അത്തിവൃക്ഷം ശപിക്കപ്പെടുകയും ദൈവാലയം വീണ്ടും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു
ഫലമില്ലാത്ത അത്തിവൃക്ഷം ശപിക്കപ്പെടുകയും ദൈവാലയം രണ്ടാം തവണ ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു.
ബെഥാന്യയും ജെറുശലേമും (തിങ്കളാഴ്ച). മശിഹായുടെ ശക്തി പ്രകടമായ ഒരു ദിവസം
ക്രി.പി. 30 അല്ലെങ്കിൽ 29
Biblica® Open Malayalam Contemporary Version™ (OMCV)
മത്തായി 21:18–19, 12–13
21:18 പ്രഭാതത്തിൽ യേശു നഗരത്തിലേക്ക് മടങ്ങുമ്പോൾ അദ്ദേഹത്തിന് വിശന്നു.
19 വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടിട്ട് അദ്ദേഹം അതിന്റെ അടുത്തുചെന്നു. എന്നാൽ, അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല. അപ്പോൾ യേശു അതിനോട്, “ഇനി ഒരിക്കലും നിന്നിൽ ഫലം കായ്ക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. തൽക്ഷണം ആ മരം ഉണങ്ങിപ്പോയി.
12 യേശു ദൈവാലയാങ്കണത്തിൽ ചെന്ന്, അവിടെ വാങ്ങുകയും വിൽക്കുകയും ചെയ്തുകൊണ്ടിരുന്ന സകലരെയും പുറത്താക്കി. നാണയവിനിമയം ചെയ്തുകൊണ്ടിരുന്നവരുടെ മേശകളും പ്രാവുകളെ വിൽക്കുന്നവരുടെ ഇരിപ്പിടങ്ങളും അദ്ദേഹം മറിച്ചിട്ടു.
13 യേശു അവരോട്, “ ‘എന്റെ ആലയം പ്രാർഥനാലയം എന്നു വിളിക്കപ്പെടും,’ എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു; നിങ്ങളോ അതിനെ ‘കൊള്ളക്കാരുടെ ഗുഹ’ ആക്കിത്തീർക്കുന്നു” എന്നു പറഞ്ഞു.
മർക്കോസ് 11:12–18
11:12 അടുത്തദിവസം അവർ ബെഥാന്യ വിട്ടുപോരുമ്പോൾ യേശുവിന് വിശന്നു.
13 നിറയെ ഇലകളുള്ള ഒരു അത്തിമരം ദൂരെ കണ്ടിട്ട് അദ്ദേഹം അതിൽ ഫലം വല്ലതും ഉണ്ടോ എന്നു നോക്കാൻ ചെന്നു. എന്നാൽ, അതിന്റെ അടുത്ത് എത്തിയപ്പോൾ അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല; അത് അത്തിപ്പഴത്തിന്റെ കാലം ആയിരുന്നില്ല. 14 അപ്പോൾ അദ്ദേഹം ആ മരത്തോട്, “നിന്നിൽനിന്ന് ആരും ഇനിമേൽ ഫലം തിന്നാതിരിക്കട്ടെ” എന്നു പറഞ്ഞു. യേശു ഈ പറഞ്ഞത് ശിഷ്യന്മാർ കേട്ടിരുന്നു.
15 യേശു ജെറുശലേമിൽ എത്തി. ഉടൻതന്നെ, ദൈവാലയാങ്കണത്തിൽ ചെന്ന് അവിടെ വാങ്ങുകയും വിൽക്കുകയും ചെയ്തുകൊണ്ടിരുന്നവരെ പുറത്താക്കിത്തുടങ്ങി. നാണയവിനിമയം ചെയ്തുകൊണ്ടിരുന്നവരുടെ മേശകളും പ്രാവുകളെ വിൽക്കുന്നവരുടെ ഇരിപ്പിടങ്ങളും അദ്ദേഹം മറിച്ചിട്ടു; 16 ദൈവാലയാങ്കണത്തിൽക്കൂടെ കച്ചവടസാധനങ്ങൾ ഒന്നും കൊണ്ടുപോകാൻ ആരെയും അനുവദിച്ചില്ല.
17 ഇതിനുശേഷം അദ്ദേഹം ജനത്തെ ഇപ്രകാരം ഉപദേശിച്ചു: “ ‘എന്റെ ആലയം സകലജനതകൾക്കുമുള്ള പ്രാർഥനാലയം’ എന്നു വിളിക്കപ്പെടും എന്നല്ലേ രേഖപ്പെടുത്തിയിരിക്കുന്നത്? നിങ്ങളോ, അതിനെ ‘കൊള്ളക്കാരുടെ ഗുഹ’ ആക്കിയിരിക്കുന്നു.”
18 ഇതു കേട്ട് പുരോഹിതമുഖ്യന്മാരും വേദജ്ഞരും അദ്ദേഹത്തെ വധിക്കാനുള്ള മാർഗം അന്വേഷിച്ചെങ്കിലും, ജനങ്ങളെല്ലാം അദ്ദേഹത്തിന്റെ ഉപദേശത്തിൽ വിസ്മയിച്ചിരുന്നതുകൊണ്ട് അവർ അദ്ദേഹത്തെ ഭയപ്പെട്ടു.
ലൂക്കോസ് 19:45–48
19:45 പിന്നെ അദ്ദേഹം ദൈവാലയാങ്കണത്തിൽ ചെന്ന്, അവിടെ വ്യാപാരം നടത്തിക്കൊണ്ടിരുന്നവരെ പുറത്താക്കിത്തുടങ്ങി.
46 അദ്ദേഹം അവരോടു പറഞ്ഞു: “ ‘എന്റെ ആലയം പ്രാർഥനാലയം ആയിരിക്കും’ എന്നു രേഖപ്പെടുത്തിയിരിക്കുന്നു; നിങ്ങളോ, അതിനെ ‘കൊള്ളക്കാരുടെ ഗുഹ’ ആക്കിയിരിക്കുന്നു.”
47 ഇതിനുശേഷം അദ്ദേഹം ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു. എന്നാൽ, പുരോഹിതമുഖ്യന്മാരും വേദജ്ഞരും ജനനേതാക്കന്മാരും അദ്ദേഹത്തെ വധിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തുതുടങ്ങി. 48 ജനങ്ങളെല്ലാം അദ്ദേഹത്തിന്റെ വചനത്തിൽ ആകൃഷ്ടരായിരുന്നതിനാൽ, അതിനൊരു മാർഗവും കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല.
ചില ഗ്രീക്കുകാർ യേശുവിനെ കാണാൻ ആഗ്രഹിക്കുന്നു
യേശുവിനെ കാണാനുള്ള ചില ഗ്രീക്കുകാരുടെ ആഗ്രഹം ശിഷ്യന്മാരെ കുഴക്കുന്നു. ഇത്, മനസ്സ് അസ്വസ്ഥമായിരിക്കെ, ജീവിതത്തെയും മരണത്തെയും യാഗമായി വ്യാഖ്യാനിക്കാനും താൻ “ഉയർത്തപ്പെടുന്നതിലൂടെ” എല്ലാവരെയും തന്നിലേക്ക് ആകർഷിക്കുന്നത് എങ്ങനെയെന്ന് കാണിച്ചുകൊടുക്കാനും യേശുവിനെ പ്രേരിപ്പിക്കുന്നു.
ജെറുശലേം (തിങ്കളാഴ്ച)
യോഹന്നാൻ 12:20–50
12:20 പെസഹാപ്പെരുന്നാളിന് ആരാധനയ്ക്കായി ജെറുശലേമിൽ വന്നവരിൽ ചില ഗ്രീക്കുകാരും ഉണ്ടായിരുന്നു. 21 അവർ ഒരു അഭ്യർഥനയുമായി ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്നു പറഞ്ഞു, “യജമാനനേ, ഞങ്ങൾക്ക് യേശുവിനെ കാണണമെന്ന് ആഗ്രഹമുണ്ട്.” 22 ഫിലിപ്പൊസ് ചെന്ന് ഇക്കാര്യം അന്ത്രയോസിനോടു പറഞ്ഞു. അന്ത്രയോസും ഫിലിപ്പൊസുംകൂടി യേശുവിനെ വിവരം അറിയിച്ചു.
23 അപ്പോൾ യേശു പറഞ്ഞു: “മനുഷ്യപുത്രൻ മഹത്ത്വീകരിക്കപ്പെടാനുള്ള സമയം വന്നുചേർന്നിരിക്കുന്നു. 24 സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ഗോതമ്പുമണി നിലത്തുവീണു ചാകുന്നില്ലെങ്കിൽ അത് ഒരു ഗോതമ്പുമണിയായിത്തന്നെ ഇരിക്കും; അത് ചാകുന്നെങ്കിലോ, ധാരാളം വിളവുണ്ടാകും. 25 സ്വന്തം ജീവനെ സ്നേഹിക്കുന്നയാൾ അതിനെ നഷ്ടപ്പെടുത്തും; ഈ ലോകത്തിൽ സ്വന്തം ജീവനെ വെറുക്കുന്നയാൾ നിത്യജീവനുവേണ്ടി അതിനെ സംരക്ഷിക്കുന്നു. 26 എന്നെ സേവിക്കുന്നയാൾ എന്നെ അനുഗമിക്കണം. ഞാൻ ആയിരിക്കുന്നിടത്തുതന്നെ എന്നെ സേവിക്കുന്നയാളും ആയിരിക്കും. എന്നെ സേവിക്കുന്നയാളിനെ എന്റെ പിതാവും ആദരിക്കും.
27 “ഇപ്പോൾ എന്റെ ഹൃദയം കലങ്ങിയിരിക്കുന്നു; ഞാൻ എന്താണു പറയേണ്ടത്? ‘പിതാവേ, ഈ മണിക്കൂറുകളിൽനിന്ന് എന്നെ രക്ഷിച്ചാലും’ എന്നോ? അല്ല, ഇതിനുവേണ്ടിത്തന്നെയാണല്ലോ ഞാൻ ഈ മണിക്കൂറിൽ എത്തിയിരിക്കുന്നത്. 28 പിതാവേ, അവിടത്തെ നാമം മഹത്ത്വപ്പെടുത്തണമേ!”
അപ്പോൾ സ്വർഗത്തിൽനിന്ന്, “ഞാൻ മഹത്ത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്ത്വപ്പെടുത്തും” എന്നൊരു അശരീരിയുണ്ടായി. 29 അവിടെ ഉണ്ടായിരുന്ന ജനസമൂഹത്തിൽ ചിലർ ആ ശബ്ദം കേട്ടിട്ട് “ഒരു ഇടിമുഴക്കമുണ്ടായി,” എന്നും മറ്റുചിലർ “ഒരു ദൈവദൂതൻ അദ്ദേഹത്തോടു സംസാരിച്ചു,” എന്നും പറഞ്ഞു.
30 എന്നാൽ, യേശു പറഞ്ഞു: “ഈ ശബ്ദമുണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങൾക്കുവേണ്ടിയാണ്. 31 ഇപ്പോൾ ഈ ലോകത്തിന്മേൽ ന്യായവിധിനടത്താനുള്ള സമയമായിരിക്കുന്നു; ഈ ലോകത്തിന്റെ അധിപതി നിഷ്കാസിതനാകും. 32 ഞാൻ ഭൂമിയിൽനിന്ന് ഉയർത്തപ്പെടുമ്പോൾ സകലമനുഷ്യരെയും എന്നിലേക്ക് ആകർഷിക്കും.” 33 തന്റെ മരണവിധത്തെക്കുറിച്ച് സൂചന നൽകുന്നതിനായിരുന്നു യേശു ഇതു പറഞ്ഞത്.
34 ഇതു കേട്ട ജനക്കൂട്ടം, “ക്രിസ്തു എന്നേക്കും ജീവിക്കുമെന്നാണല്ലോ ന്യായപ്രമാണത്തിൽനിന്നു കേട്ടിട്ടുള്ളത്. അങ്ങനെയെങ്കിൽ, ‘മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതാണെന്ന് അങ്ങു പറയുന്നതെങ്ങനെ?’ ആരാണ് ഈ മനുഷ്യപുത്രൻ?” എന്നു ചോദിച്ചു.
35 അപ്പോൾ യേശു അവരോടു പറഞ്ഞു: “ഇനി അൽപ്പകാലംകൂടിമാത്രമേ പ്രകാശം നിങ്ങളുടെ മധ്യേ ഉണ്ടായിരിക്കുകയുള്ളൂ. പ്രകാശം ഉള്ളേടത്തോളംകാലം, അന്ധകാരം നിങ്ങളെ കീഴടക്കുന്നതിനുമുമ്പ്, പ്രകാശത്തിൽത്തന്നെ നടക്കുക; അന്ധകാരത്തിൽ നടക്കുന്നയാൾക്ക് ഒരു ദിശാബോധവും ഉണ്ടായിരിക്കുകയില്ല. 36 പ്രകാശം നിങ്ങൾക്കു സമീപം ഉള്ളപ്പോൾ അതിൽ വിശ്വസിച്ചാൽ, നിങ്ങൾക്ക് പ്രകാശത്തിന്റെ മക്കളായിത്തീരാൻ കഴിയും.” ഇതു പറഞ്ഞശേഷം യേശു അവരെ വിട്ടുപോയി.
37 യെഹൂദരുടെ സാന്നിധ്യത്തിൽ യേശു ഇത്രയേറെ അത്ഭുതചിഹ്നങ്ങൾ ചെയ്തിട്ടും അവർ അദ്ദേഹത്തിൽ വിശ്വസിച്ചില്ല;
38 “കർത്താവേ, ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചിരിക്കുന്നു?
കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?”
എന്ന് യെശയ്യാപ്രവാചകൻ പ്രവചിച്ചത് നിവൃത്തിയായി.
39 അവർക്ക് വിശ്വസിക്കാൻ കഴിയാതിരുന്നതിനെക്കുറിച്ച് യെശയ്യാവ് മറ്റൊരിടത്ത് ഇപ്രകാരം പറയുന്നു:
40 “കണ്ണുകൊണ്ടു കാണുകയോ
ഹൃദയംകൊണ്ടു ഗ്രഹിക്കുകയോ
എന്നിലേക്കുതിരിഞ്ഞ് സൗഖ്യംപ്രാപിക്കാൻ ഇടവരികയോ ചെയ്യാത്തവിധം
അവിടന്ന് അവരുടെ കണ്ണുകൾ അന്ധമാക്കുകയും
ഹൃദയം കഠിനമാക്കുകയും ചെയ്തിരിക്കുന്നു.”
41 യേശുവിന്റെ മഹത്ത്വം കണ്ട് അവിടത്തെപ്പറ്റി വർണിച്ചുകൊണ്ടാണ് യെശയ്യാവ് ഇങ്ങനെ പ്രസ്താവിച്ചത്.
42 അതേസമയം, ഉദ്യോഗസ്ഥഗണത്തിൽ ഉൾപ്പെട്ട പലരും അദ്ദേഹത്തിൽ വിശ്വസിച്ചെങ്കിലും യെഹൂദപ്പള്ളിയിൽനിന്ന് പരീശന്മാർ തങ്ങൾക്കു ഭ്രഷ്ട് കൽപ്പിക്കും എന്നു ഭയന്ന് അവർ പരസ്യമായി തങ്ങളുടെ വിശ്വാസം ഏറ്റുപറഞ്ഞില്ല. 43 കാരണം, അവർ ദൈവത്തിൽനിന്നുള്ള ആദരവിനെക്കാൾ മനുഷ്യരിൽനിന്നുള്ള ആദരവ് ഇഷ്ടപ്പെട്ടു.
44 യേശു വിളിച്ചുപറഞ്ഞു: “എന്നിൽ വിശ്വസിക്കുന്നയാൾ എന്നിൽമാത്രമല്ല, എന്നെ അയച്ച പിതാവിലും വിശ്വസിക്കുന്നു. 45 എന്നെ കാണുന്നയാൾ എന്നെ അയച്ച പിതാവിനെയും കാണുന്നു. 46 എന്നിൽ വിശ്വസിക്കുന്ന ആരും അന്ധകാരത്തിൽ വസിക്കാതിരിക്കേണ്ടതിനു ഞാൻ പ്രകാശമായി ലോകത്തിൽ വന്നിരിക്കുന്നു.
47 “എന്റെ വചനം കേട്ടിട്ടും അത് അനുസരിക്കാത്തയാളെ ഞാനല്ല ന്യായം വിധിക്കുന്നത്; ലോകത്തെ വിധിക്കാനല്ല, രക്ഷിക്കാനാണ് ഞാൻ വന്നത്. 48 എന്നെ തിരസ്കരിക്കുകയും എന്റെ വാക്കുകൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവനെ വിധിക്കുന്ന ഒരു വിധികർത്താവുണ്ട്; ഞാൻ സംസാരിച്ച എന്റെ വചനംതന്നെ അന്തിമന്യായവിധിനാളിൽ അയാളെ വിധിക്കും. 49 ഞാൻ സ്വന്തം ഇഷ്ടപ്രകാരം സംസാരിച്ചിട്ടില്ല; ഞാൻ എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും എന്നെ അയച്ച പിതാവു കൽപ്പിച്ചിരിക്കുന്നു. 50 അവിടത്തെ കൽപ്പന നിത്യജീവനിലേക്ക് എന്നു ഞാൻ അറിയുന്നു. അതുകൊണ്ടു ഞാൻ സംസാരിക്കുന്നത് പിതാവ് എന്നോട് ആജ്ഞാപിച്ചിട്ടുള്ളതുമാത്രമാണ്.”
ഫലമില്ലാത്ത അത്തിവൃക്ഷം ഉണങ്ങിപ്പോയതായി കാണപ്പെടുന്നു
ബെഥാന്യയിൽനിന്ന് ജെറുശലേമിലേക്കുള്ള വഴിയിൽ. (ചൊവ്വാഴ്ച)
മത്തായി 21:20–22
21:20 ഇതുകണ്ട് ശിഷ്യന്മാർ വിസ്മയത്തോടെ, “അത്തിവൃക്ഷം ഇത്ര പെട്ടെന്ന് ഉണങ്ങിപ്പോയത് എങ്ങനെ?” എന്നു ചോദിച്ചു.
21 അതിനുത്തരമായി യേശു അവരോട്, “ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ സംശയിക്കാതെ വിശ്വസിക്കുന്നപക്ഷം ഈ അത്തിവൃക്ഷത്തോടു ഞാൻ ചെയ്തതു നിങ്ങൾ ചെയ്യുമെന്നുമാത്രമല്ല, ഈ മലയോട്, ‘പോയി കടലിൽ വീഴുക’ എന്നു പറഞ്ഞാൽ അതും സംഭവിക്കും, നിശ്ചയം. 22 വിശ്വാസത്തോടുകൂടി നിങ്ങൾ പ്രാർഥനയിൽ എന്തു യാചിച്ചാലും അതു നിങ്ങൾക്കു ലഭിക്കും.”
മർക്കോസ് 11:19–26
11:19 സന്ധ്യയായപ്പോൾ യേശുവും ശിഷ്യന്മാരും നഗരം വിട്ടുപോയി.
20 രാവിലെ അവർ യാത്രപോകുമ്പോൾ തലേന്നു കണ്ട അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയിരിക്കുന്നതു കണ്ടു.
21 അപ്പോൾ പത്രോസിന് തലേദിവസത്തെ കാര്യം ഓർമ വന്നു. അയാൾ യേശുവിനോട്, “റബ്ബീ, നോക്കൂ, അങ്ങ് ശപിച്ച അത്തിവൃക്ഷം ഉണങ്ങിപ്പോയിരിക്കുന്നു!” എന്നു പറഞ്ഞു.
22 അതിനുത്തരമായി യേശു പറഞ്ഞത്: “ദൈവത്തിൽ വിശ്വാസമുള്ളവരായിരിക്കുക. 23 ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ ഈ മലയോട്, ‘പോയി കടലിൽ വീഴുക’ എന്നു പറയുകയും താൻ പറയുന്നതു സംഭവിക്കുമെന്നു വിശ്വസിക്കുകയും ചെയ്താൽ അത് അവന് സാധിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു. 24 അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പ്രാർഥനയിൽ എന്തു യാചിച്ചാലും അതു ലഭിച്ചു എന്നു വിശ്വസിക്കുക, എന്നാൽ അതു നിങ്ങൾക്കു ലഭിക്കും. 25 നിങ്ങൾ പ്രാർഥിക്കാൻ നിൽക്കുമ്പോൾ, ആർക്കെങ്കിലും വിരോധമായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് അവരോട് ക്ഷമിക്കുക. 26 അപ്പോൾ സ്വർഗസ്ഥനായ പിതാവ് നിങ്ങളുടെ പാപങ്ങൾ നിങ്ങളോടും ക്ഷമിക്കും.”
ലൂക്കോസ് 21:37–38
21:37 യേശു പകലെല്ലാം ദൈവാലയത്തിൽ ഉപദേശിക്കുകയും സന്ധ്യയാകുമ്പോൾ ഒലിവുമലയിൽ ചെന്നു രാപാർക്കുകയും ചെയ്തുവന്നു.
38 അദ്ദേഹത്തിന്റെ വചനം കേൾക്കേണ്ടതിന് ജനമെല്ലാം അതിരാവിലെതന്നെ എഴുന്നേറ്റ് ദൈവാലയത്തിൽ വന്നുകൊണ്ടിരുന്നു.