്ചു: “കർത്താവേ, ബുദ്ധിമുട്ടേണ്ടാ; അങ്ങ് എന്റെ ഭവനത്തിൽ വരാനുള്ള യോഗ്യത എനിക്കില്ല; 7 അതുകൊണ്ടാണ് ഞാൻ നേരിട്ട് അങ്ങയുടെ അടുക്കൽ വരാതിരുന്നതും. അങ്ങ് ഒരു വാക്ക് ഉച്ചരിച്ചാൽമാത്രം മതി, എന്റെ സേവകൻ സൗഖ്യമാകും.

8 ഞാനും അധികാരത്തിനു കീഴ്പ്പെട്ടിരിക്കുന്ന ഒരു വ്യക്തിയാണ്; എന്റെ കീഴിലും സൈനികരുണ്ട്, അവരിലൊരുവനോട് ‘പോകുക’ എന്നു പറഞ്ഞാൽ അയാൾ പോകുന്നു, മറ്റൊരുവനോട് ‘വരിക’ എന്നു പറഞ്ഞാൽ അയാൾ വരുന്നു. ഞാൻ എന്റെ സേവകനോട് ‘ഒരു കാര്യം ചെയ്യുക’ എന്നു പറയുമ്പോൾ അയാൾ ചെയ്യുന്നു.”

9 ഇതു കേട്ട് യേശു ആശ്ചര്യപ്പെട്ട്, ചുറ്റും നോക്കി തന്നെ അനുഗമിക്കുന്ന ജനക്കൂട്ടത്തോട്, “ഞാൻ നിങ്ങളോടു പറയട്ടെ, ഇസ്രായേൽജനതയിൽപോലും ഇത്ര ദൃഢവിശ്വാസം ഞാൻ ആരിലും കണ്ടില്ല” എന്നു പറഞ്ഞു. 10 ശതാധിപന്റെ സ്നേഹിതന്മാർ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ സേവകന് പരിപൂർണസൗഖ്യം ലഭിച്ചിരിക്കുന്നതായി കണ്ടു.

യേശു നയിനിൽ ഒരു വിധവയുടെ മകനെ ഉയിർപ്പിക്കുന്നു

ലൂക്കോസ് 7:11–17

7:11 ഈ സംഭവത്തിനുശേഷം അധികം താമസിക്കാതെ യേശു നയിൻ എന്ന പട്ടണത്തിലേക്കു പോകുമ്പോൾ; ശിഷ്യന്മാരും വലിയൊരു ജനസഞ്ചയവും അദ്ദേഹത്തെ അനുഗമിച്ചു. 12 യേശു പട്ടണകവാടത്തോടടുത്തപ്പോൾ അതാ, മരിച്ചുപോയ ഒരാളെ പട്ടണത്തിനുപുറത്തേക്കു കൊണ്ടുവരുന്നു. അയാൾ തന്റെ അമ്മയുടെ ഏകപുത്രൻ; അവൾ വിധവയുമായിരുന്നു. പട്ടണത്തിൽനിന്ന് വലിയൊരു ജനക്കൂട്ടം അവളോടുകൂടെ ഉണ്ടായിരുന്നു. 13 അവളെ കണ്ടപ്പോൾ കർത്താവിന്റെ മനസ്സലിഞ്ഞു. അവിടന്ന് അവളോട്, “കരയേണ്ടാ” എന്നു പറഞ്ഞു.

14 യേശു അടുത്തുചെന്ന് ശവമഞ്ചം തൊട്ടപ്പോൾ, അത് ചുമന്നുകൊണ്ട് പോകുകയായിരുന്നവർ അവിടെ നിന്നു. അദ്ദേഹം, “യുവാവേ, ഞാൻ നിന്നോടു കൽപ്പിക്കുകയാണ് ‘എഴുന്നേൽക്കുക’ ” എന്നു പറഞ്ഞു. 15 അപ്പോൾ മരിച്ചവൻ എഴുന്നേറ്റിരുന്നു സംസാരിക്കാൻ തുടങ്ങി. യേശു അവനെ അവന്റെ അമ്മയ്ക്ക് തിരികെ നൽകി.

16 ജനമെല്ലാം ഭയപരവശരായി; ദൈവത്തെ പുകഴ്ത്തി. “ഒരു വലിയ പ്രവാചകൻ നമ്മുടെ മധ്യേ വന്നിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു,” എന്ന് അവർ പറഞ്ഞു. 17 യേശുവിനെക്കുറിച്ചുള്ള ഈ വാർത്ത യെഹൂദർക്കിടയിലും നാലുപാടുമുള്ള പ്രദേശത്തും പ്രചരിച്ചു.