ന്യായാധിപസമിതി യേശുവിന്റെ അധികാരത്തെ ചോദ്യംചെയ്യുന്നു
അംഗീകൃത അധ്യാപകൻ (റബ്ബി) എന്ന നിലയിലുള്ള യേശുവിന്റെ അധികാരത്തെ ഭരണാധികാരികൾ (ന്യായാധിപസമിതി) ഔപചാരികമായി ചോദ്യംചെയ്യുന്നു.
ദൈവാലയത്തിന്റെ പ്രാകാരത്തിൽ. (ചൊവ്വാഴ്ച) വിവാദങ്ങളുടെ ദിവസം
തന്നെ സ്നാനം ചെയ്യിച്ച തന്റെ മുന്നോടിയായ യോഹന്നാൻസ്നാപകനിൽ യേശു തന്റെ മാനുഷിക അധികാരം അടിസ്ഥാനപ്പെടുത്തുകയും, യോഹന്നാന്റെ സ്നാനത്തെക്കുറിച്ച് ന്യായാധിപസമിതിയുടെ അഭിപ്രായം ആവശ്യപ്പെടുകയും ചെയ്യുന്നു. മൂർച്ചയേറിയ ഈ മറുചോദ്യം യെഹൂദനേതാക്കന്മാരെ നിശ്ചലരാക്കുന്നു; മൂന്നു സാദൃശ്യകഥകളിലൂടെ യേശു തന്റെ വാദം ഉറപ്പിക്കുന്നു: (അ) രണ്ടു പുത്രന്മാരുടെ സാദൃശ്യകഥ; (ആ) ദുഷ്ടരായ പാട്ടക്കാരുടെ സാദൃശ്യകഥ; (ഇ) രാജപുത്രന്റെ വിവാഹവിരുന്നിന്റെ സാദൃശ്യകഥ.
ക്രി.പി. 30 അല്ലെങ്കിൽ 29
Biblica® Open Malayalam Contemporary Version™ (OMCV)
മത്തായി 21:23–22:14
21:23 യേശു ദൈവാലയാങ്കണത്തിൽ പ്രവേശിച്ച്, ജനത്തെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “എന്ത് അധികാരത്താലാണ് താങ്കൾ ഈ കാര്യങ്ങൾ ചെയ്യുന്നത്? ആരാണ് താങ്കൾക്ക് ഈ അധികാരം തന്നത്?” എന്നു ചോദിച്ചു.
24 അതിന് യേശു, “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കും; നിങ്ങളതിന് ഉത്തരം നൽകിയാൽ, എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയാം.
25 സ്നാനം നൽകാനുള്ള അധികാരം യോഹന്നാന് ലഭിച്ചത് എവിടെനിന്ന്? ‘സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?’ ”
അവർ അതിനെപ്പറ്റി പരസ്പരം ചർച്ചചെയ്തു: “ ‘സ്വർഗത്തിൽനിന്ന്’ എന്നു നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ യോഹന്നാനിൽ വിശ്വസിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് അദ്ദേഹം നമ്മോടു ചോദിക്കും.
26 ‘മനുഷ്യരിൽനിന്ന്’ എന്നു പറഞ്ഞാലോ! നാം ജനത്തെ ഭയപ്പെടുന്നു; കാരണം അവരെല്ലാം യോഹന്നാനെ ഒരു പ്രവാചകനായിട്ടാണ് കരുതിയിരുന്നത്.”
27 അവർ ഒടുവിൽ യേശുവിനോട്, “ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്ന് ഉത്തരം പറഞ്ഞു.
അപ്പോൾ യേശു, “എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന മറുപടിയും നൽകി.
28 “ഇനി പറയുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തുതോന്നുന്നു? ഒരു മനുഷ്യനു രണ്ട് പുത്രന്മാർ ഉണ്ടായിരുന്നു. ഒന്നാമന്റെ അടുക്കൽ ചെന്ന് അദ്ദേഹം, ‘മകനേ, ഇന്ന് നീ എന്റെ മുന്തിരിത്തോപ്പിൽ പോയി വേലചെയ്യുക’ എന്നു പറഞ്ഞു.
29 “ ‘ഞാൻ പോകില്ല,’ അവൻ മറുപടി നൽകി. എങ്കിലും പിന്നീടു തന്റെ തീരുമാനം മാറ്റി പോകുകയും ചെയ്തു.
30 “അദ്ദേഹം മറ്റേ മകനോടും അതേകാര്യംതന്നെ ആവശ്യപ്പെട്ടു. ‘ഞാൻ പോകാം അപ്പാ’ എന്ന് അവൻ പറഞ്ഞെങ്കിലും പോയില്ല.
31 “ഈ രണ്ടുപേരിൽ ആരാണ് പിതാവിന്റെ ഇഷ്ടം നിറവേറ്റിയത്?”
“ഒന്നാമൻ,” അവർ ഉത്തരം പറഞ്ഞു.
യേശു അവരോടു പറഞ്ഞത്, “നികുതിപിരിവുകാരും ഗണികകളും നിങ്ങൾക്കുമുമ്പേ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നു എന്ന സത്യം ഞാൻ നിങ്ങളോടു പറയുന്നു. 32 കാരണം, നീതിയുടെ വഴി കാണിച്ചുതരാൻ യോഹന്നാൻ നിങ്ങളുടെ അടുക്കൽ വന്നെങ്കിലും നിങ്ങൾ അദ്ദേഹത്തെ വിശ്വസിച്ചില്ല. എന്നാൽ, നികുതിപിരിവുകാരും ഗണികകളും അദ്ദേഹത്തിൽ വിശ്വസിച്ചു. ഇതു കണ്ടിട്ടും നിങ്ങൾ അനുതപിച്ച് അദ്ദേഹത്തിൽ വിശ്വസിച്ചില്ല.
33 “മറ്റൊരു സാദൃശ്യകഥ കേൾക്കുക: ഒരു ഭൂവുടമ ഒരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചു. അയാൾ അതിനുചുറ്റും വേലികെട്ടി, അതിൽ മുന്തിരിചവിട്ടാൻ കുഴികുഴിച്ചു, ഒരു കാവൽഗോപുരവും പണിതു. അതിനുശേഷം ആ മുന്തിരിത്തോപ്പ് ചില കർഷകർക്ക് പാട്ടത്തിനേൽപ്പിച്ചിട്ട്, വിദേശത്തുപോയി.
34 വിളവെടുപ്പുകാലം സമീപിച്ചപ്പോൾ, അദ്ദേഹം തനിക്കുള്ള ഓഹരി ശേഖരിക്കാൻ തന്റെ ഭൃത്യന്മാരെ ആ പാട്ടക്കർഷകരുടെ അടുത്തേക്ക് അയച്ചു.
35 “ആ പാട്ടക്കാർ തന്റെ ഭൃത്യരെപ്പിടിച്ച് ഒരാളെ അടിച്ചു, മറ്റേയാളെ കൊന്നു, മൂന്നാമത്തെയാളെ കല്ലെറിഞ്ഞു.
36 പിന്നീട് ആ ഭൂവുടമ ആദ്യം അയച്ചതിലും അധികം ഭൃത്യന്മാരെ അവരുടെ അടുത്തേക്ക് അയച്ചു; പാട്ടക്കാർ അവരോടും മുമ്പ് ചെയ്തതുപോലെതന്നെ ചെയ്തു.
37 ഏറ്റവും അവസാനം അദ്ദേഹം തന്റെ മകനെത്തന്നെ അവരുടെ അടുത്തേക്ക് അയച്ചു; ‘എന്റെ മകനെ അവർ ആദരിക്കും,’ എന്ന് അദ്ദേഹം പറഞ്ഞു.
38 “എന്നാൽ ആ കർഷകർ ഭൂവുടമയുടെ മകനെ കണ്ടപ്പോൾ, പരസ്പരം ഇങ്ങനെ പറഞ്ഞു, ‘ഇവനാണ് അവകാശി, വരൂ, നമുക്ക് ഇവനെ കൊന്ന് ഇവന്റെ ഓഹരി കൈക്കലാക്കാം.’
39 അങ്ങനെ, അവർ അവനെ പിടിച്ച് മുന്തിരിത്തോപ്പിന് പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കൊന്നുകളഞ്ഞു.
40 “മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ വരുമ്പോൾ, അദ്ദേഹം ഈ പാട്ടക്കർഷകരോട് എങ്ങനെ പ്രതികരിക്കും എന്നാണ് നിങ്ങൾ കരുതുന്നത്?” യേശു അവരോടു ചോദിച്ചു.
41 “അദ്ദേഹം ആ ദുഷ്ടന്മാരെ നിർദാക്ഷിണ്യം നശിപ്പിക്കും; പിന്നീട് ആ മുന്തിരിത്തോപ്പ് യഥാകാലം പാട്ടം നൽകുന്ന മറ്റു പാട്ടക്കർഷകരെ ഏൽപ്പിക്കും,” എന്ന് സമുദായനേതാക്കന്മാർ ഉത്തരം പറഞ്ഞു.
42 യേശു അവരോടു ചോദിച്ചത്,
“ ‘ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ
മൂലക്കല്ലായിത്തീർന്നു;
ഇത് കർത്താവ് ചെയ്തു;
നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു’
എന്നു തിരുവെഴുത്തിൽ നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ?
43 “അതുകൊണ്ട്, ദൈവരാജ്യം നിങ്ങളിൽനിന്ന് എടുത്തുമാറ്റി ഫലം നൽകുന്ന മറ്റൊരു ജനതയ്ക്കു നൽകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
44 ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും; അത് ആരുടെമേൽ വീഴുന്നോ അയാൾ തരിപ്പണമാകും.”
45 യേശു ഈ സാദൃശ്യകഥകൾ തങ്ങളെക്കുറിച്ചാണ് പറയുന്നതെന്നു മനസ്സിലാക്കിയിട്ട്, പുരോഹിതമുഖ്യന്മാരും പരീശന്മാരും
46 അദ്ദേഹത്തെ ബന്ധനസ്ഥനാക്കാൻ മാർഗം ആരാഞ്ഞു. എന്നാൽ, ജനം അദ്ദേഹത്തെ ഒരു പ്രവാചകനായി പരിഗണിച്ചിരുന്നതിനാൽ അവർ ജനക്കൂട്ടത്തെ ഭയപ്പെട്ടു.
22:1 യേശു സാദൃശ്യകഥകളിലൂടെ പിന്നെയും അവരോടു സംസാരിച്ചു: 2 “തന്റെ മകനുവേണ്ടി കല്യാണവിരുന്ന് ഒരുക്കിയ ഒരു രാജാവിനോട് സ്വർഗരാജ്യത്തെ ഉപമിക്കാം. 3 ക്ഷണിക്കപ്പെട്ടിരുന്നവരുടെ അടുത്തേക്ക് രാജാവ് തന്റെ ഭൃത്യന്മാരെ അയച്ച്, വിരുന്നുസൽക്കാരത്തിന് വരണമെന്ന അറിയിപ്പ് നൽകി. എന്നാൽ, വിരുന്നിനുള്ള ആ അറിയിപ്പ് അവർ തിരസ്കരിച്ചു.
4 “രാജാവ് വേറെ കുറെ ഭൃത്യന്മാരെക്കൂടി വിളിച്ച്, ‘നാം ഒരുക്കുന്ന വിരുന്നുസദ്യ തയ്യാറായിരിക്കുന്നു; കാളകളെയും തീറ്റിക്കൊഴുപ്പിച്ച മൃഗങ്ങളെയും അറത്തു; സകലതും സജ്ജമായിരിക്കുന്നു. നിങ്ങൾ പോയി കല്യാണവിരുന്നിന് വരിക എന്ന് ക്ഷണിക്കപ്പെട്ടവരോട് അറിയിക്കുക’ എന്നു കൽപ്പിച്ച് അയച്ചു.
5 “എന്നാൽ, ക്ഷണിതാക്കൾ അതൊന്നും ഗൗനിക്കാതെ, ഒരുവൻ തന്റെ വയലിലേക്കും മറ്റൊരുവൻ തന്റെ വ്യാപാരത്തിനും പോയി. 6 ശേഷിച്ചവർ രാജഭൃത്യന്മാരെ പിടിച്ച് അപമാനിക്കുകയും കൊല്ലുകയും ചെയ്തു. 7 രാജാവ് കോപാകുലനായി. അദ്ദേഹം തന്റെ സൈന്യത്തെ അയച്ച് ആ കൊലപാതകികളെ നശിപ്പിക്കുകയും അവരുടെ പട്ടണം അഗ്നിക്കിരയാക്കുകയും ചെയ്തു.
8 “അതിനുശേഷം അദ്ദേഹം തന്റെ ഭൃത്യന്മാരോട്, ‘കല്യാണവിരുന്ന് തയ്യാറായിരിക്കുന്നു, ക്ഷണിക്കപ്പെട്ടവരോ ആ ആദരവ് നഷ്ടമാക്കി. 9 അതുകൊണ്ട് തെരുവിൽ ചെന്ന് നിങ്ങൾ കാണുന്നവരെയെല്ലാം സദ്യക്ക് ക്ഷണിക്കുക.’ 10 അങ്ങനെ രാജഭൃത്യർ പുറപ്പെട്ട് തെരുവിൽ ചെന്ന് തങ്ങൾ കണ്ട നല്ലവരും ദുഷ്ടരുമായ സകലരെയും വിളിച്ചുകൊണ്ടുവന്നു. വിരുന്നുശാല അതിഥികളെക്കൊണ്ട് നിറഞ്ഞു.
11 “അതിഥികളെ കാണാൻ രാജാവ് വിരുന്നുശാലയിലേക്ക് വന്നു. വിവാഹവസ്ത്രം ധരിക്കാത്ത ഒരാൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. 12 അദ്ദേഹം അവനോട്, ‘സ്നേഹിതാ, വിവാഹവസ്ത്രമില്ലാതെ താങ്കൾ അകത്തു കയറിയതെങ്ങനെ?’ എന്നു ചോദിച്ചു. അയാൾക്ക് ഒരുത്തരവും പറയാൻ ഉണ്ടായിരുന്നില്ല.
13 “അപ്പോൾ രാജാവു തന്റെ സേവകരോട്, ‘ഇയാളെ കയ്യും കാലും കെട്ടി പുറത്ത് ഘോരാന്ധകാരത്തിലേക്ക് തള്ളിക്കളയുക; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും’ എന്നു പറഞ്ഞു.
14 “ക്ഷണിക്കപ്പെട്ടവർ നിരവധി; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.”
മർക്കോസ് 11:27–12:12
11:27 അവർ വീണ്ടും ജെറുശലേമിൽ എത്തി. യേശു ദൈവാലയാങ്കണത്തിൽ നടന്നുകൊണ്ടിരുന്നു. പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരും അദ്ദേഹത്തിന്റെ അടുക്കൽവന്ന്,
28 “എന്ത് അധികാരത്താലാണ് താങ്കൾ ഈ കാര്യങ്ങൾ ചെയ്യുന്നത്? ഇതു ചെയ്യാൻ താങ്കൾക്ക് ആരാണ് അധികാരം നൽകിയത്?” എന്നു ചോദിച്ചു.
29 അതിന് യേശു: “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കും, അതിന് ഉത്തരം നൽകുക; അപ്പോൾ, എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയാം.
30 സ്നാനം നൽകാനുള്ള അധികാരം യോഹന്നാന് ലഭിച്ചത് സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ? എന്നോടു പറയുക.”
31 അവർ അതിനെപ്പറ്റി പരസ്പരം ചർച്ചചെയ്തു: “ ‘സ്വർഗത്തിൽനിന്ന്’ എന്നു നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ യോഹന്നാനിൽ വിശ്വസിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് അദ്ദേഹം നമ്മോടു ചോദിക്കും.
32 ‘മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ’…” (അവർ ജനത്തെ ഭയപ്പെട്ടു; കാരണം എല്ലാവരും യോഹന്നാനെ യഥാർഥത്തിൽ ഒരു പ്രവാചകനായിട്ടാണ് കരുതിയിരുന്നത്.)
33 അതുകൊണ്ട് അവർ യേശുവിനോട്, “ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്ന് ഉത്തരം പറഞ്ഞു.
അതിന് യേശു, “എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന മറുപടിയും നൽകി.
12:1 വീണ്ടും അദ്ദേഹം അവരോട് സാദൃശ്യകഥകളിലൂടെ സംസാരിച്ചുതുടങ്ങി: “ഒരു മനുഷ്യൻ ഒരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചു. അയാൾ അതിനുചുറ്റും വേലികെട്ടി, അതിൽ മുന്തിരിചവിട്ടാൻ കുഴികുഴിച്ചു, ഒരു കാവൽഗോപുരവും പണിതു. അതിനുശേഷം ആ മുന്തിരിത്തോപ്പ് ചില കർഷകർക്ക് പാട്ടത്തിനേൽപ്പിച്ചിട്ട്, വിദേശത്തുപോയി.
2 വിളവെടുപ്പുകാലം ആയപ്പോൾ, പാട്ടക്കർഷകരിൽനിന്ന് മുന്തിരിത്തോപ്പിലെ വിളവിൽ തനിക്കുള്ള ഓഹരി ശേഖരിക്കാൻ അദ്ദേഹം അവരുടെ അടുത്തേക്ക് ഒരു ദാസനെ അയച്ചു.
3 എന്നാൽ, അവർ അവനെ പിടിച്ച് മർദിക്കുകയും വെറുംകൈയോടെ തിരികെ അയയ്ക്കുകയും ചെയ്തു.
4 മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ മറ്റൊരു ദാസനെ അവരുടെ അടുക്കൽ അയച്ചു; അവർ ആ മനുഷ്യന്റെ തലയിൽ മുറിവേൽപ്പിക്കുകയും അപമാനിക്കുകയും ചെയ്തു.
5 അദ്ദേഹം വീണ്ടും മറ്റൊരാളെ അയച്ചു; അയാളെ അവർ കൊന്നുകളഞ്ഞു. മറ്റു പലരെയും ഇതുപോലെ അദ്ദേഹം അയച്ചു; അവരിൽ ചിലരെ അവർ അടിക്കുകയും ചിലരെ കൊല്ലുകയും ചെയ്തു.
6 “അദ്ദേഹത്തിന് ഇനി ഒരാളെമാത്രമേ അയയ്ക്കാൻ ഉണ്ടായിരുന്നുള്ളൂ—താൻ സ്നേഹിച്ച മകൻ. ‘എന്റെ മകനെ അവർ ആദരിക്കും,’ എന്നു പറഞ്ഞ് അവസാനം അദ്ദേഹം അവനെ അയച്ചു.
7 “എന്നാൽ ആ കർഷകർ മകനെ കണ്ടപ്പോൾ പരസ്പരം ഇങ്ങനെ പറഞ്ഞു, ‘ഇവനാണ് അവകാശി; വരൂ, നമുക്ക് ഇവനെ കൊന്നുകളയാം; എങ്കിൽ ഇതിനെല്ലാം നാം അവകാശികളാകും.’
8 അങ്ങനെ അവർ അവനെ പിടിച്ചു കൊന്ന്, മുന്തിരിത്തോപ്പിന് വെളിയിൽ എറിഞ്ഞുകളഞ്ഞു.
9 “മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ ഇനി എങ്ങനെയാണ് പ്രതികരിക്കുക? അദ്ദേഹം വന്ന് ആ പാട്ടക്കർഷകരെ വധിച്ച് മുന്തിരിത്തോപ്പ് വേറെ ആളുകളെ ഏൽപ്പിക്കും.
10-11 “ ‘ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ
മൂലക്കല്ലായിത്തീർന്നു;
ഇത് കർത്താവ് ചെയ്തു;
നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു,’
എന്ന തിരുവെഴുത്ത് നിങ്ങൾ വായിച്ചിട്ടില്ലേ?”
12 യേശു ഈ സാദൃശ്യകഥ തങ്ങൾക്കു വിരോധമായിട്ടാണ് പറഞ്ഞതെന്നു മനസ്സിലാക്കിയിട്ട്, പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരും അദ്ദേഹത്തെ ബന്ധനസ്ഥനാക്കാൻ മാർഗം ആരാഞ്ഞു. എന്നാൽ അവർ ജനരോഷം ഭയപ്പെട്ട് അദ്ദേഹത്തെ വിട്ട് അവിടെനിന്നു പോയി.
ലൂക്കോസ് 20:1–19
20:1 ഒരു ദിവസം യേശു ദൈവാലയാങ്കണത്തിൽ ജനത്തെ ഉപദേശിക്കുകയും സുവിശേഷം ഘോഷിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരോടൊത്ത് അദ്ദേഹത്തിന്റെ അടുക്കൽവന്ന്,
2 “എന്ത് അധികാരത്താലാണ് താങ്കൾ ഈ കാര്യങ്ങൾ ചെയ്യുന്നത്? ഞങ്ങളോടു പറയുക. ആരാണ് താങ്കൾക്ക് ഈ അധികാരം തന്നത്?” എന്നു ചോദിച്ചു.
3 അതിനുത്തരമായി യേശു, “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കാം; 4 സ്നാനം നൽകാനുള്ള അധികാരം യോഹന്നാന് ലഭിച്ചത് സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?”
5 അവർ അതിനെപ്പറ്റി പരസ്പരം ചർച്ചചെയ്തു: “ ‘സ്വർഗത്തിൽനിന്ന്’ എന്നു നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ യോഹന്നാനിൽ വിശ്വസിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് അദ്ദേഹം നമ്മോടു ചോദിക്കും.
6 ‘മനുഷ്യരിൽനിന്ന്,’ എന്നു പറഞ്ഞാലോ, ജനമെല്ലാം നമ്മെ കല്ലെറിയും; കാരണം യോഹന്നാൻ ഒരു പ്രവാചകനാണെന്ന് ജനങ്ങൾക്കു ബോധ്യമായിരിക്കുന്നു.”
7 ഒടുവിൽ അവർ മറുപടിയായി, “അത് എവിടെനിന്ന് എന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്നു പറഞ്ഞു.
8 അപ്പോൾ യേശു, “എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന മറുപടിയും നൽകി.
9 തുടർന്ന് അദ്ദേഹം ജനങ്ങളോട് ഈ സാദൃശ്യകഥ പറഞ്ഞു: “ഒരു മനുഷ്യൻ ഒരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചു. അത് ഏതാനും കർഷകരെ പാട്ടത്തിനേൽപ്പിച്ചിട്ട്, ദീർഘനാളത്തെ പ്രവാസത്തിനായി വിദേശത്തുപോയി.
10 വിളവെടുപ്പുകാലം ആയപ്പോൾ, പാട്ടക്കർഷകരിൽനിന്ന് മുന്തിരിത്തോപ്പിലെ വിളവിൽ തനിക്കുള്ള ഓഹരി വാങ്ങേണ്ടതിന് അദ്ദേഹം അവരുടെ അടുത്തേക്ക് ഒരു ദാസനെ അയച്ചു. എന്നാൽ, പാട്ടക്കർഷകർ അവനെ മർദിച്ച് വെറുംകൈയോടെ തിരികെ അയച്ചു.
11 മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ മറ്റൊരു ദാസനെ അയച്ചു; എന്നാൽ അയാളെയും അവർ മർദിച്ച് അപമാനിച്ച് വെറുംകൈയോടെ തിരികെ അയച്ചു.
12 മൂന്നാമതും ഒരാളെ അയച്ചു. അയാളെ മുറിവേൽപ്പിച്ചു പുറത്ത് എറിഞ്ഞുകളഞ്ഞു.
13 “അപ്പോൾ മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ പറഞ്ഞു: ‘ഇനി ഞാൻ എന്തുചെയ്യും? എന്റെ പ്രിയമകനെ ഞാൻ അയയ്ക്കും; ഒരുപക്ഷേ അവർ അവനെ ആദരിച്ചേക്കും.’
14 “എന്നാൽ, ആ കർഷകർ മകനെ കണ്ടപ്പോൾ പരസ്പരം ഇങ്ങനെ ചർച്ചചെയ്തു, ‘ഇവനാണ് അവകാശി; വരൂ, നമുക്ക് ഇവനെ കൊന്നുകളയാം; എങ്കിൽ ഇതിനെല്ലാം നാം അവകാശികളാകും.’
15 അങ്ങനെ അവർ അവനെ മുന്തിരിത്തോപ്പിന് പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കൊന്നുകളഞ്ഞു.
“മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ ഇനി അവരോട് എങ്ങനെയാണ് പ്രതികരിക്കുക?
16 അദ്ദേഹം വന്ന് ആ പാട്ടക്കർഷകരെ വധിച്ച് മുന്തിരിത്തോപ്പ് വേറെ ആളുകളെ ഏൽപ്പിക്കും.”
ഇതു കേട്ട ജനം, “ഈ കഥ ഒരിക്കലും യാഥാർഥ്യമാകാതിരിക്കട്ടെ” എന്നു പറഞ്ഞു.
17 അപ്പോൾ യേശു ജനത്തെ അർഥപൂർണമായി നോക്കിക്കൊണ്ട്,
“ ‘ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ
മൂലക്കല്ലായിത്തീർന്നു,’
എന്ന തിരുവെഴുത്ത് നിങ്ങൾ വായിച്ചിട്ടില്ലേ?
18 ഈ കല്ലിന്മേൽ വീഴുന്നവരെല്ലാം തകർന്നുപോകും. അത് ആരുടെമേൽ വീഴുന്നോ അയാൾ തരിപ്പണമാകും” എന്നു പറഞ്ഞു.
19 യേശു ഈ സാദൃശ്യകഥ തങ്ങൾക്കു വിരോധമായിട്ടാണ് പറഞ്ഞതെന്നു മനസ്സിലാക്കിയിട്ട്, വേദജ്ഞരും പുരോഹിതമുഖ്യന്മാരും എത്രയും പെട്ടെന്നുതന്നെ അദ്ദേഹത്തെ ബന്ധനസ്ഥനാക്കാൻ മാർഗം ആരാഞ്ഞു, എന്നാൽ അവർ ജനരോഷം ഭയപ്പെട്ടു.